അലക്സാണ്ടര്‍

‘അപ്പൂപ്പാ ഇന്നു ഗ്രീസിലേ ഒരു കഥ പറയണം.’
‘മാസിഡോണിയ എന്നൊരു രാജ്യത്ത് അലക്സാണ്ടര്‍ എന്നൊരു രാജാവുണ്ടായിരുന്നെന്നും അദ്ദേഹം ലോകം മുഴുവന്‍ കീഴടക്കാന്‍ ശ്രമിച്ചെന്നും ഞങ്ങളുടെ സാറു പറഞ്ഞു.’
‘ഓഹോ, അതു കൊള്ളാമല്ലോ. ഞാനിന്ന് അദ്ദേഹം ഭാരതത്തില്‍ വന്നപ്പോഴുണ്ടായ ഒരു കഥ പറയാം.’
‘മതി അപ്പൂപ്പാ മതി.’
‘ശരി. കേട്ടോളൂ. അലക്സാണ്ടര്‍ രാജ്യങ്ങള്‍ കീഴടക്കി, ഭാരതത്തിന്റെ വടക്കു ഭാഗത്ത് എത്തി.അങ്ങനെ ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരുദിവസം ഒരു പരാതിയുമായി രണ്ട് ഗ്രാമീണര്‍ വന്നു. ഒരാളുടെ കൈയ്യില്‍ ഒരു വലിയ കുടം. അവര്‍ ആ കുടം രാജസമക്ഷത്ത് വച്ചു. എന്നിട്ടു പറഞ്ഞു.
‘പ്രഭോ ഇത് ഈയാളുടേതാണ്. ഈയാള്‍ പറയുന്നു എന്റെയാണെന്ന്.. ദയവായി ഇത് ഈയാളോടു കൊണ്ടു പോകാന്‍ പറയണം.’
മറ്റേയാള്‍:- തിരുമനസ്സേ ഇത് എന്റെ അല്ല. ;- അയാളുടേതാണ്.
അലക്സാണ്ടര്‍:- എന്താണിതില്‍?
ഒന്നാമന്‍:- നിറയെ സ്വര്‍ണ്ണ നാണയങ്ങളാണ്. ഞാന്‍ ഇന്നലെ ഇയാളുടെ നിലം വിലയ്ക്കുവാങ്ങിച്ചു. ഇന്നു രാവിലേ അത് ഉഴുതപ്പോള്‍ കിട്ടിയതാണ് ഈ കുടം. ഇതിന്റെ അവകാശി ഇയാളാണ്. ഈയാളോട് ഇതു കൊണ്ടു പോകാന്‍ കല്‍പ്പിക്കണം.’
രണ്ടാമന്‍ ‍”- അയാള്‍ വാങ്ങിയ ശേഷമ്മാണ് അതു കിട്ടിയത്. അതുകൊണ്ട് അതിന്റെ അവകാശി അയാള്‍ തന്നെയാണ്.
‘ഇവന്മാര്‍ക്കു വട്ടാണോ അപ്പൂപ്പാ? ആരുമറിയാതെ അത് അടിച്ചു മാറ്റാനുള്ളതിനു പകരം!’
‘അതേമക്കളേ കണ്ണും തള്ളിയിരിക്കുന്ന അലക്സാണ്ടര്‍ക്കും ഇതു തന്നെയായിരുന്നു സംശയം.
അദ്ദേഹം പറഞ്ഞു.
‘ഇങ്ങനൊരു കേസ് ഞാനിതുവരെ കേട്ടിട്ടില്ല. ഞങ്ങളുടെ നാട്ടിലായിരുന്നെങ്കില്‍ രണ്ടിലൊരാള്‍ ഇതിനകം കുത്തേറ്റ് മരിക്കുകയും, കുടത്തിന്റെ അവകാശിയാണെന്നു പറഞ്ഞ് സര്‍ക്കാര്‍ അത് കൊണ്ടുപോകുകയും ചെയ്യുമായിരുന്നു.’
‘ഇപ്പോള്‍ കണ്ണുതള്ളിയത് ആ ഗ്രാമീണര്‍ക്കാണ്. അവര്‍ രണ്ടുപേരുംകൂടി ഏക സ്വരത്തില്‍ ചോദിച്ചു.
