ഒരു പ്രശ്നം

1
ഒരുത്തന്‍ പോയൊരുത്തിയായ്
ഒരുത്തിപെറ്റിരുവരായ്
ഇരുവരും കരുത്തരായ്
കരുത്തരും വിരുദ്ധരായ്
വിരുദ്ധരിലൊരുത്തന്റെ
ബന്ധൂന്റെ ശത്രൂന്റെ
ഇല്ലം ചുട്ടു കരിച്ചോന്റെ
അച്ഛന്റെ പേരെന്ത്---ആര്‍ക്കും പറയാം.

ഇത്തവണ പന്തയം പപ്പടവും ഉപ്പേരിയുമൊന്നുമല്ല--നൂറുരൂപ-ഒരു തരം -രണ്ടുതരം- മൂന്നുതരം--ശരി പറഞ്ഞോ.

സുല്ല്-ആതിര പറഞ്ഞു.

വേറേ ആരെങ്കിലും-നോ- ശരി- എന്നാ കേട്ടോ.

സൂര്യദേവന്റെ തേരാളി അരുണന്‍ എന്നൊരാളണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടോ--ഇല്ലേ-- എന്നാല്‍ അരുണനാണ്--ഗരുഡന്റെ ചേട്ടന്‍ ‍.

ഗരുഡന്റെ ചേട്ടനോ--ഉണ്ണി.

അതേ മോനേ. കദ്രു എന്നും വിനതയെന്നും രണ്ടു സഹോദരിമാര്‍--കദ്രു ആണ് നാഗമാതാവ്--വിനതയുടെ പുത്രന്മാരാണ് അരുണനും, ഗരുഡനും. വിനത പ്രസവിച്ചത് രണ്ട് മുട്ടകളാണ്. കദ്രുവിന് ആയിരം നാഗങ്ങള്‍ മക്കളായുണ്ടായിട്ടും വിനതയുടെ മുട്ട വിരിഞ്ഞില്ല. അവള്‍ സങ്കടത്തോടുകൂടി ഒരെണ്ണം പൊട്ടിച്ചു നോക്കി. പകുതി വളര്‍ച്ചയെത്തിയ ഒരു കുഞ്ഞ്. മാസംതികയാതെ പെറ്റ കുഞ്ഞിനേപോലെ--

അവന്‍ അമ്മയേ ശപിച്ചിട്ട് സൂര്യദേവന്റെ അടുത്തേക്കു പോയി-അദ്ദേഹത്തിന്റെ തേരാളിയായി കൂടി. വളര്‍ച്ച പ്രാപിച്ച് അതിസുന്ദരനായിത്തീര്‍ന്നു.

അരുണന്‍ ഒരു ദിവസം ലീവെടുത്തു--സ്വര്‍ഗ്ഗത്തില്‍ പോയി ഒന്നു കറങ്ങി. ഒരിടത്ത് അപ്സരസ്സുകളുടെ നൃത്തം--പക്ഷേ അങ്ങോട്ട് സ്ത്രീകളേ മാത്രമേ കയറ്റിവിടൂ. അരുണന്‍ സ്ത്രീ വേഷം കെട്ടി അകത്തു കയറി. നൃത്തം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ദേവേന്ദ്രന്‍ കണ്ടു.

ഇതേതാ ഒരു പുതിയ അവതാരം. ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ--അദ്ദേഹത്തിന് അവളേ വേണം- എന്തിന് ദെവേന്ദ്രന് അരുണനില്‍ ഒരു കുഞ്ഞു ജനിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. കുഞ്ഞിനെ ഗൌതമന്റെ ഭാര്യ അഹല്യയേ വളര്‍ത്താന്‍ ഏല്പിച്ചു.

സൂര്യന്‍ അരുണനേ നൊക്കിയിരിക്കുകയാണ്. ഒരു ദിവസത്തേ ലീവിനു പോയതാണ്. കൊല്ലം ഒന്നാകാന്‍ പൊകുന്നു. നമ്മുടെ സാരഥി എവിടെ-സൂര്യന്‍ വിഷമിച്ചു.

അങ്ങിനെ ഇരിക്കുമ്പോള്‍ ദാ വരുന്നു. ആളൊന്നു മിനുങ്ങിയിട്ടുണ്ടല്ലോ. ആബ്സെന്‍സ്സ് വിതൌട്ട് ലീവ്-എക്സ്പ്ലെനേഷന്‍ -ഡിസ്മിസ്സല്‍-സൂര്യന്‍ ആലോചിച്ചു. ആദ്യമായി കാര്യം ചോദിക്കാം. ചോദിച്ചു--

ദേ അരുണനു നാണം--സ്വതേ ചുവന്ന മുഖം രക്ത നിറമായി--വിക്കി വിക്കി കാര്യമെല്ലാം പറഞ്ഞു. സൂര്യന്റെ ദേഷ്യമെല്ലാം പമ്പകടന്നു-അതിന്റെ സ്ഥാനത്ത് അകാംക്ഷ-- ആ സ്ത്രീരൂപം തനിക്കും കാണണം.

ആവശ്യമില്ലാത്ത നാണത്തോടെ മനസ്സില്ലാമനസ്സോടെന്നുള്ള നാട്യത്തോടെ അരുണന്‍ വീണ്ടും സ്ത്രീരൂപമെടുത്തു. ഇന്ദ്രന്റെ അസുഖം സൂര്യനും. അരുണനു രണ്ടാമത്തേ കുഞ്ഞ്. അതിനേയും അഹല്യയേഏല്പിച്ചു. അരുണന്‍ ശിക്ഷയില്‍നിന്നും രക്ഷപെട്ട് ജോലിയില്‍ പ്രവേശിച്ചു.

സ്വതവേ കൊപിഷ്ടനായ ഗൌതമന് പിള്ളാരുടെ കുസൃതികൊണ്ട് പൊറുതിമുട്ടി. ഒരു ദിവസം ശാഠ്യം മാറ്റാന്‍ അഹല്യ രണ്ടു പേരേയും രണ്ടു എളിയിലും എടുത്തു ശാന്തരാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗൌതമന്‍ എന്തോ കാര്യത്തിന് അഹല്യയേ വിളിക്കുകയും-അഹല്യ രണ്ടുപേരേയും കൊണ്ടു നടക്കുന്നതു കണ്ട്- കുരങ്ങനേപ്പോലെ അള്ളിപ്പിടിച്ചിരിക്കുന്ന ഈ പിള്ളാര്‍ കുരങ്ങന്മാരായിപോട്ടെ എന്നു ശപിച്ചു. ഒറ്റച്ചാട്ടത്തിന് രണ്ടു പേരും മരത്തിന്റെ മുകളില്‍ എത്തി--

വീണ്ടും ഉപദ്രവം-അവസാനം നാരദന്‍ വന്ന് രണ്ടു പേരേയും കിഷ്കിന്ധയില്‍ കൊണ്ടുപോയി അവിടുത്തേ രാജാവിനേ ഏല്പിച്ചു-വളര്‍ത്താന്‍ ‍.

ദേവേന്ദ്രന്‍ ഒരിക്കല്‍ മോനേക്കാണാന്‍ വന്നപ്പോള്‍ അവന്റെ കോലം കണ്ട് ഒരു മാല സമ്മാനിച്ചു. ഈമാല ധരിച്ചിരിക്കുമ്പോള്‍ നിന്റെ മുമ്പില്‍ എതിരാളിയായിവരുന്നവന്റെ ശക്തിയുടെ പകുതി നിനക്കു ലഭിക്കുന്നതാണ് എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അതാണ് ബാലി-മറ്റവന്‍ സുഗ്രീവന്‍ .

ബാലി സുഗ്രീ‍വന്മാര്‍ അതി ശക്തന്മാ‍രായി വളര്‍ന്നു. കിഷ്കിന്ധ പ്രബലമായ ഒരു രാജ്യമായി തീര്‍ന്നു. രാവണനേ കെട്ടിയിട്ട കഥയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. ഒരിക്കല്‍ മായാവി എന്നൊരസുരന്‍ വന്ന് ബാലിയേ വെല്ലുവിളിച്ചു.

അതേ-- അപ്പൂപ്പാ മയന്റെ മകന്‍ മായാവിയേ ബാലി കൊന്നെന്ന് ഇന്നാളില്‍ പറഞ്ഞു--ആതിരയ്ക്ക് പറഞ്ഞ കഥയൊക്കെ നല്ല ഓര്‍മ്മയാണ്--പക്ഷേ ആരാണീ മയന്‍ .

അതു പറയാം--അസുര ശില്പിയാണു മയന്‍ ‍.

അപ്പോള്‍ ദേവ ശില്പി അരാണ്--കിട്ടു.

വിശ്വകര്‍മ്മാവാണ് ദേവശില്പി. ധര്‍മ്മപുത്രര്‍ക്ക് മായാസഭ ഉണ്ടാക്കി കൊടുത്തത് മയനാണ്.

മാ‍യാ സഭയോ-അതെന്തോന്നാ-രാംകുട്ടന്‍ ‍--

ഇതൊന്നുമറിയാ‍ന്‍ വയ്യായോ-ങാ പറയാം. പണ്ഡവന്മാരും, കൌരവന്മാരും തമ്മില്‍ വീതംവെപ്പുകഴിഞ്ഞ്-പാണ്ഡവന്മാര്‍ക്ക്കിട്ടിയത് ഒരു കാട്ടുപ്രദേശമാണ്. അവിടെ അവര്‍ തലസ്ഥാനം ഉണ്ടാക്കാന്‍ സ്ഥലമെല്ലാം വെട്ടിത്തെളിച്ച് വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ മയന്‍ അവിടെ വന്നു. തലസ്ഥാനം താന്‍ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു.

നിക്കണേ ഒരുസംശയം--ശ്യാം കുട്ടനാണ്--പാണ്ഡവന്മാര്‍ അസുരന്മാരാണോ?

അല്ല. പിന്നെ മയനെന്തിനാ അവര്‍ക്ക് തലസ്ഥാനം ഉണ്ടാക്കിക്കൊടുക്കുന്നത്--ശ്യാമിന്റെ സംശയം തീരുന്നില്ല.

അതുഞാന്‍ പറഞ്ഞിട്ടില്ലേ-അര്‍ജ്ജുനന് ഗാണ്ഡീവം കിട്ടിയ കഥ--ഖാണ്ഡവവനം ദഹിപ്പിക്കാന്‍ അഗ്നിയേ സഹായിച്ചത്--അന്ന് ഈ മയനും ആ തീയില്‍ പെട്ട് ദഹിച്ചു പൊകേണ്ടതാണ്. അര്‍ജ്ജുനന്‍ അന്ന് മയനേ രക്ഷിച്ചു. അതിന്റെ ഉപകാരസ്മരണയായിട്ടാണ് മയന്‍ തലസ്ഥാനം ഉണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞത്. അങ്ങനെ ഉണ്ടാക്കിക്കൊടുത്തതാണ് മായാസഭ.

വെള്ളം ഉള്ളിടത്ത് ഇല്ലെന്നു തോന്നും--ഇല്ലാത്തിടത്ത് ഉണ്ടെന്നു തോന്നും--അങ്ങനെ പലതരംവൈചിത്ര്യങ്ങള്‍ ഉള്ളതാണ് മായാസഭ. അതില്‍കൂടി നടന്ന് ദുര്യോധനന് അമളിപറ്റിയതാണല്ലോ ഭാരതയുദ്ധത്തിന്റെ ഒരു പ്രധാന കാരണം. അതു പോട്ടെ. ആ മയന്റെ മകളാണ് മണ്ഡോദരി-രാവണന്റെ ഭാര്യ--മകന്‍ മായാവി-അവനാണ് ബാലിയെ വെല്ലുവിളിച്ചത്. പണ്ട് രാജ്യങ്ങള്‍ പിടിച്ചടക്കാന്‍ രാജാക്കന്മാര്‍ പ്രയോഗിച്ചിരുന്ന ഒരടവാ‍ണ് --ഗുണ്ടകളേ വിട്ട് രാജ്യത്ത് അരാജകത്വമുണ്ടാക്കുക-എന്നിട്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നപോലെ രാജ്യം കൈക്കലാക്കുക-മുതലായപരിപാടികള്‍.

മൈസൂ‍രില്‍ നിന്നും കണ്ഠീരവന്‍ എന്നൊരുത്തന്‍ ധര്‍മ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറില്‍ വന്ന കാര്യം “രാമരാജാ ബഹദൂര്‍” എന്ന ചരിത്രാഖ്യായികയില്‍ സി.വി രാമന്‍പിള്ള സരസമായി പ്രതിപാദിച്ചിട്ടുണ്ട്. അങ്ങനെ രാവണന്‍ വിട്ട ആളായിരിക്കണം അളിയന്‍ മായാവി. അപ്പൂപ്പന്റെ ഊഹമാണേ-എങ്ങും കേറി പറഞ്ഞുകളയരുത്.

ഏതായാലും ബാലിയുടെ ഇടികൊണ്ട് മായാവി ഓടി--ബാലി വിടുമോ-പുറകേ ബാലി-ചേട്ടന്റെ പുറകേ സുഗ്രീവന്‍ .. മൂന്നു പേരും കൂടി ഓടി ഓടി-മായാവി ഒരു ഗുഹയില്‍ കയറി ഒളിച്ചു.

നീ വെളിയില്‍ നില്‍ക്ക് -ഞാന്‍ ഗുഹയില്‍ പോയി അവനേ ശരിപ്പെടുത്തിയേച്ചു വരാം--എന്തെങ്കിലും കാരണവശാല്‍ ഞാന്‍ മരിച്ചാല്‍ രക്തം ഗുഹാമുഖത്തു വരും--അസുരന്‍ മരിച്ചാല്‍ പാലാണു വരിക. രക്തം കണ്ടാല്‍ നീ ഗുഹാമുഖം അടച്ച് കിഷ്കിന്ധയില്‍ചെന്ന് രാജ്യം പരിപാലിക്കണം-എന്ന് സുഗ്രീവനോട് പറഞ്ഞേല്പിച്ചിട്ട് ബാലി ഗുഹയില്‍ കടന്നു.

ഒരു മാസം നിന്നിട്ടും ബാലിയേ കണുന്നില്ല. അവസാനം ഗുഹാമുഖത്ത് രക്തം--അസുരന്റെ മായ--ബാലി മരിച്ചെന്നു കരുതി സുഗ്രീവന്‍ ഒരു വലിയ കല്ലെടുത്ത് ഗുഹ അടച്ചിട്ട് കിഷ്കിന്ധയില്‍ പോയി-എല്ലവരോടും വിവരം പറഞ്ഞ് രാജാവായി.

മായാവിയെ കൊന്നിട്ട് ബാലി വന്നപ്പോള്‍ ഗുഹ അടച്ചിരിക്കുന്നു. തന്നേ കൊല്ലാന്‍ സുഗ്രീവന്‍ നടത്തിയ പണീയണെന്ന് ബാലി തീര്‍ച്ചപ്പെടുത്തി. ഒറ്റച്ചവിട്ടിന് അടച്ചിരുന്ന കല്ല് തെറിപ്പിച്ച് ഉഗ്രമൂര്‍ത്തിയായി അലറിക്കൊണ്ട് കിഷ്ക്കിന്ധയില്‍ എത്തി. ആരുടെ സമാധാനവും കേള്‍ക്കാതെ സുഗ്രീവനെ കൊല്ലാന്‍ ഓടിച്ചു. സുഗ്രീവന്‍ ഋശ്യമൂകാചലത്തില്‍ അഭയം പ്രാ‍പിച്ച കഥയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ.

ഇനി നമുക്ക് നമ്മുടെ പ്രശ്നത്തിലേക്കു വരാം--ഒരുത്തന്‍ പോയൊരുത്തിയായ്--അരുണന്‍ --ഒരുത്തിപെറ്റിരുവരായ്---ബാലി, സുഗ്രീവന്‍ --ഇരുവരും കരുത്തരായ്; കരുത്തരും വിരുദ്ധരായ്; അതും മനസ്സിലായല്ലോ--വിരുദ്ധരിലൊരുത്തന്‍ -സുഗ്രീവന്‍ --സുഗ്രീവന്റെ ബന്ധു--ശ്രീരാമന്‍ ; ശ്രീരാമന്റെ ശത്രു--രാവണന്‍ ‍; രാവണന്റെ ഇല്ലം ചുട്ടുകരിച്ചത്-ഹനുമാന്‍ --ഹനുമാന്റെ അച്ഛന്റെ പേര്-മാരുതന്‍ ‍. തെരിഞ്ചിതാ?

ശരിയും തെറ്റും

1
അപ്പൂപ്പോ ശ്യാം കുട്ടന്‍ വിളിച്ചു. ശ്രീരാമനേ മര്യാദാ പുരുഷോത്തമനെന്ന് വിളിക്കുന്നതിനേക്കുറിച്ച് എനിക്കൊരഭിപ്രായ വ്യത്യാസം. എന്തെങ്കിലും പറയാനുണ്ടോ?

അതവിടെ നില്‍ക്കട്ടെ ആതിര പറഞ്ഞു-ആ വനദേവതയുടെ മണിനാദം എവിടുന്നു വന്നു- ആ അഞ്ചലോട്ടക്കാരനേ രക്ഷിക്കാന്‍ ‍- എന്നു പറഞ്ഞില്ല. ഓ അതു മറന്നു പോയി-അഞ്ചലോട്ടക്കാരന്റെ ഒരു വടിയുണ്ടല്ലോ അതില്‍ ഒരു മണി കെട്ടിയേക്കും എന്നു പറയാന്‍ വിട്ടുപോയി. ഓട്ടത്തിന്റെ താളത്തില്‍ അത് അടിച്ചുകൊണ്ടിരിക്കും. അയാളുടെ വരവറിയിക്കാനാണ്.

അതു ശരി ആതിര നിരാശയോടെ പറഞ്ഞു. ഞന്‍ വിചാരിച്ചു ശരിക്കും വനദേവത വന്നെന്ന്. അതിന്റെ രസമെല്ലാം പോയി.
അപൂപ്പാ ശ്യാ‍ വീണ്ടും വിളിച്ചു. ഞാന്‍ ഈയിടെ ഒരു ടി.വി. ചര്‍ച്ച കേട്ടു. ശൂര്‍പ്പണഖ-പാവം-രാമനേ ഭര്‍ത്താവായി വേണമെന്ന് ആഗ്രഹിച്ചു--അതൊരു തെറ്റാണോ-അതിന്അവളുടെ അംഗവൈകല്യം വരുത്തിയതല്ലേ തെറ്റ്. ഈ രീതിയിലായിരുന്നു ചര്‍ച്ച. അന്നു ഞന്‍ വിചാരിച്ചു അപ്പൂപ്പനോട് ചോദിക്കണമെന്ന്. എന്തു പറയുന്നു?

കൊള്ളാം കൊള്ളാം ഇങ്ങനെയുള്ള ചോദ്യങ്ങളാണ് നമ്മുടെ അറിവു വര്‍ദ്ധിപ്പിക്കുന്നത്. ശൂര്‍പ്പണഖ കല്യാണം കഴിച്ച ഒരു വൃദ്ധയാണ്. രാക്ഷസന്മാര്‍ കാമരൂപികളാണ്-എന്നു വച്ചാല്‍ ഇഷ്ടപ്പെട്ട വേഷം ധരിക്കാന്‍ കഴിവുള്ളവര്‍-അവളുടെ ഭര്‍ത്താവിന്റെ പേര് വിദ്യുജ്ജിഹ്വന്‍ --അവള്‍ യുവതിയുടെ വേഷം ധരിച്ച് ആണുങ്ങളേ അന്വേഷിച്ചു നടക്കുകയാണ്. അപ്പോഴാണ് രാമനേയും ലക്ഷ്മണനേയും കാണുന്നത്.. എന്നാല്‍ ഇവരിലൊരാള്‍ ഇരിക്കട്ടെ എന്നെ വിചാരിച്ചുള്ളൂ. അല്ലാതെ രാമനേ ആഗ്രഹിച്ചതല്ല. പിന്നെ അവളുടെ കുരുട്ടു ബുദ്ധി--

ലക്ഷ്മണന്‍ അവളേ വിരൂപയാക്കിയതിനു ശെഷം-ഖരനോടു പറയുന്നത് - അവിടെ രണ്ട് മനുഷ്യര്‍ വന്നിരിക്കുന്നു-എന്നേക്കണ്ടയുടനെ ചേട്ടന്റെ നിര്‍ദ്ദേശമനുസരിച്ച് അനിയനെന്നേ ഇപ്രകാരമാക്കി--നീ ഉടനെ ചെന്ന് അവരേ കൊന്ന് എനിക്കു തരണം-രക്തവും കുടിച്ച്-പച്ചമാസവും തിന്നാലേ എന്റെ വേദന മാറത്തുള്ളൂ എന്നാണ്.

എന്നാല്‍ രാവണന്റടുത്തു പറയുന്നതോ--അതിസുന്ദരിയായ ഒരു യുവതിയുമായി രണ്ടു പേര്‍ കാട്ടില്‍ വന്നിരിക്കുന്നു. വലിയ പരാക്രമശാലികളാണ്. ഖരദൂഷണ ത്രിശിരാക്കളേ-വെറും മൂന്നേ മുക്കാല്‍ നാഴികകൊണ്ട് കൊന്നുകളഞ്ഞു. അവരുടെ എല്ല ഉല്‍ക്കര്‍ഷ്ത്തിനും കാരണം ആ യുവതിയാണെന്നുള്ളതിന് യാതൊരു സംശയവുമില്ല. അവള്‍ ലോക ചക്രവര്‍ത്തിയുടെ ഭാര്യയായിട്ടിരിക്കേണ്ടവളാണ്. ഞാന്‍ അവളേ നിനക്കുവേണ്ടി പിടിച്ചു കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആ ചെറുക്കന്‍ എന്നേ ഈരൂപത്തിലാ‍ക്കിയത്.--

കണ്ടൊ വ്യത്യാസം. രാവണന്‍ സ്തീലമ്പടനാണ്. അവനോട് ആവിധത്തില്‍ സംസാരിച്ചാലേ പ്രയോജനമുണ്ടാകൂ--മനസ്സിലായോ കുരുട്ടു ബുദ്ധി.

ഇനിയുമുണ്ട് സംശയം-ശ്യാം പറഞ്ഞു. ബാലിയേ മറഞ്ഞുനിന്ന് അമ്പെയ്തു കൊന്നു. അതു ശരിയാണോ?

ഇവിടെ നമുക്കു ശ്രീരാമനേ ആദ്യം ദൈവത്തിന്റെ അവതാരമായി കണ്ടു നോക്കാം. ദുഷ്ടനിഗ്രഹത്തിനും-ശിഷ്ടസംരക്ഷണത്തിനും വേണ്ടിയാണല്ലോ അവതാരം. ബാലിയേ ആ‍ാര്‍ക്കും നേരിട്ട് വധിക്കാന്‍ സാധ്യമല്ല--

ദൈവത്തിനും? ആതിരയ്ക്കു സംശയം.

അതെ-ദൈവത്തിനും. ഞാന്‍ മുമ്പു പറഞ്ഞിട്ടുണ്ട്- ബാലിയുടെ നേര്‍ക്കു നേരേ നിന്നു എതിര്‍ക്കുന്നവരുടെ പകുതി ശക്തി കൂടി ബാലിക്കു കിട്ടുമെന്ന്. അതായത് ദൈവം എതിരിട്ടാല്‍ ദൈവത്തിന്റെപകുതി ശക്തി+ ബാലിയുടെ ശക്തി ബാലിക്കും, ദൈവത്തിന്റെ പകുതി ശക്തിമാത്രംശ്രീരാമനും. അപ്പോള്‍ തോല്പിക്കാന്‍ പറ്റുമോ? ദുഷ്ടന്മാരെവകവരുത്തുകയും വേണം.

അപ്പോഴേ അപ്പൂപ്പാഈ ബാലി ദുഷ്ടനാരുന്നോ--ആതിര. മക്കളേ ബാലി നല്ലവനായിരുന്നു. സാധാരണ എല്ലാവരും നല്ലവരാണ്. പക്ഷേ അധികാരം ആളുകളേ അഹങ്കാരികളാക്കും. ശക്തനും കൂടെയാണെങ്കിലോ-ചോദിക്കുകയും വേണ്ടാ. തന്നേക്കഴിഞ്ഞ് ആരും ഇല്ലെന്ന് തോന്നിയാല്‍ പിന്നെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്തു തുടങ്ങും-സ്വന്തം നാശത്തില്‍ അവസാനിക്കുകയും ചെയ്യും. ഇതാണ് ലോകനീതി. ഇനി ശ്രീരാമന്‍ ദൈവമല്ല-വെറും മനുഷ്യനാണെന്നിരിക്കട്ടെ. റാവണന്‍ തന്റെ ഭാര്യയേ കട്ടോണ്ട് പോയി. രാവണനോട് എതിരിടണം. ആദ്യം കിട്ടിയ സഹായി സുഗ്രീവനാണ്. അയാളുടെ ശത്രു ബാലി--പിന്നെയോ-രാവണനും ബാലിയുമായി പരസ്പരം സഹായിച്ചുകൊള്ളാമെന്ന് ഉടമ്പടി--എങ്ങിനെയും ബാലിയേ കൊല്ലെണ്ടായോ--അല്ലെങ്കില്‍ രാവണനുമായി യുദ്ധം ചെയ്യുമ്പോള്‍ ബാലി വിടുമോ? പ്യൂവര്‍ സെല്‍ഫ് ഡിഫന്‍സ്സ്.

ഈബാലിയുടെ ഒരുതമാശ കേള്‍ക്കണോ? സുഗ്രീവനേ ഓടിച്ച്--സുഗ്രീവന്‍ പേടിച്ച് ഋശ്യമൂകാചലത്തിന്റെ മുകളില്‍ നാലു മന്ത്രിമാരോടുകൂടി ഇരിക്കുകയാണല്ലോ-- ബാലിയുടെ ഒരു സ്വഭാവത്തേക്കുറിച്ച് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ-സന്ധ്യാവന്ദനത്തിന് നാലു സമുദ്രത്തിന്റെയും കരയിലേക്ക് ചാടുന്നത്--അങ്ങനെ ചാടുമ്പോള്‍-ഈ ഋശ്യമൂകാചലത്തിന്റെ മുകളില്‍എത്തുമ്പോള്‍ സുഗ്രീവന്റെ തലയില്‍ ഒരു ചവിട്ട്--തിരിച്ചു ചാടുമ്പോഴും-ബാലിയുടെ ചവിട്ടാണ്--സുഗ്രീവന്‍ വലഞ്ഞു.

ഒരു ദിവസം സഹികെട്ട് ഹനുമാന്‍ ബാലിയുടെ കാലില്‍ കയറിപ്പിടിച്ചു. ബാലിക്കു പോകാന്‍ സാധിക്കില്ല-ഹനുമാനും ബാലിക്കുമൊരേ ശക്തിയാണ്--ആ കാല്‍ ഋശ്യമൂകാചലത്തിന്റെ മുകളില്‍ ഒന്നു തൊടീച്ചാല്‍ മതി. ബാലിയുടെ തല പൊട്ടിത്തെറിക്കാന്‍ ‍--തൊടീക്കാന്‍ ഹനുമാനും സാധിക്കില്ല-അത്ര ശക്തനാണ് ബാലി. ഇങ്ങനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ ഇനി സുഗ്രീവനേ ഉപദ്രവിക്കില്ലെന്ന കണ്ഡീഷനില്‍ ഹനുമാന്‍ പിടിവിട്ടു.

ബാലിയുടെ തല പൊട്ടിത്തെറിക്കുമെന്നു പറഞ്ഞല്ലൊ അപ്പൂപ്പാ-അതെന്താ‍--ഉണ്ണി. അതോ പണ്ട് ദുന്ദുഭി എന്നൊരു അസുരന്‍ ബാലിയേ വെല്ലു വിളിച്ചു കൊണ്ട് പോത്തിന്റെ രൂപം ധരിച്ച് വന്നു. ബലി അവന്റെ തല പിടിച്ച് തിരിച്ച് വേര്‍പെടുത്തി ഒറ്റയേറ്- അതു ചെന്ന് ഋശ്യമൂകാചലത്തിന്റെ മുകളില്‍ മതംഗ മഹര്‍ഷിയുടെ ആശ്രമ മുറ്റത്തു വീണു. അവിടം രക്തക്കളമായി. മഹര്‍ഷി കോപിച്ച്- ഇതുചെയ്തവന്‍ ഇനി ഇവിടെ കാല്‍ കുത്തിയാല്‍ തല പൊട്ടിത്തെറിച്ച് മരിച്ചുപോകട്ടെ എന്നു ശപിച്ചു. അതാ കാര്യം.

ഒരു പഴയ കഥ

0
ഈ പറയാന്‍ പോകുന്ന കഥ നാരായണന്‍ കുഞ്ഞ്പറഞ്ഞതാണ്. കുഞ്ഞെന്നു പറഞ്ഞത് സ്ഥാനപ്പേരാണ്. എന്റെ സമപ്രായക്കാരനായ ഒരമ്മാവനാണ് നാരായണന്‍ കുഞ്ഞ്. അറുപതു വര്‍ഷം മുമ്പത്തെ കഥയാണ് അന്ന് കാടു പതിച്ചു കൊടുക്കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. അങ്ങിനെ പതിച്ചുകിട്ടിയവരേ കളിപ്പിച്ച് അവരുടെ കൈയ്യില്‍ നിന്നും ചുളുവിലയ്ക്ക് തട്ടീഎടുക്കുന്നവരും ഉണ്ടായിരുന്നു. ഇന്നത്തേപോലെ അല്ല. അന്നു കാട്ടില്‍ കടുവാ പുലി കുറുക്കന്‍ മുതലായ വന്യ ജന്തുക്കളും ഉണ്ടായിരുന്നു.


കൃഷ്ണന്‍ കാട്ടില്‍ പണിചെയ്തു ജീവിച്ചിരുന്ന ഒരാളാണ്. ഒരു തോക്കും ഉണ്ട് കൈയ്യില്‍. ഒരു ദിവസം കടുവയേ വെടി വയ്ക്കണമെന്ന് തീരുമാനിച്ചു. കടുവാ വരാന്‍ സാധ്യതയുള്ള സ്ഥലത്ത് ഒരു മരത്തില്‍ മച്ചാന്‍ എന്നു പറയുന്ന തട്ട് ഉണ്ടാക്കി-അതിന്റെ കീഴില്‍ ഒരാടിനേയും കെട്ടി-തട്ടില്‍ കയറി ഇരിക്കുകയാണ്. കുറ്റാക്കുറ്റിരുട്ട്. കൃഷ്ണന്‍ ഒറ്റയ്ക്ക്. അടുത്തെങ്ങും ജനവാസമില്ല. ആടാണെങ്കില്‍ നിര്‍ത്താതെ കരച്ചിലും. കാട്ടില്‍ പലജീവികളുടേയും അലര്‍ച്ച--ചില ദീനരോദനങ്ങള്‍-മുരള്‍ച. ഉറക്കം കണ്ണിനേ അലട്ടുന്നോ--കൃഷ്ണന് നേരിയഭയം ഒരാളേ കൂടെ കൊണ്ടുവരാമായിരുന്നു. അയാള്‍ വിചാരിച്ചു.

