രാമയ്യന്‍--മൂന്ന്

നിങ്ങള്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയില്ലേ? അവിടെ ഒരു ഒറ്റക്കല്‍ മണ്ഡപം ഉണ്ട്. അതു കണ്ടോ?
ങാ. ഒരാള്‍ പറഞ്ഞു ഇതാണ് ഒറ്റക്കല്‍ മണ്ഡപമെന്ന്. നമ്മുടെ ഒരു മുറിയുടെ അത്രയും ഉണ്ട്. എന്താ അപ്പൂപ്പാ അതിനു വിശേഷം?
ഓ അപ്പം അതാരും പറഞ്ഞുതന്നില്ല അല്ലേ? അതിന്റെ താഴത്തേ കല്ല് ഒറ്റക്കല്ലാണ്. അത്രയും വലിയ കല്ല് അവിടെ എങ്ങിനെ എത്തിച്ചെന്ന് ഒന്നാലോചിച്ചു നോക്കിയേ!. എത്ര പേരു പിടിച്ചാല്‍ അതു പൊങ്ങും--ആറ് (നദി) കടക്കേണ്ടിവന്നാലെന്തു ചെയ്യും-

ഇതൊക്കെ. ശരിയാ‍ാണല്ലോ ഇതൊക്കെ കാണുമ്പോല്‍ ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ നമ്മള്‍ ഇതിനേക്കുറിച്ച് ആലോചിക്കുകപോലും ചെയ്യത്തൊള്ളു. ഇതിനാരിക്കും ഈ കാഴ്ച യുള്ളൂ സ്ഥലങ്ങളിലൊക്കെ ഗൈഡുമാരേ വയ്ക്കുന്നത്.

അതേ മക്കളേ. അല്ലെങ്കില്‍ കോന്തന്‍ കൊല്ലത്തു പോയപോലെ ഇരിക്കും.

അതെന്തവാ അപ്പൂപ്പാ ഈ കൊന്തന്‍ ---. പറയാം. ഒരു വലിയതറവാട്ടിലെ ഒരു ഇളമുറ സന്തതിയാണ് കോന്തന്‍ . ശരിക്കു പേര്‍ ഗോവിന്ദന്‍ എന്നാണ് . പക്ഷേ എല്ലരും വിളിക്കുന്നത് കോന്തന്‍ എന്നാണ് ‍. വലിയ ബുദ്ധിയൊന്നുമില്ലാത്ത ഒരു വിഡ്ഡി ക്കൂശ്മാണ്ഡമാണ്. പക്ഷെ നല്ല അദ്ധ്വാനിയായതുകൊണ്ട് എല്ലാവര്‍ക്കും വലിയ കാര്യമാണ്.. എന്തു പറഞ്ഞാലും കോന്തന്‍ റഡി. ഒരു ദിവസം വലിയമ്മാവന്‍ വിളിച്ചു -

കോന്തോ-കോന്താ. എന്തോ എന്നും പറഞ്ഞ് കോന്തന്‍ ഓടിവന്നു.

എടാ കൊല്ലത്തു വരെ ഒന്നു പോകണമല്ലോ.

ഓ കോന്തന്‍ ഭവ്യതയോടെ മൂളി.

വലിയമ്മാവന്‍ അകത്തേക്കു പോയി. കൊല്ലത്ത് ഒരാള്‍ക്കു കൊടുക്കാ‍ാനുള്ള പൈസ എടുക്കാനാ പോയത്. കോന്തനേ ഏല്‍പ്പിക്കാന്‍ .

വലിയമ്മാവന്‍ തിരിച്ചു വന്നു കോന്തനേ അന്വേഷിച്ചു. കണ്ടില്ല.

വല്ല കുളിക്കാനോ മറ്റോ പോയതാരിക്കും. അമ്മവന്‍ വിചാരിച്ചു.

ഉച്ചവരെ കോന്തനേ കണ്ടില്ല. ഉച്ച തിരിഞ്ഞ് ഒരു നാലുമണിയോടു കൂടി കോന്തന്‍ ഓടിക്കിതച്ചെത്തി. വലിയമ്മവന്‍ സംഹാരരുദ്രനേപ്പോലെ നില്‍ക്കുകയാണ്.

