മന്ത്ര ശക്തി

അപ്പൂപ്പാ ഈ മന്ത്രത്തിനു ശക്തിയുണ്ടോ? എന്താണ് ഈ മന്ത്രമെന്നു പറയുന്നത്? രാംകുട്ടന് എപ്പോഴും സംശയമണ്.

ങ. എല്ലാരും ഇരിക്ക്. പറയാം

അമന്ത്രമക്ഷരം നാസ്തി
നാസ്തിമൂലമനൌഷധം
അയോഗ്യ :പുരുഷോനാസ്തി
യോജനാസ്തത്ര ദുര്‍ല്ലഭാ.

അതായത് മന്ത്രങ്ങളല്ലാത്ത അക്ഷരങ്ങളില്ല; ഔഷധമല്ലാത്ത വേരുകളില്ല; ഒന്നിനും കൊള്ളരുതാത്ത മനുഷ്യരില്ല; ഇതു കണ്ടു പിടിച്ച് ഉപയോഗിക്കാനറിയാവുന്ന ആള്‍ക്കാരാണ് കുറവ്. അപ്പോള്‍ ശരിയായിട്ടുപയോഗിക്കുന്ന അക്ഷരങ്ങള്‍ക്ക്നല്ല ശക്തിയും, മോശമായുപയോഗിക്കുന്ന അക്ഷരങ്ങള്‍ക്ക് ചീത്ത ശക്തിയും ഉണ്ടാകും. ആരേയെങ്കിലും തന്തക്കു പറഞ്ഞു, അടി മേടിക്കുന്നത്, ദുര്‍മ്മന്ത്രത്തിന്റെ ശക്തിക്കുദാഹരണമാണ്.. കുഞ്ചന്‍ നമ്പ്യാരേക്കുറിച്ചൊരു കഥ ഞാന്‍പറഞ്ഞിട്ടുണ്ടല്ലോ.

ആരാ അപ്പൂപ്പാ ഈ കുഞ്ചന്‍ നമ്പ്യാര്‍‍-ആതിരയ്ക്കുസംശയം.

പറയാം മോളേ--നമ്മുടെ കേരളത്തിന്റെ തനതു കലയായ തുള്ളല്‍ പ്രസ്ഥനത്തിന്റെ ഉപജ്ഞാതാവാണ്. ചാക്യാരോടു പിണങ്ങിയ കഥ യൊക്കെ സ്കൂളില്‍ പഠിക്കും. അദ്ദേഹത്തിന്റെ ജനനത്തേ കുറിച്ച് ഒരു കഥയുള്ളത് പറയാം.
ഒരു ബ്രാഹ്മണന്‍ ‍, തന്റെ മകളുടെ കല്യാണത്തിനു വേണ്ടി,ഉദാരമതികളായ പല ആള്‍ക്കാരേ കണ്ട് കിട്ടിയ പണവും ഒരു സഞ്ചിയിലാക്കി. തിരിച്ചു വരുന്ന വഴി, സമയം സന്ധ്യയാകുകയും, അദ്ദേഹം ഒരുക്ഷേത്രത്തി ലെത്തി കുളിക്കാനായി ക്ഷേത്രക്കുളത്തിലേക്ക് പോവുകയും ചെയ്തു. കൈയ്യിലിരുന്ന സഞ്ചി കുളക്കരെ വച്ച് അദ്ദേഹം കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് കയറിയപ്പോള്‍ സഞ്ചി കാണാനില്ല. അവിടെയൊക്കെ അന്വേഷിച്ചിട്ടും കാണാതെ വളരെ മനസ്താപത്തോടെ അദ്ദേഹം ക്ഷേത്രത്തിലേക്കു പോയി.

ആ‍സമയം, ക്ഷേത്രജീവനക്കാരിയായ ഒരു സ്ത്രീ വഴിയില്‍ വീണു കിടക്കുന്ന ചാണകവും ശേഖരിച്ചുകൊണ്ട് കുളങ്ങരെ വന്നു. അവിടെക്കിടന്ന ഒരു പാട്ട ചാണകം എടുത്തു കുട്ടയിലിടുകയും ചെയ്തു--

