പ്രതാപസിംഹന്‍

0
അപ്പൂപ്പാ റാണാ പ്രതാപസിംഹന്‍ -ആതിര തുടങ്ങി.

ശരി മോളേ പറയാം.

ആരവല്ലീ പര്‍വ്വതനിരകളുടെ താഴ്വാരം. അതിമനോഹരമായ ഒരു പട്ടണം. മേവാറിന്റെ തലസ്ഥാനം അവിടെയാണ്. അവിടെ ഒരു കൊട്ടാരം. നേരം വെളുത്തു വരുന്നതേയുള്ളൂ. എന്തോ ദുരന്തം സംഭവിക്കാന്‍ പോകുന്നപോലെ അന്തരീക്ഷം മ്ലാനമാണ്. ഒരിലപോലും അനങ്ങുന്നില്ല. കൊട്ടാരത്തില്‍ അതിരാവിലത്തേ സാധാരണ ബഹളം.
രണ്ടു കുട്ടികള്‍ ഓടിവരുന്നു. പതിനാലും, പതിനൊന്നും വയസ്സു പ്രായം കാണും. രാവിലത്തേ ആയുധാഭ്യാസം കഴിഞ്ഞു വരുകയാണ്. ഇളയവന്‍ ഭയങ്കര ചൂടിലാണ്. അഭ്യാ‍സസമയത്ത് മൂത്തയാള്‍ അയാളേ തോല്പിച്ചുപോലും. മൂത്തയാള്‍ ശാന്തനാ‍ണ്.

മേവാറിലേ റാണയായിരുന്ന ഉദയസിംഹന്റെ മക്കളായ പ്രതാപനും, ശക്തനുമാണ് ഈ കുട്ടികള്‍.

പ്രതാപന്‍ :- ബഹളം കൂട്ടാതെ ശക്താ. കളിയില്‍ ഇന്നു തോറ്റെന്നു വിചാരിച്ച് വിഷമിക്കാതെ. നാളെ നിനക്കായിരിക്കും ജയം.
ശക്തന്‍ :- എനിക്കൊന്നും കേള്‍ക്കണ്ടാ. എടുക്കു കുന്തം. ഇപ്പോഴറിയണം ആരാ മിടുക്കനെന്ന്. എടുക്ക്-എടുക്ക്-ശക്തന്‍ ബഹളംകൂട്ടി.

ബഹളം കേട്ട് അകത്തുനിന്ന് പ്രൌഢയായ ഒരു സ്ത്രീ ഇറങ്ങിവന്നു. “എന്താശക്താ എന്താണീ ബഹളം” അവര്‍ ചോദിച്ചു .

യുദ്ധത്തില്‍ മരിച്ച ഉദയസിംഹന്റെ റാണിയാണ് അത്. അന്നത്തേ ഭരണാധികാരി. പ്രതാപസിംഹന്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ മേവാറിലേ റാണി.

അമ്മയുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ ശക്തന്‍ രണ്ടു കുന്തങ്ങള്‍ കൊണ്ടുവന്നു. ഒന്നു പ്രതാപനു കൊടുത്തു. എറിയ്-എറിയ്- അവന്‍ വീണ്ടും ബഹളം കുട്ടിക്കൊണ്ടിരുന്നു.

അവന്‍ കുന്തം എറിയാന്‍ ഓങ്ങി നില്‍ക്കുകയാണ്. ഗത്യന്തരമില്ലാതെ പ്രതാപനും തയ്യാറായി.

അരുത് എന്നു പറഞ്ഞ് അമ്മ രണ്ടുപേരുടേയും നടുവില്‍ ചാടിവീഴുകയും, ശക്തന്‍ കുന്തം എറിയുകയും, അത് അമ്മയുടെ മാറില്‍ തറയ്ക്കുകയും എല്ലാം ഒരു നൊടിയിടയില്‍ കഴിഞ്ഞു. പ്രതാപന്‍ അമ്മയേ താങ്ങി- നിങ്ങള്‍ ഇങ്ങനെ വഴക്കിടല്ലേ എന്നു പറഞ്ഞുകൊണ്ട് അമ്മ പ്രാണന്‍ വെടിഞ്ഞു.

ശക്തന് ഒരു കൂസലുമില്ല. ഇടയ്ക്കു വന്നു കേറിയിട്ടല്ലേ-അയാള്‍ ന്യായീകരിച്ചു. പ്രതാപന്‍ ശക്തനേ നാടുകടത്തി.

കാലം വളരെ കഴിഞ്ഞു. അക്ബര്‍ ഹിന്ദുസ്ഥാനിലേ മിക്ക രാജ്യങ്ങളും ചതുരുപായങ്ങള്‍ പ്രയോഗിച്ച്
തന്റെ അധീനതയിലാക്കി. പ്രതാപസിംഹനേ വരുതിലാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. ജയ്പൂര്‍, ഉദയപൂര്‍, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മര്‍ പോലും അക്ബറിനു കപ്പം കൊടുത്ത് സാമന്തന്മാരായി. ഇതിനിടയില്‍ ഒരു വെള്ളിനക്ഷത്രം പോലെ ഭാരതത്തിന്റെ അഭിമാനഭാജനമായി റണാ പ്രതാപസിംഹന്‍ തിളങ്ങിനിന്നു. തങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ അക്ബറേ അനുസരിക്കാതെ നില്‍ക്കുന്നതില്‍ ഈ സാമന്തന്മാര്‍ രഹസ്യമായി അഭിമാനം കൊണ്ടു. അക്ബര്‍ക്കും ഇതറിയാം. മേവാര്‍ കീഴടക്കാതെ രാജ്യം തന്റെ കീഴില്‍ കൊണ്ടു വരുവാന്‍ സാദ്ധ്യമല്ലെന്ന് അക്ബര്‍ക്കറിയാം.

ശര്‍വ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഹനേ തോല്പിക്കണമെന്ന് അക്ബര്‍ തിരുമാനിച്ചു. സ്വപുത്രനായ സലിമിനെ തന്നെ സര്‍വ്വസൈന്യാധിപനായി നിശ്ചയിച്ചു. സലിമിന്റെ നേതൃത്വത്തില്‍ അക്ബറിന്റെ സൈന്യവും, പ്രതാപന്റെ നേതൃത്വത്തില്‍ ശിഷ്ടമുള്ള രജപുത്ര സൈന്യവുമായി ഹല്‍ദിഘട്ട് എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി. പ്രതാപസിംഹനേ വധിക്കരുതെന്ന് അക്ബര്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. സലിമിന് എങ്ങിനെയെങ്കിലും പ്രതാപനേ വധിക്കണം. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ കീഴടക്കുന്നത് അസാദ്ധ്യമാണെന്ന് സലിമിനറിയാം.

സലിം ആനപ്പുറത്താണ്. പ്രതാപന്‍ കുതിരപ്പുറത്തും. പ്രതാപന്റെ കുതിരയുടെ പേര് “ചേതക്‘ എന്നാണ്.

അതൊരു സ്കൂട്ടറിന്റെ പേഅല്ലേ അപ്പൂപ്പാ-ബജാജ് ചേതക്.

അതേ മോനേ പ്രതാപസിംഹന്റെ കുതിരയുടെ ഓര്‍മ്മക്കായി ബജാജ് കമ്പനി ഉണ്ടാക്കിയതാണ്. അത്രയ്ക്കു പ്രസിദ്ധമായിരുന്നു ആ കുതിരപോലും.

ആഭിമന്യുവിനേപ്പോലെ പ്രതാപനേ ഒറ്റയ്ക്ക് വ്യൂഹത്തിലാക്കി. റാണയേ രക്ഷിക്കാന്‍ ശ്രമിച്ച വീരന്മാര്‍ പലരും മരിച്ചുവീണു. പ്രതാപന്‍ ഒറ്റയ്ക്ക് അതിഭയങ്കരമായ യുദ്ധം ചെയ്തു. മുഗള്‍ സേനനായകന്മാരുടെ തലകള്‍ ഭൂമിയില്‍ കിടന്നുരുണ്ടു. സലിമിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ചു. ചേതക് സലിമിന്റെ ആനയുടെ മസ്തകത്തില്‍ കാലുറപ്പിച്ചു. സലിം ആനപ്പുറത്തുനിന്നും വീണു. സലിമിനേയുംകൊണ്ട് മുഗളന്മാര്‍ രക്ഷപെട്ടു. രക്ഷിക്കാന്‍ ശ്രമിച്ച് വ്യൂഹം തകര്‍ന്നു. ഒറ്റയ്ക്കു പോരാടി പ്രതാപസിംഹന്‍ അവശനായി. അദ്ദേഹത്തിന് മാരകമായ മുറിവേറ്റു. അതുമനസ്സിലാക്കിയ ചേതക് അദ്ദേഹത്തേയും കൊണ്ട് പാഞ്ഞുപോയി. രണ്ടു മുഗളന്മാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ഇതുകണ്ട് ദൂരെനിന്ന മറ്റൊരാളും അവരുടെ പിന്നാലേ പോയി.

ഇവര്‍ പോയ വഴിയില്‍ ഒരു നദി ഉണ്ടായിരുന്നു. ചേതക് ഒറ്റച്ചാട്ടത്തിന് നദി കടന്നു. പുറകേ വന്ന മുഗളന്മാ‍രുടെ കുതിരകള്‍ നദിക്കരയില്‍ നിന്നു. അവര്‍ക്കു നദി കടക്കാന്‍ ആഴം കുറഞ്ഞ സ്ഥലം കണ്ടുപിടിക്കേണ്ടിവന്നു. അപ്പോഴേക്കും മൂന്നാമനും അവിടെ എത്തി.

അക്കരെ ചാടി വീണ ചേതക് മരിച്ചാണ് വീണത്. പ്രതാപന്‍ ദുരെ തെറിച്ചുവീണ് ബോധരഹിതനായി. നദി കടന്ന്മറ്റവര്‍ എത്തിയപ്പോഴേക്കും ബോധം തിരിച്ചുകിട്ടി. അമിതമായ രക്തശ്രാവംകൊണ്ട് അവശനായിരുന്നെങ്കിലും ശത്രുക്കളെക്കണ്ട് വാളുമായി എഴുനേറ്റു. രണ്ടുപേരോടും പോരാടി കുഴഞ്ഞു വീണു. അപ്പോഴേക്കും മൂന്നാ‍മന്‍ അവിടെ എത്തി.

ആരാ അപ്പൂപ്പാ ഈ മൂന്നാമന്‍-കുറേ നേരം കൊണ്ട് മൂന്നാമന്‍ മൂന്നാമന്‍ എന്നു പറയുന്നല്ലോ. ആതിരയ്ക്ക് ജിജ്ഞാസ അടക്കാന്‍ വയ്യാതായി.

അതോ- അത് പണ്ടു പ്രതാപന്‍ നാടുകടത്തിയ അനിയന്‍ ശക്തനാണ്. പ്രതാപനോടുള്ള പകതീര്‍ക്കാന്‍ മുഗളരേ സഹായിച്ചുകൊണ്ട് അവരുടെ സൈന്യത്തില്‍ ചേര്‍ന്ന് നടക്കുകയായിരുന്നു. ഹല്‍ദിഘട്ടില്‍ വച്ചുള്ള യുദ്ധത്തില്‍ തന്റെ ചേട്ടന്റെ വീരപരാക്രമം കണ്ട് മനസ്സിലേ സകല പകയും പോയി. ഹൃദയം അഭിമാനവിജ്രംഭിതമായി-സ്വയം പുച്ഛംതോന്നി. പ്രതാപന്റെ പിന്നാലേ മുഗളന്മാര്‍ പോകുന്നതു കണ്ട് അവരേ പിന്തുടര്‍ന്നതാണ്.

അക്ബര്‍

0
അപ്പൂപ്പാ ശ്യാംകുട്ടന്‍ വിളിച്ചു. ആ അക്ബറിന്റെ കഥ മുഴുവനാക്കിയില്ലല്ലോ.

ശരി പറയാം. ടൈമൂര്‍ എന്ന്ഒരു അതിഭീകരനായ കൊള്ളക്കാരന്‍ ഉണ്ടായിരുന്നു. പല തവണ ഭാരതത്തേ ആക്രമിച്ച് കൊള്ളയടിച്ചിട്ടുള്ള ആളാണ്. ഒരു മുടന്തന്‍ . അയാളുടെ വംശത്തില്‍ പെട്ടതാണ് ബാബര്‍. ബാബറും ഇവിടെ വന്ന് കൊള്ളനടത്തി. കപട ആത്മീയത്തില്‍ മുഴുകി ഒന്നിനും കൊള്ളാതായ ഒരു ജനതയായിരുന്നതുകൊണ്ട് കൊള്ളക്കാര്‍ക്ക് പരമസുഖം. ബാബറിന്റെ മകനായ ഹുമയൂണിന്റെ കാലമായപ്പോഴേക്കും ഇവിടെ അവര്‍ ഭരണാധികാരം സ്ഥാപിച്ചു.

അപ്പോഴാണല്ലൊ ദേവലോകത്തില്‍ ഇരിക്കപ്പൊറുതിയില്ലാതായത്. അങ്ങിനെ ദേവേന്ദ്രന്‍ വന്ന് ഹുമയൂണിന്റെ മകനായി ജനിച്ചു. അക്ബര്‍ എന്ന പേരില്‍. അതിനു മുമ്പു തന്നെ ബ്രഹസ്പതി ആത്മാരാമനായി ജനിച്ച് ഒരു ഗുരുകുലം ഒക്കെ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മകനാണ് തുളസീദാ‍സന്‍ -അതെ-നമ്മടെ രാമചരിതമാനസം എഴുതിയ തുളസീദാസന്‍ .

ഹുമയൂണിന്റെ കാലത്തും ഒരു വ്യവസ്ഥാപിതമായ ഭരണം മുഗളന്മാര്‍ക്ക് ഇവിടെ സ്ഥാപിക്കാന്‍ സാധിച്ചില്ല. അതി ശക്തരായ രജപുത്രര്‍ എന്നൊരു വംശം ഉത്തരേന്ത്യയില്‍ ഉണ്ടായിരുന്നു. മേവാര്‍, ഉദയപൂര്‍ മുതലായ അനേകം നാട്ടുരാജ്യങ്ങളില്‍ ഭരണാധികാരികള്‍ അവരായിരുന്നു. പക്ഷേ തമ്മില്‍ തല്ലില്‍ പ്രസിദ്ധരായിരുന്നതുകൊണ്ട് മുഗളന്മാര്‍ക്ക് അവരേ കീഴടക്കാന്‍ വലിയ പ്രയാസമുണ്ടായില്ല.

ജയച്ചന്ദ്രന്റേയും പ്രത്ഥ്വീരാജന്റേയും പോലെ-അല്ലേ അപ്പൂപ്പാ രാംകുട്ടന്‍ ചോദിച്ചു.

അതെ മക്കളേ. അങ്ങനെ ചെറിയ ചെറിയ രാജ്യങ്ങള്‍ പിടിച്ച് ഡല്‍ഹി കേന്ദ്രമാക്കി ഒരു ഭരണകൂടം ഹുമയൂണ്‍ ആരംഭിച്ചു. പലതവണ ഹുമയൂണിനേ ഈ രജപുത്രന്‍ മാര്‍ തോല്പിച്ചോടിച്ചെങ്കിലും അയാള്‍ തിരിച്ചുവന്ന് ഭരണം പുന:സ്ഥാപിച്ചുകൊണ്ടിരുന്നു. അയാളുടെ മൂത്തമകനായാണ് അക്ബര്‍ ജനിച്ചത്. അപ്പോഴേക്കും മുഗള്‍ ഭരണം ഏതാണ്ട് ഉറച്ച മട്ടിലായി.

അമ്പലം പൊളിക്കലും ഹിന്ദുക്കളെ കാഫറെന്നു മുദ്രകുത്തി കൂട്ടക്കുരുതി നടത്തലും അക്ബര്‍ ഉപേക്ഷിച്ചു. പകരം ഹിന്ദുസ്ത്രീകളേ വിവാഹം ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കിത്തുടങ്ങി. ആദ്യമൊക്കെ എതിര്‍ത്തു നോക്കിയെങ്കിലും പലരും നിവൃത്തികേടുകൊണ്ട് അതിനുവഴങ്ങി.

കലാകാരന്മാരേയും, സാഹിത്യകാരന്മാരേയും, ഭാഷാപണ്ഡിതന്മാരേയും ചേര്‍ത്ത് ഒരു സാംസ്കാരിക സദസ്സുണ്ടാക്കി. ആത്മാരാമനേ ഗുരുവായി അവരോധിച്ചു. ആകെപ്പാടേ ഡല്‍ഹി കേന്ദ്രമായി ഒരു ശക്തമായ ഭരണം ഉണ്ടെന്ന തോന്നലുണ്ടായി.

വംശശുദ്ധിയില്‍ കടുമ്പിടുത്തമുണ്ടായിരുന്ന പല രജപുത്രന്മാരും അക്ബറിന്റെ അമ്മായിഅപ്പന്മാരായി. അങ്ങിനെയുള്ള ഒരു രജപുത്രസ്ത്രീയുടെ മകനാണ് ജഹാംഗീര്‍ എന്നറിയപ്പെട്ട അക്ബറിന്റെ പിന്‍ഗാമി സലിം . ഭീഷണികൊണ്ടും സൌഹൃദംകൊണ്ടും മിക്ക രജപുത്ര രാജാക്കന്മാരേയും വശപ്പെടുത്തിയെങ്കിലും ഇതിലൊന്നും വശപ്പെടാതെ ഒരാള്‍ തല ഉയര്‍ത്തിനിന്നിരുന്നു.

മേവാര്‍ എന്ന രാജ്യത്തേ റാണാ പ്രതാപസിംഹന്‍ . മരണം വരെ അക്ബര്‍ക്കു കീഴടങ്ങാതെനിന്ന ഏക രജപുത്ര രാജാവ്. ഹല്‍ദിഘട്ട് എന്നസ്ഥലത്തുവച്ചുണ്ടായ ഐതിഹാസികമായ യുദ്ധത്തില്‍ പരാജയപ്പെട്ട്, രാജ്യം നഷ്ടപ്പെട്ട ശേഷം, ഇനി മേവാറിനു സ്വാതന്ത്ര്യം കിട്ടാതെ താന്‍ നഗരങ്ങളില്‍ താമസിക്കുകയില്ലെന്ന് ശപഥം ചെയ്ത് ആദിവാസികളായ ഭീലവര്‍ഗ്ഗക്കാരോടു കൂടി കായ്കനികളും തിന്ന് വനത്തില്‍ താമസിച്ച് അവസാനം മേവാറിനേ സ്വതന്ത്രമാക്കിയ ധീരദേശാഭിമാനി.

റാണാ പ്രതാപസിംഹന്റെ കഥ--ആതിര പിറുപിറുത്തു.

പിറുപിറുക്കണ്ടാ ഇനി ആ കഥ പറഞ്ഞിട്ടേ ബാക്കി പറയുന്നുള്ളൂ.

പാഞ്ചാലി-രണ്ട്

0
അപ്പൂപ്പോ നമ്മുടെ ഇന്ദ്രന്‍ കാലനേ കണാന്‍ പോയിട്ട് എന്തായി-ഉണ്ണി ചോദിച്ചു.

മോനേ അതു പറയണമെങ്കില്‍ വ്യാസന്‍ പാഞ്ചാലരജാവിനോടു പറഞ്ഞ കഥ കേള്‍ക്കണം. പണ്ട് നാളായണി എന്നൊരു സ്ത്രീ ഒരു മുനിയുടെ പത്നിയായിരുന്നു. അവള്‍ക്കു വിഷയസുഖങ്ങളില്‍ തൃപ്തി വരാഞ്ഞ് മുനി അവളോട് പരമശിവനേ തപസ്സു ചെയ്താല്‍ നിനക്ക് ഇഷ്ടമുള്ള ഭര്‍ത്താവിനേ ലഭിക്കുമെന്ന് പറഞ്ഞിട്ട് സ്ഥലംവിട്ടു.

അവള്‍ പരമശിവനേ തപസ്സു ചെയ്തു പ്രീതിപ്പെടുത്തി. ശിവന്‍ മുന്നില്‍ വന്നു നിന്നതു കണ്ട് സംഭ്രമത്തോടു കൂടി നിന്ന അവളോട് ഭഗവാന്‍ ചോദിച്ചു-

എന്താണു മകളേ നിനക്കു വേണ്ടത്.

വെപ്രാളത്തില്‍ അവള്‍ “എനിക്കു ഭര്‍ത്തവിനേ വേണം“ എനിക്കു ഭര്‍ത്തവിനേ വേണം,എനിക്കു ഭര്‍ത്തവിനേ വേണം,എനിക്കു ഭര്‍ത്തവിനേ വേണം,എനിക്കു ഭര്‍ത്തവിനേ വേണം--എന്ന് അഞ്ചു തവണ പറഞ്ഞു.

തഥാസ്തു -നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും-എന്ന് ശിവന്‍ അനുഗ്രഹിച്ചു.

അയ്യോ എനിക്ക് ഒരു ഭര്‍ത്താവു മതി-നാളായണി പറഞ്ഞു.

ഇനി പറഞ്ഞിട്ടു കാര്യമില്ല-ശിവന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു. നീ ചോദിച്ചു-ഞാന്‍ തന്നു.

അതു തെറ്റല്ലേ ഭഗവാനേ--നാളായണി കരഞ്ഞുകൊണ്ടു ചോദിച്ചു.

അല്ല മകളേ -നിനക്ക് ഒരാളേ തന്നെ അഞ്ചു രൂപത്തില്‍ തരാന്‍ ഏര്‍പ്പാടാക്കാം. നീ ചെന്ന് ആ ഇന്ദ്രനേ വിളിച്ചു കൊണ്ടുവാ.

അദ്ദേഹം അങ്ങു സ്വര്‍ഗ്ഗത്തിലല്ലേ? അതുമല്ല ഞാന്‍ ചെന്നു വിളിച്ചാല്‍ അദ്ദേഹം വരുമോ?

അല്ല മകളേ -ഇന്ദ്രന്‍ ഇപ്പോള്‍ ഭൂമിയില്‍ ഉണ്ട്. നൈമിശാരണ്യത്തില്‍. നമ്മുടെ ധര്‍മ്മരാജാവ് അവിടെ ഒരു യാഗം നടത്തുന്നു. അതു മുടക്കി അദ്ദേഹത്തേ തിരിച്ചു കൊണ്ടു പോകാന്‍ അവിടെ എത്തിയിട്ടുണ്ട്. പിന്നെ നിന്നേപ്പോലെ ഒരു അതിസുന്ദരി വിചാരിച്ചാല്‍ ഇന്ദ്രനേ കൊണ്ടുവരാന്‍ പറ്റില്ലേ. നിനക്ക് പുള്ളിയുടെ സ്വഭാവം അറിയില്ലേ. സൂക്ഷിക്കണം. ഭഗവാ‍ന്‍ പറഞ്ഞു.

നാളായണി നൈമിശാരണ്യത്തില്‍ ചെന്ന് ഗംഗയിലിറങ്ങി മുട്ടോളം വെള്ളത്തില്‍ കുനിഞ്ഞുനിന്നു-ഇന്ദ്രനു കാണാന്‍ പാകത്തില്‍. അവളുടെ കണ്ണില്‍ നിന്നു വെള്ളത്തില്‍ വീഴുന്ന കണ്ണുനീര്‍ ചുവന്ന താമര പുഷ്പങ്ങളായി ജലത്തില്‍ പൊങ്ങിനിന്നു.

ഇന്ദ്രന്‍ ഇതുകണ്ട് അറിയാതെ അവളുടെ അടുത്തെത്തി. അവളെകണ്ട് അദ്ദേഹത്തിന് ഉടനേ അവളേ ഭാര്യ ആക്കണം. അവള്‍ അരാണെന്നു ചോദിച്ചിട്ട് --താന്‍ ദേവേന്ദ്രനാണെന്നും തന്റെകൂടെ സ്വര്‍ഗ്ഗത്തില്‍ വന്നാല്‍ പരമസുഖമാണെന്നും മറ്റും സാധാരണ സിനിമയില്‍ കാണുന്ന ഡയലോഗുകള്‍ കാച്ചി. യമധര്‍മ്മന്‍ യാഗം നടത്തുന്നതു കൊണ്ട് ഭൂമിയില്‍ മരണമില്ലാതായെന്നും അത് അവസാനിപ്പിച്ച് അദ്ദേഹത്തേ കര്‍മ്മ നിരതനാക്കാനാണ് താന്‍ ഭൂമിയില്‍ വന്നതെന്നും ആ കാര്യമെല്ലാം ഭംഗിയായി തിര്‍ന്നെന്നും താന്‍ തിരിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പൊവുകയാണെന്നും, അവളും കൂടി വരുന്നെങ്കില്‍ തന്റെ ജന്മസാഫല്യം വരുമെന്നും മറ്റും മറ്റും പ്രസംഗിച്ചു.

അവളോ കള്ളക്കണ്ണുകൊണ്ട് ഇന്ദ്രനേ ഒന്നു നോക്കിയിട്ട് പതുക്കെ നടന്നു--പരമശിവന്‍ പറഞ്ഞ സ്ഥലത്തേക്ക്. കുറേ നടന്നിട്ട് ഒന്നു തിരിഞ്ഞു നോക്കും-ഇന്ദ്രനേ കണ്ടു നാണിച്ചിട്ടെന്നപോലെ ഒന്നു മന്ദഹസിച്ചിട്ട് വീണ്ടും നടക്കും. കാന്തത്താല്‍ ആകര്‍ഷിക്കപ്പെട്ടെന്നപോലെ ഇന്ദ്രന്‍ പുറകേ. അങ്ങനെ അവര്‍ ശിവന്റെ അടുത്തെത്തി.

