കരിങ്കുരങ്ങു രസായനം

‘അപ്പൂപ്പാ, അപ്പൂപ്പോ..... എവിടാ? വന്നേ ഒരു സന്തോഷ വാര്‍ത്ത!’
‘എന്താ മക്കളെ നാളെ സമരമാണോ?അതോ വല്ല നേതാക്കളും ചത്തോ സ്കൂളിനവധി തരാന്‍ ? എന്താ ഇത്ര ആവേശം?’
‘ഓ അതൊന്നുമല്ലപ്പൂപ്പാ, അപ്പൂപ്പന് ചെറുപ്പമാകാന്‍ ഒരു മരുന്നുണ്ട്. അറിയാമോ? ച്യവനന്‍ എന്നൊരു മഹര്‍ഷി
കണ്ടു പിടിച്ചതാ. വയസ്സായിരുന്ന അദ്ദേഹം ആമരുന്നു കഴിച്ച് സുന്ദരനായി പോലും!

‘കൊള്ളാമല്ലൊ മക്കളേ, എവിടെ കിട്ടും ആ മരുന്ന്?’

‘അതോ എല്ലാ ആയുര്‍വേദ മരുന്നു കടയിലും കിട്ടും. ച്യവനപ്രാശമെന്നാ പേര്. ഒത്തിരി കമ്പനികള്‍ ഉണ്ടാക്കുന്നുണ്ട്. കാശു താ. ഇപ്പത്തന്നെ മേടിച്ചോണ്ടുവരാം.’

‘അയ്യോടാ മക്കളേ നിങ്ങള്‍കരിങ്കുരങ്ങു രസായനം എന്നു കേട്ടിട്ടുണ്ടോ?’

‘പിന്നില്ലിയോ കരിങ്കുരങ്ങിരിക്കുന്ന, കാടു ചുറ്റിയോടിവന്ന, കാറ്റു കൊണ്ട ലേഹ്യമല്ലേ? ഞങ്ങള്‍ക്കറിയാം. പിന്നേ ഈ ച്യവനപ്രാശത്തിന്റെ കാര്യം പരഞ്ഞപ്പോള്‍ എന്താ ഒരു കരിങ്കുരങ്ങു രസായനം?’

‘അതു പിന്നെ പറയാം ഈ കരിങ്കുരങ്ങു രസായനത്തിന്റെ കഥ അറിയാമോ, കേട്ടോളൂ. ദുര്‍വാസാവെന്ന ഒരു മഹര്‍ഷിയേക്കുറിച്ച് കേട്ടിട്ടില്ലേ? അദ്ദേഹത്തിന്റെ കഥകള്‍ കേട്ടാല്‍ പുള്ളിയുടെ പണി തപസ്സു ചെയ്യുകയും
ശപിക്കുകയും ആണെന്ന് തോന്നും. ഏതാണ്ട് അങ്ങനെ തന്നെയാണു താനും. ശിവന്റെ കോപം
ഉടലെടുത്ത ആളല്ലേ? തപസ്സുചെയ്തിട്ട് പോകുന്നവഴി ഇഷ്ടമില്ലാത്തത് എന്തെങ്കിലും കാണുകയും
ശപിക്കുകയും ചെയ്യും. അതോടെ തപസ്സിന്റെ ഫലവും പോകും. വീണ്ടും തപസ്സ്. ഇതാണ് പരിപാടി.

ഒരുദിവസം പതിവുപോലെ അദ്ദേഹം തപസ്സുകഴിഞ്ഞു പോകുമ്പോള്‍ കാട്ടിലേ മരത്തിന്റെ മുകളിലിരുന്ന രണ്ടു പാവം കരിങ്കുരങ്ങുകള്‍ മൂത്രമൊഴിച്ചത്, അദ്ദേഹത്തിന്റെ തലയില്‍ വീണു. പോരേ
പൂരം. മഹര്‍ഷി മുകളിലേക്കു നോക്കുന്നു-കരിങ്കുരങ്ങുകളേ കാണുന്നു-ശപിക്കുന്നു. എന്താ ശാപം?

