കൂത്ത്-രണ്ട്

0
അപ്പൂപ്പോ ആ കൂത്തിന്റെ ബാക്കി പറയാമെന്നു പറഞ്ഞിട്ട്-ഉണ്ണിക്ക് കൂത്തു നന്നേ രസിച്ചെന്നു തോന്നുന്നു.

പറയാം മോനെ- കേട്ടോളൂ.

ചാക്യാര്‍ തുടര്‍ന്നു. ദൂതന്മാര്‍ മൂന്നു വിധമുണ്ട്. ഉത്തമന്‍ , മദ്ധ്യമന്‍ , അധമന്‍ . ഉത്തമനാണെങ്കില്‍, പോയകാര്യം ഭംഗിയായി സാധിച്ച്, അയച്ചയാളിനു ഗുണമുള്ള മറ്റേതെങ്കിലും കാ‍ര്യവും സാധിച്ചുവരും.

മദ്ധ്യമനാണെങ്കില്‍ പോയകാര്യം സാധിച്ചുവരും.

അധമനാണെങ്കില്‍ പോയകാര്യം സാധിക്കത്തില്ലെന്നു തന്നെയല്ല അതു മറ്റാര്‍ക്കും സാധിക്കാന്‍ വയ്യാത്ത വിധം കുളമാക്കിയിട്ടു വരും.

ഈ അധമന്മാര്‍ തന്നെ ആറു വിധമുണ്ട്.

ഒന്ന് പ്രശ്നവാദി. നമ്മള്‍ അയാളേ വിളിച്ച് ആലപ്പുഴ പോയി ഒരാളേ കാണണമെന്നു പറഞ്ഞെന്നു വയ്ക്കുക. ഉടനേ വരും ചോദ്യം-ഇപ്പപ്പോയാല്‍ അയാളവിടെ കാണുമോ.

നമ്മള്‍ പറയും പോയിനോക്ക്. ഉടനേവരും ഉത്തരം-

ഇപ്പോള്‍ ആലപ്പുഴയ്ക്കു ബസ്സില്ലല്ലോ--അല്ലെങ്കില്‍ ഇന്നു ഞായറഴ്ചയല്ലേ അങ്ങേരവിടെ കാണത്തില്ല-അങ്ങനെ എന്തെങ്കിലും പറഞ്ഞ് കാര്യം ഒഴിവാക്കും.

രണ്ടാമന്‍ ഗുരുവാണ്. നമ്മള്‍ പറയുന്നു-ഗോപലാ പോയി ആ ശിവനിങ്ങോട്ടു വരാന്‍ പറഞ്ഞേ. ഉടന്‍ ഗോപാലന്റെ മറുപടി. അയ്യേഇപ്പോഴാണോ പോകുന്നത്- അങ്ങേരു കുളിച്ചു കാണത്തില്ല. ഇപ്പോള്‍ ചെന്നാല്‍ അങ്ങേര്‍ക്കു പിടിക്കത്തില്ല. നമുക്ക് ഉച്ചതിരിഞ്ഞു പോകാം-ഇങ്ങനെ നമ്മള്‍ക്ക് ഉപദേശം തന്നുകൊണ്ടിരിക്കും. കാര്യം നടക്കത്തില്ല.

മൂന്നാമന്‍ സ്തംഭ മൂഢന്‍ --ചാക്യാ‍ര്‍ ഇതു പറഞ്ഞപ്പോള്‍ നമ്മടെ വേലാമ്പിള്ള ചാരിയിരുന്ന തൂണിന്റെ അടുത്തുനിന്ന് നിരങ്ങി എന്റടുത്തുള്ള തൂണിന്റടുത്തു വന്നിരുന്നു-

ചാക്യാര്‍ വേലാമ്പിള്ളയേ ചൂണ്ടി പറയുകയാണ്--ദേ ഇവന്റെകൂട്ട് ഒരു തൂണിന്റടുത്തുനിന്നു മാറി മറ്റേ തൂണിന്റെ ചുവട്ടിലിരിക്കാനല്ലാതെ ഒരു വസ്തുവിനു കൊള്ളത്തില്ല.

ഞാന്‍ വല്ലാതായി-പക്ഷേ വേലാ‍മ്പിള്ളയ്ക്കൊരു ഭാവഭേദവുമില്ല. ബാക്കി ഞാന്‍ പറയുന്നില്ല. ചാക്യാര്‍ അവസാനിപ്പിച്ചു.