ശിവനും പാര്‍വതിയും കൂടി ഒരു പണക്കാരന്റേയും അയാളുടെ ഇഷ്ടക്കാരിയുടേയും വേഷത്തില്‍ അവിടിരുന്ന് പകിട കളിക്കുകയാണ്.

നിങ്ങള്‍ പകിട കളി കണ്ടിട്ടുണ്ടോ. ഒരാള്‍ മുട്ടുകുത്തി നിന്ന് പകിട കൈയ്യിലെടുത്ത് “പകിട പകിട പകിട പകിട പന്ത്രണ്ടു വീഴെടാ” എന്നും പറഞ്ഞു പകിട ഉരുട്ടും--വേറേ അഞ്ചാറുപേര്‍ കാലിന്റെ വിരല്‍ മാത്രം താഴെ ഉറപ്പിച്ച് രണ്ടു കൈയ്യും എളിയില്‍ ഊന്നി കുത്തിയിരുന്ന് കൊക്ക് മീനേ പിടിക്കാന്‍ പോകുന്ന ശ്രദ്ധയോടെ അതില്‍ കണ്ണും നട്ടിരിക്കും.

അടുത്തയാള്‍ പകിട എറിയുമ്പോഴും ഇത് ആവര്‍ത്തിക്കും. ഇന്ദ്രനും നാളായണിയും വന്നപ്പോള്‍ പാര്‍വതീദേവി ‘ എട്ട് എട്ട് എട്ടെട്ട്-എട്ടു വീഴെടാ’ എന്നു പറഞ്ഞ് പകിട ഉരുട്ടുന്നു. ഇന്ദ്രനേ കണ്ടിട്ട് ഒരു മൈന്‍ഡും ഇല്ല. പൊങ്ങച്ചക്കാരനാണല്ലോ ഇന്ദ്രന്‍ . പോരെങ്കില്‍ കൂടെ ഒരു സുന്ദരിപ്പെണ്ണും .

തന്റെ പവ്വറു കാണിക്കാ‍ന്‍ പകിട കളിക്കാരേ ഒന്നു വെരുട്ടാന്‍ തന്നെ തീരുമാനിച്ചു.

എന്താടാ- ഇന്ദ്രന്‍ ചോദിച്ചു. ഈ നാടിന്റെ അധിപതി വന്നാല്‍ ഒന്നെണീറ്റു നില്‍കണമെന്നു പോലും അറിയാന്‍ വയ്യേ. ഈ ഞാനാരെന്നറിയാമോ-കിഴക്കു ദിക്കിന്റെ അധിപന്‍ -മഹാ ശക്തരായിരുന്ന ജംഭാസുരനേയും, വൃത്രാസുരനേയും മറ്റും മറ്റും വധിച്ച പരാക്രമി-ആ ഞാന്‍ വന്നിട്ട് കണ്ടഭാവമില്ലാതെ ഇരുന്നു കളിക്കുന്നോ-കൂടെ ഒരു സുന്ദരിപ്പെണ്ണുള്ളവളേ കാ‍ണിക്കാനായിരിക്കും--പരമ ശിവന്‍ പോലും എന്നേ ബഹുമാനിക്കും-ച്ഛീ- എഴുനേല്‍ക്കടാ.

പരമശിവന്‍ തല ഉയര്‍ത്തി ഇന്ദ്രനേ ഒന്നു കടാക്ഷിച്ചു. ഇന്ദ്രന്‍ നിന്നനിലയില്‍ മരവിച്ചു പോയി. വജ്രായുധം കൈയ്യില്‍ നിന്നും താഴെ വീണു. കൈയ്യും കാലും അനക്കാന്‍ വയ്യാതെ മരപ്പാവപോലെ അവിടെനിന്നു.

എവിടെ നന്ദികേശ്വരന്‍ ഭഗവാന്‍ ഗര്‍ജ്ജിച്ചു. വീരഭദ്രനേ വിളി. ഈ മൂഢനേ പിടിച്ചു കെട്ട്. പണ്ട് ഇതുപോലെ അഹങ്കാരം കാണിച്ച നാല് ഇന്ദ്രന്മാരേ പൂട്ടിയിട്ടിരിക്കുന്ന ആ ഗുഹയില്‍ തന്നെ ഇവനേയും കൊണ്ടിട്.

വീരഭദ്രനും ഭൂതഗണങ്ങളും കൂടി വന്ന് ഇന്ദ്രനേ പിടിച്ചു കെട്ടി വലിച്ച് ഒരു ഗുഹയുടെ അടുത്തു കൊണ്ടുപോയി. ഗുഹ തുറന്നപ്പോള്‍ പട്ടിണി കിടന്നു മെലിഞ്ഞ നാലിന്ദ്രന്മാര്‍ അതില്‍ കിടക്കുന്നു.

ഇവനേയും അതിലിട്ടേരെ- പരമശിവന്‍ കല്പിച്ചു.

ഇന്ദ്രന്‍ പരമശിവനേ സ്തുതിച്ചു. ആളറിയാതെ പറ്റിപ്പോയതാണെന്നും മറ്റും പറഞ്ഞ് മാപ്പപേക്ഷിച്ചു.

പരമശിവന്‍ പറഞ്ഞു. ശരി. ഞാന്‍ നിങ്ങള്‍ക്ക് ഒരു ശിക്ഷ വിധിക്കുന്നു. നിങ്ങള്‍ അഞ്ചുപേരും ഭൂമിയില്‍ ചെന്നു ജനിക്കണം. ഇവള്‍-നാളായണി- പാഞ്ചാല രാജാവിന്റെ പുത്രിയായി വന്നു ജനിക്കും . നിങ്ങള്‍ അഞ്ചുപേരും കൂടി ഇവളേ വിവാഹം കഴിക്കണം. ഒരു പുരുഷാ‍യുസ്സ് ഇവളോടുകൂടി ജീവിച്ച് ഭൂഭാരവും തീര്‍ത്താല്‍ നിങ്ങള്‍ക്കു തിരിച്ചു പോരാം. ഉം എല്ലവരും സ്ഥലം വിട്.

ഭഗവാനേ-ഇന്ദ്രന്‍ വിളിച്ചു. ഒരപേക്ഷയുണ്ട്. ഞങ്ങളുടെ ജനയിതാക്കള്‍ ദേവന്മാരാകാന്‍ അനുഗ്രഹിക്കണം.

ശരി പരമശിവന്‍ പറഞ്ഞു-നിങ്ങളുടെ പിതാക്കന്മാര്‍ ദേവന്മാരായിരിക്കും. ഭഗവാ‍ന്‍ മറഞ്ഞു.

നാളായണി യോഗാഗ്നിയില്‍ ദഹിച്ചു. അവളാ‍ണ് ഭവാന്റെ പുത്രിയായി ജനിച്ച ഈ ദ്രൌപതി. ആ അഞ്ചിന്ദ്രന്മാരാണ് ഈ പാണ്ഡവര്‍. ഇവളേ ഇവര്‍ക്കു വിവാഹം കഴിച്ചു കൊടുക്കണമെന്നതു ദൈവ നിശ്ചയമാണ്. ഒട്ടും സംശയം വേണ്ടാ. വ്യാസഭഗവാന്‍ കഥ പറഞ്ഞവസനിപ്പിച്ചു.

സംയുക്താറാണി

0

അപ്പൂപ്പാ ആ മരുമകനേ ഒറ്റിക്കൊടുത്ത ഒരു അമ്മായിഅപ്പന്റെ കാര്യം പറഞ്ഞല്ലോ. ആതിര തുടങ്ങി. ശരിമോളേ. പണ്ട് ദേവലോകത്ത് ഒരു എക്സിക്യൂട്ടീവ് മീറ്റിംഗ്. പരമരഹസ്യമായാണ് മീറ്റിംഗ്. പത്രറിപ്പോര്‍ട്ടര്‍ക്കൊന്നും പ്രവേശനമില്ല. ചീഫ് റിപ്പോര്‍ട്ടര്‍ നാ‍രദര്‍ പോലും മൂന്നുനാലുവലത്തുവച്ചിട്ട് മനം മടുത്ത് പോയി. ദേവേന്ദ്രനും, ബ്രഹസ്പതിയും, അഗ്നിയും മാത്രം.

ദേവേന്ദ്രന്‍:- ആകുലദ്രോഹി ജയച്ചന്ദ്രന്‍ പറ്റിച്ച പണിയേ. ങാ ഭൂമിയിലേ കാര്യം തന്നാ പറയുന്നത്. ആകെക്കൂടെ നമുക്ക് ഭക്ഷണം കിട്ടുന്നത് ഭാരത വര്‍ഷത്തിലേ യജ്ഞങ്ങളില്‍ നിന്നും യാഗങ്ങളില്‍ നിന്നുമാ‍ണ്. അവിടേയും അവന്‍ മുഗളന്മാരേ വിളിച്ചു കയറ്റി നമ്മുടെ കൊറ്റു മുടക്കുമെന്നാണ് തോന്നുന്നത്. ആതീവെട്ടിക്കൊള്ളക്കാരന്റെ മോന്‍ സാമ്രാജ്യം സ്ഥാപിച്ചു വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉടനേ എന്തെങ്കിലും ചെയ്യണം. എന്നുമെന്നും ആ ബ്രഹ്മദേവന്റെ അടുത്ത് പരാതിയുമായി പോകുന്നത് ഒരു നാണക്കേടാണ്. ഇത് നമുക്കു തന്നെ കൈകാര്യം ചെയ്യണം. ആരാ അപ്പൂപ്പാ ജയച്ചന്ദ്രന്‍ -ആതിര ചോദിച്ചു. ങാ അതുപറയാം . പണ്ട് കന്യാകുബ്ജമെന്നൊരു രാജ്യമുണ്ടായിരുന്നു. അവിടുത്തേ രാജാവായിരുന്നു ജയച്ചന്ദ്രന്‍. അന്ന് ഡല്‍ഹി ഭരിച്ചിരുന്നത് പ്രഥ്വിരാജ് ചൌഹാന്‍ എന്ന അതിസമര്‍ഥനായ രാജാവായിരുന്നു. മറ്റു രാജാക്കന്മാരെല്ലാം അദ്ദെഹത്തിന്റെ സാമന്തന്മാരായിരുന്നു-ജയച്ചന്ദ്രന്‍ ഉള്‍പടെ. ജയച്ചന്ദ്രന് അതിസുന്ദരിയായ ഒരു മകള്‍ ഉണ്ടായിരുന്നു. സംയുക്ത. പ്രഥ്വിരാജും സംയുക്തയും തമ്മില്‍ ഇഷ്ടമായിരുന്നു. പക്ഷേ ജയച്ചന്ദ്രന് അതിഷ്ടമല്ല.അങ്ങിനെ ഇരിക്കുമ്പോള്‍ മുഹമ്മദ് ഗോറി എന്ന മുഗളന്‍ ഭാരതത്തേ ആക്രമിച്ചു. പ്രഥ്വീരാജിന്റെ നേതൃത്വത്തില്‍ ഗോറിയേ രാജാക്കന്മാരെല്ലാം ചേര്‍ന്ന് തോല്പിച്ചോടിച്ചു. പ്രഥ്വീരാജിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. ജയച്ചന്ദ്രന് അദ്ദേഹത്തോടുള്ള അസൂയയും.ഇവര്‍ രജപുത്രന്മാരാണ്. രജപുത്രരില്‍ അനവധി വിഭാഗങ്ങളുണ്ട്. ലോധി, ചന്ദാവത്, രാഠോര്‍ തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. തമ്മില്‍ തല്ലിക്കൊണ്ടിരിക്കുകയും പൊതു ശത്രു വന്നാല്‍ ഒന്നിച്ചുനിന്ന് അവരേ എതിര്‍ത്തു തോല്‍പിക്കുകയും. പൊതു ശത്രു ഇല്ലാത്തപ്പോള്‍ വീണ്ടും തമ്മില്‍ തല്ലുകയും ആണ് അവരുടെ ഹോബി. എത്ര ശത്രുതയുണ്ടെങ്കിലും അവര്‍ തമ്മില്‍ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കില്ലെന്ന് ഒരു അലിഖിതമയ നിയമം ഉണ്ടായിരുന്നു. ജയച്ചന്ദ്രന്റെ കാലം വരെ.ജയച്ചന്ദ്രനും പ്രഥ്വീരാജും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ച് പരസ്യമായി. ജയച്ചന്ദ്രന്‍ സംയുക്തയുടെ സ്വയംവരം നിശ്ചയിച്ചു. പ്രഥ്വിരാജിനേ മാത്രം ക്ഷണിച്ചില്ല. സംയുക്ത ദൂതനേ അയച്ച് വിവരം പഥ്വിരാജിനേ അറിയിച്ചു. അദ്ദേഹം ദൂതനേ സമാധാനിപ്പിച്ചു മടക്കി.

സ്വയംവര ദിവസം വന്നു. അവമാനത്തിന്റെ തീവ്രത കൂട്ടാന്‍ ജയച്ചന്ദ്രന്‍ പ്രഥ്വീരാജിന്റെ ഒരു വൈക്കോല്‍പ്രതിമ ദ്വാരപാലകണ്ടെ വേഷത്തില്‍ ഗേറ്റില്‍ വച്ചു. സ്വയംവരത്തിന് രാജകുമാരിയും തോഴിയും വന്നു. നിരനിരുന്ന് ഓരോ രാജാവിന്റേയും ഗുണഗണങ്ങള്‍ തോഴി രാജകുമാരിയേ വര്‍ണ്ണിച്ചു കേള്‍പ്പിക്കും. കേട്ടു കഴിഞ്ഞ് രാജകുമാരിക്ക് അയാളേ മാലയിട്ടു സ്വീകരിക്കുകയോ അടുത്തയാളിന്റെ അടുത്തേക്ക് പോവുകയോ ചെയ്യാം. ഇതാണ് സ്വയംവരം. ഓരോരുത്തരുടേയും മുമ്പില്‍ രാജകുമാരി ഒരുനിമിഷനേരം നിന്ന്, മുന്നോട്ടുനടന്ന് എല്ലാവരും തീര്‍ന്നപ്പോള്‍ നേരേ ഗേറ്റിലേക്കുപോയി പ്രഥ്വീരാജിന്റെ വൈക്കോല്‍ പ്രതിമയില്‍ മാലയിട്ടു. വേഷപ്രച്ഛന്നനായി അവിടെ എത്തിയിരുന്ന പ്രഥ്വീരാജും കൂട്ടരും നൊടിയിടകൊണ്ട് സംയുക്തയേ എടുത്ത് കുതിരപ്പുറത്ത് വച്ച് സ്ഥലം വിട്ടു. ആള്‍ പ്രഥ്വിരാജനാണെന്നറിഞ്ഞ് മറ്റു രാജാക്കന്മാര്‍ ശണ്ഠയ്ക്കൊന്നും നിന്നില്ല. അങ്ങിനെ ആ എപ്പിസോഡ് കഴിഞ്ഞു.
ജയച്ച്ചന്ദ്രന്ര്‍ഗെ മനസ്സില്‍ വിദ്വേഷം നീറിപ്പുകഞ്ഞു. പ്രഥ്വീ‍രാജനോടു പതികാരം ചെയ്യണം. അതിനുള്ള ശക്തിയൊട്ടില്ലതാനും. അവസാനം അയാള്‍ ഗോറിയേ കൂട്ടുപിടിക്കാന്‍ തീരുമാനിച്ചു. നോക്കണേ ഒരു വ്യക്തിവൈരാഗ്യം ഒരു രാഷ്ട്രത്തേ എങ്ങിനെ ബാധിച്ചെന്ന്. ഭാരത വിഭജനം വരെ എത്തി അതിന്റെ ബാക്കിപത്രം--തുടര്‍ക്കഥയായി അതു ഇപ്പോഴും നമ്മേ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഗോറി രണ്ടാമതും ഭരതത്തേ ആക്രമിച്ചു. ഇത്തവണ ഉള്ളില്‍നിന്നും ശത്രുക്കളുണ്ടായിരുന്നതുകൊണ്ട് പ്രഥ്വിരാജന് അയാളേ നേരിടുക എളുപ്പമായിരുന്നില്ല. സംയുക്തയും പ്രഥ്വീരാജനും തോളോടു തോള്‍ ചേര്‍ന്ന് പടവെട്ടി വീരസ്വര്‍ഗ്ഗം പ്രാപിച്ചു. രാ‍ജ്യം ഗോറിയുടെ കസ്റ്റഡിയിലായി. ജയച്ചന്ദ്രന്‍ ഗോറിയേ അഭിനന്ദിക്കാന്‍ ചെന്നു. “ രാജ്യദ്രോഹിയേ പിടിച്ചു തലവെട്ടിക്കളയട്ടെ. സ്വന്തം മരുമകനേ ഒറ്റിക്കൊടുത്ത അവന്‍ നമ്മളേ എപ്പോഴാ ചതിക്കുകയെന്നറിയില്ല”. ഗോറി ആജ്ഞാപിച്ചു. ഭാരതത്തിലേ ധനം മുഴുവന്‍ കവര്‍ന്ന് അയാള്‍ സ്ഥലംവിട്ടു. പിന്നീടിങ്ങോട്ട് ഭാരതത്തിന്റെ കഷ്ടകാലമായിരുന്നു. ആര്‍ക്കും എപ്പോഴും വന്ന് എന്തും കൊണ്ടുപോകാം. മഹമ്മദ്ഗസ്നി എന്നൊരാള്‍വന്ന് ക്ഷേത്രങ്ങള്‍ കവര്‍ച്ചചെയ്തു. അതിനു പുറകേ ബാബര്‍വന്നു--അയാളുടെ മകന്‍ ഹുമയൂണ്‍ വന്നു--അയാളാണ് മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചത്. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലാണ് ഇവരെല്ലാം കൈവച്ചത്. ക്ഷേത്രധ്വംസനം തുടര്‍ക്കഥയായി--അല്ല നമ്മളിപ്പോള്‍ ചരിത്രം പഠിക്കുകയല്ലല്ലോ.
നമുക്കു ദേവലോകത്തേക്കു പോകാം. ഹുമയൂണിന്റെ കാലത്താണ് അവിടെ യോഗം കൂടിയത്.

ദേവേന്ദ്രന്‍:- ഗുരോ നമ്മള്‍ എന്തുചെയ്യും. അവിടുത്തേ ആള്‍ക്കാരേക്കൊണ്ട് ഒന്നിനും കൊള്ളത്തില്ലെന്ന് ആ സോമനാഥക്ഷേത്രം തകര്‍ത്തപ്പോള്‍ മനസ്സിലായില്ലേ. കേവലം അഞ്ചു മുഗളന്മാരാണ് ഇരുനൂറില്‍ പരം ആള്‍ക്കാരേ ക്ഷേത്രത്തില്‍ വച്ച് അരിഞ്ഞു തള്ളിയത്. അയ്യോ ഞങ്ങള്‍ പാവങ്ങളാണേ-ഒന്നും ചെയ്യല്ലേ- എന്നു കരഞ്ഞു വിളിച്ചുകൊണ്ടല്ലേ എല്ലാം ചത്തുവീണത്. ഭൌതികമില്ലാത്ത അത്മീയം പഠിപ്പിച്ച്-പഠിപ്പിച്ച് മൊത്തം ജനതയേ ഉപ്പിനും ഉണ്ണിമാങ്ങായ്ക്കും കൊള്ളാത്തവരാക്കി.

ബ്രഹസ്പതി:- നമ്മുടെ ജനതയുടെ മനോഭാവവും മാ‍റിത്തുടങ്ങി. വഞ്ചനയും ചതിയുമല്ലാതെ ഒന്നും കാണാനില്ല. വാക്കിനു വിലയില്ല. അടുത്ത അവതാരത്തിനു സമയമായില്ലതാനും. അല്ലെങ്കിലും നമ്മള്‍ പട്ടിണിയാണെന്നു പറഞ്ഞ് അവതരിക്കണമെന്നു പറയാന്‍ കോള്ളാമോ. ഒരു കാര്യം ചെയ്യാം. ഇന്ദ്രന്‍ ഹുമയൂണിന്റെ മകനായിട്ടു ജനിക്കണം. ഞാന്‍ അത്മാരാമനായി ജനിച്ച് ഗുരു ആകാം. ബാക്കി കാര്യങ്ങള്‍ ഞാന്‍ അവിടെ വച്ചു പറഞ്ഞു തരാം. നാലാമത്തേ തലമുറയില്‍ നമുക്കു മുഗള്‍ വംശം നാമാവശേഷമാക്കാം.

അപ്പഴേ അപ്പൂപ്പാ ശ്യാം കുട്ടന്‍ പറഞ്ഞു-ഒരു സംശയം-ഈ കള്ളക്കഥയെല്ലാം അപ്പൂപ്പന്‍ എന്തിനാ ഇങ്ങനെ ഉണ്ടാക്കി പറയുന്നത്?

എടാ മോനേ ഇത്രയും കഴിവ് അപ്പൂപ്പനുണ്ടെന്നു വിചാരിച്ചതിന് നന്ദി. പക്ഷേ ആരെങ്കിലും എഴുതിയിട്ടില്ലാത്ത ഒറ്റക്കഥപോലും പറയാന്‍ അപ്പൂപ്പന് വിവരമില്ലെന്ന് അപ്പൂപ്പനേ അറിയുന്നവര്‍ക്കറിയാം. മുമ്പ് അപ്പൂപ്പന്‍ സഞ്ജയോപാ‍ഖ്യാനത്തെപ്പറ്റി പറഞ്ഞിട്ടില്ലേ. തോന്ന്യാസപുരാണത്തില്‍ . അതിലേ ഒരദ്ധ്യായത്തിലേയാണ് കഥ. കഥയുണ്ടാക്കുന്നതില്‍ നമ്മുടെ പൂര്‍വ്വീകര്‍ക്കുള്ള വൈദഗ്ദ്ധ്യം പ്രസിദ്ധമല്ലേ. ശൂദ്രന്‍ കവിതയെഴുതുകയില്ലെന്നുള്ള വിശ്വാസംകാത്തുസൂക്ഷിക്കാന്‍ മഹാനായ എഴുത്തച്ഛനേ ഗന്ധര്‍വന്റെ അവതാരമാക്കിയ നാടാണ്. കേള്‍ക്കണോ നിനക്കൊരു കഥ. പണ്ട് സരസന്‍ എന്നൊരു വിനോദമാസികയുണ്ടായിരുന്നു. അതില്‍ വന്നതാണ്. എനികു യാതൊരുത്തരവാദിത്വവുമില്ല. പറഞ്ഞേക്കാം. അല്ലെങ്കില്‍ വേണ്ടാ--നീയൊക്കെക്കൂടെ അതും ഞാന്‍ ഉണ്ടാക്കിയതാണെന്നു പറഞ്ഞു നടക്കും. പോട്ടെ.

അങ്ങനെ ഇന്ദ്രന്‍ ഹുമയൂണിന്റെ മകനായി ജനിച്ചു-അക്ബര്‍ എന്ന പേരില്‍ പ്രസിദ്ധനാ‍യി.
draft

പാഞ്ചാലി

0
അപ്പൂപ്പാ ഈ മരിച്ച ആള്‍ക്കാര്‍ ജീവിച്ചു വരുമോ-ഉണ്ണിക്കാണു സംശയം.

വരും മോനേ. അങ്ങിനെ വന്ന ഒരു ചരിത്രമെനിക്കറിയാം.

ഓ യേശു ക്രിസ്തുവിന്റെ കാര്യമായിരിക്കും-രാംകുട്ടനു പുഛം.

അല്ലെടാ നമ്മുടെ ലക്ഷം വീട്ടിലേ ഗോപാലന്‍ മരിച്ചു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലേ കാര്യമാണേ. പുള്ളിയുടെ ഒരു മോന്‍ ദൂരെനിന്നു വരേണ്ടതുകൊണ്ട് അടുത്തദിവസമാണ് അടക്കം. പിറ്റേദിവസം മോന്‍ വന്നു. അടക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ശവം കുളിപ്പിക്കാന്‍ എടുക്കാന്‍ ചെന്നപ്പോള്‍ ദേ അയാള്‍ എഴുനേറ്റിരിക്കുന്നു.

അപ്പോള്‍ അടുത്തവീട്ടിലൊരു ഘോഷം. അവിടുത്തെ ആള്‍ പെട്ടെന്നു മരിച്ചു. അയാളുടെ പേരും ഗോപാലനെന്നാണ്. ഇതൊന്നറിയണമല്ലോ-അപ്പൂപ്പനു പെട്ടെന്നോരു ഗവേഷണ മോഹം. ദൂരദര്‍ശിനിയും, സൂക്ഷ്മദര്‍ശ്ശിനിയും, സള്‍ഫ്യുറിക്കാസിഡും, ടെസ്റ്റ് ട്യൂബും ഒക്കെ എടുത്ത് മരണവീട്ടില്‍ എത്തി.

അപ്പൂപ്പനെവിടുന്നാ ഈ സാധനമൊക്കെ-കിട്ടു വിടുന്നില്ല.

കഥയില്‍ ചോദ്യമില്ല. ഇതൊക്കെ ഇല്ലാതെ എങ്ങനാ ഗവേഷണം നടത്തുന്നത്-ഈ പിള്ളര്‍ക്ക് ഒരു വിവരവുമില്ല. അങ്ങനെ മരിച്ചവീട്ടില്‍ എത്തി. ആദ്യം മരിച്ച ഗോപാലന്‍ കഥ പറയുകയാണ്. “ കേട്ടോ, എന്നേ കുറെപ്പേര്‍ വലിച്ചിഴച്ച് ഒരുത്തന്റെ മുമ്പില്‍ കൊണ്ടിട്ടു. ഒരു തടിച്ച പുസ്തകവുംകൊണ്ട് ഇരിക്കുന്ന അയാളാണ് ചിത്രഗുപ്തന്‍ ‍-നമ്മടെ എല്ലാ ചരിത്രങ്ങളും അ പുസ്തകത്തില്‍ ഉണ്ടു പോലും.

