മാടപ്പോത്ത്

അപ്പൂപ്പന്‍ ഒരു മാടപ്പോത്തിന്റെ കഥ പറയാമെന്നു പറഞ്ഞില്ലേ. ഇന്നതുപറഞ്ഞാ മതി. ആതിരയാണ് മിക്കവാറും കഥ നിശ്ചയിക്കുന്നത്.

ശരി ഇന്നതുതന്നാകട്ടെ--പക്ഷേ വൈകിട്ടു ഗോമൂത്രം കോരി വെള്ളവും ചേര്‍ത്ത് പയറിന് തളിക്കണം. പിന്നെ രണ്ടു ദിവസത്തേക്ക് കൈയ്യിലേ വാട പോത്തില്ല. രാമിന്റെ പരാതി--

വല്ല കല്ലു പിടിക്കുവോ മറ്റോ ആണെങ്കില്‍ മൂപ്പര്‍ക്ക് പെരുത്തു സന്തോഷമാണ്.

പയറു പുഴുങ്ങിത്തിന്നുമ്പോള്‍ അതങ്ങു മാറും. അതുപോട്ടെ. കുന്നത്തു മനയ്ക്കലെ പണിക്കാരനാണ് ചാത്തന്‍ ‍. വെളുപ്പിനു നാലു മണിക്കു പണിക്കെത്തണം. എന്നു വന്നാലും തമ്പ്രാന്‍ ഭജിക്കുകയാണെന്ന പല്ലവിയാണ് കേള്‍ക്കുന്നത്. നേരം വെളുക്കുന്നതുവരെ ഒരു ഭജിക്കല്‍--എന്താണീഭജിക്കല്‍--ചാത്തന് ആലോചിച്ചാലോചിച്ച് ഭ്രാന്തു പിടിച്ചു. എന്തായാലും തമ്പ്രാനോട് ചോദിക്കണം.

അങ്ങനെ ധൈര്യം സംഭരിച്ച് ഒരു ദിവസം വൈകിട്ടു പാടത്തുനിന്നും കയറി വരുമ്പോള്‍ ചാത്തന്‍ ചോദിച്ചു--തമ്പ്രാ ഈ രാവിലേ തമ്പ്രാ എന്താ പജിക്കുന്നേ.

തമ്പ്രാനു പുച്ഛം--അടിയാനുഭജിക്കുന്നതറിയണം--പോത്തിനെ പൂട്ടുന്നവന് ഭഗവത്ഭജനം! അയാള്‍ ഗൌരവത്തില്‍ പറഞ്ഞു-ഞാന്‍ മാടപ്പോത്തിനെയാണ് ഭജിക്കുന്നത്- എന്താ നിനക്കും ഭജിക്കണോ?

അടിയന്‍ ഭജിച്ചാ പോത്ത് പ്രസാദിക്കുമോ തമ്പ്രാ.

പിന്നേ പ്രത്യക്ഷപ്പെടും-പുച്ഛസ്വരത്തില്‍ പറഞ്ഞിട്ട് അയാള്‍ പോയി.

ചാത്തനു സന്തോഷമായി. തമ്പ്രാന്റെ അനുവാ‍ദം കിട്ടിയല്ലോ-ഇനിമുതല്‍ അവനും ഭജിക്കും.

അന്നുമുതല്വെളുപ്പിനേ ജോലിക്കു പോകുന്നതിനു മുമ്പ് ചാത്തന്‍ കുളികഴിഞ്ഞ് വിളക്കും--അവനുമണ്ണെണ്ണവിളക്കേ ഉള്ളൂ-- അതിന്റെ മുമ്പില്‍ മാടപ്പോത്തിനെ ധ്യാനിച്ചുകൊണ്ടിരിക്കും. ജോലിക്കു വിഘ്നം വരാന്‍ പറ്റില്ലല്ലോ. അത് കറക്ടായിട്ടു തന്നെ നടന്നു. ദിവസം ചെല്ലുന്തോറും ധ്യാനം കൂടി--വൈകിട്ടും തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും വൈകുണ്ഠത്തില്‍ പ്രശ്നംതുടങ്ങി. ആകെ അസ്വസ്ഥത. ലക്ഷ്മീദേവി വിഷ്ണുവിനോടു പറഞ്ഞു. ദേ ഒരാള്‍ ഭജനം തുടങ്ങിയിട്ടുണ്ട്. പണ്ടത്തേക്കാര്യം ഓര്‍മയുണ്ടല്ലോ--വേഗം ചെല്ല്.

