വിവാഹ വാര്‍ഷികം

0
അപ്പൂപ്പോ ദേ ഈ പത്രത്തില്‍ കിടക്കുന്നതുകണ്ടോ - നാല്‍പ്പതാം വിവാഹ വാര്‍ഷികം-ഫോട്ടോയുമുണ്ട്. എന്തവാ അപ്പൂപ്പാ ഈ വിവാഹ വാര്‍ഷികം--ആതിര പത്രവും പൊക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു.

എന്തവാടീ ഈ ചോദിക്കുന്നത് മിനിഞ്ഞാന്നല്ലിയോ അഛനും അമ്മയും കൂടി വെഡ്ഡിങ് ആനിവേഴ്സറി എന്നും പറഞ്ഞ് അമ്മയ്ക്കു സാരിയും നമുക്കൊക്കെ പൊറോട്ടയും ഇറച്ചിയും വാങ്ങിച്ചു തന്നത്. ഈ പെണ്ണിനൊരു വക അറിഞ്ഞുകൂടാ.

എന്തിനാ അപ്പൂപ്പാ ഈ വിവാഹ വാര്‍ഷികം. അപ്പൂപ്പനും അമ്മൂമ്മയും കൂടി ഇതുവരെ ഈ പരിപാടി നടത്തുന്നതു കണ്ടിട്ടില്ലല്ലോ.

മക്കളേ നിങ്ങള്‍ ഒരു നല്ല സിനിമാ കണ്ടെന്നിരിക്കട്ടെ. സിനിമാ തീരുമ്പോള്‍--അയ്യോടാ ഇത് ഇത്ര പെട്ടെന്നുതീര്‍ന്നു പോയൊ-എന്നു പറഞ്ഞു സമയം നോക്കുമ്പോള്‍ മണിക്കൂര്‍ മൂന്നു കഴിഞ്ഞെന്നു മനസ്സിലാകും. അപ്പോള്‍- ഹൊ സമയം പോയതറിഞ്ഞില്ല-എന്നു പറഞ്ഞു വളരെ ഉത്സാഹത്തോടുകൂടി അതിനേക്കുറിച്ച് കമന്റ് പാസാക്കിക്കൊണ്ട് വീട്ടിലേക്കു പോരും. സിനിമാ മോശമാണെങ്കിലോ. ഹാ ഈ നാശം ഒന്നു തീര്‍ന്നു കിട്ടീരുന്നെങ്കില്‍--സമയോം പോകുന്നില്ല-വെറുതേ കാശു മുടിച്ചു. എന്നു പറയും..തിരുമ്പോള്‍ -ഹാവൂ ആശ്വാ‍സമായി ഇനി തലവേദന മാറാന്‍ ഒരു ചായ കുടിക്കാം എന്നും പറഞ്ഞു വിഷമത്തോടെ തിരിച്ചു പോരും.

സമയം പോകുന്നതറിയാത്തവര്‍ക്ക് ഈ വാര്‍ഷികവും ഒന്നും ഓര്‍മ്മ വയ്ക്കാ‍ന്‍ പറ്റില്ല. എങ്ങനെങ്കിലും ഒരുകൊല്ലം കഴിഞ്ഞുകിട്ടുന്ന ആശ്വാസത്തിനാണ് ഈ വാര്‍ഷികം ആഘോഷിക്കുന്നതെന്നുപറഞ്ഞാല്‍ എല്ലാവരും കൂടി എന്റെ തലതിന്നും. അതുകൊണ്ട് അതു ഞാന്‍ പറയില്ല.

അപ്പോള്‍ അപ്പൂപ്പനും അമ്മൂമ്മയും തമ്മില്‍ വളരെ രസകരമായിട്ടാണോ ഇത്രയും കാലം കഴിഞ്ഞത്.

എടാ ശരിക്കു പറഞ്ഞാല്‍ ഞങ്ങള്‍തമ്മില്‍ നല്ല--

ദേ അപ്പൂപ്പാ അമ്മൂമ്മ- ശ്യാം പെട്ടെന്നു പറഞ്ഞു.

എന്താ അപ്പൂപ്പന്റെ മുഖത്തൊരു വിളര്‍ച്ച--ആതിരയ്ക്കു സംശയം.