തനിക്ക് വയസ്സ് അറുപത്-അല്ലേ-അദ്ദേഹം ചോദിച്ചു.

ഇല്ല എനിക്കു നല്പത്തഞ്ചേ ആയുള്ളൂ. ഞാന്‍ പറഞ്ഞു. താന്‍ നാണുവിന്റെ മോനല്ലേ?

അല്ല. എന്റെ അച്ഛന്‍ പരമേശ്വരനാണ്.

അദ്ദേഹം എന്നേ പിടിച്ചു കൊണ്ടു വന്നവരേ രൂക്ഷമായി ഒന്നു നോക്കി. ആളു തെറ്റിയോടാ-അദ്ദേഹം നേതാവിനോടെ ചോദിച്ചു.

ഇല്ല അയാള്‍ പറഞ്ഞു- ഒരു കടലാസു നോക്കി ലക്ഷം വീട്ടില്‍ ഗോപാലന്‍ എന്നു വായിച്ചു--ഇതാ അങ്ങു തന്ന മേല്‍ വിലാസം. ചിത്രഗുപ്തന്‍ വാങ്ങി നോക്കി. ശരിയാണ്-

അദ്ദേഹം ആ തടിച്ച പുസ്തകത്തിന്റെ താളൊന്നു മറിച്ചു. ദേ വേറൊരു ഗോപാലന്‍ - അതും ലക്ഷം വീടാണ്--ശ്ശെ അദ്ദേഹം മുറുമുറുത്തു-കുറേ കോളനി ഉണ്ടാക്കി വച്ചിരിക്കുന്നു--വയസ്സും, അച്ഛന്റെപേരും ഒന്നും ഇല്ലാതെ ആരാ ഈ മേല്‍ വിലാസം എഴുതി വച്ചിരുന്നത്. ഒന്നിനും ഒരു വാലും ചേലും ഇല്ലതായി. പണികൂടിയെന്നു പറഞ്ഞ് കണ്ട വിവരമില്ലാത്തവരെ ഉത്തരവാദിത്വമുള്ള ജോലി ഏല്പിച്ചാല്‍ --

പോയി നാണുവിന്റെ മോന്‍ അറുപതു വയസ്സുള്ള ഗോപാലനേ കൊണ്ടുവാ-ഇവനേ വിട്ടേരെ. അങ്ങനാ ഞാന്‍ തിരിച്ചുവന്നത്“-ഗോപാലന്‍ പറഞ്ഞുനിര്‍ത്തി.

അപ്പുറത്തേവീട്ടിലെ കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാം. എന്റെ ഗവേഷണം അവസാനിച്ചു.

ഹൊ ഈ കാലനും ചിത്രഗുപ്തനും ഒന്നും ഇല്ലായിരുന്നെങ്കില്‍--ആതിരയുടെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി.

മോളേ പണ്ടു ഈ നരകത്തിലേ പണി മടുത്ത് ഒരു യാഗം ചെയ്യാന്‍ ഭൂമിയില്‍വന്നു. യാഗം ചെയ്തുചെയ്ത് അദ്ദേഹം തന്റെ കാര്‍ത്തവ്യം മറന്നു പോയി.

ഒന്നു നില്‍ക്കണേ അപ്പൂപ്പാ-ശ്യാം ഇടയ്ക്കു കയറി. ഈ ചിത്രഗുപ്തനു തെറ്റു പറ്റിയെന്നു പറയുന്നത് അത്ര ശരിയാണെന്നു തോന്നുന്നില്ലല്ലോ.
മോനേ അതു ശരിയാണെന്നു ഗോപാലന്റെ കഥ കേട്ടിട്ടും എനിക്കും അത്ര വിശ്വാസം വന്നില്ല. പക്ഷേ കഴിഞ്ഞ രണ്ടു തവണത്തേ റേഷന്‍ കാര്‍ഡു കണ്ടതോടുകൂടി എന്റെ അഭിപ്രായം കുറേശ്ശെമാറിത്തുടങ്ങി. ചിലതിനകത്ത് അമ്മക്ക് പതിനെട്ടു വയസ്സ്-മകള്‍ക്ക് അറുപത്തിരണ്ട്. ചിലതില്‍ അമ്മ ആണും അച്ഛന്‍ പെണ്ണും. പണ്ട് ആള്‍ക്കാര്‍ കുറവായിരുന്നപ്പോള്‍ ചിത്രഗുപ്തന്‍ എല്ലാം കറക്റ്റായിട്ടു ചെയ്തു കാണുമെന്നും ഇപ്പോഴത്തേപ്പോലെ പണി കൂടിയപ്പോള്‍ സംയമനികയിലേ അയല്‍ക്കൂട്ടക്കരേ ഏല്പിച്ചുകാണുമെന്നും എനിക്കു തോന്നി.

എന്താഅപ്പൂപ്പാ ഈ സംയമനിക ഉണ്ണിക്കു സംശയം. എടാ അതല്ലേ കാലന്റെ രാജധാനി.
അപ്പോള്‍ ഈഅയല്‍കൂട്ടക്കാര്‍ക്ക് ഒന്നും അറിഞ്ഞു കൂടാന്നാണോ ആതിരചോദിച്ചു. അമ്മൂമ്മ കേള്‍ക്കണ്ടാ. അമ്മൂമ്മയും അയല്‍കൂട്ടത്തിലുണ്ട്.

അയ്യോ മക്കളെ അതല്ല പറഞ്ഞത്--ചീഫ്സെക്രട്ടറിയെ പിടിച്ച് ഹാര്‍ട്ട് ഓപ്പരേഷന്‍ ഏല്പിച്ചാല്‍ എങ്ങിനെയിരിക്കും. ഓരോരുത്തര്‍ക്കും അറിയാവുന്ന പണിയേ കൊടുക്കാവൂ. അതേയുള്ളൂ.

അനന്തമജ്ഞാതമവര്‍ണ്ണ്നീയ-മീലോകചക്രം തിരിയുന്ന മാര്‍ഗ്ഗം.
അതിന്റെയെങ്ങാണ്ടൊരു കോണില്‍ നിന്നു-നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു.

അതുപോട്ടെ. അങ്ങനെ കാലന്‍ പണിനിര്‍ത്തിയപ്പോള്‍ ഭൂമിയിലേകാര്യം ആകെ കുളമായി. ഇപ്പോള്‍ തന്നെ ജോലി ചെയ്ത കാലത്തേക്കാള്‍ കൂടുതല്‍ കാലം പെന്‍ഷന്‍ വാങ്ങുന്നെന്നു പറഞ്ഞു പ്രശ്നമാണ്. പിന്നെ കാലനും കൂടി ഇല്ലാതായാല്‍ പറയണോ. കുഞ്ചന്‍ നമ്പ്യാരുടെഭാഷയില്‍ പറയാം--

“വൃദ്ധന്മാരൊരു കൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍-ചത്തു കൊള്‍വതിനേതും കഴിവില്ല കാലനില്ല.
അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോള്‍--കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പനവര്‍ക്കുണ്ട്.”

ആളുകൂടി താമസിക്കാന്‍ സ്ഥലമോ കഴിക്കാന്‍ ഭക്ഷണമോഇല്ലാതെയായെങ്കിലും ആരുംമരിക്കത്തില്ല. അതുകൊണ്ട് ദൈവവിശ്വാസം ഇല്ലാതായി.
“പാട്ടുകേട്ടാലാര്‍ക്കു സൌഖ്യം പട്ടിണിയായ്കിടകുമ്പൊള്‍-
-ഊട്ടുകേട്ടാല്‍ തലപൊക്കുമതുകേള്‍ക്കാനുമില്ലെങ്ങും.“

മരിക്കാതെ സ്വര്‍ഗ്ഗത്തില്‍ പോകാനൊക്കില്ലാല്ലോ-അതുകൊണ്ട് യജ്ഞവും യാഗവും ഒന്നും ഇല്ല. സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രനും ദേവന്മാരും പട്ടിണിയായി. ഭൂമിയില്‍ യജ്ഞ-യാഗാദികള്‍ നടന്നിട്ടു വേണമല്ലോ അവര്‍ക്ക് ആഹാരം കിട്ടാന്‍ . ദേവേന്ദ്രന്‍ പതിവുപോലെ ബ്രഹ്മാവിനേക്കണ്ട് പരാതി ബോധിപ്പിച്ചു. ധര്‍മ്മരാജാവിന്റെ യാഗം കഴിയാതെ ഒരു പണിയും നടക്കത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേവേന്ദ്രന്‍ ധര്‍മ്മരാജാവിനെ തേടി പോയി.

ഇനി നമുക്ക് പാഞ്ചാല രാജ്യത്തേക്കു പോകാം. അവിടെ ഭയങ്കര പ്രശ്നം. പാഞ്ചാലീ സ്വയംവരത്തിന് അര്‍ജ്ജുനന്‍ ജയിച്ചു.

ദേ അമ്മേ ഇന്നത്തേ ഭിക്ഷ എന്നും പറഞ്ഞ് പാഞ്ചാലിയെയും കൊണ്ട് കുന്തീദേവിയുടെ അടുത്തെത്തിയപ്പോള്‍ കാര്യമറിയാതെ --അഞ്ചുപേരും കൂടെ എടുത്തോളാന്‍ കുന്തി പറഞ്ഞു. അതനുസരിച്ച് അഞ്ചുപെരും കൂടെ പാഞ്ചാലിയേ വിവാഹം കഴിക്കുന്ന കാര്യം പാഞ്ചാലരാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം അതു നടക്കത്തില്ലെന്നു കട്ടായം പറഞ്ഞു. അങ്ങനെ ഒരു ഭരണഘടനാ പ്രതിസന്ധി. അപ്പോള്‍ പുരാ‍ണമുനി വ്യാസന്‍ അവിടെ എത്തി ഒരു കഥ പറഞ്ഞു.

കൂത്ത്-രണ്ട്

0
അപ്പൂപ്പോ ആ കൂത്തിന്റെ ബാക്കി പറയാമെന്നു പറഞ്ഞിട്ട്-ഉണ്ണിക്ക് കൂത്തു നന്നേ രസിച്ചെന്നു തോന്നുന്നു.

പറയാം മോനെ- കേട്ടോളൂ.

ചാക്യാര്‍ തുടര്‍ന്നു. ദൂതന്മാര്‍ മൂന്നു വിധമുണ്ട്. ഉത്തമന്‍ , മദ്ധ്യമന്‍ , അധമന്‍ . ഉത്തമനാണെങ്കില്‍, പോയകാര്യം ഭംഗിയായി സാധിച്ച്, അയച്ചയാളിനു ഗുണമുള്ള മറ്റേതെങ്കിലും കാ‍ര്യവും സാധിച്ചുവരും.

മദ്ധ്യമനാണെങ്കില്‍ പോയകാര്യം സാധിച്ചുവരും.

അധമനാണെങ്കില്‍ പോയകാര്യം സാധിക്കത്തില്ലെന്നു തന്നെയല്ല അതു മറ്റാര്‍ക്കും സാധിക്കാന്‍ വയ്യാത്ത വിധം കുളമാക്കിയിട്ടു വരും.

ഈ അധമന്മാര്‍ തന്നെ ആറു വിധമുണ്ട്.

ഒന്ന് പ്രശ്നവാദി. നമ്മള്‍ അയാളേ വിളിച്ച് ആലപ്പുഴ പോയി ഒരാളേ കാണണമെന്നു പറഞ്ഞെന്നു വയ്ക്കുക. ഉടനേ വരും ചോദ്യം-ഇപ്പപ്പോയാല്‍ അയാളവിടെ കാണുമോ.

നമ്മള്‍ പറയും പോയിനോക്ക്. ഉടനേവരും ഉത്തരം-

ഇപ്പോള്‍ ആലപ്പുഴയ്ക്കു ബസ്സില്ലല്ലോ--അല്ലെങ്കില്‍ ഇന്നു ഞായറഴ്ചയല്ലേ അങ്ങേരവിടെ കാണത്തില്ല-അങ്ങനെ എന്തെങ്കിലും പറഞ്ഞ് കാര്യം ഒഴിവാക്കും.

രണ്ടാമന്‍ ഗുരുവാണ്. നമ്മള്‍ പറയുന്നു-ഗോപലാ പോയി ആ ശിവനിങ്ങോട്ടു വരാന്‍ പറഞ്ഞേ. ഉടന്‍ ഗോപാലന്റെ മറുപടി. അയ്യേഇപ്പോഴാണോ പോകുന്നത്- അങ്ങേരു കുളിച്ചു കാണത്തില്ല. ഇപ്പോള്‍ ചെന്നാല്‍ അങ്ങേര്‍ക്കു പിടിക്കത്തില്ല. നമുക്ക് ഉച്ചതിരിഞ്ഞു പോകാം-ഇങ്ങനെ നമ്മള്‍ക്ക് ഉപദേശം തന്നുകൊണ്ടിരിക്കും. കാര്യം നടക്കത്തില്ല.

മൂന്നാമന്‍ സ്തംഭ മൂഢന്‍ --ചാക്യാ‍ര്‍ ഇതു പറഞ്ഞപ്പോള്‍ നമ്മടെ വേലാമ്പിള്ള ചാരിയിരുന്ന തൂണിന്റെ അടുത്തുനിന്ന് നിരങ്ങി എന്റടുത്തുള്ള തൂണിന്റടുത്തു വന്നിരുന്നു-

ചാക്യാര്‍ വേലാമ്പിള്ളയേ ചൂണ്ടി പറയുകയാണ്--ദേ ഇവന്റെകൂട്ട് ഒരു തൂണിന്റടുത്തുനിന്നു മാറി മറ്റേ തൂണിന്റെ ചുവട്ടിലിരിക്കാനല്ലാതെ ഒരു വസ്തുവിനു കൊള്ളത്തില്ല.

ഞാന്‍ വല്ലാതായി-പക്ഷേ വേലാ‍മ്പിള്ളയ്ക്കൊരു ഭാവഭേദവുമില്ല. ബാക്കി ഞാന്‍ പറയുന്നില്ല. ചാക്യാര്‍ അവസാനിപ്പിച്ചു.

ചാക്യാര്‍ക്ക് പറ്റിയ ഒരു അബദ്ധവും കൂടി പറഞ്ഞിട്ട് നമുക്ക് കൂത്ത് അവസാനിപ്പിക്കാം. തിരുവനന്തപുരത്ത് ഒരിക്കല്‍ കൂത്തു പറയുമ്പോള്‍ അന്നത്തേ രാജാവും കേള്‍വിക്കാരുടെ കൂടെ ഉണ്ടായിരുന്നു. രുഗ്മിണീസ്വയംവരത്തിന് പറ്റിയ വരന്മാരേ കണ്ടുപിടിക്കാന്‍ അയച്ച ദൂതന്മാര്‍ വന്ന് ആള്‍ക്കാരേക്കുറിച്ചുള്ള വിവരണമാണ്. ഒരുത്തന്‍ അതിസുന്ദരന്‍ , പക്ഷേ മുടന്തനാണ്. വേറൊരുത്തന്‍ സുന്ദരനാണ്, പക്ഷേ പറഞ്ഞിട്ടെന്താകാര്യം ഒരു കണ്ണേയുള്ളൂ. മറ്റൊരുത്തന്‍ എല്ലാംകൊണ്ടും യോഗ്യന്‍ പക്ഷേ അല്പം പൂച്ചക്കണ്ണ്--ദേ ഇതുപോലെ--എന്നു പറഞ്ഞു ചൂണ്ടിയത് രാജാവിന്റെ നേരേ. രാജാവിന് അല്പം പൂച്ചക്കണ്ണുണ്ടെന്നു കൂട്ടിക്കോളൂ.

രാജാവ് പെട്ടെന്ന് എഴുനേറ്റ് സ്ഥലംവിട്ടു.

കിണിതെറ്റിയെന്ന് ചാക്ക്യാര്‍ക്ക് മനസ്സിലായി. ചാക്യാര്‍ മുടി എടുക്കാതെ കുറേനാള്‍ നടന്നു. രാജഭടന്മാര്‍ പിടികൂടാന്‍ തക്കം നോക്കിനടന്നു. ഒരു ദിവസം ചാക്യാര്‍ കുളിക്കുന്ന തക്കം നൊക്കി ചാക്യാരേ പിടികൂടി രാജാവിന്റെ മുന്നിലെത്തിച്ചു.

പുഛഭാവത്തില്‍ ഒരു ചിരിയോടെ രാജാവു ചോദിച്ചു.

“ഇപ്പോഴോ’ ഉടന്‍ ചാക്യാരുടെ ഉത്തരം

“പൂച്ചക്കണ്ണു കണ്ട എലിയേപ്പോലെആയേ”. ഒരു നിമിഷം സ്തംഭിച്ചു പോയ രാജാ‍വ് ആ പ്രതിഭയുടെ മുമ്പില്‍ തലകുനിച്ചു, വീരശൃഖല കൊടുത്താണ് വിട്ടത്.

കൂത്ത്

0
മക്കളെ നിങ്ങള്‍ കൂത്ത് കേട്ടിട്ടുണ്ടോ. നമ്മള്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലിനേക്കുറിച്ചു പറഞ്ഞല്ലോ. തുള്ളല്‍ പ്രസ്ഥാനം ആരംഭിക്കാന്‍ കാരണം കൂത്താണെന്നു വേണമെങ്കില്‍ പറയാം. കൂത്തു പറയുന്ന ആളിന് ചക്യാരെന്നാണ് പേര്. സംസ്കൃതത്തില്‍ പാണ്ഡിത്യം, അഭിനയ ചാതുര്യം, ഹാസ്യാഭിനയപാടവം, പ്രതിഭ, സൂക്ഷ്മമായ നിരീക്ഷണ പാടവം , ഇതെല്ലാം തികഞ്ഞ ആളിനുമാത്രമേ കൂത്തില്‍ ശോഭിക്കാന്‍ സാധിക്കൂ. കൂത്തിന്റെ വേദിയില്‍ ഒരു സ്റ്റൂളും, ഒരു മിഴാവും--നമ്മുടെ ഉപ്പുമാങ്ങാഭരണിപോലിരിക്കും--ചാക്യാരും, നമ്പ്യാര്‍ അല്ലെങ്കില്‍ നങ്ങ്യാര്‍ ഇതില്‍ ഒരാളും മാത്രമേ സാധാരണയായി കാണുകയുള്ളൂ. നിലവിളക്ക് കൊളുത്തി വച്ചിരിക്കും. ചാക്യാര്‍ക്ക് കിരീടമുണ്ട്. ദേഹം മുഴുവന്‍ ഭസ്മം, നെറ്റിയില്‍ ഭസ്മവും ചന്ദനവും, മഷി എഴുതിയ കണ്ണ് ഇതൊക്കെ ചാക്യാരുടെ പ്രത്യേകതകളാണ്. വേഷത്തിലുള്ള ചാക്യാര്‍ക്ക് ആരേയും എന്തും പറയാം. ശിക്ഷിക്കാന്‍ രാജാവിനുപോലും അധികാരമില്ല. ഇതൊക്കെ മുഖവുര.

അപ്പൂപ്പന്‍ കണ്ട ഒരു കൂത്തിന്റെ കാര്യം പറയാം. നമ്മുടെ വേലാമ്പിള്ളയാണ് എന്നേ കൂത്തുകാണാന്‍ കൊണ്ടുപോയത്. ഉത്സവം, വഞ്ചിപ്പാട്ട്, പ്രഥമന്‍ ഇവയുടെ ആശാനാണല്ലോ അദ്ദേഹം. എന്നേ നിര്‍ബ്ബന്ധിച്ച് കൊണ്ടുപോയി കൂത്തമ്പലത്തില്‍ ഒരു ഭാഗത്തിരുത്തിയശേഷം അദ്ദേഹം തന്റെ സ്ഥാനമായ, മണ്ഡപത്തിലേ ഒരു തൂണില്‍ ചാരി ഇരുന്നു. വേഷവിധാനന്നളൊടുകൂടി ചാക്യാര്‍ വന്നു.

തലമുടി കോതിക്കൊണ്ടാണു വരവ്-സ്ത്രീകള്‍ കോതുന്നതുപോലെ. തല ഒരുവശത്തേക്ക് ചരിച്ച് രണ്ടു കൈകള്‍ കൊണ്ടും ഗംഭീര കോതല്‍.

അപ്പൂപ്പനല്ലേ പറഞ്ഞത് ചാക്യാര്‍ കിരീടം വച്ചാ വരുന്നതെന്ന്--ശ്യാം ഇടപെട്ടു. പിന്നെങ്ങനാ തലമുടി കോതുന്നത്.

അല്ലെന്നാരു പറഞ്ഞു. എടാ ചാക്യാര്‍ക്കു തലമുടിയും ഒന്നും ഇല്ല. അതാണഭിനയം. ശരിക്കു തലമുടി കോതുന്നെന്ന് നമുക്കു തോന്നും. കേള്‍ക്ക്. കോതിക്കോതി അങ്ങോട്ടുമിങ്ങോട്ടും നടന്ന് കൈയ്യില്‍ പറ്റിയിരിക്കുന്ന തലമുടി തള്ളവിരല്‍കൊണ്ട്, മറ്റു വിരലുകളുടെ അറ്റത്താക്കി എല്ലാ‍വിരലുകളുടേയും സഹായത്തോടെ അതൊരു ഉണ്ടയാക്കി ചൂണ്ടു വിരലിന്റെ അറ്റത്തുവച്ചു. എന്നിട്ട് സദസ്സിലേക്കു നോക്കി മുമ്പിലിരുന്ന ഒരാളുടെ മുഖത്തേക്ക് തള്ളവിരല്‍ കൊണ്ട് ഒറ്റ തെറ്റിക്കല്‍. അയാള്‍ തല വെട്ടിത്തിരിച്ചു.

ആദ്യമായി കൂത്തു കാണുന്ന ഞാന്‍ ഒന്നു ചിരിച്ചു. അത് ഉറക്കെയായി പോയെന്നു പറയേണ്ടതില്ലല്ലോ. ചാക്യാ‍ര്‍ എന്നേ രൂക്ഷമായൊന്നു നോക്കിയ ശേഷം അവിടെ ഇട്ടിരുന്ന സ്റ്റൂളില്‍ ഇരുന്നു.

മുറുക്കുവാനുള്ള ഭാവമാണ്. ഒരു വെറ്റില എടുക്കുന്നു. ശ്രദ്ധയോടെ ഇടത്തുകൈ മലര്‍ത്തിപിടിച്ച് അതില്‍ വച്ച് സാവധാനത്തില്‍ അതിന്റെ ഞരമ്പു കളയുന്നു. ഇടയ്ക്കു നഖത്തിന്റെ ഇടയില്‍ കയറിപ്പോയ ഞരമ്പ് തള്ളവിരല്‍ കൊണ്ട് തൂത്തെടുത്ത് കളയുന്നു. ചുണ്ണാമ്പ് അണിവിരലിന്റെ അറ്റം കൊണ്ടെടുത്ത് വെറ്റിലയില്‍ സാവധാനത്തില്‍ തേയ്ക്കുന്നു. ബാക്കിവന്ന ചുണ്ണാമ്പ് ഇരിക്കുന്ന സ്റ്റൂളിന്റെ അടിയില്‍ പുരട്ടി ആ വിരല്‍ തലയിലും തൂക്കുന്നു. വെറ്റില ഭദ്രമായി മടക്കി വായില്‍ വയ്ക്കുന്നു. വെട്ടി വെച്ചിരുന്ന പാക്കെടുത്ത് ഇടതു കൈ വെള്ളയില്‍ വച്ച് ഊതിയ ശേഷം വായിലിടുന്നു. നല്ലപോലെ ചവയ്ക്കുന്നുമുണ്ട്. പുകയില എടുത്ത്, എഴുനേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

തുപ്പാനുള്ള സ്ഥലം നോക്കുകയാണ്. അവസാനം രണ്ടു വിരല്‍ ചുണ്ടില്‍ ചേര്‍ത്തുവച്ച് മുമ്പില്‍ ഇതെല്ലാം കണ്ട് വായും പൊളിച്ചിരുന്ന വിദ്വാന്റെ നേരേ ഒരു തുപ്പ്.

ഹ: എന്നും പറഞ്ഞ് അയാള്‍ പിന്നിലേക്കു മറിഞ്ഞു. ഇരിപ്പ് നിലത്തായതുകൊണ്ട് ഒന്നും പറ്റിയില്ല. മുഖം തുടച്ചുകൊണ്ടയാള്‍ എഴുനേറ്റിരുന്നു. കൈയ്യില്‍ നോക്കി-ഒന്നുമില്ല--ഒരു ചമ്മിയ മുഖത്തോടെ അയാള്‍ ഇരുന്നു. ഞാന്‍ ചിരി അമര്‍ത്തി. പക്ഷേ അതും ചാക്യാര്‍ കണ്ടു. ഒന്നു തലയാട്ടി.

ച്ഛേ-ഇങ്ങനെ മനുഷ്യന്റെ മുഖത്തു തുപ്പുന്ന കലയാണോ ഈ കൂത്ത്. ചുണ്ണാമ്പും അളിച്ച് സ്റ്റൂളില്‍ തേച്ച്-രാംകുട്ടന് രോഷം സഹിക്കുന്നില്ല.

