കൃഷ്ണാര്‍ജ്ജുനവിജയം

അപ്പൂപ്പാ കുഞ്ചന്‍ നമ്പ്യാരെഴുതിയ കൃഷ്ണാര്‍ജ്ജുനവിജയം തുള്ളലില്ലേ- അതിന്റെ കഥ എന്തവാ--ആതിര ചോദിച്ചു. പറയാം മക്കളേ. ഗയന്‍ എന്നു പേരായി ഒരു ഗന്ധര്‍വ്വന്‍ ഉണ്ടായിരുന്നു. നമ്മുടെ ചിത്രരഥന്റേയും, അതുവഴി ഇന്ദ്രന്റേയും വലിയ സ്നേഹിതനാണ്. വലിയ ആള്‍ക്കാരുടെ സ്നേഹിതനാകുമ്പോള്‍ അതിനുതക്ക അഹങ്കാരവും വേണമല്ലോ. ഭാഗ്യത്തിന് ഗയന് അതുമുണ്ട്.

ഒരു ദിവസം ഗയന്‍ ആകാശത്തുകൂടെ കുതിര വണ്ടിയില്‍ സഞ്ചരിക്കുകയാണ്. കീഴോട്ടു നോക്കുമ്പോള്‍ കാണുന്നവരെല്ലാം തന്നേക്കാള്‍ താഴ്ന്നവരാണല്ലോ. നമ്മുടെ ശ്രീകൃഷ്ണന്‍ യമുനയില്‍ കുളിച്ച് സന്ധ്യാവന്ദനം കഴിച്ചുകൊണ്ടിരിക്കുന്നത് ഗയന്‍ കണ്ടു. കുതിരയെ ഒറ്റയടി. പാവം അത് കുതിച്ചുപായുന്നതിനിടയില്‍ അതിന്റെ വാ‍യില്‍ നിന്നും നുരയും പതയും കീഴോട്ട്--കൃഷ്ണന്റെ കൈയ്യിലേക്ക്-- വീണു. വെള്ളം കളഞ്ഞ് ശ്രീകൃഷ്ണന്‍ മുകളിലേക്ക് നോക്കി. ഗയന്‍--അഹങ്കാരീ നിന്റെ തല അറുത്തല്ലാതെ ഇനി ഞന്‍ സന്ധ്യാവന്ദനം കഴിക്കില്ല--കൃഷ്ണന്‍ പ്രതിജ്ഞ ചെയ്തു. ഗയന്റെ സര്‍വ്വ അഹങ്കാരവും പമ്പ കടന്നു. അയാള്‍ ഓടി ചിത്രരഥന്റെ അടുത്തെത്തി വിവരം പറഞ്ഞു. ചിത്രരഥന്‍ അയാളേയുംകൊണ്ട് ഇന്ദ്രന്റെ അടുത്തെത്തി ഒരാള്‍ ഗയനേ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തു എന്നു പറഞ്ഞു. അരാണ്? ഇന്ദ്രന്‍ ചോദിച്ചു. കൃഷ്ണന്‍. ഗയന്‍ മറുപടി പറഞ്ഞു. ഏത് കൃഷ്ണന്‍-ഇന്ദ്രന്‍. ദ്വാരകയിലേ-ഗയന്‍. അയ്യോ-പൊയ്ക്കോ ഇവിടുന്ന്-പൊയ്ക്കോ-പൊയ്ക്കോ-ഇവിടെ നില്‍ക്കണ്ടാ. ഞാനൊരു തവണ ഒന്നു നോക്കിയതാ--പട്ടിണിയാകാഞ്ഞത് ഭാഗ്യം. എവിടെങ്കിലും പൊയ്ക്കോ-വേഗം.
അതെന്തവാ അപ്പൂപ്പാ ഇന്ദ്രനു പറ്റിയത്? ആതിര ചോദിച്ചു. ഗോവര്‍ധനം പൊക്കിയ കഥ കേട്ടിട്ടില്ലേ. അതൊന്നു പറ അപ്പൂപ്പാ. ശ്യാം പറഞ്ഞു. എന്നാ‍ല്‍ കേട്ടോ. ശ്രീകൃഷ്ണന്റെ കൊച്ചിലേ, വൃന്ദാവനത്തില്‍ ഒരു ഉത്സവത്തിനൊരുക്കം. ശ്രീകൃഷ്ണന്‍ അച്ഛനോടു ചോദിച്ചു.