സമയമ്പോകുന്തോറും കാട്ടിലേ കോലാഹലം കൂടിക്കൂടി വരുന്നു--ഇപ്പോള്‍ പെട്ടെന്ന് ആട് കരച്ചില്‍ നിര്‍ത്തി. ഭീകരമായ ശാന്തത. അകാരണമായ ഒരു ഭീതി അയാളേ പിടികൂടി. ഇടയ്ക്ക് ഒരില അനങ്ങി
- അയാളൊന്നു ഞെട്ടി.തോക്കിലേ പിടി മുറുക്കി. അതാ-രണ്ടു തീപ്പന്തങ്ങള്‍-അങ്ങകലെ-അത് സാവധാനം അയാളുടെ അടുത്തേക്ക് വരുകയാണ്-അയാള്‍ അതില്‍ നിന്നും കണ്ണെടുക്കാതെ നിര്‍ന്നിമേഷനായി നോക്കിക്കൊണ്ടിരുന്നു. അത് അടുത്തടുത്തു വരുന്നു-പെട്ടെന്ന് എന്തൊ ഒറ്റപ്പാച്ചില്‍-ഒരലര്‍ച്ച-ആടിന്റെ മരണക്കരച്ചില്‍--അയാളുടെ കൈയ്യില്‍നിന്നും തോക്ക് നിലത്തുവീണു-ഒരലര്‍ച്ചകൂടെ--അയാളും വിറച്ച് താഴെ വീഴുമെന്ന്ഭയന്നു--മരത്തില്‍ മുറുകെപ്പിടിച്ചുകൊണ്ട് മുണ്ടഴിച്ച് വയറുചുറ്റി മരത്തില്‍ കൂട്ടിക്കെട്ടി--താഴെ ആടിന്റെ പൊടി പോലും ഇല്ല-രണ്ട് തീപ്പന്തങ്ങള്‍ മേലോട്ട് കാണാം.

എന്തവാ അപ്പൂപ്പാ ഭയത്തോടെ ആതിര ചോദിച്ചു.

കടുവയുടെ കണ്ണുകള്‍-രാത്രിയില്‍ അത് പന്തം പോലെ ജ്വലിക്കും--അത് മേലോട്ട് ഒരു ചാട്ടം ചാടി-കൃഷ്ണന്‍ കണ്ണടച്ചു-ഭാഗ്യം അത് മച്ചാന്‍ വരെ എത്തിയില്ല. പക്ഷേ ഒരു നീണ്ട കോട്ടുവാ വിട്ടുകൊണ്ട് അത് ആ മരത്തിന്റെ ചുവട്ടില്‍ കിടന്നു. മുകളില്‍ തണുത്തു വിറച്ച് കൊതുകു കടിയും, അട്ട കടിയും കൊണ്ട് നമ്മുടെ ശിക്കാരി കൃഷ്ണനും. നേരം വെളുക്കാറാകുന്നിടം വരെ ഇങ്ങനെ ഇരുന്നു.

നേരം വെളുത്താല്‍ കടുവായ്ക്കു വേറേ പണിയുണ്ട്--ഇയാളെ നോക്കി ഇരുന്നാല്‍ പോരാ-അത് അതിന്റെ പോക്കിനു പോയി. നമ്മുടെ ശിക്കാരി നേരം നല്ലപോലെ വെളുത്തതിനു ശേഷമാണ് മരത്തില്‍ നിന്നും ഇറങ്ങിയത്. വേഗം തന്നെ തന്റെ ഗുരുവായ ശിക്കാരി പൌലോസിനേകണ്ട്--ഈ പണി തന്റെ ആരോഗ്യത്തിനു പറ്റിയതല്ലെന്ന് അറിയിച്ച് തോക്കും കൊടുത്ത് വീട്ടില്‍ പോയി ഭയങ്കര പനി പിടിച്ച് ഒരുമാസം കിടന്നു. തന്റെ ശിഷ്യനേ പേടിപ്പിച്ച കടുവയേ ഒരു പാഠം പഠിപ്പിക്കണമെന്ന് പൌലോസ്സ് തീരുമാനിച്ചു--അഥവാ വീരവാദം മുഴക്കി.

ആ ആടെന്തിയേ അപ്പൂപ്പാ-ആതിര.

ങാ-ഇനി അവള്‍ക്ക് ആടിനേക്കൊട്-അതിനേ ആകടുവാ തിന്നു-അല്ലേ അപ്പൂപ്പാ--കിട്ടു.

എന്നിട്ട് പൌലോസിന്റെ കഥ കേള്‍ക്കട്ടെ-ഉണ്ണി.

പൌലോസ് വളരെക്കാലം മുമ്പുതന്നെ കാട്ടില്‍ താമസമാക്കിയ ആളാണ്. മുണ്ടിയേ വെടിവയ്ക്കുന്ന ഒരു തോക്ക് കൈവശമുണ്ട്. കുറ്റം പറയരുതല്ലോ-അയാല്‍ ഒരു മുയലിനേപ്പോലും ഇതുവരെ വെടിവച്ചിട്ടില്ല. പുതുതായി വരുന്നവരേ പറഞ്ഞു പിരികേറ്റി തോക്കും കൊടുത്തു വിടുകയാണ് അയാളുടെ ഹോബി. അയാളുടെ വീരവാദങ്ങള്‍ കേട്ടാല്‍ ആരും വീണുപോകും. അവസാനത്തേ ഇരയാണ് കൃഷ്ണന്‍ ‍. തോക്കും
പിടിച്ച് കടുവയേ അന്വേഷിക്കുകയാണെന്ന ഭാവത്തില്‍ പൌലോസ്സ് ആള്‍ക്കാരു കാണത്തക്കവിധം കാട്ടില്‍കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരിക്കല്‍ ഒരാള്‍ ചോദിച്ചു-

ഇങ്ങനെ ആള്‍ക്കാരുടെ ഇടയില്‍കൂടി നടന്നാല്‍ കടുവയേ കാണുമോ. രാത്രിയിലല്ലേ കടുവ ഇറങ്ങൂ--

ഇത് പൌലോസിന് വലിയ മോശമായിപ്പോയി. രാത്രിയിലിറങ്ങി കടുവയ്ക്ക് ഭക്ഷണമാകാന്‍ പൌലോസിനേ കിട്ടത്തില്ല. പക്ഷെ തന്റെ ഇമേജ്-ശിക്കാരി പൌലോസ്സ് ഭീരുവാണെന്നാരെങ്കിലും പറഞ്ഞാല്‍-അയാള്‍ തലപുകഞ്ഞാലോചിച്ചു.

ഒടുക്കം ഒരു വഴിതെളിഞ്ഞു. നേരം വെളുക്കാറാകുമ്പോള്‍ കടുവ കാണത്തില്ലല്ലോ. വെളുപ്പിന് നാലര മണി കഴിഞ്ഞ് ഇറങ്ങാം. തിരിച്ചുവരുന്നവഴി ആരേയെങ്കിലും കണ്ടാല്‍--കാണും തീര്‍ച്ചയാണ്--കടുവ ഇത്തവണ രക്ഷപെട്ടെന്ന് പറയുകയും ചെയ്യാം. ഉഗ്രന്‍ ബുദ്ധി--പൌലോസിനെ ബുദ്ധിയില്‍ ആരും തോല്പിക്കണ്ടാ.

പൌലോസ്സ് വെളുപ്പിനേ തോക്കും തലയില്‍ വയ്ക്കുന്ന ഹെഡ് ലൈറ്റ് ഉള്ള ശിക്കാരി തൊപ്പിയും--

അതെന്തവാ അപ്പൂപ്പാ--ആതിരയ്ക്ക് സംശയം ഒഴിഞ്ഞ നേരമില്ല--

അതു തലയില്‍ വച്ചാല്‍ നെറ്റിയുടെ മുകളില്‍ ഒരു ടോര്‍ച്ച് കത്തിക്കുകയോ കെടുത്തുകയോ ചെയ്യാം--എല്ലാം എടുത്ത് ശിക്കാറിനിറങ്ങി. ഒരു വഴിതിരിഞ്ഞപ്പോള്‍-അയ്യോ-അതാ കടുവ തൊട്ടു മുമ്പില്‍-ഏതണ്ടൊരഞ്ചു വാര ദൂരം-പൌലോസഞെട്ടി പുറകോട്ടു മാറി ഒരു മരത്തില്‍ മുട്ടി-അതില്‍ ചാരിനിന്നു--കടുവയുടെ ദൃഷ്ടിയില്‍ നിന്നും കണ്ണെടുക്കാതെ- അതുമാത്രം പൌലോസിന് ഓര്‍മ്മയുണ്ട്- കണ്ണില്‍ നോക്കി നിന്നാല്‍ കടുവ ഒന്നും ചെയ്യില്ല-പക്ഷേ കണ്ണു തെറ്റിയാല്‍ തലപോക്കാണ്.

കടുവയും പൌലോസും കണ്ണില്‍ക്കണ്ണില്‍ നോക്കി നില്പാ‍ണ്. തോക്കു കൈയ്യിലുള്ളതൊന്നും പൌലോസിനോര്‍മ്മയില്ല. കടുവയുടെ കണ്ണില്‍ നിന്ന് കണ്ണെടുക്കരുത്-അതുമാത്രമാണ് പൌലോസിന്റെ മനസ്സില്‍. ഭയന്നു വിറയ്ക്കുന്നുമുണ്ട്. അതാ താളത്തില്‍ ഒരു മണിനാദം-അത് അടുത്തടുത്തു വരുന്നു-അങ്ങോട്ടു നോക്കാന്‍ പേടി-അതിങ്ങ് അടുത്തു-കടുവയും ശ്രദ്ധിക്കുന്നുണ്ട്--പൌലോസ്സ് ഇപ്പോള്‍ വിറച്ച് താഴെവീഴും- മണിനാദം അടുത്തെത്തി-പൌലൊസ്സ് ഒന്നു തിരിഞ്ഞുതാഴെവീണു- കടുവ ഒറ്റച്ചാട്ടം-പൌലോസ്സ് വീണു പോയതുകൊണ്ട് ലക്ഷ്യം തെറ്റി--അറ്റംകൂര്‍ത്ത ഒരു ദണ്ഡില്‍ തട്ടികടുവ മറിഞ്ഞു വീണ് ഓടിപ്പോയി. ഒരു ഭാണ്ഡക്കെട്ടുമായിവന്ന ഒരാള്‍ നെടുനീളെ വീണു കിടക്കുന്നു. അനക്കമില്ല. പൌലോസിനും ഇല്ല അനക്കം.

ഓ എന്തവാ അപ്പൂപ്പാ ആമണിനാദം-വല്ല വനദേവതയോ മറ്റോ ആണോ.

അതെ മക്കളേ -പൌലോസിനെ രക്ഷിക്കന്‍ വന്ന വനദേവത.

പണ്ട് പോസ്റ്റാപ്പീസിനു പകരം അഞ്ചലാപ്പിസായിരുന്നു, തിരുവിതാംകൂറില്‍. ട്രെയിനും, ബസ്സും ,കാറും ഒന്നും ഇല്ലാത്ത കാലം. അഞ്ചലോട്ടക്കാരന്‍ എന്നൊരു ഉദ്യോഗസ്ഥനാണ് എഴുത്തുകളും മറ്റും ഒരുസ്ഥലത്തുനിന്നും മറ്റോരു സ്ഥലത്ത് എത്തിക്കുന്നത്. നമ്മുടെ റിലേ ഓട്ടമത്സരം ഇല്ലേ- ഏതാണ്ട് അതുപോലെ--അഞ്ചലാപ്പീസില്‍നിന്ന്--അന്ന് പോസ്റ്റാപ്പീസിന് അഞ്ചലാപ്പിസെന്നാ പേര്-സാധനം ഒരു സഞ്ചിയിലാക്കി കുന്തം പോലെ ഒരറ്റം കൂര്‍ത്ത-പിച്ചളകെട്ടി--ഒരു വലിയദണ്ഡില്‍ തൂക്കി തോളത്തു വച്ചുകൊണ്ട് ഓടിയാണ് അടുത്ത സ്ഥലത്തെത്തിക്കുന്നത്--അവിടെ ഒരാള്‍ ഇതുപോലെ സാധനവും കൊണ്ട് എത്തുന്നുണ്ടാവും--ഇവ പരസ്പരം കൈമാറിതിരിച്ച് പോരും. ഇതായിരുന്നു അന്നത്തേ തപാല്‍ സംവിധാനം. അങ്ങിനെ വന്ന ഒരുഅഞ്ചലോട്ടക്കാരനായിരുന്നു ഈ വനദേവത.

അഞ്ചലോട്ടക്കാരനാണ് ആദ്യം ഉണര്‍ന്നത്. അയാള്‍ പൊടിതട്ടി എഴുനേറ്റ് ചുറ്റും നോക്കി--സാധനങ്ങളെല്ലാം നുള്ളിപ്പെറുക്കി വടി നൊക്കിയപ്പോള്‍ അതിന്ററ്റത്തു ചോര പറ്റിയിരിക്കുന്നു--ദാ ഒരാള്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നു. അഞ്ചലോട്ടക്കാരന്‍സാവധാനം ചെന്ന് അയാളേ കുലുക്കി വിളിച്ചു.

ഹയ്യോ-എന്നൊരാക്രോശത്തോടെ പൌലോസ് പിടഞ്ഞെഴുനേറ്റു. കടുവപിടിച്ചെന്നാണ് അയാള്‍ വിചാരിച്ചത്. അഞ്ചലോട്ടക്കാരനേക്കണ്ട് ലജ്ജിച്ച് തലതാഴ്തി--പൌലോസിന്റെ ബഡായിക്കിരയായിരുന്നു ഈ അഞ്ചലോട്ടക്കാരനും.

ഇതാരോടും പറയല്ലേ--പൌലോസ് അപേക്ഷിച്ചു-

ഹേയ്-ഞാന്‍ ആരോടു പറയാനാ--അല്ലേങ്കില്‍തന്നെ നമ്മള്‍തമ്മിലുള്ള ഇരിപ്പനുസരിച്ച് ഇതു പറയാന്‍ കൊള്ളാമോ--നാണക്കേടല്ലേ-- അങ്ങിനെയാണ്-രഹസ്യമായി ഈകഥ ഞങ്ങള്‍ അറിഞ്ഞത്. നാരായണന്‍ കുഞ്ഞ് പറഞ്ഞു നിര്‍ത്തി.

ശ്രീകൃഷ്ണനും മാവോ-സെ-തൂങ്ങും

0
അപ്പൂപ്പാ നമ്മുടെ ശ്രീകൃഷ്ണന് പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടെന്ന് പറഞ്ഞല്ലോ. അത് നടക്കുന്ന കാര്യമാണോ-ശ്യാം കുട്ടനാണ്-അങ്ങേര്‍ക്ക് യുക്തി വേണം-എല്ലാകാര്യത്തിനും.

മക്കളേ പുരാണങ്ങള്‍ കഥകളാണ്. കാര്യങ്ങള്‍ സരസമായി കഥകളിലൂടെ അവതരിപ്പിക്കുന്നതാണ് പുരാണം. ലോകത്തിലേ ആദ്യത്തെ വിപ്ലവകാരിയായിരുന്നു ശ്രീകൃഷ്ണന്‍ . അര്‍ത്ഥമില്ലാത്ത അനാചാരങ്ങളേ വളരെ കൊച്ചിലേ ചോദ്യം ചെയ്ത് അതിലേ അര്‍ത്ഥശൂന്യത തെളിയിച്ച് കൊടുത്തിട്ടുണ്ട്. ഗോവര്‍ധനം പൊക്കി കുടയായി പിടിച്ച കഥയൊക്കെ കേട്ടിട്ടില്ലേ. അതുപോലെ നിരവധി കാര്യങ്ങള്‍ ലോകത്തിനു തെളിയിച്ചു കൊടുത്തതുകൊണ്ടാണ് ഇന്നും ലോകം അദ്ദേഹത്തെ വാഴ്തിക്കൊണ്ടിരിക്കുന്നത്.

അതു വിട്--ശ്യാം ഇടപെട്ടു. ഞാന്‍ ചോദിച്ച കാര്യം പറ.

പറയാം . നരകാസുരന്‍ എന്നൊരു രാജാവ്--മഹാവിഷ്ണു പന്നിയായാതരിച്ചപ്പോള്‍ ഉണ്ടായ പുത്രനാണ്. അതി ശക്തന്‍ . ഭൂമിയിലേ പതിനാറായിരം രാജാക്കന്മാരേ തോല്പീച്ച് അവിടുത്തേ രാജകുമാരിമാരെ പിടിച്ച് തടവിലാക്കിയിരിക്കുകയാണ്. ശ്രീകൃഷ്ണന്‍ നരകാസുരനേ തോല്പിച്ച് രാജകുമാരിമാരെ മോചിപ്പിച്ചു.

നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് പൊയ്ക്കൊള്ളൂ- അദ്ദേഹം പറഞ്ഞു.

ഒന്നാലോചിച്ചു നോക്കിയേ അവരുടെ സ്ഥിതി-അന്യ പുരുഷന്മാരുടെ മുഖത്തുനോക്കിയതു കണ്ടു പിടിച്ചാല്‍ പടിയടച്ചു പിണ്ഡം വയ്ക്കുന്ന കാലം--അവരുടെ രാജ്യത്ത് പ്രവേശിപ്പിക്കുമോ അവരേ--അവര്‍ ശ്രീകൃഷ്ണനേ ശരണം പ്രാപിച്ചു.

ശ്രീകൃഷ്ണന്‍ സേനാനായകനേവിളിച്ചു പറഞ്ഞു. ഇവരേ കൂട്ടിക്കൊണ്ടു പോയി രാജപത്നിമാരുടെ ബഹുമതികളോടെ ദ്വാരകയില്‍ താമസിപ്പിക്കൂ-എന്ന്.

അല്ലാതെ എല്ലാവരേയും അങ്ങു കല്യാണം കഴിക്കുകയല്ലായിരുന്നു. അന്ന് അദ്ദേഹത്തേ ചോദ്യം ചെയ്യാന്‍ ആരുമില്ലായിരുന്നു--ദുര്‍ബ്ബലനായ ഒരു രാജാവായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.ഈ രാജ്യത്ത് ഈങ്ങനെയുള്ളവരേ പ്രവേശിപ്പിക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് സമരം ചെയ്യില്ലേ? അത് ശ്രീകൃഷ്ണന്റടുത്ത് നടക്കാത്തതുകൊണ്ട് ആരും പൂട അനക്കിയില്ല. ശക്തിയും ധര്‍മ്മവും ഒന്നിച്ചു ചേര്‍ന്നാല്‍ എതിരില്ല. ചെയ്യുന്നതു ധര്‍മ്മം ആയിരിക്കണമെന്നു മാത്രം.

ശ്രീകൃഷ്ണനേ അനുകരിച്ചത് ഒരാള്‍ മാത്രം-മാവോ- അതെ ചൈനയിലേ മാവോ-സെ-തൂങ്ങ്. പണ്ട് ഇന്‍ഡ്യ-ചൈന യുദ്ധ സമയത്ത് ഇവിടെ “സരസന്‍ ” എന്നൊരു മാസിക ഉണ്ടായിരുന്നു. അതില്‍ ഒരു കാര്‍ട്ടൂണ്‍--സഖാവ് ഇ.എം.എസ്സിന്റെ മുഖമുള്ള ഒരു പട്ടി വടക്ക് ചൈനയിലേക്കു നോക്കി “മാവോ” എന്നു കരയുന്നു. അന്നിതിനേക്കുറിച്ചൊന്നും വല്യ വിവരമില്ലല്ലോ--അച്ഛനും അയലത്തേ ആശാനും കൂടി ഇരുന്ന് ഇതു നോക്കി ചിരിക്കുന്നതു കണ്ട് ചോദിച്ചു മനസ്സിലാക്കിയതാണ് --

അപ്പഴേ അപ്പൂപ്പാ ഈ കമ്മ്യൂണിസ്റ്റുകാരന്‍ ശ്രീകൃഷ്ണനേ അനുകരിച്ചെന്നാണോ പറഞ്ഞു വരുന്നത്--ശ്യാമിനു വിശ്വാസമില്ല.

എടാ ശ്രീകൃഷ്ണനേ അനുകരിച്ചെന്നു പറഞ്ഞാല്‍ അതുപോലൊരു കാര്യം ചെയ്തെന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ. നീ ഇവിടിരിക്കുന്ന കാര്യം ഞാനിടയ്ക്കിടയ്ക്ക് മറന്നു പോകും.

മാവോ ഭരണം പിടിച്ചെടുത്തപ്പോള്‍ അവിടുത്തേ പഴയ ഭരണാധികാരികളുടെ സമയത്ത് ദുര്‍ന്നടപ്പാരോപിച്ച് ലക്ഷക്കണക്കിനു യുവതികളേ തടങ്കലിലാക്കിയിരുന്നു. തടവിലുള്ള എല്ലാവരേയും മോചിപ്പിച്ച കൂട്ടത്തില്‍ സ്വാഭാവികമായി ഇവരും വെളിയില്‍ വന്നു. അവര്‍ക്കു പോകാന്‍ ഇടമില്ല. ദുര്‍ന്നടപ്പുകാരെന്നു മുദ്രകുത്തപ്പെട്ടതുകൊണ്ട് സമൂഹം അംഗീകരിക്കത്തില്ല.

ഇതുമനസ്സിലാക്കി മാവോ ഒരു പ്രഖ്യാപനം നടത്തി. ഈ സ്ത്രീകളേ വിവാഹം കഴിക്കുന്നവര്‍ക്ക്, ഉന്നത ഉദ്യാഗം, സമൂഹത്തില്‍ ഉന്നത പദവി, താമസിക്കാന്‍ വീടും സ്ഥലവും--ഇതെല്ലാം നല്‍കുന്നതാണ്. ഈ യുവതികളെല്ലാം സ്വാഭാവികമായി സമൂഹത്തില്‍ ലയിച്ചു ചേര്‍ന്നു. ഉന്നതചിന്തയും പ്രായോഗിക ബുദ്ധിയും ഉള്ളവര്‍ക്കു മാത്രമേ ഇതു തലയില്‍ഉദിക്കൂ. അല്ലാതെ മഹഭാരതം വായിച്ച് മാവോ കൃഷ്ണന്‍ ചെയ്തതുപോലെ ചെയ്തെന്നല്ല പറഞ്ഞത്. ലക്ഷക്കണക്കിനു യുവതികള്‍ പോകാനിടമില്ലാതെ നാട്ടില്‍ അലഞ്ഞു തിരിയുന്നത് മനസ്സില്‍ കാണാന്‍ കഴിവും, അതിനു പരിഹാരം കണ്ട് അത് നടപ്പിലാക്കാന്‍ ശക്തിയും ഉണ്ടെങ്കിലേ പ്രയോജനമുള്ളൂ.

കട്ടുറുമ്പിന്റെ ശക്തി

0
ഇന്ന് ഒരു പുതിയ് സൈസ്സ് കഥ പറയാം.ശ്രദ്ധിച്ചു കേട്ടോണം. പറഞ്ഞു കഴിഞ്ഞാല്‍ അതുപോലെ പറയുന്ന്വര്‍ക്ക് വല്യ സമ്മാനങ്ങള്‍ കൊടുക്കുന്നതായിരിക്കും.

എന്തോന്നാ വല്ല പപ്പടമോ മറ്റോ ആയിരിക്കും. ആതിരയുടെ കമന്റ്.

അല്ല മോളേ ഓണമല്ലേ വരുന്നത്-ഇത്തവണ ഉപ്പേരി--

വേണ്ടാ വേണ്ടാ അതിരിക്കുന്ന സ്ഥലമൊക്കെ ഞങ്ങള്‍ക്കറിയാം--കിട്ടുവിനേ ഒളിച്ച് ഒറ്റ സാധനം വയ്ക്കാന്‍ പറ്റില്ല.

എന്നാല്‍ വേണ്ട കഥ കേട്ടോ-

ആശാരി മുറ്റത്ത് പ്രാവഞ്ചുമുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണം എടുത്തുതരാമോ ആശാരീന്നു ചോദിച്ചു. എനിക്കെങ്ങും വയ്യാ-ആശാരി പറഞ്ഞു. ഉടനേ ഒരു പന്നി വരുന്നതു കണ്ടൂ--ആശാരിമുറ്റത്തു ഞാനഞ്ചു മുട്ടയിട്ടു--രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തു തരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടു കുത്താമോ പന്നീന്നു ചോദിച്ചു-എനിക്കെങ്ങും വയ്യാ-പന്നി പറഞ്ഞു. അങ്ങോട്ടു ചെന്നപ്പോള്‍ ഒരു വേടന്‍ വരുന്നു-ആശാരി ഉറ്റത്തു ഞാനഞ്ചു മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തു തരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാമോ വേടാന്നു ചോദിച്ചു--എനിക്കെങ്ങും വയ്യാ-വേടന്‍ പറഞ്ഞു. പിന്നങ്ങോട്ടു ചെന്നപ്പോള്‍ ഒരെലി
വരുന്നു-ആശാരി മുറ്റത്തു ഞാനഞ്ചു മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തുതരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാത്ത വേടന്റെ വില്ലറക്കാമോ എലീന്നു ചോദിച്ചു--എനിക്കെങ്ങും വയ്യാ-എലി പറഞ്ഞു. പിന്നങോട്ടു ചെന്നപ്പോള്‍ ഒരു പൂച്ച വരുന്നു--ആശാരി മുറ്റത്ത് ഞാനഞ്ച് മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തു തരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാത്ത വേടന്റെ വില്ലറക്കാത്ത എലിയേപിടിക്കാ‍മോപൂച്ചേന്നു ചോദിച്ചു. എനിക്കെങ്ങും വയ്യാ-പൂച്ച പറഞ്ഞു. പിന്നങ്ങോട്ടു ചെന്നപ്പോള്‍ ഒരു പട്ടി വരുന്നു. ആശാരിമുറ്റത്തു ഞാനഞ്ചു മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണം എടുത്തു തരാത്ത ആശാ‍രിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാത്ത വേടന്റെ വില്ലറക്കാത്ത എലിയേ പിടിക്കാത്ത പൂച്ചേക്കടിക്കാമോ പട്ടീ എന്നു ചോദിച്ചു. എനിക്കെങ്ങും വയ്യാ-പട്ടി പറഞ്ഞു. പിന്നങ്ങോട്ടു ചെന്നപ്പോള്‍ കുറേ പള്ളിക്കൂടംപിള്ളാരു വരുന്നു. ആശാരിമുറ്റത്തു ഞാനഞ്ചു മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തു തരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാത്ത വേടന്റെ വില്ലറക്കാത്ത എലിയേപിടിക്കാത്ത പൂച്ചെക്കടിക്കാത്ത പട്ടിയേ എറിയാമോ പിള്ളാരേ എന്നു ചോദിച്ചു. ഞങ്ങക്കെങ്ങും വയ്യാ- പിള്ളാരു പറഞ്ഞു. പിന്നങ്ങോട്ടു ചെന്നപ്പോള്‍ പിള്ളാരുടെ ആശാന്‍ വരുന്നു. ആശാരിമുറ്റത്തു ഞാനഞ്ചു മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തു തരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാത്ത വേടന്റെ വില്ലറക്കാത്ത എലിയേപിടിക്കാത്ത പൂച്ചെക്കടിക്കാത്ത പട്ടിയേഎറിയാത്ത പിള്ളാരേ തല്ലാമോ ആശാനേന്നു ചോദിച്ചു. എനിക്കെങ്ങും വയ്യാ-ആശാന്‍ പറഞ്ഞു. പിന്നങ്ങോട്ടു ചെന്നപ്പോള്‍ ഒരു തീ വരുന്നു, ആശാരിമുറ്റത്തു ഞാനഞ്ചു മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തു തരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാത്ത വേടന്റെ വില്ലറക്കാത്ത എലിയേപിടിക്കാത്ത പൂച്ചെക്കടിക്കാത്ത പട്ടിയേ എറിയാത്ത പിള്ളാരേ തല്ലാത്ത ആശാന്റെ മീശയ്ക്കു പിടിക്കാമോ തീയേന്നു ചോദിച്ചു. എനിക്കെങ്ങും വയ്യാ-തീ പറഞ്ഞു. പിന്നങ്ങോട്ടു ചെന്നപ്പോള്‍ ഒരു കുളംകണ്ടു. ആശാരിമുറ്റത്തു ഞാനഞ്ചു മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തു തരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാത്ത വേടന്റെ വില്ലറക്കാത്ത എലിയേപിടിക്കാത്ത പൂച്ചെക്കടിക്കാത്ത പട്ടിയേ എറിയാത്ത പിള്ളാരേ തല്ലാത്ത ആശാന്റെ മീശയ്ക്കു പിടിക്കാത്ത തീയേകെടുത്താമോ കുളമേന്നു ചോദിച്ചു. എനിക്കെങ്ങു വയ്യാ-കുളം പറഞ്ഞു. പിന്നങ്ങോട്ടു ചെന്നപ്പോള്‍ ഒരാന വരുന്നു. ആശാരിമുറ്റത്തു ഞാനഞ്ചു മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തു തരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാത്ത വേടന്റെ വില്ലറക്കാത്ത എലിയേപിടിക്കാത്ത പൂച്ചെക്കടിക്കാത്ത പട്ടിയേ എറിയാത്ത പിള്ളാരേ തല്ലാത്ത ആശാന്റെ മീശയ്ക്കു പിടിക്കാത്ത തീയേകെടുത്താത്ത കുളം കലക്കാമോ ആനേന്നു ചോദിച്ചു--എനിക്കെങ്ങും വയ്യാ-ആന പറഞ്ഞു. പിന്നങ്ങോട്ടു ചെന്നപ്പോള്‍ ഒരു കട്ടുറുമ്പു വരുന്നു. ആശാരിമുറ്റത്തു ഞാനഞ്ചു മുട്ടയിട്ടു-രണ്ടെണ്ണം താണുപോയി-രണ്ടെണ്ണം വീണുപോയിബാക്കി ഒരെണ്ണംഎടുത്തു തരാത്ത ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്താത്ത പന്നിയേ എയ്യാത്ത വേടന്റെ വില്ലറക്കാത്ത എലിയേപിടിക്കാത്ത പൂച്ചെക്കടിക്കാത്ത പട്ടിയേ എറിയാത്ത പിള്ളാരേ തല്ലാത്ത ആശാന്റെ മീശയ്ക്കു പിടിക്കാത്ത തീയേകെടുത്താത്ത കുളത്തേ കലക്കാത്ത ആനയുടെ തുമ്പിക്കൈയ്യില്‍ കയറാമോ കട്ടുറുമ്പേന്നു ചോദിച്ചു. ഓഹോന്നു പറഞ്ഞ് കട്ടുറുമ്പ് ആനയുടെ തുമ്പിക്കൈയ്യില്‍ കയറി-ആന ചെന്നു കുളം കലക്കി-കുളം തീകെടുത്താന്‍ ചെന്നു-തീ ആശാന്റെ മീശയ്ക്കുപിടിക്കാന്‍ ചെന്നു-ആശാന്‍ പിള്ളാരെ തല്ലി-പിള്ളാരു പട്ടിയേ എറിഞ്ഞു- പട്ടി പൂച്ചെ പിടിക്കാന്‍ പോയി-പൂച്ച എലിയെ പിടിക്കാന്‍ പോയി എലി വേടന്റെ വില്ലറക്കാന്‍ പോയി-വേടന്‍ പന്നിയേ എയ്യന്‍ പോയി- പന്നി ആശാരിയുടെ ചീനിക്കും ചേമ്പിനും മൂടുകുത്തി-ആശാരി പ്രാവിന്റെ മുട്ട എടുത്തുകൊടുത്തു. ശുഭം. ആര്‍ക്കെങ്കിലും പറയാമോ--നാളെപ്പറയാം-കൊറസ്സ്.

വിട്ടിലിപ്പട്ടര്‍

0
കൊല്ലംകോട് എന്നൊരു രാജ്യത്ത് വിട്ടിലീ എന്നൊരു ഇല്ലത്ത് കിട്ടുപ്പട്ടര്‍ എന്നൊരു ആളുണ്ടായിരുന്നു. പരമസാധു. അയാളുടെ ഭാര്യ കുറച്ചു സാമര്‍ഥ്യക്കാരിയായിരുന്നു. ഒരു ദിവസം അയാള്‍ക്ക് കുടിക്കാന്‍ വച്ചിരുന്ന പാല്‍ പൂച്ചനക്കുന്നതും പൂച്ചയേ ഓടിച്ച് ഭാര്യ പാലെടുത്തടച്ചുവയ്ക്കുന്നതും അയാള്‍ കണ്ടു. ഒന്നും അറിയാത്ത പോലെ അയാള്‍ പാലു കുടിക്കാന്‍ ഇരുന്നു. ഭാര്യ വളരെ ഭവ്യതയോടെ പാലുമായി ചെന്നു. അയാള്‍ പാലു വാങ്ങി--ഒന്നു സൂക്ഷിച്ചു നോക്കി--

അമ്മാളൂ ഈ പാലിനെന്തോ കുഴപ്പമുണ്ടല്ലോ.