എടാ മോനേ അവിടെ വെറ്റിലയും പാക്കും പോലയും ഒന്നുമില്ല. എല്ലാം ഉണ്ടെന്നു നമുക്കു തോന്നും വിധമുള്ള അഭിനയം മാത്രം. തുപ്പിയെന്നുള്ളതും നമുക്കു തോന്നും വിധം ചെയ്തു.

ചാക്യാര്‍ എഴുനേറ്റു. ചക്യാന്മാരുടെ ആ പ്രത്യേക ഈണത്തില്‍ ചൊല്ലി
ശ്രീപതിം പ്രണിപത്യാഹം
ശ്രീവത്സാങ്കിത വക്ഷസം
ശ്രീരാമോദന്തമാഖ്യാസ്സ്യേ
ശ്രീവാത്മീകി പ്രകീര്‍ത്തിതം. അങ്ങിനെ-

അദ്ദേഹം തുടര്‍ന്നു- ശ്രീ വാത്മീകിയാല്‍ പ്രകീര്‍ത്തിതമായിരിക്കുന്ന--ശ്രീരാമോദന്തം- അതായത് ശ്രീ രാമന്റെ കഥ ശ്രീവത്സാങ്കിത വക്ഷസ്സായിരിക്കുന്ന ശ്രീപതിയേ നമസ്കരിച്ചുകൊണ്ട് -ഞാന്‍ പറയുന്നു.

സീതയേ രാ‍വണന്‍ തട്ടിക്കൊണ്ടു പോയിക്കഴിഞ്ഞ് സുഗ്രീവനുമായി സഖ്യം ചെയ്ത് വാനരന്മാരേ സീതാന്വേഷണത്തിനയച്ചതില്‍- തെക്കോട്ടു പോയ കൂട്ടര്‍ സമ്പാതിയുടെ ഉപദേശം അനുസരിച്ച് കടല്‍ കടക്കാനുള്ള ഉപായം ആലോചിക്കാന്‍ കൂടി ഇരിക്കുകയാണ്.

സദസ്സിലേക്കു നോക്കി ചാക്യാര്‍--അല്ലാ എല്ലാവരും എത്തിയില്ലേ. സദസ്യരേ സൂക്ഷിച്ചുനോക്കികൊണ്ട്-നീലന്‍ , നളന്‍ , ഗവയന്‍ , ഗവാക്ഷന്‍ ഒക്കെയുണ്ടല്ലോ. എവിടെ നമ്മുടെ ജാംബവാന്‍ -പുള്ളി സമയത്ത് എത്താറുണ്ടല്ലോ --

ഈ സമയത്ത് നമ്മുടെ കേശവക്കുറുപ്പ് വൈദ്യന്‍ ഒരോലക്കുടയും പിടിച്ച് അവിടെ എത്തി. നാട്ടിലേ പ്രമാണിയായ വൈദ്യനാ‍ണ്. ഒരുപാടു പ്രത്യേകതകളുള്ള ആളാണ്. മെതിയടി ഇട്ടേ നടക്കൂ. അതുകൊണ്ട് വരമ്പിലുള്ള മട ചാടിക്കടക്കുന്നത് കാണേണ്ട കാഴ്ച്ചയാണ്. ഷര്‍ട്ട് ഇടുകയില്ല. പകരം ഒരു തോര്‍ത്ത് രണ്ടായി മടക്കി നടുഭാഗത്ത് തല കടക്കാവുന്ന അത്രയും ഭാഗം മുറിച്ചുമാറ്റി സൂചിയും നൂലും കൊണ്ട് മുറിച്ചിടം നൂലു വെളിയില്‍ വരാതെ തയ്ക്കും. അത് തലയില്‍ കൂടി ഇട്ട് അതിന്റെ പുറത്തുകൂടി മുണ്ടുടുത്താല്‍ ബനിയനിട്ടപോലെ ഇരിക്കും. അതാണ് വേഷം. അദ്ദേഹത്തിന്റെ അംഗീകരിക്കപ്പെട്ട വേഷമായതുകൊണ്ട് ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. അഥവാ ഉണ്ടെങ്കിലും അത് അദ്ദേഹത്തിനു കാര്യമല്ല. അന്ന് വയസ്സ് അറുപതു കഴിഞ്ഞിട്ടുണ്ട്.

ഇദ്ദേഹം അകത്തേക്കു പ്രവേശിച്ചപ്പോള്‍

ചാക്യാര്‍-ഹാ വന്നല്ലോ ജാംബവാന്‍ . എവിടാരുന്നു. വയസ്സായി കണ്ണുകാണത്തില്ലെങ്കില്‍ കുറേ നേരത്തേ ഇറങ്ങരുതോ. ആരേയാണ് നമുക്ക് ലങ്കയിലേക്ക് വിടേണ്ടത്.

ഇത്രയുമായപ്പോള്‍ എനിക്കു ചിരി പൊട്ടിപോയി.

എഴുനേല്‍ക്കെടാ-എന്നേ നോക്കി ചാക്യാര്‍ ഒരലര്‍ച്ച.

ഞാനറിയതെ എഴുനേറ്റു പോയി. ഒരു കൂട്ടച്ചിരി മുഴങ്ങി. വേലാമ്പിള്ള തിരിഞ്ഞു നോക്കി എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. വളിച്ചു പുളിച്ച് ഞാനിരുന്നു. എത്ര യോജന ചാടാം-പത്തോ പുച്ഛസ്വരത്തില്‍ ചാ‍ക്യാര്‍ എന്നേ നോക്കി തുടരുകയാണ്. നിന്റെ നിഗളിപ്പു കണ്ട് ഞാന്‍ വിചാരിച്ചു നീ ഇപ്പോള്‍ ലങ്കയില്‍ പോയി സീതയേ കൊണ്ടുവരുമെന്ന്. കൊരങ്ങന്‍ .

വേറേ ആരുണ്ട് -എടോ-ചാക്യാര്‍ കൈ കൊട്ടി ഒരാളേ വിളിച്ചു. തനിക്കെത്ര ചാടാം. അമ്പതോ--അയാള്‍ ഒരു ഭാവഭേദവും കൂടാ‍തിരിക്കുകയാണ്.

വേറെ ആരുണ്ട്-അറുപതൊ-എടോ തൊണ്ണൂറ്റി ഒന്‍പതു ചാടിയാലും വെള്ളത്തില്‍ കിടക്കത്തേയുള്ളൂ. തന്റെയൊരറുപത്.

ദേ വരുന്നല്ലോ ഒരു കൊരങ്ങന്‍ . ഹയ്യട-- ഭാവം കണ്ടാല്‍ അങ്ങേരുടെ തലയില്‍കൂടാണ് ഈ സംസ്ഥാനത്തിന്റെ ഭരണചക്രം തിരിയുന്നതെന്നു തോന്നും. ഒരിക്കലും - ഒരിക്കലും-സമയത്തു വരികയില്ല. ഇവിടെ ശ്രീരാമചന്ദ്രന്റെ ഭാര്യ സീതാദേവിയേ അന്വേഷിച്ച് ഓരോരുത്തര്‍ തല പുകയ്ക്കുന്നു.

ആരാ അപ്പൂപ്പാ ആ വന്നത് ആതിര ചോദിച്ചു.

അതോ അത് സ്ഥലത്തേ തഹസീല്‍ദാര്‍--കസവു വേഷ്ടിയും, മല്‍മല്‍ ജൂബ്ബയുംധരിച്ച്, പുളിയിലക്കരയന്‍ നേര്യതും കഴുത്തില്‍ ചുറ്റി പാവം ഉത്സവം കാണാന്‍ ഇറങ്ങിയതാണ്. ഏതായാലും എന്റെ ചമ്മലൊക്കെ പോയി. ബാക്കി ഭാഗങ്ങള്‍ ഞാനും ഭംഗിയായി ആസ്വദിച്ചു. അതു പിന്നെ.

പുറങ്ങാടി

0
പണ്ട് രാജാക്കന്മാര്‍ക്ക് വിദൂഷകന്മാര്‍ എന്ന് പേരുള്ള നര്‍മ്മ സചിവന്മാര്‍ ഉണ്ടായിരുന്നു. രാജാവിനേ തമാശ പറഞ്ഞ് രസിപ്പിക്കുകയാണ് അവരുടെ ജോലി. അവര്‍ക്ക് രാജാവിനോട് എന്തും പറയാം. അവര്‍ക്കു മത്രമേ അതിനുള്ള അധികാരമുള്ളൂ താനും. ദുഷ്യന്തന്റെ നര്‍മ്മ സചിവനായിരുന്നു മാഢവ്യന്‍ . ശകുന്തളയുമായുള്ള ലൈന്‍ മനസ്സിലാ‍ക്കിയ മാഢവ്യനോട്
സ്മരകഥകളറിയാ‍ത മാ‍ന്‍കിടാങ്ങള്‍-
ക്കരികില്‍ വളര്‍ന്നവളോടു ചേരുമോ ഞാന്‍
അരുളി കളിവചസ്സു തോഴരേ ഞാന്‍
കരുതരുതായതു കാര്യമായ് ഭവാ‍നും--എന്നു പറഞ്ഞിട്ട്,

ഈ കാര്യമൊന്നും നാട്ടില്‍ ചെന്ന് എഴുന്നെള്ളിച്ചേക്കരുതെന്നും പറയുന്നുണ്ട്. അവരെ എല്ലാവര്‍ക്കും ഒരു തരത്തില്‍ പേടിയാണ്. സര്‍ക്കസ്സിലേ കോമാളീ. സിനിമയിലേ ഹാ‍സ്യനടന്മാര്‍, ചാക്യാര്‍-ഇവരൊക്കെ അതിബുദ്ധിമാന്മാരും അവരുടെ ജോലിക്കിടയില്‍ ആരേയും എന്തും പറയാന്‍ അധികാരമുള്ളവരുമാണ്. നാട്ടിന്‍പുറത്ത് പണ്ട് അങ്ങിനെ ഒരു വിഭാഗമുണ്ടായിരുന്നു. അവരാണ് പുറങ്ങാടി.

ങാ എനിക്കറിയാം ഒറ്റപ്പുറങ്ങാടി-ആതിര പറഞ്ഞു.

പോടീ അത് ഒരു വശം വാടി വീഴുന്ന മാങ്ങയ്ക്ക് ഒറ്റപ്പുറംവാടി, എന്നതിനു നീയൊക്കെ വിവരമില്ലാതെ പറയുന്നതാ-കിട്ടുവിന്റെ കമന്റ്.

മക്കളേ പുറങ്ങാടി എന്നത് ഒരു വിഭാഗമാണ്. ഓണത്തിനും, ഉത്സവത്തിനും ഒക്കെ ഘോഷയാത്രയോടൊപ്പം അവര്‍ ഉണ്ടായിരിക്കും. തണുങ്ങും ഒക്കെ വച്ചുകെട്ടി അവരുടെ വേഷം തന്നെ ബഹുരസമായിരിക്കും. അവരുടെ പ്രതിഭ-അതായത് പ്രത്യുല്‍പ്പന്നമതിത്വം-അതായത് ഉരുളക്കുപ്പേരിപോലെ-വടി പിടിച്ചു വാങ്ങിച്ച് അടി കൊടുക്കുന്നതു പോലെ മറുപടി പറയാനുള്ള കഴിവിനേക്കുറിച്ച് വളരെ ഉദാഹരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ.

പണ്ട് മൈസ്രേട്ട്--ഇംഗ്ലീഷുകാര്‍ ക്ഷമിക്കുക--ബഞ്ച് കൂടുന്നത് ഓരോ സ്ഥലങ്ങളിലാണ്. അദ്ദേഹം ഇരിക്കുന്നിടം ആണല്ലോ കോടതി-അന്നും, ഇന്നും. കസേരയും, മുക്കാലിയും വടിയും പോലീസും എല്ലാമായി അദ്ദേഹം ഓരോ പഞ്ചായത്തിലും പോകണം പോലും. രാജ ഭരണമല്ലേ.

അങ്ങിനെ ഒരു ദിവസം കോത്താഴം പഞ്ചായത്തില്‍ എത്തി. കേസുകള്‍ വന്നു. വിചാരണ തുടങ്ങി. അന്നത്തേ ഒരു പുറങ്ങാടി ഇതെല്ലാം കണ്ട് രസിച്ചു നില്‍ക്കുന്നുണ്ട്.

ഈ മൈസ്രേട്ടിന്റെ ജോലി ബഹു രസമാനല്ലോ-അയാള്‍ വിചാരിച്ചു. ആജ്ഞാപിച്ചാ‍ല്‍ മാത്രം മതി. അനുസരിക്കാന്‍ എത്ര പേര്‍.

ഇങ്ങനെ വിചാരിച്ചുകൊണ്ടു നിന്നപ്പോള്‍ വിചാരണ കഴിഞ്ഞ് വിശ്രമത്തിനായി മൈസ്രേട്ടേമാന്‍ അടുത്ത വീട്ടിലേക്കു പോയി.

നമ്മുടെ പുറങ്ങാടി ഒറ്റച്ചാട്ടത്തിന് മൈസ്രേട്ടിന്റെ കസേരയില്‍ എത്തി. അവിടെ ഇരുന്ന് വിചാരണ തുടങ്ങി. എടോ മുന്നൂറ്റിപ്പതിനെട്ടെ--പ്രതി എവിടെ--ശരി അവനു മുക്കാലില്‍കെട്ടി പന്ത്രണ്ടടി കൊടുക്കട്ടെ--മറ്റവന്‍ വന്നില്ലേ-കൊണ്ടുവാ അവനേ-ഇങ്ങനെ ഗംഭീരമായി കോടതി നടത്തുന്നതു കാണാന്‍ ആളുകളും കൂടി. വാശി കൂടി-- എവിടെ പോയിക്കിടക്കുവാ ഇവന്മാര്‍--

എന്നു ചോദിച്ചുകൊണ്ടു നോക്കിയത് മൈസ്രേട്ടിന്റെ മുഖത്തേക്കാണ്. അദ്ദേഹത്തിന്റെ മുഖം കോപംകൊണ്ടു ചുവന്നു.

ആരാണിവന്‍ -ഇവനേ പിടിച്ച് മുക്കാലില്‍കെട്ടി പന്ത്രണ്ടടി കൊടുക്കട്ടെ-മൈസ്രേട്ട് വിധിച്ചു. സംഗതി ഉടന്‍ തന്നെ നടപ്പായി. പുറങ്ങാടിയേ പിടിച്ച് മുക്കാലില്‍ കെട്ടി. ജോറായി പന്ത്രണ്ടടി.

അടി കഴിഞ്ഞ് അഴിച്ചു വിട്ട പുറങ്ങാടി പറഞ്ഞതെന്താ‍ണെന്നറിയാമോ--“എന്റെ പറശ്ശിനി മുത്തപ്പാ, അര നാഴികനേരം മൈസ്രേട്ടുദ്യോഗം ഭരിച്ച എന്റെ നടുവ് തല്ലിപ്പൊളിച്ചു. ജീവിതകാലം മുഴുവന്‍ ഇതുകൊണ്ടു നടക്കുന്ന ഈ എന്ധ്യാനികളുടെ നടുവ് മുഴുവന്‍ തഴമ്പാരിക്കും. നമുക്കീ പണി വേണ്ടേ വേണ്ടാ.”

മൈസ്രേട്ടും പാര്‍ട്ടിയും നാണിച്ചു സ്ഥലം വിട്ടെന്നു കഥ.

ഒരിക്കല്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെക്ക് എഴുന്നെള്ളുകയാണ്. വഴിയിലൊരു പുറങ്ങാടി മുമ്പില്‍ വന്നുപെട്ടു. രാജഭടന്മാര്‍ അവനേ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ അവന്‍ രാജാവിനോടു വിളിച്ചു പറഞ്ഞു--അമ്മാവനേ കണ്ടാല്‍ ഒരു ബഹുമാനവുമില്ലേ. അങ്ങു വന്നേരെ.--ഭടന്മാര്‍ അവനേ വലിച്ചു മാറ്റി. രാജാവ് അവ്ന്റെ തല ആനയേക്കൊണ്ടു തട്ടിക്കാന്‍ കല്പനയും കൊടുത്തു.

വൈകുന്നേരം വലിയ കുഴി കുഴിച്ച് അതില്‍ പുറങ്ങാടിയേ നിര്‍ത്തി-കഴുത്തു വരെ മൂടിയ ശേഷം തല മാത്രം ഒരു പന്തു പോലെ മുകളില്‍ കാണും . അത് ആനയേക്കൊണ്ടു തട്ടി തെറിപ്പിക്കുന്ന പരിപാടിയാണ് നടക്കാന്‍ പോകുന്നത്. പതിവുപോലെ മരിക്കാന്‍ പോകുന്നവന് അന്തിമാഭിലാഷം എന്താണെന്ന് രാജാവു ചോദിക്കും. അതിനുത്തരം കഴിഞ്ഞേ ശിക്ഷ നടപ്പാക്കൂ.
രാജ പ്രതിനിധി:-( പുറങ്ങാടിയോട്) മരിക്കുന്നതിനു മുന്‍പ് നിനക്കെന്തെങ്കിലും ആഗ്രഹമുണ്ടോ?
പുറങ്ങാടി:- ഉണ്ണിയോടു പറയൂ. പൊന്നു തമ്പുരാന്‍ നാടുനീങ്ങാന്‍ പോകുന്നു. അവസാനമായി ഉണ്ണി
യേ ഒന്നു കാണണം എന്ന്.
ഇതില്‍ പൊന്നു തമ്പുരാന്‍ പുറങ്ങാടിയും, ഉണ്ണി രാജാവും ആണെന്നു മനസ്സിലായില്ലേ. ഈവിവരം അറിഞ്ഞ രാജാവ് “ ഹല്ലേ അതു പുറങ്ങാടിയായിരുന്നോ“ എന്നു ചോദിച്ചു.

പുറങ്ങാടിയേ വെറുതേ വിട്ടെന്നു മാത്രമല്ല-ഈ വിപദി ധൈര്യത്തിന് വീര്യ ശ്രംഖലയും കൊടുത്തു.

അപ്പൂപ്പന്റെ കൊച്ചിലേ വീട്ടില്‍ ഒരു പുറങ്ങാടി വന്നു. കാര്‍ത്തിക ഉത്സവം പ്രമാണിച്ചോ മറ്റോ ആണ്. കൂടെ ഒരു പറ്റം പിള്ളാരും ഉണ്ട്. അമ്മ പുറങ്ങാടിക്കു കൊടുക്കാ‍ന്‍ നാലണ-ഇന്നത്തേ ഇരുപത്തഞ്ചു പൈസക്ക് അന്നത്തേ പേരാണ്--എടുത്തു കൊണ്ടുവന്ന് കതകു തുറന്നപ്പോള്‍ നേരെ നില്‍ക്കുന്ന പുറങ്ങാടിയേക്കണ്ട് ഒരുവശത്തെക്കു മാറി--

ഉടന്‍ പുറങ്ങാടിയുടെ പാട്ട് “നാണിച്ചു മാറി ഒളിച്ചൊരുത്തി”.

ആ പൈസ അമ്മയുടെ കൈയ്യില്‍നിന്ന് വാങ്ങിച്ച് ജാനകി ചേച്ചി പുറങ്ങാടിക്കു കൊടുത്തു.

ഉടന്‍ അടുത്ത പാട്ട്”നാണം കൂടാതെ പൊലിച്ചൊരുത്തി”. ഇതൊക്കീ ഇന്‍സ്റ്റന്റ് പാട്ടുകളാണ്. സധാരണ പാട്ടുകള്‍ “കൊതികിന്റെ മൂക്കിലൊരാന പോയി--കളിയല്ല ചെങ്ങാതീ ഞാനും കണ്ടേ--ഗോപുരം തിങ്ങി രണ്ടീച്ച പോയി--കളിയല്ല ചെങ്ങാതീ ഞാനും കണ്ടേ” എന്നരീതിയിലുള്ളതാണ്. ഇപ്പോള്‍ ഇങ്ങനെയുള്ള ആള്‍ക്കാ‍രേ കാണാനില്ല.

വീരഭദ്രന്‍-

0
പരമശിവനും ഭാര്യ സതീദേവിയുംകൂടി ഒരു ദിവസം നടക്കാനിറങ്ങി.

അതിനു പരമശിവന്റെ ഭാര്യ പാര്‍വ്വതീദേവിയല്ലേ--ആതിര അങ്ങിനെ വിടത്തില്ല.

അതെ മക്കളേ -പക്ഷേ അതിനു മുമ്പ് സതീദേവിയായിരുന്നു. ദക്ഷപ്രജാപതിയുടെ മകള്‍. അന്നത്തേ കാര്യമാണ്.

അങ്ങിനെ കാട്ടില്‍ കൂടെ നടക്കുമ്പോള്‍ പരമശിവന്‍പെട്ടെന്നു നിന്നു. അങ്ങോട്ടു പോകണ്ടാ-അദ്ദേഹം പറഞ്ഞു.

അതെന്താ? ദേവി ചോദിച്ചു.

അവിടെ ശ്രീരാമചന്ദ്രനും, ലക്ഷ്മണനും കൂടി സീതാദേവിയേ തിരഞ്ഞു നടക്കുകയാണ്.

അതിനു നമുക്കെന്തോവേണം. അവര്‍ ഇവിടെ നടക്കുന്നതുകൊണ്ട് നമുക്ക്പോകേണ്ടെടത്ത് പോകെണ്ടായോ. ഹതു കൊള്ളാം.

അല്ല ദേവീ അവതാര പുരുഷന്മാര്‍, അവതാരോദ്ദേശം നിറവേറ്റാന്‍ വേണ്ടി ഓരോ കാര്യങ്ങള്‍ അനുഷ്ടിക്കുമ്പോള്‍ നാം ചെന്ന് ബുദ്ധിമുട്ടിക്കാന്‍ പാടില്ല. അങ്ങോട്ടു പോകണ്ടാ.

ദേവിക്ക് എന്തോ അതത്ര പിടിച്ചില്ല. ഈ ശ്രീരാമന്‍ അവതാര പുരുഷനാണൊ എന്ന് എങ്ങിനെ അറിയാം. ഏതായാലും ഞാനൊന്നു പരീക്ഷിക്കാന്‍ പോവാ. ദേവി അപ്രത്യക്ഷയായി. സീതാദേവിയുടെ വേഷം ധരിച്ച് ദേവി ശ്രീരാമചന്ദ്രന്റെ മുമ്പില്‍ ചെന്നു. സീതയേ അന്വേഷിച്ചു നടക്കുകയല്ലേ. ഇപ്പഴറിയാം അവതാരപുരുഷന്റെ പൂച്ച്.

ദേ ജ്യേഷ്ടത്തി--ലക്ഷ്മണന്‍ വിളിച്ചു പറഞ്ഞു.

ശ്രീരാമന്‍ നോക്കി. സീതയുടെ വേഷത്തില്‍ ഒരാള്‍. അദ്ദേഹം തൊഴുകൈയ്യോടെ അവരുടെ അടുത്തെത്തി. അമ്മേ നമസ്കാരം- മഹാദേവനു സുഖമാണോ. ഞാന്‍ അന്വേഷിച്ചതായി പറയണേ-എന്നു പറഞ്ഞു.

ലജ്ജകൊണ്ടു കുനിഞ്ഞമുഖവുമായി ദേവി ശ്രീപരമേശ്വരന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു--എന്താ ഒരു ചമ്മല്‍ പോലെ-

ഓ ഒന്നുമില്ല ദേവി പറഞ്ഞു. ശ്രീരാമചന്ദ്രനേ കണ്ടോ അദ്ദേഹം അന്വേഷിച്ചു.

കണ്ടു-ദേവി പറഞ്ഞു.

അദ്ദെഹം എന്തു പറഞ്ഞു. വീണ്ടും അദ്ദേഹം ചോദിച്ചു.

അമ്മേ നമസ്കാരം- മഹാദേവനു സുഖമാണോ. ഞാന്‍ അന്വേഷിച്ചതായി പറയണേ-എന്നു പറഞ്ഞു.

മഹാദേവന്‍ പെട്ടെന്ന് കൈകള്‍ കൂപ്പി അമ്മേ പ്രണാമം എന്നു പറഞ്ഞു.

ഇതെന്തു തമാശ അവര്‍ചോദിച്ചു.

ശ്രീരാമചന്ദ്രന്‍ അമ്മേ എന്നു വിളിച്ച ആള്‍ ത്രിമൂര്‍ത്തികള്‍ക്കും അമ്മയാണ്. ഇനി അവിടുത്തേ സ്ഥാനം അമ്മയുടേതായിരിക്കും. പരമേശ്വരന്‍ അറിയിച്ചു. പോരേ പുലിവാല്‍.

അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ദക്ഷപ്രജാപതി കൈലാസത്തില്‍ എത്തി. ധ്യാനനിമഗ്നനായിരുന്ന പരമശിവന്‍ അറിഞ്ഞില്ല.

ഹും-അമ്മായിഅപ്പന്‍ വന്നിട്ട് ഒരു ബഹുമാനവുമില്ല. ദക്ഷന്‍ കോപിച്ച് സ്ഥലംവിട്ടു.

ദക്ഷന്‍ ഒരു യാഗം നടത്തുകയാണ്. എല്ലാ ദേവതകളേയും ക്ഷണിച്ചു-മരുമകനേ ഒഴിച്ച്.

അപ്പോള്‍ നമുക്കു മാത്രമല്ല കുശുമ്പും കുന്നായ്മയും--ശ്യാം പറഞ്ഞു.

നമ്മളെത്ര ഭേദം. അച്ഛനേ ചീത്തപറഞ്ഞ ഒരാ‍ളെ അപ്പച്ചിയുടെ കല്യാണത്തിന് വിളിക്കുന്നത് ഞാന്‍ കണ്ടതാണ്.

