പരാന്നം

ശുകന്‍ ഒരു ആല്‍ത്തറയിലിരുന്ന് ആത്മാര്‍ഥമായി ധ്യാനിക്കുകയാണ്.

അതാ മുകളില്‍ ഇരുന്ന ഒരു കുരുവി കാഷ്ടിച്ചത് അയാളുടെ തലയില്‍ വീണു. ഞെട്ടിയുണര്‍ന്ന ശുകന്‍ മുകളിലേക്കു നോക്കി. ആ തീഷ്ണമായനോട്ടത്തിന്റെ ജ്വാലയേറ്റ് ആ പാവം കിളി ഭസ്മമായിപ്പോയി.

അമ്പട-ഞാനേ ശുകന്‍ വിചാരിച്ചു. ഓ തപശ്ശക്തി കിട്ടിപ്പോയി--അയാള്‍ ചാടി എഴുനേറ്റു. ഹും. ഇനി എല്ലരേം കാണിച്ചു തരാം.

അയാള്‍ ഒരുവീട്ടില്‍ ചെന്നു--ഭിക്ഷാം ദേഹി--എന്നു വിളിച്ചു പറഞ്ഞു.

അതെന്താ അപ്പൂപ്പാ‍?

അതോ ,സര്‍വ്വസംഗ പരിത്യാഗികളായ സന്യാസിമാര്‍--പഠിച്ചും -പഠിപ്പിച്ചും നടക്കുന്നവര്‍--ജീവസന്ധാരണത്തിന് ഗൃഹസ്ഥന്മാരുടെ വീടുകളില്‍ ചെന്ന് ഭിക്ഷ ചോദിക്കുന്ന രീതിയാണ്.

ആ വീട്ടിലേ ഗൃഹനായിക പുരത്തുവന്ന് അല്പം നില്‍ക്കാന്‍ കൈകൊണ്ടു കാണിച്ചിട്ട് അകത്തേക്ക് പോയി. കുറേ നേരം കഴിഞ്ഞാണവര്‍ ഭിക്ഷയുമായെത്തിയത്.

ഹും. തന്നേപ്പോലൊരു സന്യാസിയേ ഇത്രയും നേരം താമസിപ്പിച്ചു. അയാള്‍ കണ്ണു ചുവപ്പിച്ച് തീഷ്ണമായി അവരേ നോക്കി.

അവര്‍ ഒരു ചെറു പുഞ്ചിരിയോടുകൂടി--ഞാനേ ആ കിളിയല്ല-എന്നു പറഞ്ഞു. ശുകന്റെ ചുവപ്പിച്ച കണ്ണു തള്ളിപ്പോയി. അല്പം മുന്‍പു മാത്രംനടന്ന-തനിക്കു മാത്രമറിയാവുന്നകാര്യം--അയാള്‍ ആ അമ്മയേ നമസ്കരിച്ചു. ക്ഷമിക്കണം അമ്മേ അമ്മ ഈ കാര്യം എങ്ങിനെ അറിഞ്ഞു? അയാ‍ള്‍ വിനീതനായി ചോദിച്ചു.

ധര്‍മ്മ വ്യാധനോടു പോയി ചോദിക്ക്. അയാള്‍ പറഞ്ഞു തരും. ആ അമ്മ പരഞ്ഞിട്ട് അകത്തേക്ക് പോയി.

അരാണാവോ ഈ ധര്‍മ്മവ്യാധന്‍ . ശുകനിതുവരെ കേട്ടിട്ടില്ല. അയാള്‍ പുറത്തിറങ്ങി അന്വേഷണം തുടങ്ങി. അവസാനം ഒരാള്‍ പറഞ്ഞു--അങ്ങ് ഇറച്ചിവെട്ടു ചന്ത അറിയുമോ? അവിടെ ചെന്ന് ചോദിച്ചാല്‍ അറിയാം.

പാവം ശുകന്‍ . നടന്നു നടന്ന് മൂന്നാം ദിവസം ഇറച്ചിവെട്ടു മാര്‍ക്കറ്റില്‍ എത്തി. ഇറച്ചിച്ചന്തയില്‍ സന്യാസിയേക്കണ്ട് ആളുകള്‍ സാകൂതം നോക്കി ത്തുടങ്ങി. അയാള്‍ ധര്‍മ്മവ്യാധനേ അന്വേഷിച്ചു.

