മുഗള്‍ വംശം

1
അപ്പൂപ്പോ എന്നിട്ട് മുഗള്‍ വംശം ഇല്ലാതായ കഥ--ആതിര തുടങ്ങി.

ഓ ശരി-ശരി. പറയാം. എ.ഡി ൧൯൬൨ നവംബര്‍ മാസത്തിലേ ഒരു ദിവസം . സമയം നാലു മണി. സ്ഥലം റങ്കൂണ്‍. ബര്‍മ്മയിലാണ്. കുറെ ബ്രിട്ടിഷ് പട്ടാളക്കാര്‍ ഒരു ശവപ്പെട്ടിയും വഹിച്ചുകൊണ്ട് വരുന്നു. മതിലു കെട്ടി തിരിച്ച ജയിലിനു പുറകിലുള്ള ഒരു ശ്മശാനത്തിലേക്കാണു വരവ്. പുറകില്‍ റംഗൂണ്‍ നദി. സാധാരണ ശവപ്പെട്ടിയുടെ കൂടെ കാണുന്നതുപോലെ വലിയ ആള്‍കൂട്ടമൊന്നും പിന്നാലേ ഇല്ല. എല്ലാം പരമരഹസ്യമായിരിക്കണമെന്നു നിര്‍ബ്ബന്ധമുള്ളതുപോലെ പട്ടാളക്കാര്‍ മാത്രം. മുസ്ലിം ശവമടക്കിനു വേണ്ട പ്രാര്‍ത്ഥനയോ, ഓത്തുചൊല്ലലോ ഒന്നും ഇല്ല. എങ്ങിനെ എങ്കിലും ഇതൊന്നു കഴിച്ചു സ്ഥലംവിടണമെന്നുള്ള വെപ്രാളം പ്രകടമാണ്.

ഇത്രയൊക്കെ സൂക്ഷിച്ചെങ്കിലും തടവുകാരന്‍ --സ്റ്റേറ്റ് പ്രിസണര്‍--എന്നാണ് അയാളേപ്പറ്റി പ്രചരിച്ചിരുന്നത്--മരിച്ച വിവരം അറിഞ്ഞ് ഒരു ചെറിയ ആ‍ള്‍ക്കൂട്ടം എത്തുകയും സായുധരായ പട്ടാളക്കാര്‍ അവരേ ഒട്ടും താമസം കൂടാതെ ഓടിക്കുകയും ചെയ്തു. ശവം അടക്കിനുള്ള കുഴി നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. പെട്ടെന്ന് ശവം പൊടിഞ്ഞ് മണ്ണോടു ചേര്‍ന്ന് ഒരു തെളിവും അവശേഷിക്കാതിരിക്കാന്‍ വേണ്ട കുമ്മായവും മറ്റും കരുതിയിരുന്നു. കൂടുതല്‍ ആള്‍ക്കാരുടെ ശ്രദ്ധ ഉണ്ടാകുന്നതിനു മുമ്പു തന്നെ നിമിഷംകൊണ്ട് ശവമടക്കു കഴിഞ്ഞ് പട്ടാളക്കാര്‍ സ്ഥലംവിട്ടു.

ആരാരുന്നപ്പൂപ്പാ അത്-ആതിരയ്ക്ക് ഉത്കണ്ഠ.

അതോ അതാ‍യിരുന്നു അവസാനത്തേ മുഗള്‍ ചക്രവര്‍ത്തി--പേരില്‍ മാത്രം. ബഹദൂര്‍ ഷാ. ബ്രിട്ടീഷുകാര്‍ ശിപായിലഹള എനു വിളിച്ച ആയിരത്തി തൊള്ളായിരത്തി അമ്പത്തേഴിലേ ഒന്നാം സ്വാതന്ത്യ സമരത്തില്‍, സമരക്കാര്‍ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്ത അറംഗസീബീന്റെ കൊച്ചുമോന്‍ . എവിടെയാണ് അടക്കം ചെയ്തതെന്നുപോലും ആര്‍ക്കും അറിയില്ല.

എന്തിനാ അപ്പൂപ്പാ ഈ സമരക്കാര്‍ ബഹദൂര്‍ ഷായേ ചക്രവര്‍ത്തിയാക്കിയത്.

ആതിരയ്ക്കാണ് സംശയം എല്ലാം.

അതോ പറയാം. സ്വാതന്ത്ര്യ സമരമെന്നു വിളിക്കുന്നെങ്കിലും, യാതൊരു ദിശാബോധവുമില്ലാത്ത സമരമായിരുന്നു അന്നു നടന്നത്.

ഇവിടെയുള്ള സമ്പത്ത് കൊള്ളയടിക്കണമെന്നല്ലാതെ ബ്രിട്ടീഷ്കാര്‍ക്ക് മറ്റു യാതൊരു ലക്ഷ്യവുമില്ല. നിങ്ങള്‍ക്കറിയാമോ അന്ന് മൊത്തം ഇരുനൂറു ബ്രിട്ടീഷ്കാരില്‍ കൂടുതല്‍ ഭാരതത്തില്‍ ഇല്ലായിരുന്നു. അവര്‍ ഇവിടം പിടിച്ചടക്കിയത് നമ്മുടെ നാട്ടുകാരേ ഉപയോഗിച്ചാണ്. ഇപ്പോഴും അതുതന്നെ നടക്കുന്നു. ബോംബേ ആക്രമണം നടത്തിയത് ഇവിടെയുള്ള ആള്‍ക്കരുടെ സപ്പോര്‍ട്ടോടുകൂടിയാണ്.

എന്നും കുറേ വിഭീഷണന്മാരുടെ സഹായമില്ലാതെ ഒരു രാജ്യവും കീഴടക്കാന്‍ സാധ്യമല്ല. വിഭീഷണന്മാര്‍ക്ക് ഇവിടെ ഒരു പഞ്ഞവുമില്ലാല്ലോ. ൧൯൬൨-ലെ ചൈനയുമായുള്ള യുദ്ധം നടക്കുമ്പോള്‍ നമ്മുടെ ദില്ലി സെക്രട്ടേറിയറ്റിലേ ചിലര്‍ ചൈനീസ് ഭാഷ പഠിക്കാന്‍ തുടങ്ങിയെന്നു കേട്ടിട്ടുണ്ട്.

ചൈനീസ് ഭാഷയോ-അതെന്തിനാ-കിട്ടു ചോദിച്ചു.

കൊള്ളാം മോനേ അന്ന് ചൈനാക്കാര്‍ ജയിക്കുമെന്ന് അവര്‍ ഉറപ്പിച്ചു. നമ്മുടെ കൈയ്യില്‍ അന്നു കുറേ മുണ്ടിയേ വെടിവെയ്ക്കുന്ന തോക്കു മാത്രമല്ലേയുള്ളൂ. ഇന്ത്യാ-ചൈന ഭായീ ഭായീ- എന്നു വിളിച്ച് പഞ്ചശീലവും പറഞ്ഞു നടക്കുവല്ലാരുന്നോ.

ചൈനാക്കാര്‍നമ്മുടെ അതിര്‍ത്തികടന്നെത്തിയപ്പോള്‍ അവരേവെരുട്ടി ഓടിച്ചേക്കെടാ എന്നോമറ്റോ ആണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതെന്ന് കേട്ടിട്ടുണ്ട്. വെരുട്ടാന്‍ ചെന്നപ്പഴല്ലിയോ അറിയുന്നത് അന്നത്തേ അത്യന്താധുനിക ആയുധങ്ങളുമായാണ് അവരുടെ ആക്രമണമെന്ന് മനസ്സിലായത്. പിന്നെ വിജയകരമായി കൂടുതല്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്ക് പിന്മാറി-പിന്മാറി അവര്‍ ഏകപക്ഷീയമായി യുദ്ധം നിര്‍ത്തുന്നതുവരെ തുടര്‍ന്നു. ഇപ്പോഴും അവര്‍ പിടിച്ച സ്ഥലം അവരുടെ കൈയ്യിലാണ്. അതു പോട്ടെ. നമ്മുടെ ആള്‍ക്കാരുടെ മനോഭാവത്തേക്കുറിച്ചാണല്ലോ പറഞ്ഞത്.