മോനേ ഈ ദേവന്മാര്‍ കാണിക്കുന്നത് കണ്ടാണ് മിക്കവാറും എല്ലാ തോന്ന്യവാസങ്ങളും ഇവിടെ അരങ്ങേറുന്നത്. ഇപ്പോള്‍ അവര്‍ സീരിയലുകളുടേയും ,സിനിമയുടേയും രൂപത്തിലാണ് വരുന്നതെന്നുമാ‍ത്രം. കാമരൂപികളല്ലേ. ഏതു രൂപത്തിലും അവര്‍ക്ക് മനുഷ്യരേ പറ്റിക്കാം-പറ്റാന്‍ നമ്മളിരുന്നു കൊടുത്താല്‍.

അങ്ങനെ ദക്ഷന്‍ യാഗം തുടങ്ങി. സതീദേവിക്കു യാഗത്തിനു പോകണം. പോകുന്നതു കൊള്ളാം. വേണ്ട എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഞാനുത്തരവാദിയായിരിക്കുന്നതല്ല. പരമശിവന്‍ പ്രഖ്യാപിച്ചു.

ദേവി പോകാന്‍ തന്നെ തീരുമാനിച്ചു. യാഗസ്ഥലത്ത് ദേവി അവമാ‍നിതയായി. ആരും ശ്രദ്ധിച്ചില്ല. തിരിച്ചു പോരാന്‍ അഭിമാനം അനുവദിച്ചില്ല. അല്ലെങ്കില്‍ തന്നെ എന്തിനാ തിരിച്ചു പോരുന്നത്. ഭാര്യയ്ക്ക് ഇപ്പോള്‍ അമ്മയുടെ സ്ഥാനമല്ലേ. എല്ലാം കൊണ്ടും മനം മടുത്ത ദേവി യാഗവേദിയില്‍ യോഗാഗ്നിയില്‍ ദഹിച്ചു തന്റെ ശരീരം ഉപേക്ഷിച്ചു.

വിവരം പരമശിവന്‍ അറിഞ്ഞു. കോപം കൊണ്ടു വിറച്ച അദ്ദേഹം തന്റെ ജടയില്‍ ഒരെണ്ണം പറിച്ച് നിലത്തടിച്ചു. സംഹാരരുദ്രനേപ്പോലെ അലറിക്കൊണ്ട് ഒരുഗ്രരൂപം നിലത്തുനിന്ന് ഉയര്‍ന്നുവന്നു. ശൂലവും തുള്ളിച്ച് ഭീകരമായി സിംഹനാദം പുറപ്പെടുവിച്ചുകൊണ്ട് ആ രൂപം--വീരഭദ്രന്‍ --ആജ്ഞ നല്‍കിയാലും എന്ന് പറഞ്ഞു.

പോയി യാഗം മുടക്കി ദക്ഷനേ കൊന്നിട്ടു വരൂ- എന്ന് പരമശിവന്‍ ആജ്ഞാപിച്ചു. വീരഭദ്രനും ഭൂതഗണങ്ങളും യാഗസ്ഥലത്തേക്ക് കുതിച്ചു. കണ്ണില്പെട്ടതെല്ലാം നശിപ്പിച്ചുകൊണ്ട്.

ഈ വീരഭദ്രനാണോ പാലാഴിമഥനത്തിന് അസുരന്മാരേ വിളിക്കാന്‍ പോയത്--ആതിര ചോദിച്ചു. അതേ മോളേ അതുതന്നെ.

യാഗസ്ഥലത്തെത്തിയ അവര്‍ യാഗ സംഭാരങ്ങളെല്ലാം എടുത്ത് ഒന്നിച്ച് യാഗാഗ്നിയില്‍ നിക്ഷേപിച്ചു. തടഞ്ഞ ഭൃഗുമുനിയേ തള്ളിമാറ്റി. ഭൃഗു മുനി അവര്‍ പാഷണ്ഡന്മാരായിപോകട്ടെന്ന് ശപിച്ചു. എന്നാല്‍ പാ‍ഷണ്ഡ വൃത്തി ഇതാ കണ്ടോ എന്നു പറഞ്ഞ് അവര്‍ ഭൃഗുവിന്റെ താടിരോമം ചവിട്ടി പിഴുതു. കണ്ടുനിന്നവര്‍ ഭയന്ന് ഓടി. വീരഭദ്രന്‍ ദക്ഷനേ പിടിച്ച് തല അറുത്ത് യാഗാഗ്നിയില്‍ ഹോമിച്ചു. ബ്രഹ്മാവും വിഷ്ണുവും കൂടി ഇതിനു പരിഹാരം ഉണ്ടാക്കാന്‍ മഹാദേവനല്ലാതെ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കണമെന്നും തീരുമാനിച്ച് അദ്ദേഹത്തേകണ്ടു. അദ്ദേഹത്തിന്റെ അനുവാദത്തോടെ ഒരു ആടിന്റെ തല കൊണ്ടുവന്ന് ദക്ഷന്റെ കഴുത്തില്‍ ഉറപ്പിച്ചു.

ബ്രഹ്മാവുള്ളപ്പഴാണോ ആയുസ്സിനു പഞ്ഞം.

വടക്കോട്ടു തലവച്ചുറങ്ങിയ ആടിന്റെ തലയെന്ന് ആരോ പറഞ്ഞല്ലോ--കിട്ടു പറഞ്ഞു.

കറക്റ്റ്. അവിടെയാണ് നമ്മുടെ മഹര്‍ഷിമാരുടെപ്രായോഗികബുദ്ധി. ഭൂമിയില്‍ കാന്തിക വലയമുണ്ടെന്നും അതുമായി നമ്മുടെ ശരീരത്തിനുള്ളിലുള്ള ഹീമോഗ്ലോബിനിലേ ഇരുമ്പ് പ്രവര്‍ത്തിക്കുമെന്നും ഇതെഴുതിയ കാലത്ത്--അതു പോകട്ടെ ഇന്നും--ആരെങ്കിലും വിശ്വസിക്കുമോ? നേരേ തെക്കുവടക്ക് വടക്കോട്ട് തലയുമായി കിടന്നാല്‍ ഉത്തരധ്രുവത്തിലേ കാന്തശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ട് രക്തം തലയിലേക്ക് കയറും.

ഇപ്പോഴത്തെ പുതിയ ഏതോ സ്കാനിങ് കൊണ്ട് വടക്കോട്ടു തലവച്ചുറങ്ങുന്നവരുടെ തലച്ചോറില്‍ ഒരു സര്‍വ്വേ നടത്തിയപ്പോള്‍ അത് ഭ്രാന്തന്മാരുടെ തലച്ചോറിനു തുല്യമായിരുന്നെന്ന് കണ്ടുപിടിച്ചെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അതുകൂടി ഭംഗ്യന്തരേണ കഥയില്‍ ചേര്‍ത്തതായിരിക്കും.

അങ്ങനെ യോഗാഗ്നിയില്‍ ദഹിച്ച ദേവിയാണ് പിന്നീട് ഹിമവാന്റെ മകളായി-പാര്‍വ്വതിയായി ജനിച്ചത്.

പാലാഴിമഥനം നാല്

0
എന്നിട്ട് ആ അമൃത് ദേവന്മാര്‍ക്ക് കിട്ടിയോ അപ്പൂപ്പാ-ആതിര ചോദിച്ചു.

പിന്നെ കിട്ടാതെ. ഉച്ചകോടി അവരുടെ കൈയ്യിലല്ലിയോ. എല്ലാവരും കൂടി ഓടിച്ചെന്ന് ബ്രഹ്മാവിനോടു പറഞ്ഞു--ത്രൂ പ്രോപ്പര്‍ ചാനല്‍- വിഷ്ണുവിന്റടുക്കല്‍ കാര്യം എത്തി. ശ്ശെ-കല്യാണം കഴിഞ്ഞതേയുള്ളൂ--പക്ഷേ എന്തു ചെയ്യാം. മഹാവിഷ്ണു അപ്രത്യക്ഷനായി.

രംഗം അസുരരാജധാനി. എല്ലാവരും അമൃതകുംഭം സൂക്ഷിച്ചു വച്ചിട്ട് കുളിക്കാന്‍ പോയിരിക്കുകയാണ്. ശുദ്ധമായി വേണം അമൃതു കഴിക്കാന്‍ .

ആരു പറഞ്ഞപ്പൂപ്പാ ശുദ്ധമായി കഴിക്കണമെന്ന്.

ആ എനിക്കറിയാമോ? ഇങ്ങനെ കുറേ വിഢിത്തങ്ങള്‍ എവിടുന്നൊക്കെയോ വരും. ഇന്നാളില്‍ ഒരു മരണവീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു പ്രശ്നം. ഒരു ബുദ്ധിമാന്‍ പറഞ്ഞു രാഹുകാ‍ലം കഴിഞ്ഞേ ശവം ദഹിപ്പിക്കാവൂ പോലും. രാഹുകാലത്തിന് ഇതിലെന്തു കാര്യമെന്ന് ഒരു യുക്തിവാദി.

. ഈ രാഹുകാലം അതു കണ്ടു പിടിച്ചവര്‍ പറയുന്നത് യാത്രയ്ക്കു മാത്രം നോക്കേണ്ടതാണെന്നാണ്. അതുകൊണ്ട് രാഹുകാലം ഇവിടെ പ്രസക്തമല്ലെന്ന് വേറൊരാള്‍. ചര്‍ച്ച കൊഴുക്കുന്നു. പാവം നമ്മുടെ ശവം അവിടെക്കിടന്നു വിയര്‍ക്കുന്നു.

ശവം വിയര്‍ക്കുന്നോ-രാംകുട്ടന്‍ അതില്‍ ചാടിപ്പിടിച്ചു.

പോട്ടെടാ ഒരോളത്തില്‍ അങ്ങു പറഞ്ഞു പോയതാ. അതുപോലെ ആദ്യമായി കഴിക്കാന്‍ പോകുന്ന അമൃത് കുളിച്ചേച്ചേ കഴിക്കാവൂ പോലും. ഓരോ ഭ്രാന്ത്. അതു പോട്ടെ. എല്ലാവരും കുളികഴിഞ്ഞു വന്നു. വട്ടത്തില്‍ ഇരുന്നു. അമൃത കുംഭം എടുത്ത് നടുവില്‍ വച്ചു. ഇലയിട്ടു വിളമ്പാന്‍ ആളെ തീരുമാനിക്കുകയാണ്.

അല്ലേ ഇതാ‍രാ വരുന്നത്. പാലാഴിയില്‍ നിന്നും വീണ്ടും സുന്ദരി വന്നോ. അതിമനോഹരിയായൊരു യുവതി മന്ദാക്ഷത്തോടുകൂടി ഇതാ‍ അവരേ നോക്കിക്കൊണ്ടു ലജ്ജാവതിയായി നില്‍ക്കുന്നു. പാലാഴിമാതും, താരയും ഒന്നും ഇത്ര വരുത്തില്ല. എല്ലാവരുടേയും കണ്ണു മഞ്ഞളിച്ചു.

മഹാബലി എഴുനേറ്റ് അവളുടെ അടുത്തുചെന്ന് ചോദിച്ചു. ആരാണ് നീ. ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ. എവിടെനിന്നുവരുന്നു.

അവള്‍ക്ക് ലജ്ജ കൂടി--കാലുകൊണ്ട് നിലത്തു വര്‍ച്ചു. ഞാന്‍ -ഞാന്‍ പാലാഴിയില്‍ നിന്നും അവസാ‍നം പുറത്തുവന്നവളാണ്. അവിടെ ആരാണ്ട് വൃദ്ധസദനം തുടങ്ങി. കിഴവന്മാരും കിഴവികളും മാത്രമേയുള്ളൂ. ഇവിടെ ആണുങ്ങളുണ്ടെന്ന് ഒരു വീണക്കാരന്‍ പറഞ്ഞു. അതാണു ഞാന്‍ ഇങ്ങോട്ടു വന്നത്--ങ്ഹീ-ങ്ഹീ--അവള്‍ കരയാന്‍ തുടങ്ങി.

ഹേയ് കരയണ്ടാ-മഹാബലി പറഞ്ഞു. ഞങ്ങള്‍ ഈ അമൃതു വിളമ്പാന്‍ ഒരാളെ നോക്കുകയായിരുന്നു. നന്നായി നീ വന്നത്. ഈ അമൃതു ഞങ്ങള്‍ക്ക് വിളമ്പിത്തരൂ, പിന്നീട് നമുക്ക് നിന്റെ കാര്യം ആലോചിക്കാം.

ഇത്രയും ആണുങ്ങള്‍ക്കോ-അവള്‍ ചിണുങ്ങി(അറുപത്താറു കോടിയുണ്ടേ) എനിക്കു നാണമാ. നിങ്ങളുടെ മുമ്പില്‍ കുനിഞ്ഞു നിന്നു വിളമ്പാന്‍ .

പിന്നെന്തു ചെയ്യും മഹാബലി ചോദിച്ചു. ഒരു കാര്യം ചെയ്യാം അവള്‍ പറഞ്ഞു-നിങ്ങളെല്ലാം കണ്ണടച്ചിരിക്ക്. ഞാന്‍ വിളമ്പി കഴിഞ്ഞ് കണ്ണു തുറക്കാം. ഏറ്റവും അവസാനം കണ്ണു തുറക്കുന്നയാളേ ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കാം-നിങ്ങള്‍ക്കെല്ലാം സമ്മതമാണെങ്കില്‍ മാത്രം.

പെണ്ണിന്റെ ഒരു ബുദ്ധിയേ-അവര്‍ അതില്‍ വീണു. എറ്റവും ഒടുവില്‍ കണ്ണുതുറന്നാല്‍ മതിയല്ലോ. അതു ഞാനേറ്റു--ഓരോരുത്തരരും മനസ്സില്‍ കരുതി. എല്ലാവരും വട്ടത്തിലിരുന്ന് കണ്ണടച്ചു. പെണ്ണായി വന്ന മഹാവിഷ്ണു അമൃതും കൊണ്ട് കടന്നു.

കുറേ സമയം കഴിഞ്ഞിട്ടും അനക്കമൊന്നും കേള്‍ക്കുന്നില്ല. ഒരാള്‍ പതുക്കെ ചോദിച്ചു--വിളമ്പ് എവിടെത്തി. പാത്രത്തില്‍ തപ്പിനോക്കി മറ്റൊരാള്‍ പറഞ്ഞു. കൊച്ചുപെണ്ണല്ലേടാ- അവള്‍ക്ക് വിളമ്പി വല്ല പരിചയവുമുണ്ടോ--ധൃതി പിടിക്കാതെ-പാവം.

സമയം വീണ്ടും കുറെക്കഴിഞ്ഞു. ആദ്യത്തേയാള്‍ വിളിച്ചു ചോദിച്ചു-ആരുടെയെങ്കിലും പാത്രത്തില്‍ ഉണ്ടോ എന്നു നോക്കിയേ.

ഇവന്‍ നമളേക്കൊണ്ടു കണ്ണു തുറപ്പിച്ചിട്ട് പെണ്ണിനേ അടിച്ചെടുക്കാനുള്ള പ്ലാനാ-അതങ്ങു മനസ്സില്‍ വച്ചേരെ-മറ്റൊരാളിനു സംശയമേ ഇല്ല.

ആദ്യത്തേആള്‍ കണ്ണിന്റെ ഒരു കോണു തുറന്ന് നോക്കി. ഇവിടെങ്ങും ആരും ഇല്ല--അയാള്‍ വിളിച്ചു പറഞ്ഞു. അവള്‍ നമ്മളേപ്പറ്റിച്ചു. അയാള്‍ ഇറങ്ങി ഓടി. ബാക്കിയുള്ളവര്‍ കുറേ സമയം കൂടി ഇരുന്നു. പിന്നീട് ഓരോരുത്തര്‍ കണ്ണു തുറന്ന് ചതി മനസ്സിലാക്കി-അടുത്ത ദേവാസുരയുദ്ധത്തിനു കാരണമായി.

ആദ്യം ഇറങ്ങിയോടിയ ആള്‍ നേരേ ദേവലോകത്തെത്തി. അവിടെ ഗംഭിര അമൃതു വിളമ്പ്. സൂര്യ ചന്ദ്രന്മാരേ കാവല്‍ നിര്‍ത്തിയിട്ടുണ്ട്.

അയാള്‍ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ അകത്തുകടന്നു. കുറച്ചമൃത് കിട്ടിയത് വായിലേക്കൊഴിക്കുമ്പോള്‍ അസുരന്റെ ദംഷ്ട്ര--കിഴിഞ്ഞു നൊക്കിക്കൊണ്ടിരുന്ന ദ്വാ‍രപാലകന്മാര്‍ കണ്ടുപിടിച്ച് വിളി വിളി കൂട്ടി. മഹവിഷ്ണു ഉടന്‍ തന്നെ സുദര്‍ശ്ശനംകൊണ്ട് അവന്റെ കഴുത്തറുത്തു. കുറച്ചമൃത് ഇറങ്ങിപ്പോയതുകൊണ്ട് അവന്‍ മരിച്ചില്ല. തല രാഹുവും ഉടല്‍ കേതുവുമായി. അവന്‍ അവനേ കാണിച്ചുകൊടുത്ത സൂര്യ ചന്ദ്രന്മാരോടുള്ള പകതീര്‍ക്കാന്‍ ഇപ്പോഴും അവരേ വിഴുങ്ങും. പക്ഷേ പിടലിക്കു താഴോട്ടില്ലാത്തതുകൊണ്ട് അവര്‍ ഇങ്ങു വെളിയില്‍ പോരും. അവന്റെ പേര്‍ വജ്രദംഷ്ട്രന്‍. ഈ കഥയ്ക്ക് ഒരനുബന്ധംകൂടിയുണ്ട്. ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയുണ്ടായത് ഈ അമൃതടിച്ചോണ്ടുപൊയ മോഹിനിയേ കാണാന്‍ ശിവന്‍ വാശിപിടിച്ചകൊണ്ടാണെന്നാ പറയുന്നത്.

പാലാഴിമഥനം-മൂന്ന്

0
അപ്പൂപ്പാ ഇനി പലാഴിമഥനം കഴിഞ്ഞിട്ടു മതി. പാവം ആ ദേവന്മാരെല്ലാം നരച്ചുകുരച്ചിരിക്കുവല്ലേ-ആതിരയുടെ പെണ്‍ബുദ്ധിയുടെ സഹതാപം.

ശരി മോളേ-കടഞ്ഞുകളയാം.

ഈ ദേവന്മര്‍ വയസ്സു ചെന്നിരിക്കുവല്ലേ-അവരേക്കൊണ്ട് വാസുകിയുടെ തല പിടിപ്പിച്ചാല്‍--ഓ-മന്ദരപര്‍വ്വതം എടുത്ത് പലാഴിയില്‍ കടകോലായി നിര്‍ത്തി വാ‍സുകിയേ കയറായി അതില്‍ ചുറ്റിയ കാര്യം പറഞ്ഞില്ല-അല്ലേ-അതു ചെയ്തു--

കടയുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണത്തില്‍ വരുന്ന വിഷജ്വാല സഹിക്കാ‍ന്‍ അവര്‍ക്കു കെല്പു കാണില്ല. അതുകൊണ്ട് സൂത്രശാലിയായ വിഷ്ണു ദേവന്മാരേയും വിളിച്ച് വാസുകിയുടെ തലയ്ക്കല്‍ ചെന്നു നിന്നു--എന്നിട്ടു പറഞ്ഞു. ഞങ്ങള്‍ തല പിടിച്ചുകൊള്ളാം. നിങ്ങള്‍ വാലില്‍ പിടിച്ചാല്‍ മതി.

ഹും ഞങ്ങള്‍ വാലേപ്പിടിക്കാനോ--കേട്ടില്ലേ നമ്മളേ-- വാലുപിടിക്കാന്‍ ‍. വാലേ--ഈ അസുരന്മാ‍രേ-വാലു പിടിക്കാന്‍ . ഈ അവമാനം ഞങ്ങള്‍ സഹിക്കില്ല-മകരാക്ഷാ വാ എല്ലാരേം വിളി-പോകാം മഹാബലി കല്‍പ്പിച്ചു.

അയ്യോ-ഞങ്ങള്‍ മറ്റൊന്നും വിചാരിച്ചു പറഞ്ഞതല്ല. ഇതാ ഞങ്ങള്‍ മാറിയേക്കാം. മഹാവിഷ്ണു തോറ്റപോലെ പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചു.

കടയല്‍ തുടങ്ങി. അമൃതുണ്ടാകാനുള്ള പച്ചമരുന്നോക്കെ അശ്വിനീ ദേവകള്‍ പാലാഴിയില്‍ ഇട്ടു. ദേവന്മാര്‍ അയച്ചു കൊടുക്കുമ്പോള്‍ അസുരന്മാര്‍ മുറുക്കും-അസുരന്മാര്‍ അയക്കുമ്പോള്‍ ദേവന്മാര്‍ മുറുക്കും-അങ്ങനെ കടയല്‍നടന്നുകൊണ്ടിരിക്കേ ഒരു ഘോഷം.

ബാലിയും സുഗ്രീവനും, സുഷേണനും, നീലനും, ജാംബവാനും ഇരുപതുലക്ഷം വരുന്ന വാ‍നരസൈന്യത്തോടുകൂടി പാലാഴിമഥനം കാണാന്‍ വരുന്നതിന്റെ ഘോഷമാണ് . പാവം ദേവന്മാരുടെ പിടി വിട്ടു പോയി. അസുരന്മാരും ഒരു നിമിഷത്തേക്ക് അങ്ങോട്ടു നോക്കിപ്പോയി. മന്ദരപര്‍വ്വതം ദേ കടലിലേക്ക്-താഴോട്ട്-താഴോട്ട് പോകുന്നു. വിഷ്ണു ഉടന്‍ തന്നെ ഒരു ഗംഭീരന്‍ ആമയായി കടലിന്റെ അഗാധതയിലേക്ക് ഊളിയിട്ടു. പര്‍വ്വതത്തേ തന്റെ മുതുകില്‍ ഉറപ്പിച്ചു നിര്‍ത്തി. കൂറച്ചു കൂടുതല്‍ പൊങ്ങിപ്പോയോ--ദേ പര്‍വ്വതം ചായുന്നു. പാവം വിഷ്ണു ഒരു പരുന്തായി വന്ന് അതിന്റെ മുകളിരുന്ന് ബാലന്‍സ് ശരിയാക്കി. കടയല്‍ പുനരാരംഭിച്ചു.

ഒരു നിമിഷം നില്‍ക്കണേ അപ്പൂപ്പാ ഈ കുരങ്ങന്മാര്‍ക്ക് എന്താണവിടെ കാര്യം. ശ്യാമിനാണ് സംശയം.

എടാ മോനേ ഉത്സവം കാണാന്‍ ആര്‍ക്കും പോകാം. ഇന്നത്തേ ഉത്സവത്തിനു പോകുന്ന ചിലരുടെ തോന്ന്യവാസവും, ആനവെരുണ്ടേ വിളിയും, ആനമയിലൊട്ടകവും ഒന്നും ഏതായാലും ഈ കുരങ്ങന്മാര്‍ കാണിച്ചില്ല. പിന്നെ -മറന്നു പോയോ- ബാലിയുടെ അച്ഛനാണ് ഇന്ദ്രന്‍ -അച്ഛന് വല്ല സഹായവും വേണ്ടിവന്നാലോ--അതാണു കാര്യം.

കടയല്‍ വീണ്ടും ഉഷാറായപ്പോള്‍ വാസുകിക്കു ചൂടുപിടിച്ചു. അതിഭയങ്കരമായ കാളകൂടവിഷം വമിക്കാന്‍ പോകുന്നു. അതിന്റെ കറ്റേറ്റ് അസുരന്മാര്‍ തളരുന്നു. അതു കീഴ്പോട്ടു പതിച്ചാല്‍ ലോകനാശമാണ് ഫലം-

വിഷജ്വാലയില്‍ പെട്ട്. ബ്രഹ്മാവും വിഷ്ണുവും ഓടിച്ചെന്ന് പരമശിവനേ വിവരം അറിയിച്ചു. ആര്‍ത്തത്രാണ പരായണനായ ആ ദേവന്‍ യാതൊരു മടിയും കൂടാതെ ആ കാളകൂടം താഴേയ്ക്കു പതിക്കാതെ തന്റെ കൈ നീട്ടി വാങ്ങി--നേരേ വായിലേക്ക് ഒഴിച്ചു.

ഹയ്യോ പാര്‍വതീദേവി ഒറ്റച്ചാട്ടത്തിന് അടുത്തെത്തി ശിവന്റെ കഴുത്തില്‍ തൊണ്ടയ്ക്ക് അമര്‍ത്തി വമനമന്ത്രം ചൊല്ലി.
അതാ വീണ്ടും അപകടം- ശിവന്‍ ഇപ്പോള്‍ വിഷം ഛര്‍ദ്ദിക്കും-

വിഷ്ണു എവിടെനിന്നെന്നറിയാതെ അവിടെ എത്തി ശിവന്റെ വായ പൊത്തിപ്പിടിച്ച് ദേവി ചൊല്ലിയ മന്ത്രം തലതിരിച്ചു ചൊല്ലി--കീഴോട്ടും മുകളിലോട്ടും പോകാന്‍ വയ്യാതെ വിഷം ശിവന്റെ കഴുത്തില്‍ ഉറച്ചുപോയി. അങ്ങിനെ ശിവന്‍ നീലകണ്ഠനായി. ലോകം രക്ഷപെട്ടു.