ശ്രീകൃഷ്ണന്‍:- എന്താ അച്ഛാ സംഭാരങ്ങളൊക്കെ?
നന്ദഗോപര്‍:- അത് ഇന്ദ്രനുള്ളതാണ്. ദേവന്മാര്‍ക്ക് യജ്ഞം നടത്തി ഹവിര്‍ഭാഗം കൊടുത്താലേ അവര്‍ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയുള്ളൂ. മഴ പെയ്യിക്കുന്നത് ദേവേന്ദ്രനല്ലേ. അദ്ദേഹം കോപിച്ചാല്‍ നമുക്കു സമയാസമയത്ത് മഴ കിട്ടുകയില്ല. ഭൂമി വരണ്ടു പോകില്ലേ. അതിന് അദ്ദേഹത്തേ പ്രസാദിപ്പികാനാണ് യജ്ഞം
ശ്രീകൃഷ്ണന്‍:- അതു ശരിയല്ലല്ലോ അച്ഛാ. പ്രപഞ്ച ഭരണത്തിന് ഓരോരുത്തരേ നിശ്ചയിച്ചിരിക്കുന്നത് അവരുടെ കടമകള്‍ നിറവേറ്റാനല്ലേ. നമ്മുടെ ഭരണാധികാ‍രികളേപോലെ അവര്‍ കൈക്കൂലി പ്രതീക്ഷിക്കാന്‍ പാടുണ്ടോ. അവരെ ഏല്പിച്ചിരിക്കുന്ന ജോലി അവര്‍ ചെയ്യണം. അതിനു നമ്മള്‍ കൂലി കൊടുക്കണ്ടാ. നമ്മുടെ ജീവസന്ധാരണത്തിനുള്ള പശുക്കള്‍ക്ക് വേണ്ടതെല്ലാം തരുന്നത് ഗോവര്‍ദ്ധന പര്‍വ്വതമാണ്. അതാണ് നമ്മള്‍ സംരക്ഷിക്കേണ്ടത്. അതുകൊണ്ട് ഇത്തവണത്തേ പൂജ ഗോവര്‍ദ്ധനത്തിന് ചെയ്യണം.

നിലവിലുള്ള നിയമത്തേ വെല്ലുവിളിച്ച ലോകത്തേ ആദ്യത്തേ വിപ്ലവകാരിയുടെ വാക്കുകള്‍ അംഗീകരിക്കപ്പെട്ടു. പൂജ ഗോവര്‍ദ്ധനത്തിന് ചെയ്തു. ഇന്ദ്രന്‍ കോപാകുലനായി ഒരാ‍ഴ്ച മുഴുവന്‍ മഴ പെയ്യിച്ചു. ഗോവര്‍ദ്ധനം ഒരു കൈയ്യില്‍ പൊക്കി പിടിച്ച് കൃഷ്ണന്‍ ഗോകുലം മുഴുവന്‍ അതിന്റെ കീഴിലാക്കി സംരക്ഷിച്ചു. ഒരാഴ്ച കഴിഞ്ഞ് നശിച്ചു കിടക്കുന്ന ഭൂമി കാണാന്‍ വന്ന ഇന്ദ്രന്‍ ഒരു കുഴപ്പവും കാണാതെ ലജ്ജിച്ച് തലതാഴ്തി ശ്രീകൃഷ്ണനോട് മാപ്പ് പറഞ്ഞ് തടിതപ്പി. യജ്ഞം നമ്മള്‍ കൊടുക്കുന്നതാണ്--നമ്മള്‍ അമ്പലത്തിലേക്ക് പറ കൊടുക്കുന്നപോലെ. ആരും നിര്‍ബ്ബന്ധിച്ചിട്ടല്ല. ഇപ്പോഴത്തെ പറക്കാരുടെ ഭാവം കണ്ടാല്‍ അവരുടെ കഴിവുകൊണ്ടാണ് ആള്‍ക്കാരെല്ലാം പറ കൊടുക്കുന്നതെന്ന് തോന്നും. കൊടുത്തില്ലെങ്കില്‍ നമ്മടെ മൂക്കുചെത്തി ഉപ്പിലിടുമെന്ന ഭാവം. ഭാവത്തിന്റെ തലയ്ക്കാണ് ശ്രീകൃഷ്ണന്‍ ഒരു കൊട്ടുകൊടുത്തത്.