“ മേദസ്സില്ലാത്ത മനുഷ്യര്‍ നിങ്ങളെപ്പിടിച്ച് രസായനം ഉണ്ടാക്കി കഴിക്കട്ടെ.“
വാര്‍ത്ത പരന്നു.

വൈദ്യന്മാര്‍ കരിങ്കുരങ്ങുകള്‍‍ക്കുവേണ്ടി പരക്കം പാച്ചില്‍തുടങ്ങി. കാടായ കാട്ടിലുള്ള കരിങ്കുരങ്ങു
കളേയെല്ലാം പിടിച്ചു; അതിനേകിട്ടതെ വന്നപ്പോള്‍ വെളുങ്കുരങ്ങുകളേയും ചെങ്കുരങ്ങുകളേയും പിടിച്ച്
കറുത്ത ചായം പൂശി; അതും തീര്‍ന്നപ്പോള്‍ കണ്ട ജന്തുക്കളേപ്പിടിച്ച് കരിങ്കുരങ്ങെന്നെഴുതി കൊടുത്തു
കാശുവാങ്ങിച്ചു.’
‘എന്തോന്നാ അപ്പൂപ്പാ ഈ പറയുന്നത്. ഇതു വല്ലോം നടക്കുന്ന കാര്യമാണോ?’

ഞാനും വിചാരിച്ചു ഇതൊക്കെ കള്ളക്കഥയാണെന്ന്. പക്ഷേ ഇപ്പോള്‍ എനിക്കു വിശ്വാസമായി.

അതെങ്ങനെ? പറയാം. ഇപ്പോള്‍ നിങ്ങള്‍ കുറേ പനിയേക്കുറിചു കേള്‍ക്കുന്നില്ലേ? അതു കേട്ടപ്പോഴാണ് അപ്പൂപ്പന്റെ തലയ്ക്ക് വെളിവു വീണത്. ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി ഇങ്ങനെ
പനികള്‍ക്ക് പേരിടുന്നതിന്റെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് പിടികിട്ടിയോ?

ഇല്ലേ? കഷ്ടം! എടാ മണ്ടന്മാരേ, ഈവക പുതിയ പനികള്‍ക്കൊന്നും മരുന്നില്ല. ഇല്ലാത്തസുഖക്കേടിനു വല്ലോരും മരുന്നൊണ്ടാക്കി വയ്ക്കുമോ? പുതിയ സുഖക്കേടിനുള്ള മരുന്നെന്നു പറഞ്ഞ് പേരെഴുതി എന്തു കൊടുത്താലും മതി. അതിബുദ്ധിമാന്മാരായ നമ്മുടെ നാട്ടുകാര്‍ മേടിച്ചു കഴിച്ചോളും!

ങാ അതുപോട്ടെ. അങ്ങനെ കുരങ്ങുകളുടെ വംശനാശം സംഭവിക്കാന്‍ പോകുന്നെന്നു ഭയന്ന്, ബാക്കിയുള്ളവരെല്ലാം കൂടി ഗന്ധമാദനത്തില്‍ ചെന്നു.

‘അതെന്തിനാ അപ്പൂപ്പാ?’