അപ്പോഴേക്കും വിഷജ്വാലയില്‍ പെട്ട് ദുര്‍ബ്ബലരായ കുറേ ദേവന്മാരും അസുരന്മാരും സിദ്ധികൂടി--മുപ്പത്തുമുക്കോടി ദേവന്മാരും അറുപത്താറു കോടി അസുരന്മാരുമാണ് വലിക്കുന്നത്--

ആദ്യമൊക്കെ രസം കേറി ആര്‍ത്തുവിളിച്ചിരുന്ന ബാലിക്ക് ദേഷ്യം കേറി. ചത്തോ-ചതഞ്ഞോ എന്നും പറഞ്ഞ് വലിക്കുന്ന അവരേ മൊത്തം തെള്ളിമാറ്റി രണ്ടു കൈകൊണ്ടും വാസുകിയുടെ തലയിലും വാലിലും പിടിച്ച് അതി ശക്തമായി കടയാന്‍ തുടങ്ങി.

മന്ദരപര്‍വ്വതം പമ്പരം പോലെ കറങ്ങി. അതാ നാല്‍ക്കൊമ്പനാന, ഉച്ചൈശ്രവസ്സ് എന്നിവ വരുന്നു. പുറകേ ദേവന്മാരുടെ ഇല്ലാതായിപ്പോയ ഐശ്വര്യങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു. അവയെല്ലാം ദേവന്മാര്‍ കൈയ്ക്കലാക്കി. ഔഷധം അശ്വിനീദേവകളും, മദ്യം അസുരന്മാരും, വേദം ഋഷികളും അങ്ങിനെ തങ്ങള്‍ തങ്ങള്‍ക്കുള്ള വസ്തുക്കള്‍ തിര്‍ന്നു കഴിഞ്ഞ് പലാഴിമാത് പ്രത്യക്ഷപ്പെട്ടു.

അതിനു മുമ്പു വന്ന ജ്യേഷ്ടാഭഗവതിയേ ആര്‍ക്കും വേണ്ടായിരുന്നെങ്കിലും, സാക്ഷാല്‍ ലക്ഷ്മീ ഭഗവതിയായ പാലാഴിമാതിനെ വിഷ്ണു സ്വീകരിച്ചു-

കല്യാണം ബഹുകോലാഹലം-സദ്യയെന്നു കേട്ടാലുണ്ടോ ദേവന്മാര്‍ വിടുന്നു--അതില്‍ ഭൂദേവനെന്നോ സ്വര്‍ഗ്ഗദേവനെന്നോ വ്യത്യാ‍സമില്ല. ദേവന്മാര്‍ മൊത്തം കല്യാണത്തിനു കൂടി. ഇവിടെ നൂറുമൈല്‍ സ്പീഡില്‍ കടയല്‍ നടക്കുകയാണ്. അതാ ധന്വന്തരീമൂര്‍ത്തി--ശംഖ,ചക്ര, ജളൂകധാരിയായി--

എന്തവാ അപ്പൂപ്പാ പറഞ്ഞെ-ജളൂകമോ അതെന്താ ആ‍തിര ചോദിച്ചു.

മോളേ ആയുര്‍വേദത്തില്‍ ചികിത്സിക്കുമ്പോള്‍ ദുഷിച്ച രക്തം,നീരുവന്ന ഭാഗത്തുനിന്നും മറ്റും വലിച്ചെടുത്തു കളയാനുപയോഗിക്കുന്ന പ്രകൃതി നല്‍കിയ ഉപകരണമാണ് ജളൂകം അഥവാ അട്ട--നമ്മടെ കുളത്തിലും പുഞ്ചയിലും മറ്റും ഇതു ധാരാളം കാ‍ണും.

ങാ എനിക്കറിയാം ആതിര ആവേശത്തോടെ പറഞ്ഞു. ഞാനിന്നാളു ആ വൈക്കം മുഹമ്മദ് ബഷീറിന്റെ “ന്റുപ്പൂപ്പായ്കൊരാനേണ്ടാര്‍ന്നു” വായിച്ചപ്പം അതില്‍ കുഞ്ഞിപ്പാത്തുമ്മയേ കുളത്തില്‍ വച്ചു കടിക്കുന്ന ഒരട്ടയുണ്ട്. അതാണോ അപ്പൂപ്പാ= പാവം അതിനേ ഒരു വരാലു വെട്ടി വിഴുങ്ങിക്കളഞ്ഞു.

അതു തന്നെ മോളേ. വൈദ്യന്മാര്‍ അതിനേ കുപ്പിയില്‍ വെള്ളത്തില്‍ ഇട്ടു സൂക്ഷിക്കും. അതിനേ പാലാഴി കടഞ്ഞപ്പോള്‍ ധന്വന്തരീമൂര്‍ത്തി കൊണ്ടുവന്നതാണ്. അങ്ങനെ ശംഖ , ചക്ര, ജളൂക ധാരിയായി, കൈയ്യില്‍ അമൃത കലശവും പിടിച്ച്. ലോകത്തിലേ സകല രോഗങ്ങളും മറ്റാന്‍ ശക്തിയുള്ള മാസ്മരിക നയനങ്ങളുടെ കാരുണ്യ പൂര്‍ണ്ണമായ വിക്ഷണങ്ങളുമായി സാക്ഷാല്‍ ധന്വന്തരീ മൂര്‍ത്തി അവതരിച്ചു.

പക്ഷേ എന്തുഫലം! ആ അമൃതിന്റെ ആവശ്യക്കാര്‍ അവിടെ സദ്യയ്ക്ക് കടിപിടി കൂടുകയാണ്. ഇതുതന്നെ തരമെന്ന് വിചാരിച്ച് കടയല്‍ കണ്ടുനിന്ന അസുരന്മാര്‍ അമൃത കുംഭവും കൈയ്ക്കലാക്കി കടന്നു കളഞ്ഞു. ബാലി വാശിയോടെ ആഞ്ഞു വലിക്കുകയാണ്.

അതാ ഒരു ലാ‍വണ്യത്തിടമ്പ്-ആരും അടുത്തില്ല-ബാലി വാസുകിയേ വിട്ടു--അവളേ കൈപിടിച്ച് ബാലി ചുറ്റും ഒരു ഉഗ്രമായ നോട്ടം നോക്കി--ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടോ--നോട്ടം കണ്ട് ഭയന്ന ശേഷിച്ചവര്‍ തലകുനിച്ചു നിന്നു--ഞങ്ങളൊന്നും കണ്ടില്ലേ എന്ന മട്ടില്‍ -- ബാലി സ്വന്തം ആള്‍ക്കാരുടെ കൂടെ സ്ഥലം വിട്ടു. അവളാണ് ബാലിയുടെ ഭാര്യയായിരുന്ന താര.

കല്യാണവും സദ്യയുമെല്ലാം കഴിഞ്ഞു ഏമ്പകവും വിട്ടു വന്ന ദേവന്മാര്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ കിടക്കുന്ന വൈകുണ്ഠം കണ്ട് അന്തം വിട്ടു.

അപ്പോള്‍ സ്വന്തം ലേഖകന്‍ സ്ഥലത്തെത്തി. എന്താ എല്ലാവരും അണ്ടികളഞ്ഞ അണ്ണാനേപ്പോലെ നില്‍ക്കുന്നത്? അമൃത് ആണ്‍പിള്ളാരു കൊണ്ടുപോയി-അല്ലേ. പോയി സദ്യ ഉണ്ണ്. വേഗം അതു തിരിച്ചു മേടിക്കാനുള്ള വഴി നോക്ക്. അവരു കഴിച്ചുകഴിഞ്ഞാല്‍--വേണ്ടാ ഞനൊന്നും പറയുന്നില്ല.

സ്വപ്നം-രണ്ട്-തുടര്‍ച്ച

1
എടാ വല്യച്ഛന്‍ വിളിച്ചു-നീ ആ കന്നുകാലിപ്പാലത്തിനു വടക്കു വശത്തുനിന്ന് കിഴക്കോ‍ട്ട് നോക്കിയിട്ടുണ്ടോ.

ഉണ്ട് വല്യച്ഛാ ഞാന്‍ പറഞ്ഞു.

അവിടം മുഴുവന്‍ തരിശു നിലങ്ങളല്ലേ. കണ്ടാല്‍ തന്നെ മുടിഞ്ഞു കിടക്കുന്ന സ്ഥലമാണെന്ന് തോന്നും.

എന്താ വല്യച്ഛാ?

അത് മറ്റൊരു ചതിയുടെ കഥയാണ്. വല്യച്ഛന്‍ വ്യസനത്തോടെ പറഞ്ഞു. പണ്ട് പകപോക്കാനായി ഒരു രാജാവ് സ്വന്തം മകളുടെ ഭര്‍ത്താവിനെ വിദേശിയായ ഗോറിക്ക് ഒറ്റിക്കൊടുത്തു. ഇത് നൂറു പറ കണ്ടത്തിനു വേണ്ടി ഒരു രാജ്യ സ്നേഹിയേ ബ്രിട്ടീഷ് കാര്‍ക്ക് ഒറ്റിക്കൊടുത്തു. ഇന്നോ ജാതിക്കും മതത്തിനും വേണ്ടി രാജ്യത്തേ മൊത്തം ഒറ്റിക്കൊടുക്കുന്നു. എന്നാ നമുടെ നാടു നന്നാനുന്നത്. കഷ്ടം.

അതു പോട്ടെ. ബ്രിട്ടിഷ് കാരില്‍നിന്ന് രക്ഷപെട്ട ഒരു കുതിരപക്ഷി ഉണ്ടായുരുന്നല്ലോ-അദ്ദേഹം ഓടി വന്ന് അഭയം തേടിയത് കന്നുകാലിപ്പാലത്തിനു കിഴക്കു വശത്തുള്ള പൊന്മേലിത്തറയെന്ന വീട്ടിലാണ്. ശങ്കുപ്പണിക്കര്‍ ആണ് കാരണവര്‍. അയാള്‍ കുതിരപക്ഷിയേ വീട്ടിനുള്ളില്‍ ഇരുത്തി. രണ്ടു ദിവസം കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ ഓടി നടക്കുകയാണ്. അവര്‍ പൊന്മേലിത്തറയില്‍ എത്തി. കുതിരപക്ഷി എന്നൊരാള്‍ ഇവിടെ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്നും അയാളേ കണ്ടു പിടിക്കാന്‍ സഹായിച്ചാല്‍ പടിക്കല്‍ നൂറു പറ ക്കണ്ടം കൊടുക്കാമെന്നും ശങ്കുപ്പണിക്കരോടു പറഞ്ഞു.

ശങ്കുപ്പണിക്കര്‍ ഉറക്കെ പറഞ്ഞു-ഇവിടങ്ങും ഇല്ല, ഉണ്ടെങ്കില്‍ തന്നെ ഞാന്‍ കാണിച്ചു തരികില്ല--എന്നിട്ട് കണ്ണുകൊണ്ട് ആള്‍ ഉള്ളിലിരിപ്പുണ്ടെന്ന് കാണിച്ചുകൊടുത്തു.

ഇത് ജനലിനിടയില്‍ കൂടി കണ്ട കുതിരപ്പക്ഷി നിന്റെ തറവാട് ഞാന്‍ മുടിക്കുമെടാ എന്ന് ആക്രോശിച്ചുകൊണ്ട് കഠാരി എടുത്ത് സ്വന്തം വക്ഷസ്സില്‍ കുത്തിയിറക്കി അവിടെ വിണു മരിച്ചു..

എന്നിട്ടാവീട്ടുകാര്‍ ഇപ്പോഴും സുഖമായിരിക്കുന്നോ--രാംകുട്ടന്‍ പല്ലു കടിച്ചുകൊണ്ടു ചോദിച്ചു.

ഇതു തന്നെ ഞാനും ചോദിച്ചു മോനേ--അപ്പോള്‍ വല്യച്ഛന്‍ പറഞ്ഞു --ഇല്ലെടാ- എങ്കില്പിന്നെ സത്യധര്‍മ്മാദികള്‍ക്കെന്തു വില! അന്‍പതു കുടുംബാംഗങ്ങളില്‍ നാല്പത്തെട്ടുപേരും ഒന്നൊന്നായി ചത്തുകെട്ടു. ആര്‍ക്കും അറിയാന്‍ വയ്യാത്ത സുഖക്കേട്. അവസാനം ശങ്കുപ്പണിക്കരും അയാളുടെ രണ്ടു മക്കള്‍-ഒരാണും ഒരു പെണ്ണും ശേഷിച്ചു. മൂന്നിനും കോങ്കണ്ണ്. കുതിരപക്ഷിയേ കാണിച്ചുകൊടുത്തത് കണ്ണുകൊണ്ടല്ലേ. മുപ്പത്തിമൂന്നാമത്തേവയസ്സില്‍ മകനും മരിച്ചു. ശങ്കുപ്പണിക്കര്‍ മരിച്ചില്ല. അയാള്‍ ഇതെല്ലാം അനുഭവിക്കണ്ടേ. ഒടുക്കം മകളെ കെട്ടിച്ചു വിടാന്‍ സാധിക്കാതെ അയാളും മരിച്ചു.

പിന്നീട് ആ മകള്‍ക്ക് രണ്ടുമക്കള്‍-ഒരാണും ഒരു പെണ്ണും--ആണ്‍കുട്ടി സൂക്ഷം മുപ്പത്തിമൂന്നാമത്തേ വയസ്സില്‍ മരിച്ചു--

ആപെണ്ണിനും ഇതുപോലെ ഒരാണും ഒരുപെണ്ണും--ആണ്‍കുട്ടി മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ മരിച്ചു--ഇങ്ങനെ തുടര്‍ന്നു പോരുന്നു. ആ നൂറുപറക്കണ്ടമാണ് നശിച്ചു നാറാണക്കല്ലുവച്ചു കിടക്കുന്നത്. രണ്ടുകൊല്ലം മുന്‍പ് ആദ്യമായി അവിടുത്തേ ഒരാളിന് അറുപതു വയസ്സു തികഞ്ഞു-കെങ്കേമമായി ഷഷ്ടിപൂര്‍ത്തി നടത്തി--വല്യച്ഛന്‍ പറഞ്ഞു നിര്‍ത്തി.

വല്യച്ഛോ എന്നു ഞാന്‍ വിളിച്ചപ്പോഴല്ലെ എന്തോ എന്നു വിളികേട്ടുകൊണ്ട് നീയൊക്കെ വന്നെന്നേ ഉണര്‍ത്തിയത്. നിങ്ങടെ കൈയ്യില്‍ ഉണ്ടായിരുന്ന ഉപ്പുപരലും നൂലും ഞാന്‍ കണ്ടില്ലെന്നു വിഛരിക്കണ്ടാ.

ഇതൊക്കെ നടന്നതാണോ അപ്പൂപ്പാ ശ്യാം ചോദിച്ചു.

മക്കളേ ഒരു ദിവസം എന്റെ അമ്മയുടെ അച്ഛനേകാണാ‍ന്‍ --അദ്ദേഹം വൈദ്യനായിരുന്നല്ലോ--രണ്ടുപേരു വന്നു. അതില്‍ ഒരാള്‍ക്ക് ഏകദേശം ഇരുപത്തെട്ടു വയസ്സുകാണും. അതി തെജസ്വി. അതാരാണെന്ന് അമ്മയുടെ അമ്മ ചോദിച്ചപ്പോള്‍ അപ്പൂപ്പന്‍പറഞ്ഞത്രേ-ഇത് ആ ശങ്കുപ്പണിക്കരുടെ ചില്വാനം ആണെന്ന്. മുപ്പത്തിമൂന്നു വയസ്സിനപ്പുറം പോകത്തില്ലെന്നും.

എന്റമ്മ പറഞ്ഞതാണ്. അമ്മ അന്നു കുഞ്ഞാണ്. എന്താണപ്പൂപ്പാ ഈ മുപ്പത്തിമൂന്നിന്റെ കണക്ക്--ശ്യാം വീണ്ടും ചോദിച്ചു. അത് ചിലപ്പോള്‍ കുതിരപ്പക്ഷിയുടെ വയസ്സായിരിക്കും.
അനന്തമജ്ഞാതമവര്‍ണ്ണനീയ-
മീ ലോകചക്രം തിരിയുന്ന മാര്‍ഗ്ഗം
അതിന്റെയെങ്ങാണ്ടൊരു കോണില്‍നിന്ന്
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തു കണ്ടു.

സ്വപ്നം-രണ്ട്

0
അപ്പൂപ്പാ എന്നിട്ട് പാലാഴി എങ്ങിനെയാ കടഞ്ഞു തുടങ്ങിയത്--ആതിര ചോദിച്ചു.

അതു പറയാം മോളേ. അതിനു മുമ്പ് ഇന്നലെ വല്യച്ഛന്റെ അമ്പലത്തില്‍ പൂജ കഴിഞ്ഞില്ലേ. അതു കഴിഞ്ഞ് അപ്പൂപ്പന്‍ ഒന്നു നടുവ് നിവര്‍ത്താമെന്നു വിചാരിച്ച് കിടന്നു.

അപ്പോഴുണ്ടെടാ വാതില്‍ക്കല്‍ ഒരു മുട്ട്. ആധികാരികമായ മുട്ടാണ്. പണ്ട് അപ്പൂപ്പന്റെ അച്ഛന്‍ മാത്രമേ ഇങ്ങനെ മുട്ടി കേട്ടിട്ടുള്ളൂ.

ശല്യം-ഒന്നു മയങ്ങാമെന്നു വിചാരിച്ചാല്‍ സമ്മതിക്കത്തില്ല--എന്ന് മനസ്സില്‍ പ്രാകിക്കൊണ്ട് അപ്പൂപ്പന്‍ എഴുനേറ്റ് വാതില്‍ തുറന്നു. എന്റെ ഭഗവാനേ--രണ്ടുപേര്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.

നിങ്ങള്‍ ഹരിപ്പാട്ടേ വേലകളി കണ്ടിട്ടുണ്ടല്ലോ--

കൊല്ലം കണ്ടാലില്ലം വേണ്ടാ--കൊച്ചി കണ്ടാലച്ചി വേണ്ടാ--അമ്പലപ്പുഴ വേല കണ്ടാലമ്മയും വേണ്ടാ--ഹരിപ്പാട്ടേ വേല കണ്ടാലച്ഛനും വേണ്ടാ--എന്നൊരു പാട്ടു കേട്ടിട്ടില്ലെ. ആ വേല. വേല കളിക്കാരുടെ വേഷം ഓര്‍ക്കുന്നുണ്ടോ--അതാണ് അവരുടെ വേഷം. വാളും പരിചയും കൈയ്യിലുണ്ട്. ഏഴടിയോളം പൊക്കം.

എന്താടാ പകലൊരുറക്കം--ഇടി വെട്ടുമ്പോലെ അവര്‍ ചോദിച്ചു.

എനിക്ക് ഒട്ടും പേടി തോന്നിയില്ല--തന്നെയല്ല അവരേ നല്ല പരിചയവും തോന്നി.

ഓ- ഒന്നു മയങ്ങാമെന്നു വിചാരിച്ചു--ഇന്നലെ ഉറങ്ങാനും പറ്റിയില്ലല്ലോ. ഞാന്‍ അലസമാ‍യി മറുപടി പറഞ്ഞു.

നിനക്കെന്താടാ ഒരു ബഹുമാനമില്ലാത്തത്--അവര്‍ വീണ്ടും അതേ ശബ്ദത്തില്‍ ചോദിച്ചു. പെട്ടെന്ന് എനിക്കു മനസ്സിലായി--വല്യച്ഛന്മാര്‍--ഞാന്‍ ഭയഭക്തിയോടെ അവരേ അകത്തേക്ക് ക്ഷണിച്ചു.

രാജഭരണകാലത്ത് ഹരിപ്പാട്ടേ പ്രസിദ്ധമായ ഒരു കുടുംബമാണ് തിരുമനശ്ശേരില്‍. അവര്‍ക്ക് ആ പേരു സമ്പാദിച്ചു കൊടുത്ത വീരന്മാരാണ് എന്റെ മുന്‍പില്‍ നില്‍ക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പടനായകന്മാര്‍. അമ്പലപ്പുഴയുമായുള്ള യുദ്ധത്തില്‍ പുറക്കാട്ടുവച്ച് വിഷയമ്പ് മാറില്‍ തറച്ച് മരിച്ച ധീര യോദ്ധാക്കള്‍. ഞങ്ങള്‍ അമ്പലം പണിഞ്ഞ് പൂജിക്കുന്ന വല്യച്ഛന്മാര്‍.

ഞാന്‍ അവരുടെ കാല്‍ക്കല്‍ വീണു.

അവരെന്നേ പിടിച്ചെഴുനേല്പിച്ചു. തലയില്‍ കൈ വച്ചനുഗ്രഹിച്ചു.

എടാ നീ വലിയ അഹങ്കാരിയും സര്‍വ്വ പുച്ഛക്കാരനും ആണെങ്കിലും ഞങ്ങള്‍ക്കു നിന്നേ ഇഷ്ടമാണ്. നിന്റെ ഈ സര്‍വ്വജ്ഞാനിയാണെന്നുള്ള ഭാവം--

വല്യച്ഛാ അത്-ഞാന്‍ ഇടയില്‍ കയറാന്‍ നോക്കി--

വേണ്ടാ-വേണ്ടാ-ഇതാണു നിന്റെ ഒരു കുഴപ്പം-മറ്റാരേക്കൊണ്ടും ഒന്നും പറയിക്കത്തില്ല--നിന്റെ ഈ സര്‍വ്വജ്ഞഭാവമുണ്ടല്ലോ അതുകളയണം. ബാക്കിയുള്ളവര്‍ക്കും ബുദ്ധിയുണ്ടെന്നു സമ്മതിക്കണം. പിന്നെ മരിയാദയ്ക്കു വര്‍ത്തമാനം പറയണം--ഇത്രയേ ഉള്ളൂ.

ഹ-ഹ-ഹ-ഹ--പിള്ളരെല്ലാം കൂടെ ഒരു ചിരി. എടാ അപ്പൂപ്പന്റെ ചമ്മിയ മുഖം കണ്ടോ . പാവം. സാരമില്ലപ്പൂപ്പാ. ഞങ്ങള്‍ക്ക് പറയാനുള്ളത് അവരു പറഞ്ഞെന്നു വിചാരിച്ചാല്‍ മതി. ഹോ സമാധാനമായി. രാം കുട്ടന്‍ എല്ലാവര്‍ക്കും വേണ്ടി പ്രഖ്യാപിച്ചു. ങാ ഇനി പറഞ്ഞോ അവര്‍ അനുവദിച്ചു.

മോനേ വല്യച്ഛന്‍ പറഞ്ഞു. ആ വൈക്കം പത്മനാഭപിള്ള , ഞങ്ങള്‍ ആലു തെള്ളിയിട്ടെന്നും മറ്റും പറഞ്ഞത് വെറുതേയാ. അയാളുടെ ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. പൂജ ശരിക്കു നടക്കാഞ്ഞതില്‍ ഞങ്ങള്‍ക്ക് അല്പം സങ്കടമുണ്ടായിരുന്നു--അത് നിങ്ങളേ വേണ്ടവിധം സഹായിക്കാനുള്ള ഞങ്ങളുടെ ശക്തി ക്ഷയിക്കുമെന്ന് വിചാരിച്ചായിരുന്നു. ഇപ്പോള്‍ സന്തോഷമായി--ആ പിത്തമ്പിലേ വഴിപാട് മുടക്കരുത്. അതാണല്ലോ നമ്മുടെ മൂല സ്ഥാനം. പിന്നെ നീ വൈക്കത്തിനേക്കുറിച്ചു പറഞ്ഞപ്പോള്‍ ആ വേലുത്തമ്പിയേയും, കുതിരപ്പക്ഷിയേയും ഒഴിവാക്കാന്‍ പാടില്ലായിരുന്നു.

അതു വല്യച്ഛാ എനിക്ക് - എനിക്ക്--

അറിഞ്ഞുകൂടായിരുന്നു അല്ലേ-വല്യച്ഛന്‍ പൂരിപ്പിച്ചു. എന്നാല്‍ കേട്ടോ. മണ്ണടി ക്ഷേത്രത്തില്‍ വച്ച് പട്ടാളക്കാര്‍ ക്ഷേത്രം വളഞ്ഞപ്പോള്‍ അവരുടെ പിടിയിലാകാതിരിക്കാന്‍ അനുജനോട് വെട്ടിക്കൊല്ലാന്‍ പറയുകയും അനുജന്‍ അതിനു വിസമ്മതിച്ചപ്പോള്‍ സ്വയം കഠാരികൊണ്ട് കുത്തി മരിക്കുകയും ചെയ്തെന്ന് നിനക്കറിയാം. അതെല്ലാര്‍ക്കും അറിയാവുന്നതുകൊണ്ട് ബുദ്ധിമാനായ നീ വേലുത്തമ്പിയേ ഒഴിവാക്കി.

എന്നാല്‍ അതിനു മുമ്പത്തേ കഥ ഇതാണ്. മണ്ണടിക്കടുത്തുള്ള താമരശ്ശേരി തറവാട്ടില്‍ വേലുത്തമ്പി അഭയം തേടി എത്തി. ഇട്ടിക്കണ്ടക്കോരപ്പന്‍ എന്ന അവിടുത്തെ ഗ്രഹസ്ഥന്‍ വലിയ രാജഭക്തനും സത്യസന്ധനും ആയിരുന്നു. അദ്ദേഹം വേലുത്തമ്പിയേ സുരക്ഷിതമായ സ്ഥലത്ത് ഇരുത്തി. എത്ര അന്വേഷിച്ചിട്ടും വേലുത്തമ്പിയേക്കുറിച്ച് ഒരു തുമ്പും കിട്ടാതിരുന്ന ബ്രിട്ടീഷുകാര്‍- വേലുത്തമ്പിയേ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ആയിരം ബ്രിട്ടീഷ് രൂപാ സമ്മാനം പ്രഖ്യാപിച്ചു.

