വിശ്വാസം

അപ്പൂപ്പാ എന്താണീ അന്ധവിശ്വാസം? വിശ്വാസം രക്ഷിക്കും എന്നൊക്കെ പറയുന്നതിന്റെ അര്‍ഥം എന്താണ്?

മക്കളേ ദൈവത്തിനു കൈക്കൂലി കൊടുത്താല്‍ കാര്യം സാധിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ അത് അന്ധവിശ്വാസം. എന്തു ത്യാഗം സഹിച്ചും താന്‍ ഒരു കാര്യം നടത്തുമെന്ന് തീരുമാനിക്കുന്നത് ആത്മ വിശ്വാസം. പിന്നെ ഇതു രണ്ടുമല്ലാത്ത ഒരു വിശ്വാസമുണ്ട്. അത് നിഷ്ക്കളങ്കരും, നിഷ്കപടരുമായ ആള്‍ക്കാരുടെ വിശ്വാസമാണ്.

ഒരു കഥ കേട്ടോളൂ. ഒരു പുരാതിനമായ വലിയ മന. ആയിരക്കണക്കിനു പശുക്കള്‍. അതിനേ മേയ്ക്കാന്‍ ചാത്തന്‍ . നോക്കെത്താത്ത ദൂരത്തിലുള്ള പറമ്പുകളീല്‍ പശുക്കളേ വിട്ടിരിക്കുകയാണ്. നോക്കി നോക്കി ചാത്തന്‍ മടുത്തു. ഒറ്റ എണ്ണം പറഞ്ഞാല്‍ കേള്‍ക്കത്തില്ല.ഒരു ദിവസം ഏറെ കുസൃതി കാണിച്ച ഒരു പശുവിനെ ഒറ്റ അടി വച്ചു കൊടുത്തു. അത് അവിടെ വീണ് ചത്തു. ചാത്തന് സന്തോഷമായി. അടി കൊണ്ട സ്ഥലം നോക്കി വച്ചു. പിന്നെ ഏതു പശു കന്നംതിരിവു കാണിച്ചാലും ആ സ്ഥലത്ത് ഒറ്റയടി. പശുവിന്റെ കഥ കഴിയും.

ഇങ്ങനെ അവസാനം ഒരു പശുവായി. ചാത്തനു പരമ സന്തോഷം. അപ്പോഴാണ് മനക്കലേ തിരുമേനി പശുക്കളേ അന്വേഷിക്കാന്‍ എത്തിയത്. എവിടെ ചാത്താ പശുക്കളെല്ലാം. ഓ അതുങ്ങള്‍ മഹാ തെമ്മാടികളായിരുന്നു.

എന്നിട്ടു നീ എന്തു ചെയ്തു? തിരുമേനി ചോദിച്ചു.

ഇപ്പക്കാണിച്ചു തരാം എന്നു പറഞ്ഞ് ചാത്തന്‍ അവസാനമുണ്ടായിരുന്ന ഒരു പശുവിനേ കൊണ്ടു വന്ന് ഒറ്റയടി. ദേ ഇവിടൊരെണ്ണം കൊടുത്താല്‍ മതി എന്നുമ്പറഞ്ഞ്. ആപശുവും സിദ്ധികൂടി എന്നു പറയണ്ടല്ലോ.

തിരുമേനി സ്തബ്ധനായി നിന്നുപോയി. ഇവനോടെന്തു പറയാനാ? എടാ ഈ ഗോഹത്യാ പാപമെല്ലാം നീ എവിടെ ക്കൊണ്ട് കഴുകിക്കളയും? അദ്ദേഹം ചോദിച്ചു.

ചത്തനിത് ആദ്യമായി കേള്‍ക്കുകയാണ്. അവന്‍ മിഴിച്ചു നിന്നു. തിരുമേനി പുണ്യ പാപങ്ങളേക്കുറിച്ചൊരു പ്രഭാഷണം നടത്തി. ചാത്തനൊന്നും മനസ്സിലായില്ല. അവസാനം തിരുമേനി അവനോട് കാശിയില്‍ പോയി കുളീച്ചാല്‍ എല്ലാ പാപവും തീരുമെന്ന് പറഞ്ഞു. അതിനുള്ള വഴിയും പറഞ്ഞു കൊടുത്തു.