എന്താ സ്വാമീ ഇറച്ചിക്കാണോ. വിലകുറച്ചു ഞാന്‍ തരാം. ഒരു ഇറച്ചിവെട്ടുകാരന്‍ പറഞ്ഞു.

വേണ്ടാ എനിക്ക് അയാളേ കണ്ടാല്‍ മതി. ശുകന്‍ പറഞ്ഞു.

ഓ ഈയാടെ ഒരു ധര്‍മ്മവ്യാധന്‍ എന്നു പിറുപിറുത്തുകൊണ്ട് അയാള്‍ ധര്‍മ്മവ്യാധനേ കാണിച്ചുകൊടുത്തു.

മൃഗങ്ങളെ അറുത്തു കെട്ടിത്തൂക്കിയിരിക്കുന്ന ഒരു ചെറിയമുറി. ചോര വാര്‍ന്നൊലിക്കുന്നു. ഒരു തടിക്കഷണത്തില്‍ വച്ച് വ്യാധന്‍ പച്ചമാംസം വെട്ടിമുറിച്ച് പായ്ക്ക് ചെയ്യുന്നു. അറപ്പോടെ ശുകന്‍ വെളിയില്‍ത്തന്നെ നിന്നു.

ശുകനേ കണ്ട പാടേ വ്യാധന്‍ ‍, വെട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍--ആ അമ്മ പറഞ്ഞയച്ചതാണല്ലേ. കേറിവരൂ. ഇവിടെ വലിയ സൌകര്യമൊന്നും ഇല്ല. ദാ ചാക്കിലിരിക്കൂ. എനിക്ക് അല്പം താമസമുണ്ട്. വെള്ളം വല്ലതും-----.

വേണ്ടാ വേണ്ടാ ശുകന്‍ പെട്ടെന്നു പറഞ്ഞു. അയാള്‍ക്ക് ആകെ ഓക്കാനം വന്നിരിക്കുകയാണ്.

ശരി ശരി. വ്യാധന്‍ ജോലിക്കിടയില്‍ പറഞ്ഞു.

പറഞ്ഞു പറഞ്ഞ് നേരം നാലു മണിയായി. ശുകന്‍ ഇരിക്കാനും പോകാനും വയ്യാ. നാലുമണിയായപ്പോഴേക്കും വ്യാധന്‍ കട പൂട്ടി. ബാക്കി കടയെല്ലാം തുറന്നിരിക്കുകയാണ്. രാത്രി എട്ടുമണിക്കെ അവര്‍ കട അടയ്ക്കൂ.

അക്ഷമയോടിരിക്കുകയാണെങ്കിലും ശുകന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല--എന്താ ഇത്ര നേരത്തേ?

ഓ ഇന്നത്തേക്കുള്ളതായി. വരൂ പോകാം. രണ്ടുപേരും കൂടി നടന്നു നടന്ന് വ്യാധന്റെ വീട്ടിലെത്തി.

ശുകനേ ഒരു പീഠത്തിലിരുത്തിയിട്ട്, ഞാനിപ്പവരാം എന്നു പറഞ്ഞ് വ്യാധന്‍ പോയി.

തന്നെ സല്‍ക്കരിക്കാനാണെന്നു വിചാരിച്ച് ശുകന്‍ പറഞ്ഞു. ഇപ്പോഴൊന്നും വേണ്ടാ.

അങ്ങയ്ക്കൊന്നും തരാനല്ല എന്റെ അച്ഛനും അമ്മയും വയ്യാതെ എന്നേ നോക്കി ഇരിക്കുകയാണ്. അവരേ കുളിപ്പിച്ച് ഭക്ഷണവുമുണ്ടാക്കി കൊടുത്ത ശേഷം ഞാന്‍ വരാം.