ആയിരം രൂപായോ-ശ്യാം പുച്ഛരസത്തില്‍ ചോദിച്ചു.

എടാ മോനേ ഒരു രൂപയെന്നു പറഞ്ഞാല്‍ നാനൂറ്റി നാല്പത്തെട്ടു കാശാണ്. നാലു കാശുണ്ടെങ്കില്‍ ഒരു വീട്ടിലേ ഒരു ദിവസം സുഭിക്ഷമായി കഴിയാം. ഇപ്പോള്‍ ആയിരം രൂപയേപ്പറ്റി വല്ല ബഹുമാനവും തോന്നി തുടങ്ങിയോ? നാലുലക്ഷത്തിനാല്പതിനായിരം കാശ്!

ഈ ഇട്ടിക്കണ്ടക്കോരപ്പന്റെ മകനാണ് കോരപ്പക്കുറുപ്പ്. വല്യച്ഛന്‍ തുടര്‍ന്നു. അയാള്‍ പാടത്ത് നില്‍കുമ്പോഴാണ് ഈ വിളംബരം--വേലുത്തമ്പിയെ പിടിക്കുന്നവര്‍ക്കുള്ള സമ്മാനത്തിന്റെ--കേള്‍ക്കുന്നത്. ഒറ്റ ഓട്ടത്തിന് അയാള്‍ വീട്ടില്‍ എത്തി. അച്ഛനേ വിളിച്ച് രഹസ്യമായ ഒരു സ്ഥലത്തു കൊണ്ടുപോയി ഈ വിളംബരത്തേക്കുറിച്ച് പറഞ്ഞു. നമുക്ക് ആയിരം രൂപ കിട്ടനുള്ള എളുപ്പ മാര്‍ഗ്ഗവും.

കുറുപ്പ് ഒന്നു മൂളി. മകനേ പറഞ്ഞയച്ചിട്ട് അദ്ദേഹം ഗാഢമായ ആലോചനയില്‍ മുഴുകി. എന്തോ തിരുമാനത്തില്‍ എത്തി. നേരേ വേലുത്തമ്പിയേ ഒളിപ്പിച്ചിരുന്ന സ്ഥലത്തു ചെന്നു. അദ്ദേഹത്തോട് വീട്ടില്‍ തന്നെ ദ്രോഹികളുണ്ടെന്നും ഉടന്‍ രക്ഷപെടണമെന്നും വളരെ വ്യസനത്തോടുകൂടി അറിയിച്ചു. അവിടെനിന്നാണ് മണ്ണടി ക്ഷേത്രത്തില്‍ എത്തിയതും ആത്മഹത്യ ചെയ്തതും.

അവനേ- ആകുറുപ്പിനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍--കിട്ടു ആക്രോശിച്ചു.

ഇട്ടിക്കണ്ടക്കോരപ്പന്‍ നേരേ ഭാര്യയേ വിളിച്ച് നിലവറയില്‍ കൊണ്ടുപോയി, ഒരു വെട്ടുകത്തിയെടുത്ത്, അവരുടെ തലമുടി ചുറ്റിപ്പിടിച്ചുകൊണ്ട് ഗര്‍ജ്ജിച്ചു. പറയെടീ അവന്റെ തന്ത ആരാടീ. ഇല്ലെങ്കില്‍ ഇപ്പോള്‍ നിന്റെ തലമണ്ണുകപ്പും. എനിക്കുണ്ടായവന് ഇങ്ങനെ തന്തയ്ക്കു പുറക്കാത്തവന്റെ സ്വഭാവം ഉണ്ടാകില്ല-പറഞ്ഞോ- അദ്ദേഹം വെട്ടുകത്തി ഉയര്‍ത്തി. വല്യച്ഛന്‍ കഥ തുടര്‍ന്നു.

ഭാര്യ വിറച്ചുകൊണ്ട് അത് അയാളുടെ മകനല്ലെന്ന് സമ്മതിച്ചു.

അദ്ദേഹം വെട്ടുകത്തിതാഴെയിട്ടു. മിണ്ടാതെ ഇറങ്ങിപ്പോയി. പിന്നെ അദ്ദേഹത്തേ കണ്ടവരില്ല. ഭാര്യ ഭ്രാന്തു പിടിച്ച് മരിച്ചു. നടപ്പുദീനം പിടിച്ച് മകനും--ആ തറവാട് നമാവശേഷമായി .

എന്തവാ അപ്പൂപ്പാ ഈ നടപ്പുദീനം. ഉണ്ണി ചോദിച്ചു

അത് മോനേ നമ്മള്‍ മസൂരി എന്നു പറയുന്ന അസുഖത്തിന് പണ്ട് പറയുന്ന പേരാണ്.

ദുഷ്കര്‍മ്മത്തിന്റെ ഫലം! വല്യച്ഛന്‍ കഥ ഒന്നു നിര്‍ത്തി. പലരും പല വിധത്തില്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. ശരി നിന്നേ അറിയിക്കാനാണ് ഞങ്ങള്‍ വന്നത്.

ഇന്നെന്തോ ഭയങ്കര ക്ഷീണം-അപ്പൂപ്പനൊന്നു കിടക്കട്ടെ--വല്യച്ഛന്‍ പറഞ്ഞ ബാക്കി കാര്യം പിന്നെപ്പറയാം.

പാലാഴി മഥനം-രണ്ട്

0
അപ്പൂപ്പാ നമ്മടെ ദേവന്മാരെല്ലാം മൂത്തു നരച്ചിരിക്കുവല്ലിയോ--ആതിര ചോദിച്ചു. അവരു പാലാഴി കടഞ്ഞ കഥ--

നില്ല്-നില്ല് കിട്ടു ഇടപെട്ടു--ഈ പുന്നപ്ര-വയലാറെന്നും--വാരിക്കുന്തമെന്നും രണ്ടുമൂന്നു തവണയായി കേള്‍ക്കുന്നു. അതൊന്നു പറഞ്ഞേ.

മോനേ അത് രാഷ്ട്രീയമാണ്. അപ്പൂപ്പന്റെ തലയില്‍ കേറുന്ന പരിപാടിയല്ല. പിന്നെ അതിനേക്കുറിച്ച് കമ്മ്യൂണിസ്റ്റുകള്‍ പറയുന്നത് വിമോചന സമരം--രാജഭരണത്തില്‍ നിന്ന് തിരുവിതാംകൂറിനേ മോചിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയത്--എന്നാ‍ണ്. പട്ടാളത്തിന്റെ തോക്കിനു മുന്നില്‍ വാരിക്കുന്തം കൊണ്ട്? പക്ഷേ കാണ്‍ഗ്രസ്സുകാര്‍ പറയുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് കുറേ രക്തസാക്ഷികളേ ഉണ്ടാക്കാന്‍ കരുതിക്കൂട്ടി പാവപ്പെട്ട തൊഴിലാളികളേ വാരിക്കുന്തവും കൊടുത്ത് തോക്കിന്റെ മുമ്പിലേക്കയച്ചതാണെന്നാണ്. തോക്കില്‍ മുതിരയിട്ടാണ് വെടി വയ്ക്കുന്നതെന്നൊക്കെ അവര്‍ തൊഴിലാളികളേ പറഞ്ഞു വിശ്വസിപ്പിച്ചെന്നാണ് കാണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിക്കുന്നത്.

എന്തായാലും നിരപരാധികളായ കുറെ പാവങ്ങള്‍ ചതിയില്‍ പെട്ട് വെടിയേറ്റു മരിച്ചു. ഒരൊറ്റ കമ്മ്യൂണിസ്റ്റു നേതാവും അതില്‍ മരിച്ചില്ല. അവരെല്ലാം ഒളിവിലായിരുന്നു പോലും. നിങ്ങള്‍ അതിനേപ്പറ്റി വരുന്ന ലേഖനങ്ങള്‍ വായിച്ച് പഠിച്ചാല്‍ മതി. അപ്പൂപ്പനേ വിട്ടേരെ. നമുക്കേ--ആ ബ്രഹ്മാവിന്റെ അടുത്തേക്കു പോകാം

ഒരു ദിവസം രാവിലേ ബ്രഹ്മാവ് പല്ലുതെച്ചുകൊണ്ടിരിക്കുമ്പോള്‍ സരസ്വതീദേവി ഓടി വന്നു പറഞ്ഞു--ദേ അങ്ങോട്ടു നോക്കിയേ--വയസ്സന്മാരുടെ ഒരു ജാഥ--വല്ല വാര്‍ദ്ധക്യകാല പെന്‍ഷനും കൊടുക്കാമെന്ന് പണ്ടെങ്ങാനും പറഞ്ഞിട്ടുണ്ടോ--അയ്യോ അവരിങ്ങടുത്തെത്തി.

ബ്രഹ്മാവ് ആദ്യം ഇത് സരസ്വതിയുടെ തമാശയാണെന്നാണ് വിചാരിച്ചത്. പക്ഷേ അങ്ങോട്ടു നോക്കിയ അദ്ദേഹം ഒന്നു പരുങ്ങി. എങ്ങാ‍നും വീണ്ടും യമധര്‍മ്മനേ പരമശിവന്‍ തട്ടിയോ. ഇതിനും വേണ്ടി വൃദ്ധരും വൃദ്ധകളുമോ-- (ഒന്നും രണ്ടുമാണോ മുപ്പത്തുമുക്കോടി ഇല്ലേ) --അദ്ദേഹം ധൃതി വച്ചു പല്ലു തേച്ചു. നാലു വശവും തേയ്ക്കണ്ടേ. കൈ ആണെങ്കില്‍ രണ്ടേ ഉള്ളൂ. പെട്ടെന്നു മുഖം-അല്ല മുഖങ്ങള്‍-കഴുകി വെപ്രാളത്തില്‍ രണ്ടു കവിള്‍ വെള്ളം ഇറങ്ങിപ്പോകുകയും ചെയ്തു.

ആരാണെങ്കിലും വരട്ടെ--എന്തിനും തയ്യാറായി അദ്ദേഹം പത്മാസനത്തില്‍ ഇരുന്നു. സുമാര്‍ നൂറുമീറ്റര്‍ അകലെ ജാഥ നിന്നു. അവിടെനിന്നും രണ്ടു പേര്‍ സാവധാ‍നത്തില്‍ ബ്രഹ്മാവിനടുത്തെത്തി അദ്ദേഹത്തേ വണങ്ങി.

അല്ലേ-ഇത് ഇന്ദ്രനും ബ്രഹസ്പതിയുമല്ലേ-എന്തു പറ്റി നിങ്ങള്‍ക്ക്--ഇതെന്തൊരു കോലം. ഞാന്‍ വിചാരിച്ചു വൃദ്ധന്മാരുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാഞ്ഞതിന് കേരളത്തില്‍ നിന്നെങ്ങാണ്ട് വരികയാണെന്ന്. വേഗം പറ എന്തുപറ്റി.

ബ്രഹസ്പതി കാര്യങ്ങളെല്ലാം വിവരിച്ചു. പാലാഴി കടഞ്ഞ് അമൃതെടുക്കണം. ഞങ്ങള്‍ക്കൊരു രൂപവുമില്ല. എന്തു ചെയ്യും. എനിക്കൊരു പായവും തോന്നുന്നില്ല-ബ്രഹ്മാ‍വ് പറഞ്ഞു. നമുക്ക് മഹാദേവനോട് ചോദിക്കാം. വരൂ.

എല്ലാവരുംകൂടി കൈലാ‍സത്തിലേക്കു പുറപ്പെട്ടു. ഗന്ധമാദനത്തില്‍ ദേവന്മാരേ നിര്‍ത്തിയിട്ട് ബ്രഹ്മാവും , ഇന്ദ്രനും, ബ്രഹസ്പതിയും കൂടി കൈലാസത്തില്‍ എത്തി ശിവനോട് വിവരം പറഞ്ഞു.

എന്താ അപ്പൂപ്പാ അവരേ ഗന്ധമാദനത്തില്‍ നിര്‍ത്തിയത്. ആതിര ചോദിച്ചു.

മക്കളേ അവിടെ എല്ലാര്‍ക്കും പ്രവേശനമില്ല. വി.വി ഐ.പി കളേ മാത്രമേ അവിടെ അനുവദിക്കൂ.

അതിനകത്ത് വല്ല തീവ്രവാദികളും കാ‍ണുമെന്ന് പേടിച്ചാരിക്കും--ശ്യാമിന്റെ കമന്റ്.

നമ്മളു കൂട്ടിയാല്‍ കൂടത്തില്ല- ശിവന്‍ പ്രഖ്യാപിച്ചു. നമുക്കു മൂപ്പിലാന്റടുത്തു പോകാം. വാ. വീണ്ടും എല്ലാവരും കൂടെ വൈകുണ്ഠത്തിലേക്ക് തിരിച്ചു. അവിടെ ബ്രഹ്മാവിനും , ശിവനും മാത്രമേ പ്രവേശനമുള്ളൂ. അവര്‍ ചെന്ന് വിവരം അറിയിച്ചു. ഉച്ചകോടിക്കു തീയതിനിശ്ചയിച്ച് അവര്‍ ദേവന്മാരേ പറഞ്ഞയച്ചു.

ഉച്ചകോടിയില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കാന്‍ തീരുമാനമായി. അതിനു വേണ്ട സംഭാരങ്ങള്‍ സംഭരിക്കാന്‍ ദേവന്മാരോട് ആവശ്യപ്പെട്ടു. ഒന്നാമതായി അസുരന്മാരുമായി രമ്യതയിലാകണം. അവരുടെ സഹായമില്ലാതെ പാലാഴി കടയല്‍ നടക്കില്ല. പിന്നെ കടകോല്‍ വേണം. അത് മന്ദര പര്‍വ്വതം തന്നെ വേണം. അതില്‍ ചുറ്റാന്‍ കയറായി നാഗരാജാവ് വാസുകി വേണം.

ഇവയെല്ലാം അടുപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിച്ചു.

അസുരന്മാരേ വിളിക്കാന്‍ വിഷ്ണുപാര്‍ഷദന്മാരേ അയച്ചു. അവരേക്കഴിഞ്ഞാരുമില്ലെന്നാണ് അവരുടെ ഭാവം. അവര്‍ ഗൌരവത്തില്‍ അസുര രാജധാനിയില്‍ ചെന്നു.

മഹാബലിയോട് പറഞ്ഞു. ദേവന്മാര്‍ക്ക് വേണ്ടി അമൃതുണ്ടാകാന്‍ സഹായിക്കാന്‍ നിങ്ങള്‍വരണം. എല്ലാവരും കാത്തിരിക്കുന്നു.

ആരു പറഞ്ഞു-മഹാ‍ബലി ചോദിച്ചു.

വിഷ്ണുവാണ് ഞങ്ങളേ അയച്ചത്. വേഗം വരൂ.

മഹാബലി പൊട്ടിച്ചിരിച്ചു--ആരു പറഞ്ഞു- ആ വാമനനായി വന്ന് എന്നേപ്പറ്റിച്ച വിഷ്ണുവോ? അടുത്ത മന്വന്തരത്തിലേ ഇന്ദ്രനാകേണ്ട ഞാന്‍ കുറച്ചു നേരത്തെ ആകാന്‍ ശ്രമിച്ചതാണല്ലോ എന്റെ ഒരു കുറ്റം. അവന്മാര്‍ കിളവന്മാരായിരിക്കുമ്പോള്‍ ഒന്നുകൂടി അവിടം പിടിക്കാന്‍ ആലോചിക്കുമ്പോഴാണ് അവരുടെ ഒരു അമൃത്.

ഇവിടാര്‍ക്കും സമയമില്ലെന്നു ചെന്നറിയിച്ചേരെ.

വിഷ്ണുപാര്‍ഷദന്മാര്‍ ഇളിഭ്യരായി മടങ്ങി ചെന്ന് വിവരം അറിയിച്ചു. ഉടന്‍ തന്നെ ശിവന്‍ തന്റെ ഭൂതഗണങ്ങളേ അയച്ചു. അവരും അസുരന്മാരുമായി നല്ല ബന്ധമാണ്.

വീരഭദ്രന്‍ മഹാബലിയേ വണങ്ങി. എന്നിട്ടു പറഞ്ഞു. കണ്ടില്ലേ ഇഷ്ടാ ആ ദേവന്മാരേ. ഞാന്‍ വിചാരിച്ചു ഏതോ വൃദ്ധ സദനത്തില്‍ ചെന്നു പെട്ടെന്ന്. അയ്യോ ആ ദേവലോക സുന്ദരിമാരാണെന്ന് അഹങ്കരിച്ചു നടന്നിരുന്ന ഉര്‍വ്വശി, മേനക മാരേ കാണണം. ഫ്രഞ്ചു വിപ്ലവകാലത്ത് ഫ്രാന്‍സിലേ പണക്കാരേ കൊല്ലുന്നതുകണാന്‍ വന്നിരിക്കുന്ന കുറേ മുതുക്കികളുടെ വര്‍ണ്ണനയുണ്ട്. ശരിക്കും അവരേപോലെ.

ഒന്നു നില്‍ക്കണേ അപ്പൂപ്പാ--ഈ പാലാഴി മഥനത്തിനു മുമ്പാരുന്നോ ഫ്രഞ്ചു വിപ്ലവം--ശ്യാം ചോദിച്ചു.

ശ്ശെടാ- ഈ പിള്ളാര്‍ ഒന്നും ഒന്നു കലാപരമായി പറയാന്‍ സമ്മതിക്കത്തില്ലല്ലോ. പോട്ടെടാ.

പിന്നെ വീരഭദ്രന്‍ രഹസ്യമായി പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ ദേവലോകം പിടിച്ചാല്‍ എന്താണു പ്രയോജനം. ഐരാവതമില്ല, ഉച്ചൈശ്രവസ്സില്ല അവരുടെ ഒരൈശ്വര്യവുമില്ല, സുന്ദരിമാരായ അപ്സരസ്സുകളില്ല, എന്തിനാ ഇഷ്ടാനമുക്കങ്ങനൊരു ദേവലോകം. ഈ മന്വന്തരം തീരാറായി. അടുത്ത ദേവേന്ദ്രനായിക്കഴിഞ്ഞാല്‍ നിങ്ങള്‍ വിളിച്ചാല്‍ ഇവരു വരുമോ? ഇപ്പോള്‍ അമൃതു കിട്ടിയാല്‍ എല്ലാം പഴയതുപോലെ ആകും-ആഞ്ഞൊരു പിടി പിടിച്ചാല്‍ എല്ലാം നമ്മടെ കൈയ്യിലിരിക്കും. അല്ലെങ്കില്‍ അടുത്ത മന്വന്തരത്തില്‍ ദേവേന്ദ്രനാകാന്‍ ദേവലോകം കാണത്തില്ല. വേഗം വാ.

അതു ശരിയാണല്ലോ-മഹാബലിക്ക് പെട്ടെന്ന് ബോധോദയം ഉണ്ടായി--മകരാക്ഷാ--അദ്ദേഹം മന്ത്രിയെ വിളിച്ചു. വേഗം വൈകുണ്ഠത്തിലേക്കു പോകാന്‍ ഏര്‍പ്പടാക്കൂ--അദ്ദേഹം ആജ്ഞാ‍പിച്ചു.

ആരാ അപ്പൂപ്പാ ഈ വീരഭദ്രന്‍ --ആതിര ചോദിച്ചു.

പരമശിവന്‍ ജട പറിച്ചടിച്ചപ്പോള്‍ ഉണ്ടായ ഭൂതനായകന്‍ --ദക്ഷനേ കൊല്ലാന്‍ --അതു പിന്നെ.

ദൌത്യം വിജയിച്ച കാര്യം വീരഭദ്രന്‍ അറിയിച്ചു.

ഇനി കടകോല്‍--അതും ഭൂതങ്ങള്‍ കൊണ്ടുവരട്ടെ. ഭൂതങ്ങള്‍ പോയി. മന്ദര പര്‍വ്വതത്തിന്റടുത്തു ചെന്നു. അപ്പോഴാണ് അസുരന്മാരേ പറ്റിച്ചപോലെ പണി നടക്കത്തില്ലെന്നു മനസ്സിലായത്. അതിന്റെ ചുറ്റിനും നടന്ന് തെള്ളിനോക്കി. കൊച്ചു കുഞ്ഞ് ആട്ടുകല്ലു തെള്ളുന്നതുപോലെ. ഇതു നമക്കു പറ്റിയ പണിയല്ല. വിയര്‍ത്തു വലഞ്ഞ് ഇളിഭ്യരായി വീരഭദ്രന്‍ ആന്‍ഡ് പാര്‍ട്ടി തിരിച്ചെത്തി.

മഹാവിഷ്ണു അനന്തനോട് പറഞ്ഞു. അനന്തന്‍ തന്റെ ഒരു ഫണം നീട്ടി അതിന്റെ മുകളില്‍ ഒരു കടുകു പോലെ മന്ദരപര്‍വ്വതത്തേ എത്തിച്ചു.

അടുത്തത് കലക്കാനുള്ള കയറാണ്. അതിനു വാസുകിയേ കൊണ്ടുവരണം. ആരു പോകും.

ഹതിനു ഞാന്‍ മതി-ഗരുഡന്‍ വീമ്പിളക്കി.

ശരി വേഗമാകട്ടെ. വിഷ്ണു സമ്മതിച്ചു.

ഗരുഡന്‍ വസുകിയുടെ അടുത്തെത്തി-വിവരം അറിയിച്ചു.

അയ്യോ ഞാന്‍ ഇഴഞ്ഞിഴഞ്ഞ് എന്നങ്ങെത്താനാ-വാസുകി ചോദിച്ചു.

ച്ഛെ --താനിഴയണമെന്ന് ആരു പറഞ്ഞു. ഈ ഞാനില്ലേ തന്നേ കൊണ്ടു പോകാന്‍ --ഗരുഡന്‍ നിസ്സാരഭാ‍വത്തില്‍ പറഞ്ഞു.

അതു പറ്റുമോ-എനിക്ക് വലിയ ഭാരമാണ്. ( ഹും നീ ആ മഹാദേവന്റെ ആളായിപ്പോയി--ഗരുഡന്‍ മനസ്സില്‍ പറഞ്ഞു--അല്ലെങ്കില്‍ കാണിച്ചു തരാരുന്നു--ഗരുഡനു പാമ്പിനേ ഭാരമേ.)

നോക്കാം എന്നു പറഞ്ഞു കൊണ്ട് ഗരുഡന്‍ വാസുകിയേ ചുണ്ടുകൊണ്ട് എടുക്കാന്‍ തുടങ്ങി. എനിക്കു വേദനിക്കാതെ കൊണ്ടു പോകാമെങ്കില്‍ കൊണ്ടു പൊയ്ക്കൊളൂ--വാസുകി സമ്മതിച്ചു. ഗരുഡന്‍ വളരെ സൂക്ഷിച്ച് വാസുകിയേ കൊത്തിക്കൊണ്ട് മേലോട്ടുയര്‍ന്നു. എത്ര ഉയര്‍ന്നിട്ടും വാസുകിയുടെ മുക്കാല്‍ ഭാഗവും താഴെ കിടക്കുകയാണ്. ഗരുഡന്‍ താഴെ വന്ന് വാസുകിയേ നാലഞ്ചായി മടക്കി എടുത്തുകൊണ്ട് വീണ്ടും ഉയര്‍ന്നു. ഫലം തഥൈവ. വീണ്ടും ഗരുഡന്‍ താഴെ വന്നു. തന്റെ ശരീരത്തില്‍ മുഴുവന്‍ -ചിറകൊഴിച്ച്- ചുറ്റികൊണ്ട് ഉയര്‍ന്നു. താഴെ കിടക്കുന്നതിന് മാറ്റമില്ല.

ഭാരം കൊണ്ടും തുടര്‍ച്ചയായ പറക്കല്‍ കൊണ്ടും ഗരുഡന്‍ ബോധം കെട്ടു വീണു. കുറച്ചുകഴിഞ്ഞ് ബോധം തിരിച്ചു കിട്ടിയപ്പോള്‍ വേഗം വൈകുണ്ഠത്തിലെത്തി ലജ്ജയോടെ കാര്യം പറഞ്ഞു.

പരമശിവന്‍ അവിടെനിന്ന് തന്റെ ഇടതു കൈ നീട്ടി, വാസുകീ എന്നു വിളിച്ചു. ആ കൈയ്യിലേക്ക് ചുറ്റാന്‍ തികയാത്ത അര വള പോലെ വാസുകി ആ കൈയ്യില്‍ എത്തി.

അതെന്തു വിദ്യ--ഉണ്ണി ചോദിച്ചു.

എടാ മോനേ ഞാന്‍ അങ്ങനെ ചെയ്യും-ഇങ്ങനെ ചെയ്യും-- എന്റെ കഴിവുകൊണ്ടാണ്-- എന്നൊക്കെ ഓരോരുത്തര്‍ വീമ്പിളക്കറില്ലേ. വെറുതേയാ- നടക്കത്തില്ല-അതൊക്കെ ഒരുത്തന്‍ തീരുമാനിച്ചിട്ടുണ്ട്-അതേ നടക്കൂ. ഇത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോദ്ധ്യമായി.

ഇതുപോലെ അര്‍ജ്ജുനനും ഹനുമാനും ഒരു പറ്റ് പറ്റിയിട്ടുണ്ട്. ഒരിക്കല്‍ ശ്രീകൃഷ്ണനും അര്‍ജ്ജുനനും കൂടി രാമേശ്വരത്തു പോയി.

