രാമയ്യന്‍--രണ്ട്

ഞാന്‍ സ്വിറ്റ്സലന്‍ഡില്‍ ഹാര്‍ട്ട് സ്പെഷ്യലിസ്റ്റായി പോയിട്ട് നിങ്ങളേയൊക്കെ നോക്കിക്കോളാം. രാംകുട്ടന്‍ പ്രഖ്യാപിച്ചു..

വയസ്സു പന്ത്രണ്ടേ ഉള്ളെങ്കിലും ബുദ്ധിയുടെ വളര്‍ച്ച വളരെ കൂടുതലാണ്.

ഓ ഈയാളു കുറേക്കാലം കൊണ്ടു സ്വിറ്റ്സലന്‍ഡില്‍ പോ‍കുന്നു. ഞാന്‍ ഒരു വലിയ ഫിലിം ഡയറക്ടറായി അമേരിക്കയില്‍ ചെന്നാല്‍ എല്ലാവരേയും ഞാന്‍ നോക്കും. ശ്യാംകുട്ടന്‍ ‍--രാമിന്റെ ഇരട്ട സഹോദരന്‍ വെല്ലുവിളിച്ചു.

കാണാം--കണാം രണ്ടു പേരും കൂടി കയ്യാംകളി തുടങ്ങാന്‍ തയ്യാറായി. അപ്പൂപ്പാ - അപ്പൂപ്പോ ദേ ഇവിടെ ഇടി ഇടാന്‍ പോന്നേ ഓടിവായോ- ഉണ്ണിക്കുട്ടന്‍ വിളിവിളി കൂട്ടി.

എന്താ മക്കളേ എന്താ പ്രശ്നം? ഉണ്ണിക്കുട്ടന്‍ പ്രശ്നം വിശദീകരിച്ചു. ഉണ്ണിക്കു വയസ്സു പത്തേ ആയുള്ളു.

നിനക്കെന്താ ആകേണ്ടത്.

ഓ എനിക്കൊന്നും ഇപ്പം ആകണ്ടാ. അപ്പൂപ്പനൊരു കഥ പറ.

ശരി കേട്ടോളൂ. മാര്‍ത്താണ്ഡവര്‍മ്മരാജാവിന്റെ കുശിനിക്കാരനാണ് കിച്ചന്‍ .

കിച്ചനോ അതെന്തു പേരാ‍? എടാ കൃഷ്ണനെന്നാ പേര്. തമിഴന്മാര്‍ അത് കിച്ചനെന്നാക്കും. വൈത്തി പ്പട്ടര്‍ വൈദ്യനാഥനാണ്. അതുപോട്ടെ. നമ്മുടെ കിച്ചനു മന്ത്രിയാകണം. രാമയ്യനാ‍ണ് അന്നു മന്ത്രി. കിച്ചന്‍ നോക്കിയിട്ട് മന്ത്രിയാകാനുള്ള ഒരു ഗുണവും രാമയ്യനില്ല. ചടച്ചു നെലിഞ്ഞ ശരീരം, ഊശാന്താടി, എല്ലാവരേയും വണങ്ങിയുള്ള നടപ്പ്--മഹാമോശം. ഇങ്ങനാണോ മന്ത്രി!

ദാ എന്നേ നോക്ക്. വെളുത്തു തുടുത്ത് സുന്ദരക്കുട്ടപ്പന്‍, പൊതുവേ ഒരു മന്ത്രിക്കുവേണ്ട അഹങ്കാരം, സര്‍വപുച്ഛം മുതലായ എല്ലാഗുണങ്ങളും ഉണ്ട്. പക്ഷേ ഒരു വെറും കുശിനിക്കാരന്‍ --എപ്പോഴും അടുക്കളയിലേ പുകയിലും. ഈ ലോകത്ത് കഴിവിന് ഒരു വിലയുമില്ല.

