അപ്പൂപ്പന്റെ കഥ - ഒന്ന്

അപ്പൂപ്പാ അപ്പൂപ്പന്റെ കൊച്ചിലത്തേ കാര്യം ഒന്നു പറഞ്ഞേ. ഞന്നളേ വല്ല്യ ഉപദേശമാണല്ലോ. ശരിക്കും സത്യമേ പറയാവൂ. ങാ‍-പറയാം മക്കളേ. ഇത് 2009 അല്ലേ. അപ്പൂപ്പന്‍ എസ്.എസ്.എല്‍.സി പാസായത് 1954-ഇല്‍ ആണ്. അന്‍പത്ത്ഞ്ച് കൊല്ലം മുന്‍പ്. ഓര്‍മ്മയുള്ള കാര്യങ്ങല്‍ പറയാം. ഗള്‍ഫില്‍ നിന്നു വന്ന് എറണാകുളത്തു താമസിക്കുന്ന നിങ്ങള്‍ക്ക് അതെത്ര മാത്രം ദഹിക്കുമെന്ന് എനിക്കറിഞ്ഞു കൂടാ. ഞങ്ങളുടെ-അതായത് നമ്മുടെ-ഗ്രാമം അന്നൊരു കുഗ്രാമമായിരുന്നു. സ്വച്ഛന്ദയായ അച്ചന്‍ കോവിലാറ് നമ്മുടെ വീട്ടിന്റെ വടക്കുവശത്തുകൂടി ശാന്തയായി ഒഴുകിക്കൊണ്ടിരിക്കുന്നു. എടവപ്പാതിക്കു പോലും അവളുടെ രൌദ്ര ഭാവം ഒരു കോപിഷ്ടയായ മുത്തശ്ശിയുടേതിനേക്കാള്‍ ഭീതിദ്മായിരുന്നില്ല. നമ്മുടെ വടക്കുവശത്തു നിന്നു നോക്കി്യാല്‍ ഓണത്തിന്റെ വള്ളം കളി കാണാം. ഏറ്റവും അടുത്ത ഹൈസ്കൂള്‍ അഞ്ചു മൈല്‍ അകലെയാണ്. നടന്നല്ലാതെ പോകാന്‍ വഴിയില്ലല്ലോ. ഏകദേശം പത്തു മൈല്‍ അകലെനിന്നുവരെ സ്കൂളില്‍ വന്നിട്ട് തിരിച്ചു പോകുന്നവരുണ്ടായിരുന്നു. ഇവരായിരുന്നു അന്നത്തേ കായികതാരങ്ങള്‍. രാവിലേ സ്കൂളില്‍ സമയത്തിനെത്താന്‍ പത്തു മൈല്‍ ഓട്ടം. വൈകിട്ടു പത്തു മൈല്‍ നടപ്പ്. ഇതിനിടെ കളികളും. ശരീരം എപ്പോഴും ഫിറ്റ്. ഇപ്പോഴും മിക്കവാ‍റും എല്ലാവരും ഫിറ്റാണ്. പക്ഷേ ആഫിറ്റല്ല ഈഫിറ്റ്. സ്കൂളിലേക്കുല്ല വഴി ഇടവഴികളാണ്. ഇടക്കിടക്ക് കൈതകള്‍ മറിഞ്ഞു വീണുകിടക്കുന്ന മണല്‍ വഴികള്‍. മഴക്കാലത്ത് മുട്ടറ്റം വെള്ളം ഏതാണ്ടെല്ലയിടത്തും കാണും. പക്ഷേ ഇതൊന്നും സ്കൂളില്‍ പോകുന്നതിനു പ്രതിബന്ധമല്ല. രാവിലേ സൂര്യനുദിച്ചു കഴിഞ്ഞാല്‍ നിഴല്‍ നോക്കിയാണ്‍ സമയമറിയുന്നത്. ഒരുവരവരച്ച് പടിഞ്ഞാട്ടു നോക്കി നിന്ന്, നിഴലിന്റെ തലയില്‍ ഒരു വരവരക്കണം. ചുവട്ടടി അളന്ന് ആറുചുവട്ടറ്റി ആകുമ്പോള്‍ പുറപ്പെട്ടാല്‍ സ്കൂള്‍ ഗേറ്റു കടക്കുമ്പോള്‍ മണിയടിക്കും. അന്നു ക്ലാസുകളില്‍ 14വയസ്സു മുതല്‍ 22 വയസ്സുവരെയുള്ള് കുട്ടികള്‍ കാണും. ഏഴാംക്ലാസ്, ഒന്‍പതാം