എന്തവാടാ ഇവിടെ-കഥപറച്ചിലാണോ അതൊ കലണ്ടറടിയാണോ. അപ്പൂപ്പനും കൊച്ചു മക്കളും കൂടെ. ഈ പിള്ളാരേക്കൊണ്ട് ഒരു പണിയും ചെയ്യിക്കത്തില്ല. അമ്മൂമ്മ കഥയേപ്പറ്റി തന്റെ അഭിപ്രായം പസാക്കി.

അല്ലമ്മൂമ്മേ നിങ്ങളുടെ വിവാഹവാര്‍ഷികത്തേപ്പറ്റി പറയുകയായിരുന്നു. ശ്യാം കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു. നീട്ടി ഒന്നു മൂളിയിട്ട് അമ്മൂമ്മ പോയി.

എന്നിട്ട് അപ്പൂപ്പാ നിങ്ങള്‍ തമ്മില്‍--ശ്യാം വിടുന്ന മട്ടില്ല.

എടാ നീ കുടുംബകലഹം ഉണ്ടാക്കിയേ അടങ്ങുകൊള്ളോ. ഒരു കഥ കേട്ടോ. നാല്പതു കൊല്ലം വിവാഹവാര്‍ഷികം ആഘോഷിക്കുകയും, സമൂഹത്തില്‍ മാതൃകാ ദമ്പതികള്‍ എന്നു പേരെടുക്കുകയും ചെയ്ത ഒരു കുടുംബം. നാട്ടില്‍ അവര്‍ ഒരു അത്ഭുതമായിരുനു. ഒരുതരത്തിലുള്ള അലോസരങ്ങളും അവരുടെ വീട്ടില്‍ ഇല്ല. ഒരു ദിവസം അയാളുടെ ഉറ്റ സുഹൃത്തുക്കള്‍ അയാളെ ഒറ്റയ്ക്കു വിളിച്ച് ഒരു രഹസ്യ സ്ഥലത്ത് സമ്മേളിച്ചു.

ഒരു സുഹൃത്ത്:‌ എടൊ വീട്ടില്‍ ഒരു സ്വൈരവുമില്ല. താനെങ്ങനെയാണ് ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്നത്.
രണ്ടാമന്‍:- എടൊ ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ വയ്യ. താന്‍ ഞങ്ങളുടെ സുഹൃത്തല്ലേടോ.
മൂന്നാമന്‍ :- ഞാന്‍ ആത്മഹത്യയുടെ വക്കത്താണ്. തനിക്കു സഹായിക്കാന്‍ പറ്റുമെങ്കില്‍ പറ.

അയാള്‍ പറഞ്ഞു. വളരെ നിസ്സാരമാണ് സുഹൃത്തുക്കളേ. കേട്ടോളൂ. നാല്പതുകൊല്ലം മുന്‍പ് ഞങ്ങളുടെ കല്യാണം കഴിഞ്ഞല്ലോ. അന്നു വൈകുന്നേരം ഞങ്ങള്‍ പുറത്തേക്കു പോയി. ഒരു കുതിരസ്സവാരി നടത്താമെന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച്, ഞങ്ങള്‍ രണ്ടു കുതിഒരയേ വാടകയ്കെടുത്തു. പോകുന്ന വഴി അവളുടെ കുതിര അവളേ തള്ളിതാഴെയിട്ടു.

അവള്‍ തല്ലിക്കുടഞ്ഞെഴുനേറ്റ് ഒരു ഭാവവ്യത്യാസവും കൂടാതെ കുതിരയേ തലോടി--cool down, cool down dear, this is the first time. എന്നു പറഞ്ഞ് അതിന്റെ പുറത്തു കയറി.

കുറച്ചു ദൂരം ചെന്നപ്പോള്‍ കുതിര വീണ്ടും അവളേ തള്ളി താഴെയിട്ടു. അവള്‍ ഒരു കൂസലും കൂടാതെ ചാടി എഴുനേറ്റ്- കുതിരയേ തലോടി- cool down, cool down dear this is the second time. എന്നു പറഞ്ഞ് വീണ്ടും അതിന്റെ പുറത്തു കയറി.