എന്തു കുഴപ്പം സ്വാ‍മീ--ഇല്ലാവചനം പറയരുത്. ഞാനെടുത്ത് അടച്ചു വച്ചിരുന്നതാ.

അമ്മാളൂ-കിട്ടുപ്പട്ടര്‍ വീണ്ടും വിളിച്ചു. പാലില്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി--ദേ ഇതില്‍ പൂച്ച നക്കിയ പാട്--അയാള്‍ പാല്‍ വെളിയിലേക്ക് ഒഴിച്ചു കളഞ്ഞു. ഭാര്യ സ്തംഭിച്ചു നിന്നുപോയി.

പൂച്ച നക്കിയതു ശരിതന്നെ. പക്ഷേ അതിന്റെ പാട് പാലില്‍--അവര്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല--തന്റെ ഭര്‍ത്താവിന് എന്തോമന്ത്രവാദം ഉണ്ട്- ആ സാധുനാട്ടിന്‍പുറത്തുകാരി വിചാരിച്ചു--

നിങ്ങള്‍ക്ക് പൂച്ചഗ്ഗണിതം അറിയാമോ--അവര്‍ ചോദിച്ചു. അറിയാമെടീ-പക്ഷേ നീ ഇതാരോടും പറയരുത്--ഭര്‍ത്താവ് രഹസ്യമായി പറഞ്ഞു.

അയലത്തേ രുഗ്മിണി അമ്മാളിനോടെ അമ്മാളു പറഞ്ഞു. പരമ രഹസ്യമാ--ആരോടും പറയരുത്-ഞങ്ങടങ്ങേ അങ്ങേര്‍ക്ക് പൂച്ചഗ്ഗണിതം അറിയാം. എന്തെങ്കിലും അറിയണമെങ്കില്‍ എന്നോടു പറഞ്ഞാല്‍ മതി.

പൂജ്യം പൂജ്യം പറഞ്ഞു പറഞ്ഞ് അത് നാട്ടില്‍ മുഴുവന്‍ പാട്ടായി.

അങ്ങിനെ ഇരിക്കേ രാജകൊട്ടരത്തില്‍ നിന്നും ഒരു മോതിരം കാണാതായി. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ--അന്വേഷണം മുറയ്ക്കു നടന്നു. മോതിരം മാത്രം കാണാനില്ല. അവസാനം ഇത് ഏതോ പ്രകൃത്യതീത ശക്തിയുടെ പ്രവൃത്തിയാണെന്നും മന്ത്രവാദി തന്നെ വരണമെന്നും തീരുമാനമായി.

അപ്പോഴാണ് ആരോ കിട്ടുപ്പട്ടരുടെ പേരു നിര്‍ദ്ദേശിക്കുകയും പട്ടരെ വരുത്തുകയും ചെയ്തത്. പട്ടരാകെ പരുങ്ങലിലായി. അങ്ങേര്‍ക്കുണ്ടോ മന്ത്രവാദം. പക്ഷേ ബുദ്ധിയുണ്ട്.

അയാള്‍ രാജാവിനോടു പറഞ്ഞു--ക്രിയ കുറേ കഠിനമാണ്. പൂര്‍ത്തിയായാല്‍ എടുത്തയാള്‍ മരിച്ചു പോകും. നാല്പത്തൊന്നു ദിവസത്തേ കഠിന വൃതമുണ്ട്. ഒറ്റക്ക് ഒരു മുറി തയ്യാറക്കണം. രഹസ്യ സ്ഥലത്തായിരിക്കണം.

എല്ലം തയ്യാറായി. കിട്ടുപ്പട്ടര്‍ പരിപാടി തുടങ്ങി. മൂന്നു നേരവും ഭക്ഷണം സുഭിക്ഷം. ഭക്ഷണമല്ലാത്തപ്പോള്‍ ധ്യാനത്തിലിരിക്കണമെന്നു മാത്രം.

ധ്യാനം മുറുകിയപ്പോള്‍--മൊതിരം കട്ടത് കൊട്ടരത്തിലെ ഒരു ജോലിക്കാരിയായിരുന്നു--അവള്‍ വിവരമെല്ലാം അറിഞ്ഞ് പരിഭ്രമിച്ചിരിക്കുകയാണ്--അവള്‍ ഒരു ദിവസം ആരുമില്ലാത്ത സമയം നോക്കി--സ്വാമിക്കു വെള്ളം കൊണ്ടു പോകുവാണെന്നുള്ള വ്യാജേന സ്വാമിയുടെ മുറിയിലെത്തി. സ്വാമിയുടെ കാല്‍കാല്‍ വീണ് സമസ്താപരാധം പറഞ്ഞു--മൊതിരം കുഴിച്ചിട്ടിരിക്കുന്ന സ്ഥലവും പറഞ്ഞു.

ഇതെല്ലാം എനിക്കറിയാമായിരുന്നു കിട്ടുപ്പട്ടര്‍ പറഞ്ഞു--പൊയ്ക്കോളൂ ഒന്നും ഭയപ്പെടെണ്ടാ. അവളേ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു.

വിധി നിര്‍ണ്ണായകമായ ദിവസം എത്തി. കിട്ടുപ്പട്ടരേ ആസ്ഥാന മണ്ഡപത്തിലേക്ക് ആനയിച്ചു. ഗംഭീരവദനനായി പട്ടര്‍ സഭയില്‍ പ്രവേശിച്ചു. എല്ലാവരേയും ഒന്നു നോക്കി. കണ്ണടച്ചു--

തെക്കു പടിഞ്ഞാറേ മൂലയില്‍ ഒരു പാലയുണ്ടോ-പട്ടര്‍ ഗംഭീര സ്വരത്തില്‍ ചോദിച്ചു.

ഉണ്ടെന്ന് ഉത്തരം.

അതിന്റെ വടക്കു കിഴക്കെ ഭാഗത്ത് മണ്ണീനടിയില്‍ മൊതിരം ദൃശ്യമാകുന്നു. പരിശോധിക്കൂ. ക്ഷണത്തില്‍ പരിശൊധനയും മോതിരം കണ്ടെത്തലും കഴിഞ്ഞു. പട്ടരേ ആസ്ഥാന മന്ത്രവാദിയാക്കി അവരോധിച്ചു. പട്ടരുടെ പ്രശസ്തി വര്‍ദ്ധിച്ചു. ഏതു കേസും കിട്ടുപ്പട്ടരുടെ അടുത്തെത്തിയാല്‍ മൂന്നാം പക്കം കേസു തെളിയും.

മന്ത്രിക്കൊരു സംശയം--ഈയാ‍ള്‍ക്ക് യഥര്‍ത്ഥത്തില്‍ വല്ല കഴിവുമുണ്ടോ-ഇതു തട്ടിപ്പാണോ? ഒന്നു പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

ഒരു ദിവസം മന്ത്രിയും കുറേ ഉന്നത ഉദ്യോഗസ്ഥന്മാരുമായി കിട്ടുപ്പട്ടരുടെ അടുത്തെത്തി. സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു “വിട്ടില്‍“ അതിലേ പോയി. ആരും അറിയാതെ മന്ത്രി അതിനേ കൈയ്യിലാക്കി.

എന്റെ കൈയ്യില്‍ എന്താണ്--മന്ത്രി ചോദിച്ചു.

പട്ടര്‍ കുഴങ്ങി--താനിവിടെ അടിയറവു പറയാന്‍ പോകുന്നു--അയാള്‍ അത്മഗതം ചെയ്തു-

വിട്ടിലിപ്പട്ടരകപ്പെട്ടുപോയി--പക്ഷേ അതു ഉറക്കെയായിപ്പോയി.

മന്ത്രിയുടെ കണ്ണു തള്ളിപ്പോയി--അദ്ദേഹം കിട്ടുപ്പട്ടരുടെ കാല്‍ക്കല്‍ വീണു--കൈ നിവര്‍ത്തിക്കാണിച്ചു--ഒരു വിട്ടില്‍--പട്ടരുടേയും കണ്ണു തള്ളിപ്പോയി. പട്ടരുടെ വീട്ടുപേര്‍ വിട്ടിലി എന്നായതു ഗുരുത്വം.

മാടപ്പോത്ത്

0
അപ്പൂപ്പന്‍ ഒരു മാടപ്പോത്തിന്റെ കഥ പറയാമെന്നു പറഞ്ഞില്ലേ. ഇന്നതുപറഞ്ഞാ മതി. ആതിരയാണ് മിക്കവാറും കഥ നിശ്ചയിക്കുന്നത്.

ശരി ഇന്നതുതന്നാകട്ടെ--പക്ഷേ വൈകിട്ടു ഗോമൂത്രം കോരി വെള്ളവും ചേര്‍ത്ത് പയറിന് തളിക്കണം. പിന്നെ രണ്ടു ദിവസത്തേക്ക് കൈയ്യിലേ വാട പോത്തില്ല. രാമിന്റെ പരാതി--

വല്ല കല്ലു പിടിക്കുവോ മറ്റോ ആണെങ്കില്‍ മൂപ്പര്‍ക്ക് പെരുത്തു സന്തോഷമാണ്.

പയറു പുഴുങ്ങിത്തിന്നുമ്പോള്‍ അതങ്ങു മാറും. അതുപോട്ടെ. കുന്നത്തു മനയ്ക്കലെ പണിക്കാരനാണ് ചാത്തന്‍ ‍. വെളുപ്പിനു നാലു മണിക്കു പണിക്കെത്തണം. എന്നു വന്നാലും തമ്പ്രാന്‍ ഭജിക്കുകയാണെന്ന പല്ലവിയാണ് കേള്‍ക്കുന്നത്. നേരം വെളുക്കുന്നതുവരെ ഒരു ഭജിക്കല്‍--എന്താണീഭജിക്കല്‍--ചാത്തന് ആലോചിച്ചാലോചിച്ച് ഭ്രാന്തു പിടിച്ചു. എന്തായാലും തമ്പ്രാനോട് ചോദിക്കണം.

അങ്ങനെ ധൈര്യം സംഭരിച്ച് ഒരു ദിവസം വൈകിട്ടു പാടത്തുനിന്നും കയറി വരുമ്പോള്‍ ചാത്തന്‍ ചോദിച്ചു--തമ്പ്രാ ഈ രാവിലേ തമ്പ്രാ എന്താ പജിക്കുന്നേ.

തമ്പ്രാനു പുച്ഛം--അടിയാനുഭജിക്കുന്നതറിയണം--പോത്തിനെ പൂട്ടുന്നവന് ഭഗവത്ഭജനം! അയാള്‍ ഗൌരവത്തില്‍ പറഞ്ഞു-ഞാന്‍ മാടപ്പോത്തിനെയാണ് ഭജിക്കുന്നത്- എന്താ നിനക്കും ഭജിക്കണോ?

അടിയന്‍ ഭജിച്ചാ പോത്ത് പ്രസാദിക്കുമോ തമ്പ്രാ.

പിന്നേ പ്രത്യക്ഷപ്പെടും-പുച്ഛസ്വരത്തില്‍ പറഞ്ഞിട്ട് അയാള്‍ പോയി.

ചാത്തനു സന്തോഷമായി. തമ്പ്രാന്റെ അനുവാ‍ദം കിട്ടിയല്ലോ-ഇനിമുതല്‍ അവനും ഭജിക്കും.

അന്നുമുതല്വെളുപ്പിനേ ജോലിക്കു പോകുന്നതിനു മുമ്പ് ചാത്തന്‍ കുളികഴിഞ്ഞ് വിളക്കും--അവനുമണ്ണെണ്ണവിളക്കേ ഉള്ളൂ-- അതിന്റെ മുമ്പില്‍ മാടപ്പോത്തിനെ ധ്യാനിച്ചുകൊണ്ടിരിക്കും. ജോലിക്കു വിഘ്നം വരാന്‍ പറ്റില്ലല്ലോ. അത് കറക്ടായിട്ടു തന്നെ നടന്നു. ദിവസം ചെല്ലുന്തോറും ധ്യാനം കൂടി--വൈകിട്ടും തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും വൈകുണ്ഠത്തില്‍ പ്രശ്നംതുടങ്ങി. ആകെ അസ്വസ്ഥത. ലക്ഷ്മീദേവി വിഷ്ണുവിനോടു പറഞ്ഞു. ദേ ഒരാള്‍ ഭജനം തുടങ്ങിയിട്ടുണ്ട്. പണ്ടത്തേക്കാര്യം ഓര്‍മയുണ്ടല്ലോ--വേഗം ചെല്ല്.

ഞാനിനി മാടപ്പോത്തായിട്ടു പോണമല്ലോ ദേവീ.

ങാ പൊക്കോ-അല്ലേങ്കില്‍ അവന്‍ എന്താ ചെയ്കയെന്ന് അറിയില്ല.--

എന്തവാ അപ്പൂപ്പാ പണ്ടത്തേ കാര്യം? ആതിരയ്ക്ക് ഉല്‍കണ്ഠ അടക്കാന്‍ വയ്യ.

അതോ-പണ്ടൊരു കര്‍ഷകന്‍ --ദാമോദരനെന്നാപേര്- എപ്പോള്‍ കൃഷിചെയ്താലും ഒന്നുകില്‍ വെള്ളം കേറി-അല്ലെങ്കില്‍ വരള്‍ചയില്‍ അതു നശിച്ചു പോകും. ആ‍ളു പരമ ഭക്തനാണ്. കൊല്ലങ്ങള്‍ ഇങ്ങനെ തുടര്‍ന്ന് പട്ടിണിയും പരിവട്ടവുമായി അയാളും കുടുംബവുംനരകിച്ചു. അധാര്‍മ്മികമായ പണി ചെയ്താല്‍ പട്ടിണി മറ്റാം. പക്ഷേ അയാള്‍ അതിനു തയ്യാറല്ല. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നതുകൊണ്ട് അദ്ദേഹം നോക്കിക്കൊള്ളുമെന്നാണ് അഭിപ്രായം. അത്തവണത്തേ കൃഷിയും പോയി. ഭാര്യയ്ക്കു ദേഷ്യം വന്നു. വിഷ്ണു സഹസ്രനാമത്തില്‍ ഉള്ള “ഓം വിശ്വംഭരായ നമ:“ എന്ന മന്ത്രത്തില്‍ കരി കൊണ്ട് ഒറ്റ വര--

ഈ മന്ത്രമുള്ളതുകൊണ്ട് നമ്മളേ രക്ഷിക്കേണ്ട ചുമതല വിഷ്ണുവിനുണ്ടെന്ന് ഭര്‍ത്താവ് അവരേ വിശ്വസിപ്പിച്ചിരുന്നു.

വൈകുണ്ഠത്തില്‍ ദേവി ഉണര്‍ന്നു വിഷ്ണുവിന്റെ മുഖത്തു നോക്കി ചിരി തുടങ്ങി. വിഷ്ണു ഉണര്‍ന്ന് ദേവി ചിരിക്കുന്നതു കണ്ട് കാര്യം തിരക്കി.

ദേവി ഒന്നും പറയാതെ കണ്ണാടി മുഖത്തിനു നേരേ പിടിച്ചു--മൂക്കിന്റെ മുകളില്‍കൂടി ഇരുവശത്തേക്കും കരികൊണ്ടൊരു വര.

അയ്യോ-ഇതാ ദാമോദരന്റെ ഭാര്യ പറ്റിച്ച പണിയാ--കാര്യം നടക്കണമെങ്കില്‍ പെണ്ണുങ്ങള്‍ തന്നെ വേണം. ഇനി അവന് ഒരു മുട്ടും വരാതെ ഞാന്‍ നോക്കിക്കൊള്ളാം. അങ്ങിനെ ദാമോദരന്‍ രക്ഷപെട്ടു. അതാണ് ദേവി ഓര്‍മ്മിപ്പിച്ചത്.

അപ്പൂപ്പാ ഒരു സംശയം-ദേഷ്യപ്പെടരുത്--ശ്യാം കുട്ടനാണ്--ജനിച്ചപ്പോള്‍ മുതല്‍ ദിവസവും ഭജിക്കുന്ന മനയിലേ തമ്പ്രാന്റെ കാര്യത്തില്‍ ഇതുപോലൊന്നും പറഞ്ഞില്ലല്ലോ.

മിടുക്കന്‍ -മോനെ ഇത്തരം ചോദ്യങ്ങളാണ് വേണ്ടത്.

തമ്പ്രാന് ചെറുപ്പം മുതല്‍ പഠിച്ച കാര്യം ചെയ്യണമെന്നല്ലാതെ അതില്‍ ഒരു വിശ്വാസവുമില്ല. വിശ്വാസമുണ്ടെങ്കില്‍ ഒരു സംശയവും വേണ്ടാ കാര്യം നടക്കും. വിശ്വാസമുണ്ടെങ്കില്‍ കാര്യം നടക്കുമെന്നു പറഞ്ഞ് അവരു തന്നെ ആള്‍ക്കാരേ പറ്റിക്കുന്നില്ലേ? പത്രത്തില്‍ കാണുന്നില്ലേ സ്പെഷ്യല്‍ ശക്തിയുള്ള ത്രൈയംബക രുദ്രാക്ഷം--ധനാഗമ യന്ത്രം മുതലായവ മേടിച്ചു ധരിക്കാന്‍ --ആയിരക്കണക്കിനു രൂപാ വിലയും--ധരിക്കുന്നവനല്ല-വില്‍ക്കുന്നവനാണ് ധനാഗമമെന്നു മാത്രം. അല്ലെങ്കില്‍ ഇതുണ്ടാക്കി വില്‍ക്കുന്നതിനു പകരം അയാള്‍ക്കുതന്നെ അങ്ങുധരിച്ച് പണം ഉണ്ടാക്കിയാല്‍ പോരേ--പണ്ടു സഞ്ജയന്‍ പറഞ്ഞു”ലോകത്തില്‍ വിഡ്ഢികളുള്ളടത്തോളം കാലം മനസ്സാക്ഷിയില്ലാത്തവര്‍ക്ക് പട്ടിണികിടക്കേണ്ടി വരികയില്ല തന്നെ” എന്ന്. എത്ര ശരി. ആരും വാ‍ങ്ങിച്ചില്ലെങ്കില്‍ ഇതൊക്കെ പത്രത്തില്‍ പരസ്യം ചെയ്യാന്‍ കാശെവിടാ--പോട്ടെ.

അടുത്ത ദിവസം ധ്യാനം കഴിഞ്ഞ് കണ്ണൂതുറന്ന ചാത്തന്റെ മുമ്പില്‍ അതാ നില്‍ക്കുന്നു ഒരു ഭയങ്കര മാടപ്പോത്ത്. ചാത്തനു പേടിയില്ല. അടുത്തുചെന്ന് അതിനേ തലോടി-അതിനോടു വര്‍ത്തമാനം പറഞ്ഞ് അതിന്റെ പുറത്തു കയറിയാണ് അന്നു പണിക്കു പോയത്. മനയുടെ വെളിയില്‍ പോത്തിനേ നിര്‍ത്തി ചാത്തന്‍ തമ്പ്രാനേ വിളിച്ചു-മാടപ്പോത്തിനേകാണിക്കാന്‍ ‍.

തമ്പ്രാന്‍ വന്നു നോക്കി. ഒന്നും കണ്ടില്ല. ഇവനു ധ്യാനിച്ച് തലക്ക് ഓളമായെന്നു വിചാരിച്ച് അയാള്‍ ഒന്നും മിണ്ടാ‍തെ സ്ഥലം വിട്ടു. പോത്തിനേ തമ്പ്രാനു പിടിച്ചില്ലെന്ന് ചാത്തനും വിചാരിച്ചു.

കാലം കടന്നുപോയി. ചാത്തന്‍ അവന്റെ ജോലി ചെയ്യിക്കുന്നതും, ഭാരം ചുമപ്പിക്കുന്നതും എല്ലാം പോത്തിനേക്കൊണ്ടാണ്. ഒരു ദിവസം തമ്പ്രാന്‍ പറഞ്ഞു--ചാത്താ-നാളെ നമുക്ക് ഓച്ചിറ വരെ പോകണം. കുറേ സാധനങ്ങള്‍ കൊണ്ടു പോകാനുണ്ട്. നേരത്തേ എത്തണം. ഒരു വണ്ടി വിളിച്ചോ.

എത്ര സാധനങ്ങളുണ്ടെങ്കിലും ചാത്തനെന്താ-പോത്തില്ലേ. അവന്‍ വണ്ടി ഒന്നും വിളിക്കാന്‍ പോയില്ല. വെളുപ്പിനേ തന്നെ ചാത്തനും പോത്തും റെഡി. പക്ഷേ ഒരു പ്രശ്നം. സാധനങ്ങള്‍ എല്ലാം പടിപ്പുരയുടെ അകത്താണ് വച്ചിരിക്കുന്നത്. പടിപ്പുര വാതിലിലൂടെ പോത്തിനെ കേറ്റാന്‍ ശ്രമിച്ചിട്ട് കൊമ്പ്--അത് അതിഭയങ്കരമാണ്-വാതിലില്‍ കൂടെ കടക്കുന്നില്ല. ചാത്തന്‍പോത്തിന് നിര്‍ദേശം കൊടുക്കുന്നു--തല ചരിച്ച്-ങ കുറേക്കൂടെ ചരിയട്ടെ--അങ്ങനെ-മുട്ടരുത്--ഇപ്പം കൊമ്പു മുട്ടും--പറഞ്ഞാ മനസ്സിലകത്തില്ലിയോ-ഒറ്റയടി-അങ്ങനെ മര്യാദയ്ക്കു കേറ്.

തമ്പ്രാന്‍ ഇതെല്ലാം കേട്ട് അന്തം വിട്ടു നില്‍ക്കുകയാണ്. അങ്ങേര്‍ക്ക് പോത്തിനേ കാണാന്‍ വയ്യല്ലോ. ഇവന്റെ ഭ്രാന്തു മൂത്തല്ലോ ഭഗവാനേ--അയാള്‍ വിലപിച്ചു--പക്ഷേ ചാത്തന്‍
സാധനങ്ങളെല്ലാം എടുത്തു വയ്ക്കുന്നതും അതു താഴെപ്പോകാതെ--പോത്തിന്റെ പുറത്തല്ലേ--നില്‍ക്കുന്നതും കണ്ട് അയാള്‍ക്ക് എന്തോ ബോധം ഉദിച്ചു. ഒരു വിഭ്രമത്തോടുകൂടി അയാള്‍ ചാത്തനേ സമീപിച്ചു. എവിടെ ഞാനൊന്നു നോക്കട്ടെ എന്നു പറഞ്ഞ് അയാള്‍ ആ തീണ്ടിക്കൂടാത്തവനെ തൊട്ടു. ഒരു മിന്നായം പോലെ പോത്തിനേക്കണ്ടു. പോത്താകട്ടെ ഈയാള്‍ കണ്ടു എന്നു മനസ്സിലായ ഉടനേ സാധനവും കുടഞ്ഞു കളഞ്ഞ് ഒറ്റ ഓട്ടം. ചാത്തന്‍ പുറകേ. പോത്ത് ഓടി ഓടി ഓച്ചിറയെത്തി ഒരു കാട്ടില്‍ മറഞ്ഞു--കൂടെ ചാ‍ത്തനും--പിന്നീടവരേ ആരും കണ്ടിട്ടില്ല. ചാത്തന്‍ അവസാനം പറഞ്ഞത് “ഒണ്ടിക്കാട്ടില്‍” എന്നാണ്. ഓച്ചിറെയുള്ള തൊണ്ടിക്കാട് ഇതാണെന്നാണ് പറയുന്നത്.

കുഞ്ചന്‍ നമ്പ്യാര്‍

0
കല്യാണ സൌഗന്ധികം തുള്ളലിലേ ചിലവരികളാണ് പറയാന്‍ പോകുന്നത്. ഉത്തരം പറയുന്നവര്‍ക്ക് ഓണത്തിന് ഒരു പപ്പടം അധികം തരുന്നതായിരിക്കും.

ഒരു പപ്പടമോ--ഓഓഹ്--ആതിരയ്ക്ക് പുച്ഛം സഹിക്കുന്നില്ല.

എന്നാല്‍ പോട്ടെ രണ്ട്--അതില്‍ കൂടുതല്‍ ഇല്ല. കേട്ടോ-കുഞ്ചന്‍ നമ്പ്യാരുടെയാണ്.
താമരസാക്ഷന്റെ മെത്തേടെ താഴത്ത്
താങ്ങിക്കിടക്കുന്നതിനേ ചുമക്കുന്ന
വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ
ചേട്ടനേ പേടിച്ച് നാട്ടീന്നു പോയോന്റെ
ചാട്ടിന്റെ കൂട്ടിന്റെ കോട്ടം തിമിര്‍പ്പവ-
ന്നുണ്ണിക്കഴുത്തറുത്തോരു പുരുഷനെ-
ന്നുള്ളത്തില്‍ വന്നു വിളങ്ങേണമെപ്പൊഴും----

ആരാണാ പുരുഷന്‍? ആര്‍ക്കും അറിയാന്‍ വയ്യ.

ശരി സുല്ലിട്ടോ--സുല്ലും സുല്ലും കൂട്ടി ഏറ്റോ--സുല്ലില്‍പാതി എനിക്കു തരാമോ. ങാ. എന്നാല്‍ കേട്ടോ.

താമരസക്ഷന്‍ --മഹാവിഷ്ണു--മെത്ത--അനന്തന്‍ -അതിന്റെ താഴത്തു താങ്ങിക്കിടക്കുന്നത്-- വെള്ളം-- അതിനേ ചുമക്കുന്നവമ്പന്‍ --ശിവന്‍ (ഗംഗ ശിവന്റെ തലയിലാണല്ലോ)-കൊമ്പന്‍ --ഗണപതി--കൊമ്പൊന്നൊടിച്ചോന്‍ --സുബ്രഹ്മണ്യന്‍ - സുബ്രഹ്മണ്യന്റെ ചേട്ടന്‍ --വീണ്ടും ഗണപതി-പേടിച്ചു നാട്ടീന്നു പോയത്--കുബേരന്‍ --ചാട്ട്--പുഷ്പകവിമാനം--കൂട്ടിന്റെ കൊട്ടംതിമിര്‍പ്പവന്‍ ‍--രാവണന്‍ (പുഷ്പകവിമാനം കേടായപ്പോള്‍ നന്നാക്കിയത്) ഉണ്ണിക്കഴുത്തറുത്തോരു പുരുഷന്‍ ‍--രാവണന്റെ ഉണ്ണി-കൊച്ചുമകന്‍ -അക്ഷകുമാരന്‍ -അവനേകൊന്നത്---ഹനുമാന്‍ ‍-ഇതാണ് ഉത്തരം. തെരിഞ്ചിതാ?

സുബ്രഹ്മണ്യന്‍ ഗണപതിയുടെ കൊമ്പ് എന്തിനാ അപ്പൂപ്പാ‍ ഒടിച്ചത്--ആതിര.

അതേ, മോളെ ഒരു ദിവസം അച്ഛനും, അമ്മേം, മക്കളും എല്ലാം കൂടി കളിക്കുകയാണ്. പരമശിവന്‍ ഒരുപിടി മണ്ണേടുത്ത് ഉരുട്ടി--ഇപ്പോഴൊരു മാജിക്ക് കാണിക്കാമെന്നു പറഞ്ഞ് താഴെ വച്ചു-- അതാ ഒരു മാങ്ങ--ലോകത്തിലേ ആദ്യത്തേ മാങ്ങയാണ്. മക്കളു രണ്ടുപേരുംകൂടി ഒറ്റച്ചാട്ടം--മാങ്ങായ്ക്കുവേണ്ടി.

ഞാനും കിട്ടുച്ചേട്ടനും ചാടുന്നതുപോലെ--ആതിരയ്ക്കു പെട്ടെന്ന് കാ‍ര്യം മനസ്സിലായി.

പാര്‍വ്വതീദേവി മാങ്ങാഎടുത്തു. ആരാണ് ആ‍ദ്യം ലോകം ചുറ്റി വരുന്നത് അവര്‍ക്കാണ് മാങ്ങാ-ദേവി പ്രഖ്യാപിച്ചു.

കേട്ടതു പാതി കേള്‍ക്കാത്തതുപാതി സുബ്രഹ്മണ്യന്‍ മയിലിന്റെ പുറത്തു കയറി പുറപ്പെട്ടു. പാവം ഗണപതിക്ക് വാഹനം എലിയാണ്. അദ്ദേഹം എന്തു ചെയ്തെന്നോ--കുണുങ്ങിക്കുണുങ്ങി അച്ഛന്റേയും അമ്മയുടേയും ചുറ്റിനും ഒരു വലത്തു വച്ചു. എന്റെ ലോകം നിങ്ങളാണ്. വേഗം മാങ്ങാ തരൂ.

പുള്ളി മാങ്ങാ വാങ്ങിച്ചു സാപ്പിട്ടു--മങ്ങയണ്ടി കുഴിച്ചും ഇട്ടു.

മയിലിന്റെ പുറത്തു കയറി ലോകം ചുറ്റി സുബ്രഹ്മണ്യന്‍ തിറിച്ചെത്തി..

മാങ്ങയെവിടെ--വിവരം അറിഞ്ഞ് ദേഷ്യപ്പെട്ട് ചേട്ടന്റെ കൊമ്പ് പിടിച്ച് ഒറ്റ ഒടി. അച്ഛന്‍ ഇടപെട്ടതുകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല. ഇതാണ് കഥ.

പിന്നെ കുബേരന്‍ ഓടിയതോ--ഉണ്ണി. ങാ അതു പറയാം. ലോകത്തിലേ ഒന്നാമത്തേ ധനവാനാണല്ലോ കുബേരന്‍ ‍. എവിടുന്നെങ്കിലും നാലു പുത്തന്‍ കിട്ടിയാല്‍ പണ്ടത്തേക്കാര്യങ്ങള്‍ മുഴുവന്‍ മറന്ന് പത്രാസ് കാണിക്കുന്നവരാണല്ലോ ബഹുഭൂറിപക്ഷം പേരും. പിന്നെ കുബേരന് ധനത്തിന്റെ അല്പം അഹങ്കാരമുണ്ടായതില്‍ അത്ഭുതമില്ല. ഗണപതിക്ക് വയറു നിറയുന്നില്ലെന്നൊരു തോന്നല്‍ പുള്ളിക്കുണ്ടായി. എന്നാല്‍ ഒരുദിവസം വയറുനിറച്ച് ഒരു സദ്യ കൊടുക്കാം. വയറു നിറയുമോന്നറിയണമല്ലോ. കുബേരന്‍ മഹാദേവന്റെ അടുത്തു ചെന്നു പറഞ്ഞു-- നമ്മുടെ ഉണ്ണിഗ്ഗണപതിക്ക് ഈയിടെ വയറു നിറയുന്നില്ലെന്നു കേട്ടു. ഒരു ദിവസംനിറച്ചുഭക്ഷണം കൊടുക്കാന്‍ എന്നേ അനുവദിക്കണം. മഹാദേവന്‍ ഒന്നു മന്ദഹസിച്ചു--പാര്‍വതീദേവി അദ്ദേഹത്തേ ഏറുകാണ്ണിട്ടു നോക്കി-കണ്ണിറുക്കി. ഭഗവാന്‍ തലയാട്ടി--അതിനെന്താ അവനേ നാളെത്തന്നെ പറഞ്ഞയയ്ക്കാം. തയ്യാറായിക്കോ.--കുബേരന്‍ പോയി.

നേരം വെളുത്തു. അളകാപുരിയില്‍ സദ്യഘോഷം.

അതെവിടാ അപ്പൂപ്പാ ഈഅളകാപുരി--ആതിര.

അതല്ലിയോ മോളേ കുബേരന്റെ വാ‍സസ്ഥാനം. സദ്യ വിദ്വാന്‍ അയ്യോസ്വാമിയുടെ നേതൃത്വത്തില്‍ ഉഗ്രന്‍ പാചകം.