ഞാനിനി മാടപ്പോത്തായിട്ടു പോണമല്ലോ ദേവീ.

ങാ പൊക്കോ-അല്ലേങ്കില്‍ അവന്‍ എന്താ ചെയ്കയെന്ന് അറിയില്ല.--

എന്തവാ അപ്പൂപ്പാ പണ്ടത്തേ കാര്യം? ആതിരയ്ക്ക് ഉല്‍കണ്ഠ അടക്കാന്‍ വയ്യ.

അതോ-പണ്ടൊരു കര്‍ഷകന്‍ --ദാമോദരനെന്നാപേര്- എപ്പോള്‍ കൃഷിചെയ്താലും ഒന്നുകില്‍ വെള്ളം കേറി-അല്ലെങ്കില്‍ വരള്‍ചയില്‍ അതു നശിച്ചു പോകും. ആ‍ളു പരമ ഭക്തനാണ്. കൊല്ലങ്ങള്‍ ഇങ്ങനെ തുടര്‍ന്ന് പട്ടിണിയും പരിവട്ടവുമായി അയാളും കുടുംബവുംനരകിച്ചു. അധാര്‍മ്മികമായ പണി ചെയ്താല്‍ പട്ടിണി മറ്റാം. പക്ഷേ അയാള്‍ അതിനു തയ്യാറല്ല. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നതുകൊണ്ട് അദ്ദേഹം നോക്കിക്കൊള്ളുമെന്നാണ് അഭിപ്രായം. അത്തവണത്തേ കൃഷിയും പോയി. ഭാര്യയ്ക്കു ദേഷ്യം വന്നു. വിഷ്ണു സഹസ്രനാമത്തില്‍ ഉള്ള “ഓം വിശ്വംഭരായ നമ:“ എന്ന മന്ത്രത്തില്‍ കരി കൊണ്ട് ഒറ്റ വര--

ഈ മന്ത്രമുള്ളതുകൊണ്ട് നമ്മളേ രക്ഷിക്കേണ്ട ചുമതല വിഷ്ണുവിനുണ്ടെന്ന് ഭര്‍ത്താവ് അവരേ വിശ്വസിപ്പിച്ചിരുന്നു.

വൈകുണ്ഠത്തില്‍ ദേവി ഉണര്‍ന്നു വിഷ്ണുവിന്റെ മുഖത്തു നോക്കി ചിരി തുടങ്ങി. വിഷ്ണു ഉണര്‍ന്ന് ദേവി ചിരിക്കുന്നതു കണ്ട് കാര്യം തിരക്കി.

ദേവി ഒന്നും പറയാതെ കണ്ണാടി മുഖത്തിനു നേരേ പിടിച്ചു--മൂക്കിന്റെ മുകളില്‍കൂടി ഇരുവശത്തേക്കും കരികൊണ്ടൊരു വര.

അയ്യോ-ഇതാ ദാമോദരന്റെ ഭാര്യ പറ്റിച്ച പണിയാ--കാര്യം നടക്കണമെങ്കില്‍ പെണ്ണുങ്ങള്‍ തന്നെ വേണം. ഇനി അവന് ഒരു മുട്ടും വരാതെ ഞാന്‍ നോക്കിക്കൊള്ളാം. അങ്ങിനെ ദാമോദരന്‍ രക്ഷപെട്ടു. അതാണ് ദേവി ഓര്‍മ്മിപ്പിച്ചത്.

