ഒരു പഴയകഥ

അപ്പൂപ്പന് ഈകഥ കളൊക്കെആരു പറഞ്ഞു തന്നു. ഉണ്ണിയുടെ സംശയം.

അതോ പണ്ട് അമ്മൂമ്മയും അപ്പൂപ്പനും , അമ്മയും, കുഞ്ഞമ്മമാരും അമ്മാവന്മാരും എല്ലാം കൂടി ഒരു വലിയ കുടുംബത്തിലായിരുന്നു ഞങ്ങള്‍ കൊച്ചിലേ താമസിച്ചിരുന്നത്. എനിക്കു പത്തു വയസ്സാകുന്നതുവരെ. എല്ലാവരുടെയും വക കഥപറച്ചിലുണ്ടാകും. പിന്നെ തലമുടി വെട്ട് എന്നൊരു ഭീകര സംഭവം ഇടക്കിടക്ക് നടക്കും. അന്നു ഞങ്ങളേ പിടിച്ചു വലിച്ചു കൊണ്ടുപോയി ബാര്‍ബറുടെ മുന്നിലിരുത്തും. ഞങ്ങള്‍ കരച്ചില്‍ തുടങ്ങും. അപ്പോള്‍ ബാര്‍ബറുടെ വക കഥകളുണ്ടാകും. ഇതെല്ലാം കൂടെ എവിടെയോ ഫയല്‍ ചെയ്തിരുന്നതാണ് ഈ ഇറങ്ങി വരുന്നത്. ബാര്‍ബറുടെ കഥ പറഞ്ഞപ്പോല്‍ ഒരു കഥ ദേ പിടിച്ചോ.

ഇത് സാധാരണ ബാ‍ര്‍ബറല്ല. രാജാവിന്റെ ബാര്‍ബറാണ്. പണ്ടൊക്കെ മുടിവെട്ടുമ്പോള്‍ കഥ പ്രധാനമാണ്. വീട്ടില്‍ വന്നാണ് മുടിവെട്ട്. ഇന്നത്തേപ്പോലെ ബാര്‍ബര്‍ഷാപ്പൊന്നും അന്നില്ല. മിക്കവാ‍റും ഒരുമാസത്തില്‍ നാട്ടില്‍ നടക്കുന്ന സകല വര്‍ത്തമാനങ്ങളും ഒരു മുടിവെട്ടുദിവസം ചര്‍ച്ച ചെയ്യപ്പെടും.

ഈ രാജാവിന്റെ ബാര്‍ബര്‍ക്ക് എവിടെനിന്നോ ഒരു ചെറുനാരങ്ങായോളം പൊന്നു കിട്ടി. രാജാവിന്റെ മുടിവെട്ടിക്കൊണ്ടിരുന്നപ്പോള്‍ രജാവ് സാധരണ പോലെ നാട്ടുവിശേഷങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ നമ്മുടെ ഭരണത്തില്‍ നാട്ടുകാരൊക്കെ തൃപ്തരാണോ എന്നന്വേഷിച്ചു.

ഓ നാട്ടുകാരൊക്കെ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. എല്ലാ‍ാവര്‍ക്കും ഒരു ചെറുനാരങ്ങയോളം പൊന്നെടുക്കാനുണ്ട്. ബാര്‍ബര്‍ അറിയിച്ചു.

രാജാവിന് ഒന്നും മനസ്സിലായില്ലെങ്കിലും സന്തോഷം അഭിനയിച്ചു. ബാര്‍ബര്‍ പോയിക്കഴിഞ്ഞ് മന്ത്രിയോട് ഇക്കാര്യം പറഞ്ഞു. മന്ത്രിഅന്വേഷിച്ചു. ഈ പൊന്ന് കണ്ടു പിടിച്ച് ബാര്‍ബര്‍ അറിയാതെ അടിച്ചുമാറ്റി. രജാവിനോറ്റു വിവരം പറഞ്ഞു.

അടുത്ത തവണ മുടിവെട്ടാന്‍ വന്നപ്പോള്‍ രാജാവ് പഴയ ചോദ്യം ആവര്‍ത്തിച്ചു. ബാര്‍ബര്‍ വളരെ സങ്കടത്തോടെ--പ്രജകളെല്ലാം വളരെ ദുഖത്തിലാണ്. ആരുടെ കൈയ്യിലും ഒരു ചെറുനാരങ്ങായോളം പൊന്നു പോലും എടുക്കാനില്ല എന്നു പറഞ്ഞു.

പിന്നെന്തു സംഭവിച്ചെന്ന് അയാള്‍ പറഞ്ഞില്ല. അപ്പോഴേക്കും എന്നേ മാറ്റി അനിയനേ ബാര്‍ബറുടെ മുന്നില്‍ പ്രതിഷ്ടിച്ചു.

Comments (0)