പാക്കനാര്‍

‘അപ്പൂപ്പാ ഇന്നു പുതിയ ഒരാളു കൂടി ഉണ്ട്. കഥ കേള്‍ക്കാന്‍ വന്നതാ. അവന് പാക്കനാരുടെ ഒരു കഥ കേള്‍ക്കണമെന്ന്.’
‘അതു ശരി, അപ്പോ നിങ്ങള്‍ക്ക് കേള്‍ക്കണ്ടാ. അല്ലേ?
‘കൊള്ളാം പിന്നെ ഞങ്ങള്‍ക്ക് കേള്‍ക്കണ്ടായോ? അത് കൊള്ളാം.’
‘എന്നാല്‍ കേട്ടോളൂ. ആരൊക്കെയാണ് പറച്ചി പെറ്റ പന്തിരു മക്കളെന്ന് അറിയാമോ? അതോര്‍ത്തു വയ്ക്കാന്‍ ഒരു ശ്ലോകമുണ്ട്. ഇതാ
“മേളത്തോളഗ്നിഹോത്രീ റജകനുളിയന്നൂര്‍ത്തച്ചനും പിന്നെ വള്ളോന്‍ ,
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും നായര്‍ കാരക്കല്‍ മാതാ,
ചെമ്മേകേളുപ്പുകൂറ്റന്‍ , പെരിയ തിരുവരങ്കത്തെഴും പാണനാരും,
നേരേ നാരായണ ഭ്രാന്തനു മുടനകവൂര്‍ചാത്തനും പാക്കനാരും.” ഇതാണ് ആ ശ്ലോകം. കാണാതെ പഠിച്ചു വച്ചോണം. ശരി പാക്കനാരുടെ തൊഴിലറിയാമോ?’
കുട്ടയും മുറവും മറ്റും ഉണ്ടാക്കി വിറ്റാണ് അവര്‍ കാലക്ഷേപം കഴിക്കുന്നത്. ഒരു ദിവസം പത്തു മുറവും ഉണ്ടാക്കി ഭാര്യയുമായി പാക്കനാര്‍ ഇറങ്ങി. ഒരു വലിയ വീട്ടില്‍ ചെന്നു.
അന്നത്തെ കാലം അറിയാമല്ലോ. തീണ്ടലും തൊടീലും ഉള്ള കാലമാണ്. ഇന്നു നിങ്ങള്‍ക്കതൊന്നും പറഞ്ഞാല്‍ കൂടി മനസ്സിലാകത്തില്ല. ജോലിസംബന്ധമായി തിരിച്ചിരുന്ന ജാതി വ്യവസ്ഥയേ സ്വന്തം കാര്യ സാദ്ധ്യത്തിനായി മേലാളര്‍ കീഴാളര്‍ എന്നാക്കി വ്യാഖ്യാനിച്ച് സവര്‍ണ്ണര്‍ മേധാവിത്വം സ്ഥാപിച്ചു.ഈ കീഴാളരെന്ന സമൂഹം, അടിച്ചമര്‍ത്തലില്‍ പെട്ട് ഒരുപാടു കാലം കടന്നുപോയി. അന്നവര്‍ക്ക് സവര്‍ണ്ണരെന്നരിയപ്പെടുന്നവരുടെ വീട്ടിനടുത്തെങ്ങും ചെന്നുകൂടാ..അങ്ങു ദൂരെ നിന്നു വിളിക്കണം.

തമ്പ്രാട്ടിയേ-തമ്പ്രാട്ടിയേ- അട്യന്‍ മുറം കൊണ്ടു വന്നിട്ടുണ്ടേ. എന്ന്. ഇവിടെയും പാക്കനാര്‍ അതുപോലെ വിളിച്ചു. തമ്പ്രാട്ടി വീട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞു.
അവിടെ വെച്ചേച്ച് മാറി നില്ല് നോക്കട്ടെ. പാക്കനാര്‍ മാറിനിന്നു തമ്പ്രാട്ടി വന്നപ്പോള്‍ പരഞ്ഞു. ദേ തമ്പ്രാട്ടി ഒന്‍പതു മുറമുണ്ട്.. നോക്കിയാട്ടെ. തമ്പ്രാട്ടി മുറവും എടുത്തു കൊണ്ട് പോയി.

ഈ അപ്പൂപ്പനു മഹാ മറവിയാ! മുമ്പേ പറഞ്ഞു പത്തു മുറമെന്ന്. ഇപ്പം പറെന്നു ഒന്‍പതെന്ന്. ഏതാ ശരി?

