കാക്കശ്ശേരി ഭട്ടതിരി രണ്ട്

എന്താ എല്ലാരും മയങ്ങി ഇരിക്കുന്നത്. തെങ്ങാ അരിഞ്ഞപ്പോള്‍ ആവശ്യത്തിന് അടിച്ചുകേറ്റിക്കാണും.

ഈ ഉണ്ണിയാ അപ്പൂപ്പാ -എന്തുമാത്രമാ തിന്നത്.

ങാഹാ കിട്ടുവോ പത്തെണ്ണമെങ്കിലും--

മതി മതി കണക്കൊന്നും പറയണ്ടാ--കുറച്ചു ചുക്കെടുത്തു തിന്നോണം. വയറുവേദന വരും. പറഞ്ഞേക്കാം.

എന്നിട്ടു കാക്കശ്ശേരി ഭട്ടതിരി എന്തു ചെയ്തു അപ്പൂപ്പാ.

പതിനൊന്നു വയസ്സു വരെ ഈ വിദ്വാന്മാര്‍ ആ കുട്ടിയെ സകല വിദ്യയും പഠിപ്പിച്ചു. അതിബുദ്ധിമനായിരുന്നതുകൊണ്ട് അവന്‍ പെട്ടെന്ന്തന്നെ എല്ലാം ഹൃദിസ്ഥമാക്കി. ഒരു ദിവസം അടുത്തുള്ള മൂക്കറ്റത്തു ഭഗവതി ക്ഷേത്രത്തില്‍ തൊഴാന്‍ പോയിട്ടു തിരിച്ചു വരുമ്പോള്‍ വഴിയില്‍ വച്ച് ആരോ ചോദിച്ചു. “ ഉണ്ണി എവിടെ പോയി”? അവന്റെ ഉത്തരം ഒരു പദ്യമായിരുന്നു.
“ യോഗിമാര്‍ സതതം പൊത്തും
തുമ്പത്തേ തള്ളയാ‍ാരഹോ
നാഴിയില്‍ പാതി ആടീലാ
പലാകശേന വാ ന വാ.“

---വല്ലോം പിടി കിട്ടിയോ--ഇല്ല--ചോദ്യ കര്‍ത്താവിനും തഥൈവ. അയാള്‍ കണ്ണും മിഴിച്ച് കടന്നു പോയി. തിരിച്ചു വന്ന് ആശാനോട് ഈകാര്യം പറഞ്ഞു. ആശാനും കണ്ണു മിഴിച്ചു. അവസാനം കുട്ടിതനെ അര്‍ത്ഥം പറഞ്ഞു കൊടുത്തു. യോഗിമാര്‍ എപ്പോഴും പൊത്തുന്നത്-മൂക്ക്--അതിന്റെ തുമ്പ്-അറ്റം--മൂക്കറ്റം--തള്ളയാര്-ഭഗവതി--നാഴിയില്പാതി--ഉരിയ-ആടീല --ഉരിയാടീല--മിണ്ടിയില്ലെന്നര്‍ത്ഥം--പല--ബഹു--ആകാശം--മാനം--ബഹുമാനംവാ-ന-വാ‍--കൊണ്ടോ-അതോ അല്ലിയോ--ആ എനിക്കറിയില്ല.

മൂക്കറ്റത്തുഭഗവതി എന്നേകണ്ടിട്ട് ഒന്നും മിണ്ടിയില്ല--ബഹുമാനംകൊണ്ടാണോ അല്ലിയോഎന്ന് നല്ലതീര്‍ച്ചയില്ല--എന്താ കൊള്ളാമോ. ഇതറിഞ്ഞ വിദ്വാന്മാര്‍ ഉദ്ദണ്ഡനേ കാണാന്‍ സമയമായെന്ന്മനസ്സിലാക്കി അതിനുള്ള കാര്യങ്ങള്‍ നീക്കി.

രാജസദസ്സില്‍ പോകാനുള്ള ദിവസം എത്തി. വളരെ പ്രാ‍യംചെന്ന ഒരാളിന്റെ കൈയ്യില്‍ ഒരു പൂച്ചയേ കൊടുത്ത് അയാളേയും ഭട്ടതിരി കൂടെ കൊണ്ടുപോയി. സദസ്സില്‍ എത്തിയപ്പോഴാണ് ഉദ്ദണ്ഡശാസ്ത്രികള്‍ ആളേക്കാണുന്നത്.

ഒരുപീക്രി പയ്യന്‍ --അദ്ദേഹം പറഞ്ഞു. “ആകാരോ ഹൃസ്വ”. അതായത് ശരീരം വളരെ ചെറുത്.

ഉടന്‍ കാക്കശ്ശേരിയുടെ മറുപടി. “നഹി-നഹി. അകാരോ ഹൃസ്വ--ആകാരോ ദീര്‍ഘ”. അതായത് അ-ആ-ഇ-ഈ ഉണ്ടല്ലോ അതില്‍ അകാരം ഹൃസ്വവും, ആകാരം ദീഘവുമാണ്.

