പാച്ചുവും ഗോപാലനും

പാച്ചുവിന്റേയും ഗോപാലന്റേയും കഥ കേട്ടിട്ടില്ലേ.

ങാ. ഉണ്ടുണ്ട്. ഏതോ ഒരു മാസികയില്‍ വരുന്ന കാര്‍ട്ടൂണ്‍ അല്ലേ.

അതൊരു പാച്ചുവും ഗോപാലനും. ഇതു വേറൊരു പാച്ചുവും ഗോപാലനുമാണ്. വലിയ കൂട്ടുകാരാണ്. ഒരു ദിവസം ഞാനവരേ ആശുപത്രിയില്‍ വച്ചു കണ്ടൂ. പാച്ചു കിടക്കുന്നു. മൂക്കു പൊട്ടിയിട്ടുണ്ട്. മുഖത്തു മുഴുവന്‍ അടിയേറ്റ പാടും. ഗോപാലന്‍ അടുത്തിരുന്ന് തടവിക്കൊടുക്കുന്നു. എന്തു പറ്റി ഗോപാലാ ഞാ‍ന്‍ ചോദിച്ചു.

ബാക്കികഥ ഗോപലന്റെ വാചകത്തില്പറയാം.

എന്റിഷ്ടാ ഇതു ഞാന്‍ തന്നെ ചെയ്തതാ. കാര്യം ഞാന്‍ പറയാം. നിങ്ങള്‍തന്നെ തീരുമാനിച്ചാല്‍ മതി ഞാന്‍ തെറ്റുകാരനാണോ എന്ന്. ഞങ്ങള്‍ രണ്ടു പേരും കൂടെ ഹരിപ്പാട്ട് ഒന്‍പതാമുത്സവം കാ‍ണാന്‍ പോകാന്‍ തീരുമാനിച്ചു. പക്ഷേ എന്റെ സ്ഥിതി അറിയാ‍ാമല്ലോ. എനിക്കാകെ ഒരു മുണ്ടേ ഉള്ളു. അത് ഉടുത്തുടുത്ത് ചവിണ്ടിരിക്കുവാ. അപ്പോള്‍ പിന്നെങ്ങനെ ഉത്സവത്തിനു പോകും.

അപ്പോള്‍ ഇവന്‍ പറഞ്ഞു --അതു സാരമില്ല .മുണ്ടു ഞാന്‍ തരാം. ബാ പോകാമെന്ന്.


അങ്ങനെ അവന്റെ മുണ്ടും ഉടുത്തു കൊണ്ട്,ഉത്സവത്തിനു പോയി. വഴിമുഴുവന്‍ പാച്ചുവിന്റെ പരിചയക്കാരാ. എന്നേ ഒട്ടറിയത്തുമില്ല. ആലിന്‍ ചുവട്ടില്‍ വച്ച് ഒരാള്‍ ചൊദിച്ചു--

പാച്ചുവേ എന്താ ഉത്സവത്തിനാ--ഇതാരാ?

അതോ ഇഷ്ടാ. ഇത് എന്റെ കൂട്ടുകാരന്‍ ഗോപാലന്‍--പക്ഷേ അവ്നുടുത്തിരിക്കുന്ന മുണ്ട് എന്റെയാ.

ശരി എന്നു പറഞ്ഞ് എന്റെമുഖത്തുനോക്കി ഒരു വളിച്ച ചിരിചിരിച്ച് അയാള്‍ പോയി. ഞാന്‍ വല്ലാതായി. പാച്ചുവിന്റെ തലയ്ക്ക് അല്പം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.

എടാ ഇതു നിന്റെ മുണ്ടാണെന്നു പറയരുത്. ഞാന്‍ സൌമ്യമായി പറഞ്ഞു.

എന്റെ അല്ലേ? അവന്റെ നിഷ്കളങ്കമായ ചോദ്യം.

അതേ പക്ഷേ അതു പറയുന്നത് എനിക്കു മോശമല്ലേ. ഞാന്‍ ചോദിച്ചു.

ഓ അതുഞാ‍നോര്‍ത്തില്ല. ശരി ഇനി ഞാന്‍ പറയത്തില്ല. പാച്ചു ഉറപ്പ് നല്‍കി.

ഞങ്ങള്‍ നടന്ന്--അന്നു വണ്ടി ഒന്നുമില്ല--കിളിക്കക്കുളങ്ങരെ എത്തിയപ്പോള്‍ പാച്ചുവിന്റെ മറ്റൊരു മിത്രം.

അല്ലാ ഇതാരാ പാച്ചു എന്നു ചോദിച്ചു. ഇത് എന്റെ വല്ല്യ ഇഷ്ടനാ . ഗോപാലന്‍ . അവന്‍ ഉടുത്തിരിക്കുന്ന മുണ്ട് അവന്റെ തന്നാ. പാച്ചു പറഞ്ഞു.

മിത്രം എന്നേ നോക്കി അര്‍ഥവത്തായി ഒന്നു ചിരിച്ചു.