അയ്യോസ്വാമിയോ--അതെന്തൊരു പേരാ‍അപ്പൂപ്പാ‍ ഈ അയ്യോസ്വാമി

അത് ഒരിക്കല്‍ -പാര്‍വ്വതീദേവിയുടെ കല്യാണത്തിനാണെന്നാ തോന്നുന്നത്--സാമ്പാറിന് മുളകുകൂടി പോയതുകൊണ്ട്--എരികൊണ്ട് പാവം സാത്വികനായ വിഷ്ണുവിന്റെ കണ്ണു നിറഞ്ഞ്--അയ്യോ--സ്വാമീ എന്നു വിളിച്ചുപോയപ്പോള്‍ കിട്ടിയ പേരാണെന്നാ ശ്രീമാന്‍ സഞ്ജയന്‍ അവര്‍കള്‍ പറയുന്നത്--അതുപോട്ടെ.

പതിനൊന്നു മണിയായപ്പോഴേക്കും എല്ലാം തയ്യാറായി. ഗണപതി എത്തിച്ചേര്‍ന്നു.
ഇലയുടെഅരികില്‍ പലകയുമിട്ട്
വലിയൊരു ഗണനാഥനെയുമിരുത്തി--വിളമ്പു തുടങ്ങി.
അമ്പൊടു ഗണപതി തന്നുടെ മടിയില്‍
കുമ്പയൊതുക്കീട്ടൂണു തുടങ്ങി--അവിയലു കൊണ്ടു വിളമ്പി-അപ്പഴേ അതെടുത്തു വയിലിട്ടു. അടുത്ത സാധനത്തിനു നോക്കാതെ വിളമ്പുന്ന-വിളമ്പുന്ന സാധനങ്ങള്‍ അപോള്‍ തന്നെ തിന്നു തീര്‍ത്തു.
കോരികവച്ചവര്‍ വട്ടിയെടുത്ത-
ച്ചോറുകള്‍ കൊണ്ടു വിളമ്പു തുടങ്ങി--

ഇതെന്താ അപ്പൂപ്പാ ഇടയ്ക്കിടയ്ക്ക് ഒരു പാട്ട്-ഉണ്ണിക്കങ്ങോട്ടു പിടിക്കുന്നില്ല.

മോനേ ഇതു കുഞ്ചന്‍ നമ്പ്യാരുടെ വരികളാണ്. ക്ഷമിച്ചുകള. അങ്ങനെ സാധനങ്ങളെല്ലാം തീര്‍ന്നു. ഗണപതി എഴുനേറ്റു. വിളമ്പുകാര്‍ ഓട്ടം തുടങ്ങി. ഗണപതി അയ്യോസ്വാമിയേ പിടികൂടി. പ്രഥമന്‍ വച്ച ചെമ്പു കാണിച്ചുകൊടുത്തിട്ട് അദ്ദേഹം ഓടി ഒളിച്ചു. ഗണപതി ആ ചെമ്പും-അവിടെക്കണ്ട സകല പാത്രങ്ങളും വിഴുങ്ങി’
ചട്ടുകവും ചില കുട്ടകളും ചില
വട്ടികളെന്നിവയൊക്കെ വിഴുങ്ങി.
എന്നിട്ടും ബത പോരാഞ്ഞിട്ട്
കൊണ്ടാ കൊണ്ടാ എന്നു വിളിച്ചു.--അപ്പോള്‍ അതാ വരുന്നു സാക്ഷാല്‍ കുബേരന്‍ ‍. ഗണപതി വായും പിളര്‍ന്നുകൊണ്ട് കുബേരന്റെ പിന്നാലേ.
തെറ്റെന്നോടിച്ചെന്നു കുബേരന്‍
ശിവനുടെ അടിമലര്‍ വീണു വണങ്ങീ-
ട്ടവശത വന്നതു തൊഴുതറിയിച്ചേന്‍ .--അപ്പോഴേക്കും വായും പിളര്‍ന്നുകൊണ്ട് ഗണപതി കുബേരന്റടുത്തെത്തിക്കഴിഞ്ഞു.
അരുതരുതെന്നു വിലക്കീട്ടങ്ങനെ
ഒരുപിടി മലരു കൊടുത്തു മഹേശന്‍ .
മതിമതിയെന്നുരചെയ്തതു കേട്ട-
ഗ്ഗണപതിഭഗവാന്‍ ഛര്‍ദ്ദി തുടങ്ങി--കുബേരന്റെ സകല പാത്രങ്ങളും കക്കി വച്ചു കൊടുത്ത് ഗണപതി സ്ഥലം വിട്ടു. പാത്രങ്ങളേല്ലാം വാരിക്കെട്ടി കുബേരനും. ഇതാണ് നാട്ടീന്ന് പോയ കഥ.

സംഗീതം

0
അപ്പൂപ്പോ വന്നേ ഇന്നലെ ചക്കരക്കുട്ടിയുടെ കഥ കേട്ടപ്പോള്‍, അമ്മൂമ്മ പറേവാ മണ്ണാത്തിക്കീച്ചി രാവിലേ -ഹരി-ശ്രീ പഠിക്കുമെന്ന്--ഉള്ളതാണോ അപ്പൂപ്പാ--

ആതിര അമ്മൂമ്മയേ കഥ കേള്‍പിക്കാന്‍ ചെന്നപ്പോള്‍ കിട്ടിയ വിവരമാണ്.

ശരിയാ മോളേ. പക്ഷേ വെളുപ്പിനു മൂന്നു മണിക്കുണര്‍ന്ന് ശ്രദ്ധിക്കണം. മണ്ണാത്തിക്കീച്ചി” മനയെത-പണഗശ്രീ-രീഹ“ അത് ഇടത്തുനിന്നും വലത്തോട്ടല്ല മറിച്ച് വലത്തുനിന്നും ഇടത്തോട്ടാണു വായിക്കേണ്ടത്. ചിലപ്പം ഈകിളീ ചൈനയില്‍ നിന്നെങ്ങാനുമായിരിക്കും വന്നത്. അപ്പോള്‍ ഉപ്പന്‍ ങ്ഹു-ങ്ഹു-ങ്ഹുങ്ഹു-എന്നു പറഞ്ഞ് അങ്ങനെയല്ല എന്നറിയിക്കും. ഉടനേ കുയില്‍ കു-ക്കു-ക്കു-ക്കു എന്നു പറഞ്ഞ് ഉപ്പനേ കളീയാക്കും. ഒന്നു മിണ്ടാതിരിക്ക് എന്ന അര്‍ത്ഥത്തില്‍ കാക്ക ക്രാ-ക്രാ എന്നു പറഞ്ഞു കഴിയുമ്പോഴേക്കും വീണ്ടും മണ്ണാത്തി കീച്ചി ആവര്‍ത്തിക്കുകയും-ബാക്കീഎല്ലാം തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും. ഇത് അഞ്ചു മണിവരെ തുടരും. ഇതിനിടെ മറ്റു ചിലര്‍ കലപില കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യും-കേള്‍ക്കുന്നവര്‍ക്ക് ഒരു ഉത്സവത്തിനെ പ്രതീതി.

ശരിയാണോ അപ്പൂപ്പാ-കിട്ടുവും ഉണ്ണിയും ഒന്നിച്ചു ചോദിച്ചു. ഞങ്ങള്‍ എന്തായാലും ഇന്നു മുതല്‍ വെളുപ്പിനെ എഴുനേറ്റു നോക്കും. നമക്കു നോക്കാമെടാ ഈ അപ്പൂപ്പന്റെ ബഡായി--രാം-ശ്യാം കൂടെക്കൂടി. അമ്മൂമ്മ ആഹാരം കൊടുക്കുന്ന ഓലേഞാലികള്‍ ഇപ്പോള്‍ മൂന്നെണ്ണമായി. രാവിലത്തേ പലഹാരം താമസിച്ചാല്‍ എന്തൊരു ബഹളമാണെന്നോ. ഇപ്പത്തരാം -ഒന്നു വെന്തോട്ടെ എന്ന് അമ്മൂമ്മ പറേന്ന കേട്ടാല്‍ ആരാണ്ട് മനുഷ്യര്‍ അടുത്തു നില്‍ക്കുന്നെന്നു തോന്നും. എല്ലാവീട്ടിലും ഇങ്ങനെ കിളികള്‍ക്കു കൊടുക്കുമോ അപ്പൂപ്പാ.

കൊള്ളാം നല്ല ചോദ്യം. ഇല്ലെന്നു തന്നല്ല തരപ്പെട്ടാല്‍ അവയേ പിടിച്ചു ശാപ്പിടുകയും ചെയ്യും. കിളികളിലേ ഏറ്റവും നല്ല പാടുകാരാരാണ്. കുയില്‍, വാനമ്പാടി മുതലായവ മനോഹരമായ ശബ്ദത്തില്‍ പാ‍ടും. ഏറ്റവും നല്ല പാട്ടുകാരേ അപ്പൂപ്പനറിഞ്ഞുകൂടാ. അപ്പം അപ്പൂപ്പനറിഞ്ഞുകൂടാത്ത കാര്യവുമുണ്ട് ഈഭൂമിയില്‍--എല്ലാത്തിനും ഉടക്കു പറയുന്നതു കേട്ടാല്‍ ചിലപ്പോള്‍ തോന്നും എല്ലാമറിയാമെന്ന്--രാം-ശ്യാമിന് സമാധാനമായി.

ഈ പ്രപഞ്ചത്തിലെ ഏറ്റവും നല്ല ഗായകനാരാണെന്നറിയാമോ മക്കളേ. സദാ‍ പാടി ക്കൊണ്ട് നടക്കുന്ന നാരദനാണോ--വീണയും കൊണ്ടിരിക്കുന്ന സരസ്വതീദേവിയാണോ അതോ മറ്റു വലവരുമാണോ.

ഈ നാരദന്‍ അതിനു പട്ടുകാരനാണോ--ആതിരയാണ്--എപ്പഴും നാരായണാ-നരായണാ എന്നും പറഞ്ഞല്ലിയോ നടപ്പ്.

മോളേ അത് സിനിമാക്കാരുടെ നാരദനാ. ശരിക്കുള്ള ദേവലോകം റിപ്പോര്‍ട്ടര്‍ നാരദന്‍ ഉഗ്രന്‍ പാ‍ട്ടുകാരനല്ലിയോ--അഥവാ അങ്ങിനെയാണ് അദ്ദേഹം വിചാരിച്ചിരുന്നത്. അതു മാറാനൊരു കാര്യമുണ്ടാകുന്നതുവരെ.

അതെന്തവാ അപ്പൂപ്പാ?

അതല്ലിയോ പറയാന്‍പോന്നെ--

നാരദന്‍ ഒരുദിവസം കൈലാസത്തില്‍ പോകുന്നവഴി ഗന്ധമാദന പര്‍വ്വതത്തില്‍ എത്തി. ഗാനം ആലപിച്ചുകൊണ്ടാണല്ലോ നടപ്പ്. ഒരു ദീന രോദനം കേള്‍ക്കുന്നെന്നു തോന്നി ഗാനം നിര്‍ത്തി ശ്രദ്ധിച്ചു. രോദനം കേള്‍ക്കാനില്ല. വീണ്ടും പാട്ടും പാടിനടന്നപ്പോള്‍ അതാ വീണ്ടും കരച്ചില്‍. പാട്ടുനിര്‍ത്തി നാരദന്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നു. ഒരു പൊയ്കയില്‍ അതി സുന്ദരികളായ ഏഴ് അപ്സരസ്സുകള്‍ കിടക്കുന്നു.
നാരദന്‍:- ആരാണു നിങ്ങള്‍? എന്താണ് ഇവിടെ വന്നു കിടക്കുന്നത്?
അവര്‍ :- ഞങ്ങള്‍ സപ്ത സ്വരങ്ങളാണ്. സംഗീതമാണെന്നു പറഞ്ഞ് കുറേപേര്‍ പാടുന്നു. സ്വരസ്ഥാനം തെറ്റിച്ചുള്ള ആ പാട്ടുകള്‍ ഞങ്ങള്‍ക്ക് അംഗവൈകല്യം വരുത്തി--ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യ.

നാരദന്‍ നോക്കി. ശരിയാണ്. അതിസുന്ദരികളാണെങ്കിലും എല്ലാം വികലാംഗകളാണ്. എന്താണിതിനു പ്രതിവിധി? നാരദന്‍ ചോദിച്ചു.

ശുദ്ധ സംഗീതം കേട്ടാല്‍ ഞങ്ങള്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുമെന്നും അതിന് ഗന്ധമാദനത്തില്‍ പോയി താമസിക്കാനും വാണീദേവി അരുളിച്ചെയ്തതനുസരിച്ചാണ് ഞങ്ങള്‍ ഇവിടെ കിടക്കുന്നത്.

മ്യൂസിക് തെറാപ്പി--ശ്യാമിന്റെ കമന്റ്--അന്നും ഇതൊക്കെ ഉണ്ടോ അപ്പൂപ്പാ?

ആ പേരൊന്നും എനിക്കറിയാന്‍ വയ്യ. കേള്‍ക്ക്.

ഓ ഞാനീവഴി വരുമെന്ന് വാണി വിചാരിച്ചുകാണും--ഇപ്പം ശരിയാക്കിതരാം. നാരദന്‍ തംബുരു മുറുക്കി പാടാന്‍ തുടങ്ങി. ഏഴു പേരും കൂടി വല്യവാ‍യിലേ നിലവിളിയും തുടങ്ങി-നിര്‍ത്തൂ-നിര്‍ത്തൂഎന്ന് അലറി വിളിച്ചു കൊണ്ട്. ഈ പാട്ടാണ് ഞങ്ങളേ ഈപരുവത്തിലാക്കിയത്. ദയവു ചെയ്ത് അങ്ങു പോയി അറിയാ‍വുന്ന ആരുടെയെങ്കിലും അടുത്തുനിന്ന് സംഗീതം പഠിക്കൂ--പാടുന്നതിനു മുമ്പ്. അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു.

നാരദന്‍ വിചാരിച്ചു--ഇവിടെ ഹനുമാന്റെ വാ‍സസ്ഥാനമാണ്. മറ്റാരും ഈവഴി വരുത്തില്ല. പിന്നെന്തിനാ ഇവരോടെ ഇവിടെക്കിടക്കാന്‍ പറഞ്ഞത് . ഹനുമാന്‍ തപസ്സിലുമാണ്.

ഈ ഒടുവിലത്തെ വിചാരം അല്പം ഉച്ചത്തിലായിപ്പോയി.

അതെ അതെ ഹനുമാന്‍സ്വാമിയുടെപാട്ട്--അപ്സരസ്സുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അയ്യേ കുരങ്ങന്റെ പാട്ടോ-നാരദന് വിശ്വാസം വരുന്നില്ല.

അങ്ങയ്ക്ക് അദ്ദേഹത്തോടൊന്നു പറയാമോ? അവര്‍ ചോദിച്ചു.

പിന്നെന്താ-ഇനി അതിന്റെ കുഴപ്പം കൊണ്ട് നിങ്ങളിവിടെ കിടക്കണ്ടാ.

നാരദന്‍ പോയി ഹനുമാനേ കണ്ടു. ഹനുമാന്‍ നാരദനേ നമസ്കരിച്ച് ഉപചരിച്ചു.

എന്താണാ‍വോ അങ്ങയുടെ പാദ സ്പര്‍ശം കൊണ്ട് ഇവിടം ധന്യമാക്കിയത്? ഹനുമാന്‍ ഹോദിച്ചു.

അവിടെ കുറച്ചു പേര്‍ക്ക് അസുഖം-- തന്റെപാട്ടു കേട്ടാല്‍ മാറുമ്പോലും--നാരദന്‍ പുച്ഛസ്വരത്തില്‍ പറഞ്ഞു.

സ്വരഭേദംവകവയ്ക്കാതെ ഹനുമാന്‍ നാരദന്റെ കൂടെ പുറപ്പെട്ടു. പൊയ്കയുടെ കരയില്‍ എത്തി. എന്നാല്‍ പാട്--നാരദന് നാണക്കേട് സഹിക്കുന്നില്ല.

ഹനുമാന്‍ പത്മാസനത്തിലിരുന്നു. കണ്ണടച്ച് ശ്രുതി പിടിച്ച് സാവധാനം പാടിത്തുടങ്ങി. പാട്ട് മുറുകിത്തുടങ്ങിയപ്പോള്‍ നാരദന്‍ അതില്‍ ലയിച്ച് തംബുരു അറിയാതെ താഴെ വച്ച് വേറേ എതോ ലോകത്തില്‍ പെട്ടപോലെ ഇരുന്നുപോയി.

പാട്ടുതീര്‍ന്നു. അപ്സരസ്സുകള്‍ കരയ്ക്കുകയറി--അത്ഭുതം-അവരുടെ വികലാംഗത്വം ഇല്ലാതെയായി. ഹനുമാനേ വന്ദിച്ച് അവര്‍ യാത്രയായി.

അവരുടെ ശബ്ദം കേട്ട് നാരദന്‍ കണ്ണുതുറന്നു. തംബുരു തപ്പി. അതിന്റെ പകുതിയിലധികം പാറയില്‍ ഉറച്ചുപോയിരിക്കുന്നു. നാരദന്‍ പിടിച്ചുനോക്കിയിട്ട് ഇളകുന്നില്ല.

ഹനുമാനോട് ചോദിച്ചു. പാട്ടിന്റെ ലയം കൊണ്ട് പാറ ഉരുകി തംബുരു താണുപോയതാണെന്നും പാട്ടു കഴിഞ്ഞപ്പോള്‍ പാറ പൂര്‍വ്വസ്ഥിതിയേ പ്രാപിച്ചെന്നും ഇനിയും ഇതേ രാഗം പാടിയാല്‍ പാറ അയഞ്ഞ് തംബുരു എടുക്കാമെന്നും ഹനുമാന്‍ പറഞ്ഞു.

നാരദന്‍ ആ രാഗം പാടി. എത്ര നന്നായി പാടിയിട്ടും പാറയ്ക്ക് ഒരു ലംഘനവുമില്ല. നാണം കെട്ട് നാരദന്‍ ഹനുമാന്റെകാലില്‍ വീണു-ശിഷ്യത്വം സ്വീകരിച്ചു. ഹനുമാന്‍ വീണ്ടും പാടി തംബുരു എടുത്തു കൊടുത്തു.

കാര്‍ത്തവീര്യാര്‍ജ്ജുനന്‍

0
അപ്പൂപ്പോ തേങ്ങ ആട്ടിച്ചിട്ട് വെളിച്ചെണ്ണ എത്രയുണ്ടായിരുന്നു. രാംകുട്ടനാണ് വീട്ടിലേകാര്യങ്ങളില്‍ശ്രദ്ധ.

നാല്പത്തൊന്നേകാല്‍ കിലോ--നീയൊക്കെ തിന്നു തീര്‍ത്തതിന്റെ ബാക്കി. പിണ്ണാക്ക് പതിനാറു കിലൊ.

ഈ പിണ്ണാക്ക് തിന്നാന്‍ നല്ലരസമാ--കിട്ടുവും ഉണ്ണിയും ഒന്നിച്ചു പറഞ്ഞു.

എടാ അത് ഒരുപാടെടുത്തു വായിലിടല്ലെ. കുതിര്‍ന്ന് തൊണ്ടയ്ക്കുകെട്ടിയാല്‍ ശ്വാസം വിടാന്‍ പറ്റത്തില്ല.
“പിണ്ണാ‍ക്കു കണ്ട് കൊതിമൂത്തുടനേയെടുത്ത-
തണ്ണാക്കിലിട്ടതു കുതിര്‍ന്നവിടെത്തടഞ്ഞു.
തൊണ്ണാന്‍ കണക്കെ മിഴിയുന്തി വലഞ്ഞു കഷ്ടം
കണ്ണാം കുളം കരകവിഞ്ഞൊഴുകിത്തുടങ്ങി.“ എന്നു കേട്ടിട്ടില്ലേ?

ഇല്ല. ഈ അപ്പൂപ്പന്‍ കേട്ടിട്ടുള്ളതൊക്കെ ഞങ്ങളെങ്ങനാ കേള്‍ക്കുന്നത്--ശ്യാമാണ്--അങ്ങേര് ഭയങ്കര ലോജിക്കുകാരനാണ് യുക്തിയില്ലാത്തത് ഉടനേചോദ്യം ചെയ്യും.

ക്ഷമിക്കടാ മോനേ അപ്പൂപ്പന്‍ ഒരു തമാശയ്ക്കു ചോദിച്ചതല്ലേ.

ഈ വെളിച്ചെണ്ണ കുറേ നാളാത്തേക്കുണ്ടല്ലോ. ഇതു ചീത്തയാ‍കത്തില്ലേ. ആതിരയാണ്. അവള്‍ക്കു വീട്ടുകാര്യത്തിലാണ് ശ്രദ്ധ.

കുറച്ച് കുരുമുളക് പൊട്ടിച്ച് കിഴി കെട്ടി എണ്ണഭരണീയില്‍ ഇട്ടാല്‍ മതി. ചീത്തയാകത്തില്ല. എള്ളെണ്ണയാണെങ്കില്‍ ഇതിന്റെ കൂടെ കരിപ്പെട്ടിയും ഇടണം.

അപ്പഴേ അപ്പൂപ്പാ ഈ രാവണനെ ബാലി മത്രമേ തോല്പിച്ചിട്ടുള്ളോ. ലോകം മുഴുവന്‍ പിടിച്ചടക്കിയെന്നു പറഞ്ഞല്ലോ--കിട്ടുവാണ്. അവനു കഥയാണ് പ്രധാനം.

അല്ല മോനേ മുമ്പൊരിക്കല്‍ വേറൊരു രാജാവ്--കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ‍--ഹേഹയ രാജവാണ്--രാവണനെ പിടിച്ചു കെട്ടി. അതു പക്ഷേ യുദ്ധത്തിലൊന്നും അല്ല. വായിലേനാക്കിന്റെ കുഴപ്പം കൊണ്ടു പറ്റിയതാണ്.

ഒരു ദിവസം രാവണന്‍ എവിടെയോ ഉള്ള യാ‍ത്ര കഴിഞ്ഞ് ഹേഹയ രാ‍ജ്യത്തെത്തി. സന്ധ്യാവന്ദനത്തിന് സമയമായതുകൊണ്ട് നര്‍മ്മദാനദിയുടെ കരയില്‍ ഇരുന്ന് സന്ധ്യാവന്ദനം തുടങ്ങി.

അതാ നദിയില്‍ വെള്ളപ്പൊക്കം. വെള്ളം കയറിക്കയറി രാവണന്‍ ഇരുന്ന സ്ഥലം മുങ്ങി. സംഭാരങ്ങളെല്ലാം ഒലിച്ചുപോയി. കാറ്റോ മഴയോ ഒന്നുമില്ല. ഇവിടെങ്ങാനും ഉരുളു പൊട്ടിയോ---രാവണന്‍ അന്വേഷിച്ചു നടന്നു.

അതാ താഴെ നദിയില്‍ ഒരാള്‍ കുളിക്കുന്നു--കൂടെ കുറേ സുന്ദരിമാരും. അയാള്‍ക്ക് ആയിരം കൈകളുണ്ട്. രണ്ടു വശത്തും അഞ്ഞൂറു വീതം. നദിയുടെ നടുക്കുനിന്ന് രണ്ടു വശത്തേക്കും കൈകള്‍ വിരിച്ചിട്ട് നദിയുടെ ഒഴുക്കു തടഞ്ഞിരിക്കുകയാണ്. അതാണ് രാവണന്‍ ഇരുന്നിടത്തു വേള്ളം കയറിയത്. രാവണന്റെ പത്തുമുഖവും ക്രോധം കൊണ്ടു ചുവന്നു. ഇരുപതു കണ്ണുകളും ഉരുട്ടി വെള്ളത്തില്‍കിടക്കുന്ന ആളേ നോക്കി.

അയാള്‍ ശ്രദ്ധിക്കുന്നേഇല്ല.

രാവണന്‍ ഗര്‍ജ്ജിച്ചു--ലങ്കാധിപനായ രാവണനാണു ഞാന്‍ ‍. എന്റെ സന്ധ്യാവന്ദനത്തിനു തടസ്സം വരുത്തിയ നിന്നെ ഞാന്‍ ശിക്ഷിക്കാന്‍ പോകുന്നു--കയറിവാടാ ഇങ്ങോട്ട്.

വെള്ളത്തില്‍ കിടന്ന ആള്‍ അങ്ങോട്ടു നോക്കുകപോലും ചെയ്തില്ല. റാവണന്‍ കോപം കൊണ്ടു വിറച്ചു--കൂടെയുള്ള പെണ്ണുങ്ങള്‍ കിടന്നു ചിരിക്കുന്നു. ലോകാധിപനായ തന്നേ ഒരു മനുഷ്യകീടം വകവയ്ക്കുന്നില്ല.

രാവണന്‍ നദിയിലേക്കിറങ്ങി, മറ്റേയാള്‍ ശ്രദ്ധിക്കുന്നേ ഇല്ല. രാവണന്‍ അയാളുടെ അടുത്തെത്തി--

കുളിച്ചുകൊണ്ടിരുന്ന സുന്ദരിമാരെല്ലാം ചിരിച്ചുകൊണ്ടു കരയ്ക്കു കയറി.

രാവണന്‍ അയാളേ കയറിപ്പിടിച്ചു. അയാള്‍ ഒന്നു തിരിഞ്ഞ് ആയിരം കൈകള്‍കൊണ്ട് രാവണനെ വട്ടം പിടിച്ചു വെള്ളത്തില്‍ താഴ്തി. രാവണന് ഒന്നും കാണാന്‍ വയ്യാ-- ശ്വാസം മുട്ടുന്നു. കുറച്ചു നേരം അങ്ങനെ പിടിച്ചിട്ട് എഴുനേറ്റ് കറക്കി ഒരേറ്. അര്‍ദ്ധപ്രാണനായി രാവണന്‍ കരയില്‍ ചെന്നു വീണു.

ആരാരുന്നപ്പൂപ്പാ അയാള്‍? ആ‍തിരയ്ക്ക് ഉല്‍ക്കണ്ഠ.

ഓ ഞാന്‍ മുമ്പേ പറഞ്ഞ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ‍. അയാള്‍ കരയ്ക്കു കയറി രാവണനേ പിടിച്ചു കെട്ടി തന്റെ സൈന്യത്തേ ഏല്പിച്ചു--കാരാഗൃഹത്തിലിട്ടു.

കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു . രാവണനേപ്പറ്റി ഒരറിവുമില്ല. രാവണന്റെ മുത്തശ്ശന്‍ --അമ്മ കൈകസിയുടെ അച്ഛന്‍ --മാ‍ല്യവാന്‍ അറിഞ്ഞു--രാവണന്‍ ഹേഹയരാജ്യത്ത് കാര്‍ത്തവീര്യന്റെ തടവറയില്‍ കിടക്കുന്നെന്ന്. അദ്ദേഹം വളരെ സാത്വികനും എല്ലാവരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്--കാര്‍ത്തവീര്യനോട് അപേക്ഷിച്ചാണ് രാവണനേ മോചിപ്പിച്ചത്.

തീര്‍ന്നോ അപ്പൂപ്പാ--ആതിര--

എന്താടീ നിനക്കിത്ര ധിറുതി--കിട്ടു--അവനും അവളും മുന്നാളാണ്. ഇടപെട്ടില്ലെങ്കില്‍ രാമ-രാവണയുദ്ധം ഉറപ്പ്.

എന്താ മോളേ--

അല്ലപ്പൂപ്പാ ദാ ആ പുളിയുടെ മണ്ടയ്ക്കോട്ടു നോക്കിയേ--കുറേ നേരമായി ഒരു കിളി അവിടിരുന്ന്--ഏതാണ്ട് പറഞ്ഞ്-കുര്‍-കുര്‍ എന്നു പറഞ്ഞോണ്ടിരിക്കുന്നു.

അപ്പം അവളു കഥ കേള്‍ക്കുകല്ലാരുന്നു--കിട്ടു വീണ്ടും.

പോട്ടെമോനെ--അതേ മോളേ--ചക്കരക്കുട്ടിയാണ്. അതിന്റെ മോള്‍ ഒരു കൊച്ചുചക്കരക്കുട്ടിയുണ്ടാരുന്നു. ഒരു ദിവസം അമ്മച്ചക്കരക്കുട്ടി നാഴി പയറു വാങ്ങിച്ചു കൊണ്ടുവന്ന് അതു വറത്തു വയ്ക്കാന്‍ പറഞ്ഞിട്ട് പുറത്തുപോയി. തിരിച്ചു വന്ന് നോക്കിയപ്പോള്‍ പയറു വറത്തു വച്ചിട്ടുണ്ട്. അളന്നു നോക്കിയപ്പോള്‍ മൂഴക്കേയുള്ളൂ.

മൂഴക്കോ- അതെന്തവാ-പയറുവറത്തപ്പം വേറൊരു സാധനം.

അതു സാധനമല്ല മോളേ- ഒരളവാ-പണ്ടത്തേ--നാഴി--അതിന്റെ പകുതി ഉരിയ-അതിന്റെ പകുതി ഉഴക്ക്-അതിന്റെ പകുതി ആഴക്ക്--അങ്ങിനെയാണ്. ഇതില്‍ മൂന്നാഴക്ക് ചേരുന്നതാണ് മൂഴക്ക്.

അപ്പോള്‍ നാഴി പയറു വറുത്തത് മൂഴക്കായി. ബാക്കി കൊച്ചുചക്കരക്കുട്ടി തിന്നു കളഞ്ഞതാണെന്ന് പറഞ്ഞ് ചക്കരക്കുട്ടി കൊച്ചുചക്കരക്കുട്ടിയേ തല പിടിച്ച് അടുപ്പില്‍ വച്ച് കൊന്നുകളഞ്ഞു. പിന്നെ പോയി നാഴി പയറു വാങ്ങിക്കൊണ്ടുവന്ന് വറുത്തു. അളന്നു നോക്കിയപ്പോള്‍ അതും മൂഴക്കേയുള്ളൂ.

അതാരു തിന്നു--ഉണ്ണി പെട്ടെന്ന് ചോദിച്ചു.

ആരും തിന്നതല്ലെടാ--നാഴി പയറു വരുത്താ‍ല്‍ മൂഴക്കേ കാ‍ണൂ. അന്നു മുതല്‍ ചക്കരക്കുട്ടി കരഞ്ഞോണ്ട് നടക്കുകയാണ്--ഞാനും വറുത്തിട്ട് മൂഴക്കേയൊള്ളേ-കൊച്ചുചക്കരക്കുട്ടീ-കുര്‍-കുര്‍. എന്നു പറഞ്ഞ്. അതാണ് ഈ കേള്‍ക്കുന്നത്.

ബാലി

1
നമ്മുടെ നാരദന്‍ ഒരു ദിവസം ബ്രഹ്മശ്രീ രാവണന്റെ കൊട്ടാരത്തില്‍ ചെന്നു.

ബ്രഹ്മശ്രീയോ--രാവണന്‍ രാക്ഷസനല്ലേ ഉണ്ണി ഇടപെട്ടു.

എടാ വല്ലപ്പോഴും രാമായണം വായിക്കണം. ഈ കര്‍ക്കിടകത്തില്‍ വായിക്കണമെന്നു പറഞ്ഞിട്ട് ഓരോ കാര്യം പറഞ്ഞ് ഒഴിവാകുകയല്ലായിരുന്നോ.പോട്ടെ . രാവണന്‍ സാക്ഷാല്‍ ബ്രഹ്മാവിന്റെ നാലാമത്തേ തലമുറയാണ്,
“പൌലസ്ത്യ പുത്രനാം ബ്രാഹ്മണാഢ്യന്‍ ഭവാന്‍
ത്രൈലോക്യ സമ്മതന്‍ ഘോര തപോധനന്‍ ‍” എന്നാണ് രാമായണത്തില്‍ രാവണനേക്കുറിച്ച് പറയുന്നത്.

ലോകം മുഴുവന്‍ ജയിച്ചെന്ന് അഹങ്കരിച്ചിരുന്ന രാവണനേ ഒന്നു കണ്ടുകളയാം--പറ്റിയെങ്കില്‍ ഒരു പണി കൊടുക്കുകയും ചെയ്യാം, എന്നാണ് നാരദന്റെ വിചാരം.