ബ്രിട്ടീഷുകാര്‍ സൂത്രത്തില്‍ കയ്യടക്കിയ ദേശങ്ങളില്‍ അവര്‍ അതാതുസ്ഥലത്ത് കരം പിരിക്കുന്ന ഉദ്യോഗസ്ഥരേ തന്നെ ആ പണി ഏല്പിച്ചു-പിരിക്കുന്നതിന് കമ്മീഷനും കൊടുത്തു. നാട്ടുകാരേ ഉപ്ദ്രവിക്കുന്നതിന് കമ്മീഷനും കിട്ടുമെന്നായപ്പോള്‍ അവര്‍ക്ക് ഉത്സാഹം കൂടി. രാജാവിനേക്കാള്‍ രാജഭക്തി എന്നു കേട്ടിട്ടില്ലേ. അങ്ങനെയാണ് നാടന്‍ സായിപ്പന്മാര്‍ ഉണ്ടായത്. അവരുടെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ ഇന്ത്യ പിടിച്ചടക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

അങ്ങനെ നാടന്‍ സാ‍യിപ്പന്മാരുടെ സഹായത്തോടെ ഇവിടുത്തേ സമ്പത്തു മുഴുവന്‍ കൊള്ളയടിക്കുന്ന പ്രക്രിയക്കിടയില്‍ ഭരണം താറുമാറായെന്നു പറയേണ്ടതില്ലോ. നാട്ടില്‍ ഭരണത്തിനെതിരേ മുറുമുറുപ്പ് തുടങ്ങി. നാടന്‍ സായിപ്പന്മാരേക്കൊണ്ടുതന്നെ ബുദ്ധിമാന്മാരായ ബ്രിട്ടീഷുകാര്‍ അത് നിഷ്കരുണം അടിച്ചമര്‍ത്തി. പക്ഷേ രഹസ്യമായി എതിര്‍പ്പു തുടര്‍ന്നു. അങ്ങനെ പട്ടാളത്തിലും അതെത്തി.

ഇന്ത്യയില്‍ പെട്ടെന്ന് വികാരം ആളിക്കത്തിക്കാനുള്ള ഉപായം മതമാണ്. അന്ന് പട്ടാളത്തിന്റെ തോക്കില്‍ ലൂബ്രിക്കേഷന്‍ ഓയില്‍ പശുവിന്റേയും, പന്നിയുടേയും കൊഴുപ്പായിരുന്നു. തോക്കു തുറക്കാന്‍ പലപ്പോഴും കടിക്കേണ്ടി വരും. പശു ഹിന്ദുക്കളുടെ ദിവ്യ മൃഗമാണ്-പന്നി മുസ്ലീങ്ങളുടെ നിന്ദ്യ മൃഗവും. ഈ രണ്ടു കൂട്ടരായിരുന്നല്ലോ പട്ടാളക്കാര്‍. എതൃപ്പുകാര്‍ ഇത് സമര്‍ഥമായി ഉപയോഗപ്പെടുത്തി. നമ്മുടെ വിശ്വാസത്തേ അപമാനിക്കാണാണ് ഈ കൊഴുപ്പുപയോഗിക്കുന്നതെന്ന് അവര്‍ പ്രചരിപ്പിച്ചു.

എന്തിനു പറയുന്നു. ഒരുദിവസം തോക്കിന് ഓയിലിടാന്‍ പറഞ്ഞ ബ്രിട്ടീഷ് മേധാവിയേ മംഗള്‍ പാണ്ഡേ എന്ന ശിപായി ആക്രമിച്ചു. അയാളേ കോര്‍ട്ടുമാര്‍ഷല്‍ ചെയ്ത് തൂക്കിക്കൊന്നു. പട്ടാളക്കര്‍ ഒന്നടങ്കം ലഹള തുടങ്ങി. കണ്ണില്‍ കണ്ട ബ്രിട്ടീഷുകാരേ മുഴുവന്‍ അവര്‍ കൊന്നു. ഡല്‍ഹിയിലും പരിസരത്തുമുള്ള സകല വിദേശികളേയും തെരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞു. അത്ഭുതമെന്നു പറയട്ടെ-ഇത് ഇന്ത്യമുഴുവന്‍ പടര്‍ന്നു പിടിച്ചു. നാട്ടുരാജ്യങളിലേ രാജാക്കന്മാരുടെ നേതൃത്വത്തില്‍ വിപ്ലവം അരങ്ങേറി. ഝാന്‍സി റാണി ലക്ഷ്മീഭായിയുടേയും, താന്റിയാതോപ്പിയുടേയും മറ്റും വീരകൃത്യങ്ങള്‍ പ്രസിദ്ധമാണല്ലോ.

പക്ഷേ ബ്രിട്ടീഷുകാരേ വകവരുത്തിയതിനു ശേഷം എന്തു ചെയ്യണമെന്ന് ആര്‍ക്കും ഒരു രൂപവുമില്ലായിരുന്നു. ഭരണം എന്നൊരു പ്രക്രിയ ഉണ്ടല്ലോ. നാട്ടിലേ വരുമാനം ക്രോഡീകരിച്ച് പൊതുതാല്പര്യത്തിനായി സമതുലിതമായി വിതരണം നടത്തുക, ക്രമസമാധാനമുറപ്പുവരുത്തുക മുതലായ കാര്യങ്ങള്‍.

ഇതൊന്നും വിപ്ലവം നടത്തുന്നവര്‍ക്കും, സമരം നടത്തുന്നവര്‍ക്കും ബാധകമല്ലല്ലോ. അവര്‍ക്ക് കുറേ ബഹളമുണ്ടാക്കി കിട്ടുന്നതെല്ലാം പിടിച്ചു പറിക്കണമെന്നല്ലാതെ എന്തു ഭരണം! ഇതു തന്നെയാണ് ഈ വിപ്ലവത്തിനും സംഭവിച്ചത്. ലഹള നടത്തിയവര്‍ക്ക് ബ്രിട്ടീഷുകാരേ വധിച്ചതിനു ശേഷം എന്തു ചെയ്യണമെന്ന് അറിഞ്ഞുകൂടാ. വല്ലോം കഴിക്കണ്ടേ. അതിന് അവര്‍ സാധനങ്ങള്‍ കൊള്ളയടിച്ചു തുടങ്ങി. അതും സ്ഥിരമായി പറ്റില്ലല്ലോ. അങ്ങിനെയാണ് അവര്‍ ഈ പാവം ബഹദൂര്‍ഷായേ പിടിച്ച് ചക്രവര്‍ത്തിയാക്കിയത്.