അതാ ഒരു സഞ്ചി--ചാണകത്തിനടിയില്‍. അവര്‍ അതും കൊണ്ട് ക്ഷേത്രത്തില്‍ ചെന്ന് പൂജാരിയോടു വിവരം പറഞ്ഞു. നേരത്തേ ബ്രാഹ്മണന്‍ പറഞ്ഞ് വിവരം അറ്ഞ്ഞിരുന്ന പൂജാരി ബ്രഹ്മണനേ കണ്ടെത്തി സഞ്ചി തിരിച്ചുകൊടുത്തു. സന്തുഷ്ടനായ ബ്രാഹ്മണന്‍ നിനക്കു കീര്‍ത്തിമാനായ ഒരു പുത്രനുണ്ടാകുമെന്ന് അനുഗ്രഹിച്ചെന്നും ആ പുത്രനാണ് കുഞ്ചന്‍ നമ്പ്യാരെന്നുമാണ് ഒരൈതിഹ്യം.

അതുപോട്ടെ-നമുക്കു മന്ത്രത്തിന്റെ കാര്യം പറയാം. അക്ഷരങ്ങള്‍ മന്ത്രമാണെന്നാണല്ലോ പറഞ്ഞത്. നിഷ്കളങ്കരായ ആളുകള്‍ പൂര്‍ണ്ണ വിശ്വാസത്തൊടെ ജപിക്കുന്ന മന്ത്രങ്ങള്‍ ഫലപ്രാപ്തിയിലെത്തുമെന്നുള്ളതിന് --ചാത്തന്റെ മാടപ്പോത്ത്; ശങ്കരാചാര്യരുടെ ശിഷ്യന്‍ സനന്ദനന്റെ അണ്‍പിള്ള ശിങ്കം--മുതലായ കഥകള്‍ ഉദാഹരണങ്ങളാണ്.

ആതെന്തവാ അപ്പൂപ്പാ--ഉണ്ണിയാണ്.

ഓ ഈകഥ മുഴുവന്‍ കഴിഞ്ഞു മതി--കിട്ടൂ ഉടക്കി.

ശരി ശരി--ഈ കഥ തീരട്ടെ മക്കളേ.

ശങ്കരന്‍ അതിപ്രശസ്തനായ വിഷഹാരിയാണ്..അദ്ദേഹം വെള്ളം ജപിച്ചൊഴിച്ചാല്‍ ഇറങ്ങാത്ത വിഷമില്ല. ഒരിക്കള്‍ രാജാവിനേ എന്തോ കടിച്ചു. നാട്ടിലേ സര്‍വ വിഷഹാരികളും ശ്രമിച്ചിട്ടും വിഷം ഇറങ്ങുന്നില്ല. അപ്പോള്‍ ആരോ ശങ്കരന്‍ വൈദ്യന്റെ പേരു പറഞ്ഞു. അദ്ദേഹതേ കൂടിക്കൊണ്ടു വന്നു. ഇത് ഭേദമാകുമോ വൈദ്യരേ--മന്ത്രി ചോദിച്ചു. ഗുരുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍--വൈദ്യര്‍ പറഞ്ഞു. ശങ്കരന്‍ വൈദ്യര്‍ വെള്ളം ജപിച്ചൊഴിച്ചു.--അതാ രാജാവ് സാവധാനത്തില്‍ കണ്ണു തുറക്കുന്നു. ഇനി സാരമില്ല. പൊടിയരിക്കഞ്ഞികൊടുത്തോളൂ. ക്ഷീണം മാറട്ടെ.വിട പറഞ്ഞ് വൈദ്യന്‍ ഇറങ്ങി--റാജാവിന്റെ സമ്മാനങ്ങളും വീര്യ ശ്രംഖലയും മറ്റുമായി.

വെളിയില്‍ വന്നപ്പോള്‍ ആസ്ഥാന വൈദ്യനും ആ നാട്ടിലേ ഏറ്റവും പ്രധാനിയുമായ കിട്ടായിപ്പിള്ള അദ്ദെഹത്തേ എതിരേറ്റു. അങ്ങയുടെ ഈ കഴിവ് ഞാനറിഞ്ഞിരുന്നില്ല. ആരാണ് അങ്ങയുടെ ഗുരു?

അതാ ഒരത്ഭുതം. കിട്ടിയ സമ്മാനങ്ങളും വീര്യശൃംഖലയും, കിട്ടായിപ്പിള്ളയുടെ പാദത്തില്‍ സമര്‍പ്പിച്ച് ശങ്കരന്‍ നമസ്കരിക്കുന്നു. ഗുരോ അങ്ങയുടെ അനുഗ്രഹം എന്നും പറഞ്ഞ്.
. ഇനി അല്പം ഫ്ലാഷ് ബായ്ക്ക്.

