അപ്പൂപ്പന്റെ കഥ--നാല്

ഞാന്‍ എന്റെ അച്ഛനേക്കുറിച്ച് ഒരു ധാരണ നിങ്ങളുടെ മനസ്സില്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ. നിങ്ങള്‍ക്ക് ഒരുവയസ്സുള്ളപ്പോഴാണ് അച്ഛന്‍ യാത്ര പറഞ്ഞത്. അച്ഛന്‍ കിഴക്കേ തിണ്ണയ്ക്കുണ്ടെങ്കില്‍ പിന്നെ പണ്ടാരാ‍ണ്ടു പറഞ്ഞ പോലെ ഈച്ച വിലങ്ങത്തില്ല. പരിപൂര്‍ണ്ണ നിശ്ശബ്ദത. എന്തു കാര്യം വേണമെങ്കിലും അമ്മയോടു പറയണം. അച്ഛന്റെ മുന്‍പില്‍ ചെല്ലാന്‍ ശരിക്കുപറഞ്ഞാല്‍ ഞങ്ങള്‍ക്കു ഭയമാണ്. അച്ഛന്റെ വേറൊരു സ്വഭാവം കേള്‍ക്കണോ. പന്തു കളിക്കണമെന്നു നമ്മള്‍ വിചാരിക്കുന്നു. വീട്ടിലേ ജോലി-- പഠിത്തം പ്രശ്നമല്ല--പകല്‍ പതിക്കണ്ടാ--രാത്രിയില്‍ പതിക്കുകയും വേണം--പകല്‍ പശുവിന്റെ കാര്യമാണ് പ്രധാനം. സ്കൂളില്ലാത്ത ദിവസങ്ങളില്‍, പുല്ലു പറിക്കുക, ചീനിക്കമ്പിനു കിളയ്ക്കുക അങ്ങനെ എന്തെങ്കിലുമൊക്കെ പണികാണും. ഇതെല്ലാം പറഞ്ഞാല്‍ മത്രമെ ഞങ്ങള്‍ ചെയ്യത്തൊള്ളെന്നു പറയേണ്ടതില്ലല്ലോ. അച്ഛന്‍ മുറയ്ക്കു പറയും ‘’പറഞ്ഞാല്‍ കേള്‍ക്കുന്നവനേ കണ്ടാല്‍ കുളിക്കണമെന്ന്.’

“അങ്ങനെ ഇരിക്കുമ്പോഴാണ് ഏതെങ്കിലും അവധി ദിവസം--വളരെ ദുര്‍ല്ലഭമായേ ഉള്ളൂ-- ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് പന്തു കളിക്കാന്‍ തീരുമാനിക്കുന്നത്. അന്ന് ആരും പറയണ്ടാ. ശടപടേന്നു ജോലികള്‍--അരക്കുട്ടക്കണക്കിന് പുല്ല്, ചാണകം വാരല്‍ -പറയാതെ--എവിടെങ്കിലും ബാക്കി പണി കിടപ്പുണ്ടോ എന്നന്വേഷിച്ചു ചെയ്യല്‍--ആകെ ബഹളമാണ്. അച്ഛന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നത്തില്ല. ഞങ്ങള്‍ക്ക് മൂന്നുമണിക്ക് പോകേണ്ടതല്ലേ. അതിനു മുന്‍പു സര്‍വ്വ പണിയും തീര്‍ത്താല്‍ പിന്നെ അച്ഛനു പറയാനൊന്നും കാണുകയില്ലെന്നാണു ഞങ്ങളുടെ--എന്റേയും, അനിയന്റേയും --അതേ തുറു സ്പെഷ്യല്‍ തന്നെ--വിചാരം. ഏതാണ്ടു രണ്ടു മണിയോടുകൂടി അച്ഛനും ഞങ്ങളുടെ കൂടെ ജോലിക്കിറങ്ങും. അന്ന് അച്ഛനു നല്ല സ്വഭാവമാണ്. ചിരിക്കും, ഞങ്ങളോട് കാര്‍ഷികകാര്യങ്ങളേക്കുറിച്ച് സംസാരിക്കും--നല്ല ജോളിയാണ്. അങ്ങനെ മൂന്നുമണിയാകുമ്പോഴും ജോലി തുടര്‍ന്നു കൊണ്ടേ ഇരിക്കും. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയാണ്.


അപ്പോഴാണ് അച്ഛന്റെ ഒരു പറച്ചില്‍--എടാ ഇന്നു നമുക്ക് ഒരു പത്തു തെങ്ങിന് കുഴികള്‍ എടുക്കണം. എന്നിട്ട് തെങ്ങ് എങ്ങിനെയാണ് വയ്ക്കേണ്ടതെന്നും,കുഴിയുടെ നീളം ,വീതി,താഴ്ച--കുഴി ചുടേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ശസ്ത്രീയമായ ഒരു പ്രഭാഷണം--

ഞങ്ങളുടെ മനസ്സു കെട്ടു. ഇന്നത്തേ കളിതൊങ്കി. പിന്നെ മനസ്സില്ലാമനസ്സോടെയുള്ള ശ്രമമാണ്.