ക്ലാസ്, ശാസ്ത്രി മുത്ലായ പരീക്ഷകള്‍ കഴിഞ്ഞ് ഇംഗ്ലീഷ് പള്ളിക്കൂടത്തില്‍ --ഇന്നത്തേ രീതിയിലുള്ള വിദ്യാഭ്യാസ ക്രമം അന്നു തുടങ്ങിയതേയുള്ളു--ചേര്‍ന്നവരും, സാധാ‍ാണ പോലെ ഉള്ളവരും. വലിയ ആള്‍ക്കാരുടെ പിന്നില്‍ ആട്ടിന്‍പറ്റങ്ങളേ പോലെ ഞങ്ങള്‍. പക്ഷേ ഞങ്ങാളാണ് കൂടുതല്‍.----------.എന്താ അപ്പൂപ്പാ എന്താ-സ്വപ്നംകാണുന്നോ--എടാ ദേ മന്ദഹസിക്കുന്നു. അപ്പൂപ്പോ പറ. ങാ. പറയാം. അന്നാണ് ഞാനവളേ കണ്ടത്. ഒരുദിവസം നാലുമണിക്ക് സ്കൂള്‍ വിട്ട് വീട്ടിലേക്കു വരുമ്പോള്‍. അന്നൊന്നും ബസ്സ് നോക്കി നില്‍ക്കണ്ടാ--ബസ്സില്ല--അതുകൊണ്ട് സ്കൂള്‍വിട്ടാല്‍ കുട്ടികളൊന്നിച്ചിറങ്ങി ഓരോ ഇടവഴിയിലും വച്ചു പിരിഞ്ഞു പിരിഞ്ഞ് അവസാനം വീട്ടിലെത്താന്‍ രണ്ടു ഫര്‍ലാങ് ഉള്ളപ്പോള്‍ ഞാനൊറ്റക്കാകും. വീട്ടിലേക്കുതിരിയുന്ന ഇടവഴിയില്‍ ഞാനും നാലു പെണ്‍കുട്ടികളും മാത്രമേ കാണൂ. നാലുപേരും ഒന്നാംക്ലാസ് മുതല്‍ എന്റെ കൂടെ പടിച്ചതാണ്. അന്നു അവരുടെ കൂടെ ഒരാളും കൂടി. കറുപ്പിന് ഇത്ര അഴകും, ആഭിജാത്യവും ഉണ്ടെന്ന്, ഉണ്ണിക്കണ്ണന്റെ കാര്യം അറിയാമായിരുന്നെങ്കിലും, ചിന്തിച്ചിരുന്നില്ല. അഴകാര്‍ന്ന കറുപ്പും, നക്ഷതക്കണ്ണുകളും, കുസ്ര്തി നിറഞ്ഞ നോട്ടവും--ഏകദേശം ൧൨ വയസ്സു കാണും. നിര്‍ത്താതെ വര്‍ത്തമാനവും പറഞ്ഞ് അവരുടെ കൂടെ നടക്കുകയാണ്. കുറച്ചു പിന്നാലേ ഞാനും. അങ്ങിനെ നടക്കുമ്പോള്‍ അവള്‍ ഒന്നു തിരിഞ്ഞു നോക്കി. എന്നിട്ട് അടുത്തുകൂടി നടന്നയാളേ ഒന്നു തോണ്ടി എന്തോ പറഞ്ഞു. അവള്‍ തിരിന്ന്ഞു നോക്കി. എന്നിട്ട് എന്തോ ഉത്തരം കൊടുത്തു. നമ്മുടെ ആദ്യത്തേ പാര്‍ട്ടി, വീണ്ടും തിരിഞ്ഞു നോക്കി ഒരുനിമിഷം നിന്നു. ഞാന്‍ കറന്റടിച്ചപോലെ നിന്നുപോയി. ഞാനും സ്വാഭാവികമായി അവളേ നോക്കുകയാണ്. പുറകിലാണല്ലോ ഞാന്‍. അവര്‍ വീണ്ടും എന്തോ പറഞ്ഞ് തിരിഞ്ഞു നോക്കി. ഒരു കൂട്ടച്ചിരി. അപ്പോഴേക്കും അവരുടെ വീടെത്തി. എല്ലാവരും കയറിപ്പോവുകയും ചെയ്തു. വഴിയില്‍ ഞാന്‍ മാത്രമായി. ചിന്താമഗ്നനായി പുത്തന്‍ അവതാരത്തേക്കുറിച്ചു ചിന്തിച്ചുകൊണ്ട് വീട്ടിലെത്തി.