ഇന്ദ്രന്‍ പറഞ്ഞയച്ച ഗയന്‍ ബ്രഹ്മാവിന്റടുത്തു ചെന്നു. കൃഷ്ണനാണെന്നു കേട്ടപ്പോള്‍ ബ്രഹ്മാവു പറഞ്ഞു--ഞാനില്ല. ഒരു കൊല്ലം പശുക്കളേ മേച്ചുനടന്നതിന്റെ പാട് എനിക്കേ അറിയാവൂ. ങാ-സ്ഥലംവിട്-വേഗം. നീ ഇവിടെ നില്‍ക്കുന്നത് ആരെങ്കിലും കണ്ടാല്‍ തന്നെ പ്രശ്നമാണ്. പോ-പോ.

അതെന്താ അപ്പൂപ്പാ ബ്രഹ്മാവിനെന്തു പറ്റി-ആതിര ചോദിച്ചു. പറയാം. കൃഷ്ണന്‍ ജനിച്ചത് കംസനേ കൊല്ലാനാണെന്നു മനസ്സിലാക്കിയ കംസന്‍; പൂതന, ശകടാസുരന്‍, തൃണാവര്‍ത്തന്‍, അഘന്‍, കേശി മുതലായ കൊട്ടേഷന്‍ നേതക്കളെ കൃഷ്ണനേ കൊല്ലാന്‍ നിയോഗിച്ചു. പക്ഷേ കൃഷ്ണന്‍ അവരേയൊക്കെ വകവരുത്തി. ലോക കണ്ടകന്മാരേ ഒക്കെകൊല്ലാന്‍ കഴിവുള്ള കൃഷ്ണനേ ഒന്നു പരീക്ഷിക്കണമെന്ന് വിചാരിച്ച് ബ്രഹ്മാവ് ഒരു ദിവസം മേയാന്‍ വിട്ടിരുന്ന പശുക്കിടാങ്ങളേയും, അതിനേ കാണാതായപ്പോള്‍ കൃഷ്ണന്‍ നൊക്കാന്‍ പോയ തക്കത്തിന്, അദ്ദേഹത്തിന്റെ കൂട്ടുകാരേയും മോഷ്ടിച്ചു കൊണ്ടുപോയി. ബ്രഹ്മാവിന്റെ കളി മനസ്സിലാക്കിയ കൃഷ്ണന്‍ തന്റെ മായ കൊണ്ട് അവരേയെല്ലാം സൃഷ്ടിച്ചു--അപരന്മാരേ. പാവം ബ്രഹ്മാവ്-ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല. ബുദ്ധി വേറേ ആര്‍ക്കും ഇല്ല-നമ്മുടെ കുത്തകയാണെന്നു വിചാരിക്കുന്നചിലരുണ്ടല്ലോ--അവര്‍ക്ക് ആപ്പു പറ്റുമ്പോഴെ വേറേയും ബുദ്ധിയുള്ള ആളുകള്‍ ഉണ്ടെന്നു മനസ്സിലാക്കുകയുള്ളൂ. ഒരു കൊല്ലം ബ്രഹ്മാവ് തൊണ്ടി മുതല്‍--മോഷ്ടിച്ച സാധനത്തിന് അങ്ങനെയാണല്ലോ പറയുക--സംരക്ഷിച്ചു--ജീവനുള്ളതാണേ! അങ്ങനെ ഒരു പാഠം പഠിച്ച ബ്രഹ്മാവ് അവരേ എല്ലാം കൃഷ്ണന്റെ മുമ്പില്‍ ഹാജരാക്കി. ബ്രഹ്മാവിന്റെ പഴയ ശത്രുക്കളായ മധുകൈടഭന്മാരേ ഇറക്കി കൃഷ്ണന്‍ ബ്രഹ്മവിനെ ഒരു വെരുട്ടു വെരുട്ടി. ബ്രഹ്മാ‍വ് കാല്‍ക്കല്‍ വീണ് മാപ്പ് ചോദിച്ചു. പിന്നെ ബ്രഹ്മാവ് ഗയനേ രക്ഷിക്കുമോ? നമുക്ക് മഹേശ്വരന്റടുത്ത് പോകാം. ചിത്രരഥന്‍ പറഞ്ഞു. രണ്ടുപേരും കൂടി കൈലാ‍സത്തിലേക്ക് വച്ചുപിടിച്ചു. അവിടെ ഭഗവാനും ഭഗവതിയും കൂടെ ചതുരംഗം കളിക്കുന്നു. എന്താ രണ്ടുപേരുംകൂടി ഇത്ര രാവിലേ? മുക്കണ്ണന്‍ ചോദിച്ചു. ചിത്രരഥന്‍ ചരിത്രം മുഴുവന്‍ പറഞ്ഞു.