അപ്പൂപ്പാ ഒരു സംശയം-ദേഷ്യപ്പെടരുത്--ശ്യാം കുട്ടനാണ്--ജനിച്ചപ്പോള്‍ മുതല്‍ ദിവസവും ഭജിക്കുന്ന മനയിലേ തമ്പ്രാന്റെ കാര്യത്തില്‍ ഇതുപോലൊന്നും പറഞ്ഞില്ലല്ലോ.

മിടുക്കന്‍ -മോനെ ഇത്തരം ചോദ്യങ്ങളാണ് വേണ്ടത്.

തമ്പ്രാന് ചെറുപ്പം മുതല്‍ പഠിച്ച കാര്യം ചെയ്യണമെന്നല്ലാതെ അതില്‍ ഒരു വിശ്വാസവുമില്ല. വിശ്വാസമുണ്ടെങ്കില്‍ ഒരു സംശയവും വേണ്ടാ കാര്യം നടക്കും. വിശ്വാസമുണ്ടെങ്കില്‍ കാര്യം നടക്കുമെന്നു പറഞ്ഞ് അവരു തന്നെ ആള്‍ക്കാരേ പറ്റിക്കുന്നില്ലേ? പത്രത്തില്‍ കാണുന്നില്ലേ സ്പെഷ്യല്‍ ശക്തിയുള്ള ത്രൈയംബക രുദ്രാക്ഷം--ധനാഗമ യന്ത്രം മുതലായവ മേടിച്ചു ധരിക്കാന്‍ --ആയിരക്കണക്കിനു രൂപാ വിലയും--ധരിക്കുന്നവനല്ല-വില്‍ക്കുന്നവനാണ് ധനാഗമമെന്നു മാത്രം. അല്ലെങ്കില്‍ ഇതുണ്ടാക്കി വില്‍ക്കുന്നതിനു പകരം അയാള്‍ക്കുതന്നെ അങ്ങുധരിച്ച് പണം ഉണ്ടാക്കിയാല്‍ പോരേ--പണ്ടു സഞ്ജയന്‍ പറഞ്ഞു”ലോകത്തില്‍ വിഡ്ഢികളുള്ളടത്തോളം കാലം മനസ്സാക്ഷിയില്ലാത്തവര്‍ക്ക് പട്ടിണികിടക്കേണ്ടി വരികയില്ല തന്നെ” എന്ന്. എത്ര ശരി. ആരും വാ‍ങ്ങിച്ചില്ലെങ്കില്‍ ഇതൊക്കെ പത്രത്തില്‍ പരസ്യം ചെയ്യാന്‍ കാശെവിടാ--പോട്ടെ.

അടുത്ത ദിവസം ധ്യാനം കഴിഞ്ഞ് കണ്ണൂതുറന്ന ചാത്തന്റെ മുമ്പില്‍ അതാ നില്‍ക്കുന്നു ഒരു ഭയങ്കര മാടപ്പോത്ത്. ചാത്തനു പേടിയില്ല. അടുത്തുചെന്ന് അതിനേ തലോടി-അതിനോടു വര്‍ത്തമാനം പറഞ്ഞ് അതിന്റെ പുറത്തു കയറിയാണ് അന്നു പണിക്കു പോയത്. മനയുടെ വെളിയില്‍ പോത്തിനേ നിര്‍ത്തി ചാത്തന്‍ തമ്പ്രാനേ വിളിച്ചു-മാടപ്പോത്തിനേകാണിക്കാന്‍ ‍.

തമ്പ്രാന്‍ വന്നു നോക്കി. ഒന്നും കണ്ടില്ല. ഇവനു ധ്യാനിച്ച് തലക്ക് ഓളമായെന്നു വിചാരിച്ച് അയാള്‍ ഒന്നും മിണ്ടാ‍തെ സ്ഥലം വിട്ടു. പോത്തിനേ തമ്പ്രാനു പിടിച്ചില്ലെന്ന് ചാത്തനും വിചാരിച്ചു.