പൂജ്യം പൂജ്യം പറഞ്ഞ് ഇതു രാജാവറിഞ്ഞു.


ഒരു ദിവസം രാജാവ് കിച്ചനേ വിളിപ്പിച്ചു. കിഴക്കേ റോഡില്‍ പൊടിപടലം. അതെന്താണെന്നു നോക്കാന്‍ പറഞ്ഞു. കിച്ചനു സന്തോഷം. ഒറ്റ ഓട്ടത്തിന് അവന്‍ റോഡിലെത്തി-തിരിച്ചുവന്നു പറഞ്ഞു. കാള‍വണ്ടിയാണ്.

എത്രയെണ്ണം? രാജാവിന്റെ ചോദ്യം. കിച്ചന്‍ ഓടി പ്പോയിതിരിച്ചുവന്നു.

അമ്പത് അവന്‍ പറഞ്ഞു. എവിടെ പോകുന്നു? ചോദ്യം.

കിച്ചന്‍ ഓടി തിരിച്ചുവന്ന് പറഞ്ഞു. ബാലരാമപുരത്തേക്ക്.

എന്തിന്?

കിച്ചന്‍ വീണ്ടും ഓടി. അപ്പോഴേക്കുംവണ്ടികള്‍ കുറേ ദൂരെ എത്തി. കിച്ചന്‍ അണച്ചു കൊണ്ട് തിരിച്ചുവന്നു.

നെല്ലുകൊണ്ടു പോകാന്‍ .

നെല്ല് എവിടെനിന്നും? ചോദ്യം.

കിച്ചന്‍ വീണ്ടും ഓടി. ഇത്തവണ കിച്ചന് വിക്കിവിക്കിപറയാനേ പറ്റിയുള്ളു. നാഞ്ചിനാട്ടില്‍ നിന്ന്.

എത്ര പറ നെല്ലുണ്ട്? ചോദ്യം.

കിച്ചനോടിപ്പോയി കുറേ അധികം സമയം കഴിഞ്ഞിട്ടും കണ്ടില്ല. രജാവ് അന്വേഷിച്ച് ആളേവിട്ടു.

ഓടി ക്കിതച്ച് വഴിയില്‍ വീണ കിച്ചനേ ആരൊക്കെയോ എടുത്ത് ഒരുവീട്ടില്‍ കിടത്തിയിരിക്കുകയാണ്. തിരിച്ചു വന്ന കിച്ചനോട് രാജാവ് രാമയ്യനേ വിളിക്കാന്‍ പറഞ്ഞു. രാമയ്യന്‍ വന്നപ്പോള്‍ എന്താണ് റോഡിലേ പൊടി പടലത്തിന് കാരണം എന്നു ചോദിച്ചു. നാഞ്ചിനാട്ടില്‍ കൊയ്ത്തു കഴിഞ്ഞെന്നും,അവിടെനിന്നും ആയിരപ്പറ നെല്ല് ബാലരാമപുരത്തേക്ക് കുഞ്ഞന്‍ പിള്ള അയച്ചതാണെന്നും, നൂറ്റമ്പതു വണ്ടിയുള്ളതില്‍ അമ്പതെണ്ണം പോയെന്നും ബാക്കി വൈകിട്ടു വരുമെന്നും , തിരിച്ചു പോകുമ്പോള്‍ ബാലരാമപുരത്തുനിന്നും കൈത്തറിത്തുണികള്‍ ഈ വണ്ടികളില്‍ കൊടുത്തുവിടുമെന്നും വിനീതമായി അറിയിച്ചു. എന്താ കിച്ചാ മന്ത്രിയാകണോ? രാജാവു ചോദിച്ചു.

അയ്യോ വേണ്ടായേ. ഞാനീ അടുക്കളയില്‍ കിടന്നോളാമേ. കിച്ചന്‍ പരഞ്ഞിട്ട് സ്ഥലം വിട്ടു.

Comments (0)