ഒരു പഴയ തറവാട്ടിലേ ഏക സന്തതി--ഭൂലോക മണ്ടന്‍ --അമ്മയ്ക്കാണെങ്കില്‍ ഒരു മോനുള്ളത് എങ്ങണെ എങ്കിലും നന്നായിക്കാണാന്‍ ആഗ്രഹം‌‌ഇന്നത്തേപ്പോലെ-ഡോക്ടറും-എഞിനീയറുമൊന്നുമല്ല അന്നത്തേ പഠിത്തത്തിന്റെ മാനദണ്ഡം. ആശാന്റടുത്തു പോയി അക്ഷരം പഠിച്ചു കഴിഞ്ഞാല്‍ ഓരോരുത്തരുടേയും അഭിരുചി മനസ്സിലാക്കി ആവിഷയത്തില്‍ ആശാന്‍ ‍--അതായത്--ഗുരു--തന്നെ പ്രാവീണ്യം ഉണ്ടാക്കി കൊടുക്കും. നമ്മുടെ അഷ്ടവൈദ്യന്മാരുള്‍പടെയുള്ള മഹാവൈദ്യന്മാരെല്ലാം അങ്ങനെ പഠിച്ചവരാണ്..ഈ മകനേ ഒന്നിനും കൊള്ളാതിരുന്നതുകൊണ്ട് അമ്മ അവസാനമായി--വിഷവൈദ്യം പഠിക്കാന്‍ അയച്ചു.

പോയപ്പോള്‍ പയ്യനൊരു സംശയം--ആശാനു വല്ലതും കാഴ്ച കൊണ്ടു പോകണ്ടേ--അവന്‍ അവിടെയൊക്കെ നോക്കി--അതാ ഒരു വലിയ കുമ്പളങ്ങാ ആശാനു സന്തോഷമാകും.

അവന്‍ ആ കുമ്പളങ്ങായും എടുത്ത് ആശാന്റെ വീട്ടിലെത്തി- ഭക്തിപൂര്‍വം ആശാന്റെ കാല്‍കല്‍ സമര്‍പ്പിച്ചു.

അമ്മ പറഞ്ഞിട്ടുണ്ട്--ആശാന്‍ ദൈവത്തേപ്പോലെയാണ്--അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേട്ട് ഭക്തിപൂര്‍വം പഠിച്ചാലേ ജീവിതത്തില്‍ ഉന്നതി ഉണ്ടാകൂ എന്നു.

അതിരാവിലേ തന്റെ മുമ്പില്‍ ഒരു കുമ്പളങ്ങ. ആശാന് കലശലായി ദേഷ്യം വന്നു. “വിഡ്ഡി കൂശ്മാണ്ഡം” - ആശാന്‍ ഗര്‍ജ്ജിച്ചു.

പരമ ഭക്തിയോടുകൂടി ആശാനേ തൊഴുത് നമസ്കരിച്ച് നമ്മുടെ പയ്യന്‍ വീട്ടിലെത്തി.

എന്തവാ അപ്പൂപ്പാ ആശാന്‍ പറഞ്ഞത്? ആതിര .

എടാ വിഡ്ഡീ--രാവിലേ ഈ കൂശ്മാണ്ഡം--അതായത് കുമ്പളങ്ങാ എന്തിനാ കൊണ്ടുവന്നത്--ഇതാണ് ആശാന്‍ ഉദ്ദേശിച്ചത്.

എന്നാല്‍ നമ്മുടെ പയ്യന്‍ അമ്മയോടു പറഞ്ഞു--ആശാന്‍ മന്ത്രം ഉപദേശിച്ചു--ഞാനതു ജപിച്ചു സിദ്ധിവരുത്താന്‍ പോകുന്നു. അവന്‍ ഈ മന്ത്രം “വിഡ്ഡി കൂശ്മണ്ഡം” ജപിച്ചു സിദ്ധിവരുത്തി.