അതുമാത്രം മനസ്സിലായ ചാത്തന്‍ കാശിക്കു പുറപ്പെട്ടു.

ഇതിനിടെ നമ്മുടെ പാര്‍വ്വതീ ദേവിക്ക് ഒരു സംശയം. ദേവി പരമേശ്വരനോട് ചോദിച്ചു. പ്രഭോ ഈ കാശിയില്‍ വന്ന് ഗംഗയില്‍ കുളിക്കുന്നവരുടെ എല്ലാം പാപം പോകുമോ?

നമുക്കു നോക്കാം. എന്നു പറഞ്ഞ് പാര്‍വ്വതീ പരമേശ്വരന്മാര്‍ കിഴവനും കിഴവിയുമായി കാശിയിലെത്തി. ഒരു കൊച്ചു കുഞ്ഞും കൈയ്യിലുണ്ട്. അവര്‍ കുളിക്കാനെന്ന ഭാവേന ഗംഗയിലിറങ്ങി കുഞ്ഞിനെ വെള്ളത്തിലിട്ടു. എന്നിട്ടു നിലവിളി തുടങ്ങി. കുളിച്ചു കൊണ്ടിരുന്നവര്‍ കുഞ്ഞിനെ എടുക്കാന്‍ ഭാവിച്ചപ്പോള്‍ അയ്യോ പാപമുള്ളവര്‍ കുഞ്ഞിനേ തൊടല്ലെ. അതുചത്തു പോകും.

എല്ലാവരും ഞെട്ടി പുറകോട്ടുമാറി. അയ്യോ ആരുമില്ലെ പാപമില്ലാത്തവര്‍ ഞങ്ങളുടെ കുഞ്ഞിനേ രക്ഷിക്കാന്‍ ‍--അവര്‍ വീണ്ടും നിലവിളീച്ചു.

കുഞ്ഞിനേതൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.

അപ്പോഴാണ് ചാത്തനെത്തിയത്. വേഗം ഗംഗയില്‍ ചാടി ഒന്നു മുങ്ങിയിട്ട് അവന്‍ കുഞ്ഞിനെ എടുത്ത് ദേവീദേവന്മാരേ ഏല്‍പ്പിച്ചു.

ദേ- ഇവന്റെ പാപം മാത്രം പൂര്‍ണ്ണമായി പോയി. പരമശിവന്‍ പറഞ്ഞു.

ചാത്തന്‍ തിരിച്ചു വീട്ടിലെത്തി. അടിയന്റെ പാപമെല്ലാം പോയി -അവന്‍ തിരുമേനിയോടു പറഞ്ഞു.

പക്ഷേ തിരുമേനിക്കു വിശ്വാസമില്ല. താന്‍ തന്നെ പറഞ്ഞു വിട്ടതാണെങ്കിലും. തിരുമേനി പറഞ്ഞു. ഒരു കര്‍മ്മം കൂടിയുണ്ട്. ഓ ചാത്തന്‍ റഡി. തിരുമേനി ഒരു ഗോരൂപം ഇരുമ്പുകൊണ്ടുണ്ടാക്കി ചുട്ടു പഴുപ്പിച്ചു. ഇതു നീ നെഞ്ചോടടുക്കി പിടിക്കണം . പിന്നൊന്നും കുഴപ്പമില്ല. പാപമില്ലത്തവര്‍ക്ക് ഇതു പൊള്ളത്തില്ല. ചാത്തന്‍ യാതൊരു മടിയും കൂടാതെ ചെന്ന് അതെടുക്കാന്‍ ഭാവിച്ചപ്പോഴേക്കും തിരുമേനി ഓടിച്ചെന്ന് ചാത്തനേ കെട്ടിപ്പിടിച്ചു. എന്നിട്ട് നിറകണ്ണോടുകൂടീ പറഞ്ഞു. നീയാണ് പുണ്യവാന്‍ ‍. മഹാബ്രാഹ്മണനായ തിരുമേനി പുലയനായ ചാത്തനേ കെട്ടിപ്പിടിക്കുന്നതു കണ്ട് നാട്ടുകാര്‍ ചാത്തനേ ദിവ്യനെന്ന് ഘോഷിച്ചു. ഇതാണ് വിശ്വാസം.

Comments (0)