പരമശിവന്‍:- ആരാന്നാ പറഞ്ഞത്?
ചിത്രരഥന്‍ :- കൃഷ്ണന്‍.
പരമശിവന്‍:- ഏതു കൃഷ്ണന്‍?
ചിത്രരഥന്‍ :- ശ്രീകൃഷ്ണന്‍-ദ്വാരകയിലേ.
പരമശിവന്‍:- ദ്വാരകയിലേ ശ്രീകൃഷ്ണനില്‍ നിന്ന് ഞാ‍ന്‍ രക്ഷിക്കണം?
ചിത്രരഥന്‍ :- അതേ. മറ്റാരുമില്ല സഹായത്തിന്. അങ്ങുതന്നെ ശരണം.
പരമശിവന്‍:- വേറേ വല്ലതും പറയാനുണ്ടോ?
ചിത്രരഥന്‍:- ഇല്ല.
പരമശിവന്‍:- എന്നാല്‍ വേറേ ആളേനോക്ക്. ഇവിടെ പണ്ടത്തെ ക്ഷീണം തീര്‍ന്നിട്ടില്ല. ഉം-സ്ഥലംവിട്. വേഗം. ഭഗവാന്‍ കളിതുടര്‍ന്നു.
എന്താ‍ അപ്പൂപ്പാ പണ്ടത്തേ ക്ഷീണം--ആതിര ചോദിച്ചു. പറയാം മക്കളേ. പണ്ട് ബാണന്‍ എന്നൊരസുരന്‍ ഉണ്ടായിരുന്നു. അയാള്‍ തപസ്സു ചെയ്ത് പരമശിവനേ പ്രത്യക്ഷപ്പെടുത്തി. സന്തുഷ്ടനായ ശിവന്‍ ബാ‍ണന് ആയിരം കൈകള്‍ കൊടുത്തു. ഇനിയും നിനക്ക് എന്താണു വേണ്ടത് എന്നു ഭഗവാന്‍ ചോദിച്ചപ്പോള്‍ എന്താ‍ണു വരം ചോദിച്ചതെന്നറിയാമോ-ഭഗവാ‍ന്‍ അയാളുടെ കൊട്ടാരം കാവല്‍ക്കാരനാവണം. പാവം പരമശിവന്‍-വരം കൊടുക്കാതിരിക്കാന്‍ പറ്റുമോ. ശിവനും ഭൂതഗണങ്ങളും കൂടി ബാണന്റെ കൊട്ടാരം കാവലിനു പോയി. ബാണന്‍ ലോകം മുഴുവന്‍ കീഴടക്കി-തനിക്ക് എതിരാരുമില്ലെന്ന് തോന്നി-പരമശിവനോട് യുദ്ധം ചെയ്യണമെന്ന മോഹം അവതരിപ്പിച്ചു. ഭഗവാന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു--നിനക്കു തക്ക ഒരെതിരാളി വരും-ഞാനതിനു പറ്റിയ ആളല്ല--കാത്തിരുന്നു കൊള്ളൂ--നിന്റെ ധ്വജം ഒരിക്കല്‍ മുറിഞ്ഞു വീഴും-- യുദ്ധം കഴിയുമ്പോള്‍ കാവലവസാ‍നിപ്പിച്ച് ഞനും പോകും. അതുവരെ ക്ഷമിക്ക്. അന്നുമുതല്‍ ബാണന്‍ ധ്വജത്തേ നോക്കി ഇരിപ്പായി.

