ത്യാഗം.

ങ. വന്നോ മക്കളേ. ഇരിക്ക്.

അപ്പൂപ്പാ ഇന്നു സാറൊരു പദ്യം പറഞ്ഞു. കേള്‍ക്കണോ? ഇതാ കേട്ടോളൂ.
“ക്രിസ്തു ദേവന്റെ പരിത്യാഗ ശീലവും , സാക്ഷാല്‍ ക്രിഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും,
ബുദ്ധന്റെ അഹിംസയും, ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാ വായ്പും
, ശ്രീഹരിശ്ചന്ദ്രന്‍ തന്റെ സത്യവും, മുഹമ്മദിന്‍ സ്ഥൈര്യവു മൊരാളില്‍ ചേര്‍ന്നൊത്തു കാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികടത്തില്‍ അല്ലയ്കിലവിടുത്തേ ചരിത്രം വായിക്കുവിന്‍ ”. ഇതാണ്--..വള്ളത്തോള്‍‍ നാരായണ മേനോന്‍ മഹാത്മാ ഗാന്ധിയേക്കുറിച്ച് എഴുതിയതാണ്.
എന്തവാ അപ്പൂപ്പാ‍ ഈ ത്യാഗം എന്നുവച്ചാല്‍?

ങാ. പറയാം. പ്യാരേ ലാല്‍ എന്നൊരു വ്യവസായി ഉണ്ടായിരുന്നു. ഭൌതികമായ സകല സൌഭാഗ്യങ്ങളും തികഞ്ഞ ഒരാള്‍. പക്ഷേ അദ്ദേഹത്തിന് ഒരു മനസ്സമാധാനവുമില്ല. രാത്രിയില്‍ ഉറക്കമില്ല. ഇങ്ങനെ എരിപൊരിക്കൊണ്ടു നടക്കുകയാണ്..കാണുന്നവര്‍ക്കോ പ്യാരേലാല്‍ തികച്ചും സന്തുഷ്ടന്‍. ഇങ്ങനെ നീറി നീറി ഒരു ദിവസം പ്യാരേലാല്‍ ഒരു സന്ന്യാസിയേ കണ്ടു. ഗുരോ-എനിക്കു ഈഭൂമിയിലുള്ള സകല സൌഭാഗ്യങ്ങളുമുണ്ട്. പക്ഷെ എന്റെ മനസ്സ് അസ്വസ്ഥമാണ്. എനിക്കുറങ്ങാന്‍ കഴിയുന്നില്ല. എന്തൊ ഒരു ഭീതി എന്നെ പരിതപിപ്പിക്കുന്നു. അവിടുന്ന് എന്നേ രക്ഷിക്കണം. പ്യാരേലാല്‍ പറഞ്ഞു.

ഗുരുപൂര്‍ണ്ണിമയുടെ അന്ന് ഗംഗാ സ്നാനം ചെയ്താല്‍ മനസ്സിന്റെ ഈ നില മാറി ശാന്തമാകും. സന്ന്യാസി പറഞ്ഞു.

അങ്ങ് അതിനെന്നേ സഹായിക്കണം. പ്യാരേലാല്‍ അപേക്ഷിച്ചു.

ശരി നിങ്ങള്‍ വാരണസിയില്‍ ആ ദിവസം എത്തുക. ദേ ഈ മേല്‍ വിലാസത്തില്‍ അന്വേഷിച്ചാല്‍ എന്നേ കാണാം. സന്ന്യാസി പോയി.

ഗുരുപൂര്‍ണ്ണിമ ദിവസം എല്ലാ തയ്യാറെടുപ്പുകളോടും കൂടി പ്യാരേലാല്‍ വാരാണ‍സിയിലെത്തി. സന്ന്യാസിയേ കണ്ടുപിടിച്ചു.

ഗംഗാസ്നാനത്തിന് സമയമായി. സന്ന്യാസി പറഞ്ഞു. വന്നോളൂ. ഏറ്റവും പ്രിയപ്പെട്ട ഒരു സാധനമുപേക്ഷിക്കണം. പറഞ്ഞോളൂ എന്താണ് ദാനം ചെയ്യാന്‍ പോകുന്നത്?

പ്യാരേലാല്‍ ആലോചിച്ചു. എറ്റവും പ്രിയപ്പെട്ടത് ഭാര്യ. ഉപേക്ഷിക്കാന്‍ പറ്റില്ല. പിന്നെ എന്റെ ആഡംബരക്കാറുകള്‍-നോ-വ്യവസായ സ്ഥാപനങ്ങള്‍-ഒട്ടും പറ്റില്ല-കൊട്ടാരസദൃശമായ വീടുകള്‍--ങാഹ--എസ്റ്റേറ്റുകള്‍-തീരെ പറ്റില്ല.
ഹേ മോട്ടീലാല്‍-അദ്ദേഹം സെക്രട്ടറിയേ വിളിച്ചു. സന്ന്യാസിയോടു പറയൂ ഇപ്പോള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഗംഗാസ്നാനമാണ് അതുപേക്ഷിച്ചിരിക്കുന്നെന്ന്.

എന്തൊരു ത്യാഗം! അല്ലേ മക്കളേ? ത്യാ‍ഗം എന്നാല്‍ വഴീക്കെടക്കുന്ന തേങ്ങാ എടുത്തു ഗണപതിക്കടിക്കുകയല്ല. സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയത് മനസ്സോടെ അത്യാവശ്യക്കാരന് കൊടുക്കുകയാണ്. പൊയ്ക്കോ. പോയിക്കളിച്ചോ.

Comments (0)