നാരദനേക്കണ്ട് രാവണന്‍ സിംഹാസനത്തില്‍ നിന്നും എഴുനേറ്റ് കാലു കഴുകിച്ച് പൂജിച്ച് ഭദ്രാസനത്തിലിരുത്തി.
രാവണന്‍ :- അങ്ങ് ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ആളാണല്ലോ. എന്തുണ്ട് വിശേഷങ്ങള്‍. നമ്മുടെ പ്രജകളൊക്കെ സൌഖ്യമായിരിക്കുന്നില്ലേ. എല്ലായിടത്തും കണ്ണെത്തുന്നില്ല.
നാരദന്‍ :- എല്ലായിടത്തും പരമ സൌഖ്യം. അങ്ങയുടെ ഗുണഗണങ്ങള്‍ വാഴ്തി-വാഴ്തി പെണ്ണുങ്ങളുടെ നാവു കുഴഞ്ഞു. എവിടെ ചെന്നാലും രാവണ പ്രഭുവിനേ ഇങ്ങോട്ടു കണ്ടിട്ട് കുറേക്കാലമായല്ലോ എന്നേ കേള്‍ക്കാനുള്ളൂ. പക്ഷേ--ഓ ഒന്നുമില്ല.
രാവണന്‍ :- എന്താണങ്ങു നിര്‍ത്തിക്കളഞ്ഞത്. എന്താണു പക്ഷേ-
നാരദന്‍ :- ഓ അതു പറയാന്‍ തന്നെ എനിക്കു നാണമാകുന്നു. പോട്ടെ.
രാവണന്‍ ‍:- അല്ല എന്തോ ഉണ്ട്. പറയണം. എന്താണെങ്കിലും-
നാരദന്‍ :- അതേ-ഞാനീയിടെ കിഷ്കിന്ധവരെ പോയിരുന്നു.
രാവണന്‍ ‍:- ആ കുരങ്ങന്മാരുടെ രാജ്യത്തോ?
നാരദന്‍ ‍:- അതെ. പക്ഷേ എന്തൊരഹങ്കാരികളാണ് അവിടെ ബാലിയെന്നൊരു കുറങ്ങനാണ് ഭരണം. നിങ്ങള്‍ അയല്‍ക്കാരാണല്ലോ എന്നു വിചാരിച്ച് ഞാനെന്റെ ഗ്രഹപ്പിഴയ്ക്ക് രാവണ പ്രഭു ഒക്കെ എങ്ങിനെ ഇരിക്കുന്നു എന്നു ചോദിച്ചു. അവന്റെ ഉത്തരം കേട്ട് എന്റെ തൊലി പൊളിഞ്ഞു പോയി. അത് എന്തായാലും ഞാന്‍ പറയത്തില്ല.
രാ‍വണന്‍ :- എന്താ സ്വാമീ‍ ഇത്. എനിക്ക് അതുകേള്‍ക്കാന്‍ ധൃതിയായി. പറയൂ.
നാരദന്‍:- എന്റച്ഛനേ അവന്റെ മോന്‍ പിടിച്ച് കെട്ടി കൊണ്ടുചെന്ന് അവന്റെ മുമ്പില്‍ നിര്‍ത്തി അവമാനിച്ചു. അന്നു മുതല്‍ ഞാനവനേ നോട്ടമിട്ടിരിക്കുന്നതാ. അവന്റെ അമ്മായി അപ്പന്റെ മോനേ --അവന്റളിയനേ-ഇതിനിടയ്ക്കു ഞാന്‍ തട്ടി. ഇപ്പോള്‍ ഞാനൊരു ശകലം ബിസിയാ. അതിനിടയ്ക്ക് അവന്‍ ഇങ്ങോട്ടെങ്ങാനും വന്നാല്‍--ഞാന്‍ നോക്കി ഇരിക്കുകയാണെന്ന് അവനേ കണ്ടാല്‍ ഒന്നു പറഞ്ഞേരെ.

ഒരട്ടഹാസത്തോടുകൂടി രാവണന്‍ ചാടി എഴുനേറ്റു. അത്രയ്ക്കായോ ഈ കുരങ്ങന്മാര്‍. ഇനി കുരങ്ങു വംശം ഭൂമിയില്‍ വേണ്ടാ--രാവണന്‍ ചന്ദ്രഹാസം ഇളക്കിക്കൊണ്ട് അലറി. എവിടെ പ്രഹസ്തന്‍ . പുഷ്പകം കൊണ്ടു വരൂ.

നാരദന്‍ വന്ന പുഞ്ചിരി അമര്‍ത്തിക്കൊണ്ട് പറഞ്ഞു. ധൃതി വയ്ക്കണ്ടാ. ഞാനും കൂടി വരാം. അവന്‍ സാധാരണക്കാരനല്ല.

ഛീ--രാവണന്‍ പുച്ഛത്തോടെ ചിരിച്ചു. ഏതായാലും സ്വാമി കൂടി പോരെ. സ്വാമിയുടെ സംശയം അങ്ങു തീരട്ടെ.
അപ്പഴേ അപ്പൂപ്പാ ഇങ്ങനങ്ങു പറഞ്ഞു പോയാല്‍--ആരാണ് ബാലിയുടെ അച്ഛന്‍ --അമ്മായി അപ്പന്റെ മോന്‍ --ഇതൊന്നും ഞങ്ങള്‍ക്കറിയാന്‍ വയ്യാ.

ഓ- ക്ഷമിക്കു മക്കളേ--ബാലിയുടെ അച്ഛന്‍ ഇന്ദ്രന്‍ --രാവണന്റെ അമ്മായി അപ്പന്‍ മയന്‍ --മയന്റെ മകന്‍ മായാവി--രാമായണം വായിക്കണം. മായാവിയേ ബാലി കൊന്നു.

രാവണനും നാരദനും കൂടി പുഷ്പകവിമാനത്തില്‍ കയറി കിഷ്കിന്ധയില്‍ എത്തി. വഴിക്കുവച്ച് നാരദന്‍ പറയാതെ വച്ചിരുന്ന ഒരു കാര്യം രാവണനോടു പരഞ്ഞു. ബാലിക്ക് അച്ഛന്‍ ഇന്ദ്രന്‍ കൊടുത്ത ഒരു മാലയുണ്ട്. അത് ധരിച്ചിരിക്കുമ്പോള്‍ അവനോട് നേരിട്ട് എതൃക്കുന്നവന്റെ പകുതി ശക്തി കൂടി ബാലിക്കു കിട്ടും.

അതായത് രാവണന്റെ പകുതി ശക്തി+ ബാലിയുടെ ശക്തി ബാലിക്ക്-

-രാവണനോ സ്വന്തം ശക്തിയുടെ പകുതിമാത്രം. അതു കൊണ്ട് അവനുനേരേ പോകണ്ടാ. വൈകിട്ട് സന്ധ്യാവന്ദനത്തിന് കടല്‍തീരത്തു കടലിലേക്കുനോക്കി ഒരിരിപ്പുണ്ട്. അന്നേരം നമുക്ക് പിന്നില്‍കൂടിചെന്ന് അവനേ പിടിക്കാം.

അവര്‍ രണ്ടുപേരും കൂടി പതുക്കെ നടന്നു. ബാലി ഇരിക്കുന്ന സ്ഥലം നാരദന്‍ ചൂണ്ടിക്കാണിച്ചു.

രാവണന്‍ അങ്ങോട്ടുനോക്കി. ഒരു പര്‍വ്വതം.

ഈപര്‍വ്വതത്തിന്റെ അപ്പുറത്താണോ--രാവണന്‍ ചോദിച്ചു.

ഏതു പര്‍വ്വതം-നാരദന്‍ ചോദിച്ചു. അതു ബാലിയാണ്--ദേ വാലു നീട്ടി പുറകിലേക്കിട്ടിരിക്കുന്നതു കണ്ടില്ലേ. പതുക്കെ ചെന്ന് വാലില്‍ പിടികൂട്. പിന്നെ അവന്‍ നമ്മുടെ കസ്റ്റഡിയിലാണ്. പൊയ്ക്കോ പൊയ്ക്കോ

--രാവണനേ മുന്നോട്ടു വിട്ടിട്ട് നാരദന്‍ പിന്നോട്ടു നടന്നു. രാവണന്‍ വളരെ സാവധാനത്തില്‍--ഇപ്പോള്‍ പഴയ ശൌര്യം ഒന്നും ഇല്ല--മുന്നോട്ടു നടന്ന് ഒന്നു തിരിഞ്ഞു നോക്കി--നാരദന്‍ വളരെ ദൂരെയാണ്--അവിടെനിന്ന് മുന്നോട്ടു പൊയ്ക്കോള്ളാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. രാവണന്‍ വാലില്‍ പിടിച്ചതും നാരദന്‍ മറഞ്ഞു.

രാവണന്‍ ഒരു കൈകൊണ്ട്ബാലിയുടെ വാലില്‍ പിടിച്ചു. ബാലി ആ കൈ വാലുകൊണ്ട് ഒരു ചുറ്റുചുറ്റി. രാവണന്‍ അടുത്ത കൈകൊണ്ട് പിടിച്ചു. ബാലി അതുകൂട്ടി ചുറ്റി. രാവണന്‍ പിടിവിടീ‍ക്കാന്‍ ശ്രമിക്കുന്തോറും ഇരുപതു കൈകളും; കാലുകളും എല്ലാം ബാലിയുടെ വാലില്‍ പെട്ട് ഒരു പന്തുപോലായി. ബാലി അവിടെനിന്ന് അടുത്ത കടല്‍ കരയിലേക്കു ചാടി--നാലു കടലിന്റെ തീരത്തും ബാലിക്ക് സന്ധ്യാവന്ദനം ഉണ്ട്. അതെല്ലാം കഴിഞ്ഞ് ബാലി വാല്‍ പതുക്കെ വെള്ളത്തില്‍ മുക്കി. രാവണന് മരണവെപ്രാളം--ശ്വാസം നില്‍ക്കുന്നതിനു മുമ്പ് വാല്‍ കരക്കെടുത്തു. ഒറ്റ ച്ചാട്ടത്തിന് കിഷ്കിന്ധയിലെത്തി.

രാവണന്‍ വാലിലുണ്ടെന്ന് അറിഞ്ഞ ഭാവമേ ഇല്ല. ഇങ്ങനെ എത്ര കാലം കഴിഞ്ഞെന്ന് അറിയത്തില്ല--

ഒരു ദിവസം ബാലിയുടെ മകന്‍ അംഗദന്‍ അച്ഛന്റെ വാലില്‍ പിടിച്ച് കളീക്കുകയാണ്. അതാ എന്തോ മിനുങ്ങുന്നു. അവന്‍ ഒരീര്‍ക്കിലെടുത്ത് ഒറ്റക്കുത്ത്--ഒരലര്‍ച്ച കേട്ട് നോക്കിയപ്പോള്‍ രാവണന്റെ കണ്ണില്‍ നിന്നും ചോര.

ബാലി പതുക്കെ വാലെടുത്ത് അറ്റം പരിശോധിച്ചു.

അയ്യോടാ ഇതാരാ രാവണനല്ലിയോ--താനെന്താടോ ഇവിടെ--കുരുങ്ങിയപ്പോള്‍ തനിക്കൊന്നു പറയാന്‍ വയ്യാരുന്നോ--അയ്യോ പാവം ക്ഷീണിച്ച് എല്ലും കോലും ആയിപ്പോയല്ലോ. അംഗദാ വാലഴിച്ചുവിട്. ലോക ചക്രവര്‍ത്തിയാ--നിന്റപ്പൂപ്പനെ പിടിച്ചു കെട്ടിയവന്റെ തന്ത.

കെട്ടഴിഞ്ഞ രാവണന്‍ നാണിച്ച് നില്‍ക്കുമ്പോള്‍ ബാലി പറഞ്ഞു -പൊയ്ക്കൊ-മര്യാദയ്ക്ക് ഇരുന്നോണം.

രാവണന് ബാലിയുമായി സഖ്യം ചെയ്യാന്‍ മോഹം. എതായാലും ബാലി സമ്മതിച്ചു. അങ്ങനെ അന്നുമുതല്‍ അവര്‍ സഖ്യ കക്ഷികളായി. രാവണന്‍ ലങ്കയിലേക്കു പോന്നു.

മനസ്സിലായി.

0
അപ്പൂപ്പാ വന്നേ. ഒരു കാ‍ര്യം ചോദിക്കട്ടെ. എപ്പം നോക്കിയാലും എന്തെങ്കിലും നടുകയോ അല്ലെങ്കില്‍ ചുവടിളക്കി വളമിടുകയോ ഒക്കെ ചെയ്തുകൊണ്ടിരിക്കും. ഈ സാധനങ്ങളൊക്കെ നമുക്ക് കടയില്‍ കിട്ടത്തില്ലേ. നമ്മളെന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത്? ഗള്‍ഫില്‍ നിന്നും വന്ന് ഇവിടെ പഠിക്കുന്ന രാംകുട്ടന്റെ ന്യായമായ ചോദ്യം.

എല്ലാം നമുക്ക് കടയില്‍ നിന്നും കിട്ടും മക്കളേ. അതൊക്കെ ആരെങ്കിലും ഉണ്ടാക്കിയതാണല്ലോ. നമുക്ക് സാധിക്കുന്നത് നമുക്കുണ്ടാക്കിക്കൂടേ? നീ നോക്കിയേ ഇവിടെ എത്ര തരം ജന്തുക്കളുണ്ട്. കാക്ക, കുയില്‍, മാടത്ത, പച്ചക്കിളി, മഞ്ഞക്കിളി, ഓലേഞാലി, കാക്കത്തമ്പ്രാട്ടി, തത്തമ്പേര, മണ്ണാത്തിക്കീച്ചി--ദാ‍ഓടുന്ന കണ്ടോ കുളക്കോഴി, കുരീല്‍, ദേ പ്രാ‍വ് വരുന്ന കണ്ടോ-- പിന്നെ ദാ കീരിയും കുഞ്ഞും കൂടി ഓടുന്നു--അണ്ണാന്‍ ഇങ്ങനെ എത്ര തരം ജന്തുക്കള്‍--നമ്മുടെ പുരയിടത്തില്‍. ഇവയെല്ലാം ഇവിടിങ്ങനെ നടക്കുന്നതെന്താ--ഒന്നാമത് അതിനെ ആരും ഉപദ്രവിക്കാന്‍ നമ്മള്‍ സമ്മതിക്കത്തില്ല--

അതു ശരിയാ ഇന്നാളില്‍ മാടത്തക്കുഞ്ഞുങ്ങളേ പിടിക്കാന്‍ വന്ന പിള്ളാരേ അപ്പൂപ്പനോടിച്ചത് കണ്ട് അതിലൊരെണ്ണത്തിനെ വളര്‍ത്താമെന്നു വിചാരിച്ചിരുന്ന ഞാനെത്ര കരഞ്ഞതാ-കിട്ടുവിന്റെ സര്‍ട്ടിഫിക്കറ്റ്.

പിന്നെ അതിനു തിന്നാനുള്ള സാധനം ഇവിടെ സുലഭമായി കിട്ടും. അത് നമ്മള്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതു കൊണ്ടാണ്. ഈ മണ്ണ് നമ്മുടെ സ്വന്തമല്ല--നമ്മള്‍ ഇവിടെ വന്നു ജനിച്ചതുകൊണ്ട് നമ്മുടെയാണെന്ന് പറയുന്നു. ഇത് സകലജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് കൃഷി ചെയ്യാന്‍ സധിക്കില്ല--

ആരു പറഞ്ഞു--വരാന്തയിലും മട്ടുപ്പാവിലുമൊക്കെ ചട്ടിയില്‍ പച്ചക്കറി വളര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ--ശ്യാംകുട്ടന്‍ അങ്ങിനെ എളുപ്പം ഒരുകാര്യം സമ്മതിച്ചു തരത്തില്ല.

ശരിയാ മോനേ ആള്‍ക്കാര്‍ക്കു വിവരം ഉണ്ടായാല്‍ നമ്മളെന്തു ചെയ്യും? ഞാന്‍ പറഞ്ഞത് നമ്മള്‍ സ്ഥലം ഉള്ളവര്‍ അതു വെറുതേ ഇടാതെ, കഴിയുന്നത് ചെയ്തുകൊണ്ടിരുന്നാ‍ല്‍ അത്രയും സമാധാനം--അതല്ല വല്ലവരും ഉണ്ടാക്കിത്തരുന്നതേ നമ്മള്‍കഴിക്കത്തുള്ളൂ എന്നു വാശി പിടിച്ചാല്‍ അതിലും സമധാനം--അല്ലാതെന്താ. ഈപറഞ്ഞതു വല്ലോം തലയില്‍ കേറിയോ?

കേറി കേറി-ആതിര ആവേശത്തോടെ പറഞ്ഞു. ഞങ്ങടെ സ്കൂളില്‍ ഇപ്പോള്‍ കൃഷി പഠിപ്പിച്ചു തുടങ്ങി--ഞാനിനി അപ്പൂപ്പന്റെ കൂടെ എല്ലാം ചെയ്യും.

നിങ്ങള്‍ക്കോടാ. ഓ എല്ലാം മനസ്സിലായി അപ്പൂപ്പാ.

നന്നായി-പണ്ടു നമ്മടെ മൊല്ലാക്കയ്ക്ക് മനസ്സിലായപോലാകരുത്.

അതാരാ അപ്പൂപ്പാ ഈ മൊല്ലാക്കാ.

അതേ ഇല്ല വെള്ളമടിച്ചോണ്ട് വണ്ടി ഓടിച്ച-----

ആ ഞങ്ങള്‍ക്കറിയാന്‍ വയ്യാ. എന്നാല്‍ കേട്ടൊ-മൊല്ലാക്ക സാ‍ധാരണ മദ്യപിക്കാറില്ല. ഒരു ദിവസം ഒരുസുഹൃത്ത് ഒന്നു സല്‍ക്കരിച്ചു. തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി പോലീസ്സ് പിടിച്ചു. മദ്യപിച്ചു വണ്ടിയോടിച്ചതിന്--മജിസ്റ്റ്രേട്ടിന്റെ കൊടതിയില്‍ എത്തിച്ചു. ആദ്യമാ‍യ കേസായതിനാലും കണ്ടിട്ട് മാന്യനാണെന്നു തോന്നിച്ചതിനാ‍ലും ഇനി മേലാല്‍ ഇങ്ങനെ ഇവിടെ വന്നുപോകരുതെന്നുള്ള ശാസനയോടെ കോടതി മൊല്ലാക്കയേ വിട്ടു.

ആഴ്ച രണ്ടു കഴിഞ്ഞു. വീണ്ടും ഒരു സല്‍ക്കാരം കഴിഞ്ഞു വരുന്ന വഴി പോലീസ്സിന്റെ പിടിയിലായി. ഇത്തവണ മജിസ്റ്റ്രേട്ടിന് ദെഷ്യം വന്നു.

തന്നോടല്ലിയോടൊ ഇങ്ങനെ ഇവിടെ വരരുതെന്നു പറഞ്ഞയച്ചത്--കോടതി ഗര്‍ജ്ജിച്ചു.

മൊല്ലാക്ക വളരെ വിനീതനായി-ശാന്തനായി പറഞ്ഞു. അവിടുന്നു ക്ഷമിക്കണം. ഇങ്ങനെ അങ്ങുന്നു പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ അവുന്നതു പോലീസുകാരോടു പറഞ്ഞു നോക്കി--അവരു സമ്മതിക്കാതെ എന്നേ ബലമായി പിടിച്ചു കൊണ്ടുവന്നതാ--

കൊണ്ടു പോടോ ഈ വിഡ്ഡിയേ എന്ന് ചിരി അമര്‍ത്തിക്കൊണ്ട് കോടതി പറഞ്ഞെന്നാ റിപ്പോര്‍ട്ട്--കോടതിക്ക് ചിരിക്കാനറിയാമോന്ന് എനിക്കറിയില്ല.

ഈ മൊല്ലാക്ക ഒരിക്കല്‍ മരിച്ചു പോയി-അഥവാ‍-മരിച്ചുപോയെന്ന് അങ്ങേര്‍ക്ക് തോന്നി.

മൂത്ത മകനേ വിളിച്ച് താന്‍ മരിച്ചു പോയെന്നും ഉടനേ എല്ലാവരേയും വിവരം അറിക്കണമെന്നും ഒട്ടും വിഷമിക്കരുതെന്നും പറഞ്ഞു.

വാപ്പ മരിച്ചില്ലെന്നും വെറും തോന്നലാണെന്നും മകന്‍ പറഞ്ഞപ്പോള്‍--

ഞാന്‍ മരിച്ചില്ലീന്ന് നീയാണോടാ തീരുമാനിക്കുന്നത്--വേഗം അടക്കാനുള്ളപരിപാടി നോക്ക്-എന്നു അലറി.

മോനും വീട്ടുകാരും കൂടി മൊല്ലാക്കയേ അടൂത്തുള്ള ഒരു ഡോക്ടറുടെ അടുത്തു കൊണ്ടു പോയി വിവരം പറഞ്ഞു.

സാരമില്ല ഞാന്‍ ഇപ്പം ശരിയാക്കിത്തരാം ഡോക്ടര്‍ ഉറപ്പു കൊടുത്തു.
ഡോക്ടര്‍:- (മൊല്ല്ലാക്കയോട്) നിങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. ഇതാ പള്‍സ് നോര്‍മലാണ്.
മൊല്ലാക്ക:- ഞാന്‍ മരിച്ചു പോയി. കഷ്ടമായിപ്പോയി. വേഗം അടക്കാനുള്ള ഏര്‍പ്പാടു ചെയ്യ്.
ഡോക്ടര്‍:- നിങ്ങള്‍ മരിച്ചിട്ടില്ല.
മൊല്ലാക്ക:- അതു താനാണോ തീരുമാനിക്കുന്നത്. പറയുനതുകേട്ടാമതി.
ഡോക്ടര്‍:- ദേ ഞാന്‍ ഇപ്പോള്‍ തെളിയിക്കാം. മരിച്ച ആളിന്റെ ശരീരത്തില്‍ മുറിവില്‍ നിന്നും രക്തം വരുത്തില്ല. ഇതുനോക്ക്--ഡോക്ടര്‍ സൂചികൊണ്ട് തന്റെ കൈയ്യില്‍ കുത്തി--എന്നിട്ട് രക്തം വരുന്നതു കാണിച്ചു--ഇതു കണ്ടോ--മരിച്ചയാളുടെ ശരീരത്തില്‍ നിന്നും ഇതുപോലെ രക്തം വരില്ല--എന്നു പറഞ്ഞു കൊണ്ട് ഡോക്ടര്‍ മൊല്ലാക്കയുടെ കൈയ്യില്‍ സൂചികൊണ്ട് കുത്തി രക്തം വന്നത് കാണിച്ചു.
ഡോക്ടര്‍:- ഇപ്പോള്‍ മനസ്സിലയോ.
മൊല്ലാക്ക:- മനസ്സിലായി.
ഡോക്ടര്‍:- എന്തു മനസ്സിലായി?
മൊല്ലാക്ക:- മരിച്ചയാളുടെ ശരീരത്തിലേ മുറിവില്‍ നിന്നും രക്തം വരുമെന്ന് മനസ്സിലായി.

ഡോക്ടര്‍ തലയില്‍ കൈവച്ച് നിന്നുപോയി.

പ്രഹ്ലാദന്‍

1
അപ്പൂപ്പോ ഇനി പയറിന്റെ ചുവട്ടില്‍ ചൊറിഞ്ഞു കൊണ്ടിരിക്കാതെ വന്ന് കഥ പറ--ആതിരയാണ്.

വരുവാ മോളേ. ഇതിന്റെ ഇട ഇളക്കിയില്ലെങ്കില്‍ പുല്ലു കയറിമൂടിപ്പോകും.

ങാ വാ. മഹാ വിഷ്ണുവിന്റെ സെക്യൂരിട്ടിക്കാരേ അറിയാമോ?

ഓ അതു വേണ്ടാ -പ്രഹ്ലാദന്റെ കഥ പറ.

അതു പറയാം. കേള്‍ക്ക്. ജയനും- വിജയനും--ജയവിജയന്മാരെന്ന് പറയും. അവരാണ് പാലാഴിയുടെ കാവല്‍. വലിയ ഭക്തന്മാര്‍. പക്ഷേ കാ‍ലംകുറേ ആയപ്പോള്‍ അവര്‍ക്ക് ഒരു അധികാരഭ്രമം. മഹാവിഷ്ണുവിനേ കാണാന്‍ വരുന്നവരെല്ലാം ഭയ-ഭക്തി ബഹുമാനത്തോടെ അനുവാദം ചോദിക്കുന്നു. പതുക്കെപ്പതുക്കെ അവര്‍ അധികാ‍രം പ്രയോഗിച്ചു തുടങ്ങി.

ഒരു ദിവസം നാരദന്‍ ചെന്നപ്പോള്‍--ഇപ്പോള്‍കാണാന്‍ സൌകര്യമില്ലെന്നു പറഞ്ഞു. നാരദനല്ലേ പുള്ളി. ജയനേ വിളിച്ചു മാറ്റി നിര്‍ത്തി ചെവിയില്‍ പറഞ്ഞു. എന്താ വേണ്ടതെന്നു വച്ചാല്‍ ചെയ്യാം. എനിക്കൊരത്യാവശ്യകാര്യമുണ്ടായിരുന്നു.

ശരി എന്നാല്‍ ഒരു പത്തു രൂപതന്നേരെ. കേറി പൊയ്ക്കോ.

നാരദന്‍ കൈക്കൂലി കൊടുത്തെന്നോ--അപ്പൂപ്പോ--ഉണ്ണിക്കുവിശ്വാസം വരുന്നില്ല.

അതേടാ നീ അറുവല നമ്പ്യാതിയുടെ കഥ കേട്ടിട്ടില്ലേ--ഒരു വലിയ വീട്ടിലേ ഉണ്ണി--ആരു വന്നാലും അവരുടെ തലയില്‍ കയറി ഇരുന്ന് മൂത്രമൊഴിക്കും. വീട്ടുകാരുംവിലക്കത്തില്ല--കുഞ്ഞല്ലെ- അങ്ങിനെ ഇരിക്കുമ്പോള്‍ അറുവല നമ്പ്യാതി അവിടെ ചെന്നു. ഉണ്ണി പതിവുപോലെ നമ്പ്യാതിയുടെ തലയിലും മൂത്രമൊഴിച്ചു. നമ്പ്യാതി എന്തു ചെയ്തെന്നോ-- മോനേ-മക്കളു വാ--നല്ല കുട്ടന്‍ എന്നു പറഞ്ഞ് തന്റെ കൈയ്യില്‍ കിടന്ന സ്വര്‍ണ്ണമോതിരം ഊരി കുഞ്ഞിന്റെ കൈയ്യില്‍ ഇട്ടുകൊടുത്തു.

കുട്ടിക്കുത്സാഹമായി. അടുത്ത ദിവസം അവിടെ വന്നത് ദുര്‍വാസാവെന്നു ഇരട്ടപ്പേരുള്ള, നാട്ടിലേ ഒരു പ്രമാണിയാണ്. പതിവുപോലെ ഉണ്ണി മൂത്രമൊഴിച്ചു. അയാള്‍ അവനേ പിടിച്ച് രണ്ടു കരണത്തും ഓരോന്ന് പൊട്ടിച്ചു--- ഇനിമേലാല്‍ ഇങ്ങനെ ചെയ്താല്‍ നിന്റെ ഉമ്മാണി ഞാന്‍ കണ്ടിക്കും എന്നു പറഞ്ഞു.

അടുത്ത ദിവസം വീണ്ടും അറുവല നമ്പ്യാതി വന്നു. അന്ന് ഉണ്ണി ആ ഭാഗത്തേക്കേ വന്നില്ല. നമ്പ്യാതി ഉണ്ണിയേ വിളിച്ചു മോതിരം തിരിച്ചു മേടിച്ചു. ഞാനായിട്ടു തന്നാല്‍ ഇത്ര നന്നാകത്തില്ല അതുകൊണ്ടാണ് നീ കൊള്ളാവുന്നവരുടെ കൈയ്യില്‍ നിന്നു മേടിച്ചോട്ടെന്ന് വിചാരിച്ച് മോതിരം തന്നതെന്നും പറഞ്ഞു.

ജയവിജയന്മാര്‍ പിന്നീടു വരുന്നവരേയും കാര്യം ഞങ്ങള്‍ ശരിയാക്കിത്തരാം എന്നു പറഞ്ഞ് അകത്തുവിടാതെ പറഞ്ഞയച്ചു തുടങ്ങി.

ആരുടടുത്താ--ഇന്ദ്രന്റെയോ--ഞങ്ങള്‍ശരിയാക്കിത്തരാം. വെറുതേ മൂപ്പരേ ബുദ്ധിമുട്ടിക്കണ്ടാ. ഹേയ് അത്ര യൊന്നുംവേണ്ടാ--ഇപ്പം ഞങ്ങള്‍ റേറ്റ് കുറച്ചു . സാമ്പത്തിക മാന്ദ്യമല്ലേ.

ഇങ്ങനെ ജയവിജയന്മാര്‍ വിലസുന്ന കാലത്ത്-സനകാദികള്‍ മഹാവിഷ്ണുവിനേ കാണാന്‍ ചെന്നു. ഇപ്പോള്‍ സമയമില്ല. ജയന്‍ പറഞ്ഞു. ഞങ്ങള്‍ക്കത്യാവശ്യമായ ഒരു കാര്യം പറയാനാണ്. എന്താ വല്ല ആശ്രമത്തിനും സ്ഥലത്തിനു വേണ്ടിയാണോ--ഞങ്ങള്‍ ശരിയാക്കിത്തരാം--എവിടെ വേണം--ഇടുക്കിയിലാണെങ്കില്‍ നല്ല ഏലക്കാടുകള്‍ ഉണ്ട്--അല്ലെങ്കില്‍ വയനാടു മതിയോ--മിതമായ വിലയ്ക്ക് ഞങ്ങളേര്‍പ്പാടാക്കാം.

മാ‍റി നില്‍ക്ക് വിഡ്ഡിത്തം പുലമ്പാതെ--സനന്ദനന് ദേഷ്യം വന്നു. വെറുതേ ഇതിനകത്തു കടക്കാമെന്നു വിചാരിക്കേണ്ടാ--വിജയന്‍ ഭീഷണിപ്പെടുത്തി. ശരി-എന്നാല്‍ ഈ അത്യാഗ്രഹികളായ നിങ്ങള്‍ ഭൂമിയില്‍ പോയി ജനിച്ച് രാക്ഷസന്മാരായി-കൊള്ളയും കൊലയും ചെയ്ത് ദുര്‍വൃത്തന്മാരാ‍യി നടക്കട്ടെ. സനകാദികള്‍ അവരേ ശപിച്ചു.

ജയവിജയന്മാര്‍ ഞെട്ടിവിറച്ചു. എല്ലാം ഒരേ വേഷത്തില്‍ വരുന്നതു കൊണ്ട് കള്ളസ്സ്വാ‍ാമിമാരേയും യഥാര്‍ത്ഥ സ്വാമിമാരേയും തിരിച്ചറിയാനും വയ്യാ. അവര്‍ മഹാവിഷ്ണുവിന്റടുത്ത് പരാതി ബോധിപ്പിച്ചു. കുറേ നാളായി ആരും അങ്ങോട്ടു ചെല്ലാത്തതെന്താണെന്ന് ദിവ്യദൃഷ്ടികൊണ്ടു കണ്ടു പിടിച്ച് അവര്‍ക്കു പണീകൊടുക്കാന്‍ വരുത്തിയത്താണ് സനകാദികളേ.