അയാള്‍ പോയിക്കാഴിഞ്ഞപ്പോള്‍ ഞാന്‍ പാച്ചുവിനോടു ചോദിച്ചു. നീ എന്തിനാ അങ്ങനെ പറഞ്ഞത്.

അയ്യോടാ ഞാന്‍ നിന്റെ മുണ്ടാണെന്നല്ലെ പറഞ്ഞത്. അതിനെന്താ?

പാച്ചുവിന് അതില്‍ യാതൊരു കുഴപ്പവും കാണാന്‍ പറ്റിയില്ല.

ശരി പക്ഷേ ഇനിയും നീ എന്റെയെന്നു , നിന്റെയെന്നും ഒന്നും പറയണ്ടാ. മനസ്സിലായോ? ഞാന്‍ അല്പംഗൌരവത്തില്‍ പറഞ്ഞു.

ശരി. പാച്ചുവിന് ഒരു ഭാവവ്യത്യാസവുമില്ല.

ഞങ്ങള്‍ നടന്ന് മണ്ണാറശാല മുക്കിനെത്തി . അതാ ഒരാള്‍ പാച്ചുവിനെ പിടിച്ചു നിര്‍ത്തി. എനിക്കു

ടെന്‍ഷനായി. ഞാന്‍ പാച്ചുവിനേ നോക്കി. അവന്‍ എന്റെ പുറത്തു തട്ടി കണ്ണിറുക്കി കാണിച്ചു. ഒന്നും പേടിക്കേണ്ടാ എന്നര്‍ത്ഥത്തില്‍.

അല്ലേ പാച്ചുവോ--കുറേ നാളായല്ലോ കണ്ടിട്ട്. ഇതാരാ.

ഓ ഇപ്പം അങ്ങനെ ഇങ്ങോട്ടൊന്നും ഇറങ്ങാറില്ല. ഇത് എന്റെ സ്വന്തം ആളാ. പക്ഷേ അവന്‍ ഉടുത്തിരിക്കുന്ന മുണ്ട് എന്റേയുമല്ല അവന്റേയുമല്ല. പാച്ചുവിന്റെ മറുപടി.

ഞാനെന്തു ചെയ്യും. ഞാനവന്റെ കൊങ്ങയ്ക്കു പിടിച്ചു. പാച്ചുവിന്റെ കൂടുകാരന്‍ എന്നെ വിടുവിച്ചു. കഷായം കുടിച്ച മുഖഭാവത്തോടെ ഞാനും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ പാച്ചുവും നടന്നു.

പാച്ചു ചോദിച്ചു--നീഎന്തിനാ ഇഷ്ടാ എന്റെ പിടലിക്കു പിടിച്ചത്. നീയല്ലിയോ പറഞ്ഞത് ഇത് എന്റേയും , നിന്റെയുമാണെന്ന് പറയെണ്ടാന്ന്. ഇതു വല്യ കഷ്ടമാണല്ലോ. നീ പറയുന്നതു പറഞ്ഞാലും---

വേണ്ടാ--ഞാന്‍ ഗര്‍ജ്ജിച്ചു-- ഇനി മുണ്ടിനേക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്.

മിണ്ടെണ്ടായെങ്കില്‍ വേണ്ടാ. പക്ഷേ നീ ഇങ്ങനെ ദേഷ്യപ്പെടരുത്. പാച്ചുപറഞ്ഞു.

ഇവനോടെന്തു പറയാനാ--ഞാന്‍ മിണ്ടിയില്ല.

ഞങ്ങള്‍ പെരുങ്കുളത്തിനടുത്തെത്തി. ഇപ്പോള്‍ പാച്ചുവിന്റെ മൂന്നുനാലു സുഹൃത്തുക്കള്‍ പാച്ചുവിനെ പിടിച്ചു നിര്‍ത്തി. ഇന്ന് ഉത്സവം ഘോഷിക്കാന്‍ തന്നെ വന്നതാണല്ലോ. ആരാടാ ഇത്? അവര്‍ ചോദിച്ചു. ഇത് എന്റെ ഏറ്റവും വല്ല്യ കൂട്ടുകാരനാ. പക്ഷേ അവന്‍ ഉടുത്തിരിക്കുന്ന മുണ്ടിന്റെ കാര്യം ചോദിക്കണ്ടാ. കൊന്നാലും അതാരുടെയാണെന്ന് ഞാന്‍ പറയത്തില്ല.

പിന്നെ എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ലിഷ്ടാ. കണ്ണുകാണാറായപ്പോല്‍ ഇവന്‍ ഇപ്പരുവത്തില്‍ റോഡില്‍ കിടക്കുന്നു . ഞാനെടുത്തിവിടെക്കൊണ്ടാക്കി. ഗോപാലന്‍ കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു നിര്‍ത്തി.

Comments (1)

മുണ്ടിന്റെ നാലാമത്തെ ചോദ്യം ആദ്യമായി കേള്‍ക്കുകയാണ്‌

ഹ ഹ ഹ