ഉദ്ദണ്ഡന് മുഖത്തൊരടി ഏറ്റപോലായി. എതിരാളിയേ നിസ്സാരവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമം തിരിച്ചടിച്ചു. വരാന്‍ പോകുന്ന തോല്‍വിയുടെ നാന്ദി. ഉദ്ദണ്ഡന് ആള്‍ക്കാരേ കൊച്ചാക്കാന്‍ വേറൊരു പരിപാടിയുണ്ട്. അയാള്‍ക്ക് ഒരു തത്തയുണ്ട്. ആദ്യം അതിനോട് വാദിച്ചു ജയിച്ചാലേ ശാസ്ത്രികളോട് വാ‍ദിക്കാന്‍ യോഗ്യത നേടൂ--

ക്വളിഫൈയ്യിങ്ങ് റൌണ്ട്.

ശാസ്ത്രി തത്തയേ എടുത്ത് മേശപ്പുറത്തു വച്ചു. ഉടനേ കാക്കശ്ശേരി കൂടെ കൊണ്ടുപോയ വൃദ്ധനേ വിളിച്ച് പൂച്ചയെ തത്തയുടെ മുന്‍പില്‍ വച്ചു. തത്ത ഒറ്റച്ചാട്ടത്തിന് കൂടിനുള്ളില്‍. രക്ഷയില്ലെന്ന് ഉദ്ദണ്ഡന് തോന്നിത്തുടങ്ങി. തുടര്‍ന്നുണ്ടായ വാദ പ്രതിവാദത്തില്‍ ഉദ്ദണ്ഡശാസ്ത്രികള്‍ തോറ്റു തുന്നം
പാടി. നൂറു കിഴികളും കാക്കശ്ശേരിക്ക്. നൂറ്റോന്നാമത്തേ കിഴി വൃദ്ധനുള്ളതാണ്. ഉദ്ദണ്ഡന്‍ അതിന് അവകാശവാദം ഉന്നയിച്ചു.

കാക്കശ്ശേരി പറഞ്ഞു--വിദ്യാവൃദ്ധനാണെങ്കില്‍ എനിക്ക്--അല്ല വയോവൃദ്ധനാണെങ്കില്‍ ഈ പൂച്ചയേ കൊണ്ടുവന്ന ആള്‍ക്ക്.

അങ്ങനെ നൂറ്റൊന്നു കിഴികളും കൈക്കലാക്കി ഉദ്ദണ്ഡ ശാസ്ത്രികളേ തറപറ്റിച്ചു. കാക്കശ്ശേരിയെന്ന് പേരുവന്നത്ഒരു കഥയുണ്ട്. നമ്മള്‍ ബലിയിടുമ്പോള്‍ കാക്കകള്‍ വരുത്തില്ലേ. കാക്കകളേ തിരിച്ചറിയാന്‍ കഴിയുമോ. ഇദ്ദേഹത്തിനു കഴിയുമാ‍യിരുന്നു--ഈകാക്ക ഇന്നലെ ഇല്ലായിരുന്നു--ഇതുരണ്ടും പുതിയതായിവന്നതാണ് -തുടങ്ങി കാക്കകളേ തിരിച്ചറിയുന്നതിനുള്ള കഴിവ് ആണ് ഈ പേരു സമ്പാദിച്ചതെന്ന് പറയപ്പെടുന്നു. പണ്ടു നമ്മുടെനാട്ടില്‍ പറയും --സായിപ്പന്മാരേയും കാക്കകളേയും തിരിച്ചറിയാന്‍ പറ്റില്ലെന്ന്.

പക്ഷേ വളര്‍ന്നു വന്നതോടു കൂടി ഇദ്ദേഹം ബ്രാഹ്മണര്‍ക്ക് അപ്രിയനായി. അവരുടെ കുന്നായ്മകള്‍ക്ക് കൂട്ടു നില്‍ക്കത്തില്ല-- ഇദ്ദേഹത്തിനോടു വാദിച്ചു ജയിക്കാനും പറ്റില്ല. അവര്‍ അദ്ദേഹത്തെ ബഹിഷ്കരിച്ചു. ഒരിക്കല്‍ ഇദ്ദേഹത്തെ ഏതോ സത്രത്തില്‍ വച്ചു പോലീസ് പിടിച്ചു. ഭാരതത്തിലേ സകലരാജ്യത്തിലേയും ആളുകള്‍ അന്നു രാത്രി അവിടെ ഉണ്ടായിരുന്നുപോലും. രാത്രി എന്തോ കശപിശ നടന്നു. പോലീസ് പൊക്കിയ കൂട്ടത്തില്‍ ഇദ്ദേഹവും പെട്ടു പോയി. ചോദ്യം ചെയ്യലില്‍--കാര്യമെന്തെന്ന് അറിഞ്ഞു കൂടാ എന്നു പറഞ്ഞിട്ട്--പിടികൂടിയ ഓരോരുത്തരേയും ചൂണ്ടി--ഈയാളീങ്ങനെ പറഞ്ഞപ്പോള്‍--മറ്റേയാള്‍ ഇങ്ങനെ പറഞ്ഞു--എന്ന് ഓരോരുത്തരുടേയും ഭാഷയില്‍ പറഞ്ഞു--പോലീസിന് കേസെളുപ്പമായി.