കാലം കടന്നുപോയി. ചാത്തന്‍ അവന്റെ ജോലി ചെയ്യിക്കുന്നതും, ഭാരം ചുമപ്പിക്കുന്നതും എല്ലാം പോത്തിനേക്കൊണ്ടാണ്. ഒരു ദിവസം തമ്പ്രാന്‍ പറഞ്ഞു--ചാത്താ-നാളെ നമുക്ക് ഓച്ചിറ വരെ പോകണം. കുറേ സാധനങ്ങള്‍ കൊണ്ടു പോകാനുണ്ട്. നേരത്തേ എത്തണം. ഒരു വണ്ടി വിളിച്ചോ.

എത്ര സാധനങ്ങളുണ്ടെങ്കിലും ചാത്തനെന്താ-പോത്തില്ലേ. അവന്‍ വണ്ടി ഒന്നും വിളിക്കാന്‍ പോയില്ല. വെളുപ്പിനേ തന്നെ ചാത്തനും പോത്തും റെഡി. പക്ഷേ ഒരു പ്രശ്നം. സാധനങ്ങള്‍ എല്ലാം പടിപ്പുരയുടെ അകത്താണ് വച്ചിരിക്കുന്നത്. പടിപ്പുര വാതിലിലൂടെ പോത്തിനെ കേറ്റാന്‍ ശ്രമിച്ചിട്ട് കൊമ്പ്--അത് അതിഭയങ്കരമാണ്-വാതിലില്‍ കൂടെ കടക്കുന്നില്ല. ചാത്തന്‍പോത്തിന് നിര്‍ദേശം കൊടുക്കുന്നു--തല ചരിച്ച്-ങ കുറേക്കൂടെ ചരിയട്ടെ--അങ്ങനെ-മുട്ടരുത്--ഇപ്പം കൊമ്പു മുട്ടും--പറഞ്ഞാ മനസ്സിലകത്തില്ലിയോ-ഒറ്റയടി-അങ്ങനെ മര്യാദയ്ക്കു കേറ്.

തമ്പ്രാന്‍ ഇതെല്ലാം കേട്ട് അന്തം വിട്ടു നില്‍ക്കുകയാണ്. അങ്ങേര്‍ക്ക് പോത്തിനേ കാണാന്‍ വയ്യല്ലോ. ഇവന്റെ ഭ്രാന്തു മൂത്തല്ലോ ഭഗവാനേ--അയാള്‍ വിലപിച്ചു--പക്ഷേ ചാത്തന്‍
സാധനങ്ങളെല്ലാം എടുത്തു വയ്ക്കുന്നതും അതു താഴെപ്പോകാതെ--പോത്തിന്റെ പുറത്തല്ലേ--നില്‍ക്കുന്നതും കണ്ട് അയാള്‍ക്ക് എന്തോ ബോധം ഉദിച്ചു. ഒരു വിഭ്രമത്തോടുകൂടി അയാള്‍ ചാത്തനേ സമീപിച്ചു. എവിടെ ഞാനൊന്നു നോക്കട്ടെ എന്നു പറഞ്ഞ് അയാള്‍ ആ തീണ്ടിക്കൂടാത്തവനെ തൊട്ടു. ഒരു മിന്നായം പോലെ പോത്തിനേക്കണ്ടു. പോത്താകട്ടെ ഈയാള്‍ കണ്ടു എന്നു മനസ്സിലായ ഉടനേ സാധനവും കുടഞ്ഞു കളഞ്ഞ് ഒറ്റ ഓട്ടം. ചാത്തന്‍ പുറകേ. പോത്ത് ഓടി ഓടി ഓച്ചിറയെത്തി ഒരു കാട്ടില്‍ മറഞ്ഞു--കൂടെ ചാ‍ത്തനും--പിന്നീടവരേ ആരും കണ്ടിട്ടില്ല. ചാത്തന്‍ അവസാനം പറഞ്ഞത് “ഒണ്ടിക്കാട്ടില്‍” എന്നാണ്. ഓച്ചിറെയുള്ള തൊണ്ടിക്കാട് ഇതാണെന്നാണ് പറയുന്നത്.

Comments (0)