വീട്ടിലെത്തിയാല്‍ പിന്നെ ഒന്നിനേക്കുരിച്ചും ചിന്തിക്കേണ്ടാ. കച്ചി വലിക്കണം-പശുവിനു വേള്ളം കൊടുക്കണം--നിക്കറും ഷര്‍ട്ടും നനയ്ക്കണം--നാമം ജപിയ്ക്കണം പിന്നെ പുസ്തകം വായിക്കണം. ഇതോടുകൂടി ആലോചന പോയ വഴിക്കു പുല്ലുകാണത്തില്ല. കച്ചി വലിക്കുന്ന കാര്യമാണ് ഏറ്റവും പ്രയാസം--പ്രധാനവും. തുറുവില്‍ നിന്ന് എങ്ങിനെ വലിചാലും പൊട്ടി പൊട്ടിയേ വരൂ. കൈ മുരിയാതെ വലിക്കണമെങ്കില്‍ -ഒന്നും പറയണ്ടാ. തുറു എന്നു പറഞ്ഞാല്‍ ആള്‍ക്കാ‍ാര്‍ക്കു മനസ്സിലാകുമോ എന്തോ. ഒരു തെങ്ങില്‍ കച്ചി (വൈക്കോല്‍) പിരിച്ചു കെട്ടി അതില്‍ കച്ചി കുറേശ്ശെ കുറേശ്ശെ തളിച്ച് ചവിട്ടി ഉറപ്പിക്കലാണ് അതിന്റെ രീതി. മഴ പെയ്താല്‍ വെള്ളം ഇടയ്ക്കുകൂടി ഇറങ്ങാതെ, വളരെ കരുതലോടെ ചെയ്തില്ലെങ്കില്‍, ആദ്യതെ മഴയ്ക്കുതന്നെ വെള്ളം ഇറങ്ങി കച്ചി അളിഞ്ഞു പോകും. ഒട്ടും വെള്ളം കേറാതെ ഉണ്ടാക്കിയാല്‍ വലിച്ചെടുക്കാനും പ്രയാസമാണ്.. എന്തിനാ പറയുന്നെ ഞങ്ങളുടെ കഷ്ടകാലം എനു പറഞ്ഞാല്‍ മതി.
പകല്‍ തുറു കാണാത്തവന്‍എന്നൊരു പഴമൊഴി തന്നെ തുറുവിനു നമ്മുടെ നാട്ടിലുണ്ടായിരുന്ന പ്രാധാന്യം വിളിച്ചറിയിക്കുന്നുണ്ട്. പശു, ക്ര്ഷി, ഇതുമായി ബന്ധപ്പെട്ട ഒരു സംസ്കാരം തന്നെയായിരുന്നു നമ്മുടെ അടിത്തറ.
