വിദ്വാന്‍

ഒരുദിവസം നമ്മുടെ നാരദന്‍ വൈകുണ്ഠത്തില്‍ ചെന്നു.

ആരാ അപ്പൂപ്പാ എപ്പഴും നാരാ‍യണ ,നാരായണ എന്നും പറഞ്ഞ് സിനിമയില്‍ കാണുന്ന ആളാണോ?

എടാ അങ്ങനൊന്നും പറയരുത്. സാക്ഷാല്‍ ബ്രഹ്മാവിന്റെ പുത്രനാണ്. പരമ ഭക്തനും.

എന്നിട്ടെന്താ അപ്പൂപ്പാ എല്ലാരും അദ്ദേഹത്തേ നുണയനെന്നു വിളിക്കുന്നത്.

എല്ലാരും ഇല്ല മക്കളേ. ഓരോരുത്തരും അവരുടെ മനോനില അനുസരിച്ചാണ് മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കുന്നത്.

കേട്ടോളൂ. ഒരു രാജ്യത്ത് അതിബുദ്ധിമാനായ ഒരാള്‍ അയല്‍ രാജ്യത്തുനിന്നും വന്നു. അയാളേ തോല്‍പ്പിക്കണം. ആയുധങ്ങളൊന്നുമല്ല. അയാളുടെ ആയുധം ആംഗ്യഭാഷയാണ്. അതില്‍ അയാളേ തോല്‍പ്പിക്കണം. ഇല്ലെങ്കില്‍ രാജ്യം അയല്‍ രാജാവിനു കൊടുക്കണം.

നമ്മുടെ നാട്ടില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് രാജാ‍വ് വിളംബരം ചെയ്ത് അന്വേഷിച്ചു. പല പണ്ഡിതന്മാരും വന്നു ദയനീയമായി പരാജയപ്പെട്ടു പോയി.
ആനാട്ടിലേ പ്രധാനപ്പെട്ട കുടിയനാണ് ഗോപാലന്‍ . ഏതു വാഗ്വാദങ്ങളീലും ചെന്നു തലയിടും ജയിച്ചാല്‍ രണ്ടു കുപ്പി കള്ളു കൊടുക്കണം. അത്രയേഉള്ളൂ.

കള്ളുഷാപ്പില്‍ വച്ചു ഗോപാലന്‍ ഈ വാര്‍ത്ത അറിഞ്ഞു. അന്ന്യ നാട്ടുകാരന്‍ വന്നു പൊന്നുതമ്പുരാനേ വെല്ലുവിളിച്ചിരിക്കുന്നു. ഗോപാലന്റെ രാജ്യസ്നേഹം ഉണര്‍ന്നു. ഈവെല്ലുവിളി താനേറ്റെടുക്കും .

ഗോപാലന്‍ നേരെ രാജമന്ദിരത്തില്‍ ചെന്നു. ഭടന്മാര്‍ തടഞ്ഞു. ഗോപാലനുണ്ടോ വിടുന്നു. പൊന്നുതമ്പുരാന്റെ അഭിമാനം രക്ഷിച്ചെ പോകൂ എന്ന് വാശിപിടിച്ച് ഒരേ ഇരുപ്പ്. അവസാനം മന്ത്രി വഴി രാജാവറിഞ്ഞു. പിന്തിരിപ്പിക്കാനുള്ള എല്ല പരിശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ വൈമനസ്യത്തോടുകൂടി രാജാവ് സമ്മതിച്ചു. പണ്ഡിതന്മാര്‍ ഹോറ്റോടിയതാണ്. ഗോപാലന് ആംഗ്യഭാഷയുടെ ചില മര്‍മ്മങ്ങല്‍ ഉപദേശിക്കാന്‍ ശ്രമിച്ചവരേ അവന്‍ ഓടിച്ചു.
മത്സരത്തിന് ദിവസം നിശ്ചയിച്ചു. രാജാവും സദസ്യരുമെല്ലാം ഒരു പരാജയത്തിനുകൂടി സാക്ഷ്യം വഹിക്കണമല്ലോ എന്ന മനസ്താപത്തോടു കൂടി സഭയില്‍ ഹാജരായി.

ഗോപാലന്‍ കുളിച്ചു കുട്ടപ്പനായി എന്തിനും തയ്യാറായി എത്തി. പ്രതിയോഗിയും എത്തി. ആദ്യമായി പ്രതിയോഗി സ്വന്തം ചൂണ്ടു വിരല്‍ ഉയര്‍ത്തിക്കാണിച്ചു. ഉടനേ ഗൊപാലന്‍ രണ്ടു വിരല്‍ ഉയര്‍ത്തി കാണിച്ചു. അപ്പോള്‍ മറ്റേയാള്‍ മൂന്നു വിരല്‍ ഉയര്‍ത്തി. ഒട്ടും താമസിച്ചില്ല. ഗോപാലന്‍ നാലുവിരല്‍ ഉയര്‍ത്തി. ഉടന്‍ പ്രതിയൊഗി അഞ്ചു വിരല്‍ ഉയര്‍ത്തി. ഗോപാലനോ-- ആറുവിരലുയര്‍ത്തി. മറ്റേയാള്‍ മുഷ്ടി ചുരുട്ടിക്കാണിച്ചു. ഗോപലന്‍ മുഷ്ടിചുരുട്ടി ചൂണ്ടുവിരല്‍ കൊണ്ടൊരു വട്ടം വരച്ച് ഷര്‍ട്ടിന്റെ കൈ തെറുത്തുകേറ്റിക്കാണിച്ചു.