പക്ഷേ നാടന്‍ സായിപ്പന്മാരുടെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ തിരിച്ചടിച്ചു. ആകെ കുഴഞ്ഞു മറിഞ്ഞു കിടന്ന രാജ്യങ്ങള്‍ വലിയ എതൃപ്പൊന്നും കൂടാതെതന്നെ അവര്‍ കസ്റ്റഡിയിലാക്കി. എതിര്‍ത്തവരേ തൂക്കിലേറ്റി. പൂര്‍വാധികം ശക്തിയോടെ അവര്‍ തിരിച്ചുവന്നു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

കുറ്റവും, ഗൂഢാലോചനയും അവര്‍ ചക്രവര്‍ത്തിയുടെ തലയില്‍ കെട്ടിവച്ച് അദ്ദേഹത്തേ അറസ്റ്റുചെയ്ത് ബര്‍മ്മയിലേ ജയിലിലാക്കി. അവിടെക്കിടന്ന് നരകിച്ചാണ് അദ്ദേഹം മരിച്ചത്. ഇതാണ് അവസാനത്തെ മുഗളന്‍ . മുഗള്‍ ഭരണം അറംഗസീബിന്റെ കാലത്തുതന്നെ അവസാനിച്ചു. അയാളുടെ മക്കള്‍ക്ക് ദല്‍ഹിയുടെ മാത്രം നിയന്ത്രണമേ ഉണ്ടായിരുന്നുള്ളൂ. ബാ‍ക്കിയെല്ലാം ബ്രിട്ടീഷുകാര്‍ കവര്‍ന്നെടുത്തു. നമ്മള്‍ മുമ്പു പറഞ്ഞ പാവത്തിന് കൊട്ടാരത്തിന്റെ നിയന്ത്രണമേ ഉണ്ടായിരുന്നുള്ളൂ.

ആരാ അപ്പൂപ്പാ മുഗള്‍ ഭരണം ഇല്ലാതക്കിയത്? ഉണ്ണിക്കു സംശയം.

ഇല്ലാതാക്കിയതല്ല മോനേ. അത് തനിയേ ഇല്ലാതായി. സംസ്കൃതത്തിലൊരു ശ്ലോകമുണ്ട്.

അതിന്റെ അര്‍ഥം--ഒരാള്‍ ഒരമ്പയച്ചാല്‍ അത് ഒരാളേ കൊല്ലുകയോ കൊല്ലാതിരിക്കുകയോ ചെയ്യാം. പക്ഷേബുദ്ധിമാന്‍ ബുദ്ധിയാകുന്ന അസ്ത്രം പ്രയോഗിച്ചാല്‍ അത് പതുക്കെ പതുക്കെ സാമ്മ്രാജ്യങ്ങളേ തന്നെ ഇല്ലാതാക്കും--ഉദാഹരണത്തിന് മെക്കാളി സാ‍യ്പ് നാടന്‍ സായ്പന്മാരേ സൃഷ്ടിക്കാന്‍ ഒരു വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു.

സ്വതന്ത്ര്യം കിട്ടി, സായിപ്പന്മാരെല്ലാം കടല്‍ കടന്നു. പക്ഷേ ഇപ്പോഴും നാടന്‍ സായിപ്പന്മാരുടെ ഓക്കാനിപ്പിക്കുന്ന ധ്വര മട്ട് കണ്ടിട്ടില്ലേ. ങാ അത് പോട്ടെ.

നമ്മുടെ അക്ബറുടെ നയം--രജപുത്രസ്ത്രീകളേ കല്യാണം കഴിക്കുന്നതേ--ഒരുപാട് രജപുത്ര അമ്മായിഅപ്പന്മാരേയുണ്ടാക്കി. രാജാ മാനസിംഹന്‍ അക്ബ്ബറിന്റെ സേനാനായകനായിരുന്നു. പ്രതാപസിംഹനേ തോല്പിക്കാന്‍ രജപുത്രരെ അമിതമായി ആശ്രയിക്കേണ്ടി വന്നു. ഭരണത്തില്‍ അവരുടെ സ്വാധീനം കൂടുതലായി. പ്രതാപന്റേയും, അക്ബറിന്റേയും കാലം കഴിഞ്ഞതോടുകൂടി മുഗള്‍ ഭരണത്തോടുള്ള എതിര്‍പ്പ് കുറഞ്ഞു വന്നു.

ജഹാംഗീര്‍ രജപുത്രസ്ത്രീയുടെ മകനായിരുന്നു. ഷാജഹാനും അങ്ങിനെ തന്നെ. പക്ഷേ ഷാജഹാന്റെ മൂത്തമകന്‍ ഖുശ്രൂ രജപുത്രസ്തീയുടെ മകനായിരുന്നു. അയാളേ വധിച്ചിട്ട് ഷാജഹാനേ തടങ്കലിലാക്കിയിട്ട് ഇളയ മകന്‍ അറംഗസീബ് ഭരണം പിടിച്ചെടുത്തു. ശക്തമായ രജപുത്ര ലോബി ശത്രുക്കളായി.

മഹാരാഷ്ട്രയില്‍ ശിവജി എന്ന ഒരു സാധാരണക്കാരന്‍ മുഗളന്മാരേ വെല്ലു വിളിച്ചുകൊണ്ട് ഉയര്‍ന്നുവന്നു. അദ്ദേഹം മുഗളരേ തോല്പിച്ച് ഹിന്ദുസാമ്രാജ്യം സ്ഥാപിച്ച് ചക്രവര്‍ത്തിയായി സ്വയം അഭിഷേകം ചെയ്തു. അറംഗസീബ് മരിക്കുമ്പോള്‍ ദില്ലി മാത്രമായിരുന്നു അയാളുടെ നിയന്ത്രണത്തില്‍. പിന്നീട് ബ്രിട്ടീഷുകാര്‍ എത്തി മുഗളരുടെ പതനം പൂര്‍ത്തിയാക്കി.

പ്രതാപസിംഹന്‍ -നാല്

0
കറക്റ്റ്. ശക്തസിംഹന്‍ സേനകളേ സംഘടിപ്പിക്കുന്നതും അവര്‍ക്കു പരിശീലനം നല്‍കുന്നതും അക്ബറിന്റെ ആള്‍ക്കാര്‍ അറിയുന്നുണ്ട്. അവര്‍ അറിയാതെപോയത് ശക്തസിംഹന്റെ മനം മാറ്റമാണ്. പ്രതാപനോട് പകതീര്‍ക്കാന്‍ നടക്കുന്ന--ദൌളത്തുന്നീസയേ നിക്കാഹ് കഴിച്ച ശക്തസിംഹനേയേ അവര്‍ക്കറിയൂ. പുതിയ ശക്തനേ രജപുത്രര്‍ക്കേ അറിയൂ. അതുകൊണ്ട് ഒരു സംശയത്തിനും ഇടനല്‍കാതെ സൈന്യവും ആയുധങ്ങളും സംഘടിപ്പിക്കുന്നതിന് ശക്തസിംഹന് കഴിഞ്ഞു. എന്തിന് സലിമിന്റെ പിന്നാലെ വന്നത് സ്വന്തം സൈന്യമാണെന്ന് തെറ്റിദ്ധരിച്ചതുമൂലമാണ് പെട്ടെന്ന് അവര്‍ക്ക് തോല്‍വി പിണഞ്ഞത്.

അതവിടെ നില്‍ക്കട്ടെ. നമുക്ക് പ്രതാപന്റെ ഡര്‍ബാറിലേക്കു പോകാം.

പ്രതാപന്‍ :- അക്ബര്‍ ഇനി അടങ്ങി ഇരിക്കുമെന്ന് തോന്നുന്നുണ്ടോ?
രാജാ മാനാ:- ഒരിക്കലും ഇല്ല. ഇപ്പോള്‍ നമ്മള്‍ ചെറു രാജ്യങ്ങളെല്ലാം മോചിപ്പിക്കണം. അവര്‍ക്കു ആലോചിക്കാന്‍ സമയം കൊടുക്കരുത്.
ഗോവിന്ദസിംഹന്‍ :- വളരെ ശരിയാണ്. ഉടനേ പുറപ്പെടാം.