ഇവരുടെആരുടേയുംഭാഷഅറിഞ്ഞുകൂടാതെയാണെന്നോര്‍ക്കണം. പിന്നീടുള്ള ഇദ്ദേഹത്തിന്റെ ജീവിതത്തേപ്പറ്റി വലിയ വിവരമില്ല--എനിക്കില്ല. അപ്പഴേ അപ്പൂപ്പാ ഈ വെണ്ണ ജപിച്ച് അമ്മയ്ക്ക് കൊടുത്താല്‍ കുഞ്ഞിന് ബുദ്ധിയുണ്ടാകുമോ? കിട്ടുവിനാണ് സംശയം.

അമ്മയുടെ ഗര്‍ഭകാ‍ലത്ത് അവരുടെ മാനസികവും, ശാരീരികവുമായ വ്യവഹാരങ്ങള്‍ കുട്ടിയേ ബാധിക്കുമെന്നതിന് നമ്മുടെ പുരാണങ്ങളില്‍ ഉദാഹരണങ്ങളുണ്ട്. അര്‍ജ്ജുനന്റെ മകന്‍ അഭിമന്യു അമ്മ സുഭദ്രയുടെ വയറ്റില്‍ കിടക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് പത്മവ്യൂഹം ഭേദിക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുകയാണ്. അര്‍ജ്ജുനന്‍ ഇടയ്ക്ക് ഉറങ്ങിപ്പോയി. പക്ഷേ മൂളല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ശബ്ദവ്യത്യാസം ശ്രദ്ധിച്ചപ്പോള്‍ ഇതുവരുന്നത് സുഭദ്രയുടെ വയറ്റില്‍ നിന്നാണെന്ന്മനസ്സിലായി--ശ്രീകൃഷ്നന്‍ ഉപദേശം നിര്‍ത്തിക്കളഞ്ഞെന്നും--അതുകൊണ്ടാണ് അഭിമന്യുവിന് പത്മവ്യൂഹത്തില്‍ നിന്നും പുറത്തുവരാന്‍ പറ്റാഞ്ഞതെന്നും ഒരു കഥയുണ്ട്. അതുപോലെ ഹിരണ്യായ നമ: എന്നു ജപിക്കാന്‍ ലോകരേ നിര്‍ബ്ബന്ധിച്ച ഹിരണ്യകശിപുവിന്റെ മകന്‍ പ്രഹ്ലാദന്‍ എന്താണ് നാരായണ നമ: എന്നു തന്നെ ജപിക്കാന്‍ കാര്യം?

എന്താ അപ്പൂപ്പാ കാര്യം--ആ‍തിരയാണ്. അതേ --പിന്നെ--ഇപ്പോള്‍ തേങ്ങ ആട്ടിക്കാന്‍ കൊടുത്തയയ്ക്കണം--ആ സദാനന്ദനേ വിളിച്ചേ.

Comments (4)

ചാത്തനേറ്: ഉറങ്ങിപ്പോയത് സുഭദ്രയല്ലേ അപ്പൂപ്പാ?

അല്ല മക്കളേ. മൂളിക്കൊണ്ടിരുന്നത് അര്‍ജ്ജുനനാരുന്നല്ലോ. അങ്ങേര്‍ക്കാണല്ലോ അല്ലാതെ സുഭദ്രക്കല്ലല്ലോ ഉപദേശം. മൂളലിന്റെ ശബ്ദ വ്യത്യാസമാണ് ബാക്കി പറയാതിരിക്കാന്‍ കാര്യമെന്നാണ് അപ്പൂപ്പന്റെ അമ്മ പറഞ്ഞുതന്നത്.
കഥ വായിച്ച് ചോദ്യം ചോദിച്ചതിന് നന്ദി.
സ്വന്തം അപ്പൂപ്പന്‍

ഞാന്‍ കേട്ടത് കൃഷ്ണന്‍ അര്‍ജുനനു മൊത്തം പറഞ്ഞു കൊടുത്തെന്നും , അര്‍ജുനന്‍ ചുമ്മാ ഇരിക്കുന്ന സുഭദ്രയ്ക്ക് വ്യൂഹം പഠിപ്പിക്കാന്‍ പോയെന്നും(പെണ്ണല്ലേ യുദ്ധമെവിടെ വ്യൂഹമെവിടെ) അപ്പോള്‍ സുഭദ്ര ബോറഡിച്ച് ഉറങ്ങിയെന്നുമാണ്‌. അര്‍ജുനനെപ്പോലെ ഒരു വീരയോദ്ധാവ് അപ്പണി ചെയ്യുമെന്ന് വിശ്വസിക്കാന്‍ ഒരു വിമ്മിഷ്ടം അപ്പൂപ്പാ. ശരിയല്ലേ, ബാക്കി കഥ ഒക്കേ സേം പിഞ്ച്.

അതിലും ഒരു യുക്തിയുണ്ട് മക്കളേ. വളരെ നന്ദി

സ്വന്തം അപ്പൂപ്പന്‍