കാളിദാസന്‍ രണ്ട്

അപ്പൂപ്പാ ഒരു സംശയം. ഈസമസ്സ്യ എന്നു പറഞ്ഞാല്‍ എന്താണ്.

ങ. പറയാം. പണ്ട് വിദ്വാന്മാര്‍ നേരമ്പോക്കിനു വേണ്ടി ഉണ്ടാ‍ക്കിയ ഒരു കളിയാണ് സമസ്സ്യ. ഒരു ഉദാഹരണം കേട്ടോളൂ. സംസ്കൃതമാണ്.

“വീരമര്‍ക്കട കമ്പിതാ”

ഇത് ഒരു ശ്ലോകത്തിന്റെ ഒരു വരിയാണ്. ബാക്കിമൂന്നു വരികള്‍ ഉണ്ടാക്കി ഇതൊരു പൂര്‍ണ്ണശ്ലോകമാക്കണം. ശ്ലോകം കേട്ടോളൂ

“ കാഖേ ചരതി , കാരമ്യം;
കിം ജപ്യം കിന്തു കിന്തുഭൂഷണം;
കോവന്ദ്യ കീദൃശീ ലങ്കാ;
വീരമര്‍ക്കട കമ്പിതാ.”
ഇതാണ് ശ്ലോകം. അര്‍ഥം പറയാം. ഇതു കുറേ ചോദ്യങ്ങളും ഉത്തരങ്ങളും ആണ്. കാഖേ ചരതി ,എന്നുവച്ചാല്‍ ആകാശത്തില്‍കൂടി എന്തു സഞ്ചരിക്കുന്നു. ഉത്തരം സമസ്സ്യയിലേ -വീ‌- എന്നുവച്ചാല്‍ പക്ഷി- കാരമ്യം-എന്താണ് മനോഹരം-രമ-കിം ജപ്യം-എന്താണ് ജപിക്കേണ്ടത്- ര്‍ക്ക്- ആദിവേദത്തിനെ ക്കുറി‍ച്ചാണ്-കിന്തുഭൂഷണം-എന്താണ് ആഭരണം-കടകം-വള-കോവന്ദ്യ- ആരാണ് വന്ദിക്കപ്പെടെണ്ടത്-പിതാ-കീദൃശീ ലങ്കാ- ലങ്ക എപ്രകാരമാണ്-വീരമര്‍ക്കട കമ്പിതാ-വീരന്മാരയ മര്‍ക്കടന്മാരാല്‍ വിറപ്പിക്കപ്പെടുന്നത്. ഇതാണ് രീതി. ഇപ്പോ സമസ്സ്യ മനസ്സിലായല്ലോ.

കാളിദാസന്‍ രാജാവിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനും കൂടിയായിരുന്നു. സഭയിലേ മറ്റുള്ളവര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലെന്നു പറയേണ്ടതില്ലല്ലോ. ഓരോ നുണ പറഞ്ഞ് പല തവണ അവര്‍ രാജാവിനേക്കൊണ്ട് കാളിദാസനേ രാജ്യഭ്രഷ്ടനാക്കിയിട്ടുണ്ട്. ഒരു തവണ മനം നൊന്ത് കാളിദാസന്‍ സിലോണിലേക്ക് കടന്നുകളഞ്ഞു. കാളിദാസന്‍ പോയാല്‍ കവിസദസ്സ് ശുഷ്കമായി പോകും. റാജാവിനു വലിയ വിഷമം കാളിദാസനേ അന്വേഷിച്ച് ചാരന്മാരേ നാനാ വഴിക്കുംവിട്ടു. ഒരു സമസ്സ്യയും കൊടുത്താണ് വിട്ടത്.

“ കുസുമേ കുസുമോല്പത്തി ദൃശ്യതേ ന ച ശ്രൂയതേ” ഇതാണ് സമസ്സ്യ. പൂവിനകത്തു പൂവുണ്ടാകുന്നു കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല- ഇതാണര്‍ത്ഥം.

ചാരന്മാര്‍ നാടിന്റെ നാനാഭാഗത്തും നടന്ന് നാലാളു കൂടുന്നിടത്തൊക്കെ ഈ സമസ്സ്യ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ആര്‍ക്കും പൂ‍രിപ്പിക്കാന്‍ അറിഞ്ഞു കൂടാ. അങ്ങിനെ ഇരിക്കെ ഒരുത്തന്‍ സിലോണില്‍ ചെന്നുപെട്ടു. ഇങ്ങനെ നടക്കുമ്പോള്‍, ഒരു ഉദ്യ്യാനത്തില്‍ ഒരാളിരിക്കുന്നു. മടിയില്‍ സുന്ദരിയായ ഒരു യുവതി-അവളേ നോക്കിക്കൊണ്ട് അയാള്‍ “

ഇയങ്കാ ,വയങ്കേ മദങ്കേ ശയാനാ;
വിശാലേ സുഫാലേ വിശേഷം വഹന്തി;
അരംഭാ സമാനാഭി രംഭാ സമാനാ;
കുരംഗീ ലവംഗീ മൃഗാംഗീ കരോതി’“. എന്ന് ലയിച്ചിരുന്ന് ചൊല്ലുകയാണ്.

കിടക്കട്ടെ ഇവിടെയും എന്നു വിചാരിച്ച് നമ്മുടെ ചാരന്‍ വിളിച്ചു പറഞ്ഞു”കുസുമേ കുസുമോല്പത്തി ദൃശ്യതേ ന ച ശ്രൂയതേ“.

അവിടിരുന്ന ആള്‍ തലപൊക്കിനോക്കി. ആരുമില്ല. പിന്നീട് അയാള്‍ ആ യുവതിയുടെ മുഖത്ത് സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു,

ബാലേ തവ മുഖാംഭോജേ ;
നീലമിന്ദീവരദ്വയം;
കുസുമേ കുസുമോല്പത്തി ;
ദൃശ്യതേ ന ച ശ്രൂയതേ“.

അതായത് അല്ലയോ കൊച്ചു പെണ്ണേ, നിന്റെ മുഖമാകുന്ന താമരപ്പൂവില്‍, രണ്ടു കരിങ്കൂവളപ്പൂക്കള്‍ പൂവിനകത്തു പൂവുണ്ടാകുന്നു കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ചാരന്റെ കണ്ണു തള്ളീപ്പോയി. ഉടന്‍ തന്നെ അയാളേ ഭോജരാജാവിന്റടുത്തെത്തിച്ചു. അത് കാളിദാസന്‍ ആയിരുന്നെന്നു പറയേണ്ടതില്ലല്ലോ. ശുഭം.

Comments (0)