ധര്‍മ്മരാജാ

ഒരു കാര്യം പറഞ്ഞേക്കാം. എല്ലാരും ദൂരെമാറി ഇരുന്നോണം. എന്നേക്കണ്ടാകിണ്ണന്‍ കട്ടവനാണെന്ന് തോന്നുമെന്നു പറഞ്ഞ് ആരും എന്റെ പിടലിക്കു കേറരുത്. രാംകുട്ടന്‍ നോക്കിക്കോണേ.

അല്ലപ്പൂപ്പാ‍ ഞാന്‍ അറിയാതെ-- ഓ സാരമില്ലെടാ അപ്പൂപ്പന്‍ തമാശു പറഞ്ഞതല്ലിയോ. പക്ഷേ ഇതുപോലെ ദേഷ്യം വരരുത്. ദേഷ്യം വരുമ്പോള്‍ നിന്റെ മുഖം ചെമ്പരത്തിപ്പൂ പോലെ ചുവന്നിരുന്നു. നീ അണയ്ക്കുന്നുണ്ടായിരുന്നു. ഇതൊക്കെ ആരോഗ്യത്തേ ബാധിക്കും ദേഷ്യം വന്നാല്‍ ഇത് ഓര്‍ത്തുകൊള്ളണം. നമ്മുടെ ശ്വാസം നിയന്ത്രിച്ചാല്‍ ദേഷ്യം തനിയേ പോകും. ഇനി പരീക്ഷിച്ചു നോക്കണം. കേട്ടോ. ഇന്ന് ധര്‍മ്മരാജാവിന്റെ ഒരു കഥ പറയാം.

വീര മാര്‍ത്തണ്ഡ വര്‍മ്മ മഹാരാജാവിനേക്കുറിച്ച് അറിവുണ്ടായിരിക്കുമല്ലോ. അദ്ദേഹത്തിന്റെ അനന്തരവനാണ് രാമവര്‍മ്മ മഹാരാജാവ്. അദ്ദേഹത്തിന്റെ സ്വഭാവ ശുദ്ധിയും ഭരണ നൈപുണ്യവും കൊണ്ട് ധര്‍മ്മരാജാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂര്‍ രാജ്യം സ്ഥാപിച്ചത് മര്‍ത്താണ്ഡവര്‍മ്മയാണ്. അന്ന് അധികാരസ്ഥാപനത്തിനുവേണ്ടി കലാപങ്ങള്‍ അടിച്ചമര്‍ത്തിയതുമൂലം അദ്ദേഹത്തിന് ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നു. രാജാവിന്റെ തലപോലും സുരക്ഷിതമല്ല. അതുകൊണ്ട് യുവരാജാവായ രാമവര്‍മ്മയെ ശരിക്കുള്ള യോദ്ധാവാക്കേണ്ടിയിരിക്കുന്നു. സ്വയരക്ഷയില്ലെങ്കില്‍ എന്തും സംഭവിക്കും. ഇന്ദിരാ ഗാന്ധിക്കു സംഭവിച്ചതുപോലെ. അതുകൊണ്ട് പരിശീലിപ്പിക്കാന്‍ പറ്റിയ ഗുരുക്കളേ അന്വേഷിച്ചപ്പോള്‍ കല്ലാന്താറ്റില്‍ ഗുരുക്കള്‍ എന്നൊരാളുണ്ടെന്ന് അറിഞ്ഞു, അദ്ദേഹത്തിന് ആളേ അയച്ചു. ഗുരുക്കള്‍ എത്തി. രാജാ‍വിനു ഗുരുക്കളുടെ കഴിവു പരീക്ഷിക്കണം. അദ്ദേഹം കോട്ടവാതില്‍ എല്ലാം അടച്ച്, ഉള്ളില്‍ കൂര്‍ത്ത ആണിഅടിച്ച പലക ആണി മുകളിലാകത്തക്കവിധം അകത്ത് മലര്‍ത്തി വച്ചു. ഗുരുക്കള്‍ വന്നവിവരം അറിയിച്ചപ്പോള്‍ ഉള്ളില്‍ വരട്ടെ എന്ന് ആജ്ഞാപിച്ചു.