‘എടാ അവിടല്ലിയോ നമ്മുടെ ഹനുമാന്‍ ഇരിക്കുന്നത്! ഹനുമാനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അവരേയും കൂട്ടി ദുര്‍വാസാവു മഹര്‍ഷിയുടെ അടുത്തു ചെന്ന് സങ്കടം ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ ശാപത്തെ ദുരുപയോഗംചെയ്ത കഥയെല്ലാമറിഞ്ഞ് അദ്ദേഹം ശാപമോക്ഷം കൊടുത്തു. “കരിങ്കുരങ്ങു രസായനം എന്തായാലും കാണും. പക്ഷേ ഇനി മുതല്‍ നിങ്ങളുടെ ശരീരം ഉപയോഗിക്കുകയില്ല. പേരുമാത്രമേ എടുക്കൂ. സമാധാനമായി പൊ
യ്ക്കോളൂ” എന്ന്. ഇതാണ് കഥ.
‘അപ്പൂപ്പന് ഇതൊക്കെ ആരു പറഞ്ഞു തന്നു?
‘അത് പരമ രഹസ്യമാണ്. പിന്നെ എന്റെ കൊച്ചുമക്കളായതു കൊണ്ട് ഒരു കാര്യം പറഞ്ഞു തരാം. പനി എന്നു പറഞ്ഞാല്‍ രക്തത്തില്‍ വിഷം -അലോപ്പതിക്കാരുടെ ഭാഷയില്‍ ടോക്സിന്‍ -കലരുന്നതു കൊണ്ടാണ് ഉണ്ടാകുന്നത്. അതൊരു രോഗ ലക്ഷണം മാത്രമാണ്. വില്ല്വാദി ഗുളിക ജീരകവെള്ളത്തില്‍ ചാലിച്ച് ആഴചയില്‍ ഒരിക്കല്‍-- സുഖക്കേട് പടര്‍ന്നു കൊണ്ടിരിക്കുമ്പോഴാണേ,-- കഴിച്ചാല്‍ പ്രിവന്റീവായും, ദിവസവും
രണ്ടുനേരം ഒരാഴ്ച കഴിച്ചാല്‍ വന്ന രോഗവും സാധാരണ മാറാറുണ്ട്. ഇതു കേട്ടുകൊണ്ട് ആരേയും
ചികിത്സിക്കാന്‍ നടക്കണ്ടാ. സ്വന്തമായി ചെയ്താല്‍ മതി.

പിന്നെ സഞ്ജയന്റെ പാറപ്പുറത്തുനിന്നു കിട്ടിയ തോന്ന്യാസ പുരാണത്തിന്റെ പതിമൂന്നാമദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട് കലിയുടെ അവസാനത്തില്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഒരു രോഗത്തിന് പല പേരിടുമെന്നും, ഒരു മരുന്ന്
പല പേരില്‍ ഈരോഗങ്ങള്‍ക്ക് മരുന്നായി കൊടുത്ത് ആള്‍ക്കാരേ പറ്റിക്കുമെന്നും. അതുകൊണ്ട്
നമ്മള്‍ അത്ഭുതപ്പെടെണ്ടാ. നമ്മള്‍ സൂക്ഷിച്ചാല്‍ മതി.’

‘ശരി അപ്പൂപ്പാ ശരി. ഇനി കാശുതാ. ച്യവനപ്രാശം വാങ്ങിക്കട്ടെ‘

‘എന്റെ പൊന്നുമക്കളേ, ഞാന്‍ വെറുതെ വായിട്ടലച്ചല്ലോ. എടാ ച്യവനപ്രാശം
ഉണ്ടാക്കാന്‍ വേണ്ട പ്രധാന സാധനം നെല്ലിക്കായാണ്. ഇന്ന് നമ്മുടെ മരുന്നു കമ്പനികള്‍ ഉണ്ടാ
ക്കുന്ന ച്യവനപ്രാശം മുഴുവന്‍ നെല്ലിക്കാ ചേര്‍ത്തുണ്ടാക്കണമെങ്കില്‍ ഈലോകത്തിലുള്ള മുഴുവന്‍
നെല്ലിക്ക കൊണ്ടും നടക്കില്ല. അപ്പോ നമ്മുടെ കരിങ്കുരങ്ങു രസായനത്തിന്റെ ഗതി ച്യവനപ്രാശ
ത്തിനും വന്നു കാണത്തില്ലേ? വെറുതേ ഓമക്കായും, കടച്ചക്കയും( പൈനാപ്പിള്‍)
മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഈ സാധനം കഴിക്കണോ? പോ ,പോയിക്കളിക്ക്.

Comments (0)