അപ്പൂപ്പന്റെ കഥ രണ്ട്

രാവിലെ സ്കൂളില്‍ പോകല്‍, വൈകിട്ടു ഫുട്ബാള്‍ കളിക്കാന്‍ പോകല്‍, വീട്ടില്‍ താമസിച്ചു വരല്‍, അച്ഛന്റെ കൈയ്യില്‍ നിന്നും അടിമേടിക്കല്‍, അടുത്തദിവസം അടിയുടെ ഓര്‍മ്മ കൊണ്ട് കളിക്കാന്‍ പോകാതിരിക്കല്‍, അടുത്ത ദിവസം വീണ്ടും കളിക്കാന്‍ പോകല്‍, വീണ്ടും അടിമേടിക്കല്‍-- ഇങ്ങനെ തുടര്‍ന്നു കൊണ്ടിരുന്നു. ഇന്ന് അര മണിക്കൂറെ കളിക്കുകയുള്ളൂ, എന്തായാലും വീട്ടില്‍ നേരത്തേ എത്തും എന്നൊക്കെ വിചാരിച്ചാണ് കളിക്കാന്‍ പോകുന്നത്. പക്ഷേ കളി തുടങ്ങിയാല്‍ കണ്ണുകാണാതായേ നിര്‍ത്തൂ. എന്തു ചെയ്യും? അടി മേടിക്കുക തന്നെ.

താമസിച്ചു ചെല്ലുന്നന്ന് പുസ്തകം താഴെ വച്ച് കച്ചി വലിച്ച് പുസ്തകവും കച്ചിയുമായി പോയിനോക്കി. അച്ഛന്റടുക്കല്‍ ഒരു രക്ഷയുമില്ല.
ഞങ്ങളുടെ സ്കൂളില്‍ ഒരു പുതിയ ഹെഡ് മാസ്റ്റര്‍ ചാര്‍ജെടുത്തു. വരുന്നതിനു മുന്‍പുതന്നെ അദ്ദേഹത്തിന്റെ ഭീകരതയേപ്പറ്റി സ്കൂളില്‍ പാട്ടായി. ഇന്നത്തേ കാലമല്ല. സാറന്മാരും ഹെഡ് മാസ്റ്ററും എല്ലാം ബഹുമാനിക്കപ്പെടേണ്ടവരാണെന്നാണ് പറഞ്ഞു തന്നിരുന്നത്. പക്ഷേ സ്നേഹം കൊണ്ടുള്ള ബഹുമാനമല്ല, ഭയംകൊണ്ടുള്ള ബഹുമാനമാണ് മുന്തി നിന്നിരുന്നത്.

ഞങ്ങള്‍തേഡ് ഫാറത്തില്‍ പടിക്കുമ്പോള്‍(ഇന്നത്തേ എട്ടാംക്ലാസ്) മുന്‍ബഞ്ചില്‍ ഞങ്ങള്‍ അഞ്ചു പേര്‍-ഏറ്റവും ചെറിയവര്‍-കുസൃതിക്കും പഠിത്തത്തിനും ഏറ്റവും മുന്തിയവര്‍. കണക്കുസാര്‍ വന്ന് സമാന്തര രേഖകളേപ്പറ്റി പഠിപ്പിച്ചു. അവ ഒരിക്കലും കൂട്ടിമുട്ടത്തില്ലെന്നുള്ള അതിന്റെ പ്രത്യേകതകളെക്കുറിച്ചും പറഞ്ഞുതന്നു.

