നാലു പ്രതിമകള്‍

അപ്പൂപ്പോ അപ്പൂപ്പന് കൊച്ചിലേ ആരാകാനാരുന്നു ആഗ്രഹം? വിദ്യാഭ്യാസം കഴിഞ്ഞ്.


എന്താടാ ഇപ്പോള്‍ ഇങ്ങനൊരു ചോദ്യം?

അല്ല ആരാകാനാരുന്നു അതു പറ.

എനിക്കൊരാനക്കാരനാകാനാരുന്നു ആഗ്രഹം. അന്നൊക്കെ ഉത്സവത്തിന്‍ ആനേകൊണ്ടുവരുമ്പോള്‍ രാത്രിയില്‍ വീട്ടിലേ പുരയിടത്തിലായിരുന്നു കെട്ടുക. ആനേക്കാണുന്ന രസം ഓര്‍ത്ത് ഒരാനക്കാരനാകണമെന്ന് വല്ല്യച്ഛനോട് പറയുകയും വലിയ ചിരിയോടു കൂടി അതു പാസാക്കുകയും ചെയ്തു.

അപ്പൂപ്പാ ഇന്നു സാറു പറഞ്ഞു സ്വാമി വിവേകാനന്ദന്‍ കൊച്ചിലേ ഒരു കുതിര വണ്ടിക്കാരനേകണ്ട് അതുപോലാകണമെന്നു പറയുകയും അമ്മ ഗീതോപദേശത്തിന്റെ പടം കാണിച്ച് അതിലേ കുതിരക്കാരന്റെ കൂട്ടായിക്കോളാന്‍ അനുവദിക്കുകയും ചെയ്തെന്ന്. ശരിക്ക് ആരാകുന്നതാ നല്ലത്?

മക്കളേ ഞാനൊരു കഥ പറയാം. നിങ്ങള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ. പണ്ടു ഗുരുകുല വിദ്യാഭ്യാസമായിരുന്നല്ലോ. ഒരു ബാച്ചിന്റെ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ വിദ്യാര്‍ഥികള്‍ ഗുരുദക്ഷിണയുമായി ഗുരുവിന്റെ അടുത്തു ചെന്നു. ഗുരു ദക്ഷിണ സ്വീകരിച്ച ശേഷം നാലു പേരേ വിളിച്ച് നാലു പ്രതിമകള്‍ കൊണ്ടുവരാന്‍ പറഞ്ഞു. ഇരുമ്പിന്റേയും,സ്പോഞ്ജിന്റേയും, കളിമണ്ണിന്റേയും, പഞ്ചസാരയുടേയും. എന്നിട്ട് നാലു ഗ്ലാസ് വെള്ളവും. നാലു പ്രതിമകളും നാലു ഗ്ലാസ് വെള്ളത്തില്‍ മുക്കിച്ചു.

പിന്നീട് ഒരാളോട് ഇരുമ്പിന്റെ പ്രതിമ എടുക്കാന്‍ പറഞ്ഞു.

പ്രതിമയ്ക്ക് എന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല.

സ്പോഞ്ജിന്റെ എടുത്തപ്പോഴോ? പ്രതിമ വെള്ളം കുടിച്ചു വീര്‍ത്തു.

കളിമണ്ണിന്റെ എടുക്കാന്‍ ചെന്നപ്പോള്‍ പ്രതിമയില്ല. കലക്കവെള്ളം.

പഞ്ചസാരപ്രതിമയ്ക്കും അതേ ഗതി .പക്ഷേ വെള്ളത്തിന് നല്ല മധുരം.

ഗുരു ചോദിച്ചു- എന്തു മനസ്സിലായി? ശിഷ്യന്മാര്‍ കണ്ണുമിഴിച്ചു.

ഗുരു പറഞ്ഞു. നിങ്ങളാണ് പ്രതിമകള്‍-വെള്ളം സമൂഹവും. ഇരുമ്പു പ്രതിമയുടെ കൂട്ട് ഇറങ്ങിയാല്‍ നിങ്ങള്‍ക്കും സമൂഹത്തിനും ഒരു പ്രയോജനവുമില്ല. ഒരു നിര്‍ഗ്ഗുണ പരബ്രഹ്മം. സ്പോഞ്ജാണെങ്കിലോ -സമൂഹത്തില്‍നിന്നും സകലതും അടിച്ചു മാറ്റി വീര്‍ക്കും. സ്വാര്‍ഥമതി. ഇനി കളിമണ്ണാണെങ്കില്‍-ആളിനേ കാണത്തില്ല- പക്ഷെ സമൂഹംദുഷിപ്പിക്കും. പഞ്ചസാര പ്രതിമയോ? ആളിനേ കാണത്തില്ല. പക്ഷെ അതിന്റെ പ്രഭാവം സമൂഹത്തിന് മധുരം നുകരുന്നതുപോലുള്ള അനുഭവം നല്‍കും. നിങ്ങള്‍ക്ക് ഇതില്‍ ആരാകണമെങ്കിലും ആകാം. ആരാവണമെന്ന് അവനവന് തീരുമാനിക്കുകയും ചെയ്യാം. O. K. GOOD BYE. എന്നു പറഞ്ഞെന്നാ കഥ.

പക്ഷേ അതു ശരിയായിരിക്കാന്‍ ഇടയില്ല. എന്തെന്നാല്‍ സായിപ്പന്മാര്‍ വന്നത് അതുകഴിഞ്ഞ് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അപ്പൂപ്പാ ഞങ്ങള്‍ക്ക് പഞ്ചസാര പ്രതിമ ആയാല്‍ മതി . കുട്ടികളുടെ കോറസ്. ശുഭം.

Comments (1)

ithippo ente samayam muzhuvan ivide thanne theerumallo kavilamme...lalithamaya bhashayil ezhuthiya rasakaramaya ee kathakal vayichittu thanne karyam...
santhosham...