ഗുരുക്കള്‍ വന്നത് വാളും പരിചയുമായാണ്. അന്നതാണ് രീതി. കോട്ടവാതില്‍ അടച്ചിരിക്കുന്നത് കണ്ട അദ്ദേഹത്തിന് കാര്യം മനസ്സിലായി. പുറകോട്ടു മാറിനിന്ന് കുതിരക്കരണം മറിഞ്ഞ് മുകളില്‍ എത്തി കീഴോട്ടു നോക്കിയപ്പോള്‍ ആണിതറച്ച പലക--ആലോചിക്കാന്‍ സമയമില്ല--കൈയ്യിലിരുന്ന പരിച , കുനിഞ്ഞ് ആണിയിലുറപ്പിച്ച്, ഒരുകാല്‍ അതിലൂന്നി തിരിഞ്ഞു മറിഞ്ഞ് വെളിയിലെത്തി.

വാതിലടച്ചിരുന്നതുകൊണ്ട് അകത്തു കടക്കാന്‍ പറ്റിയില്ല എന്നു രജാവിനേ അറിയിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം പോകാന്‍ ഭാവിച്ചു.
രാജവ് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ചാടി മുകളില്‍നിന്നും കീഴോട്ടു വരുന്ന ഒരു നിമിഷത്തിനകം തീരുമാനമെടുത്തു നടപ്പാക്കാന്‍ കഴിവുള്ളവന്‍ തന്നെയാണ് തന്റെ ഭാഗിനേയനേ പടിപ്പിക്കേണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചു.
യുവരാജവിനെ ഗുരുകുലത്തില്‍ ചേര്‍ത്തു. ആദ്യത്തേ കൊല്ലത്തേ പഠിത്തം കഴിഞ്ഞു വന്നപ്പോള്‍ രാജാവ് ചോദിച്ചു. അപ്പാ- എങ്ങിനെയുണ്ട് പഠിത്തം? ഓ ഇപ്പോള്‍ എത്ര പേരു വേണമെങ്കിലും വന്നോട്ടെ. ഞാനൊറ്റക്കുമതി.വേണമെങ്കില്‍ കായംകുളം രാജ്യം ഞാനൊറ്റക്കു പിടിക്കാം. യുവരാജാവ് പറഞ്ഞു.

ഒരു ചെറു പുഞ്ചിരിയോടെ രാജാവ് പറഞ്ഞു. ഏതായാലും ഒരു കൊല്ലം കൂടി പഠിക്ക്.

അങ്ങനെ വീണ്ടും യുവരാജാവ് പോയി. അടുത്ത കൊല്ലം വന്നപ്പോള്‍ രാജാവ് പഴയ ചോദ്യം ആവര്‍ത്തിച്ചു.

ഇപ്പോള്‍ ഒരു നൂറു പേരു വരെ വന്നാല്‍ ഞാന്‍ മാത്രം മതി. യുവരാജാവ് പ്രതിവചിച്ചു.

അയ്യോ- അത്രയേ ആയുള്ളൂ. ശരി ഒരു കൊല്ലം കൂടി നോക്ക്.

യുവരാജാവ് വീണ്ടും പോയി. അടുത്ത കൊല്ലം വന്ന യുവരാജാവിന്റെ ഉത്തരം--ഒരാള്‍ എതൃക്കാന്‍ വന്നാല്‍ തടി കേടാകതെ നോക്കാം എന്നായിരുന്നു.

എന്നാല്‍ തല്‍ക്കാലം പഠിത്തം നിര്‍ത്താം--രാജാവ് അഭിപ്രായപ്പെട്ടു.

മാസം ഒന്നു കഴിഞ്ഞു. യുവരാജാവ് കുഴമ്പും ഒക്കെ പുരട്ടി വ്യായാമം ചെയ്ത് നീരാടാന്‍ കൊട്ടാരത്തിലേ കുളീപ്പുരയിലേക്കു പോവുകയാണ്. പടിയിറങ്ങുമ്പോള്‍പെട്ടെന്ന് ഒരു തൂണിന്റെ മറവില്‍ നിന്ന് മുഖം മറച്ച ഒരാള്‍ ചാടിവന്ന് ഒറ്റക്കുത്ത്--കഠാരി കൊണ്ട്.

എങ്ങിനെയെന്നറിയാന്‍ വയ്യാ. കഠാരി‍രി യുവരാജാവിനെ കക്ഷത്തില്‍--കുത്തിയ ആളിന്റെ പൊടിപോലുമില്ല.