എവിടെ പോയിരുന്നെടാ നീ അമ്മാവന്‍ ഗര്‍ജ്ജിച്ചു.

കൊല്ലത്ത് കോന്തന്‍ നിഷ്കളങ്കമായി ഉത്തരം പറഞ്ഞു. അമ്മാവന്റെ ദേഷ്യത്തിനു കാരണം അവനു മനസ്സിലായില്ല. പറഞ്ഞ ഉടന്‍ തന്നെ താന്‍ കൊല്ലത്തു പോയല്ലോ.

എന്തിനാടാ നീ കൊല്ലത്തു പോയത്? അമ്മാവന്‍ വീണ്ടും തുള്ളിക്കൊണ്ടു ചോദിച്ചു.

വലിയമ്മവനെന്തിനാതുള്ളുന്നത്? വലിയമ്മാവനല്ലേ എന്നോടു കൊല്ലത്തു പോകാന്‍ പറഞ്ഞത്? കോന്തനു ദേഷ്യം വന്നു. എന്റെ പണീം മുടക്കി--

ചുറ്റും നിന്നവര്‍ പൊട്ടിച്ചിരിച്ചു പോയി. കൂട്ടത്തില്‍ വലിയമ്മാവനും. അന്നു ബസ്സും, കാറും ഒന്നുമില്ല. നടന്നാണ് പോക്ക്! കോന്തന് ദേഷ്യം വന്നതിന് എന്താണത്ഭുതം?
നമ്മള്‍ ഒറ്റക്കല്ലിനേക്കുറിച്ചണല്ലോ പറഞ്ഞുവന്നത്. കല്ലു കൊണ്ടു വന്നതിനേക്കുറിച്ച് ഒരു കഥയുണ്ട്. കരയ്ക്കുകൂടെ കല്ല് എങ്ങിനെ എങ്കിലും കൊണ്ടുവരാം. എന്നാല്‍ കല്ലിനും തിരുവനന്തപുരത്തിനും ഇടയ്ക്ക് ഒരു നദി ഉണ്ടായിരുന്നു. കല്ല് നദി കടത്താന്‍ ആവുന്നപണി മുഴുവന്‍ നോക്കിയിട്ടും നടന്നില്ല. അവസാനം രാമയ്യന്‍ ദളവായോടു വിവരം പറഞ്ഞു. അദ്ദെഹവും നോക്കിയിട്ട് ഒരു മാര്‍ഗ്ഗവും തോന്നിയില്ല.

മാര്‍ത്താണ്ഡ വര്‍മ്മയുടെ ആജ്ഞയാ‍ണ് കല്ലു കൊണ്ടുവരാന്‍ . കല്പന കല്ലേപ്പിളര്‍ക്കും. രാമയ്യന്‍ രാജവിനേ മുഖം കാണിച്ചു. എന്താ രാമയ്യാ? രാജാവു ചോദിച്ചു.

കല്ലക്കരെയാണേ. രാമയ്യന്‍ പറഞ്ഞു.

അല്ല കല്ലിക്കരെയാണ് രാജാവ് പറഞ്ഞു. രാമയ്യന്‍ പിന്‍ വാങ്ങി.

എന്തു പറയാനാ. തിരുവായ്കെതിര്‍വായില്ല. കല്ലിക്കരെയാണെന്നു പറഞ്ഞാല്‍ ഇക്കരെയാണ്.. രാമയ്യന്‍ ചെന്ന് കല്ലിന് അപ്പുറത്തുകൂടെ നദി വെട്ടിവയ്പ്പിച്ച് കല്ല് ഇക്കരെയാക്കി. ഇങ്ങനെയാണ് ഒറ്റക്കല്‍ മണ്ഡപം പണിയിപ്പിച്ചത്. ശുഭം.

Comments (2)

നുണ. തിരുമലനിന്നാണ`ഒറ്റക്കല്ല് കൊണ്ട്വന്നത്‌. അതിനിടയില്‍ ഒരു നദിയുമില്ല.

നദിയില്ലേ... അപ്പോ പിന്നെ ഈ കിള്ളിയാറ്‌ എതുവഴിയാ ഒഴുകുന്നേ...?