ബാണന്റെ മകളാണ് ഉഷ. അവളൊരു ദിവസം ഒരു സ്വപ്നം കണ്ടു.
മാരതുല്യനൊരുദേഹം ചാരവേവന്നിരുന്നാശു--നാരിയുമായനംഗന്റെ ലീലകള്‍ തേടി.
മുത്തണിക്കൊങ്കയാള്‍ തന്റെ ചിത്തതാരിലതിമോഹം--മെത്തുമാറങ്ങവളൊത്തു രമിച്ച ശേഷം
മെത്തമേലങ്ങിരുപേരും സ്വസ്ഥരായിട്ടിരിക്കുമ്പോള്‍--ഉത്തമനാമവന്‍ തന്നേക്കണ്ടതുമില്ലാ-- ഇതാ വഞ്ചിപ്പാട്ടല്ലേ-നമ്മള്‍ ഓണത്തിനു പടിയത്--കിട്ടു ആവേശത്തോടെ പറഞ്ഞു. അതേ മോനേ-അതുതന്നെ. ഉഷ സ്വപ്നത്തില്‍നിന്ന് കരഞ്ഞുകൊണ്ട് ഉണര്‍ന്നു. തോഴി ചിത്രലേഖ അടുത്തു തന്നെകിടപ്പുണ്ട്. അവള്‍ ഉണര്‍ന്നു തിരക്കി-എന്താ-എന്താ കാര്യം. ഉഷ കാര്യം പറഞ്ഞു. ആരാണയാള്‍---ഉഷയ്ക്കറിയാന്‍ വയ്യ. ചിത്രലേഖ തന്നെ കണ്ടു പിടിക്കണം--ഉഷ കരഞ്ഞു കൊണ്ട് പറഞ്ഞു. ചിത്രലേഖ നല്ലൊരു ചിത്രകാരിയാണ്. അവള്‍ ലോകത്തുള്ള സുന്ദരന്മാരുടെ ചിത്രങ്ങള്‍ വരച്ചു--അതൊന്നുമല്ല. ഒടുവില്‍ ശ്രീകൃഷ്ണന്റെ ചിത്രം വരച്ചു--അതുകണ്ടപ്പോള്‍-ഏതാണ്ടൊരു സാമ്യം-പക്ഷെ ആളതല്ല. പ്രദ്യുംനന്റെ ചിത്രം വരച്ചു--കൂടുതല്‍ സാമ്യം-പക്ഷേ ആളതുമല്ല. അനിരുദ്ധന്റെ ചിത്രം വരച്ചു കാണിക്കുകയും അതുപിടിച്ചുപറിച്ച് ഉഷ മാറോട് ചേര്‍ക്കുകയും ഒന്നിച്ചു കഴിഞ്ഞു.

ആളിനേ ഉടനേ കൊണ്ടുവരണം. അതുവരെ ഞാന്‍ ഉണ്ണാവൃതമാണ്. കൊണ്ടു വന്നില്ലെങ്കില്‍ മരണം വരെ. പാവം ചിത്രലേഖ എന്തുചെയ്യും. പക്ഷേ ഉഷയ്ക്കു വേണ്ടി അവള്‍ എന്തും ചെയ്യും. ആളു ശ്രീകൃഷ്ണന്റെ കൊച്ചുമോനാണ്. ചിത്രലേഖയ്ക്ക് പ്രശ്നമില്ല. അവള്‍ക്ക് ആളിനേ ഒരിടത്തുനിന്ന് മറ്റോരിടത്തേക്ക് മാറ്റാനുള്ള വിദ്യ അറിയാം. കണ്ടിട്ടില്ലെഹലോ-കുട്ടിച്ചാത്തനില്‍”. അതുപോലെ അവള്‍ അന്നു തന്നെ അനിരുദ്ധനേ ഉഷയുടെ മുന്നില്‍ എത്തിച്ചു. അവരവിടെ കഴിയട്ടെ. നമുക്കേ ഇന്നു നവരാത്രി സംഗീതം കേള്‍ക്കാന്‍ പോകാം. കഥ പിന്നെ.

Comments (0)