തുറുവിനേക്കുറിച്ചു പറഞ്ഞപ്പോഴാണ് അതുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍മ്മ വന്നത്. എന്റെ അനുജന്‍ അടുക്കളയില്‍ അമ്മയുടെ അടുത്തെത്തിയാല്‍ കരച്ചില്‍ തുടങ്ങും. അഛനാണെങ്കില്‍ പിള്ളാരു വെറുതേ കരയരുത്--ഉടന്തന്നെ ചൂരലെടുത്ത് രണ്ടു പൊട്ടിക്കും. കരയാന്‍ ഒരു കാരണം ആയല്ലോ. ഇതു തുടര്‍ന്നു പോന്നപ്പോള്‍ അമ്മയ്ക്കു വിഷമം. അപ്പോള്‍ അച്ഛന്‍ ഒരു നിര്‍ദ്ദേശം വച്ചു. കരയണമെന്നു തോന്നുമ്പോള്‍ തുറുവിനു തെക്കേപ്പുറത്തു പോയി നിന്നു കരഞ്ഞോണം. കരച്ചില്‍ നിര്‍ത്തിയാല്‍ തിരിച്ചു വരാം. അങ്ങിനെ പരിപാടി നടപ്പിലാക്കി. പരിപാടി നടപ്പിലാക്കുന്നത് അച്ഛനേകണ്ടു പടിക്കണം. അങ്ങിനെ ദിവസങ്ങല്‍ പൊയ്ക്കൊണ്ടിരുന്നു. കരച്ചില്‍ വരുമ്പോള്‍ കൈയ്യും കുടഞ്ഞു കൊണ്ട് കോണകം പോലുമുടുക്കാതെ-- പ്രായമാണ്--അവന്റെ തുറുവിന്റെ അടുത്തേക്കുള്ള ഓട്ടം നോക്കിനില്‍ക്കാന്‍ അയല്‍ക്കാര്‍ക്ക് ബഹു താല്പര്യമാണ്.
അങ്ങിനെ ഇരിക്കേ ഒരു ദിവസം ഇദ്ദേഹം കരയാന്‍ പോയി. കുറേ നേരം കഴിഞ്ഞിട്ടും കാണുന്നില്ല--കരച്ചിലും കേള്‍ക്കുന്നില്ല. അച്ഛന്‍ ചെന്നു നോക്കി.
തുറുവിന്റെ തെക്കേപ്പുറ്ത്ത് അച്ഛന്‍ ചീനിക്കമ്പ് നട്ടിരുന്നു. പുള്ളീക്കാരന്‍ അതിന്റെ ഇടയ്ക്കിരിക്കുന്നു. ഓരോ കമ്പും പിഴുത് തലതിരിച്ച് കുഴിച്ചു വയ്ക്കുകയാണ്. അച്ഛന്‍ ദേഷ്യം കൊണ്ടു വിറച്ച് ചൂരലുമെടുത്തുകൊണ്ട്ചെന്ന് അവനേ പിടിച്ചു. തിരിച്ചു കുഴിച്ചിട്ട ഓരോ കമ്പിന്റേയും അടുത്തു കൊണ്ടു പോയി രണ്ടടി കൊടുക്കും. കമ്പു നേരേ കുഴിച്ചുവയ്ക്കും. ഇങ്ങനെ പത്തു കമ്പോളമുണ്ടായിരുന്നതു ശരിക്കു നട്ടു. സമാധാനമായി അച്ഛന്‍ തിരുച്ചു പോന്നു.
കുറച്ചു കഴിഞ്ഞ് അച്ഛന്റെ ഒരത്ഭുത പ്രഖ്യാപനം! ഇനി ഇവനേ അടിക്കുന്നില്ല. എല്ലാവര്‍ക്കും സന്തോഷം. ഞങ്ങടെ നാട്ടിലെ ഏറ്റവും പ്രസിദ്ധമായ കാര്യമാണ് അച്ഛന്റെ അടി. അതു നിര്‍ത്തിയല്ലോ.
പക്ഷേ കെട്ടിയിടണം-അച്ഛന്‍ കൂട്ടിച്ചേത്തു.കാര്യം--അച്ഛന്‍ പോയതക്കത്തിന് അവന്‍ ചീനിക്കമ്പെല്ലാം തിരിച്ചു കുഴിച്ചു വച്ചു.. കരയുന്നുമുണ്ട്. എന്തു ഭാരിച്ച പണിയാണ് അച്ഛനവനേ ഏല്പിച്ചത്.
അന്നു മുതല്‍ ചീനി പറിക്കുന്നതുവരെ തുറുവിന്റടുത്തുള്ള കരച്ചില്‍ നിരോധിച്ചു. (തുടരും)

Comments (1)

കൊള്ളാമല്ലോ ഈ അപ്പൂപ്പന്‍ കഥകള്‍...