ഉടനേ ഒരത്ഭുതം സംഭവിച്ചു. പ്രതിയോഗി തൊഴുതുകൊണ്ട് വന്ന് ഗോപാലന്റെ പാദത്തില്‍ നമസ്കരിച്ചു. താന്‍ തോറ്റു പോയെന്നുള്ളതിന്റെ സൂചകം.

കണ്ടിരുന്നവര്‍ക്കൊന്നും മനസ്സിലായില്ല. പ്രതിയോഗി രജാവിനേ ക്കണ്ട് ഇത്ര അറിവുള്ളവര്‍ ഇവിടെ ഉണ്ടെന്ന് അറിയില്ലായിരുന്നെന്നും, താന്‍ തോറ്റ വിവരം തന്റെ രാജ്യത്ത് അറിയിക്കാന്‍ പോകാന്‍ അനുവദിക്കണമെന്നും പറഞ്ഞു.

രാജാവു ചോദിച്ചു. എന്തായിരുന്നു നിങ്ങളുടെ മത്സരം? ഞങ്ങളും കൂടി അറിയട്ടെ. അയാള്‍ വിശദീകരിച്ചു.


ഞാന്‍ ഒരുവിരല്‍ കാണിച്ച് എല്ലാം ഏകമയം പരബ്രഹ്മം എന്നു വാദിച്ചു. അയാള്‍ അതു രണ്ടായി-സ്ത്രീയും പുരുഷനും-പിരിഞ്ഞുഎന്നുപറഞ്ഞു. അവര്‍ക്കു മൂന്നു ഗുണങ്ങള്‍-സത്വം, രജസ്സ്, തമസ്സ്--ഉണ്ടെന്നു ഞാന്‍ . ഇതെല്ലാം നാലുവേദത്തിലടങ്ങുന്നെന്ന് അയാള്‍. എല്ലാം പഞ്ചഭൂത നിര്‍മ്മിതമാണെന്നു ഞാന്‍ . അതില്‍ ഷഡ് വൈരികളുണ്ടെന്നു അയാള്‍. അതിനെ സംയമംകൊണ്ടു നേരിടണമെന്ന് ഞാന്‍ . ഒരച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന് ഉരുണ്ട ഭൂമിയില്‍ അത് അസാദ്ധ്യമെന്ന് അയാള്‍. ഞാന്‍ തോറ്റു പൊന്നുടയതേ--ഇത്ര മഹാന്മാര്‍ ഇവിടെ. രാജാവ് അയാളേ യാത്രയാക്കി.


ഇതിനിടെ നമ്മുടെ ഗോപാലനേയും പൊക്കിക്കൊണ്ടു ഘോഷയാത്രയാണ് നഗരത്തില്‍. ഗോപാലന് ഒന്നും മനസ്സിലാകുന്നില്ല. രാജാവിനാണെങ്കില്‍ ഇത്ര പണ്ഡിതനായ ഒരാളേ ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന് കുണ്ഠിതം.

ആള്‍ക്കാര്‍ ഗോപാലനെ രാജാവിന്റെ മുന്നില്‍ ഹാജരാക്കി.

ഗോപാലോ- രാ‍ജാവ് വിളിച്ചു -നീ ഇത്ര വലിയ ആളാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. എങ്ങിനെയാണ് നീ അയാളേ തോല്പിച്ചത്?

അതോ-അയാള്‍ ഒരുകുപ്പി കള്ളുകുടിക്കാമെന്ന് ചൂണ്ടുവിരല്‍ പൊക്കി ക്കാണിച്ചു. ഗോപാലന്‍ പറഞ്ഞു. ഞാന്‍ വിടുമോ . രണ്ടു കുപ്പിഅടിക്കാമെന്നുകാണിച്ചു. അയാ‍ള്‍ മൂന്നെന്നു കാണിച്ചപ്പോള്‍ ഞാന്‍ നാലെന്നുകാണിച്ചു. അയാളുടെ അഞ്ചിന് ഞാന്‍ ആറെന്നു കാണിച്ചു. അയാള്‍ കൈ ചുരുട്ടിക്കാണിച്ചു . ഞാന്‍ വിടുമോ. കൈചുരുട്ടിക്കാണിച്ചിട്ട് ഒരുപ്ലേറ്റ് ഇരച്ചിയും ഒരു എത്തെക്കായും തിന്നാമെന്നു പറഞ്ഞു. പാവം അയാള്‍ വന്നെന്റെ കാലുപിടിച്ചു. ഞാനുമ്പോട്ടെന്നുവച്ചു. സാരമില്ല പൊന്നുതമ്പുരാന്റെ അഭിമാനമാ ഞങ്ങള്‍ക്ക് വലുത്.

രാജാവും സഭാവാസികളും കണ്ണുമിഴിച്ചിരുന്നു. ഗോപാലന്‍ അവന്റെ പാട്ടിനുപോയി.ഇങ്ങനാ നാരദനേപ്പറ്റിയും ആള്‍ക്കാരുടെ ധാരണ. അവരവരുടെ സ്വഭാവം അനുസരിച്ച്. ശരി---

അല്ലപ്പൂപ്പാ നാരദന്‍ വൈകുണ്ഠത്തില്‍ ചെന്നിട്ട്---

അതൊക്കെപ്പിന്നെ. ആമുളകിനും ,വെണ്ടയ്ക്കും, വഴുതനത്തിനും കുറച്ചു വള‍മിടണം. വാ.

Comments (2)

കഥ നന്നേ രസിച്ചു

വൈകുണ്ഠം എന്നാക്കിയാൽ നന്നായിരുന്നു...