ഒന്നും അറിയാ‍ത്തതുപോലെ അദ്ദേഹം വിവരം തിരക്കി.- കഷ്ടമായിപ്പോയി-- സരമില്ല--മൂന്നു ജന്മം നിങ്ങള്‍ രാക്ഷസന്മാരായി ജനിച്ച് എന്റെ കൈ കൊണ്ട് മരണം സംഭവിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ശാപമോക്ഷം കിട്ടും-എന്ന് അവരേ ആ‍ശ്വസിപ്പിച്ചു. അവരാണ് ഹിരണ്യാക്ഷനും-ഹിരണ്യകശിപുവും; രാവണനും-കുംഭകര്‍ണ്ണനും; ശിശുപാലനും-ദന്തവക്ത്രനും. അതില്‍ ഹിരണ്യകശിപുവിന്റെ മകനാണ് പ്രഹ്ലാദന്‍ . ആ പ്രഹ്ലാ‍ദന്റെ സ്വഭാവത്തേപ്പറ്റിയാണല്ലോ നമുക്ക് ആലോചിക്കേണ്ടത്.

ഹിരണ്യകശിപു തന്റെ ജ്യേഷ്ടന്‍ ഹിരണ്യാക്ഷനേ മഹാവിഷ്ണു പന്നിയായവതരിച്ച് കൊന്നതിന്റെ ദേഷ്യത്തില്‍ ലോകം മുഴുവന്‍പിടിച്ചടക്കി--ഇനി മേലാല്‍ മഹാവിഷ്ണുവിന്റെപേര്‍ ഇവിടെ മിണ്ടിപ്പോകരുതെന്നും അതിനു പകര ഹിരണ്യായ നമ: എന്ന് എല്ലാവരും--മൂന്നുലോകങ്ങളിലും--ജപിച്ചു കൊള്ളണമെന്നു ഉത്തരവിറക്കി. എല്ലാവരും ഭയന്ന് അനുസരിച്ചു--പക്ഷേ അങ്ങേരുടെ മോന്‍ പ്രഹ്ലാദന്‍ മാ‍ത്രം അനുസരിച്ചില്ല. അയാള്‍ നാരായണായ നമ: എന്നെ പറയൂ. അതിനു കാരണം--ഈ ഹിരണ്യകശിപൂ തപസ്സിനു പോയി.

ആരേയാ അപ്പൂപ്പാ തപസ്സു ചെയ്യുന്നത്--ഉണ്ണിക്കറിയണം.

ബ്രഹ്മാവിനേ--

അപ്പോള്‍ ഈ ഹിരണ്യകശിപൂ അവര്‍ക്കൊക്കെ എതിരല്ലേ--

അതേ പക്ഷേ വരം കൊടുക്കണമെങ്കില്‍ അവര്‍ വേണം. ഏതാണ്ടിപ്പോഴത്തേ അവസ്ഥ തന്നെ--ആരേയെങ്കിലും വെറുതേ സഹായിച്ചാല്‍ അവന്റെ കൈയ്ക്ക് അടി ഉറപ്പാ--അതു പോട്ടെ--പുള്ളി തപസ്സിനു പോയ തക്കം നോക്കി ഇന്ദ്രന്‍ ആക്രമണം തുടങ്ങി--ഹിരണ്യകശിപൂവിന്റെ കൊട്ടാരം ആക്രമിച്ച് അയാളുടെ ഭാര്യ കയാധുവിനേ പിടിച്ചു കൊണ്ടു പോയി. വഴിക്കുവച്ച് നാരദന്‍ കണ്ടു--ഇന്ദ്രനേ കുറെ ചീത്ത പറഞ്ഞ് കയാധുവിനേ തന്റെ ആശ്രമത്തിലേക്ക്കൂട്ടിക്കൊണ്ടു പോയി. അന്നു കയാധു ഗര്‍ഭിണിയായിരുന്നു. ആശ്രമത്തില്‍ വച്ച് ഭഗവല്‍കഥകളും, വേദ-ശാസ്ത്രോപദേശങ്ങളും കേട്ടുകേട്ട് വയറ്റില്‍ കിടന്ന കുഞ്ഞ് ഭഗവത്ഭക്തനായിതീര്‍ന്നു. അപ്പോള്‍ ലഭിക്കുന്ന സംസ്കാരം ജീവിതത്തെ നിയന്ത്രിക്കും.

പണ്ട് നമ്മുടെ മുത്തശ്ശിമാര്‍ ഗര്‍ഭിണികളോട് രാമായണം വായിക്കാനും അമ്പലത്തില്‍ പോകാനും ഒക്കെ നിര്‍ബ്ബന്ധിക്കുമായിരുന്നു. അനുസരിക്കുന്നവര്‍ക്ക് അതിന്റെ ഫലം ലഭിച്ചിട്ടുമുണ്ട്. ഇന്നോ--അലപലാതി സീരിയലിന്റെ മുന്നില്‍ ഇരുന്ന് വയറ്റില്‍ കിടക്കുന്ന പിള്ളാരേയും വഷളാക്കീക്കൊണ്ടിരിക്കുന്നു.

വേണ്ടാ-വേണ്ടാ‍ അപ്പൂപ്പാ-വേണ്ടാ ഈ സീരിയലിനേക്കുറിച്ചു പറഞ്ഞത് അമ്മൂമ്മ കേള്‍ക്കണ്ടാ--കഥ പറച്ചില്‍ തീരുമേ-പറഞ്ഞേക്കാം.

ഓ ഇല്ലേ ഞനൊന്നും പറഞ്ഞില്ലേ. അങ്ങനെയാണ് പ്രഹ്ലാദന്റെ കഥ. ഹിരണ്യകശിപൂ തിരിച്ചു വന്നപ്പോള്‍ നാരദന്‍ കയാധുവിനേ തിരിച്ചേല്പിച്ചു.

കാക്കശ്ശേരി ഭട്ടതിരി രണ്ട്

4
എന്താ എല്ലാരും മയങ്ങി ഇരിക്കുന്നത്. തെങ്ങാ അരിഞ്ഞപ്പോള്‍ ആവശ്യത്തിന് അടിച്ചുകേറ്റിക്കാണും.

ഈ ഉണ്ണിയാ അപ്പൂപ്പാ -എന്തുമാത്രമാ തിന്നത്.

ങാഹാ കിട്ടുവോ പത്തെണ്ണമെങ്കിലും--

മതി മതി കണക്കൊന്നും പറയണ്ടാ--കുറച്ചു ചുക്കെടുത്തു തിന്നോണം. വയറുവേദന വരും. പറഞ്ഞേക്കാം.

എന്നിട്ടു കാക്കശ്ശേരി ഭട്ടതിരി എന്തു ചെയ്തു അപ്പൂപ്പാ.

പതിനൊന്നു വയസ്സു വരെ ഈ വിദ്വാന്മാര്‍ ആ കുട്ടിയെ സകല വിദ്യയും പഠിപ്പിച്ചു. അതിബുദ്ധിമനായിരുന്നതുകൊണ്ട് അവന്‍ പെട്ടെന്ന്തന്നെ എല്ലാം ഹൃദിസ്ഥമാക്കി. ഒരു ദിവസം അടുത്തുള്ള മൂക്കറ്റത്തു ഭഗവതി ക്ഷേത്രത്തില്‍ തൊഴാന്‍ പോയിട്ടു തിരിച്ചു വരുമ്പോള്‍ വഴിയില്‍ വച്ച് ആരോ ചോദിച്ചു. “ ഉണ്ണി എവിടെ പോയി”? അവന്റെ ഉത്തരം ഒരു പദ്യമായിരുന്നു.
“ യോഗിമാര്‍ സതതം പൊത്തും
തുമ്പത്തേ തള്ളയാ‍ാരഹോ
നാഴിയില്‍ പാതി ആടീലാ
പലാകശേന വാ ന വാ.“

---വല്ലോം പിടി കിട്ടിയോ--ഇല്ല--ചോദ്യ കര്‍ത്താവിനും തഥൈവ. അയാള്‍ കണ്ണും മിഴിച്ച് കടന്നു പോയി. തിരിച്ചു വന്ന് ആശാനോട് ഈകാര്യം പറഞ്ഞു. ആശാനും കണ്ണു മിഴിച്ചു. അവസാനം കുട്ടിതനെ അര്‍ത്ഥം പറഞ്ഞു കൊടുത്തു. യോഗിമാര്‍ എപ്പോഴും പൊത്തുന്നത്-മൂക്ക്--അതിന്റെ തുമ്പ്-അറ്റം--മൂക്കറ്റം--തള്ളയാര്-ഭഗവതി--നാഴിയില്പാതി--ഉരിയ-ആടീല --ഉരിയാടീല--മിണ്ടിയില്ലെന്നര്‍ത്ഥം--പല--ബഹു--ആകാശം--മാനം--ബഹുമാനംവാ-ന-വാ‍--കൊണ്ടോ-അതോ അല്ലിയോ--ആ എനിക്കറിയില്ല.

മൂക്കറ്റത്തുഭഗവതി എന്നേകണ്ടിട്ട് ഒന്നും മിണ്ടിയില്ല--ബഹുമാനംകൊണ്ടാണോ അല്ലിയോഎന്ന് നല്ലതീര്‍ച്ചയില്ല--എന്താ കൊള്ളാമോ. ഇതറിഞ്ഞ വിദ്വാന്മാര്‍ ഉദ്ദണ്ഡനേ കാണാന്‍ സമയമായെന്ന്മനസ്സിലാക്കി അതിനുള്ള കാര്യങ്ങള്‍ നീക്കി.

രാജസദസ്സില്‍ പോകാനുള്ള ദിവസം എത്തി. വളരെ പ്രാ‍യംചെന്ന ഒരാളിന്റെ കൈയ്യില്‍ ഒരു പൂച്ചയേ കൊടുത്ത് അയാളേയും ഭട്ടതിരി കൂടെ കൊണ്ടുപോയി. സദസ്സില്‍ എത്തിയപ്പോഴാണ് ഉദ്ദണ്ഡശാസ്ത്രികള്‍ ആളേക്കാണുന്നത്.

ഒരുപീക്രി പയ്യന്‍ --അദ്ദേഹം പറഞ്ഞു. “ആകാരോ ഹൃസ്വ”. അതായത് ശരീരം വളരെ ചെറുത്.

ഉടന്‍ കാക്കശ്ശേരിയുടെ മറുപടി. “നഹി-നഹി. അകാരോ ഹൃസ്വ--ആകാരോ ദീര്‍ഘ”. അതായത് അ-ആ-ഇ-ഈ ഉണ്ടല്ലോ അതില്‍ അകാരം ഹൃസ്വവും, ആകാരം ദീഘവുമാണ്.

ഉദ്ദണ്ഡന് മുഖത്തൊരടി ഏറ്റപോലായി. എതിരാളിയേ നിസ്സാരവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമം തിരിച്ചടിച്ചു. വരാന്‍ പോകുന്ന തോല്‍വിയുടെ നാന്ദി. ഉദ്ദണ്ഡന് ആള്‍ക്കാരേ കൊച്ചാക്കാന്‍ വേറൊരു പരിപാടിയുണ്ട്. അയാള്‍ക്ക് ഒരു തത്തയുണ്ട്. ആദ്യം അതിനോട് വാദിച്ചു ജയിച്ചാലേ ശാസ്ത്രികളോട് വാ‍ദിക്കാന്‍ യോഗ്യത നേടൂ--

ക്വളിഫൈയ്യിങ്ങ് റൌണ്ട്.

ശാസ്ത്രി തത്തയേ എടുത്ത് മേശപ്പുറത്തു വച്ചു. ഉടനേ കാക്കശ്ശേരി കൂടെ കൊണ്ടുപോയ വൃദ്ധനേ വിളിച്ച് പൂച്ചയെ തത്തയുടെ മുന്‍പില്‍ വച്ചു. തത്ത ഒറ്റച്ചാട്ടത്തിന് കൂടിനുള്ളില്‍. രക്ഷയില്ലെന്ന് ഉദ്ദണ്ഡന് തോന്നിത്തുടങ്ങി. തുടര്‍ന്നുണ്ടായ വാദ പ്രതിവാദത്തില്‍ ഉദ്ദണ്ഡശാസ്ത്രികള്‍ തോറ്റു തുന്നം
പാടി. നൂറു കിഴികളും കാക്കശ്ശേരിക്ക്. നൂറ്റോന്നാമത്തേ കിഴി വൃദ്ധനുള്ളതാണ്. ഉദ്ദണ്ഡന്‍ അതിന് അവകാശവാദം ഉന്നയിച്ചു.

കാക്കശ്ശേരി പറഞ്ഞു--വിദ്യാവൃദ്ധനാണെങ്കില്‍ എനിക്ക്--അല്ല വയോവൃദ്ധനാണെങ്കില്‍ ഈ പൂച്ചയേ കൊണ്ടുവന്ന ആള്‍ക്ക്.

അങ്ങനെ നൂറ്റൊന്നു കിഴികളും കൈക്കലാക്കി ഉദ്ദണ്ഡ ശാസ്ത്രികളേ തറപറ്റിച്ചു. കാക്കശ്ശേരിയെന്ന് പേരുവന്നത്ഒരു കഥയുണ്ട്. നമ്മള്‍ ബലിയിടുമ്പോള്‍ കാക്കകള്‍ വരുത്തില്ലേ. കാക്കകളേ തിരിച്ചറിയാന്‍ കഴിയുമോ. ഇദ്ദേഹത്തിനു കഴിയുമാ‍യിരുന്നു--ഈകാക്ക ഇന്നലെ ഇല്ലായിരുന്നു--ഇതുരണ്ടും പുതിയതായിവന്നതാണ് -തുടങ്ങി കാക്കകളേ തിരിച്ചറിയുന്നതിനുള്ള കഴിവ് ആണ് ഈ പേരു സമ്പാദിച്ചതെന്ന് പറയപ്പെടുന്നു. പണ്ടു നമ്മുടെനാട്ടില്‍ പറയും --സായിപ്പന്മാരേയും കാക്കകളേയും തിരിച്ചറിയാന്‍ പറ്റില്ലെന്ന്.

പക്ഷേ വളര്‍ന്നു വന്നതോടു കൂടി ഇദ്ദേഹം ബ്രാഹ്മണര്‍ക്ക് അപ്രിയനായി. അവരുടെ കുന്നായ്മകള്‍ക്ക് കൂട്ടു നില്‍ക്കത്തില്ല-- ഇദ്ദേഹത്തിനോടു വാദിച്ചു ജയിക്കാനും പറ്റില്ല. അവര്‍ അദ്ദേഹത്തെ ബഹിഷ്കരിച്ചു. ഒരിക്കല്‍ ഇദ്ദേഹത്തെ ഏതോ സത്രത്തില്‍ വച്ചു പോലീസ് പിടിച്ചു. ഭാരതത്തിലേ സകലരാജ്യത്തിലേയും ആളുകള്‍ അന്നു രാത്രി അവിടെ ഉണ്ടായിരുന്നുപോലും. രാത്രി എന്തോ കശപിശ നടന്നു. പോലീസ് പൊക്കിയ കൂട്ടത്തില്‍ ഇദ്ദേഹവും പെട്ടു പോയി. ചോദ്യം ചെയ്യലില്‍--കാര്യമെന്തെന്ന് അറിഞ്ഞു കൂടാ എന്നു പറഞ്ഞിട്ട്--പിടികൂടിയ ഓരോരുത്തരേയും ചൂണ്ടി--ഈയാളീങ്ങനെ പറഞ്ഞപ്പോള്‍--മറ്റേയാള്‍ ഇങ്ങനെ പറഞ്ഞു--എന്ന് ഓരോരുത്തരുടേയും ഭാഷയില്‍ പറഞ്ഞു--പോലീസിന് കേസെളുപ്പമായി.

ഇവരുടെആരുടേയുംഭാഷഅറിഞ്ഞുകൂടാതെയാണെന്നോര്‍ക്കണം. പിന്നീടുള്ള ഇദ്ദേഹത്തിന്റെ ജീവിതത്തേപ്പറ്റി വലിയ വിവരമില്ല--എനിക്കില്ല. അപ്പഴേ അപ്പൂപ്പാ ഈ വെണ്ണ ജപിച്ച് അമ്മയ്ക്ക് കൊടുത്താല്‍ കുഞ്ഞിന് ബുദ്ധിയുണ്ടാകുമോ? കിട്ടുവിനാണ് സംശയം.

അമ്മയുടെ ഗര്‍ഭകാ‍ലത്ത് അവരുടെ മാനസികവും, ശാരീരികവുമായ വ്യവഹാരങ്ങള്‍ കുട്ടിയേ ബാധിക്കുമെന്നതിന് നമ്മുടെ പുരാണങ്ങളില്‍ ഉദാഹരണങ്ങളുണ്ട്. അര്‍ജ്ജുനന്റെ മകന്‍ അഭിമന്യു അമ്മ സുഭദ്രയുടെ വയറ്റില്‍ കിടക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് പത്മവ്യൂഹം ഭേദിക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുകയാണ്. അര്‍ജ്ജുനന്‍ ഇടയ്ക്ക് ഉറങ്ങിപ്പോയി. പക്ഷേ മൂളല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ശബ്ദവ്യത്യാസം ശ്രദ്ധിച്ചപ്പോള്‍ ഇതുവരുന്നത് സുഭദ്രയുടെ വയറ്റില്‍ നിന്നാണെന്ന്മനസ്സിലായി--ശ്രീകൃഷ്നന്‍ ഉപദേശം നിര്‍ത്തിക്കളഞ്ഞെന്നും--അതുകൊണ്ടാണ് അഭിമന്യുവിന് പത്മവ്യൂഹത്തില്‍ നിന്നും പുറത്തുവരാന്‍ പറ്റാഞ്ഞതെന്നും ഒരു കഥയുണ്ട്. അതുപോലെ ഹിരണ്യായ നമ: എന്നു ജപിക്കാന്‍ ലോകരേ നിര്‍ബ്ബന്ധിച്ച ഹിരണ്യകശിപുവിന്റെ മകന്‍ പ്രഹ്ലാദന്‍ എന്താണ് നാരായണ നമ: എന്നു തന്നെ ജപിക്കാന്‍ കാര്യം?

എന്താ അപ്പൂപ്പാ കാര്യം--ആ‍തിരയാണ്. അതേ --പിന്നെ--ഇപ്പോള്‍ തേങ്ങ ആട്ടിക്കാന്‍ കൊടുത്തയയ്ക്കണം--ആ സദാനന്ദനേ വിളിച്ചേ.

കാക്കശ്ശേരി ഭട്ടതിരി.

0
ഇനി ഈ പണിക്കു ഞാനില്ല-കിട്ടു പ്രഖ്യാപിച്ചു.

എന്തവാടാ--രാംകുട്ടന് സംശയം.

ദേ എന്റെ കൈ കണ്ടോ--കൈവെള്ളേലേ തൊലി മുഴുവന്‍ പോയി. തേങ്ങാ ഇളക്കിയതാ--സ്ക്രൂഡ്രൈവര്‍ കൊണ്ട്-- അത് തെറ്റി വന്ന് കാലേക്കൊണ്ട് കാലും മുറിഞ്ഞു.

സാരമില്ലെടാ മോനേ -നിങ്ങളെല്ലാരും കൂടെഉണ്ടായിരുന്നതുകോണ്ട് കാര്യം എത്ര വേഗം കഴിഞ്ഞു. അല്ലെങ്കില്‍അപ്പൂപ്പനും അമ്മൂമ്മയും കൂടി എത്ര കഷ്ടപ്പെട്ടേനേ. ഇനി നമുക്ക് വിഷുവിനു തെങ്ങ ആട്ടിയാല്‍ മതി.

എത്ര തേങ്ങാ ഉണ്ടായിരുന്നപ്പൂപ്പാ--ഉണ്ണിയാണ്.

നാനൂറെണ്ണം.

എത്ര വെളീച്ചെണ്ണ കിട്ടും--

ഏതാ‍ണ്ട് നാല്പതു കിലൊ--നമ്മുടെ ഇപ്പോഴത്തേ തേങ്ങാ പത്തെണ്ണം വേണ്ടി വരും ഒരു കിലൊ വെളിച്ചെണ്ണയ്ക്ക്.

ശരി ശരി രാം കുട്ടന്‍ പറഞ്ഞു--ആ ഐന്‍സ്റ്റീ‍ന്റെ കാര്യം --പകരക്കാരന്റെ.

ഓ അതോ. ഐന്‍സ്റ്റീ‍ന്റെ പ്രഭാഷണങ്ങള്‍ മുഴുവന്‍ കേള്‍ക്കുന്നതാരാ--അദ്ദേഹത്തിന്റെ ഡ്രൈവര്‍--അല്ലേ. കേട്ടു കേട്ട് ഏതു വിഷയത്തേക്കുറിച്ചും പ്രഭാഷണം നടത്താമെന്ന് ഡ്രൈവര്‍ക്കൊരു തോന്നല്‍. ഇക്കാര്യം ഐസ്റ്റീന്റടുത്ത് ഡ്രൈവര്‍ അവതരിപ്പിച്ചു.

ശരി അടുത്ത പ്രഭാഷണം നീ തന്നെ--അദ്ദേഹം സമ്മതിച്ചു.

അടുത്ത സ്ഥലത്ത് എത്തിയപ്പോള്‍ രണ്ടു പേരും പരസ്പരം വേഷം മാറി. പ്രഭാഷണം കസറി. ഡ്രൈവറുടെ വേഷത്തില്‍ ഐന്‍സ്റ്റീനും കേഴ്വിക്കരുടെ കൂട്ടത്തില്‍ ഉണ്ട്.

പ്രസംഗം കഴിഞ്ഞു. സഭാവാസികളില്‍ ഒരാള്‍ക്ക് എന്തോ ഒരു സംശയം. ഡ്രൈവര്‍ക്കുണ്ടോ ഉത്തരം അറിയുന്നു! കേട്ടു തഴമ്പിച്ച പ്രഭാഷണം പറയാമെന്നല്ലാതെ--പക്ഷേ അയാള്‍ ബുദ്ധിമന്നാണ്. അയാള്‍ പറഞ്ഞു-ച്ഛേ ഇത്തരം നിസ്സാര കാര്യങ്ങള്‍ക്കുത്തരം എന്റെ ഡ്രൈവര്‍ പറയുമല്ലോ--

ഹലൊ അയാള്‍ ഐന്‍സ്റ്റീനേ വിളിച്ചു-ഇതിനുത്തരം താന്‍ തന്നെ പറഞ്ഞു കൊടുക്ക്. ഐന്‍സ്റ്റീന്‍ ഉത്തരം പറഞ്ഞു--പക്ഷേ പിന്നീട് ഡ്രൈവര്‍ക്ക് ഈ അസുഖം ഉണ്ടായിട്ടില്ല.

വേറൊരു കഥപറയാം. ഉദ്ദണ്ഡന്‍ എന്നു കേട്ടിട്ടുണ്ടോ. കര്‍ണ്ണാടകക്കാരനാ‍ണ്--കോഴിക്കോട്ടു സാമൂതിരിയുടെ വിദ്വത്സദസ്സിലേ മുടിചൂടാമന്നന്‍ . ആസ്ഥാന വിദ്വാന്മാരായ ബ്രാഹ്മണരേ മുഴുവന്‍ വാദത്തില്‍ തോല്പിച്ച് സമ്മാനമായ നൂറ്റൊന്നു കിഴികളും എന്നും കരസ്ഥമാക്കുന്ന വിദ്വാന്‍ . ബ്രാഹ്മണര്‍ എന്നു പറഞ്ഞത് ജന്മം കൊണ്ടുള്ള ബ്രാഹ്മണര്‍ ആ‍ണ്.

എന്നു പറഞ്ഞാല്‍ എന്താണ് അപ്പൂപ്പാ--ശ്യമാണ്.

അതു പറയാം--ഈ ചാതുര്‍വര്‍ണ്ണ്യം എന്നു കേട്ടിട്ടുണ്ടല്ലോ.

ഉണ്ട് അതാണ് ഈ ലോകത്തിലേ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് മുറയ്ക്ക് പത്രത്തില്‍ കാണാമല്ലോ. ശ്യാം പറഞ്ഞു.

ശരിയാണ്. കാര്യവിവരമില്ലാത്തവരേ വിശ്വസിപ്പിച്ച് ജനങ്ങളില്‍ സ്പര്‍ദ്ധ ഉണ്ടാക്കി സ്വന്തം കാര്യം
സാധിക്കാന്‍ ശരിക്കു വിവരമുള്ളവര്‍ -കള്ളമാണെന്ന് പൂര്‍ണമാ‍യി അറിയാവുന്നവര്‍- പ്രചരിപ്പിക്കുന്ന വഞ്ചനയാണ് അത്. അവനവന്റെ പ്രവൃത്തിയാണ് വര്‍ണം നിശ്ചയിക്കുന്നത്--ജന്മംകൊണ്ടു ബ്രാഹ്മണനായിരുന്ന രത്നാകരന്‍ കര്‍മ്മം കൊണ്ട് വ്യാധന്‍ ‍--അതായത് കാട്ടാ‍ളനായിത്തീരുകയും വീണ്ടും സപ്തര്‍ഷികളുടെ ഉപദേശം സ്വീകരിച്ചതുകൊണ്ട് മഹാമുനിയായതും രാമായണത്തിലില്ലേ. അതു പോട്ടെ. നമ്മുടെ കോഴിക്കോട്ടേ ബ്രാഹ്മണര്‍ ജന്മം കൊണ്ടുള്ള ബ്രാഹ്മണര്‍ മാത്രമായിരുന്നു. മറ്റൊരുത്തന്‍ അവരേക്കാള്‍ മിടുക്കനാകുന്നത് അവര്‍ക്കു സഹിക്കുകയില്ല. തങ്ങള്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉത്ഭവിച്ച എല്ലാം തികഞ്ഞവരാണെന്ന മിത്ഥ്യാധരണയിലാണ് അവരിന്നും--പാവങ്ങള്‍.

കേള്‍ക്കണോ ഒരു കഥ--ഒരു ബ്രാഹ്മണന്‍ വള്ളത്തില്‍ പോകുമ്പോള്‍ വള്ളം മറിഞ്ഞു. നീന്തലറിയാത്ത ബ്രാഹ്മണന്‍ വെള്ളം കുടിക്കുകയാണ്. ആദ്യം തല മുകളില്‍ വന്നപ്പോള്‍ വള്ളക്കാരനും അതേ വെള്ളം കുടിക്കുകയാണെന്നു തോന്നി. മരണ വേദനയ്ക്കിടയിലും--കലക്കിക്കുടി-കലക്കിക്കുടി എന്നു പറഞ്ഞു കൊണ്ട് മുങ്ങിച്ചത്തെന്നാണു കഥ. അതായത് ബ്രാഹ്മണര്‍ കുടിക്കുന്ന വെള്ളം സാധാരണക്കാര്‍ കലക്കി വൃത്തികേടാക്കിയേ കുടിക്കാവൂ-എന്നായിരുന്നു അവരുടെ ധാരണ--ഇപ്പോഴും വലിയ വ്യത്യാസം വന്നിട്ടില്ല. പക്ഷേ പണ്ടത്തേപ്പോലെ നടക്കുന്നില്ലെന്നു മാത്രം.

അപ്പഴേ ഒന്നു നിര്‍ത്തണേ. രാംകുട്ടനാണ്--എടാ കിട്ടൂ നീ ചെന്ന് ആ രാമായണം ഇങ്ങെടുത്തു കൊണ്ടു വന്നേ. കര്‍ക്കിടകം ഒന്നാംതീയതി വായിച്ചു തുടങ്ങിയപ്പോള്‍ ഈ ബ്രഹ്മണരുടെ ഗുണഗണങ്ങള്‍ ഈ അപ്പൂപ്പന്‍ തന്നല്ലിയോ വര്‍ണ്ണിച്ചത്. ആ ഭാഗം ഒന്നു വായിച്ചേടാ.
ഏതാ--ഈ “കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീന പാംസു സഞ്ചയം മമ
ചേതോ ദര്‍പ്പണത്തിന്റെ മാലിന്യമെല്ലാംതീര്‍ത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍ ‍.” ഇതാണോ.

അതേ. അന്ന് എന്തെല്ലാമാ ഈ അപ്പൂപ്പന്‍ പറഞ്ഞത്. എന്നിട്ടിപ്പോള്‍ അവര്‍ മോശക്കാരാ‍യി--രാംകുട്ടന്‍ പുരികം പൊക്കി.

ഓ ഇനി കഥ പറേപ്പിക്കത്തില്ല--ആതിരയ്ക്കു സങ്കടം.

ഇനി കഥ തീര്‍ന്നിട്ടേ ഉള്ളൂ ബാക്കികാര്യം മക്കളേ. ബ്രഹ്മണരേക്കുറിച്ച് പിന്നെപ്പറയാം. നമ്മളെവിടാ നിര്‍ത്തിയത്- ങാ-വിദ്വാന്മാരുടെ ദേഷ്യം. ഉദ്ദണ്ഡനേ തോല്പിക്കാനുള്ള വഴിയേക്കുറിച്ച് അവര്‍ കൂലംകഷമായി ചിന്തിച്ചു. മൂന്നുമാസം ഗര്‍ഭിണിയായ സ്ത്രീയ്ക്ക് നാല്പത്തൊന്നുദിവസം മന്ത്രം ജപിച്ച് വെണ്ണകൊടുത്താല്‍ അതിബുദ്ധിമാനായ പുത്രന്‍ ജനിക്കുമെന്ന് കണ്ടു പിടിച്ചു.. മൂന്നു മാസം ഗര്‍ഭമുള്ള സ്ത്രീയേ അന്വേഷിച്ചു നടന്ന് അവസാനം കോഴിക്കോട്ട് കാക്കശ്ശേരി ഇല്ലത്ത് അങ്ങനെ ഒരാളുണ്ടെന്ന് കണ്ടെത്തി-അവര്‍ക്ക് നാല്പത്തൊന്ന്ദിവസം വെണ്ണ ജപിച്ചു കൊടുത്തു.

എന്തവാ അപ്പൂപ്പാ ആ മന്ത്രം--ആതിരയ്ക്ക് സംശയം.

അയ്യോ മോളേ അത് അപ്പൂപ്പന് പറഞ്ഞു തന്നില്ല. പോട്ടെ. അചിരേണ ആ സ്ത്രീ ഒരു പുത്രനേ പ്രസവിച്ചു. അതാണ് കാക്കശ്ശേരി ഭട്ടതിരി. പതിനൊന്നാമത്തെ വയസ്സില്‍ അദ്ദേഹം ഉദ്ദണ്ഡനുമായി ഏറ്റുമുട്ടി. ആ കഥ തേങ്ങാ അരിഞ്ഞിട്ടു പറയാം.

കന്മദന്‍--രണ്ട്

0
അപ്പൂപ്പോ തേങ്ങാപൊട്ടിച്ചു വച്ചല്ലോ. എന്തവാ അപ്പൂപ്പാ ഈ കര്‍ക്കടകപ്പത്തൊണക്ക്.

അതോ പറയാം. ഭൂമിക്ക് ഒരു ആവാ‍സ വ്യവസ്ഥയുണ്ട്. അതനുസ‍രിച്ച് ജീവിച്ചാല്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ഓണത്തിന് വെളിച്ചെണ്ണവേണം. അതിനു മലയാളികള്‍ക്ക് തേങ്ങാ ആട്ടുന്നതിനു വേണ്ടി കര്‍ക്കടക മാസത്തില്‍ പത്തുദിവസത്തേ മഴയില്ലാത്ത ദിവസം അനുവദിച്ചു തന്നിട്ടുണ്ട്. ആ ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി കാര്യം നടത്തിക്കൊള്ളണം. ഇത് ആരു നിശ്ചയിച്ചതാണെങ്കിലും കാര്യം ശരിയാണ്. ഈ സമയത്തിന് പയറ്റൊണക്കെന്നും പറയും. അപ്പോള്‍ പയറിട്ടാല്‍ പയറിനു പറ്റിയ കാലാവസ്ഥയാണ് തുടര്‍ന്നങ്ങോട്ടുള്ള മാസങ്ങളില്‍. ഇതൊക്കെ നമ്മുടെ പൂര്‍വീകന്മാര്‍ ശരിക്കു മനസ്സിലാക്കി നമുക്കു കാണിച്ചു തന്നിട്ടുണ്ട്. ചെയ്താല്‍ കൊള്ളാം--ചെയ്തില്ലെങ്കില്‍ അതിലും കൊള്ളാം.