അക്ബര്‍ തോല്‍വി വിലയിരുത്തുന്നതിനു മുമ്പുതന്നെ പ്രതാപന്‍ മുന്‍പു തന്റെ അധീനതയിലായിരുന്ന സകല രാജ്യങ്ങളും തിരിച്ചു പിടിച്ചു. അവിടുത്തേ ഭരണാധികാരികളും ഉള്ളുകൊണ്ട് പ്രതാപന് അനുകൂലമായിരുന്നതുകൊണ്ട് വലിയ എതൃപ്പൊന്നും ഉണ്ടായില്ല.

അക്ബറിന്റെ രാജധാനിയില്‍ നടക്കുന്ന ആലോചനകളെല്ലാം അപ്പപ്പോള്‍ പ്രതാപസിംഹന്‍ അറിയുന്നുണ്ട്. ശക്തസിംഹന്‍ വഴി. മെഹറുന്നീസ അക്ബറിന്റെ സഹോദരിയുടെ മകളാണ്. ദൌളത്തുന്നീസ അവളുടെ കസിനും. കൊട്ടാരത്തില്‍ തന്നെ ചാരവൃത്തി നടക്കുന്ന വിവരം അക്ബറുണ്ടോ അറിയുന്നു. ഒരന്തിമപോരാട്ടത്തിന് അക്ബര്‍ തയ്യാറെടുക്കുന്ന വിവരം അങ്ങനെ പ്രതാപസിംഹന്‍ അറിഞ്ഞു.

ഇതിനിടെ ശക്തസിംഹന്റെ കല്യാണക്കാര്യം പ്രതാപനറിഞ്ഞു. അദ്ദേഹം തളര്‍ന്നുപോയി. സമധാനിപ്പിക്കാന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ടു. ശക്തസിംഹന്‍ തന്നെ വന്ന് കാലു പിടിച്ചിട്ടും പ്രതാപസിംഹന്‍ വഴങ്ങിയില്ല. സങ്കടത്തോടുകൂടിയാണെങ്കിലും ശക്തസിംഹന്‍ ഇനി അവിടെ വരരുതെന്നു പറഞ്ഞയച്ചു.

എന്താ അപ്പൂപ്പാ ഇത്ര പ്രശ്നം? ഇഷ്ടപ്പെട്ട ഒരാളേ കല്യാണം കഴിക്കുന്നത് അത്ര കുറ്റമാണോ? രാംകുട്ടന് അങ്ങോട്ട് ദഹിക്കുന്നില്ല.

നിങ്ങള്‍ക്ക് അത് ശരിക്കു മനസ്സിലാവുകയില്ല. അന്നത്തേ സാ‍മൂഹ്യ രീതി. അതുപോട്ടെ ഇന്നും മലമുകളില്‍ താമസിക്കുന്ന ആദിവാസികളെന്നു വിളിക്കപ്പെടുന്ന വനവാസികളുണ്ടല്ലോ.

അപ്പൂപ്പന്‍ അവരുടെ ഇടയില്‍ ഒരു തീര്‍ത്ഥയാത്ര നടത്തി. ശബരിമലയ്ക്കു മുകളില്‍ ഉള്ള മലകളില്‍ ചെറിയ ചെറിയ കോളനികളായിട്ടാണ് അവര്‍ താമസിക്കുന്നത്. കാ‍ട്ടില്‍ കറങ്ങിനടന്ന് വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റാണ് ഉപജീവനം കഴിക്കുന്നത്. തേന്‍ , താന്നിക്കാ, കടുക്കാ, നെല്ലിക്കാ മുതലായ സാധനങ്ങള്‍. ഇവ വാങ്ങാനായി ഇവരുടെ തന്നെ ഒരു സഹകരണസംഘം താഴെ പ്രവര്‍ത്തിക്കുന്നുണ്ട്. വീടെന്നു പറയുന്നത് ശബരിമലെ തീര്‍ത്ഥാടനക്കാര്‍ ഉണ്ടാക്കുന്ന കുടിലുപോലെയാണ്. വീട്ടില്‍നിന്നു പോയാല്‍ തിരിച്ചുവരുന്നത് മാസങ്ങള്‍ കഴിഞ്ഞാണ്. കുട്ടികളും രണ്ടോ മൂന്നോ പേരും മാത്രം എന്നും കാണും.

ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് സോമന്‍ എന്നു പേരുള്ള ഒരു ആദിവാസിയാണ്. അയാള്‍ അവിടെ ഇലക്ഷനു നിന്നിട്ടുള്ള ഒരു പുരോഗമനവാദിയാണ്. കാട്ടില്‍കൂടെ പോകണമെങ്കില്‍ ഇവരുടെ സഹായമില്ലാതെ പറ്റില്ല. എങ്ങോട്ടാണു പോകുന്നതെന്നറിയാതെ അയാളുടെ പിന്നാലെ നടന്നാല്‍ മതി.

ഞങ്ങള്‍ നടന്നു നടന്ന് ഒരു കോളനിയിലെത്തി. കുറെ കുട്ടികള്‍ ജനിച്ചപടി ഓടിനടക്കുന്നുണ്ട്. രണ്ടുമുന്നു കുടിലുകളില്‍ നിന്നും പെണ്ണുങ്ങള്‍ ഇറങ്ങിവന്നു. അവര്‍ക്കൊക്കെ സോമനേ പരിചയമാണ്. സോമന്റെ കൂടെ ചെന്ന ഞങ്ങളെയും അവര്‍ സ്വീകരിച്ചു. ശാപ്പിട്ടു പാം എന്നു ക്ഷണിച്ചു.

തിരിച്ചു വരട്ടെ എന്നു പറഞ്ഞു സോമന്‍ വീണ്ടും നടന്നു. ഒരിടത്തുനിന്നും അഞ്ചു മൈലെങ്കിലും നടന്നാലേ അടുത്ത കോളനിയിലെത്തുകയുള്ളൂ. എല്ലായിടത്തും നല്ല ആതിത്ഥ്യമര്യാദ. ഉച്ചയോടെ എത്തിയ കോളനിയില്‍നിന്നും ഞങ്ങള്‍ ആഹാരം കഴിച്ചു. മുള അരികൊണ്ടുള്ള എന്തോ വിഭവം. നല്ല സ്വാ‍ദ്. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ ഒരാള്‍കൂടി ഞങ്ങള്‍ക്കൊപ്പം വന്നു.

അടുത്ത കോളനിയിലെത്തിയപ്പോള്‍ ഈ കൂടെ വന്നയാള്‍ അവിടെയുള്ളവരോട് എന്തോ രഹസ്യം പറഞ്ഞു. അവര്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചെങ്കിലും മറ്റുള്ളവരേപ്പോലെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചില്ല. എന്നു മാത്രമല്ല ഞങ്ങള്‍ വീട്ടില്‍ കയറാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുകയും ചെയ്തു.

പിന്നീട് സോമനാണ് വിവരം പറഞ്ഞത്. ഞങ്ങള്‍ ഉച്ചയ്ക്ക് ആഹാരം കഴിച്ചത് മലപ്പുലയന്‍ എന്ന വിഭാഗത്തിന്റെ വീട്ടില്‍ നിന്നാണ്. അങ്ങനെയുള്ള ഞങ്ങളേ അവരുടെ വീട്ടില്‍ കയറ്റത്തില്ല. മിക്ക ആദിവാസി വിഭാഗത്തിനും ഇപ്പോഴും പരസ്പരം കടുത്ത തീണ്ടല്‍ തൊടീല്‍ ഉണ്ട്. പിന്നെ പ്രതാപസിംഹന്റെകാലത്തേ കാര്യം പറയണോ.

