പുനര്‍ജ്ജന്മം--രണ്ട്

1
അപ്പൂപ്പോ ദേ ചില നീണ്ട കഥക്കാരുടെ കൂട്ട് “അപ്പോഴാണ് അത് സംഭവിച്ചത്” എന്നു പറഞ്ഞിട്ട് എഴുനേറ്റു പോയത് ഒട്ടും ശരിയായില്ല. ആതിരയുടെ പരാതി ആ കഥ ബാക്കി പറ. ശരി പറയാം മോളേ. കേട്ടോളൂ.

ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. യാഗക്കാരന്റെ പുത്രന്‍. നചികേതസ്സ്. വയസ്സ് ഒന്‍പതേയുള്ളൂ. വേദങ്ങളും ശാസ്ത്രങ്ങളും എല്ലാം കാണാപ്പാഠമാണ്. അവന്‍ വിചാരിച്ചു. ഈ അഛന്‍ എന്താണീകാണിക്കുന്നത്. അഛന്‍ തന്നെയല്ലേ എന്നേപ്പഠിപ്പിച്ചത്--ദാനം ചെയ്യുന്നത് കിട്ടുന്ന ആളിന് ഗുണപ്രദമാകണമെന്നും പശുക്കളാണെങ്കില്‍,,കുട്ടിയോടുകൂടിയ കറവപ്പശുക്കളായിരിക്കണമെന്നും, അല്ലാതെ ഉപയോഗശൂന്യമായവ ദാനം ചെയ്താല്‍ നരകത്തില്‍ പോകുമെന്നും മറ്റും. എന്റഛന്‍ നരകത്തില്‍ പോയതു തന്നെ. ഇപ്പോള്‍ ഞാനെന്താണു ചെയ്യേണ്ടത്. അഛനേ നരകത്തില്‍ നിന്നും രക്ഷിക്കേണ്ടത് പുത്ര ധര്‍മ്മമാണെന്നല്ലേ അഛന്‍ പഠിപ്പിച്ചത്. അതെ അതുതന്നെ പണി. അവന്‍ ചിന്തിച്ചുറച്ചു.

അവന്‍ നേരേ അഛന്റടുത്തു ചെന്നു. അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്-എന്നുചോദിച്ചു. അഛന്‍ മകനേ രൂക്ഷമായൊന്നു നോക്കി. അവന്‍ വീണ്ടും ചോദിച്ചു-അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്. അഛന്‍ ഉപയോഗയൊഗ്യമല്ലാത്ത സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി ദാനം ഗൌരവമായി ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്നാമതും മകന്‍ ചോദിച്ചു. അഛാ എന്നേ ആര്‍കാ ദാനം ചെയ്യുന്നത്. അഛന്‍ തലപൊക്കി നോക്കി ഒരൊറ്റ അലര്‍ച്ച. പോയി തൊലയെടാ. അപ്പൂപ്പോ ഈ അഛന്‍ മലയാളത്തിലാണോ പറഞ്ഞത്. കിട്ടുവിനു സംശയം. എടാ അവരൊക്കെ സംസ്കൃതത്തിലല്ലേ സംസാരിക്കുന്നത്. ഭാഷ സംസ്കൃതമായതുകൊണ്ട് അതില്‍ ചീത്ത വാക്കുകളൊന്നുമില്ല.. പുള്ളി പറഞ്ഞത് നിന്നേ ഞാന്‍ കാലനാണു കൊടുക്കാന്‍ പോകുന്നതെന്നാണ്. ഞാന്‍ അതു മലയാളത്തിലാക്കിയെന്നേയുള്ളൂ.. അതു പോട്ടെ. നചികേതസ്സ് പിന്‍ വാങ്ങി. അവന്‍ ആലോചിച്ചു. അഛന്‍ ഗുരുവും കൂടിയാണ്. അഛന്‍ പറയുന്നത് വേണമെങ്കില്‍ അനുസരിക്കാതിരിക്കാം. പക്ഷേ ഗുരു അങ്ങനെയല്ല. ഗുരു വെറുതേ ഒരു കാര്യവും പറയുകയില്ല. അദ്ദേഹം എന്തു പറഞ്ഞാലും അനുസരിക്കണം. അതാണ് അന്നത്തേ ചിട്ട. നോക്കി പേടിപ്പിക്കണ്ടാ. നിന്റെയൊന്നും കാര്യമല്ല പറഞ്ഞത് നചികേതസ്സ് നേരേ കാലന്റടുത്ത് പോകാന്‍ തീരുമാനിച്ചു. അവനു ചില സംശയങ്ങളൊക്കെയുണ്ട്. അത് കാലനോടു ചോദിക്കണം.

