മുത്തശ്ശി കഥകള്‍--ഒന്ന്.

ഇന്നു മുത്തശ്ശി കഥകള്‍ പറയാം.

കോലോത്തേ വാല്യക്കാരനാണ് ഉമ്പുക്കന്‍ ‍.

അതെന്തു പേരാ അപ്പൂപ്പാ?

കഥയില്‍ ചോദ്യമില്ല. മിണ്ടാതിരുന്നു കേട്ടോണം. ഒരു ദിവസം ഉമ്പുക്കന്‍ അതിരാവിലേ കോലോത്തേക്കു വരികയാണ്. ഒരു ചെറിയ കാടുണ്ട് വഴിയില്‍. ഉമ്പുക്കന്‍ എന്തിലോ തട്ടി. സധനം ഉരുണ്ടുരുണ്ടു പോകുന്നു. ഉമ്പുക്കന്‍ പുറകേ പോയി. ഒരു മൊന്ത. ഉമ്പുക്കന്‍ എടുത്തു തുറന്നു നോക്കി. നിറയെ സ്വര്‍ണ്ണ നാണയങ്ങള്‍. പെട്ടെന്ന് മൊന്ത അടച്ച് ഉമ്പുക്കന്‍ അത് ഒരു കൈതക്കാട്ടില്‍ ഒളിച്ചു വച്ചു. കോലോത്തു ചെന്നപ്പോള്‍ ഉമ്പുക്കന് തലക്കൊരു കനം. കോലോത്തെ മൂപ്പീന്ന് വിളിച്ചപ്പോള്‍ നീട്ടി ഒന്നുമൂളി എന്നിട്ടു പറഞ്ഞു. ഇന്നുതൊട്ട് എന്നേ ഉമ്പുക്കസ്സ്വാമി എന്നു വിളിക്കണം.

ശരി. ഉമ്പുക്കസ്സ്വാമി ആ കക്കൂസില്‍ വെള്ളം കോരി വയ്ക്ക്.

അന്നങ്ങനെ പോയി. പിറ്റേ ദിവസം ഉമ്പുക്കന്‍ വരുമ്പോള്‍ മൊന്ത എടുത്തുനോക്കി ഒന്നു തലോടി ഒരുമ്മകൊടുത്ത് അവിടെ വച്ചു. കോലോത്ത് ചെന്നു.

അന്നു ഗൌരവം കൂടി. ഇന്നുതൊട്ടെന്നെ ഉമ്പുക്കസ്സ്വാമി അവര്‍കള്‍ എന്നു വിളിക്കണം.

ആദ്യം കോലോത്തെ മൂപ്പീന്നിന് ഇതൊരു തമാശായണ് തോന്നിയത്. പക്ഷേ ഇപ്പോള്‍ ഇതിലെന്തോ കാര്യമുണ്ടെന്നു തോന്നി. ഉമ്പുക്കന്‍ വരുന്ന വഴി ഒന്നുനടന്നു പരിശോധിച്ചു. മൊന്ത കണ്ട് അതെടുത്ത് മാറ്റി വച്ചു.

അടുത്ത ദിവസം ഉമ്പുക്കന്‍ വരുമ്പോള്‍ മൊന്ത കണ്ടില്ല. അവിടെ ഒക്കെ അന്വേഷിച്ച് താമസിച്ചാണ് കോലോത്തെത്തിയത്.

എന്താ ഉമ്പുക്കസ്സ്വാമി അവര്‍കളേ താമസിച്ചത്. മൂപ്പീന്ന് ചോദിച്ചു.

പണ്ടത്തേ ഉമ്പുക്കനുമ്പുക്കനായേ-അതിവിനയത്തോടുകൂടി ഉമ്പുക്കന്‍ പറഞ്ഞു, ശുഭം.

Comments (0)