ഇത് കുതിരയ്ക്ക് തീരെ പിടിച്ചില്ല. അത് വീണ്ടും അവളേ തള്ളി താഴെയിട്ടു. അവള്‍ എഴുനേറ്റ് പോക്കറ്റില്‍ നിന്ന് പിസ്റ്റല്‍ എടുത്ത് കുതിരയുടെ തലയോടു ചേര്‍ത്തു വച്ച് നിറയൊഴിച്ചു.. കുതിര പിടഞ്ഞു വീണ് ചത്തു. എനിക്ക് ഭയങ്കര ദേഷ്യം വന്നു.

ഞാന്‍ :- What nonsence have you done. this is a rented horce--
അവള്‍:- (ഇടയില്‍ കടന്ന്) cool sown, cool down dear, this is the first time--

ഞാന്‍ -എന്റെ മനസ്സിലൂടെ ഒരു മിന്നല്‍--ഭയങ്കരമായി ഞെട്ടി. പിന്നെ സെക്കന്‍ഡ് ടൈം എന്ന് അവളേക്കൊണ്ട് പറയിപ്പിക്കാതിരിക്കാന്‍ ഞാന്‍ പെടുന്ന പാടാ സുഹൃത്തുക്കളേ ഞങ്ങളുടെ മാതൃകാ ദാമ്പത്യത്തിന്റെ രഹസ്യം. നിങ്ങള്‍ക്കു പരീക്ഷിച്ചു നോക്കാം. സുഹൃത്തുക്കള്‍ പൊളിച്ചവായ ഇതുവരെ അടച്ചിട്ടില്ലെന്നാ കേഴ്വി.

ശ്യാം:- മതി അപ്പൂപ്പാ മനസ്സിലായി.

മക്കളേ ഇത് അമ്മൂമ്മ അറിയണ്ടാ. കേട്ടോ.

കണ്ണന്‍

0
അപ്പൂപ്പോ ആതിര വിളിച്ചു. നമ്മടെ വാഴയുടെ ഇലപഴുത്തുപോകുന്നതു കണ്ടോ. സദാനന്ദന്‍ മാമന്‍ പറയുന്നു കണ്ണാണെന്ന്. എന്തോന്നാ അപ്പൂപ്പാ ഈ കണ്ണെന്നു പറഞ്ഞാല്‍.

മോളേ നീ ഡാന്‍സ് കഴിഞ്ഞു വരുമ്പോള്‍ നിന്റമ്മൂമ്മ ഒരു പിടി കടുകും മുളകും എടുത്ത് നിന്റെ മുഖത്ത് ഉഴിഞ്ഞ് അടുപ്പിലിടത്തില്ലിയോ. അത് നിനക്കു കണ്ണിന്‍ ദോഷം കിട്ടാതിരിക്കാനാ. ചില ആള്‍ക്കാര്‍ എന്തിനേ എങ്കിലും നോക്കി അഭിപ്രായം പറഞ്ഞാല്‍ അപ്പോള്‍ തന്നെ അത് നശീച്ചുപോകും എന്നാണ് വിശ്വാസം. ഇത് പൂര്‍ണ്ണമായി അന്ധവിശ്വാസമാണെന്ന് അഭിപ്രായമുള്ളവര്‍ കാണും. പക്ഷേ അവരും വീടു പണിയുമ്പോഴും പച്ചക്കറി കൃഷി ചെയ്യുമ്പോഴും, കോലമുണ്ടാക്കി വയ്ക്കുന്നത് അപ്പൂപ്പന്‍ കണ്ടിട്ടുണ്ട്. വരുന്ന വഴിക്ക് കോലം കണ്ടാല്‍ കണ്ണിന്‍ ദോഷം ഫലിക്കില്ല പോലും.

ഇതിനേക്കുറിച്ച് രസകരമായ ചില കഥകളുണ്ട്. പണ്ട് പുറക്കാട് എന്നു പറഞ്ഞ് ഒരു രാജ്യമുണ്ടായിരുന്നു. വളരെ മര്യാദയ്ക്ക് കാര്യങ്ങള്‍ നടത്തിക്കൊണ്ട് ഭരണം നടത്തിപ്പോന്നു. മര്യാദയ്ക്കിരിക്കുന്നോരേ തോണ്ടി പ്രശ്നമുണ്ടാക്കാന്‍ ഇന്നത്തേപോലെ അന്നും ആള്‍ക്കാരുണ്ടായിരുന്നു. അയല്‍ രാജ്യത്തേ രാജാവ് ഈ പാവം രാജ്യം ആക്രമിക്കാന്‍ ഒരു കപ്പല്‍ പടയേ അയച്ചു. പുറക്കാടിനാണെങ്കില്‍ അഞ്ചാറു നാടന്‍ പോലീസുകാരല്ലാതെ പട്ടാളമോ ഒന്നും ഇല്ല. കഴിഞ്ഞുകൂടാന്‍ ഇതൊന്നും വേണ്ടാ എന്നാണ് അവരുടെ പക്ഷം.