പെട്ടെന്ന് തന്നെ പരാതിയുമായി അമ്മാവന്റെ അടുത്തു വന്നു. അമ്മാവന്‍ കഠാരി വാങ്ങിച്ചു നോക്കി. കഠാരി മുനയില്‍ കുഴമ്പിന്റെ കൂടെ ഒരു ശോണ ഛായ--ചോരയുടെ.

രാജാവിന്റെ കണ്ണു ചുവന്നു. മൂക്കുവിറച്ചു. പോ‍യി ശരിക്കു പഠിച്ചിട്ടു വാ--ഉഗ്രമായ ഒരാജ്ഞ.

അതെന്താ അപ്പൂപ്പാ കുത്തിയവനേപ്പിടിക്കാതെ ---

എടാമക്കളെ--പയറ്റ് പടിക്കുമ്പോള്‍ മെയ് കണ്ണാകണം. കഠാരിമുനയുടെ കാറ്റ് ഏല്‍ക്കുമ്പോഴേക്കും ഒഴിഞ്ഞിരിക്കണം. അല്ലെങ്കില്‍ ജീവിക്കാന്‍ പറ്റത്തില്ല. ഇതിപ്പോള്‍ തൊലിമുറിഞ്ഞു രക്തം കഠാരിയില്‍ പറ്റി. രാജാവിന്റെ തന്നെ പരീക്ഷണം

അടുത്ത തവണ പടിച്ചിട്ടു വന്നപ്പോള്‍ ഒന്നും ചോദിച്ചില്ല. ഒരുദിവസം രാജാവ് അനന്തരവനേ വിളിച്ച്, താഴത്തേ നിലയില്‍ കലവറയില്‍ ചെന്ന് ഉടയാത്തതു നോക്കി രണ്ടു കരിപ്പട്ടി എടുത്തു കൊണ്ടു വരാന്‍ പറഞ്ഞു. കരിപ്പട്ടിയും കൊണ്ടു വരുമ്പോള്‍ എവിടെനിന്നെന്നറിയാതെ നാലുപേര്‍ വടിയുമായി പ്രത്യക്ഷപ്പെട്ട് പൊതിരെ തല്ലുതുടങ്ങി. അടികളെല്ലാം കരിപ്പട്ടി കൊണ്ടു തടഞ്ഞുകൊണ്ട് ഓടി കോണി കയറി പകുതിയായപ്പോള്‍--കോണി പകുതി നേരേ ചെന്ന് പിന്നെ തിരിഞ്ഞാണ് പോകുന്നത്--തിരിയുകയും ആരോ വാളുകൊണ്ട് കഴുത്തിന് ഒരു വെട്ട്. അതും കൊള്ളാതെ ഒഴിഞ്ഞ് കരിപ്പട്ടി രാജാവിനെ ഏല്‍പ്പിച്ചു. രാജാവ് കരിപ്പട്ടി വാങ്ങി സൂക്ഷിച്ചു പരിശോധിച്ചു. അടി കൊണ്ട് ഉടഞ്ഞിട്ടുണ്ടോ എന്ന്. ഉടഞ്ഞിട്ടില്ലെന്നു കണ്ട് അനന്തരവനേ ആശ്ലേഷിച്ചു അശീര്‍വദിച്ചു..

പിന്നീട് കായംകുളം രാജ്യവുമായുള്ള യുദ്ധത്തില്‍ ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ കോട്ടയുടെ മുകളിലൂടെ കുതിരയേ ചാടിച്ചു. ഇതുകണ്ടു കൊണ്ട് കോട്ടക്കുള്ളീല്‍ താഴെ ഇരുന്ന കായംകുളം രാജാവിന്റെ ഒരു ഭടന്‍ കുതിരയുടെ കാലുവെട്ടി. കുതിര അകത്തോട്ടും യുവരാജാവ് കോട്ടയ്ക്ക് പുറത്തേക്കും വീണു. കല്ലന്താറ്റില്‍ ഗുരുക്കളുടെ പരിശീലനം. എന്തെങ്കിലുമൊന്നു പറഞ്ഞു തരുമ്പോഴേക്കും സര്‍വജ്ഞപീടം കേറല്ലേ!

Comments (0)