ശക്തസിംഹന്‍ പോയെങ്കിലും അയാള്‍ക്ക് പ്രതാപനോടുള്ള ബഹുമാനം വര്‍ദ്ധിച്ചതേയുള്ളൂ. വര്‍ദ്ധിതവീര്യത്തോടെ അയാള്‍ സേനയേ സംഘടിപ്പിച്ചു. ദൌളത്തിനോട് അയാള്‍ വിവരം പറഞ്ഞു. രണ്ടുപേരുംകൂടി ഒരുതീരുമാനം എടുത്തു .
ഹല്‍ദീഘട്ടില്‍ വച്ചുതന്നെ അക്ബറുടെ സൈന്യവും പ്രതാപന്റെ സൈന്യവും തമ്മില്‍ അതിഭയങ്കരമായ അന്തിമ പോരാട്ടം നടന്നു. അക്ബറുടെ സേനയേ നിശ്ശേഷം പരാജയപ്പെടുത്തി പ്രതാപസിംഹന്‍ രജപുത്രവീര്യം പ്രത്യക്ഷപ്പെടുത്തി. രാജാമാനയും, ശക്തസിംഹനും , ദൌളത്തുന്നീസയും വീരചരമം അടഞ്ഞു.

ദൌളത്തുന്നീസയോ--പെണ്ണുങ്ങളും യുദ്ധം ചെയ്യുമോ-ആതിര. അതേ മോളേ അതാണ് അവരെടുത്ത തീരുമാനം. രണ്ടു സമൂഹങ്ങളും അംഗീകരിക്കാത്തതുകൊണ്ട് ആണിന്റെ വേഷം ധരിച്ച് ദൌളത്ത് ശക്തസിംഹന്റെ അടുത്ത്നിന്ന് പോരാടി മരിച്ചു.

പിന്നീട് പ്രതാപന്റെ കാലം കഴിയുന്നതുവരെ അക്ബര്‍ രജപുത്രരോട് ഏറ്റുമുട്ടിയിട്ടില്ല.

പ്രതാപസിംഹന്‍ -മൂന്ന്

0
അയ്യോ അമ്മേ കാട്ടുപൂച്ച! ഒരു നിലവിളി.

എന്തവാ അപ്പൂപ്പാ ഈ പേടിപ്പിക്കുന്നത്-ആതിര ചോദിച്ചു.

അതേ മോളേ പ്രതാപസിംഹന്റെ മൂന്നു വയസ്സുള്ള മകളുടെ പേടിച്ചുള്ള കരച്ചിലാണ് കേട്ടത്.. ഭാര്യയും , മകനും മകളുമായി അദ്ദേഹം കാട്ടില്‍ താമസിക്കുകയാണല്ലോ.

സാമന്തന്മാരുമായി അക്ബറെ തോല്പിക്കുന്നതിനു വേണ്ടിയുള്ള പ്ലാനും പദ്ധതിയും ദിവസവും ചര്‍ച്ച ചെയ്യുമെങ്കിലും ഒരിടത്തും എത്തുന്നില്ല. സഹായികള്‍ കുറയുന്നു. ശമ്പളം കിട്ടാത്തതുകൊണ്ട് യോദ്ധാക്കളും ഉപേക്ഷിച്ചു തുടങ്ങി. ദേശസ്നേഹം കൊണ്ടു മാത്രം ജീവിക്കാന്‍ പറ്റില്ലല്ലോ. ശക്തസിംഹന്റെ വിവരവും ഇല്ല. ആകെപ്പാടേ നിരാശ ബാധിച്ചു തുടങ്ങി.
അങ്ങിനെ ഇരിക്കുന്ന സമയത്താണ് ഒരു ദിവസം മേല്പറഞ്ഞ സംഭവം നടക്കുന്നത്. ഭീലന്മാര്‍ കൊണ്ടുകൊടുത്ത ഏതോ കിഴങ്ങു പുഴുങ്ങി മകള്‍ക്ക് കൊടുത്തിട്ട് അമ്മ വെള്ളമെടുക്കാന്‍ പോയതാണ്. ഒരു കാട്ടുപൂച്ച വന്ന് കുഞ്ഞിനേ തള്ളിയിട്ട് കിഴങ്ങും കൊണ്ടു കടന്നു. നിലവിളി കേട്ട് ഓടിവന്ന അമ്മ കാണുന്നത് നിലത്തുവീണു കിടന്ന് വിറയ്ക്കുന്ന മകളേയാണ്. പാവം ആ അമ്മ എന്തു ചെയ്യും! സഹായത്തിന് ആകെയുള്ളത് ഒരു ഭീലപ്പെണ്‍കുട്ടിയാണ്. ആണുങ്ങളെല്ലാം യുദ്ധകാര്യത്തിനു നടക്കുകയാണ്.

കുഞ്ഞിനേ ഒരു ചാക്കില്‍ കിടത്തി ആ അമ്മ കൂട്ടിരുന്നു. ഭയം കൊണ്ടോ എന്തൊ കുഞ്ഞിന് ഭയങ്കര പനി. ശരിക്കുള്ള ആഹാരമില്ലാ‍തെ ക്ഷീണിച്ചിരുന്ന കുഞ്ഞിന് പനിയും കൂടി വന്നതോടുകൂടി പിച്ചും പേയും പറയാന്‍ തുടങ്ങി. വൈകിട്ടു പ്രതാപസിംഹന്‍ വന്നപ്പോഴേയ്ക്കും ഒരു നേരിയ ശ്വാസം മാത്രം. ഭീലവൈദ്യന്മാരൊക്കെ വന്നു പരിശൊധിച്ചു. പക്ഷേ രാത്രിയായപ്പോഴേക്കും കുട്ടി പരലോകം പ്രാപിച്ചു.

ഇതുകൂടി ആയപ്പോഴേക്കും പ്രതാപന്‍ ശരിക്കും തളര്‍ന്നുപോയി. ആത്മവിശ്വാസം നഷ്ടപ്പെട്ട അദ്ദേഹം അക്ബറുമായി സന്ധിക്കു തയ്യാറായി.
മാളികകളിലിരുന്ന് സര്‍വ്വ സൌഭാഗ്യങളും അനുഭവിച്ചുകൊണ്ട് പ്രതാപന്റെ ദേശഭക്തിയേയും ത്യാഗത്തേയും കുറിച്ച് വാ‍ഴ്താന്‍ ഒരു പ്രയാസവുമില്ല. നമ്മുടെ നേതക്കന്മാര്‍ പറയുന്നതു കേട്ടിട്ടില്ലേ- എന്തു വിലകൊടുത്തും ഇതിനേ ചെറുക്കും--എന്നൊക്കെ--എതുവിലയാ‍ണ് ഇവര്‍ കൊടുക്കുന്നത്--കുറേ പാവപ്പെട്ടവരുടെ ജീവന്‍ --ഏതെങ്കിലും നേതാവിന്, അടി കൊള്ളുകയോ വേടി കൊള്ളുകയോ ചെയ്തിട്ടുണ്ടോ- പണ്ട്--

അന്ന് നേതാക്കള്‍ക്ക് സത്യസന്ധതയുണ്ടായിരുന്നു. പോട്ടെ.

പ്രതാപസിംഹന്റെ കത്തിന്റെ കാര്യമറിഞ്ഞ രജപുത്രസമൂഹം ഇടിവെട്ടേറ്റപോലായി. ആരും വിശ്വസിച്ചില്ല. അദ്ദേഹത്തേ അപമാനിക്കാനുള്ള അക്ബറുടെ തന്ത്രമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. സഹായ വഗ്ദാനങ്ങളുമായി അവര്‍ പ്രതാപനേ സമീപിച്ചു.