പക്ഷേ ശക്തിയില്ലാത്തോനെ കിടത്തിപ്പൊറുപ്പിക്കത്തില്ലെന്നുള്ള ലോകസ്വഭാവം അവര്‍ക്കറിഞ്ഞു കൂടാ. പഞ്ചശീലവു പറഞ്ഞിരുന്ന നമ്മടെ മൂക്കിനിട്ടിടിച്ചില്ലേ ആ ചൈനാക്കാര്‍. അന്നല്ലേ അഹിംസയ്ക്കും ആയുധം വേണമെന്ന് നമ്മുടെ ബുദ്ധിശാലികള്‍ക്ക് മനസ്സിലായത്. അതു പോട്ടെ. നമുക്ക് കഥയിലേക്കു വരാം. രാജാവിന്റെ ഒരു സുരക്ഷാഭടന് കപ്പല്‍ വരുന്ന വിവരം കിട്ടി.

സുരക്ഷാഭടന്‍ :- തമ്പുരാനേ അയല്‍ രാജ്യം നമ്മളേ ആക്രമിക്കാന്‍ വരുന്നു.
രാജാവ്:- നമ്മളെന്തു ചെയ്യും?
സുരക്ഷാഭട‍ന്‍ :- ഒരു പണിയൊണ്ട്. നമ്മുടെ പ്രസിദ്ധ കണ്ണന്‍ കുട്ടിശ്ശങ്കരനേ വിളിക്കാം. അവന്‍ നോക്കി അയ്യോ എന്തൊരു കപ്പല്‍ എന്നു പറഞ്ഞാല്‍ കപ്പല്‍ ഭസ്മം.
രാജാവ് :- എന്നാല്‍ പെട്ടെന്ന് അവനേ വിളി.

സുരക്ഷാഭടന്‍ പോയി കുട്ടിശ്ശങ്കരനേ കൂട്ടിക്കൊണ്ടു വന്നു. രണ്ടു പേരും കൂടി പുറക്കാട്ട് കടപ്പുറത്ത് പോയി പടിഞ്ഞാട്ടു നോക്കി നില്‍പ്പായി.

മീന്‍ പിടിക്കുന്ന വള്ളം മാത്രം കണ്ടിട്ടുള്ള കുട്ടിശ്ശങ്കരന്‍ കപ്പല്‍ കാണുമ്പോള്‍ “അമ്പോ എന്തൊരു വള്ളം” എന്നു പറയുകയും കപ്പള്‍ ഭസ്മമായി പോകുകയും ചെയ്യും എന്നാണ് സുരക്ഷാഭടന്‍ രാജാവിനേ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. അങ്ങനെ നില്‍ക്കുമ്പോള്‍ സുരക്ഷാഭടന്‍ കപ്പലിന്റെ കൊടിമരം അങ്ങു ചക്രവാളസീമയില്‍ കണ്ടു. കുട്ടിശ്ശങ്കരന് അത്ര കാഴ്ച പോരാ.

സുരക്ഷാഭടന്‍ :- ദേ നോക്ക്. എന്താ അവിടെ കാണുന്നത്?
കുട്ടിശ്ശങ്കരന്‍ :- എവിടെ. ഞാനൊന്നും കാണുന്നില്ല.
സുരക്ഷാഭടന്‍ :- ദാ നോക്കെടൊ അങ്ങ് പടിഞ്ഞാറ് ഒരു ചുവപ്പു നിറം അടുത്തടുത്തു വരുന്നതു കാണുന്നില്ലേ
കുട്ടിശ്ശങ്കരന്‍ :- ഇല്ലല്ലോ.
സുരക്ഷാഭടന്‍ :- എനിക്കു നല്ല വൃത്തിയായി കാണാമല്ലോ.