അതുകഴിഞ്ഞ് ഞങ്ങളുടെ ഡ്രായിങ്ങ് സാര്‍ വന്നു. അദ്ദേഹം വന്ന ഉടനേ ബോര്‍ഡില്‍ രണ്ടു വര വരച്ചു. ഇതു രണ്ടും സമാന്തര രേഖകളാണെന്നും, ബോര്‍ഡില്‍ സ്ഥലമില്ലാത്തതു കൊണ്ട് കൂട്ടിമുട്ടാത്തതാണെന്നും പറഞ്ഞു. (കൂ‍ട്ടത്തില്‍ പറയട്ടേ-അദ്ദേഹത്തിനോടുള്ള ബഹുമാനക്കുറവു കൊണ്ടല്ല ഇതു പറയുന്നത്. ഒരുദിവസം ഉച്ചക്ക് ഞാന്‍ വെയിലത്തു നടക്കുന്നതു കണ്ട് വഴക്കു പറഞ്ഞ് കുട തന്നയച്ച സാറാണ്. )

എന്റെ തൊട്ടടുത്തിരിക്കുന്നത് നാരായണക്കുറുപ്പാണ്. ഞങ്ങളിലാ‍ാരാണ് കുസൃതിയില്‍ ഒന്നാമനെന്ന തര്‍ക്കം ഇന്നും തീര്‍ന്നിട്ടില്ല. അവനെന്നേ ഒന്നു തോണ്ടിയിട്ടു ചോദിച്ചു,
എടാ-സമാന്തര രേഖകള്‍ കൂട്ടി മുട്ടത്തില്ലെന്നല്ലേ മാത്യുസാര്‍ പഠിപ്പിച്ചത്?
ഞാന്‍ അതെ എന്നു പറയുകയും-അവന്‍ ഇട്ടട്ടടാ-എന്നൊരു ചിരി.
സാര്‍ ചൂരലുമായി അടുത്തു വന്ന്-എന്താടാചിരിച്ചത് എന്നു ചോദിച്ചു. സാര്‍ കുട്ടിപറയുന്നു സമാന്തര രേഖ കൂട്ടിമുട്ടത്തില്ലെന്ന്--യാതൊരു സംശയവും കൂടാതെ അവന്‍ പറഞ്ഞു. സാര്‍ ഇല്ല്ലിയോടാ എന്നു ചോദിക്കുകയും, ചൂരലിന് ഒരു പെട തരികയും ഒന്നിച്ചായിരുന്നു. അവിടെ മാത്യു സാര്‍ പറഞ്ഞെന്നെങ്ങാനും പറഞ്ഞാല്‍-----ഒരു രക്ഷയുമില്ല.
അങ്ങിനെ ഹെഡ് മാസ്റ്റര്‍ എത്തി. ഞങ്ങളുടെ സ്കൂള്‍ അച്ചടക്കത്തില്‍ അല്പം പുറകിലായിരുന്നു. പുതിയ ഹെഡ് മാസ്റ്റര്‍ വന്ന അന്നു തന്നെ രസകരമായ ഒരു സംഭവം ഉണ്ടായി. ശിപായി കുറുപ്പു ചേട്ടന്‍ പറഞ്ഞതാണ്. ചേട്ടന്‍മാരോടെ.

അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ പറയാം. “ എഡോ, രാവിലേ ദേശീയഗാനം കഴിഞ്ഞ് നിങ്ങളെല്ലാരും ക്ലാസില്‍ പോയില്ലേ. ഏതോ ഒരുത്തന്‍ വടക്കു വശത്തേ യൂക്കാലിയില്ലിയോ, അതേല്‍ ചാരി നില്‍ക്കുന്നു. വിദ്യാര്‍ത്ഥി യൂണിയനോമറ്റോ തുടങ്ങിയില്ലിയോ? അതിന്റാളായിരിക്കണം. നമ്മടെ എഛ്.എം (ഹെഡ് മാസ്റ്റര്‍) ഒരു തടിയന്‍ ചൂരലും കൊണ്ട് തെക്കുവശത്തൂടെ ചുറ്റി കിഴക്കുവശത്തൂടെ വടക്കുവശത്തെത്തി. നമ്മുടെ കഥാനായകന്‍ പടിഞ്ഞാറ് റോഡിലേക്കു നോക്കി ആരേയോ പ്രതീക്ഷിച്ചു കൊണ്ടു നില്‍ക്കുന്നു. എഛ്. എം. പുറകില്‍ കൂടി പതുക്കെ ചെന്ന് ക്ലാസില്‍ പോടാ എന്നു ഒരലര്‍ച്ച ഒപ്പം രണ്ടു വീക്ക്. വിരണ്ടു പോയ കഥാനായകന്‍ ഞാനിവിടെ പടിക്കുന്നതല്ല എന്നു വിറച്ചു കൊണ്ടു പറ്യുകയും ങാഹാ. പിടിച്ചൊ കുറുപ്പേ എന്ന് എന്നോടൊരട്ടഹാസം. കുറുപ്പു ചേട്ടന്‍ ചിരിതുടങ്ങി. ചിരിക്കിടയിലൂടെ വിക്കിവിക്കി--അവന്റെ ഒരോട്ടം- മാരത്തോണ്‍ മത്സരത്തിന് ഇവിടെ ആളില്ലെന്നാരാ പറഞ്ഞത്--ഓടി മതിലുചാടി മറിഞ്ഞ് നിമിഷ്ത്തിനകം അവന്‍ അപ്രത്യക്ഷനായി.“ കുറുപ്പുചേട്ടന്‍ ചിരി നിര്‍ത്താന്‍ പാടുപെട്ടുകൊണ്ട് പറഞ്ഞു നിര്‍ത്തി. ഏതായാലും ഒറ്റ ദിവസം കൊണ്ട് സ്കൂളിലേ അച്ചടക്കം പൂര്‍ണ്ണമായി. പിന്നെ വളരെക്കാലത്തേക്ക് ഒരു പ്രശ്നവും അവിടെ ഉണ്ടായില്ല.

അങ്ങിനെ ഇരിക്കേ ഒരു ശനിയാഴ്ച ഞങ്ങള്‍ക്ക് എക്സ്ട്രാ ക്ലാസ്സ് വച്ചു. പത്തു മണിമുതലാണ് ക്ലാസ്സ്. പക്ഷേ ഞങ്ങള്‍ എട്ടുമണിയോടു കൂടിത്തന്നെ സ്കൂളില്‍ എത്തി. പരിപാടിയുണ്ട്.