അക്ബ്ബറുടെ സദസ്സോ. ഒരു കാലത്തും പ്രതാപന്‍ ഇങ്ങനൊരു കത്തയയ്ക്കത്തില്ലെന്നും യുദ്ധത്തിനു തയ്യറെടുക്കാന്‍ സമയം കിട്ടാനുള്ള ഒരു തന്ത്രമാണെന്നും അവര്‍ വാദിച്ചു. ഭൂരിപക്ഷവും രജപുത്രരാണ് അക്ബറുടെ സദസ്യര്‍. രഹസ്യമായി പ്രതാപനേക്കുറിച്ച് അഭിമാനം കൊണ്ടിരുന്നവര്‍. തങ്ങളുടെ നാണക്കേടില്‍ നിന്ന് പ്രതാപസിംഹന്‍ എന്നെങ്കിലും മോചിപ്പിക്കുമെന്ന് വിശ്വസിച്ചിരുന്നവര്‍.

രഹസ്യമായി അവരും സഹായം വഗ്ദാനം ചെയ്തു.

നമ്മുടെ കവി പ്രത്ഥ്വീരാജനോ-അക്ബറിന്റെ സഭയില്‍നിന്ന് പുറത്തുവന്ന് കവിതയിലൂടെ മുഗള്‍ ഭരണത്തേ വിമര്‍ശ്ശിച്ചു. പ്രതാപന് നേരിട്ട് കത്തെഴുതി. തനിക്കു പറ്റിയ ദുരന്തത്തേക്കുറിച്ച് കവിത എഴുതി പ്രചരിപ്പിച്ചു.

എന്തിനു പറയുന്നു. പ്രതാപന്റെ കത്ത് രജപുത്രസമൂഹത്തിന് ഒരു മൃതസഞ്ജീവനിയായെന്നു പറഞ്ഞാല്‍ മതി..

പ്രതാപന്റെ സദസ്സ്. ഗോവിന്ദസിംഹന്‍ ‍, രാജാമാനാ, ജയ്പൂരിലേ ജയസിംഹന്‍ , ചിത്തോറിലേ തിലകസിംഹന്‍ , ഉദയപൂരിലേ ദുര്‍ജ്ജയസിംഹന്‍ മുതലായ നേതാക്കന്മാരെല്ലാം കൂടിയിട്ടുണ്ട്. അക്ബറിനു വഴങ്ങാതെ പ്രതാപന്റെ കൂടെ നില്‍ക്കുന്നവരാണ് ഇവരെല്ലാം. പ്രതാ‍പസിംഹന്റെ മന്ത്രി ഭാമാസാഹയുമുണ്ട്.

ഗോവിന്ദസിംഹന്‍ ‍:- അങ്ങയുടെഎഴുത്തു കണ്ട് അക്ബറിന്റെ കൊട്ടാരത്തില്‍ ഉത്സവമാണ്. അങ്ങയേ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

രാജാ മാനാ:- അങ്ങൊരിക്കലും ഇതുചെയ്യരുതായിരുന്നു.

പ്രതാപസിംഹന്‍ :‌- പറയൂ. ഞാനെന്തുചേയ്യണം. ഭടന്മാര്‍ക്കു ശമ്പളം കൊടുക്കാന്‍ ഒരു പൈസയില്ല. അതുകൊണ്ട് അവര്‍ ഉപേക്ഷിച്ചു പോയി. ആയുധം തീര്‍ന്നു. ഒരന്‍പതു വലിയ തോക്കുകള്‍ തരുന്നയാള്‍ക്ക് ഞാന്‍ എന്റെ വലതുകൈ മുറിച്ചു കൊടുക്കാം. ഈ സാധുക്കളായ ഭീലന്മാര്‍ മാത്രമാണ് സഹായം.

ഭാമാസാഹാ മുന്നോട്ടു വന്നു. എന്റെ കുടുംബമാണ് പരമ്പരാഗതമായി മേവാറിലേ മന്ത്രിമാര്‍. അവര്‍ സമ്പാദിച്ച സമ്പത്തുമുഴുവന്‍ ഞാന്‍ ഇതാ നാടിനുവേണ്ടി അടിയറ വയ്ക്കുന്നു. പതിനായിരംഭടന്മാക്ക് പത്തുകൊല്ലം ശമ്പളം കൊടുക്കാനുള്ള മുതലുണ്ട്. അങ്ങിതു സ്വീകരിച്ച് യുദ്ധത്തിനു വേണ്ടഏര്‍പ്പാടുകള്‍ ചെയ്യണം.

സദസ്സ് സ്തംഭിച്ചുപോയി.

ഇത് ഒരുകാലത്തും നടക്കില്ല. പ്രതാപന്‍ പറഞ്ഞു. അങ്ങയുടെ സ്വകാര്യ സ്വത്ത് രാജ്യകാര്യത്തിന് ഉപയോഗിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.

ഭാമാസാഹാ:- രാജ്യമില്ലാതെ എന്തു സ്വത്ത്. ഇതു മുഴുവന്‍ മേവാര്‍ ഞങ്ങള്‍ക്കു നല്‍കിയതാണ്. ഇത് എന്റെ പ്രിയപ്പെട്ട മേവാറിനു വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ടാ. ഞങ്ങള്‍ ഭിക്ഷയെടുത്ത് ജീവിച്ചുകൊള്ളാം.

സദസ്സ് രോമാഞ്ചമണിഞ്ഞു. എല്ലാവര്‍ക്കും എന്തോ വെളിച്ചം കിട്ടിയപോലെ. സഹായ വാഗ്ദാനങ്ങളുമായി അവര്‍ മുന്നോട്ടുവന്നു. ആവശ്യത്തിനു സേനയേ സംഘടിപ്പിക്കുന്ന കാര്യം ഗോവിന്ദസിംഹന്‍ ഏറ്റു. അവര്‍ക്കു പരിശീലനം കൊടുക്കാന്‍ രാജാമാനാ--ആകെപ്പാടെ സദസ്സിന് ഉത്സാഹം.

പ്രതാപസിംഹന്‍ ഭാമാസാഹയേ കെട്ടിപ്പിടിച്ചു. ഇതുപോലെ ഒരാളുണ്ടെങ്കില്‍ ഞാന്‍ മേവാര്‍ തിരിച്ചു പിടിക്കും. ഗോവിന്ദ സിംഹാ സേനയേ സംഘടിപ്പിച്ചുകൊള്ളൂ. അടുത്ത മൂന്നു മാസത്തിനുള്ളില്‍ നമ്മള്‍ മേവാര്‍ ആക്രമിക്കും. എല്ലാവരും അതിനു വേണ്ട തയ്യറെടുപ്പുകള്‍ നടത്തിക്കൊള്ളൂ.

അക്ബറിന്റെ രാജധാനിയില്‍ നടക്കാതെപോയ കീഴടങ്ങല്‍ നാടകത്തിന് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ രാജപുട്ടാണാ പ്രതാപസിംഹന്റെ നേതൃത്വത്തില്‍ ഒന്നിക്കുകയായിരുന്നു.

തീരുമാനിച്ചിരുന്നപോലെ മൂന്നുമാസത്തിനകം പ്രതാപസിംഹന്‍ മേവാര്‍ ആക്രമിച്ചു. ആക്രമണം അപ്രതീക്ഷിതമായിരുന്നതുകൊണ്ട് അകത്തുനിന്ന് വലിയ എതൃപ്പ് ഉണ്ടായില്ല. പക്ഷേ സലിമിന്റെ നേതൃത്വത്തില്‍ ഒരു വലിയ സൈന്യം പുറത്തുനിന്നും വന്ന് ആക്രമണം തുടങ്ങി. അതും അപ്രതീക്ഷിതമായിരുന്നു. പ്രതാപന് ശ്വാസം വിടാന്‍ സമയം കിട്ടിയില്ല.

അപ്പോള്‍ അതാ വീണ്ടും ഒരു വലിയ സൈന്യം അതിനു പുറകില്‍. ആരുടെ പക്ഷത്താണെന്ന് ആര്‍ക്കും പിടി കിട്ടിയില്ല.