അതു പോട്ടെ. നമുക്കു കന്മദ വര്‍മ്മയുടെ അടുത്തു പോകാം. പുള്ളി ദിവസവും രാത്രി അത്താഴം കഴിഞ്ഞ് കുരങ്ങനേധ്യാനിച്ച് മരുന്നു കഴിക്കാന്‍ പറ്റാതെ കിടക്കും. മന്ത്രിയാണെങ്കില്‍ വലിയ ഉത്സാഹത്തിലാണ്. അയാളുടെ പ്രധാന എതിരാളി--കൊട്ടാരം ജ്യോത്സ്യന്‍ --സിദ്ധികൂടി. എന്തു പറഞ്ഞാലും ഒരു ദൈവജ്ഞന്‍ -- അടുത്തയാള്‍ എങ്ങിനെ രക്ഷപെട്ടോ എന്തോ--കൊട്ടാരം വൈദ്യനേ--അയാളേയും പിടിക്കണം.

ഇങ്ങനെ മനക്കോട്ട കെട്ടി ഇരിക്കുമ്പോള്‍ അതാ-തന്റെ തലയിലേക്ക് ഒരുഇടിത്തീ. രാജാവിന് ഒരു വെളിപാട്. മന്ത്രിയേ വിളിച്ചു--മൂന്നു ചോദ്യങ്ങള്‍:-
൧) ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അയാളുടെ ജോലി എന്ത്?
൨) ദൈവം എവിടിരിക്കുന്നു?
൩) ദൈവം ഇപ്പോള്‍ എന്തു ചെയ്യുന്നു?
ഈ മൂന്നു ചോദ്യത്തിനും ഉത്തരം മന്ത്രി ഏഴു ദിവസത്തിനകം സഭയില്‍ വച്ചു നല്‍കണം. ശരി പൊയ്ക്കോളൂ.

ഇതുവരെ മറ്റാളുകളുടെ വിഷമം കണ്ട് രസിച്ചിരുന്ന മന്ത്രി ശരിക്കും ആപ്പിലായി. ദൈവം ഇല്ലെന്നു പറഞ്ഞാല്‍ പുതിയ ദൈവജ്ഞനും, കൊട്ടാരം വൈദ്യനും ഇടങ്കോലിടും. ഏതായാലും നമ്മുടെ തല പോയതുതന്നെ. അയാള്‍ വീട്ടില്‍ പോയി ദു:ഖിച്ചിരിപ്പായി.

ഗോപാലന്‍ കൊച്ചിലേ മുതല്‍ മന്ത്രിയുടെ കൂടെയാണ്. വീടോ അച്ഛനമ്മമാരോ ഒന്നും ഇല്ല. അത്മാര്‍ത്ഥത മാത്രം കൈമുതലായിട്ടുള്ളൊരു നിഷ്കളങ്കന്‍ . മന്ത്രി കരഞ്ഞാല്‍ അവനും കരയും--ചിരിച്ചാല്‍ ചിരിക്കും--അത്ര തന്നെ. പേരുപോലെ പശുക്കളേ മേയ്ക്കലാണ് ജോലി. മന്ത്രിക്കും അവന്‍ സ്വന്തം മകനേപ്പോലാണ്. ഗോപാലന്‍ വൈകിട്ടു പശുവിനേയും കൊണ്ടു വന്നപ്പോള്‍ മന്ത്രി ദു:ഖിച്ചിരിക്കുന്നു.

അവനും കൂടെ ഇരുന്നു. കാരണം ചോദിച്ചു.

ഓ നിന്നേക്കൊണ്ടു നടക്കുന്ന കാര്യമല്ല--എന്റെ തലവിധി. മന്ത്രി പരിതപിച്ചു.

ഗോപാലനുണ്ടോ വിടുന്നു. കാര്യമറിഞ്ഞേ അവന്‍ വെള്ളം പോലും കുടിക്കൂ എന്ന് ഒരേ വാശി. അവസാനം മന്ത്രി രാജാവിന്റെ ചോദ്യങ്ങളേക്കുറിച്ച് പറഞ്ഞു.

അയ്യോ ഇത്രേയുള്ളോ--ഇതിനാ‍ണോ ഈ വേവലാതി--ഗോപാലനു ചിരി വന്നു. ഇതിനുത്തരം ഞാന്‍ പറഞ്ഞോളാം. അങ്ങ് ഇത്തരം നിസ്സാര കാര്യത്തിന് ഉത്തരം പറയാന്‍ പോകുന്നത് നാണകേടാണ്. ഞാനേറ്റു.

മന്ത്രിക്ക് കരയണോ ചിരിക്കണോ എന്നു സംശയം. ഈ വിഡ്ഡിക്കെന്തറിയാം. കഷ്ടം. അവന്റെ വിശ്വാസം പോലുമെനിക്കില്ലല്ലോ. മന്ത്രി വീട്ടിനകത്തടച്ചിരിപ്പായി.

ഇപ്പോള്‍ ഗോപാലന് ഒരു പ്രശ്നവുമില്ല. ഏഴാം ദിവസം രാജാവിന് ഉത്തരം കൊടുക്കാന്‍ തയ്യാറായിരിക്കുകയാണ് അവന്‍ ‍.

അങ്ങിനെ ആ ദിവസം വന്നെത്തി. രാജാവിന്റെ പൂര്‍ണ്ണ സഭ എല്ലാ അന്തസ്സോടും കൂടി ആരംഭിച്ചു. രാജാവു മന്ത്രിയേ വിളിച്ചു. മൂന്നു ചോദ്യങ്ങളും ഒരു പ്രാവശ്യം കൂടി പറഞ്ഞു.

ഇവയുടെ ഉത്തരം കൊണ്ടുവന്നിട്ടുണ്ടോ? രാജാവ് ഗൌരവത്തില്‍ ചോദിച്ചു.

അയ്യോ അതിനെന്തിനാ മന്ത്രി--അദ്ദേഹത്തിന്റെ വേലക്കാരനായ ഞാന്‍ പറയാമല്ലോ--

എല്ലാവരും അത്ഭുതത്തോടെ നോക്കി--ഇവനാരെടാ! ആരാടാനീ രാജാവ് ഗര്‍ജ്ജിച്ചു.

അത് എന്റെ പശുപാലകന്‍ ഗോപാലനാ‍ണ്. അങ്ങയുടെ ചോദ്യത്തിനുത്തരം അവന്‍ പറയും.

ശരിയാണോടാ--ഉത്തരം തെറ്റിയാല്‍ തലകാണത്തില്ല. രാജാവ് പറഞ്ഞു.

ഉത്തരം തെറ്റിയാ‍ല്‍ ശരി ഉത്തരം അങ്ങു പറഞ്ഞിട്ട് തല എടുത്തോളൂ--ഗോപാലന് ഒരു കുലുക്കവുമില്ല.

നമുക്ക് ഉത്തരം അറിയാത്തതു കൊണ്ടല്ലേ നാം ചോദിക്കുന്നത്. രാജാവിന്റെ വാക്കുകള്‍ക്ക് ശാന്തത. എങ്കില്‍ ശരി. നമുക്കു തുടങ്ങാം.

ഒരു തോര്‍ത്തും ഉടുത്ത് ഒരെണ്ണം തോളേലുമിട്ട് പതിനഞ്ചു വയസ്സായ ഗോപാലന്‍ രാജാ‍വിനടുത്തേക്ക് സഗൌരവം നടന്നു ചെന്നു.
ഗോപാലന്‍ :- അങ്ങേയ്ക്കറിയാന്‍ പാടില്ലാത്ത കാര്യമാണ് ചോദിക്കുന്നത്.
രാജാവ് :- അതെ.
ഗോപാലന്‍ ‍:- അരിയാത്ത കാര്യം ചോദിക്കുന്ന ആള്‍ ശിഷ്യനും -പറഞ്ഞു തരുന്ന ആള്‍ ഗുരുവും ആണെന്നറിയാമോ?
രാജാവ് :- അറിയാം.
ഗോപാലന്‍ :-സിംഹാസനത്തില്‍ നിന്നിറങ്ങി താഴെ ഇരിക്കൂ. ഗുരുവാണ് സിംഹാസനത്തില്‍ ഇരിക്കേണ്ടത്.
രാജാവ് ഇറങ്ങി താഴെ ഇരുന്നു.

ഇനി ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കൂ. ഗോപാലന്‍ പറഞ്ഞു.
രാജാവ്:- ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അയാള്‍ എന്തു ചെയ്യുന്നു?
ഗോപാലന്‍ പറഞ്ഞു-“-ഉണ്ട്. ഒരു കറുത്ത-കറവയുള്ള പശുവിനേയും കുറച്ചു പച്ച പോച്ചയും കൊണ്ടു വരൂ.” അവ എത്തിചേര്‍ന്നു.“ ഇനി പോച്ച പശുവിനു കൊടുക്കൂ” ഗോപാലന്റെ ആജ്ഞ.--കൊടുത്തു കഴിഞ്ഞപ്പോള്‍--ഇനി അതിനേകറക്കൂ--കറന്നു- എന്താണ് പാലിന്റെ നിറം. ഗോപാലന്റെ ചോദ്യം.
അല്ലേ പാലിന്റെ നിറം വെളുപ്പാണെന്ന് ആര്‍ക്കാ അറിയാത്തത്. ഇതിനാണോ ഇത്രയും ബുദ്ധിമുട്ടിയത്. രാജാവിനു ദേഷ്യം വന്നു.

നിങ്ങള്‍ ശിഷ്യനാണെന്നതു മറക്കുന്നു--ഗോപാലന്‍ ഗൌരവത്തില്‍ പറഞ്ഞു. ഇവിടെ ഇരിക്കുന്നതില്‍ ആര്‍ക്കെങ്കിലും പച്ച പോച്ച ഏതെങ്കിലും വിധത്തില്‍ വെളുത്ത പാലാക്കി മാറ്റാമോ? ഗോപാലന്റെ ചോദ്യം കേട്ട് സദസ്സ്തരിച്ചിരുന്നു പോയി. ആരും ഉത്തരം പറഞ്ഞില്ല. ഇതാണ് ദൈവത്തിന്റെ ജോലി--ഗോപാലന്‍ പ്രഖ്യാപിച്ചു. രാജാവും സദസ്സും അംഗീകരിച്ചു.

ശരി ഇനി രണ്ടാ‍മത്തെ ചോദ്യം--ദൈവം എവിടെ ഇരിക്കുന്നു?

ഈ ഹാള്‍ മുഴുവന്‍ കറുത്ത തുണികൊണ്ടൂ നാലുവശവും മറയ്ക്കുക. വിളക്കെല്ലാം അണയ്ക്കട്ടെ. ഗോപാലന്‍ നിര്‍ദ്ദേശിച്ചു. ഇനി ഒരു തിരി കത്തിക്കുക. ഇപ്പോള്‍ പ്രകാശമുണ്ടല്ലോ. ഈപ്രകാശം എവിടെയാണ് ഇരിക്കുന്നത്--ഗോപാലന്‍ ചോദിച്ചു. കന്മദവര്‍മ്മ ഗോപാലനേ കെട്ടിപ്പിടിച്ചു. മിടുക്കന്‍ . മനസ്സിലായി--ദൈവം എവിടെയാണിരിക്കുന്നതെന്ന്.
ഗോപാലന്‍ ഗൌരവത്തോടെ പറഞ്ഞു.--താങ്കള്‍ നില മറക്കുന്നു. ശിഷ്യനാണ്--അവിടെയിരിക്കൂ. അനുസരണയോടെ രാജാവ് നിലത്തിരുന്നു. ശരി മൂന്നാമത്തേ ചോദ്യം--ഗോപാലന്‍ പറഞ്ഞു.

ദൈവം ഇപ്പോള്‍ എന്തു ചെയ്യുന്നു? കന്മദവര്‍മ്മക്ക് ഗോപാലനേക്കുറിച്ച് മതിപ്പ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഗോപാലന്‍ പറഞ്ഞു --മാട്ടിടയനായ എന്നേ ഈ സിംഹാസനത്തിലിരുത്തി രാജാവാ‍യ അങ്ങയേ എന്റെ കാല്‍ക്കല്‍ ഇരുത്തി എന്നേക്കൊണ്ട് അങ്ങയേ അനുസരിപ്പിക്കുന്നു.

സദസ്സു മറന്ന് എല്ലാവരും കൈയ്യടിക്കുന്നു. എല്ലാവരോടും ശാന്തരാകാന്‍ പറഞ്ഞിട്ട് ഗോപാലന്‍ എഴുനേറ്റ് രാജാവിനെ നമസ്കരിക്കുന്നു. രാജാവ് അവനേ പിടിച്ചെഴുനേല്‍പ്പിച്ച്--നീയാണിനി എന്റെ മന്ത്രി എന്ന് പ്രഖ്യാപിക്കുന്നു.
ഇതുപോലൊരു പകരക്കഥ ആ ഐന്‍സ്റ്റീന്റെ ഉണ്ടല്ലോ--രാംകുട്ടന്‍ പറഞ്ഞു--വെണ്ടാവേണ്ടാ നമുക്ക് തേങ്ങാ കഴറ്റിയിട്ടുമതി ഇനി കഥ--ഉണ്ണിയാണ്--എന്തവാ അപ്പൂപ്പാ ഈ തേങ്ങാ കഴറ്റുന്നെന്നു വച്ചാല്‍.

അതോ അത് തേങ്ങാ വെയിലത്തു വച്ചൊന്നുണങ്ങി ക്കഴിയുമ്പോള്‍ ചിരട്ടയില്‍ നിന്നും പാരകൊണ്ടോ. പിച്ചാത്തികൊണ്ടോ, ചട്ടുകത്തിന്റെ പിടികൊണ്ടോ ഇളക്കി എടുക്കും. അതിനാണ് കഴറ്റുക എന്നു പറയുന്നത്.

അയ്യോ-എന്നാ കഥ മതി ഉണ്ണീ നിരാശയോടെ പറഞ്ഞു . ഞാന്‍ വിചാരിച്ചു എന്തോ തിന്നുന്ന കാര്യമാണെന്ന്.

അയ്യട അവന്റെ ഒരു തീറ്റി--വാ അപ്പൂപ്പാ നമുക്കു തേങ്ങാ കഴറ്റാം--ശ്യാം സെഷന്‍ ക്ലോസ്സ് ചെയ്തു.

കന്മദന്‍

0
ഉന്മാദിനീന്നൊരു രാജ്യം--അവിടെ കന്മദന്‍ എന്നൊരു രാജാവ്. രാജാവിന് ഒരു കുഞ്ഞു പിറന്നു. രാജ്യത്തെല്ലാം പെരുത്തു സന്തോഷം. കുഞ്ഞിന്റെ ജാതകംനോക്കണം.

കൊട്ടാരം ജ്യോതിഷി വന്നു. ജാതകം നോക്കി. കുഞ്ഞ് അല്പായുസ്സാണ്.

“ഈകുഞ്ഞിന് ആയുസ്സ് അധികം ഇല്ല” കൊട്ടാരം ജ്യോതിഷി പറഞ്ഞു.

അങ്ങേരുടെ തല ദേ താഴെക്കിടന്നുരുളുന്നു. രാജകുമാരന് ആയുസ്സില്ലപോലും! ഹല്ല പിന്നെ.

നാട്ടിലുള്ള സകല ജ്യോതിഷികളും ഒളിവില്‍ പോയി. മന്ത്രി ഒരു മിടുക്കനാണ്. അയാള്‍ ജ്യോതിഷികളെ അന്വേഷിച്ചു പരക്കം പാഞ്ഞു. തനിക്കു കുഴപ്പമൊന്നുമില്ലല്ലോ.

അവസാനം ഒരാളേ കണ്ടെത്തി. അയാള്‍ വളരെ ഭവ്യതയോടെ കവടി നിരത്തി. ഒരു മന്ദഹാസത്തോടുകൂടി രാജാവിനോടു പറഞ്ഞു.

“ അങ്ങു മഹാ ഭാഗ്യവാനാണ്. ഈ കുഞ്ഞിണ്ടെ ജനനത്തോടുകൂടി അങ്ങയുടെ ആയുസ്സു വര്‍ദ്ധിച്ചിരിക്കുന്നു. മകനേക്കാള്‍ വളരെ വര്‍ഷം അങ്ങ് രാജാവായി വാഴും. ഇത്ര നല്ല ഒരു ജാതകം ഞാനിതുവരെ കണ്ടിട്ടില്ല”. അനവധി പുരസ്കാരങ്ങളുമായി ദൈവജ്ഞന്‍ രക്ഷപെട്ടു.

ദീര്‍ഘായുസ്സുണ്ടെന്ന് അറിഞ്ഞല്ലൊ. ഇനി മരിക്കാതിരിക്കാന്‍ വല്ല മരുന്നുമുണ്ടോ--എന്നായി രാജാവിന്റെ അടുത്ത ചിന്ത. കൊട്ടാരം വൈദ്യനേ വരുത്തി. കൊട്ടാരം ജ്യോതിഷിയുടെ വിധിയോര്‍ത്ത് ഉള്‍കിടിലത്തോടെ വൈദ്യന്‍ തിരുമുമ്പിലെത്തി.

വൈദ്യരേ രാജാവ് വിളിച്ചു. മരിക്കാതിരിക്കാനുള്ള ഒരു മരുന്ന് വേണം. ഒരു മാസത്തേ സമയം തരുന്നു. അതിനകം മരുന്ന് ഉണ്ടാക്കി കൊണ്ടുവരണം. അദ്ദേഹം ആജ്ഞാപിച്ചു.

അപ്പഴേ അപ്പൂപ്പാ‍- കിട്ടുവാണ്-അന്നു ചോദിക്കാനും പറയാനും ഒന്നും ആരുമില്ലിയോ? ഇങ്ങനെ ഓരോന്ന് ആജ്ഞാപിച്ചാല്‍--കിട്ടുവിനു ധാര്‍മ്മികരോഷം.

ഇല്ല മോനേ. ചോദിക്കാനും പറയാനും ഉള്ള ആളാണ് ഈ പറയുന്നത്. അതിനു മുകളില്‍ ആരും ഇല്ല. അതാണ് രാജഭരണം. കേള്‍ക്കണോ ഒരു കേസ്സിന്റെ വിധി?

ഒരു കള്ളന്‍ മോഷ്ടിക്കാന്‍ വേണ്ടി ഒരു വീടിന്റെ മതിലു തുരന്നു--അതെ-പാ‍രകൊണ്ട്--മതിലിടിഞ്ഞു വീണ് അവന്‍ മരിച്ചു. പോലീസായി-കേസായി. വീട്ടുടമസ്ഥനേ അറസ്റ്റു ചെയ്തു--കൊലക്കുറ്റം.

അയാള്‍ മതിലു ശരിക്കു പണിയിക്കാത്തതു കൊണ്ടാണ് അതിടിഞ്ഞു വീണത്. രാജാവ് അയാളേ തൂക്കിക്കൊല്ലാന്‍ വിധിച്ചു.

അയ്യൊ-അപ്പൂപ്പാ അതിന്---പെടെയ്ക്കാതെ കേള്‍ക് കിട്ടൂ--തൂക്കാന്‍ നേരം അയാള്‍ക്ക് അവസാനമായി വല്ലതും പറയാനുണ്ടോ എന്നു ചോദിച്ചു. തന്റെയല്ല കുറ്റമെന്നും മതിലു പണിഞ്ഞ ആശാരിയാണു കുറ്റക്കാരനെന്നും അയാള്‍ പറഞ്ഞു.

ശ്ശെടാ അതു ശരിയാണല്ലോ--ആശാരിയെ വിളിക്ക്--രാജാവു കല്പിച്ചു.

തൂക്കിക്കൊല കാണാന്‍ വന്നിരുന്ന ആള്‍ക്കൂട്ടത്തീല്‍നിന്ന്--നാട്ടിലേ സര്‍വ്വ ആള്‍ക്കാരും തൂക്കു കാണാന്‍ വരും--ആശാരിയെ പിടികൂടി രാ‍ജ സമക്ഷം എത്തിച്ചു.

ഹും. എന്താണ് തനിക്കു പറയുവാനുള്ളത്--രാജാവ് ചോദിച്ചു. താ‍ന്‍ അശ്രദ്ധയായി മതിലു പണിഞ്ഞതു കൊണ്ടല്ലേ ഒരു വില പിടിച്ച ജീവന്‍ നഷ്ടപ്പെട്ടത്?

അത്--അത്--ആശാരി വിക്കി വിക്കി പറഞ്ഞു--ഞാന്‍ പണിഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു സ്ത്രീ അതുവഴി പോയി. അവളുടെ കാന്തിയില്‍ ശ്രദ്ധിച്ചു പോയതു കൊണ്ടാണ് എനിക്കു പണിയില്‍ തെറ്റു പറ്റിയത്. അതുകൊണ്ട് അവളാണ് കുറ്റക്കാരി.

അതു ശരി-കൊണ്ടുവരട്ടെ ആ പെണ്ണിനേ--രാജാവ് ആജ്ഞാപിച്ചു.

ആള്‍ക്കൂട്ടത്തില്‍ നിന്നും ആ പെണ്ണിനെ കൊണ്ടു വന്നു. എന്തു പറയുന്നു--രാജാവ് ഗര്‍ജ്ജിച്ചു.

തമ്പുരാനേ-അടിയനു സൌന്ദര്യമില്ല. അന്ന് ഞാന്‍ ഒരു മനോഹരമായ മാല ഇട്ടിരുന്നു. നമ്മുടെ തങ്കപ്പന്‍ തട്ടാര്‍ പണിഞ്ഞത്. ആ മാലയുടെ ഭംഗിയാണ് എന്നെ ശ്രദ്ധിക്കാന്‍ കാരണമായത്. അതുകൊണ്ട് തങ്കപ്പനാചാരിയാണ് യഥാര്‍ത്ഥ കുറ്റവാ‍ളി.

കറക്റ്റ് എന്നു രാജാവുപറഞ്ഞിട്ട് തങ്കപ്പനാചാരിയേ പിടിക്കാന്‍ ആജ്ഞാപിച്ചു. പാവം തങ്കപ്പനാചാരി--താന്‍ തന്നെയാണ് ആമാല ഉണ്ടാക്കിയതെന്നും തനിക്കല്ലാതെ അത്ര ഭംഗിയുള്ള മാലയുണ്ടാക്കാന്‍ ആര്‍ക്കും കഴിവില്ലെന്നും ബോധിപ്പിച്ചു.

ശരി അവസാനം യഥാര്‍ത്ഥ കുറ്റവാ‍ാളിയേ കിട്ടിയല്ലോ--ഈയാളേ തൂക്കിലിടട്ടെ---രാജവ് വിധിച്ചു. തനിക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ? രാ‍ജാവു ചോദിച്ചു.

അടിയന്‍ -ശിക്ഷ സ്വീകരിക്കുന്നു. പക്ഷേ ഒരു സംശയം--ഈ കാണുന്ന ജനസഞ്ചയം മുഴുവന്‍ ഇവിടെ എത്തിയിരിക്കുന്നത് ഈ മഹത്തായ തൂക്കു മഹോത്സവം കാണാനാണ്. ഈ മെലിഞ്ഞു-കൊടക്കൊളുത്തു പോലിരിക്കുന്ന എന്നേ തൂക്കിയാല്‍ അതെന്തു കാഴ്ചയാണ്. അതാ ആ നില്‍ക്കുന്ന ഭീമസേനനേപ്പോലുള്ള ചെട്ടിപ്പിള്ളയെ തൂക്കിലിട്ടാല്‍ എന്തു രസമായിരിക്കും കാഴ്ചക്കാര്‍ക്ക്!

രാജാവു പൊട്ടിച്ചിരിച്ചു--മിടുക്കന്‍ --ചെട്ടിയേ തൂക്കിലിടട്ടെ--അവസാനവിധി--ചെട്ടിയേ തൂക്കിലിട്ടു. ചെട്ടിക്കും വീ‍ട്ടുകാര്‍ക്കും ഒഴിച്ച് എല്ലാര്‍ക്കും സന്തോഷം. നല്ലൊരു തൂക്കു കണ്ടല്ലോ.

അപ്പം ഈ രാജാക്കന്മാരെല്ലാം മണ്ടന്മാരായിരുന്നോ അപ്പൂപ്പാ--ആതിരയ്ക്കു സംശയം. എല്ലാരുമല്ല മോളേ--പൊതുവേ രാജാക്കന്മാര്‍ ബുദ്ധിശാലികളാണ്. ഇടയ്ക്കിടയ്ക്ക് പകുതി മണ്ടന്മാരും, മുഴുവിഡ്ഡികളും ഉണ്ടാകുമെന്നു മാത്രം. ഇന്നത്തേ ജനാധിപത്യത്തില്‍ പിന്നെ അങ്ങനൊരു കുഴപ്പമില്ല. മന്ത്രിമാര്‍ എല്ലാവരും അതിബുദ്ധിമാന്മാരാണ്--കൂടുതല്‍ കാശുണ്ടാക്കുന്ന കാര്യത്തില്‍’. രാ‍ജാവിനേപ്പോലെ കൊല്ലാനുള്ള അധികാരമില്ലെങ്കിലും അത് അവര്‍ സ്വന്തം ക്വട്ടേഷന്‍ സംഘങ്ങളേക്കൊണ്ട് നടത്തിക്കൊള്ളും. അതോര്‍ത്ത് ജനങ്ങള്‍ വിഷമിക്കാതിരിക്കണ്ടാ.

അതിനവരേ കുറ്റം പറയാനും പറ്റില്ല--അടുത്ത തെരഞ്ഞെടുപ്പിനു നില്‍ക്കണ്ടേ--രാജാവിനാണെങ്കില്‍ -അനന്തിരവനോ--മകനോ-പിന്തുടര്‍ച്ചാവകാശമനുസരിച്ച് ജനിച്ചാല്‍ മതി.

അതു പോട്ടെ നമുക്കു കൊട്ടാരം വൈദ്യനേ നോക്കാം. രാജാവിന്റെ മേല്പറഞ്ഞ ഗുണഗണങ്ങള്‍ ശരിക്കരിയാ‍ാവുന്ന ആളാണ് വൈദ്യന്‍ ‍. അതുകൊണ്ട് അദ്ദേഹം നമ്മുടെ പഴയ ജോത്സ്യനേ തിരക്കി പോയി. കുഞ്ഞിന്റെ അല്‍പ്പായുസ്സ് ഭംഗ്യന്തരേണ അവതരിപ്പിച്ച് അവാര്‍ഡ് വാങ്ങിയ ആളല്ലേ. എന്തെങ്കിലും വിദ്യ പറഞ്ഞു തരും.

വൈദ്യന്‍ ജ്യോത്സ്യനേ കണ്ടു. ചെട്ടിയുടെ കാര്യം അറിഞ്ഞില്ലേ--ജ്യോത്സ്യന്‍ ചോദിച്ചു--എന്തൊരു കഷ്ടമാണ്. വൈദ്യന്‍ പറഞ്ഞു--താനേതായാലും രക്ഷപെട്ടല്ലോ. അതുമതി.

അതേ ജ്യോത്സ്യന്‍ പറഞ്ഞു--വായില്‍ കിടക്കുന്ന നാക്ക് പ്രയോഗിക്കുമ്പോള്‍ അല്പം തലച്ചോറുകൂടി ഉപയോഗിക്കണം. മണ്ടന്മാരേ അങ്ങിനെ വേണം കൈകാര്യം ചെയ്യാ‍ന്‍ ‍. അങ്ങേര്‍ക്ക് ദീര്‍ഘായുസ്സാണെന്നു പറഞ്ഞപ്പോള്‍ മകന്റെ കാര്യമേ മറന്നു. ശുംഭന്‍ .

അതു പോട്ടെ--വൈദ്യന്‍ പറഞ്ഞു. ഞാനിപ്പോഴൊരു പുലിവാലു പിടിച്ചിരിക്കുകയാണ്. അങ്ങേര്‍ക്ക് ചാകാതിരിക്കാനുള്ള മരുന്ന് വേണം. ഒരു മാസത്തിനകം ഉണ്ടാക്കി കൊടുക്കണമെന്നാണ് കല്പന. എന്തു ചെയ്യുമെന്ന് എനിക്കറിഞ്ഞുകൂടാ.

അത്രേയുള്ളോ--ജ്യൊത്സ്യന്‍ നിസ്സാരമായി ചോദിച്ചു. താന്‍ മരുന്നുണ്ടാക്കിക്കോ.

എന്തു മരുന്ന്? വൈദ്യന് ഒന്നും മനസ്സിലായില്ല.

എന്തെങ്കിലും മരുന്ന് ഉണ്ടാക്കെടോ--ബാക്കികാര്യം ഞാന്‍ പറഞ്ഞു തരാം . എന്നു പറഞ്ഞ് ജ്യൊത്സ്യന്‍ വൈദ്യന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പിന്നീട് അവര്‍ രണ്ടു പേരും കൂടി പൊട്ടിച്ചിരിക്കുന്നതാണ് നം കാണുന്നത്. വളരെ നേരം പൊട്ടിച്ചിരിച്ചിട്ട് നന്ദി പറഞ്ഞ് വൈദ്യന്‍ വിടവാ‍ങ്ങി.

വൈദ്യന്‍ മരുന്നുമായി രാജാവിന്റെ അടുത്തെത്തി.

താന്‍ ഹിമാലയസാനുക്കളില്‍ പോയി മഹര്‍ഷിമാരേക്കണ്ട് മന്ത്ര സിദ്ധിയോടുകൂടി ഈ മരുന്ന് ഉണ്ടാക്കിയെന്നും, അവരുടെ നിര്‍ദ്ദേശപ്രകാ‍രം ഈമരുന്നു കഴിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നും നിര്‍ദ്ദേശം തെറ്റിച്ചാല്‍ വലിയ ദോഷം സംഭവിക്കുമെന്ന് മഹര്‍ഷിമാര്‍ പറഞ്ഞെന്നും വൈദ്യര്‍ അറിയിച്ചു.

ശരി ശരി പറഞ്ഞോളൂ--എന്താണു നിര്‍ദ്ദേശം--രജാവിനു ആകാംക്ഷ.

വൈദ്യന്‍ പറഞ്ഞു--രാത്രി അത്താഴം കഴിഞ്ഞ് പത്തു മിനിട്ടു ധ്യാനിക്കണം. അപ്പോള്‍ ഒരു കാരണവശാലും കുരങ്ങന്റെ കാര്യം ഓര്‍ക്കരുത്. ഓര്‍ത്താല്‍ മരുന്നു കഴിക്കുന്നവന്‍ കുരങ്ങായിപ്പോകും. പിന്നീട് മരുന്നു കഴിച്ച് കിടക്കാം. അങ്ങിനെ ഈ മരുന്ന് മുഴുവന്‍ കഴിച്ചാല്‍ പിന്നെ മരണമില്ല.

ഹിത്രേ ഉള്ളൂ--രാജാവിനു ആശ്വാസം.

രാത്രിയായി. അത്താഴം കഴിഞ്ഞ് രാജാവ് ധ്യാനിക്കാന്‍ പൊയി. എന്തായാലും കുരങ്ങനേ ഓര്‍ക്കരുത്--രാജവു തീരുമാനിച്ചു. പക്ഷേ അതല്ലാതെ ഒന്നും മനസ്സില്‍ വരുന്നില്ല. എന്നാല്‍ ഇന്നു കഴിക്കണ്ടാ--നാളെ തുടങ്ങാം. എന്നുവിചാരിച്ചു വിചാരിച്ച് ആമരുന്ന് ഇപ്പോഴും അവിടെ ഇരിപ്പുണ്ടെന്നാ പറയുന്നത്.

അതേ കഥ തീര്‍ന്നില്ല. പക്ഷേ ഇപ്പോള്‍ കര്‍ക്കിടകപ്പത്ത് ഉണക്കല്ലേ. തേങ്ങാ പൊട്ടിക്കണം--പയറിടണം--പയറ്റൊണക്കെന്നും പറയും. ങാ വന്നേ വന്നേ ഇനി കഥയൊക്കെ പിന്നെ.

നമ്പ്യാത്തന്‍

0
നമ്പ്യാത്തന്‍ നമ്പൂതിരിയേ ഓര്‍ക്കുന്നില്ലേ മക്കളേ.

