ഈശ്വരന്‍

അപ്പൂപ്പാ ഈ ധര്‍മ്മം എന്നു പറഞ്ഞിട്ട് ജീവികളെ കൊന്നു തിന്നാന്‍ പറയുന്നത് എന്തു തരം ധര്‍മ്മമാണ്. അഹിംസാ പരമോ ധര്‍മ എന്നൊക്കെ അപ്പൂപ്പന്‍ അടിച്ചു വിടാറുണ്ടല്ലോ. ഇതെന്താ വൈരുധ്യാധിഷ്ടിത ഭൌതികവാദമോ?

എടാ-എടാ-കൊള്ളാമല്ലോ. അപ്പം ഞാന്‍ പറയുന്ന കഥകൊണ്ട് ഗുണമുണ്ട്. എന്നാല്‍ കേട്ടോ. ഈ ലോകം നിലനില്‍ക്കുന്നത് പാ‍രസ്പര്യത്തിലാണ്. ഓരോരുത്തരും--ജന്തുക്കളും --ചെടികളും--സൂര്യനും--സമുദ്രവും--കാറ്റും എന്നുവേണ്ടാ സകലചരാചരങ്ങളും അവരവരുടെ ധര്‍മ്മം നിര്‍വഹിച്ചില്ലെങ്കില്‍ ലോകജീവിതം അസാധ്യമാണ്. ഉദാഹരണത്തിന് സൂര്യന്‍ കടല്‍ വെള്ളത്തേ നീരാവിയാക്കിമാറ്റി. അതു മേഘമായി, കാറ്റടിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച്, മഴ പെയ്തില്ലെങ്കില്‍- എന്താകുമായിരുന്നു അവസ്ഥ? അതുപോലെ നമുക്കു വേണ്ടാത്ത കാര്‍ബണ്‍ ഡൈഓക്സൈഡ് സ്വീകരിച്ച് നമുക്കാവശ്യമായ ഓക്സിജന്‍ ചെടികളും വൃക്ഷങ്ങളും ആണ് തരുന്നതെന്ന് നിങ്ങ‍ള്‍ വായിക്കുന്നതു കേള്‍ക്കമല്ലോ. വല്ലോം മനസ്സിലാക്കിയാണോ വായിക്കുന്നത് .

അമേരിക്കയിലേ റൂസ് വെല്‍ടോ‌--ട്രൂമാനോ--ഏതോ ഒരു പ്രസിഡന്റ് ഒരിക്കല്‍ വിനോദയാത്രക്ക് പോയി. കാട്ടില്‍ നൂറുകണക്കിന് വരയന്‍ കുതിരകള്‍(സീബ്രാ) മേഞ്ഞു നടക്കുന്നതു കണ്‍കുളിര്‍ക്കെക്കണ്ട് ആനന്ദിച്ച് വിശ്രമിക്കുകയാണ് അദ്ദേഹം. അതാ ഒരുകൂട്ടം കടുവകള്‍--അവ നാലുവശവും നിന്ന് ആക്രമിച്ച്--ചിതറിയോടിയവയുടെ ഇടയ്ക്കുനിന്ന് കുറേ എണ്ണത്തിനേ കൊന്നുതിന്നു. പ്രസിഡന്റിന് കോപവും താപവും വന്നു.കടുവകളുടെ ഉന്മൂലനാശം വരുത്താന്‍ കല്പന കൊടുത്തു.

ഒരു തരക്കേടുമില്ല. അല്ലേ അപ്പൂപ്പാ.

കേള്‍ക്കെടാ മക്കളേ.

രണ്ടു കൊല്ലം കഴിഞ്ഞ്, ശത്രുക്കളില്ലാതെ സ്വതന്ത്രമായി കൂത്താടുന്ന സീബ്രകളേക്കാണാന്‍ പ്രസിഡ്ന്റ് പോയി. അവിടം മരുഭൂമിയായിരിക്കുന്നു. അങ്ങിങ്ങ് സീബ്രകളുടെ അസ്ഥികൂടങ്ങളും കാണാം. ഒരൊറ്റ സീബ്ര പോലും അവിടെ ജീവനോടെ ഇല്ല. പ്രസിഡന്റ് അന്വേഷിച്ചു--ഇതെന്താ- എന്തുപറ്റി--സീബ്രകളെവിടെ?

കടുവകളെ മുഴുവന്‍ വെടിവ്ച്ചു കൊന്നുകഴിഞ്ഞപ്പോള്‍ സീബ്രകളുടെ സംഖ്യ വര്‍ദ്ധിച്ചു-വര്‍ദ്ധിച്ച് അവയ്ക്ക് തിന്നാനൊന്നുമില്ലാതെ കാടുമുഴുവന്‍ തിന്നു വെളുപ്പിച്ചു. ആരേയും പേടിക്കനില്ലാത്ത തീറ്റിയല്ലേ. കാടുതീര്‍ന്ന് പട്ടിണികിടന്ന് അവയും ചത്തൊടുങ്ങി.

പ്രസിഡന്റിന് തലയില്‍ വെളിച്ചം കേറി .പ്രകൃതിക്കുവിരുദ്ധമായി ഒന്നും ചെയ്യരുതെന്ന് വീണ്ടും കല്പിച്ചു.

ഇതൊക്കെ ആരാ അപ്പൂപ്പാ ചെയ്യിക്കുന്നത്.

അതോ. മതങ്ങള്‍ പറയും അങ്ങു മുകളില്‍ ഒരു ദൈവം ഇരുന്ന് ഇതെല്ലാം ചെയ്യുന്നെന്ന്. നിരീശ്വര വാദികള്‍ പറയും ദൈവമില്ല ഇതിങ്ങനെ സംഭവിക്കുന്നു, അത്ര തന്നെ. എന്ന്.

പക്ഷേ ഒരു മുട്ട വിരിഞ്ഞാല്‍ ഉടന്‍ തന്നെ ചിതലിനേയൊ , പൊടിയരിയോ കണ്ടാല്‍ തിന്നാന്‍ പഠിപ്പിക്കുന്നതും ആനയോ , പശുക്കുട്ടിയോ ഇതു കണ്ടാല്‍ നോക്കുകപൊലും ചെയ്യാത്തതും ആരെങ്കിലും--ഇന്നത്തെഭാഷയില്‍ പറഞ്ഞാല്‍ പ്രോഗ്രാം ചെയ്തു വിട്ടിട്ടാണ്. ആ പ്രോഗ്രാം ചെയ്തു വിട്ടയാളേ എന്തു വേണമെങ്കിലും വിളിക്കാം. ഞാന്‍ അങ്ങേരേ ഈശ്വരനെന്നു വിളിക്കും. ശുഭം.

Comments (1)

അതേ ഞാനും വിളിക്കുന്നു അങ്ങേരെ ഈശ്വരന്‍ എന്ന്................