അതാരാ അപ്പൂപ്പാ-ആതിര ചോദിച്ചു.

പറയാം. നമ്മുടെ ശക്തസിംഹന്‍ എവിടാണെന്ന് ആര്‍ക്കും അറിയാന്‍ വയ്യാരുന്നല്ലോ. അയാള്‍ പ്രതാപന്റെ അടുത്തുനിന്നും പോയി, രാജപുട്ടാണയിലേ സകല രാജാക്കന്മാരേയും കണ്ടു. അക്ബ്ബറിനേ ഭയന്ന് ഭൂരിപക്ഷം പേരും ശക്തസിംഹനേ ഒഴിവാക്കി.

അനുകൂലിച്ച ചുരുക്കം രാജാക്കന്മാരുടെ സഹായത്തോടെ ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ച് പരിശീലനം കൊടുത്തുകൊണ്ടിരുന്നപ്പോഴാണ് പ്രതാപസിംഹന്റെ കീഴടങ്ങല്‍ വിവരം പുറത്തായത്. അതോടെ ആദ്യം ശക്തനേ ഒഴിവാക്കിയ രാജാക്കന്മാര്‍ അയാളേ അന്വേഷിച്ചു കണ്ടു പിടിച്ച് സകല സഹായങ്ങളും നല്‍കി. അങ്ങിനെ ഒരു വലിയ സൈന്യം എല്ലാതയ്യാറെടുപ്പുകളോടെയും റഡിയായി നില്‍ക്കുമ്പോഴാണ് മേവാര്‍ ആക്രമണം. ആ സൈന്യമാണ് ശക്തസിംഹന്റെ നേതൃത്വത്തില്‍ രണ്ടാമത് വന്നത്.

സലിമിന്റെ സൈന്യം വിഷമവൃത്തത്തിലായി. അകത്തുനിന്ന് പ്രതാപന്‍ ,പുറത്തുനിന്ന് ശക്തന്‍ . നിമിഷനേരം കൊണ്ട് പണിതീര്‍ന്നു. സലിമിനേ രക്ഷിച്ചുകൊണ്ട് ബാക്കിവന്നവര്‍ സ്ഥലംവിട്ടു..

ഒരു സംശയം-ശ്യാം പറഞ്ഞു. ഇത്രയും വലിയ സൈന്യത്തേ പരിശീലിപ്പിക്കുന്നതൊന്നും അക്ബര്‍ അറിഞ്ഞില്ലിയോ?

പ്രതാപസിംഹന്‍ -രണ്ട്

0
ശക്തസിംഹന്‍ നാടുകടത്തപ്പെട്ട് പലയിടത്തും ചുറ്റിനടന്നു. പ്രതപനോടുള്ള പകയാണ് ഉള്ളില്‍. പകവീട്ടാന്‍ ആരും സഹാ‍യം കൊടുക്കുന്നുമില്ല. കാടുകളിലും നാടുകളിലും ചുറ്റിത്തിരിഞ്ഞ് അവസാനം അക്ബറിന്റെ രാജധാനിയില്‍ ചെന്നുപെട്ടു.

മെഹറുന്നീസാ, ദൌളത്തുന്നീസാ എന്ന രണ്ടു യുവതികളുടെ നോട്ടപ്പുള്ളിയായതോടെ പുള്ളിയുടെ കാലം തെളിഞ്ഞു. പ്രതാപനോടുള്ള പകതീര്‍ക്കാന്‍ മുഗളന്മാരുടെ കൂടെ കൂടി. അതി പരാക്രമിയായിരുന്നതുകൊണ്ട് അവരുടെ സേനയില്‍ ചേരാന്‍ പ്രയാസമുണ്ടായിരുന്നില്ല. അക്ബറിന്റെ സഹോദരീ പുത്രിമാരാണ് മേല്പറഞ്ഞ മെഹറുന്നീസയും, ദൌളത്തുന്നീസയും. ദൌളത്തിന് ശക്തനോട് കഠിനമായ പ്രേമം. അതിന് വേണ്ടവിധം വളമിടാന്‍ മേഹറും. എന്തിനു പറയുന്നു ശക്തന്‍ ദൌളത്തിനെ കെട്ടിയെന്നു പറഞ്ഞാല്‍ മതി.

അങ്ങിനെ ഇരിക്കുമ്പോഴാണ് യുദ്ധം. പ്രതാപനോടുള്ള പകതീര്‍ക്കാന്‍ ഇതുതന്നെ അവസരം എന്നു വിചാരിച്ച് യുദ്ധത്തിനു പോയതാണ്. പക്ഷേ സ്വന്തം ചേട്ടന്റെ വീരപരാക്രമം കണ്ട് മുഗ്ദ്ധനായിപ്പോയി.

പകതീര്‍ക്കാനായി സഹായം അഭ്യര്‍ത്ഥിച്ചു സമീപിച്ചവരെല്ലാം പ്രതാപനേക്കുറിച്ചു പറഞ്ഞ അപദാനങ്ങള്‍ താന്‍ ഇതാ നേരില്‍ കാണുന്നു. തന്റെ സ്വന്തം ചേട്ടന്‍ ‍-ഒറ്റയ്ക്ക്-ഒരു വ്യൂഹത്തില്പെട്ടിട്ടും ആ വ്യൂഹം തകര്‍ക്കുന്നു. ശക്തന് കുളിരുകോരി. അതാ ചേതക് മുറിവേറ്റ പ്രതാപനേയും കൊണ്ടു പായുന്നു. പിന്നാലെ രണ്ടു മുഗളന്മാരും. ചേട്ടനേ രക്ഷിക്കണം-മാപ്പു പറയണം. ശക്തന്‍ അവരുടെ പുറകേ പാഞ്ഞു.

ശക്തന്‍ നദികടന്നു ചെന്നപ്പോഴത്തേ കാഴ്ച-അവശനായ പ്രതാപസിംഹന്‍ രണ്ടുപേരോടെ ഒറ്റയ്ക്കു പൊരുതുന്നു. മുന്നിലും പിന്നിലും നിന്ന് ഒരേ സമയം ആക്രമിക്കുന്നവരോട് ഏറ്റുമുട്ടി പ്രതാപന്‍ അവശനായി നിലം പതിക്കുന്നു.

ശക്തനേകണ്ട് അവര്‍ വിളിച്ചു പറയുന്നു-അതാ വേറൊരു കാടന്‍ -മുഗളര്‍ അന്ന് രജപുത്രരേ വിളിക്കുന്നത് അങ്ങനെയാണ്. വാ അവനേയും ശരിപ്പെടുത്താം.

പക്ഷേ അവര്‍ക്കു തെറ്റിപ്പോയി. ശക്തന്റെ മുന്നില്‍ അവര്‍ ഒന്നുമല്ല. നിമിഷനേരം കൊണ്ട് ശക്തന്‍ അവരേ വകവരുത്തി.

ശക്തനേ കണ്ട പ്രതാപന്‍, അവന്‍ തന്നേ വധിക്കാന്‍ വന്നതാണെന്നാണ് കരുതിയത്. തന്നേ തോല്പിക്കാന്‍ നടത്തുന്ന ശ്രമമൊക്കെ അദ്ദേഹം അറിഞ്ഞുകൊണ്ടിരുന്നു. പക്ഷേ ദൌളത്തിനെ വിവാഹം കഴിച്ചതുമാത്രം ആരും അദ്ദേഹത്തോടു പറഞ്ഞില്ല.