ഇനി ഞങ്ങളുടെ ക്ലാസ്സിനേ പ്പറ്റി. ഞങ്ങള്‍ പന്ത്രണ്ട് ആണ്‍കുട്ടികളും, ഇരുപത്തി മൂന്നു പെണ്‍കുട്ടികളുമാണ്. ഒരേ സൈസില്‍ ഇങ്ങനെ പന്ത്രണ്ടെണ്ണത്തിനേ എങ്ങിനെ കിട്ടിയെന്ന് അത്ഭുത പ്പെടുന്നവിധം--ഒരേ അളവിലും തൂക്കത്തിലും ഉള്ള ഏറ്റവും ചെറിയ കുട്ടികള്‍--ഞങ്ങളുടെ ഇരട്ടിയുള്ള പെണ്‍കുട്ടികള്‍.
ഞങ്ങല്‍ ആണ്‍കുട്ടികള്‍ വന്നയുടനേ ചാമ്പയില്‍ കയറി. അതിനാണല്ലോ ഇത്ര രാവിലേ എത്തിയത്. സ്കൂളിന്റെ കിഴക്കുവശത്ത് അഞ്ചു മൂട് ചാമ്പ മരങ്ങള്‍, സൂര്യനുദിച്ച പോലെ പൂത്തു നില്‍ക്കുന്നു. ഞങ്ങള്‍ക്ക് അവിടേക്ക് പ്രവേശന്മില്ല. ആഭാഗം പെണ്‍കുട്ടികളുടെ സാമ്രാജ്യമാണ്. ഇന്നു തക്കം കിട്ടിയതാണ്. സാറു പത്തുമണിയോടെയേ വരൂ. ആരേ പേടിക്കാനാണ്. ചാമ്പയില്‍ കയറി അതിന്റെ പൂവെല്ലാം ഇറുത്തെടുക്കുകയും ഏതോ വൈരാഗ്യം തീര്‍ക്കാനെന്നപോലെ ഇല തല്ലിക്കൊഴിക്കുകയും--അങ്ങനെ തകര്‍ത്താടിക്കൊണ്ടിരുന്നപ്പോള്‍ എഛ്,എം. എന്നുവിളിച്ചുപറഞ്ഞു കൊണ്ട് പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ പാഞ്ഞു കയറി. പെണ്‍കുട്ടികള്‍ വന്നവര്‍ വന്നവര്‍ ഞങ്ങളുടെ സാഹസങ്ങള്‍ കണ്ട് രസിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു.
ഒരു നിമിഷം. പതിനൊന്നു പേരും ചാടി എങ്ങോട്ടോ മറഞ്ഞു.. ചാടല്ലേടാ--പതുക്കെ ഇറങ്ങ്--വീണ് കൈയ്യും കാലും ഒടിക്കല്ലേടാ എന്നു പറഞ്ഞ് ഹെഡ് മാസ്റ്റര്‍ വരുകയും, ചാമ്പക്കമ്പില്‍ പിടിച്ച് താഴെച്ചാടി കമ്പൊടിഞ്ഞ് കമ്പും ഞാനും കൂടി അദ്ദേഹത്തിന്റെ മുമ്പില്‍-ദാ കിടക്കുന്നു. വല്ലെടോം ഉളുക്കിയോടാ എന്നു ചോദിച്ച് പുറത്തുതട്ടി ഹെഡ് മാസ്റ്റര്‍ പോ- ക്ലാസ്സില്‍പ്പോ-എന്നുപറഞ്ഞു. അദ്ദേഹത്തിന്റെ മുന്‍പില്‍ നിന്ന് വിളറിവെളുത്ത് ഞാന്‍ തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തെക്ക്-- പുതിയ അവതാരത്തിന്റെ. അവള്‍ക്കുമുണ്ടോ എക്സ്ട്രാ ക്ലാസ്സ്?
അവളുടെ മുഖത്ത് പുച്ഛമാണോ,പരിഹാസമാണോ, കൌതുകമാണോ എന്നൊന്നും അറിഞ്ഞുകൂടാ. ഒരു നിമിഷം നിര്‍ന്നിമേഷം നോക്കിനിന്നിട്ട് അവള്‍ ക്ലാസ്സിലേക്ക് കുതിച്ചു. ഒരു പൊട്ടിച്ചിരി അവിടെ മുഴങ്ങി.
പുതിയ അവതാരം ആരാണെന്നോ,ഏതുക്ലാസ്സില്‍ പടിക്കുകയാണെന്നോ, എന്താണു പേരെന്നോ ഒന്നും അറിയില്ല. അങ്ങിനെ തിങ്കളാഴ്ചയായി. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ്, പാത്രംകഴുകി തിരിച്ചു ക്ലാസ്സില്‍ വന്നപ്പോള്‍ അവിടെ പെണ്‍കുട്ടികളുടെ ഇടയില്‍ ഉണ്ടായിരുന്ന ബഹളം പെട്ടെന്ന് നിന്നു.ഞാന്‍ പാത്രം കൊണ്ടുവച്ച് വെളിയിലേക്കിറങ്ങുകയും -ഒരു കൂട്ടച്ചിരി. തിരിഞ്ഞു നോക്കിയപ്പോള്‍ അവതാരത്തിനു ചുറ്റിനുമാണ് ഞങ്ങളുടെ ക്ലാസ്സിലേ പെണ്‍കുട്ടികളെന്നു മനസ്സിലായി. ചാമ്പയെന്നോ മറ്റോ പറയുന്നത് ഞാന്‍ പോകുന്ന പോക്കില്‍ കേട്ടു.
ഇപ്പോള്‍ അവളേക്കുറിച്ച് കൂടുതല്‍ അറിയണമെന്നൊരാശ. ആരോടു ചോദിക്കും , എന്തു ചോദിക്കും, എങ്ങിനെ ചോദിക്കും? നിങ്ങള്‍ക്കത്ഭുതം--ഇത് ൧൯൫൪ ആണ്. അങ്ങിനെ കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു. (തുടരും)

Comments (1)

aa puthiya avathaarathinte kooduthal details poratte.... hehe
kollam tto mashe