ഇത്രയും പറഞ്ഞപ്പോഴേക്കും, കപ്പല്‍ കുറെക്കൂടി അടുത്തെത്തി. ഒരു പൊട്ടുപോലെ കുട്ടിശ്ശങ്കരന്റെ ദൃഷ്ടിയില്‍ പെട്ടു.
അമ്പമ്പോ ഇതാണോ നീ കുറേ നേരമായി വൃത്തിയായി കാണുന്നെന്നു പറഞ്ഞത്. നിന്റെ ഒരു കണ്ണ്--കുട്ടിശ്ശങ്കരന്‍ ഇത്രയും പറയുകയും സുരക്ഷാഭടന്റെ കണ്ണു പൊടിഞ്ഞു പോകുകയും ചെയ്തത് ഒരേ മുഹൂര്‍ത്തത്തിലാണ്.

കപ്പലിനെന്തു പറ്റി--ആതിര ചോദിച്ചു. ആ കപ്പലിനൊന്നും പറ്റിയില്ല.

പക്ഷേ കടലിന്റെ നടുക്കു വച്ചു ഒരു കപ്പല്പടയെ മൊത്തം കത്തിച്ചു കളഞ്ഞ ഒരു ചരിത്ര കഥയുണ്ട്. പണ്ട് തൊട്ടിയിലേ വെള്ളത്തില്‍ കുളിക്കാനിറങ്ങി, വെള്ളം വെളിയിലേക്കു പോകുന്നതു കണ്ട്, “യുറേക്കാ, യുറേക്കാ” എന്നു വിളിച്ചു പറഞ്ഞുകൊണ്ട് തുണിയില്ലാതോടിയ ഒരാളുണ്ടല്ലോ--എന്താണങ്ങേരുടെ പേര്--അരിസ്റ്റോട്ടിലോ

ഈ അപ്പൂപ്പനൊരു വഹ അറിയാന്‍ വയ്യാ-അങ്ങേരുടെ പേര് ആര്‍ക്കിമിഡീസ് എന്നാണ്. ആതിര പറഞ്ഞു.

അതെ അതുതന്നെ. ഓര്‍മ്മയൊക്കെ പോയി മക്കളേ. യൂറോപ്പില്‍ സ്പെയിന്‍ എന്നു പറഞ്ഞ ഒരു രാജ്യമുണ്ട്. പണ്ടു മുതലേ അന്യരാജ്യങ്ങളാക്രമിച്ച് കീഴടക്കുക അവരുടെ ഒരു ഹോബിയാണ്. വന്‍പിച്ച കപ്പല്പടയുടെ ഉടമയാണവര്‍.

ഓ എനിക്കറിയാം. കിട്ടു പറഞ്ഞു. ഇത്തവണ ലോകകപ്പ് ഫുട്ബാള്‍ ജയിച്ചവര്‍.

അതെ. അതുതന്നെ. ഇംഗ്ലണ്ടുമായി സ്ഥിരം യുദ്ധത്തിലേര്‍പ്പെട്ടിരുന്ന അവര്‍ ഒരിക്കല്‍ ഗ്രീസ് ആക്രമിക്കാന്‍ പരിപാടിയിട്ടു. പതിനഞ്ചു യുദ്ധക്കാപ്പലിന്റെ ഒരു വ്യൂഹം ഗ്രീസ്സിലേക്കു പുറപ്പെട്ടു. ഗ്രീസാണെങ്കില്‍ പാവം. മര്യാദയ്ക്കു സാഹിത്യമൊക്കെ എഴുതി അങ്ങനെ കഴിയുന്നവരാണ്. ഈ വിവരം അറിഞ്ഞ് ആകെ പരിഭ്രമിച്ചു. ഭരണാധികാരികള്‍ ഓട്ടമായി. ആരോ പറഞ്ഞു അവിടെ പല വിദ്യകളും കാണിക്കുന്ന ഒരാളുണ്ട്. അങ്ങേരോടു പറഞ്ഞാല്‍ ചിലപ്പോള്‍ രക്ഷപെടാം എന്ന്. അവരൊക്കെകൂടി ചെന്ന് നമ്മുടെ ആര്‍ക്കിമിഡീസിനേ പിടിച്ചു കൊണ്ടു വന്നു.
വിവരങ്ങള്‍ അറിഞ്ഞ് അദ്ദേഹം പറഞ്ഞു. അവന്മാ‍രേ നമുക്ക്സ് കടലിനകത്തു വച്ച് കത്തിച്ചുകളയാം.

