കാളിദാസന്‍--മൂന്ന്

കവികള്‍ തമ്മിലുള്ള മത്സരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരു ദിവസം ഒരുപത്രത്തില്‍ “മൊഴിയമ്പുകള്‍” എന്ന തലക്കെട്ടില്‍ വന്ന രണ്ട് എഴുത്തുകാരുടെ അര്‍ത്ഥം വച്ചുള്ള രണ്ട് അഭിപ്രായങ്ങള്‍ വായിച്ചിട്ട് അപ്പൂപ്പന്‍ പറഞ്ഞു. പണ്ടും ഉണ്ടായിരുന്നു.

കാളിദാസനും ദണ്ഡിയുമായുണ്ടായ ഒരു തര്‍ക്കത്തിന്റെ കഥ കേട്ടോളൂ. ആരാണ് കവിയെന്നാണ് തര്‍ക്കം. ഇപ്പോഴത്തേപ്പോലെ അന്നു മഹാകവികള്‍ ഇല്ല. ഇന്ന് ആര്‍ക്കും മനസ്സിലാകാത്ത നാലുവരി എഴുതിയിട്ട് മഹാകവി ഇന്നാര് എന്നു പറഞ്ഞാല്‍ മതി. അന്ന് അതുപോരാ. വായിച്ചാല്‍ മനസ്സിലാകുന്നതു പോലെ എഴുതാനും, എഴുതിയത് വായിച്ചു മനസ്സിലാക്കാനും കഴിവുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നു. കാളിദാസന്റെ ഒരു പ്രര്‍ത്ഥന തന്നെ “ദൈവമേ- ഞാന്‍ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ എന്തര്‍ത്ഥമാണോ ഞാനുദ്ദേശിച്ചത് അതുതന്നെ വായിക്കുന്നവര്‍ക്കും മനസ്സിലാകണേ” എന്നായിരുന്നു.

അതുപോട്ടെ. തര്‍ക്കം മൂത്ത് രാജാവിന്റെ അടുത്തെത്തി. അന്തിമവിധി അവിടാണല്ലോ- അന്ന്. പക്ഷേ ഇവരുടെ കാര്യത്തില്‍ ഇടപെടാന്‍ വിക്രമാദിത്യ മഹാരാജാവിനും ധൈര്യമില്ല. അദ്ദേഹം അതു തീര്‍പ്പാക്കുന്നതിന് ദേവിയേ ഏല്പിച്ചു--ങാ.അതെ ഭ്ദ്രകാളിയേത്തന്നെ. ഒരേവലിപ്പത്തിലും, തൂക്കത്തിലും ഉള്ള രണ്ട് ഓല- അതെ പനയോല- അന്ന് അതിലാണല്ലോ എഴുതുന്നത്--അതില്‍ രണ്ടു പേരും ഒരേ വിഷയത്തേക്കുറിച്ച്--വിഷയം രാജാവു കൊടുക്കും--ഓരോ ശ്ലോകം എഴുതണം. അത് ക്ഷേത്രത്തിന്റെ മുന്‍പില്‍ കൊണ്ടുവച്ച് രാജാവിന്റെ സാന്നിദ്ധ്യത്തില്‍ തൂക്കിനോക്കും. ആരുടേതിനാണ് തൂക്കക്കൂടുതലെന്ന് അറിയാമല്ലോ.

ദണ്ഡി ദേവിയേ ഉപാസിച്ച് പ്രത്യക്ഷപ്പെടുത്തിയ ആളാണ്. കാളിദാസനോ-ദേവി തന്നെ അക്ഷരം നാവില്‍ കുറിച്ച ആളാണ്. അങ്ങനെ രണ്ടു പേരുടേയും കവിത എഴുതിയ ഓലകള്‍ രാജാവ് കൊണ്ടുവന്ന് ത്രാസിന്റെ തട്ടില്‍ വച്ചു. അതാ! കാളിദാസന്റെ തട്ട് താഴുന്നു. ഭക്തനായ ദണ്ഡി ദേവിയേ പ്രാര്‍ത്ഥിച്ചു. ദെവി പ്രത്യക്ഷപ്പെടുന്നു. മുടിയില്‍ നിന്നും കര്‍ണികാര പുഷ്പം എടുത്ത് അതിലേ മകരന്ദം ദണ്ഡീയുടെ ഓലയില്‍ ഇറ്റിച്ച് അത് സമാസമം ആക്കുന്നു.

ദണ്ഡീ പറഞ്ഞു --ഇതാ ദെവി എന്നെ സഹായിച്ചു.

ഉടനേ കാളിദാസന്‍ യഥാര്‍ത്ഥത്തില്‍ ദേവി എന്നെയാണ്സഹായിച്ചത്. ദണ്ഡിയുടെ കവിതയിലില്ലാത്ത ആ മകരന്ദം--കാവ്യരസം എന്റേതിലുണ്ട്. അതുകൂടി ചേര്‍ന്നാലേ കവിതയാകുകയുള്ളൂ. ഇതാണ് ദേവി കാണിച്ചു തന്നത്.

വീണ്ടും ദണ്ഡി ദേവിയേ സ്തുതിച്ചു ചോദിച്ചു. ആരാണ് കവി എന്ന്. ദേവി മൂന്നുപ്രാവശ്യം കവിര്‍ദ്ദണ്ഡി എന്നു പറഞ്ഞു.

പിന്നെഞാനാരാ--കാളിദാസന്‍ ചോദിച്ചു. നീ ഞാന്‍ തന്നെ--ദേവി അരുളീച്ചെയ്തു മറഞ്ഞു. ശുഭം.

Comments (0)