അപ്പോള്‍ അനിയന്‍ --അവന് അച്ഛനേ അത്ര പേടിയില്ല--കൊച്ചാട്ടാ നമുക്ക് പോകണ്ടേ? എന്നൊരു ചോദ്യം.

ഞാനൊന്നു കണ്ണുരുട്ടി നോക്കും. അച്ഛന്‍ മനസ്സില്‍ രസിക്കുകയാണ്.

അനിയന്‍ വീണ്ടും--പന്തുകളിക്കാന്‍ .

അപ്പോള്‍ അച്ഛന്‍ ഒന്നും അറിയാത്ത പോലെ--എന്തവാടാ-ആര്‍ക്കാനും വേണ്ടീട്ടോക്കാനിക്കുന്ന പോലെ ജോലിചെയ്യുന്നത്?

ഉടനേ അവന്‍ - അച്ഛാ ഇന്നു പന്തുകളിയുണ്ട്. അതിനു പോകാനാ ഞങ്ങളീ രാവിലേമുതല്‍ ജോലിയെല്ലാം തീര്‍ത്തത്.

ഓഹോ-- അതുശരി--എന്നാല്‍ ഇതുകൂടിതീര്‍ത്തു പൊയ്ക്കോ. അതാണ് അച്ഛന്റെ വേറൊരു മുഖം.


അങ്ങനെ ഇരിക്കേ സേവനവാരം വന്നു. ഒക്ടോബര്‍ രണ്ടു മുതല്‍ അന്ന് അത് വലിയ ആഘോഷമാണ്. ഇന്നും അല്ലെന്നല്ല. അന്നു വിദ്യാര്‍ത്ഥികളേ ഗ്രൂപ്പാക്കി ഓരോ ഏരിയായിലേക്കു നിയോഗിക്കും. എല്ലാഗ്രൂപുകളും അദ്ധ്യാപകരേ ഏല്പിക്കാന്‍ പറ്റില്ലല്ലോ. അങ്ങിനെ ഗ്രൂപ്പ് ലീഡറേ ചുമതല ഏല്പിക്കും. അതില്‍ ഒരാളുടെ വീട്ടിലേക്കായിരുന്നു ആദ്യത്തേ യാത്ര. അവിടുത്തെ കുളം വെട്ടലും, തെങ്ങിനു തടമെടുക്കലും, പരിസരം ശുചിയക്കലുമെല്ലാം ഉത്സാഹമായി നടത്തി. പുതിയ ഒരു പരിപാടി. ഉച്ചയ്ക്ക് വള്ളപ്പാട്ടും പാടി സ്കൂളിലേക്ക് തിരിച്ചുപോക്ക്. ഇതിന്റെയൊക്കെരസം----ങ്ഹാ- അതൊരുകാലം.


വള്ളപ്പാട്ട് അഥവാ വഞ്ചിപ്പാ‍ട്ടിനേപ്പറ്റി പറഞ്ഞപ്പോള്‍ ഞങ്ങളുടെ നാട്ടിലേ ഓണാഘോഷത്തേപ്പറ്റിക്കൂടി പറയണം. മൂന്നു ദിവസം തുടര്‍ച്ചയായി ചുണ്ടന്‍ വള്ളം കളിയുള്ള ലോകത്തിലേ ഒരേ ഒരു സ്ഥലമാണ് ഞങ്ങളുടെ ഗ്രാമങ്ങള്‍. ഹരിപ്പാട്ട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേ പ്രതിഷ്ടാ സ്മാരകമായി നടത്തുന്ന വള്ളം കളീയാണ്. കായംകുളം കായലില്‍ നിന്നും വേലായുധ സ്വാമിയുടെ വിഗ്രഹം കണ്ടെടുത്തെന്നും അതു ചുണ്ടന്‍ വള്ളങ്ങളുടെ അകമ്പടിയോടുകൂടി പതിനെട്ടു കരക്കാര്‍ ചേര്‍ന്ന് ഹരിപ്പാട്ടമ്പലത്തില്‍ കൊണ്ടു വന്ന് പ്രതിഷ്ടിച്ചെന്നുമാണ് ഐതിഹ്യം. അതിന്റെ ഓര്‍മ്മയ്ക്കായി എല്ലാ തിരുവോണം , അവിട്ടം, ചതയം നാളുകളില്‍ -ഇപ്പോള്‍ പായിപ്പാട്ടു ജലോത്സവം എന്ന പേരില്‍ വള്ളംകളി നടന്നു വരുന്നു. അപ്പര്‍ കുട്ടനാട്ടിലുള്ള എല്ലാ കരകളിലും സ്വന്തമായി ചുണ്ടന്‍ വള്ളങ്ങളുണ്ട്. കരുവാറ്റാ, ചെറുതന, ആയാപറമ്പ്, ആയാപറമ്പ് പാണ്ടി, ആനാരി, പായിപ്പാട്, കാരിച്ചാല്‍, വെള്ളംകുളങ്ങര എന്നീ എട്ടു കരകള്‍ക്ക് ഇപ്പോള്‍ സ്വന്തമായി ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ട്. തിരുവോണത്തിന്റന്നു രാവിലേ ചുണ്ടന്‍ വള്ളങ്ങള്‍ എല്ലാം വഞ്ചിപ്പാട്ടും പാടി നെല്‍പ്പുരക്കടവില്‍ എത്തുകയും, അവിടെനിന്നും , പങ്കായവും തുഴകളുമായി,വള്ളപ്പാട്ടുമ്പാടി ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി വഴിപാടുകഴിച്ച് മാലയും വാങ്ങി തിരിച്ചു പോരുകയുമാണ് പതിവ്.. അന്നുച്ചയ്ക്ക് കുട്ടികളുടെ വള്ളം കളിയാണ്. വൈകുമ്പോഴേക്കും എന്തെങ്കിലും “ഈശാപോശാ” ഉണ്ടാകും. എട്ടു വള്ളങ്ങളില്‍ എണ്ണൂറ്റമ്പതു പേരോളം നടത്തുന്ന കളിയല്ലേ!