പെടെക്കാതെ മക്കളേ . കേള്‍ക്ക്. തമ്പ്രാട്ടി മുറവുമായി തിരിച്ചു വന്നു. എന്നിട്ടു പറഞ്ഞു. പാക്കനാരേ ഇപ്പം മുറമൊന്നും വേണ്ടാ. അടുത്ത മാസം കൊണ്ടുവാ. അവര്‍ മുറവും കൊണ്ട് അടുത്ത വീട്ടില്‍ പോകുമ്പോള്‍ ഭാര്യാചോദിച്ചു--നിങ്ങളെന്താ മനുഷ്യാ ഒന്‍പതു മുറമെന്നു പറഞ്ഞത്..
പാക്കനാര്‍:- “ അവര്‍ കുടം വല്ലതുംവാങ്ങിയോ‍്.”?
ഭാര്യ:- “ഇല്ല.”.
പാക്കനാര്‍:- ഇപ്പോള്‍ ഇതെത്ര മുറം ഉണ്ട്? ഒന്‍പത്. നമുക്കീ നാട്ടില്‍ എത്ര സത്യസന്ധരുണ്ടെന്ന് നോക്കാം.
അവര്‍ വേറേ എട്ടുവീട്ടില്‍ കൂടി പോയി മുറത്തിന്റെ എണ്ണമ്മുന്‍പിലത്തേപ്പോലെ ഓരോന്നു കുറച്ചു പറയുകയും, വീട്ടുകാര്‍ അവരെപ്പറ്റിച്ചെന്നു വിചാരിച്ച്‌ ഓരോമുറം അടിച്ചുമാറ്റുകയും ചെയ്തു. അവസാനത്തേ മുറമൊരു വീട്ടില്‍ കൊടുത്ത്‌ അവിടെനിന്നും കിട്ടിയ അരിയുമായി വീട്ടിലേക്കു പോകുമ്പോള്‍ വഴിയിലുള്ള ആല്‍ത്തറയില്‍ ഒരു കുടം ഇരിക്കുന്നതു കണ്ടു. പെണ്ണുങ്ങള്‍ക്ക്‌ സധാരണ ആകാംക്ഷ കൂടുതലാണല്ലോ!
പാക്കനാരുടെ ഭാര്യ ഓടിച്ചെന്ന് അത്‌ തുറന്നുനോക്കി. എന്താനെന്നാ നിങ്ങള്‍ വിചാരിക്കുന്നത്‌.
എന്തവാ അപ്പൂപ്പാ. എന്തായിരുന്നു ആ കുടത്തില്‍..
ഹാ-അതില്‍ നിറച്ച്‌--നിറച്ച്‌-----
ഓ ഒന്നെളൂപ്പം പറയപ്പൂപ്പാ.
നിറച്ച്‌ സ്വര്‍ണ്ണനാണ്യം. പാക്കനാരുടെ ഭാര്യയുടെ കണ്ണു തള്ളിപ്പോയി! ദേ ഇതുനറച്ചു സ്വര്‍ണ്ണം! നമ്മളേ തമ്പ്രാക്കന്മാരു പറ്റിച്ചതിന് ദൈവം കാട്ടിതന്നതാ.
അയ്യോ! ഓടിക്കോ. ആളേക്കൊല്ലിയാണതില്‍! ഓടിക്കോ എന്നും പറഞ്ഞ്‌ പാക്കനാര്‍ ഓടിത്തുടങ്ങി. ഒന്നും മനസ്സിലാകാതെ ഭാര്യ പുറകേ.
എന്താ അപ്പൂപ്പാ എന്താ സംഭവിച്ചത്‌?
പറയാം മക്കളേ പറയാം.
അവരോടിച്ചെന്ന് ഒരു കുറ്റിക്കാട്ടിനടുത്തെത്തി. പാക്കനാര്‍ പറഞ്ഞു. ഇവിടിരി. ദാ രണ്ടുപേരു വരുന്നു. നമുക്കുനോക്കാം.
രണ്ടുപേരുവന്ന് ആ ആല്‍ത്തറയില്‍ ഇരുന്നു.
ഒരാള്‍;- എന്തവാടോ ഈ കുടത്തില്‍. ആരുടെയാണിത്‌.
മറ്റേയള്‍;- ആ. ആര്‍ക്കറിയാം.
അദ്യത്തേയള്‍;- നമുക്കു നോക്കാം. ഇവിടിരിക്ക്‌
കുറച്ചു നേരം അവര്‍ അവിടെ ഇരുന്നു. ആരും വന്നില്ലെങ്കില്‍ കുടം അടിച്ചു മാറ്റാമെന്ന് രണ്ടു പേരും കൂടി തീരുമാനിച്ചു
സാവധാനത്തില്‍ ഒരാള്‍ കുടം തുറന്നു. മറ്റേയാള്‍ ചുറ്റും നോക്കി നില്‍ക്കുകയാണ്- ആരെങ്കിലും വരുന്നോന്നുനോക്കി.
അവരു പാക്കനാരേക്കണ്ടില്ലേ അപ്പൂപ്പാ?
ഇല്ലമക്കളേ അവര്‍ കുറ്റിക്കാട്ടിന്റെ മറവിലല്ലേ? കുടം തുറന്നവന്‍ ഒന്നുഞ്ഞെട്ടിപുറകോട്ടുമാറി.
‘എന്താ?’ മറ്റവന്‍ ചോദിച്ചു. ‘ദേ നോക്കിയേ മുഴുവന്‍ സ്വര്‍ണ്ണം!’
നമുക്കു ജീവിതകാലത്തേക്ക്‌ ഇനി കക്കാനും പിടിച്ചു പറിക്കാനും പോകണ്ടാ.
കുറേ നേരം കൂടെ അവര്‍ അവിടെ ഇരുന്നു. കുടത്തിന്റെ ഉടമസ്ഥന്‍ വരുന്നോന്ന് അറിയണമല്ലോ. അപ്പോള്‍ ഒരുത്തന്‍പറഞ്ഞു.വല്ലാത്തദാഹം.ഇവിടെങ്ങാനുംകുറച്ചുവേള്ളംകിട്ടാന്‍വഴിയുണ്ടോ? ഇവിടടുത്തൊരരുവിയുണ്ട്. മറ്റേയാള്‍ പറഞ്ഞു.
എന്നാല്‍ ഞാന്‍ പോയി വെള്ളവും കുടിച്ച് നിനക്കു വേണ്ടതും കൊണ്ടുവരാം.
നീ ഇതു നോക്കിക്കോണേ എന്നു പറഞ്ഞ് അവന്‍ വെള്ളമെടുക്കാന്‍ പോയി. അപ്പോള്‍ മറ്റവന്‍ വിചാരിച്ചു. ഇവനേ അങ്ങു തട്ടിയാല്‍ ഈകുടം എന്റെ സ്വന്തം. വെറുതേ എന്തിനാ ഇതു വീതം വയ്ക്കുന്നത്. ഇതും വിചാരിച്ച് അവന്‍ ഒരു വലിയ വടി കണ്ടു പിടിച്ച് കുടം കാണാവുന്ന ഒരു സ്ഥലത്ത് ഒളിച്ചിരുന്നു.

