സമ്മാനം

നാണു ഒരമ്മയ്ക്ക് ഒറ്റ മകനാണ്. കൃഷികാര്യങ്ങളൊക്കെ നോക്കുമെങ്കിലും, പൊതുവേ ഒരു മണ്ടനാണ്. ഇവനേ നാലക്ഷരം പഠിപ്പിക്കണമെന്നു വിചാരിച്ച് അമ്മ പല ആശാന്‍ മാരേയും സമീപിച്ചു. നാണുവിന്റെ സ്വഭാവം അറിയാമായിരുന്ന ആശാന്മാരാരും അവനേ പഠിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. (ആദ്യത്തേ ആശന്റെ ആശാമ്പള്ളിയില്‍ നിന്നും, ആശാന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കാത്തിന്, ഇനി പഠിത്തമില്ല- എല്ലാരും വീട്ടില്‍ പൊയ്ക്കോ--എന്നു പറഞ്ഞ് ആശാമ്പള്ളീ പിരിച്ചു വിട്ട ആളാണ്നാ‍ണു.) അന്ന് ആ ആശാന്‍ --കുട്ടനാശാന്‍ --വന്ന് നാണുവിന്റെ അമ്മയേ വിളിച്ച ചീത്തയ്ക്ക് കണക്കില്ല.

അവസാന പരിശ്രമമെന്ന നിലയില്‍ അമ്മ നാണുവിനോടു പറഞ്ഞു. “ നീ-കുട്ടനാശാന്റെ അടുത്തു ചെല്ല്. ആശാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. മറുത്തൊന്നും പറയരുത്. എന്നാ മോന്‍ പോയിട്ടു വാ.”

നാണു പോയി. ആശാന്റെ മുന്നിലേക്കു ചെന്നപ്പോള്‍ ആസാന്‍ ചോദിച്ചു.

“ എന്താ വന്നെ”

നാണു മിണ്ടിയില്ല. അവിടെ നിന്നു.

അശാന്‍ “എന്താ നിന്നെ”. ഓ നില്‍ക്കുന്നതു കുറ്റമായിരിക്കും--നാണു ഇരുന്നു.

ആശാന്‍ “ എ‍ന്താ ഇരുന്നെ”. നാണുവിനു മതിയായി. എഴുനേറ്റു തിരിച്ചുനടന്നു.

ആശാന്‍ അല്ലേ” എന്താ പോന്നെ” എന്നു ചോദിച്ചതും കേട്ടുകൊണ്ട് നാണു വീട്ടിലെത്തി.
എന്താടാ ആശാന്‍ പഠിപ്പിച്ചത്. അമ്മയുടെ ചോദ്യം--എന്താണാശാന്‍ പറഞ്ഞത്?

അതോ നാണു പറഞ്ഞു. “എന്താ വന്നെ; എന്താ നിന്നെ; എന്താ ഇരുന്നെ; എന്താ പോന്നെ” ഇതാണ് ഇന്നു പഠിപ്പിച്ചത്.

മതി മോനേ മതി. നീ മിടുക്കനാ. ഇനി മോന്‍ പോയി നമ്മുടെ കപ്പകൃഷി യില്ലെ--അവിടുത്തേ മാടത്തെലിരുന്ന് രാത്രിയില്‍ ഈ പഠിച്ച പാഠം ഉരുവിട്ടുറപ്പിക്ക്. അമ്മയ്ക്ക് മോനേ പഠിപ്പിച്ച് തൃപ്തിയായി.

നാണു സന്ധ്യയ്ക്ക് തന്നെ മാടത്തില്‍ പോയിരുന്ന് പാഠം പഠിക്കാന്‍ തുടങ്ങി.

എന്താ വന്നെ; എന്താ നിന്നെ; എന്താ ഇരുന്നെ; എന്താ പോന്നെ. പഠിച്ചുപഠിച്ച് അവന്‍ മയങ്ങി പ്പോയി. എന്തോ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഉണര്‍ന്നതും ഉറക്കപ്പിച്ചില്‍--എന്താ വന്നെ; എന്താ നിന്നെ; എന്താ ഇരുന്നെ; എന്താ പോന്നെ--എന്ന് വളരെ സവധാനത്തില്‍ പറയാന്‍ തുടങ്ങി.

കുറേ കള്ളന്മാര്‍ മോഷണമുതലും കൊണ്ട് അതിലേ പോകുന്ന ശബ്ദമാണ് നാണുവിനേ ഉണര്‍ത്തിയത്. എന്താ വന്നെ--എന്നു കേട്ടപ്പോള്‍ കള്ളന്മാര്‍ അറിയാതെ നിന്നു പോയി--അതാവരുന്നു--എന്താ നിന്നെ--അവര്‍ പമ്മി അവിടെ ഇരുന്നു --എന്താ ഇരുന്നെ--അടുത്ത ചോദ്യം--കണ്ടു പിടിച്ചു പോയെന്നുറപ്പിച്ച് മോഷണ മുതലും ഉപേക്ഷിച്ച്കള്ളന്മാര്‍ കമ്പിനീട്ടി. എന്താ പോന്നെ--നാണുവിന്റെ അടുത്ത ചോദ്യം അവര്‍ ദൂ‍രെവച്ചാണ്കേട്ടത്.