ചാക്യാര്‍ക്ക് പറ്റിയ ഒരു അബദ്ധവും കൂടി പറഞ്ഞിട്ട് നമുക്ക് കൂത്ത് അവസാനിപ്പിക്കാം. തിരുവനന്തപുരത്ത് ഒരിക്കല്‍ കൂത്തു പറയുമ്പോള്‍ അന്നത്തേ രാജാവും കേള്‍വിക്കാരുടെ കൂടെ ഉണ്ടായിരുന്നു. രുഗ്മിണീസ്വയംവരത്തിന് പറ്റിയ വരന്മാരേ കണ്ടുപിടിക്കാന്‍ അയച്ച ദൂതന്മാര്‍ വന്ന് ആള്‍ക്കാരേക്കുറിച്ചുള്ള വിവരണമാണ്. ഒരുത്തന്‍ അതിസുന്ദരന്‍ , പക്ഷേ മുടന്തനാണ്. വേറൊരുത്തന്‍ സുന്ദരനാണ്, പക്ഷേ പറഞ്ഞിട്ടെന്താകാര്യം ഒരു കണ്ണേയുള്ളൂ. മറ്റൊരുത്തന്‍ എല്ലാംകൊണ്ടും യോഗ്യന്‍ പക്ഷേ അല്പം പൂച്ചക്കണ്ണ്--ദേ ഇതുപോലെ--എന്നു പറഞ്ഞു ചൂണ്ടിയത് രാജാവിന്റെ നേരേ. രാജാവിന് അല്പം പൂച്ചക്കണ്ണുണ്ടെന്നു കൂട്ടിക്കോളൂ.

രാജാവ് പെട്ടെന്ന് എഴുനേറ്റ് സ്ഥലംവിട്ടു.

കിണിതെറ്റിയെന്ന് ചാക്ക്യാര്‍ക്ക് മനസ്സിലായി. ചാക്യാര്‍ മുടി എടുക്കാതെ കുറേനാള്‍ നടന്നു. രാജഭടന്മാര്‍ പിടികൂടാന്‍ തക്കം നോക്കിനടന്നു. ഒരു ദിവസം ചാക്യാര്‍ കുളിക്കുന്ന തക്കം നൊക്കി ചാക്യാരേ പിടികൂടി രാജാവിന്റെ മുന്നിലെത്തിച്ചു.

പുഛഭാവത്തില്‍ ഒരു ചിരിയോടെ രാജാവു ചോദിച്ചു.

“ഇപ്പോഴോ’ ഉടന്‍ ചാക്യാരുടെ ഉത്തരം

“പൂച്ചക്കണ്ണു കണ്ട എലിയേപ്പോലെആയേ”. ഒരു നിമിഷം സ്തംഭിച്ചു പോയ രാജാ‍വ് ആ പ്രതിഭയുടെ മുമ്പില്‍ തലകുനിച്ചു, വീരശൃഖല കൊടുത്താണ് വിട്ടത്.

കൂത്ത്

0
മക്കളെ നിങ്ങള്‍ കൂത്ത് കേട്ടിട്ടുണ്ടോ. നമ്മള്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലിനേക്കുറിച്ചു പറഞ്ഞല്ലോ. തുള്ളല്‍ പ്രസ്ഥാനം ആരംഭിക്കാന്‍ കാരണം കൂത്താണെന്നു വേണമെങ്കില്‍ പറയാം. കൂത്തു പറയുന്ന ആളിന് ചക്യാരെന്നാണ് പേര്. സംസ്കൃതത്തില്‍ പാണ്ഡിത്യം, അഭിനയ ചാതുര്യം, ഹാസ്യാഭിനയപാടവം, പ്രതിഭ, സൂക്ഷ്മമായ നിരീക്ഷണ പാടവം , ഇതെല്ലാം തികഞ്ഞ ആളിനുമാത്രമേ കൂത്തില്‍ ശോഭിക്കാന്‍ സാധിക്കൂ. കൂത്തിന്റെ വേദിയില്‍ ഒരു സ്റ്റൂളും, ഒരു മിഴാവും--നമ്മുടെ ഉപ്പുമാങ്ങാഭരണിപോലിരിക്കും--ചാക്യാരും, നമ്പ്യാര്‍ അല്ലെങ്കില്‍ നങ്ങ്യാര്‍ ഇതില്‍ ഒരാളും മാത്രമേ സാധാരണയായി കാണുകയുള്ളൂ. നിലവിളക്ക് കൊളുത്തി വച്ചിരിക്കും. ചാക്യാര്‍ക്ക് കിരീടമുണ്ട്. ദേഹം മുഴുവന്‍ ഭസ്മം, നെറ്റിയില്‍ ഭസ്മവും ചന്ദനവും, മഷി എഴുതിയ കണ്ണ് ഇതൊക്കെ ചാക്യാരുടെ പ്രത്യേകതകളാണ്. വേഷത്തിലുള്ള ചാക്യാര്‍ക്ക് ആരേയും എന്തും പറയാം. ശിക്ഷിക്കാന്‍ രാജാവിനുപോലും അധികാരമില്ല. ഇതൊക്കെ മുഖവുര.