അടുത്ത ദിവസം രാവിലേ--അവിട്ടം നാളില്‍--പിള്ളാരുകളിയാണ്. തലേദിവസത്തെ പിണക്കം ഒന്നൂട്ടി ഉറപ്പിക്കും. അന്നുകരകള്‍ തമ്മില്‍ മത്സരം പ്രസിദ്ധമാണ്. ഉച്ചയ്ക്ക് വലിയവരുടെ കളി. പിള്ളാരുടെ പടലപിണക്കം വലിയവര്‍ എറ്റെടുക്കും. കായികമായി ആരോഗ്യമുള്ള എല്ലാവരും പങ്കെടുക്കും. അതിമനോഹരമായി വഞ്ചിപ്പാട്ടും പിന്നെ വച്ചുപാട്ടും പാടിനടത്തുന്ന വള്ളം കളി ഇന്നുള്ളവര്‍ക്ക് പറഞ്ഞു കേള്‍ക്കാനെ യോഗമുള്ളൂ. എല്ലാവള്ളങ്ങളും കൂടി നിരന്ന് വച്ചുപട്ടുപാടി അസ്തമന സൂര്യനേ നോക്കി പടിഞ്ഞാറോട്ട് പോകുമ്പോള്‍ ഏകദേശം എണ്ണൂറോളം തുഴകളില്‍ നിന്ന് ഒരേസമയം ഒരേ താളത്തില്‍ ജലകണങ്ങള്‍ മുകളിലേക്കുപോയി, സായാഹ്ന ഭാസ്കരന്റ് ചെങ്കനല്‍ പ്രഭ ഏറ്റു വാങ്ങി മാരിവില്ലു വിരിയിക്കുന്നത് കണ്ടുതന്നെ അനുഭവിക്കണം.


അടുത്ത ദിവസം--ചതയം. രാവിലേ പിള്ളാരും വലിയവരും ചേര്‍ന്നൊരു കളി. ഓണത്തിനു തുടങ്ങിയ അലോസരം അതിന്റെ മൂര്‍ദ്ധന്ന്യത്തില്‍ എത്തിക്കും. അവരവരുടെ കരയുടെ കടവില്‍ വരുമ്പോള്‍ വള്ളം മുന്‍പിലാക്കാനുള്ള ശ്രമം--അതു തടയാനുള്ള ബാക്കി കരക്കാരുടെ പരാക്രമം--ഇങ്ങനെ രാവിലത്തേ കളി കഴിഞ്ഞാല്‍ പിന്നെ അക്കൊല്ലത്തേ കലാശക്കളിയാണ്. ചതയംനാള്‍ വൈകിട്ട് എല്ലാ വള്ളത്തിലും ആളുകള്‍ തയ്യാറായിട്ടാണ് കയറുന്നത്. അന്ന് പിള്ളാരേയും വയ്യാത്തവരേയും, ഭീരുക്കളേയും ഒന്നും വള്ളത്തില്‍ കേറ്റത്തില്ല. അന്നു കളീ പൊടിപൊടിക്കും--പക്ഷേ അവസാനിക്കുന്നത് വള്ളക്കാര്‍ തമ്മിലുള്ള ഒരു കൂട്ടത്തല്ലോടെയാണ്. അതിന്റെ വീരസ്സ്യം പറഞ്ഞ് സ്കൂളില്‍ ഞങ്ങള്‍ കരതിരിഞ്ഞ് ഇടിയും, വഴക്കും ഒരുമാസത്തോളം ആചരിക്കും. (തുടരും)

Comments (0)