ഭക്തന്‍

അപ്പൂപ്പാ എന്നിട്ട് ആ നാരദന്‍ കുറെനേരമായി വൈകുണ്ഠത്തില്‍ നില്‍ക്കുന്നല്ലോ.. പറ.

ങാ. പറയാം. നാരദന്‍ അവിടെ ചെന്ന് നാരായണാ-നാരയണാ എന്നു ജപിച്ചിട്ട് നമ്മുടെ നാരായണന് ഒരു മൈന്‍ഡുമില്ല. ഈയാളെന്താ പൂണ്ട ഉറക്കമാണോ എന്നുമനസ്സിലും ഭഗവാനേ എന്താ അടിയന്റെ വിളി കേള്‍ക്കാത്തത് എന്ന് ഉറക്കെയും ചോദിച്ചു.

രണ്ടു മിനിറ്റ് കഴിഞ്ഞാണ് ഭഗവാന്‍ കണ്ണുതുറന്നത്.

അല്ലാ നാരദരോ എന്നുചോദിച്ച് ഭഗവാന്‍ ബദ്ധപ്പെട്ട് എഴുനേറ്റ് കാലുകഴുകി വന്ദിച്ചു. അങ്ങ് കുറേ നേരമായോ വന്നിട്ട്. ഞാനേ നമ്മുടെ ഒരു സ്വന്തം ആള്‍ ഒന്നു വിളിച്ചു . അവിടം വരെ പോയിരുന്നു. ക്ഷമിക്കണം. എന്നുപറഞ്ഞു.

വല്ല രാധയുടേയും അടുത്തായിരിക്കും എന്നു മനസ്സിലും-ആരാണവോ ഇത്ര ഭാഗ്യം ചെയ്ത ആള്‍ എന്നു ഉറക്കെയും ചോദിച്ചു. അത് കുട്ടനാട്ടിലുള്ള ഒരു കര്‍ഷകനാണ്. പാവം. കിടക്കാന്‍ നേരമാണ് എന്നേ ഓര്‍ക്കുന്നത്. എനിക്കു പോകാതിരിക്കാന്‍ പറ്റുമോ? നാരായണന്‍ പറഞ്ഞു.

ഓ ഇരുപത്തിനാലു മണിക്കൂറും ഈയാളേ വിളിച്ചുകൊണ്ടു നടക്കുന്ന എന്നേ പറയണം എന്നു മനസ്സിലും-ഭഗവാനേ അടിയന്‍ ഒരു നിമിഷം പോലും വിടാതെ നാ‍രായണനാമം ജപിച്ച്കൊണ്ടിരിക്കുന്നു. ആ എന്നേക്കാള്‍ അവിടുത്തേക്കിഷ്ടം ആ കര്‍ഷകനോടാണോ? എന്നു ഉറക്കെയും ചോദിച്ചു.
ഭഗവാന്‍ ഒരുനിമിഷം ചിന്തിച്ചു. നാരദരേ ഭഗവാന്‍ വിളിച്ചു . ഒരു തളിക നിറച്ച് എണ്ണ എടുത്ത് നാരദരുടെ കൈയ്യില്‍ കൊടുത്തു. ഇതും തലയില്‍ വച്ച് ദാ ആ കാണുന്ന കുന്നിന്മുകളിലുള്ള ക്ഷേത്രത്തില്‍ കൊണ്ട് നടയ്ക്ക് വച്ചിട്ട് ഒരു തുള്ളി പോലും കളയാതെ ഇവിടെ തിരിച്ചു കൊണ്ടുവരണം. അങ്ങയ്ക്ക് സാധിക്കുമോ?

അടിയന്‍ ഇതാ പുറപ്പെട്ടു കഴിഞ്ഞു. നാരദന്‍ എണ്ണ്ത്തളികയുമായി കുന്നിന്മുകളിലേക്ക് പുറപ്പെട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം എണ്ണയുമായി തിരിച്ചെത്തി.

എണ്ണ ഒട്ടും പോയില്ലല്ലോ. ഭഗവാന്‍ അന്വേഷിച്ചു.

ഇല്ല. ഒരു തുള്ളിപോലും പോയില്ല. നാ‍രദന്‍ സന്തോഷത്തോടെ പറഞ്ഞു--അങ്ങനെ നാരദനേ പരീക്ഷിച്ചു കളിക്കണ്ടാ എന്നു മനസ്സിലും പറഞ്ഞു.

ഭഗവാന്‍ ചോദിച്ചു, --നാരദരേ ഈ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ അങ്ങ് എത്ര പ്രാവശ്യം നാരായണ നാമം ജപിച്ചു.

നാരദന്‍ ആ കാര്യമേ മറന്നു. എണ്ണ താഴെപ്പോകാതെ നോക്കുന്നോ നാരായണനേ വിളിക്കാന്‍ പോകുന്നോ? നാരദന്‍ ലജ്ജിച്ചു തല താഴ്ത്തി. ഇത്ര നിസ്സാരമായ ഒരു കാര്യം ചെയ്യുമ്പോള്‍ പോലും, ഇരുപത്തിനാലുമണിക്കൂറും നാരായണനേ വിളിക്കുന്ന അങ്ങ് അതുമറന്നു. ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും കാര്യം നോക്കാന്‍ രാപകല്‍ ബദ്ധപ്പെട്ടു പണിചെയ്തിട്ട് രാത്രി ഒന്നു നടുവു നൂര്‍ക്കാന്‍ കിടക്കുമ്പോള്‍ എന്നേവിളിക്കുന്നവന്‍ തന്നെയാണ് ഭക്തന്‍ . അവന്റെ കാര്യം കഴിഞ്ഞേ എനിക്കു മറ്റു കാര്യങ്ങള്‍ ഉള്ളൂ. ഭഗവാന്‍ പറഞ്ഞു. ശുഭം.

Comments (0)