ആര്‍ക്കും വിശ്വാ‍സം വന്നില്ല. കടലിനകത്തുവച്ചു കത്തിക്കുകേ! തനിക്കെന്താ പിച്ചു പിടിച്ചോ? അവര്‍ ഒന്നിച്ചു ചോദിച്ചു.
നിങ്ങള്‍ ഒന്നും അറിയണ്ടാ ആര്‍ക്കിമിഡീസ് പറഞ്ഞു. കപ്പലിവിടെ എത്തുകില്ല.

അദ്ദേഹം സ്പെയിനില്‍ നിന്ന്ഗ്രീസിലെത്താനുള്ള വഴി ഒരു മാപ്പില്‍ വരച്ചു. സ്പെയിനില്‍ നിന്നും പുറപ്പെട്ടാല്‍ ഓരോ ദിവസവും കപ്പല്‍ എത്തുന്ന സ്ഥലം കണക്കുകൂട്ടി.

ഒരു നിശ്ചിതസ്ഥലത്തെത്തിയേ ഗ്രീസിലെത്താന്‍ പറ്റൂ എന്നു മനസ്സിലാക്കി. അവിടെ കപ്പലുകള്‍ എത്തുന്ന സമയംകണ്ടു പിടിച്ചു. ഗ്രീസ്ന്റെ തീരത്ത് കൂറ്റന്‍ കണ്ണാടികള്‍ സ്ഥാപിച്ചു. അതില്‍ പതിക്കുന്ന സൂര്യരശ്മികളുടെ ഫോക്കുസ് ആ നിശ്ചിത സ്ഥലത്തു പതിക്കുന്നതുപോലെ ക്രമീകരിച്ചു.

നിങ്ങള്‍ അപ്പൂപ്പന്റെ മൂക്കേക്കണ്ണാടി എടുത്ത് വെയിലത്തു പിടിച്ചാല്‍ അതില്‍കൂടി വരുന്ന രശ്മി ഒരു നിശ്ചിതസ്ഥലത്ത് ഒരു പൊട്ടുപോലെ പതിക്കുന്നതു കാണാം. ആ പൊട്ടില്‍ ഒരു കടലാസോ, പഞ്ഞിയോ വച്ചാല്‍ അഞ്ചു മിനിറ്റിനകം അതു പുകഞ്ഞു കത്തുന്നതു കാണാം. സൂര്യന്റെ ചൂടു കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.
ഈ പറഞ്ഞ പൊട്ടു പോലുള്ള സ്ഥലം-ഫോക്കസ്-- കുറ്റന്‍ കണ്ണാടികളില്‍ നിന്നുള്ളത് ഈ പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ചു കൊണ്ടേ ഇരുന്നു. ഇനി സ്പാനിഷ് കപ്പല്‍ വന്നാല്‍ മതി.

കപ്പല്‍ അവിടെ എത്തേണ്ട സമയമായി. ആര്‍ക്കിമിദീസ് എല്ലാവരേയും വിളിച്ചുകൂട്ടി ആ സ്ഥലത്തേക്ക് നോക്കിക്കൊണ്ടിരിക്കാന്‍ പറഞ്ഞു. കപ്പല്‍ വ്യൂഹം കണ്ട് ഭീതിയോടെ എല്ലാവരും സൂക്ഷിച്ചു നോക്കി. അതാ ഒരഗ്നിഗോളം-ദേ വേറൊന്ന്, മൂന്ന്, നാല്, അങ്ങനെ പതിനഞ്ചെണ്ണം--ഡീപ്രാക്-ശ് ശ്-ശ് കഴിഞ്ഞു.

ഈ കണ്ണന്മാരുടേം ഫോക്കസ് ഇത്ര ശക്തിയുള്ളതാരിക്കും--കണ്ണ്-കണ്ണാടി ശ്യാം തീര്‍ച്ചപ്പെടുത്തി.