മഹേശ്വരനേ ഒക്കെ വന്ദിച്ച് കഴിഞ്ഞ് ശ്രീകൃഷ്ണന്‍ പറഞ്ഞു. ദേ നോക്ക് ത്രേതായുഗത്തില്‍ കെട്ടിയതാണ് ഈ ചിറ. കോടാനുകോടി വാനരന്മാര്‍ കല്ലും മലകളും ചുമന്നു കൊണ്ടുവന്ന്. എന്തു പ്രയാസം അവര്‍ അനുഭവിച്ചിട്ടുണ്ടാകും!

അര്‍ജ്ജുനനു പുച്ഛം. ഈ ശ്രീരാമന്‍ വലിയ വില്ലാളിയാണെന്നു പറയുന്നുണ്ടല്ലോ. ഞാനോ മറ്റോ ആയിരുന്നെങ്കില്‍ നിമിഷത്തിനകം അമ്പുകൊണ്ട് ചിറതീര്‍ത്ത് കഴിഞ്ഞേനേ. ഹയ്യോ-

ഒരലര്‍ച്ച-അതാ അര്‍ജ്ജുനന്റെ കൊടിമരത്തില്‍ നിന്ന് ഹനുമാന്‍ ഒറ്റച്ചാട്ടത്തിന് അവരുടെ മുന്നില്‍ എത്തി(അര്‍ജ്ജുനന്റെ കൊടിഅടയാളം ഹനുമാനാണെന്ന്‍ അറിയാമല്ലോ) ഹെന്തു പറഞ്ഞു--എനിക്കു കയറാവുന്ന ഒരു പാലം നിങ്ങള്‍ക്കു നിര്‍മ്മിക്കാവോ--പിന്നാട്ടെ ഇരുപത്തൊന്നു വെള്ളം പടയ്ക്കുള്ളതിന്റെ കാര്യം--ഹനുമാന്‍ ഗര്‍ജ്ജിച്ചു.

ഇപ്പോള്‍ കാണിച്ചുതരാം എന്നുപറഞ്ഞ് അര്‍ജ്ജുനന്‍ അമ്പുകള്‍ കൊണ്ട് നിമിഷത്തിനകം ചിറയോളം വലിപ്പമുള്ള ഒരു പാലം നിര്‍മ്മിച്ചു. ഹനുമാന്‍ അതിലേക്ക് കാലെടുത്തു വയ്ക്കുകയും പാലം തകര്‍ന്ന് കടലില്‍ പതിക്കുകയും ഒന്നിച്ചു കഴിഞ്ഞു. ഹനുമാന്‍ ദേ കിടക്കുന്നു കടലില്‍. അര്‍ജ്ജുനന്റെ മുഖം ലജ്ജകൊണ്ടു തുടുത്തു.

ഗാണ്ഡീവവുമെടുത്ത് ആരെയും നോക്കാതെ അദ്ദേഹം തേരിനടുത്തേക്കു നടന്നു. ആ നടപ്പ് അത്ര പന്തിയല്ലെന്നു കണ്ട് ശ്രീകൃഷ്ണന്‍ വിളിച്ചു പറഞ്ഞു.

അര്‍ജ്ജുനാ നില്‍ക്ക്, ഒരബദ്ധം ആര്‍ക്കും പറ്റും. ഇത്ര ധൃതി വയ്ക്കാതെ ഒരെണ്ണം കൂടി നിര്‍മ്മിക്ക്. നമുക്കു നോക്കാം.

അര്‍ജ്ജുനനു പേടി. കൃഷ്ണന്‍ പ്രോത്സാഹിപ്പിച്ചു.

മനസ്സില്ലാമനസ്സോടെ അര്‍ജ്ജുനന്‍ വീണ്ടും ഒരു പാലം നിര്‍മ്മിച്ചു.

കടലില്‍ നിന്നും കേറിവന്ന ഹനുമാന്‍ സൂക്ഷിച്ച് കാലെടുത്ത് പാലത്തില്‍ വച്ചു. കുഴപ്പമില്ല. ധൈര്യമായി അതിലൂടെ നടന്നു. ഓ.ക്കെ. രണ്ടു ചാട്ടം ചാടി. പാലം കുലുങ്ങുന്നുപോലുമില്ല. എന്ത്-ഹനുമാനാകാശം മുട്ടെ വളര്‍ന്നു-വീണ്ടും ചാ‍ടി. ഏങ്ഹേ-പാലത്തിനൊരു ചഞ്ചല്യവുമില്ല. ഇപ്പോള്‍ ഹനുമാന്റെ മുഖമാണ് ചുവന്നത്. രണ്ടുപേരും പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന കൃഷ്ണനേ നമസ്കരിച്ചു. തങ്ങളുടെ അഹങ്കാരത്തിനു മാപ്പ് ചോദിച്ചു.

ദാ തുലാവര്‍ഷം തുടങ്ങിയെന്നാ തോന്നുന്നത്. വാ ആ പൊത്താനെല്ലാം നനയാതെ എടുത്തുവയ്ക്കാം.

കുളത്തിന്റെ തെക്കേലേ വേലായുധന്‍

0
ഹരിപ്പാട്ടു നിന്ന് വടക്കൊട്ട് ആലപ്പുഴക്കു പോകുന്ന വഴി ആദ്യത്തേ പ്രധാ‍ന സ്ഥലമാണ് കരുവാറ്റ. അവിടെ മാവൂര്‍ എന്നൊരു വീട്ടിലേ കാരണവരാണ് കണ്ടങ്കോരക്കുറുപ്പ്. അദ്ദേഹതിന് ജോലി കരൂര്‍ എന്ന സ്ഥലത്താണ്. രാജഭരണകാലത്തേ റവന്യൂ വകുപ്പില്‍. അന്നു വണ്ടിയൊന്നുമില്ല. അമ്പലപ്പുഴയ്ക്കു തെക്കാണ് കരൂര്‍. അവിടെനിന്നും ഏതാണ്ട് പത്തു കിലോമീറ്റര്‍ ഉണ്ട് കരുവാറ്റായ്ക്ക്. നടന്നാണ് പോക്ക്. നാലു മണിക്കുജോലി കഴിഞ്ഞാല്‍ ആറ്-ആറരയോടെ വീട്ടിലെത്താം.

ഒരു ദിവസം എന്തോ കാരണവശാ‍ല്‍ നാലു മണിക്ക് ഇറങ്ങാന്‍ പറ്റിയില്ല. ആപ്പീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ മണി എട്ട്. പോകുന്ന വഴി അത്ര ശരിയല്ല. വേലുത്തമ്പി ദളവായുമായുള്ള യുദ്ധത്തില്‍ അദ്ദേഹത്തെ സഹായിച്ചവരെ സായിപ്പന്മാര്‍ കൊന്ന് ശവങ്ങള്‍ കെട്ടിത്താഴ്തിയ തോടിന്റെ വരമ്പേയാണ് വഴി. പുഞ്ചയും തോടുമാണ്--വഴിയില്‍ ഒറ്റക്കുഞ്ഞുങ്ങളേ കാണില്ല. പ്രത്യേകിച്ചും സന്ധ്യകഴിഞ്ഞാല്‍.

കുറുപ്പ് നടന്നു തോട്ടപ്പള്ളി കഴിഞ്ഞു. കുറ്റാക്കുറ്റിരുട്ട്. കുറുപ്പിന്റെ ധൈര്യമെല്ലാം പമ്പകടന്നു. ആകെ കൈയ്യിലുള്ളത് ഒരു ചൂട്ടുകറ്റ. ചൂട്ടുകറ്റയോ-അതെന്തോന്നാ-ആതിരയ്ക്ക് സംശയം. അതൊ പഴയകാലത്തേ ടൊര്‍ച്ചാണ്. തെങ്ങിന്റെ ഓലയുടെ തുഞ്ചാണികള്‍ മൂന്നുനാലെണ്ണം ഒന്നിച്ചു കെട്ടിയുണ്ടാകുന്നത്. തീകത്തിച്ചു വീശി വീശി പൊകാം. അങ്ങനെ പോകുമ്പോള്‍ പുഞ്ചപ്പാടത്ത് ആള്‍ക്കാര്‍ വട്ടം വട്ടം കൂടിനില്‍ക്കുന്നെന്ന് ഒരു തോന്നല്‍--പ്രേതങ്ങളുള്ള സ്ഥലമാണ്. കന്നുകാലിപ്പാലം-നോക്കെത്താത്ത ദൂരത്തില്‍ പുഞ്ചമാത്രം. അവിടെ നടന്ന നീച കൃത്യങ്ങളുടെ കുറുപ്പിന്റെ ഉള്ളിലൂടെ പാഞ്ഞുപോയി. കുറുപ്പിന്റെ സപ്തനാഡികളും തളര്‍ന്നു. മേലാകെ ഒരു വിറയല്‍. പെട്ടെന്ന് തൊട്ടു പുറകില്‍ ഒരു കാല്പെരുമാറ്റം. കുറുപ്പ് ഞെട്ടിത്തിരിഞ്ഞു. പേടിക്കണ്ടാ-ഒരു ബീഡിയെടുത്ത് അയാള്‍ പറഞ്ഞു-- തീയൊന്നു തന്നേ. ഞാനും വഴിക്കാ. എവിടാ പോകേണ്ടത്? ഹൊ കുറുപ്പിന്റെ ശ്വാസം നേരേ വീണു-ഞാന്‍ കരുവാറ്റയ്കാ. നിങ്ങളോ. എന്റെ വീടു കുറച്ചുതെക്കാ- നമുക്ക് സംസാരിച്ചു കൊണ്ടു നടക്കാം. സ്ഥലത്തിന്റെ ഭീകരതയേപ്പറ്റി അയാള്‍ കുറുപ്പിനോടു പറഞ്ഞു. രാത്രി അസമയത്ത് അതിലേ നടക്കരുതെന്നും കുറുപ്പു കണ്ട ആള്‍ക്കാരുടെ കൂട്ടം യഥാര്‍ത്ഥ ആള്‍ക്കാരല്ലെന്നും അയാള്‍ പറഞ്ഞു. അവര്‍ കരുവാറ്റായിലേത്തി. പേരെന്താ-കുറുപ്പു ചോദിച്ചു. വേലായുധന്‍ അയാള്‍ ഉത്തരം പറഞ്ഞു. നിങ്ങളേ എനിക്കറിയാം- മാവൂരേ കണ്ടന്‍ കോരക്കുറുപ്പല്ലേ. കുറുപ്പിനത്ഭുതമായി. ഈയാളേ ഒരു പരിചയവുമില്ല. വീട്ടു പേരെന്താ കുറുപ്പു വീണ്ടും ചോദിച്ചു. കുളത്തിന്റെ തെക്കേല്‍-നിങ്ങളറിയും അയാള്‍ ഉത്തരം പറഞ്ഞു. കുറുപ്പ് അയാളേ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടുകാര്‍ കുറുപ്പിനേക്കാണാതെ വിഷമിച്ചിരിക്കുകയാണ്. ദേ ഒരാളുകൂടൊണ്ട്-എന്നു പറഞ്ഞുകൊണ്ട് കുറുപ്പ് അകത്തേക്കു കയറി. തിരിഞ്ഞ് നോക്കിയപ്പോള്‍ പുറകില്‍ ആരുമില്ല. ആരാ എന്നും ചോദിച്ച് വിളക്കും കൊണ്ടു വന്ന മുത്തശ്ശിയോട്-എന്റെ കൂടൊരാളുണ്ടായിരുന്നു-നോക്കട്ടെ എന്നുപറഞ്ഞ് വിളക്കും മേടിച്ച് മുറ്റത്തിറങ്ങി. ആരേയും കണ്ടില്ല. ആരാ മൊനേ മുത്തശ്ശി ചോദിച്ചു. കുളത്തിന്റെ തെക്കേലേ വേലായുധനെന്നാ പറഞ്ഞത്. എന്റെ ഭഗവാ‍നേ ഹരിപ്പാട്ടു വേലായുധസ്വാമി! മുത്തശ്ശി കൈകള്‍ കൂപ്പി. നമ്മുടെ ധര്‍മ്മദൈവം. കഥ നിങ്ങടെ അപ്പച്ചിഅമ്മൂമ്മ പറഞ്ഞതാ. ബാംഗ്ലൂരേയോ--രാം കുട്ടന്‍ ചോദിച്ചു. അതേ മക്കളേ. കുറുപ്പിന്റെ കൊച്ചുമകള്‍ അവിടെയാണ്-അപ്പച്ചിഅമ്മൂമ്മയുടെ കൂട്ടുകാരി സുധാമണി. അവര്‍ പുന്നപ്രക്കാരയിരുന്നു. പുന്നപ്ര വയലാര്‍ സമരകാലം. ലഹളക്കാരുടേയും, പോലീസിന്റേയും ശല്യം കൊണ്ട് ആണുങ്ങള്‍ക്ക് വീട്ടിലിരിക്കണ്ടാ. ഇവരുടെ വീട്ടിലാണെങ്കില്‍ ഒരമ്മൂമ്മയും ഇരുപതു വയസ്സുള്ള ഒരു പെണ്‍കുട്ടിയും മാത്രമേയുള്ളൂ. ഭയന്നു കഴിഞ്ഞുകൂടുകയാണ്. ഒരുദിവസം അമ്മൂമ്മ ഒരു വട്ടിയില്‍ കുറച്ചു പണവും, രണ്ടുജോടി ഡ്രസ്സും വച്ച് കൊച്ചുമകളോട് പറഞ്ഞു. ഇവിടെ ഇനി നീ താമസിക്കുന്നത് സുരക്ഷിതമല്ല. എവിടെയെങ്കിലും പോയി രക്ഷപെട്ടോ. രാക്ഷസന്മാരുടെ കൈയ്യില്‍ പെടാതെ അതിരാവിലേ പുറപ്പെട്ടോളൂ. അമ്മൂമ്മ കണ്ണുനീരോടെ വിടപറഞ്ഞു.

കുട്ടി നേരേ തെക്കോട്ടാ‍ണ് നടന്നത്. ഭയന്നു വിറച്ച് ആരുടേയും കണ്ണില്പെടാതെ, ഇരുന്നും, നടന്നും
വൈകുന്നേരത്തോടെ അവള്‍ തോട്ടപ്പള്ളിയിലെത്തി. അവിടം കഴിഞ്ഞപ്പോള്‍ അവളേ ആരോ പിന്തുടരുന്നുണ്ടെന്ന് തോന്നി. ഭീതിയോടെ അവള്‍ തിരിഞ്ഞു നോക്കി. ഒരു മദ്ധ്യവയസ്കന്‍-കുറേ ദൂരെയായി അവളുടെപിന്നാലെ. നേരം സന്ധ്യയായി. ഇരുട്ടു പരന്നു. മറ്റാരും വഴിയിലെങ്ങും ഇല്ല. മദ്ധ്യവയസ്കന്‍ അവളുടെ അടുത്തെത്തി. അവള്‍ഭയന്ന് അയാളേ നോക്കി. ഭയപ്പെടേണ്ടാ കുഞ്ഞേ-അയാള്‍ മധുരമായി പറഞ്ഞു. ഈസ്ഥലം അത്ര നല്ലതല്ല. നിനക്ക് എവിടെ പോകണം. എനിക്കറിഞ്ഞുകൂടാ-അവള്‍ പറഞ്ഞു. തുടര്‍ന്ന് അവളുടെ ചരിത്രവും അയാളേ പറഞ്ഞു കേള്‍പ്പിച്ചു.

സമയംകൊണ്ട് അവര്‍ കരുവാറ്റായിലെത്തി. അയാള്‍ ഒരു വീടു ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. നീ വീട്ടില്‍ ചെന്ന് കതകില്‍ മുട്ടണം. ഗൃഹനാഥന്‍ വന്നു വാതില്‍ തുറക്കും. അഭയം തരണമെന്നും പറഞ്ഞ് അയാളുടെ കാലില്‍ വീഴണം. ആരാണെന്നു ചോദിച്ചാല്‍ കുളത്തിന്റെ തെക്കേലേ വേലായുധന്‍ പറഞിട്ടു വന്നതാണെന്നു പറയണം. ഞാന്‍ ഇവിടെ നില്‍ക്കാം.

അവള്‍ ചെന്നു വാതിലില്‍ മുട്ടി. ഗൃഹനാഥന്‍ വന്നു വാതില്‍ തുറന്നു. എന്നേ രക്ഷിക്കണം എന്നു പറഞ്ഞ് അവള്‍ അയാളുടെ കാലില്‍ വീണു. അയാള്‍ അവളേ പിടിച്ചെഴുനേല്പിച്ചു. മകളേ നീ ആരാ. എവിടെനിന്നാണ് വരുന്നത് എന്ന് കരുണയോടെ ചോദിച്ചു. കുളത്തിന്റെ തെക്കേലേ വേലായുധന്‍ എന്നൊരാള്‍ പറഞ്ഞിട്ടാണ് ഞാന്‍ വന്നത്. അദ്ദേഹം അവിടെ നില്പുണ്ട്. അവള്‍ വെളിയിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു. അവിടെയെങ്ങും ആരേയും കാണാനില്ല. കുളത്തിന്റെ തെക്കേലേ വേലായുധനോ--സാവിത്രീ-അദ്ദേഹം അകത്തേക്കു നോക്കി വിളിച്ചു. ദാ നമുക്കൊരു മകള്‍-നീ വേലായുധസ്വാമിയേ വിടാതെ പിടികൂടിയതിന്റെ ഫലം. അകത്തേക്കു വിളിച്ചു കൊണ്ടു പോകൂ. പകച്ചുനിന്ന ആകുട്ടിയേ സുന്ദരിയായ ഒരു വീട്ടമ്മ വന്നു അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയാണ് കണ്ടങ്കോരക്കുറുപ്പിന്റെ മുത്തശ്ശി. ഗൃഹനാഥന്‍ അവള്‍ക്കു കൊടുത്തതാണ് മാവൂര്‍ എന്നവീടും പറമ്പും. ഇതൊക്കെ നടന്നതാണോ അപ്പൂപ്പാ--ശ്യാമിന് സംശയം ഒരിക്കലും തീരത്തില്ല. പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളില്‍. മോനേ അപ്പൂപ്പന്‍ സത്യം ചെയ്യത്തില്ല. ഹരിപ്പാട്ട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം തിരുവിതാംകൂറിലേ എട്ടു മഹാക്ഷേത്രങ്ങളില്‍ ഒന്നാണ്. ആണ്ടില്‍ മൂന്നുത്സവങ്ങളുള്ള--അത്തത്തിനു കൊടിയേറി തിരുവോണത്തിന് ആറാട്ട്; വിഷുവിന് കൊടിയേറി പത്താമുദയത്തിന് ആറാട്ട്; --മറ്റ് അധികം ക്ഷേത്രങ്ങളില്ല. പതിനെട്ട് കരക്കാര്‍ ചേര്‍ന്നാണ് കായംകുളം കായലില്‍ മുങ്ങിക്കിടന്ന വിഗ്രഹം എടുത്ത് ചുണ്ടന്‍ വള്ളങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്നു പ്രതിഷ്ടിച്ചത്. ആശ്രിത വാത്സല്യത്തിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. സുധാമണി ഇപ്പോള്‍ കായംകുളത്ത് താമസമുണ്ട്. അവര്‍ കരുവാറ്റായിലേ സ്ഥലം വിറ്റ് കായംകുളത്ത് താമസമാക്കി. അതുമാത്രം എനിക്കറിയാം. ഇനി ഇതുപോലെ ഒരു കഥയൂടെ പറയാം.

ചെങ്ങന്നൂര്‍ക്കാരനാണ് ചെല്ലപ്പനാചാരി. അദ്ദേഹം നമ്മുടെ ഹൈസ്കൂള്‍ പണിയുടെ മൂത്താശാരിയായിരുന്നു. പണിസ്ഥലത്തിരുന്ന് ആശാരിമാരുടെ കഥകള്‍ കേള്‍ക്കാന്‍ ബഹു രസമാണ്. അദ്ദേഹം പറഞ്ഞ കഥയാണ്. പുന്നപ്ര വയലാര്‍ സമരത്തിന് വാരിക്കുന്തം ഉണ്ടാക്കാന്‍ പോയിരുന്ന ഉഗ്രന്‍ കമ്മ്യൂണിസ്റ്റായിരുന്നു പോലും അദ്ദേഹം. ഈശ്വര വിശ്വാസം ഇല്ലെന്നു മാത്രമല്ല, ഉള്ളവരേ മഹാ പുച്ഛവുമാണ്. മണ്ഡലക്കാലത്ത് ശബരിമലയ്ക്കു പോകുന്നവരേക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കേട്ട കുറേ ഭക്തന്മാര്‍ ശരണം വിളിക്കാതെ ശബരിമലയില്‍ പോകാന്‍ വെല്ല്ലുവിളിച്ചു. ഞാന്‍ പോയികാണിക്കാം-അദ്ദേഹം വെല്ലുവിളി ഏറ്റെടുത്തു. മാലയിട്ടു. ശരണം വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്. രണ്ടുമാസത്തേ വ്രതവും എടുത്തു. ശരണം വിളിക്കാതിരിക്കുന്ന സമയം കൂട്ടാന്‍. കൂട്ടുകാരൊത്ത് കെട്ടുമുറുക്കി ശബരിമലയിലേക്ക് പുറപ്പെട്ടു. കെട്ട് തലയിലേറ്റാന്‍ നേരം ശരണം വിളിക്കാന്‍ ഗുരുസ്വാമി പറഞ്ഞതും അനുസരിച്ചില്ല. സന്നിധാനത്ത് എത്തി പതിനെട്ടാം പടി കയറുമ്പോഴും, നെയ്യഭിഷേകം കഴിക്കുമ്പൊഴും ഒന്നും ശരണം വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

മല ഇറങ്ങി ചാലക്കയത്തേക്കു നടക്കുകയാണ്. അവിടെയാണ് അന്നു ബസ്സ് സ്റ്റാന്‍ഡ്. പമ്പയിലേക്കു ബസ്സില്ല. റോഡിന്റെ ഒരു വശം കൊക്കയും, മറുവശം പൊക്കമുള്ള പര്‍വ്വതനിരയുമാണ്. നടന്നു നടന്നു കുറേ ദൂരം എത്തിയപ്പോള്‍ കൂട്ടുകാരേ കാണാനില്ല. താന്‍ മുമ്പിലായിപ്പോയിക്കാണും എന്നു വിചാരിച്ച് കുറച്ചുനേരം നിന്നു. കാണാനില്ല. പിന്നെവളരെ വേഗം നടന്നു--നേരം സന്ധ്യയായി. ഒറ്റയ്കും തറ്റയ്ക്കും വരുന്നവരേയും കാണാതായി. ആനയിറങ്ങുന്ന സമയമായി-വേഗം വേഗം എന്ന് ദൂരെനിന്നാ‍രോ വിളിച്ചുപറയുന്ന ശബ്ദം. പെട്ടെന്ന് ഇരുട്ട് വീണു. മുമ്പിലും പിന്‍പിലും ആരേയും കാണാനില്ല. കാട്neriyunതോ മലവെള്ളപ്പാച്ചിലോ--മുകളില്‍നിന്ന് കാട് മൊത്തം ഒരലര്‍ച്ചയോടെ താഴേക്കു വരുന്നു. ചെല്ലപ്പനാചാരി സപ്ത നാഡികളും തളര്‍ന്ന് സര്‍വ്വ ശക്തിയും എടുത്ത് അയ്യപ്പോ എന്നൊരു വിളി--കണ്ണടച്ചുകൊണ്ട്. കണ്ണു തുറന്നു. എന്താ ശബ്ദം--മന്ദ സ്വരത്തില്‍ അയ്യപ്പോ-സ്വാമിയേ-അയ്യപ്പോ- സ്വാമിയെ എന്നു വിളിച്ചുകൊണ്ട് ഒരു വയസ്സായ അയ്യപ്പന്‍ പുറകേ വരുന്നു. ചെല്ലപ്പനാചാരിയുടെ അടുത്തെത്തി അയാള്‍ ചൊദിച്ചു-എന്താ സ്വാമീ കൂട്ടുകാരെല്ലാം എവിടെ? ഒറ്റയ്ക്കായിപ്പോയോ. സാരമില്ല. ഞാനുമുണ്ട്. ശരണം വിളിച്ചുകൊണ്ട് നടന്നോളൂ.

അവര്‍ രണ്ടു പേരും കൂടി പതുക്കെ ശരണം വിളിച്ചുകൊണ്ട് നടന്നു. ചാലക്കയത്തെത്തി. സ്വാമിക്കെവിടാ പോകേണ്ടത്--ചെല്ലപ്പനാചാരി ചോദിച്ചു. ചെങ്ങന്നൂരിന് മരുപടി. ങാ എനിക്കും അങ്ങോട്ടാ പോകേണ്ടത്. വരൂ. അവര്‍ രണ്ടു പേരും ചെങ്ങന്നൂര്‍ ബസ്സില്‍ കയറി ഒരേ സീറ്റില്‍ ഇരുന്നു. രണ്ടു ചെങ്ങന്നൂര്‍-പൈസാ നീട്ടിക്കൊണ്ട് ചെല്ലപ്പനാചാരി കണ്ഡക്ടറോട് പറഞ്ഞു. ആരാ മറ്റേയാള്‍ കണ്ഡക്റ്റര്‍ തിരക്കി. ദേ ഇദ്ദേഹം-ഇടത്തുവശത്തേക്കു നോക്കിയ ചെല്ലപ്പനാചാരി സ്തബ്ധനായിപോയി--അവിടെ ആരുമില്ല. ഇതാ എന്റെ കൈയ്യിലേ രോമാഞ്ചം--സ്വാമി അയ്യപ്പന്‍ തന്നെ വന്ന് എന്നേ ബസ്സില്‍ കയറ്റി. ചെല്ലപ്പനാചാരി കഥ പറഞ്ഞു നിര്‍ത്തി. ദേ എനിക്കും കുളിരുകോരുന്നു.