അവന്‍ നേരേ യമപുരിയിലേക്കു പോയി. ഓഹൊ ഇപ്പം എല്ലാം മനസ്സിലായി. ഉണ്ണിക്കുട്ടന്‍ വിളിച്ചുപറഞ്ഞു. മിടുക്കന്‍, നീ ഇവര്‍ക്കുംകൂടി അതൊന്നു പറഞ്ഞുകൊടുക്ക്. ദേ എല്ലാം മിഴിച്ചിരിക്കുന്നതു കണ്ടില്ലേ. ഈപറയുന്നതൊന്നും ഒരുകാലത്തും മനസ്സിലാകത്തില്ലെന്നു മനസ്സിലായി. ഉണ്ണി ഒരു കുസലും കൂടതെ പറഞ്ഞു. ഹോ ഞങ്ങളെങ്ങനാ ഇതു പറയുന്നതെന്നു വിചാരിച്ചിരിക്കുവാരുന്നു. ബാക്കി എല്ലാവരുടേയും കോറസ്സ്. അപ്പൂപ്പനേ നല്ല കഥ വല്ലോമുണ്ടെങ്കില്‍ പറ. ഇനി നാളെമതി..

പുനര്‍ജ്ജന്മം

1
അപ്പൂപ്പാഇന്നലെ വല്യമ്മൂ‍മ്മ പറയുവാ ഞാന്‍ വേലുപ്പിള്ള അമ്മാവനാണെന്ന്. അമ്മൂമ്മേടെ അഛന്റെ വല്യമ്മാവന്‍ പുനര്‍ജ്ജനിച്ചു വന്നിരിക്കുവാണെന്ന്. എന്തവാ അപ്പൂപ്പാ ഈ പുനര്‍ജ്ജന്മം?മരിച്ചു പോയ ആള്‍ പിന്നെയും ജനിക്കുമോ? ശ്യാമിനാണു സംശയം.