‘നിങ്ങടെ രാജ്യത്ത് മഴ പെയ്യുമോ?
അലക്സാണ്ടര്‍ :- ഉവ്വ്.
ഗ്രാമീണര്‍ :- അവിടെ വൃക്ഷലതാദികളും പക്ഷിമൃഗാദികളും ഉണ്ടായിരിക്കും. ഏതായാലും ഈമാതിരി മനുഷ്യര്‍ക്കു വേണ്ടി ആയിരിക്കില്ല.’
‘അതെന്താ അപ്പൂപ്പാ അങ്ങനെ?’
‘പറയാം മക്കളേ. ഈ ലോകത്തിന് ഒരു ധര്‍മ്മമുണ്ട്. തന്റേതല്ലാത്ത മുതലില്‍ ആഗ്രഹം ഉണ്ടാകുന്നതും അതുനേടാന്‍ എന്തു കുത്സിത മാര്‍ഗം ആവലംബിക്കുന്നതും ധര്‍മ്മവിരുദ്ധമാണ്.’
‘അതൊക്കെപ്പിന്നെപ്പറയം അപ്പൂപ്പാ. എന്നിട്ട് കേസ് എന്തായി?’
‘അതോ. അലക്സാണ്ടര്‍ തന്റെ സചിവന്മാരെയും ഉപദേശികളേയും വിളിച്ചുകൂട്ടി ആലോചിച്ചു. ആര്‍ക്കും ഒരുത്തരവുംകിട്ടിയില്ല. അവസാനം അവര്‍ ഗ്രാമമൂപ്പന്റെ സഹായം തേടി ഗ്രാമമൂപ്പന്‍ വന്നു. അദ്ദേഹത്തിന്റെ മുന്‍പില്‍ പ്രശ്നം അവതരിപ്പിച്ചു.
ഗ്രാമമൂപ്പന്‍ :- ഒന്നാമനോട്-നിങ്ങള്‍ക്ക് എത്ര മക്കളുണ്ടെടോ?
ഒന്നാമന്‍:- രണ്ടാണും മൂന്നു പെണ്ണും.
ഗ്രാമമൂപ്പന്‍ :- രണ്ടാമനോട്-നിങ്ങള്‍ക്കോ?
രണ്ടാമന്‍ :-എനിക്ക് മൂന്നാണും ഒരു പെണ്ണുമുണ്ട്.
ഗ്രാമമൂപ്പന്‍ :- കല്യാണപ്രായമായതാണല്ലോ?
രണ്ടുപേരും :- അതെ..
ഗ്രാമമൂപ്പന്‍ :- ശരി. അവരെത്തമ്മില്‍ കല്യാണം കഴിപ്പിച്ചോളൂ. നിങ്ങള്‍ക്കുപോകാം. കുടവുമെടുത്തോളു.
അങ്ങിനെ ആ പ്രശ്നം അവസാനിച്ചു.
‘എന്റപ്പൂപ്പാ .ഇങ്ങനാരുന്നു നമ്മുടെ പുര്‍വീകര്‍. ഇപ്പഴെന്താ നമ്മടാള്‍ക്കാര്‍ ഈയാതൊരു ഗുണവും കാണിക്കാത്തത്?’
‘അതോ മക്കളെ സ്വന്തം കാര്യം സിന്ദാബാദ് ആണ് വീട്ടില്‍ മുതല്‍ പഠിപ്പിക്കുന്നത്. നീ നിന്റെ കാര്യം നോക്കി നടന്നാമതി. വേറേ ആരുടേയും കാര്യത്തില്‍ ഇടപെടരുതെന്ന് ദിവസവും പറഞ്ഞു കൊടുക്കുന്ന രക്ഷിതാക്കള്‍ തന്നെയാണ് ഇതിനുത്തരവാദികള്‍. നിങ്ങള്‍ തന്നെ എന്താ ചൊദിച്ചത്, അവര്‍ക്കു വട്ടാണോന്നല്ലേ? പോയി പുസ്തകം
വായിക്ക്. പോ.’

Comments (0)