നേരം വെളുത്തു, --നാണു ഉണര്‍ന്നു നോക്കിയപ്പോള്‍ കപ്പത്തറയില്‍ എന്തോ ഇരിക്കുന്നു. മൂന്നുനാലുഭാണ്ഡങ്ങള്‍. വേഗം ചെന്ന് അമ്മയേ വിളിച്ചു കൊണ്ടു വന്നു.. ഭാണ്ഡവും ആള്‍ക്കാരുടെ കാല്‍പ്പാടുകളും കണ്ട് അമ്മയ്ക്കു കാര്യം മനസ്സിലായി. പക്ഷേ അവര്‍ മോനോടു പറഞ്ഞത് അവന്റെ പഠിത്തത്തിന്റെ ഗുണം കൊണ്ട് ഈശ്വരന്‍ കൊടുത്തതാണെന്നാണ്.

അപ്പോള്‍ നാണുവിനൊരാഗ്രഹം. ഗുരുവിന് ഒരു സമ്മാനം കൊടുക്കണം.

പറഞ്ഞത് കുഴപ്പമായോ എന്ന് അമ്മ്യ്ക്കു തോന്നി. പണ്ടു പറഞ്ഞ ചീത്ത അവര്‍ മറന്നിരുന്നില്ല. പിന്നീടു ചെന്നപ്പോഴും മണ്ടനായ അവനേ വിളിച്ചിരുത്തി എന്തെങ്കിലും പറഞ്ഞു കൊടുക്കാതെ--- അവര്‍ പല്ലുകടിച്ചു--കൊടുക്കാം അയാള്‍ക്കു സമ്മാനം--എന്നു മനസ്സില്‍ വിചാരിച്ച് മോനോടു പറഞ്ഞു.

“ മോനേ നല്ല സമ്മാനം തന്നെ അദ്ദേഹത്തിനു കൊടുക്കണം. മോന്റെ പിറന്നാള്‍ അടുത്ത വെള്ളിയാഴ്ചയല്ലേ. അന്ന് അദ്ദേഹതിന് ഭക്ഷണവും സമ്മാനവും കൊടുക്കാം. ആട്ടെ എതാണു സമ്മാനമായി കൊടുക്കേണ്ടത്.”

“ ഓ അതൊക്കെ അമ്മ തന്നെ തീരുമാനിച്ചാല്‍ മതി “നാണു പറഞ്ഞു.

“ശരി നമുക്ക് അദ്ദേഹത്തിന്‍ ഒരു ഉലക്ക കൊടുക്കാം“ അമ്മ പറഞ്ഞു.

നാണുവിന് വളരെ സന്തോഷം. അവന്‍ ഒരു നല്ല ഉലക്ക ഉണ്ടാക്കി-എണ്ണയും ഒക്കെയീട്ടു മിനുക്കി--ഒറ്റ ആരുപോലും ഇല്ലാതെ--സൂക്ഷിച്ചുവച്ചു. വെള്ളിയാഴ്ച അവന്റെ പിറന്നാളാണെന്നും, വീട്ടില്‍ സദ്യയ്ക്കു വരണമെന്നും ആശാനേ അറിയിച്ചു.

വെള്ളിയാഴ്ച രാ‍ാവിലേ. ആശാന്‍ കുളിച്ചു കുറിയും തൊട്ട് സദ്യയ്ക്ക് വരികയാണ്. ദൂ‍രെ വച്ചേ അമ്മ കണ്ടു. മോനേ നീ പോയി കുളിച്ചിട്ടുവരൂ. ആശാന്‍ ഇപ്പോള്‍ വരും. എന്ന് നാണുവിനോടു പറഞ്ഞു.

നാണു കുളിക്കാന്‍ പോയപ്പോള്‍ ആശാനെത്തി. അമ്മ “വരൂ ആശാനേ കാപ്പി കുടിക്കാം” എന്നു സ്നേഹഭാവത്തോടെ ആശാനേ വിളിച്ചിരുത്തി. ആശാന്‍ സന്തോഷപൂര്‍വ്വം ഒരു കഷണം ഇഡ്ഡലി കൈയ്യിലെടുത്തു. അപ്പോള്‍ അമ്മ പറഞ്ഞു. ആശാനേ-നാണുവിന് ആശാനോട് ഭയങ്കര ദേഷ്യമാണ്. ആശാനേ തല്ലണമെന്നു പറഞ്ഞ് ഒരു ഉലക്ക ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാ ഇപ്പോള്‍ സദ്യ എന്നൊക്കെപ്പറഞ്ഞ് വിളിച്ചത്. ഞാ‍ന്‍ ആശാനോടുള്ള സ്നേഹം കൊണ്ടു പറയുവാ--അയ്യോ ദാ അവന്‍ --

കൈയ്യിലിരുന്ന ഇഡ്ഡലിയും ഇട്ട് കുട്ടനാശാന്‍ ഇറങ്ങി ഓടി.

നാണു വന്നു. ആശാനെന്തിയേ അമ്മേ?

ആശാനോ- എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞ് ദാ ഓടിപ്പോകുന്നു. മോനൊരു കാര്യം ചെയ്യ്. ആ ഉലക്ക കൊണ്ടു പോയി ആശാന് കൊടുക്ക്-- പാവം.

നാണു ഉലക്കയുമായീറങ്ങി--ഉറക്കെ വിളിച്ചു”ആശാനേ”--ആശാന്‍ തിരിഞ്ഞു നോക്കി--അതാ നാണു ഉലക്കയുമായി ഓടിവരുന്നു. നിലവിളിച്ചു കൊണ്ട് ആശാന്‍ പാഞ്ഞു. നാണു പുറകേ. അങ്ങനൊരു കഥ.

Comments (0)