. ഇല്ലല്ലോ അപ്പൂപ്പാ. ആരാ അത്. ആതിര ചോദിച്ചു.

ഓ ഇല്ല കൊഴിക്കോട്ടു കടപ്പുറത്തു വച്ചെ-- ഒരാളേ സഹായിച്ച് അടിമേടിച്ച--

ഇല്ല ഞങ്ങളാരും ഓര്‍ക്കുന്നില്ല. വെറേ ആരോടോ ആണ് പറഞ്ഞത്.

ശരി ശരി എന്നാ കേട്ടോ. നമ്പ്യാത്തന്‍ നമ്പൂതിരി കോഴിക്കോട്ട് ഒരു പ്രസിദ്ധ മനയിലേയാണ്. അദ്ദേഹവും കാര്യസ്ഥന്‍ രാമനുംകൂടി ഒരു വെള്ളിയാഴ്ച്ച കടപ്പുറത്തു പോയി. ഇങ്ങനെ ചുറ്റി നടക്കുമ്പോള്‍ നമ്പൂതിരി രാമനേ വിളിച്ചു.

രാമാ--രാമാ ദാ ആമനുഷ്യന്‍ കുറെ നേരമായി തലകുത്തി നില്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ പൊങ്ങാന്‍ പറ്റുന്നില്ല. യോഗാസനം പരിശീലിക്കുകയാണ്. വാ നമുക്കു സഹായിക്കാം.

അവര്‍ രണ്ടു പേരുംകൂടി ചെന്നു. ഒരാള്‍ തുണി വിരിച്ച്.വജ്രാസനത്തിലിരുന്ന് കുനിഞ്ഞ് തല മണ്ണില്‍ മുട്ടിച്ച് ഇരിക്കുന്നു. നമ്പൂതിരി അയാളുടെ പുറകില്‍ ചെന്ന് ആസനത്തില്‍ പിടിച്ച് ഒരു പൊക്ക്. അയാള്‍ മുന്നോട്ടു മറിഞ്ഞ് മലര്‍ന്നു വീണു.

ഹമുക്കേ നിസ്കരിക്കാനും സമ്മതിക്കില്ലേ എന്നു ചോദിച്ച് അയാള്‍ ചാടി എഴുനേറ്റ്, നമ്പൂതിക്കിട്ടൊന്നു പൊട്ടിച്ചു. രാമന്‍ സൂത്രത്തില്‍ മാറിക്കളഞ്ഞു. ഇതാണ് കഥ.

അദ്ദേഹത്തിന്റെ ഒരു കഥ പറയാമെന്നാണു വിചാരിച്ചത്.
പറഞ്ഞോ-പറഞ്ഞോ--എല്ലാവരും കൂടി കോറസ്സ്. ശരി --കേട്ടോളൂ. മനയിലേക്കു പാട്ടം വരവൊക്കെ കുറഞ്ഞു. പണത്തിനും ബുദ്ധിമുട്ട്. സ്ഥലം വെറുതേ കിടക്കുകയല്ലേ. അവിടെ കപ്പയിട്ടാല്‍ നന്നായി ഉണ്ടാകുമെന്നും അതു വിറ്റ് പൈസ ഉണ്ടാക്കാമെന്നും ഒരു ബുദ്ധിമാന്‍ നമ്പൂതിരിയെ ഉപദേശിച്ചു. അദ്ദെഹത്തിന്റെ സ്വഭാവം അറിയാമായിരുന്നതു കൊണ്ട്--ഇതില്‍ ഒരു റാത്തല്‍ പോലും വെറുതെ കൊടുക്കരുതെന്നും പറഞ്ഞു.

നമ്പൂതിരി സമ്മതിച്ചു. പ്രത്യേകം ഒരേക്ര സ്ഥലത്തു കപ്പയിട്ടു. ശ്രദ്ധിക്കാന്‍ രാമനേ ചുമതലപ്പെടുത്തി. പൈസയ്ക്കല്ലാതെ കൊടുക്കരുതെന്ന് നമ്മുടെ ഉപദേശകന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു

ഔസേപ്പു മാപ്പിള മനയിലേ ഒരു കുടിയാനാണ്. പരമ സാധു. നിത്യവൃത്തിക്കു പോലും ഒന്നുമില്ല. കപ്പ പറിക്കാറയപ്പോള്‍ അയാള്‍ രാമന്‍ നായരോട് കുറ്ച്ചു കപ്പ തരാമോ എന്നു ചോദിച്ചു. രാമന്‍ നായര്‍ അത് മനയിലറിയിച്ചു. അതിനെന്താ കൊടുക്കാമല്ലോ.എത്ര റാത്തല്‍ വേണമെന്നു ചോദിക്കൂ രാമാ
രാമന്‍ ‍;- എത്ര റാത്തല്‍ വേണം ഔസേപ്പേ?
ഔസേപ്പ്;- രണ്ടു റാത്തല്‍ മതിയേ.
നമ്പൂതിരി:- റാത്തലിനു ഒന്നര അണയാണ് വില. ഒരു വിട്ടു വീഴ്ചയുമില്ല.. കേട്ടോ രാമാ.
രാമന്‍ :- റാന്‍
നമ്പൂതിരി:- പൈസയില്ലാതെ ഒരു കച്ചോടവുമില്ല . പറഞ്ഞേക്കാം.
രാമന്‍ ‍:- റാന്‍ ‍.
നമ്പൂതിരി:- എന്നാല്‍ ശരി. പോയി പറിച്ചു കൊണ്ടു വാ.

അപ്പഴേ അപ്പൂപ്പന്‍ ഈ റാത്തല്‍, റാത്തല്‍ എന്നു പറയുന്നല്ലോ, അതെന്തവാ. ഉണ്ണിയുടെ സംശയം.

ഓ അതു ഞാന്‍ മറന്നുപോയി. ഇപ്പോള്‍ ഒക്കെ കിലോയാണല്ലോ. പണ്ടത്തേ തൂക്കം റാത്തല്‍, മന്ന് ഒകെയാണ്. ഒരു കിലോ ഏകദേശം രണ്ടു റാ‍ത്തലില്‍ കൂടുതലാണ്. പതിനഞ്ചു റാത്തലാണ് ഒരു മന്ന്.

രാമന്‍ നായരും, ഔസേപ്പും കൂടിപോയി. അല്പം കഴിഞ്ഞപ്പോള്‍ രാമന്‍ നായര്‍ തിരിച്ചു വന്നു . ഒരു പരുങ്ങലോടെ.

എന്താ രാമാ--നമ്പൂതിരി ചോദിച്ചു..

അത് ഔസേപ്പിന്റെ കൈയ്യില്‍ പൈസയില്ലെന്ന്.

എന്നാല്‍ കപ്പയും ഇല്ല. നമ്പൂതിരി ദേഷ്യത്തില്‍ പറഞ്ഞു.

രമന്‍ :- വീട്ടില്‍ പട്ടിണിയാണെന്നും പൈസയില്ലാത്തതു കൊണ്ടാണ് ഇങ്ങോട്ടു വന്നതെന്നും പറഞ്ഞു.

നമ്പൂതിരി :- (കോപത്തോടെ) എന്നിട്ടു നീ എന്തുകൊണ്ടിതാദ്യം പറഞ്ഞില്ല.. മനയിലേ ആവശ്യത്തിനിട്ടിരിക്കുന്ന ആ ആനക്കൊമ്പന്‍ കപ്പ വിളഞ്ഞില്ലേ. അതില്‍ നിന്നും അവന് ആവശ്യത്തിനു പറിച്ചു കൊട്. മറ്റേ കപ്പ പൈസയില്ലാതെ കൊടുക്കുന്ന പ്രശ്നമില്ല.എടാ ഔസേപ്പേ നിനക്കു വേണമെങ്കില്‍ ഇവിടെവന്ന് ആവശ്യത്തിനു മേടിച്ചു കൊണ്ടു പൊക്കോണം. മറ്റേത് പൈസക്കു കൊടുക്കാനുള്ളതാ.---എങ്ങനൊണ്ട്.








ദ്


























ദ്























ദ്

അപ്പൂപ്പന്റെ കഥ ഏഴ്

0
ഒരു ദിവസം രാവിലേ ക്ലാസ്സില്‍ വലിയ കോലാഹലം. ഞങ്ങളുടെ ക്ലാസ്സിലേ കൃഷ്ണപിള്ളയാണ് നടുവില്‍--എല്ലാവരും ചുറ്റിനും. ഉദ്വേഗപൂര്‍വ്വം കൃഷ്ണപിള്ള മുണ്ടു കാണിക്കുന്നു.

ഇതു ചോരയാ--ചോര--എന്റെ തൊട്ടടുത്തു നിന്ന ആളിന്റെ--രണ്ടു പേരു ചത്തെന്നാ തോന്നുന്നെ--ഞങ്ങള്‍ ഞെട്ടിത്തെറിച്ചു--

എന്താ--എന്താ--എല്ലാവരും കൂടെ ഒന്നിച്ചു ചോദിച്ചു.

ഇന്നലെ രാത്രി -കൃഷ്ണപിള്ള പറഞ്ഞു-വല്യ കുളങ്ങരെ അമ്പലത്തിലേ ഉത്സവമാണ്. വെടി ക്കെട്ട് പ്രസിദ്ധമാണല്ലോ--ഇന്നലെ വെടിക്കെട്ടപകടം--അതുകാണാന്‍ തൊട്ടടുത്തു പോയിനിന്ന എന്റടുത്തു നിന്ന ആളിന്റെ മേല്‍ എന്തൊ തറച്ചു--ചോര ചീറ്റി എന്റെ മുണ്ടില്‍ വീണതാ--(ഇപ്പൊഴത്തെ കുട്ടികള്‍ക്ക്--ഇയാളെന്താ മുണ്ടു മാ‍റാതെ -ആ മുണ്ടു തന്നെ ഉടുത്തോണ്ടു വന്നത് എന്നു തോന്നും--മക്കളേ ആകെ ഒരു മുണ്ടേ ഉള്ളൂ. ദിവസവും നനച്ച് ഉപയോഗിച്ചുകൊള്ളണം--അതാ അന്നത്തേകാലം)

---ഹൊ--ഞങ്ങളൊക്കെ കൃഷ്ണപിള്ളയെന്ന ഹീറോയേപ്പറ്റി അഭിമാനിച്ചു. പരസ്പരം എന്തൊക്കെയോ പറഞ്ഞ് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

അപ്പോള്‍ എന്തവാടാ ഇവിടെ--ഒരു ആജ്ഞാശക്തിയുള്ള ചോദ്യം--ജോര്‍ജുവര്‍ഗ്ഗീസ്സ് സാറാണ്--ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍--ബെല്ലടിച്ചതും സാറു വന്നതുമൊന്നും--ബഹളത്തിനിടയില്‍ ഞങ്ങളറിഞ്ഞില്ല.

സാര്‍ ഈ കുട്ടിയുടെ മുണ്ടില്‍---ഒരാള്‍ തുടങ്ങി--

പോ‍യിരിക്കിനെടാ--അവന്റെ ഒരു മുണ്ട് സാറുഗര്‍ജ്ജിച്ചു.

വെറുതേയല്ലഈസാറന്മാരിങ്ങനെയായിപ്പോയത്(എങ്ങനെയാണെന്നുപറഞ്ഞില്ല) എന്നു പിറുപിറുത്തുകൊണ്ട് എല്ലാവരും അവരവരുടെ സ്ഥാനത്തിരുന്നു. നമ്മുടെ കൃഷ്ണപിള്ള പിന്നീട് പൊസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് ഡിപ്പാര്‍ട്മെന്റില്‍ ജോലി കിട്ടുകയും നാട്ടുനടപ്പനുസരിച്ച് കമ്പികൃഷ്ണപിള്ള എന്ന പേരില്‍ പ്രസിദ്ധനാകുകയും ചെയ്തു. അദ്ദേഹം ഇന്നില്ല

ഉത്സവത്തിന്റെ കാര്യം, കൂട്ടുകാര്‍ പോയി വന്നു വിശേഷങ്ങല്‍ പറഞ്ഞു കേള്‍കുന്നതല്ലാതെ ഞങ്ങള്‍ക്ക്--എനിക്കും , അനിയനും ഉത്സവം ഇല്ല. ഹരിപ്പാട്ട് ഉത്സവത്തിന്--അഞ്ചാമുത്സവത്തിനോ ആറാമുത്സവത്തിനോ വൈകിട്ടു കൊണ്ടു പോയി വേലകളി കാണിക്കും. ഇതാണ് ഞങ്ങളുടെ ഉത്സവം. തന്നേ പോയിക്കാണാറാകുമ്പോള്‍ പോയി ക്കണ്ടോ--ഇപ്പോ ഇത്രയും മതി--ഇതാണ് വീട്ടിലേ കല്പന--അപ്പീല്‍ കോടതിയില്ല.


വളര്‍ന്നു കഴിഞ്ഞ്--ഉത്സവമല്ലിയോടാ--നീ പോണില്ലേ-- അമ്മയാണ്.

ഓ എന്തുത്സവം--ഞാന്‍ പോകുന്നില്ല.

ഇതാണ് വ്യത്യാസം. നമുക്ക് കാണണമെന്ന് ആഗ്രഹമുള്ള കാലത്തു മാത്രമേ ഇതിനൊക്കെ വിലയുള്ളൂ അന്ന് ഓരോ ഉത്സവം വരുമ്പോഴും, അടുത്ത ദിവസം സ്കൂളില്‍ വരുന്ന കൂട്ടുകാരുടെ വിവരണങ്ങള്‍ അസൂയയോടെയാണ് കേട്ടിരുന്നത്, ഇന്നോ!
ഞങ്ങള്‍ സേവനവാരത്തിന് ആദ്യം പോയത് എന്റെ കൂട്ടുകാരന്‍ മാധവന്‍ നായരുടെ വീട്ടിലാണ്. അദ്ദേഹത്തിന്റെ ചേട്ടനും മൂന്നനിയന്മാരും , ഒരു പെങ്ങളും, അച്ഛനും അമ്മയും അടങ്ങുന്ന കരുവാറ്റായിലെ അറിയപ്പെടുന്ന കുടുംബമാണ്.

കമ്പനി വള്ളമെന്ന് നിങ്ങള്‍ കേട്ടിട്ടില്ലല്ലോ. അന്നൊക്കെ രാത്രി പത്തുമണിയോടുകൂടി ജങ്ങളുടെ വടക്കേ ആറ്റില്‍ ഒരു കുഴലൂത്തു കേള്‍ക്കും--പേ--പേഏ--പെപ്പെരപ്പേ----- എന്ന് നീട്ടി. അതു കമ്പനിവള്ളത്തിന്റെ ഹോണടിയാണ്. വില്പന ശാലകളിലേക്ക് ചങ്ങനാശേരിയില്‍ പോയി മൊത്തക്കച്ചവടക്കരുടെ അടുത്തുനിന്ന് ചരക്കെടുത്ത് കൊടുക്കുന്നജോലിയാണ് കമ്പനി വള്ളത്തിന്. വ്യാപാരികള്‍ മുന്‍ കൂര്‍ പണം കൊടുത്ത് ലിസ്റ്റും ഏല്പിച്ചാല്‍ അടുത്ത ദിവസം സാധനം എത്തിക്കും. ആഴ്ചയില്‍ രണ്ടു ദിവസം. ലോറി വേണ്ടാ-പെട്രോള്‍ വേണ്ടാ--വെറും മനുഷ്യ പ്രയത്നം. വള്ളം ഊന്നലും--സത്യസന്ധതയും മാത്രം മുതല്‍ മുടക്കുള്ള കമ്പനി. അങ്ങനെയുള്ള കമ്പനിവള്ളത്തിന്റെ ഉടമയാണ് മാധവന്‍ നായരുടെ അച്ഛന്‍ . പഠിക്കുന്ന കാലത്ത് ഞങ്ങള്‍ ഒരു വീട്ടുകരേപ്പോലെയായിരുന്നു.

ഇപ്പോള്‍ മാധവന്‍ നായര്‍ കോടീശ്വരനാണ്. ഗള്‍ഫില്‍ പോയി, അനുജന്മാരേയും , അവനു പരിചയമുള്ള സകലരേയും നല്ലനിലയിലാക്കിത്തീര്‍ത്ത ഒരു വലിയ മനസ്സിന്റെ ഉടമയും.

ഞങ്ങളുടെ പുതിയ ഹെഡ് മാസ്റ്റര്‍ ഡിസിപ്ലിനേറിയനും, നല്ല ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്നെങ്കിലും, എന്തൊ ദുര്‍വാശിക്കാരനായിരുന്നു.-എന്നൊരു പരാതി അദ്ദേഹത്തേക്കുറിച്ചുണ്ടായിരുന്നു. അതിനേക്കുറിച്ച് സ്കൂളില്‍ രസകരമായ ഒരു കഥയും പ്രചരിച്ചിട്ടുണ്ട്.

അച്യുതക്കുറുപ്പു സാര്‍, പഴയ ബി.എ.എല്‍.റ്റി. ക്കാരനാണ്. അതായത് ബി.റ്റി. വരുന്നതിനു മുമ്പത്തേ പരീക്ഷ. കറുത്തു ഭീമാകാരനായ ഒരു ഏഴടി പൊക്കക്കാരനാണ്. തല ഒരു വശത്തേക്ക് അല്പം ചരിഞ്ഞിരിക്കും--ആരേയോ തിരിഞ്ഞു നോക്കാന്‍ പോകുകയാണെന്നു തോന്നും. പട്ടുപോലത്ത സ്വഭാവം. കണ്ടാല്‍ ഭയം തോന്നുമെങ്കിലും സ്നേഹമസൃണമായ പെരുമാറ്റം. സ്കൂളിലേ ഫസ്റ്റ് അസിസ്റ്റന്റാണ്. ഇംഗ്ലീഷ് ആണ് വിഷയം.

ഇനി വിഷയത്തിലേക്കു കടക്കാം. ഞങ്ങളുടെ സ്കൂള്‍ രണ്ടു നിലയാണ്. മുകളിലത്തേനില ഹാളാണ്--അത് ഇടയ്ക്കു സ്ക്രീന്‍ വച്ചു മറച്ചാണ് ക്ലാസ്സുകള്‍ തിരിച്ചിരിക്കുന്നത്. താഴെ പ്രത്യേക മുറികളും. സധാരണ എസ്.എസ്. എല്‍. സി ക്കാര്‍ക്ക് താഴത്തേ ക്ലാസ്സുകളാണ്. മുകളിലാണെങ്കില്‍ അടുത്ത ക്ലാസ്സിലേ സാറിനേ കാണാം--ശബ്ദവും കേള്‍ക്കാം. അതു കൊണ്ട് ഒരു കീഴ്വഴക്കമായി ഇതു നടന്നു വന്നിരുന്നു. എന്തു കാറണം കൊണ്ടാണെന്നറിയില്ല--പുതിയ എച്ച്.എം., എസ്. എസ്. എല്‍. സി. ക്ലാസ്സുകള്‍ മുകളിലാക്കി. അപ്പുറത്തേയും ഇപ്പുറത്തേയും ഒക്കെ ക്ലാസ്സുകളീലേ ബഹളം കൊണ്ട് പഠിപ്പിക്കാന്‍ പ്രയാസമാണെന്നൊക്കെ സാറന്മാര്‍ പറയുന്നതു കേട്ടിട്ടുണ്ട്. പലതവണ ക്ലാസ്സ് ടീച്ചര്‍മാര്‍ എച്. എമ്മിനോട് ക്ലാസ്സ് മാറ്റാന്‍ പറഞ്ഞു നോക്കി. ഫലമുണ്ടായില്ല.

ഒരു ദിവസം സ്റ്റാഫ് മീറ്റിങ്ങ് നടക്കുകയാണ്. തീരാറായി. അതാ അച്യുതക്കുറുപ്പു സാര്‍ എഴുനേല്‍ക്കുന്നു--

അദ്ദേഹം എസ്. എസ്. എല്‍. സി. --ബി ദിവിഷനിലേ ക്ലാസ്സ് ടീച്ചറാണ്.. ഇരിക്കുന്നതും എഴുനേല്‍ക്കുന്നതും അദ്ദേഹത്തിനു ബുദ്ധിമുട്ടാണ്.ശരീര വൈപുല്യംകാരണം.

എച്ച്.എം. ചോദിച്ചു--എന്താസാര്‍?

അച്യുതക്കുറുപ്പു സാര്‍ പറഞ്ഞു--സാര്‍ ഈ എസ്. എസ്. എല്‍. സി. ക്ലാസ്സുകള്‍ ഒരുകാലത്തും മുകളില്‍ നിന്നും മാറ്റരുത്--അച്യുതക്കുറുപ്പുസാര്‍ ഇരുന്നു.

എച്ച്.എം.പറഞ്ഞു--പക്ഷേ ക്ലാസ്സ് റ്റീച്ചര്‍മാര്‍ അതു മാറ്റണമെന്നാണല്ലോ പറയുന്നത്---സാറും പറഞ്ഞതല്ലേ?

അച്ച്യുതക്കുറുപ്പു സാര്‍ എഴുനേറ്റു--ഇങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷേ മാറ്റിയെങ്കിലോ എന്നു വിചാരിച്ചു. അദ്ദേഹം ഇരുന്നു.

എച്ച്. എം. വിളറി-വല്ലാതായി.--അപ്പോള്‍ നിങ്ങള്‍ക്ക് എന്നേക്കുറിച്ച് അങ്ങനാണോ അഭിപ്രായം അദ്ദേഹം ചോദിച്ചു.

അച്ച്യുതക്കുറുപ്പു സാര്‍ വീണ്ടും എഴുനേറ്റു--അതെ--എന്നു പറഞ്ഞ് അദ്ദേഹം ഇരുന്നു.

പിറ്റേ ദിവസം എസ്.എസ്.എല്‍.സി.ക്ലാസുകള്‍ മാറ്റി. അതിനേക്കുറിച്ചുള്ള കഥയാണ്.. ശരിയാണോ എന്തോ. ആ.

ഇപ്പോള്‍ എങ്ങുനിന്നെന്നറിയില്ല--ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള ഒരു കാര്യം തെള്ളീക്കേറി വരുന്നു. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള കാര്യമാണ്. അന്നു മഹാരാജാവിന്റെ പിറന്നാളിന്--
വഞ്ചിഭൂമീ പതേ ചിരം
സഞ്ചിതാഭം ജയിക്കേണം--എന്നൊക്കെ പറഞ്ഞുള്ള ഒരു പാട്ടും പാടി ഘോഷയാത്രയും ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷില്‍ എന്തോ പറയുമ്പോള്‍ --പീപ്പീ പ്രേ എന്നു പറയുകയും ഒക്കെ വേണം. ഇത് അതല്ല. ഓണപ്പരീക്ഷ കഴിഞ്ഞു. സ്ലേറ്റും പെന്‍സിലുമാണല്ലോ. സാറ് വീട്ടില്‍ വന്നു. ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറേതിലാണ് സാറിന്റെ വീട്. വല്യച്ഛന്‍ എന്നെ വിളിച്ചു. എടാ ഇവിടെ വാ.

ഞാനോടി ചെന്നു. വല്യച്ഛനേ എനിക്ക് വലിയ ഇഷ്ടമാണ് .

എടാ മുരരിപു ആരാടാ? വല്യച്ഛന്റെ ചോദ്യം.

ശ്രീകൃഷ്ണന്‍ --ഞാന്‍ പറഞ്ഞു.

പിന്നെന്താടാ നീ കാളിയന്‍ എന്നെഴുതിയത്? അടുത്ത ചോദ്യം.

അതു വല്യച്ഛാ ചോദ്യമാ തെറ്റ്--ശ്രീകൃഷ്ണനേക്കുറിച്ച് ആദ്യമേ ചോദിച്ചു. പിന്നെ കാളിയനേക്കുറിച്ചാ ചോദിക്കേണ്ടത്. എന്നേപറ്റിക്കാനാ പിന്നേം മുരരിപു എന്നു ചോദിച്ചത്. അതുകൊണ്ടാ ഞാന്‍ ശരിയുത്തരം എഴുതിയത്--

കാര്യം മനസ്സിലായോ? കാളിയ മര്‍ദ്ദനം എന്നൊരു പാഠം ഉണ്ട് മൂന്നാംക്ലാസ്സില്‍. അതിലേ ചോദ്യങ്ങളാണ്. ഹരി എന്ന് ആദ്യം ചോദിച്ചു. അതിനുത്തരം ശ്രീകൃഷ്ണന്‍ എന്നെഴുതി--ഉടനേ അടുത്ത ചോദ്യം മുരരിപു--അതെന്നേപ്പറ്റിക്കാനല്ലിയോ? വല്യച്ഛനും സാറും മുഖത്തോടു മുഖം നോക്കി ചിരിച്ചു. പിന്നെ വളരെക്കാലം ആ സാര്‍ എന്നേ കാണുമ്പോള്‍ മുരരിപു-കാളിയന്‍ എന്നു പറഞ്ഞു കളിയാക്കും.

അടുത്ത കൊല്ലം നാലാം ക്ലാസില്‍--ചോദ്യം കേള്‍ക്കണോ? നാമം എന്നാല്‍ എന്ത്? സര്‍ക്കാര്‍ എന്നാല്‍ എന്ത്? ഞങ്ങളേ ഇതൊന്നും പഠിപ്പിച്ചിട്ടില്ല.. ഞാന്‍ നാമം എന്നാല്‍ സന്ധ്യയ്ക്കു ജപിക്കുന്നതെന്നും--മഹാരാജവു താമസിക്കുന്ന വീടിനു സര്‍ക്കാര്‍ എന്നു പറയുന്നു എന്നു എഴുതി. അതു പോട്ടെ ഇന്നു സര്‍ക്കറ്ന്റെ ശരിയായ നിര്‍വ്വചനം എത്ര പേര്‍ക്കറിയാം--നാലാം ക്ലാസ്സുകാരോടുള്ള ഓരോ ചോദ്യങ്ങളേ!
X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X X

അവളുടെ പേര്‍ മണിയെന്നാണെന്നറിഞ്ഞു. ഞാന്‍ വലിയ വാചകമടിക്കാരനാണെന്നാണ് പൊതുസംസാരം. ആരോടും എന്തും പറയാന്‍ മടിയില്ല. സ്കൂളില്‍ മാനേജര്‍ അന്വേഷണത്തിനു വന്നപ്പോള്‍-നാട്ടുകാരും, കുട്ടികളും, സാറന്മാരും--എല്ലാം കൂടിയുള്ള മീറ്റിങ്ങില്‍, എഴുനേറ്റ് നിന്ന്, ക്ലാസ്സ് താഴേക്കു മാറ്റാന്‍ എച്ച്. എമ്മിനോടു പറയണമെന്നു മാനേജരോടു പറഞ്ഞതിന് വീട്ടില്‍ചെന്നപ്പോള്‍ ശരിക്കു പെട കിട്ടിയതാ. നീ എന്തിനാടാ പറഞ്ഞത്-വേറേ ആര്‍ക്കും ഈ അസുഖമില്ലായിരുന്നല്ലോ--ഇതാണ് അടിയുടെ കാരണം. ഒരു നല്ലകാര്യം ചെയ്യാന്‍ സമ്മതിക്കുകയില്ല.


ഏതു പെണ്‍കുട്ടിയോടും സംസാരിക്കാന്‍ എനിക്ക് ഒരു പേടിയുമില്ല. പക്ഷേ ഈ മണി--അവളുടെ കണ്ണുകള്‍ കണ്ടാല്‍ എനിക്കു ശബ്ദം വരുത്തില്ല. നോക്കി നില്‍ക്കും--ശ്വാസം പിടിച്ച്. പിന്നെ കുറേ നേരത്തേക്ക് എനിക്കൊന്നും പറയാന്‍ പറ്റില്ല. അവളാണെങ്കില്‍ കാണുന്നിടത്തുവച്ച് വച്ച് പൊട്ടിച്ചിരിയും--വര്‍ത്തമാനമില്ല.

പക്ഷേ മഹാനവമി കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു വ്യത്യാസം. ഇപ്പോള്‍ അവള്‍ ഞങ്ങളുടെ വീട്ടിനടുത്തുള്ളവരും, ബന്ധുക്കളും ആയ, അവളുടെ ക്ലാസ്സില്‍ പഠിക്കുന്നവരുമായിട്ടാണ് കൂട്ട്.
ഒരു ദിവസം ഞാന്‍ ഉച്ചയ്ക്ക്, ഊണുകഴിഞ്ഞ്--ഷോട്പുട്ടുമെടുത്ത് പ്രക്ടീസിനു പോവുകയാണ്. പുറകില്‍ നിനൊരു വിളി--

ഏ- സെക്രട്ടറി--ഇങോട്ടു വന്നേ.--ഞാ‍ന്‍ നോക്കി--ഈശ്വരി അമ്മയാണ്. എന്റെ തൊട്ടയല്‍ക്കാരി.

ഞാന്‍ ഷോട് പുട് കൂട്ടുകാരന്റെ കൈയ്യില്‍ കൊടുത്തു അങ്ങോട്ടുചെന്നു.

നാളെ ഞങ്ങളുടെ ക്ലാസ്സില്‍ സഹിത്യ സമാജം മീറ്റിങ്ങാ--ഒരു പ്രസംഗം എഴുതിത്തരണം--അവള്‍ പറഞ്ഞു.

അപ്പോഴേക്കും അവളുടെ കൂട്ടുകാരികളും എത്തി. കൂട്ടത്തില്‍ മണിയും. ദേ മണീ ഞാന്‍ പറഞ്ഞിട്ടുണ്ട്. നാളെ വാങ്ങി ക്കൊള്ളണം. അവര്‍ പോയി.

ഇന്നു മണിയുടെ വക പൊട്ടിച്ചിരിയില്ല--ഒരു മന്ദസ്മിതം മാത്രം.

സെക്രട്ടറി എന്നു പറഞ്ഞപ്പോഴാണ് ആകാര്യം ഓര്‍ത്തത്. ഞങ്ങള്‍--കൂട്ടുകാര്‍--വീട്ടിനടുത്തുള്ളവര്‍ ചേര്‍ന്ന് ഒരു ബാലസമാജം ഉണ്ടാക്കി. പിന്നീട് അതു വളര്‍ന്ന് സാംസ്കാരിക സമാജമാവുകയും, അതിന്റെ പേരില്‍ ഒരു ലൈബ്രറി ഉണ്ടാവുകയും, കാലക്രമേണ അതു മുഴുവന്‍ --കെട്ടിടമുള്‍പ്പടെ--ചിതലെടുത്തു പോവുകയും ചെയ്തിട്ടുണ്ട്. ഒരു സ്പോര്‍ട്സ് ക്ലബ്ബും--അയാപറമ്പ് യ്ങ്ങ് മെന്‍സ് (എ.വൈ. എം) സ്പോര്‍ട്സ് ക്ലബ്ബ്--അതിന്റെ സെക്രട്ടറിയാണ്ഞാന്‍ . അതാണ് ഈശ്വരിയമ്മ സെക്രട്ടറി എന്നു വിളിച്ചത്.

അതിന്റെ പിരിവിനുവേണ്ടി നാടു മുഴുവന്‍ നടന്നതും--എന്റെ ഒരു സാര്‍--മൂന്നാം ക്ലാസ്സിലേ--ശങ്കരപ്പണിക്കര്‍ സാര്‍--അര രൂപാ തന്നത് കൂട്ടി മുക്കാല്‍ രൂപാ(ഇന്നത്തേ എഴുപത്തഞ്ചു പൈസ) കിട്ടിയതും അന്നത്തേ നേട്ടങ്ങളില്‍ പെട്ടതാണ്.

ഇന്നലെ കൊച്ചുമോന്‍ കിട്ടു വന്ന്--

അപ്പൂപ്പാ പത്തുരൂപാ--

എന്തിനാടാ--

എന്റെ പന്തു കുളത്തില്‍ പോയി, വാങ്ങിക്കാനാ ഒന്നെളുപ്പം താ--എല്ലാരും നോക്കി നില്‍ക്കുവാ--എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അറുപത്തിരണ്ടു കൊല്ലത്തിനു മുമ്പിലേക്കു പോയി.










































*