മക്കളേ ഇതൊരു ഗുലുമാലുപിടിച്ച ചോദ്യമാണ്. പണ്ട് ഒരു പയ്യന്‍ ഈചോദ്യം നമ്മുടെ ധര്‍മ്മരാജാവിനോടു ചോദിച്ചു. ഇതൊന്നു പിന്‍ വലിപ്പിക്കന്‍ പുള്ളി പഠിച്ച പണി പതിനെട്ടും പയറ്റി. പക്ഷേ നടന്നില്ല. ഏത് ധര്‍മ്മരാജാവാ അപ്പൂപ്പാ നമ്മുടെ കണ്ഠീരവന്‍ വന്നപ്പോള്‍ ഉണ്ടായിരുന്നതാണോ? ആതിര ചോദിച്ചു. അല്ല മോളേ ഇത് സക്ഷാല്‍ യമധര്‍മ്മ രാജാവ്--കാലന്‍. അയ്യൊ കാ‍ലനോ, കാലന്റടുത്ത് കൊചു പയ്യന്‍ ചോദ്യം ചോദിച്ചെന്നോ, എന്തവാ അപ്പൂപ്പാ ഈ പറയുന്നത്-രാമിന് ദഹിക്കുന്നില്ല. എടാ മോനേ ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ആദ്യം നമ്മുടെ സംസ്കാരത്തേക്കുറിച്ച് കുറേ എങ്കിലും അറിഞ്ഞിരിക്കണം. കേട്ടോളൂ. സനാതന സംസ്കാരമെന്നും, ഭാരതീയ സംസ്കാരമെന്നും മറ്റും പറയുന്നത് ആര്‍ഷസംസ്കാരമാണ്. അതായത് നമ്മുടെ ഋഷിവര്യന്മാര്‍ കണ്ടെത്തി പ്രചരിപ്പിച്ച സംസ്കാരം. “ ലോകാ സമസ്താ സുഖിനോ ഭവന്തൂ:“ അതായത് സകലചരാചരങ്ങള്‍ക്കും നന്മ ഭവിക്കട്ടെ- ഇതായിരുന്നു അവരുടെ മുദ്രാവാക്യം. കാട്ടിനുള്ളില്‍ തപസ്സിരുന്ന് കണ്ടെത്തിയതാണ്. അയ്യോടാ കാട്ടിനുള്ളില്‍ തപസ്സിരുന്നാല്‍ എവിടുന്നാ കണ്ടെത്തുന്നത്. കഥയാണെങ്കിലും പറയുമ്പോള്‍ ഒരു യുക്തിയൊക്കെ വേണ്ടേ- ശ്യാമാണ് യുക്തിവാദി. മോനേ വേദമാണ് നമ്മുടെ അടിസ്ഥാന പ്രമാണം. വേദം എന്നു വച്ചാല്‍ അറിവ്--അറിവ് ബ്രഹ്മാവില്‍ നിന്നാണ് വരുന്നതെന്നാണ് നമ്മുടെ വിശ്വാസം. അത് ബ്രഹ്മാവ് സമ്പ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.. അതിന്റെ വേവ് ലെങ്ത് നമ്മുടെ മസ്തിഷ്കത്തില്‍ ഉണ്ടാകുമ്പോള്‍ നമുക്ക് അത് കേള്‍ക്കാന്‍ പറ്റും. ഇപ്പോഴത്തേ റേഡിയോയുടെ കൂട്ടൂതന്നെ. അതു കേള്‍ക്കുന്ന ഋഷി അത് തന്റെ ശിഷ്യരിലൂടെ ലോകത്തില്‍ പ്രചരിപ്പിക്കും. അങ്ങിനെ പ്രചരിച്ച വേദത്തേ അടുക്കും ചിട്ടയുമാക്കി നാലെണ്ണമാക്കിയത് വേദവ്യാസനെന്ന മഹര്‍ഷിയാണ്. ഓ ഇതൊക്കെ പറഞ്ഞോണ്ടിരിക്കാതെ കഥ പറയുന്നെങ്കില്‍ പറ--ആതിരയ്ക്കു മുഷിഞ്ഞു തുടങ്ങി . മോളേ കഥ പറഞ്ഞാല്‍ മനസ്സിലാകണ്ടേ. അതിനാ ഇതൊക്കെ പറയുന്നത്. കേട്ടോളൂ. ഈ വേദം ആള്‍ക്കാര്ക്ക്‍ മനസ്സിലാക്കാന്‍ പ്രയാസമാണെന്നു കണ്ട് അതിനേ ബ്രാഹ്മണമെന്നും, ആരണ്യകമെന്നും, ഉപനിഷത്തെന്നും ഉള്ള പേരുകളില്‍ വിശദീകരിച്ചൂ. വേദത്തിന്റെ അവസാനമാണ്--അതായത് അറിവിന്റെ അവസാനമാണ് ഉപനിഷത്ത്. ഇതെല്ലാം സംസ്കൃതത്തിലാണ്. അതിന് അപ്പൂപ്പന് സംസ്കൃതമറിയാമോ? കിട്ടുവിന് സംശയം. എടാ എനിക്കു സംസ്കൃതം അറിയാന്‍ വയ്യാ. പക്ഷേ അതറിയാവുന്നവര്‍ ഇത് പലഭാഷകളില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പല ആളുകളുടെ വ്യാഖ്യാ‍നങ്ങല്‍ വായിക്കുകയും, ചിലരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ അപ്പൂപ്പന് കുറേ ഒക്കെ മനസ്സിലായി. അതിലൊന്നാണ് ഈ പറയാന്‍ പോകുന്ന കഥ. പണ്ട് ഒരു ഗൃഹസ്ഥന്‍ അന്നദാനം കൊണ്ട് കീര്‍ത്തിനേടി. അദ്ദേഹത്തിന്റെ മകന് അതിനേക്കാള്‍ കീര്‍ത്തി നേടണമെന്ന് മോഹം. അതിന് അദ്ദേഹം വിശ്വജിത് എന്നോരു യാഗംനടത്തി. ലോകം ജയിക്കണം. അതാണ് മൂപ്പിലാന്റെ മോഹം . മാസിഡോണിയയിലേ അലക്സാണ്ഡറേ പോലെ-അല്ലേ അപ്പൂപ്പാ--അതുവരെ മിണ്ടാതിരുന്ന ഉണ്ണിക്കുട്ടന്‍ വാ തുറന്നു. അല്ല മോനേ അതു യുദ്ധം ചെയ്തുള്ള പിടിച്ചടക്കലാണ്. യാഗത്തില്‍ കൂ‍ടി അങ്ങനെയുള്ള ജയമല്ല. നമ്മള്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയില്ലേ-അപ്പോള്‍ രോഗം നമ്മുടെ അടുത്തുവന്നാല്‍ സല്യൂട്ടടിച്ച് പൊയ്ക്കൊള്ളും. അതുപോലെ ഈ ലോകത്തിലുള്ള ഒരു ഭോഗ വസ്തുവും നമ്മേ ഭ്രമിപ്പിക്കുകയില്ല. അങ്ങിനെയുള്ള മാനസികാവസ്ഥയിലേക്ക് നമ്മളെത്തും ഓ എന്നാ നമക്കതു ചെയ്യണ്ടാ. ഈ ചിക്കനും, സിനിമായും ഒന്നും നമുക്കിഷ്ടമല്ലാതെ വന്നാല്‍ പിന്നെന്താ ഒരു രസം? ശ്യാമിന് യാഗം വേണ്ടാ. നീ ചെയ്യണ്ടാടാ. ഇതു ചെയ്യുന്ന ആള്‍ അയാള്‍ക്കുള്ള സര്‍വ്വസ്വവും ദാനം ചെയ്യണം. ആര്‍ക്കാ അപ്പൂപ്പാ ദാനം ചെയ്യേണ്ടത്? ആതിര ചോദിച്ചു. മോളേ അത് യാഗം ചെയ്യാന്‍ പുരോഹിതന്മാര്‍ വരും. അവരേ ഋത്വിക്കുകള്‍ എന്നാണ് വിളിക്കുന്നത്. അവര്‍ക്കാണ് ആദ്യം ദാനം കൊടുക്കുന്നത്. പിന്നീട് ബ്രാഹ്മണര്‍ക്ക്. സകലതും തീരുന്നതുവരെ കൊടുക്കണം. അപ്പോഴാണ് യാഗം പൂര്‍ത്തിയാകുന്നത്. എന്നിട്ടീ ആള്‍ സകലതും കൊടുത്തോ? കിട്ടു ചോദിച്ചു. എവിടെ! പുള്ളി യാഗം ചെയ്തത് കീര്‍ത്തിക്കു വേണ്ടിയല്ലേ? കേട്ടോളൂ. യാഗം കഴിഞ്ഞു. പാവം ഋത്വിക്കുകള്‍ ദാനത്തിനു വേണ്ടി ക്യൂ നില്‍ക്കുകയാണ്. ആതാ വരുന്നു ദാനം. ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. അതുകൊണ്ട് ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ ശരിക്കുള്ള അര്‍ഥം പറഞ്ഞേക്കാം. “ വെള്ളം കുടിക്കാന്‍ വയ്യാത്ത, പല്ലില്ലാത്തതുകൊണ്ട് പുല്ലു തിന്നാന്‍ വയ്യാത്ത, കറവ വറ്റിയ, ഇനി ഒരിക്കലും ചനപിടിക്കാത്ത പശുക്കളേ“ --ചാണകവും ഗോമൂത്രവും പോലും കിട്ടാത്ത അസ്ഥിപഞ്ഞരങ്ങളേ കെട്ടി വലിച്ച് ഈ പാവങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് അതു സംഭവിച്ചത്. ഒന്നു നില്‍ക്കണേ- രാംകുട്ടനാണ്- ഇത് ഏതുപനിഷത്തിലാണ്-ആ പേരൊന്നു പറഞ്ഞേ- എനിക്ക് സംസ്കൃതമറിയാവുന്ന ആരോടെങ്കിലും ചോദിക്കണം. കഠോപനിഷത്ത്--എന്താടാ അപ്പൂപ്പനേ തീരെ വിശ്വാസമില്ലേ? തീരെ വിശ്വാസമില്ല-എന്തു വേണേ പറയും. ഇത് ഏതായാലും ഞാന്‍ അറിയും-രാംകുട്ടന്‍ വീറോടെ പറഞ്ഞു. ഓ ഈ രാമേട്ടന് വട്ടാ. അപ്പൂപ്പന്‍ കഥ പറ. ആതിര ഇടപെട്ടു..