ശക്തന്‍ പ്രതാപന്റെ അടുത്തുചെന്നു. കാല്‍ക്കല്‍ വീണു. ജ്യേഷ്ടാ ക്ഷമിക്കണം. അങ്ങയുടെ
മഹത്വമറിയാതെ ചെറുപ്പത്തിന്റെ വിവരക്കേടില്‍ എന്തൊക്കെയോ ചെയ്തുകൂട്ടി--ഗദ്ഗദം കൊണ്ട് ശക്തനു വാക്കുകള്‍ പുറത്തുവന്നില്ല. പ്രതാപന്‍ അനുജനേ ആശ്ലേഷിച്ചു. പുറത്തു തലോടി ആശ്വസിപ്പിച്ചു.

ഇനി നമുക്കു നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാനുള്ള പരിശ്രമമാണ് എന്റെ ജീവിതലക്ഷ്യം-ശക്തന്‍ പ്രഖ്യാപിച്ചു.

കാലം കടന്നുപോയി. ഇപ്പോള്‍ പ്രതാപന്‍ താമസിക്കുന്നത് കാട്ടിന്റെ നടുവിലാണ്. ഭീലന്മാരുടെ കൂടെ.

നമ്മുടെ ഏകലവ്യനില്ലേ-ദ്രോണാചാര്യരുടെ അടുത്തുചെന്ന് അസ്ത്രവിദ്യ പഠിക്കണമെന്നു പറഞ്ഞ് നടക്കാതെ പോയ ആള്‍. അദ്ദേഹം ഈ വംശത്തിലാണ് വളര്‍ന്നത്. അതി ശൂരന്മാരും സത്യസന്ധന്മാരും ആണ് അവര്‍. യുദ്ധത്തില്‍ തൊറ്റ് രാജ്യം നഷ്ടപ്പെട്ട പ്രതാപന്‍ അവിടെയാണ് താമസിക്കാന്‍ തീരുമാനിച്ചത്. അക്ബറിന്റെ മേധാവിത്വം അംഗീകരിച്ചാല്‍ രാജ്യം തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞതിനേ പുച്ഛിച്ചു തള്ളി--മേവാര്‍ തിരിച്ചുപിടിക്കുന്നതുവരെ കായ്കനികള്‍ ഭക്ഷിച്ച് വെറും നിലത്തേ കിടന്നുറങ്ങുകയുള്ളുവെന്ന വീരവൃതവുമായി കഴിയുകയാണ്. ഭാര്യയും മക്കളും കൂടെയുണ്ട്.

അക്ബറിന്റെ സദസ്സിലേ ഒരംഗമാണ് പ്രത്ഥ്വീ‍രാജന്‍ . കവിയാണ്. പണ്ടത്തേ ആസ്ഥാന കവികളുടെ പണി അറിയാമല്ലോ. രാജാവിനേ പുകഴ്തി കവിത രചിച്ചുകൊണ്ടിരിക്കണം. എങ്കിലേ സ്ഥാനം നിലനില്‍ക്കത്തൊള്ളു. നമ്മുടെ രാ‍ജ്യത്ത് ഒരു കവി രാജാവിനു കൊടുത്ത ഒരു കവിത കേള്‍ക്കണോ.

മര്‍ത്ത്യാകാരേണ ഗോപീ വസനനിര കവര്‍ന്നോരു ദൈത്യാരിയേത്തന്‍
ചിത്തേ ബന്ധിച്ച വഞ്ചീശ്വര തവ നൃപനീതിക്കു തെറ്റില്ല പക്ഷേ
പൊല്‍ത്താര്‍ മാതാവിതാ തന്‍ കണവനെവിടുവാനാശ്രയിക്കുന്നു ദാസീ-
വൃത്ത്യാ നിത്യം ഭവാനേ, കനിവിവളിലുദിക്കൊല്ല കാരുണ്യരാശേ.--വല്ലോം മനസ്സിലായോ-ഇല്ലെങ്കില്‍ കേട്ടോ.

മനുഷ്യവേഷം ധരിച്ച് ഗോപസ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച അസുരശത്രുവിനേ-അതായത് ശ്രീകൃഷ്ണനേ- അറസ്റ്റുചെയ്ത് മനസ്സില്‍ സൂക്ഷിക്കുന്ന വഞ്ചിരാജാവേ-അങ്ങയുടെ രാജധര്‍മ്മത്തിനു തെറ്റില്ല--കള്ളന്മാരേ പിടിക്കേണ്ടതു രാജാക്കന്മാരുടെ കടമയാണല്ലോ--പക്ഷേ ഒരു കുഴപ്പം. ലക്ഷ്മീദേവി തന്റെ ഭര്‍ത്താവിനേ മോചിപ്പിക്കാന്‍ ദാസിയേപോലെ അങ്ങയേ പരിചരിക്കുന്നു--അതായത് ദിവസംപ്രതി അങ്ങയുടെ ഐശ്വര്യം വര്‍ദ്ധിക്കുന്നുവെന്നു സാരം-- ഒരുകാലത്തും അവളില്‍ കാരുണ്യം ഉണ്ടാകരുതേ. ഇതാണ് അര്‍ത്ഥം--കൊള്ളാം അല്ലേ. നല്ല സമ്മാനം കിട്ടിക്കാണും.

ഇത്തരം കവിതകള്‍ എഴുതി രാജാവിനേ സന്തോഷിപ്പിക്കുകയായിരുന്നു പ്രത്ഥ്വീരാജന്റേയും പണി. അദ്ദേഹത്തിന്റെ ഭാര്യ--ജോശി എന്നാണ് പേര്--അതിസുന്ദരിയായിരുന്നു. അക്ബറിന് അവളേ ഒരു നോട്ടമുണ്ട്.

ഓ- ദേവേന്ദ്രന്റെ സ്വഭാവം--ശ്യാമിനു പെട്ടെന്നു കാര്യം പിടികിട്ടി.

അതെ. ഒരുദിവസം ജോശി ഭര്‍ത്താവിനെഅന്വേഷിച്ച് കൊട്ടാരത്തില്‍ എത്തി. ആരും അവിടെ ഇല്ല. അവള്‍ ഇങ്ങനെ കറങ്ങി നടക്കുമ്പോള്‍ അക്ബറിന്റെ മുന്നില്‍ പെട്ടു. കൊതിച്ചിരുന്ന അവസരം പ്രയോജനപ്പെടുത്താന്‍ അക്ബര്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തേ അമ്പരപ്പിച്ചുകൊണ്ട് ജോശി തന്റെ മടിയില്‍ സൂക്ഷിച്ചിരുന്ന കഠാര എടുത്ത് സ്വന്തം മാറില്‍ കുത്തിയിറക്കി. ഭാര്യ വന്നിട്ടുണ്ടെന്നറിഞ്ഞു അന്വേഷിച്ചു വന്ന പ്രത്ഥ്വീരാജന്റെ മുമ്പില്‍ മരിച്ചുവീണു.
പ്രത്ഥ്വീരാജനേ സമാധാനിപ്പിക്കാന്‍ അക്ബര്‍ പലതരത്തില്‍ ശ്രമം നടത്തി. ഉള്ളില്‍ പതഞ്ഞുപൊങ്ങുന്ന പകയുമായി പ്രത്ഥ്വീരാജന്‍ അവസരം പാര്‍ത്തു കഴിഞ്ഞു. പ്രതാപസിംഹന്റെ നീക്കവും കാത്ത്. അങ്ങിനെ ഇരിക്കുമ്പോഴാണ് അത് സംഭവിച്ചത്.

പ്രതാപസിംഹന്‍ അക്ബറുമായി സന്ധിക്കു തയ്യാറാണെന്നു പറഞ്ഞുള്ള കത്തുമായി പ്രതാപന്റെ ദൂതന്‍ അക്ബറിന്റെ അടുത്തെത്തി. കത്തു കിട്ടിയപ്പോള്‍ മുതല്‍ കൊട്ടാരത്തില്‍ ആഘോഷം തുടങ്ങി.