മറ്റവനോ? ഈവെള്ളത്തില്‍ കുറച്ചു വിഷം കലക്കിയാല്‍ അതു കുടിച്ച് അവന്‍ സിദ്ധി കൂടും. പിന്നെ കുടം എനിക്കുമാത്രം, എന്നു വിചാരിച്ച് അവന്‍ ഏതോ വിഷക്കായ പറിച്ച് വെള്ളത്തില്‍ അരച്ചു ചേര്‍ത്തു. വെള്ളവുമായി വന്നപ്പോള്‍ കൂട്ടുകാരനേ കാണാനില്ല. അവന്‍ വല്ല മൂത്രമൊഴിക്കാനോ മറ്റോ പോയിരിക്കാമെന്നു കരുതി അവന്‍ ആ ആല്‍ത്തറയില്‍ ഇരുന്ന്, താന്‍ ആ സ്വര്‍ണ്ണം കൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ മറ്റവന്‍ പതുങ്ങി പുറകില്‍ കൂടി വന്നതറിഞ്ഞില്ല. അവന്‍ പിന്നിലൂടെ വരുകയും ഉച്ചി നോക്കി വടികൊണ്ട് ഒന്നു കൊടുക്കുകയും ചെയ്തു. തലപൊട്ടി അവന്‍ അപ്പഴേ ചത്തു. മറ്റവന്‍ മൊത്തം സ്വര്‍ണ്ണം കിട്ടിയ സന്തോഷത്തോടെ സ്വസ്ഥമായിരുന്ന്-ഹൊ . ഇനി ഇച്ചിര വെള്ളം കുടിക്കാം, എന്നുവിചാരിച്ച് കൊണ്ടുവച്ച വെള്ളം മൊത്തം കുടിച്ചു. അല്പം ദുസ്വാദു തോന്നിയത് അരുവിയിലേ വെള്ളത്തിന്റെ യാണെന്ന് വിചാരിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ഒരുമയക്കം.അതുകൂട്ക്കൂടിവരുന്നു. അവന്‍ പറ്റിച്ചല്ലോ എന്നു വിചാരിച്ചപ്പോഴേക്കും ആള്‍ പരലോകത്തെത്തി.
പാക്കനാരും ഭാര്യയും പതുക്കെ വെളിയില്‍ വന്നു. പാക്കനാര്‍ ഭാര്യയോട് പറഞ്ഞു. പാവങ്ങള്‍. ഈ ആളേക്കൊല്ലിയുടെ കൈയില്‍ പെട്ടു പോയി.
‘കഷ്ടം!’
‘എന്നാല്‍ ചെല്ലു മക്കളെ.’













.

Comments (0)