ശുകന്‍ തന്റെ കാര്യം ആലോചിച്ചു. ചെറുപ്പത്തില്‍ അച്ഛന്റേയും അമ്മയുടെയും ലാളനയില്‍ ,തോന്ന്യവാസിയായി വളര്‍ന്നു. കല്യാണം കഴിച്ചാല്‍ ഇവന്‍ നേരേ ആകുമെന്ന് മാതാപിതാക്കള്‍ വിചാരിച്ചു--മതാപിതാക്കളുടെ വിചാരങ്ങള്‍ക്കുണ്ടോ അതിര്. കല്യാണത്തിനു ശേഷം ആ പാവങ്ങള്‍ക്ക് മരുമകളുടെ കാര്യം കൂടി നോക്കേണ്ടി വന്നു. രണ്ടു പേര്‍ക്കും വയസ്സായി--വയ്യാണ്ടായപ്പോള്‍- ഇനീമിവിടെനിന്നാല്‍ രക്ഷയില്ലാ--എന്നു കരുതി ഒരു കാവിമുണ്ടും മേടിച്ചു സ്ഥലം വിട്ടതാണ്. അങ്ങിനെ പട്ടിണികിടന്ന് ആല്‍തറയിലെത്തി ധ്യാനിക്കുകയും--പിന്നെത്തേകാര്യം ഇവിടംവരെ എത്തി.

മതാപിതാക്കളേ കുളിപ്പിച്ച്, ആഹാ‍രം കൊടുത്ത്, കിടത്തിയ ശേഷം വ്യാധന്‍ ശുകന്റെ അടുത്തെത്തി.

നിങ്ങള്‍ക്ക് ആ അമ്മ എങ്ങിനെയാണ് നിങ്ങളുടെ കാര്യം അറിഞ്ഞതെന്നും ആ കാര്യം ഞാനെങ്ങനെ അറിഞ്ഞെന്നും അറിയണം. അല്ലെ? നിങ്ങളെപ്പോലെ ജീ‍ീവിതത്തില്‍നിന്നും ഒളിച്ചോടി പരാന്നം ഭക്ഷിച്ചല്ല ഞങ്ങള്‍ ജീവിക്കുന്നത്. ആ അമ്മയുടെ ഭര്‍ത്താവ് രോഗിയാണ്. അദ്ദേഹത്തിന്റെ കാര്യം നോക്കാതെ ഏതു സന്യാസി വന്നാലും അവര്‍ ശ്രദ്ധിക്കത്തില്ല. അവരുടെ ഭര്‍ത്താവിനു വേണ്ട മരുന്നു തയ്യാറാക്കുകയായിരുന്നു അവര്‍. വെറുതേ നടന്ന് ഇരന്നുതിന്നുന്ന നിങ്ങള്‍ക്ക് അല്പം പോലും ക്ഷമിക്കാന്‍ വയ്യാ. എന്റെ പ്രവൃത്തിയും നിങ്ങള്‍ക്ക് ഹീനമാണ്. ഞങ്ങള്‍പരമ്പരാഗതമായി ചെയ്യുന്ന തൊഴിലാണ് ഇത്. ഒരു ദിവസത്തേ ആവശ്യത്തിനുള്ളതില്‍കൂടുതല്‍ ഞങ്ങള്‍ ചെയ്യില്ല. ഞങ്ങളുടെ ജോലിയില്‍ ഞങ്ങള്‍ക്ക് യാതൊരു അപകര്‍ഷതാബോധവും ഇല്ല. പക്ഷേ താങ്കളേ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. ഞങ്ങള്‍ ധര്‍മ്മം അനുഷ്ടിച്ചു ജീവിക്കുന്നതു കൊണ്ടുള്ള തപശ്ശക്തിയാല്‍ നിങ്ങളേക്കുറിച്ചുള്ള--അച്ഛനേയും അമ്മയേയും, ഭാര്യയേയും ഉപേക്ഷിച്ചുള്ള നിങ്ങളുടെ ഒളിച്ചോട്ടത്തേക്കുറിച്ച്--എല്ലാം ഞങ്ങള്‍ക്കറിയാം. പോയി മാതാപിതാക്കളുടേയും ഭാര്യയുടേയും കാര്യങ്ങള്‍ നോക്കി ജീവിക്ക്. എനിക്കു വേറെ പണിയുണ്ട്.

ഈ അവസനം പറഞ്ഞത് പറഞ്ഞോ എന്നറിയില്ല. പക്ഷേ പറയേണ്ടതായിരുന്നു. ശുകന്‍ വീട്ടീല്‍ പോയി വളരെ മര്യാദക്കാരനായി എന്നാണ് ശ്രുതി. ശുഭം

Comments (1)

കഥയിലെ മഹർഷി ശുകൻ അല്ല,കൗശികൻ ആണ്.ശുകൻ അധ്യയനത്തിനായി സന്ദർശിക്കുന്നത് ജനകനെയാണ്.