ഇവന്‍ വിഷവൈദ്യം പഠിച്ചെന്നറിഞ്ഞ് ഒരാള്‍ - പുളവന്‍ കടിച്ച ഒരാ‍ള്‍ ചികിത്സയ്ക്കു വന്നു. ഭക്തിപൂര്‍വ്വം കിണ്ടിയില്‍ വെള്ളമെടുത്ത് മന്ത്രം ജപിച്ച് നമ്മുടെ വൈദ്യന്‍ രോഗിയുടെ കോള്‍വായില്‍--കടിച്ച സ്ഥലത്ത്--ഒഴിച്ചു. ആശ്വാസത്തോടെ രോഗി പോയി--പുളവനു വിഷമില്ലല്ലോ-

പക്ഷേ ഈസംഭവം വൈദ്യന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു--നാടുകാര്‍ക്കും വിശ്വാ‍സം .ക്രമേണാ അയാള്‍ ഒരു അംഗീകൃത വിഷഹാരിയായി--പരസ്യമൊന്നുമില്ല--വരുന്നവര്‍ക്കൊക്കെ ആശ്വാസം.

ഈ പയ്യനാണ് ശങ്കരന്‍ . പഠിപ്പിച്ച ഗുരു കിട്ടായിപ്പിള്ളയും.

ഞാനോ അങ്ങയുടെ ഗുരു--ഞാന്‍ ഓര്‍ക്കുന്നുപോലുമില്ലല്ലോ--കിട്ടായിപ്പിള്ള വാപൊളീച്ചു.

ശങ്കരന്‍ ഗുരുവിന്റെ ചെവിയില്‍ മന്ത്രം പറഞ്ഞു--മന്ത്രം ഉറക്കെ ചൊല്ലാന്‍ പാടില്ല--അങ്ങ് ഉപദേശിച്ചുതന്നത് എന്നും പറഞ്ഞു. കിട്ടായിപ്പിള്ള സ്തബ്ധനായി--ഗുരുത്വത്തിന്റേയും-വിശ്വാസത്തിന്റേയും വില--അദ്ദേഹം ഒന്നും പറയാതെ ശങ്കരനേ ആശ്ലേഷിച്ചു കൂട്ടിക്കൊണ്ടുപോയി--അദ്ദേഹത്തിനറിയാവുന്നസകലമാനവിദ്യയും ശങ്കരനേ പടിപ്പിച്ചു.

ഇതൊക്കെ നടന്നതാണോ അപ്പൂപ്പാ. കിട്ടുവിനു സംശയം.

ഇതു കഥയാണു മോനേ--പക്ഷേ നടന്ന ഒരു കാര്യം പറയാം. പണ്ടു പുര കെട്ട് എന്നൊരു പരിപാടി ഉണ്ടായിരുന്നു. ഓടും, വാര്‍പ്പും ഒന്നും ഇല്ലാതിരുന്ന കാലത്ത്. പുര കെട്ടിക്കഴിഞ്ഞ് മോളിടുക എന്നൊരു കാര്യമുണ്ട്. രണ്ടോലവീതം വിപരീത ദിശയില്‍ വച്ച്പുരയുട നേരേമുകളില്‍നെടുകെ വയ്ക്കും. എന്നിട്ട് കുത്തു കോല്‍ കൊണ്ട് മോന്തായത്തിന്റെ അടിയിലൂ‍ടെ ഇതിന്റെ രണ്ടു വശവും യോജിപ്പിക്കും. ചോര്‍ച്ച ഉണ്ടാകാതിരിക്കാനാണ്. ഇതു ചെയ്തുകൊണ്ടിരുന്ന ഒരാ‍ളുടെ കാലില്‍ എന്തോ കൊണ്ടെന്നു തോന്നി. ഓ ഈര്‍ക്കിലായിരിക്കും. അല്പം ചോര പൊടിഞ്ഞതു തൂത്തുകളഞ്ഞ് അയാള്‍ പറഞ്ഞു.

അടുത്ത കൊല്ലം ആ പുര കെട്ടാഞ്ചെന്നപ്പോള്‍ പൊളിക്കാന്‍ ഈ ആളാണ് മുകളില്‍ കയറിയത്. കുത്തു കോല്‍ ഊരിയപ്പോള്‍ അതില്‍ തറച്ചിരുന്നു ഒരു മൂര്‍ഖന്റെ ഉണങ്ങി ദ്രവിച്ചജഡം--അയ്യോ--ഇതാണോ എന്നെ കടിച്ചത്--എന്നു പറയലും ഉരുണ്ടു വീണു മരിക്കലും ഒന്നിച്ചു കഴിഞ്ഞു. ഇത് ശരിക്കും നടന്നതാണ്

Comments (0)