അപ്പൂപ്പന്‍ കണ്ട ഒരു കൂത്തിന്റെ കാര്യം പറയാം. നമ്മുടെ വേലാമ്പിള്ളയാണ് എന്നേ കൂത്തുകാണാന്‍ കൊണ്ടുപോയത്. ഉത്സവം, വഞ്ചിപ്പാട്ട്, പ്രഥമന്‍ ഇവയുടെ ആശാനാണല്ലോ അദ്ദേഹം. എന്നേ നിര്‍ബ്ബന്ധിച്ച് കൊണ്ടുപോയി കൂത്തമ്പലത്തില്‍ ഒരു ഭാഗത്തിരുത്തിയശേഷം അദ്ദേഹം തന്റെ സ്ഥാനമായ, മണ്ഡപത്തിലേ ഒരു തൂണില്‍ ചാരി ഇരുന്നു. വേഷവിധാനന്നളൊടുകൂടി ചാക്യാര്‍ വന്നു.

തലമുടി കോതിക്കൊണ്ടാണു വരവ്-സ്ത്രീകള്‍ കോതുന്നതുപോലെ. തല ഒരുവശത്തേക്ക് ചരിച്ച് രണ്ടു കൈകള്‍ കൊണ്ടും ഗംഭീര കോതല്‍.

അപ്പൂപ്പനല്ലേ പറഞ്ഞത് ചാക്യാര്‍ കിരീടം വച്ചാ വരുന്നതെന്ന്--ശ്യാം ഇടപെട്ടു. പിന്നെങ്ങനാ തലമുടി കോതുന്നത്.

അല്ലെന്നാരു പറഞ്ഞു. എടാ ചാക്യാര്‍ക്കു തലമുടിയും ഒന്നും ഇല്ല. അതാണഭിനയം. ശരിക്കു തലമുടി കോതുന്നെന്ന് നമുക്കു തോന്നും. കേള്‍ക്ക്. കോതിക്കോതി അങ്ങോട്ടുമിങ്ങോട്ടും നടന്ന് കൈയ്യില്‍ പറ്റിയിരിക്കുന്ന തലമുടി തള്ളവിരല്‍കൊണ്ട്, മറ്റു വിരലുകളുടെ അറ്റത്താക്കി എല്ലാ‍വിരലുകളുടേയും സഹായത്തോടെ അതൊരു ഉണ്ടയാക്കി ചൂണ്ടു വിരലിന്റെ അറ്റത്തുവച്ചു. എന്നിട്ട് സദസ്സിലേക്കു നോക്കി മുമ്പിലിരുന്ന ഒരാളുടെ മുഖത്തേക്ക് തള്ളവിരല്‍ കൊണ്ട് ഒറ്റ തെറ്റിക്കല്‍. അയാള്‍ തല വെട്ടിത്തിരിച്ചു.

ആദ്യമായി കൂത്തു കാണുന്ന ഞാന്‍ ഒന്നു ചിരിച്ചു. അത് ഉറക്കെയായി പോയെന്നു പറയേണ്ടതില്ലല്ലോ. ചാക്യാ‍ര്‍ എന്നേ രൂക്ഷമായൊന്നു നോക്കിയ ശേഷം അവിടെ ഇട്ടിരുന്ന സ്റ്റൂളില്‍ ഇരുന്നു.

മുറുക്കുവാനുള്ള ഭാവമാണ്. ഒരു വെറ്റില എടുക്കുന്നു. ശ്രദ്ധയോടെ ഇടത്തുകൈ മലര്‍ത്തിപിടിച്ച് അതില്‍ വച്ച് സാവധാനത്തില്‍ അതിന്റെ ഞരമ്പു കളയുന്നു. ഇടയ്ക്കു നഖത്തിന്റെ ഇടയില്‍ കയറിപ്പോയ ഞരമ്പ് തള്ളവിരല്‍ കൊണ്ട് തൂത്തെടുത്ത് കളയുന്നു. ചുണ്ണാമ്പ് അണിവിരലിന്റെ അറ്റം കൊണ്ടെടുത്ത് വെറ്റിലയില്‍ സാവധാനത്തില്‍ തേയ്ക്കുന്നു. ബാക്കിവന്ന ചുണ്ണാമ്പ് ഇരിക്കുന്ന സ്റ്റൂളിന്റെ അടിയില്‍ പുരട്ടി ആ വിരല്‍ തലയിലും തൂക്കുന്നു. വെറ്റില ഭദ്രമായി മടക്കി വായില്‍ വയ്ക്കുന്നു. വെട്ടി വെച്ചിരുന്ന പാക്കെടുത്ത് ഇടതു കൈ വെള്ളയില്‍ വച്ച് ഊതിയ ശേഷം വായിലിടുന്നു. നല്ലപോലെ ചവയ്ക്കുന്നുമുണ്ട്. പുകയില എടുത്ത്, എഴുനേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

തുപ്പാനുള്ള സ്ഥലം നോക്കുകയാണ്. അവസാനം രണ്ടു വിരല്‍ ചുണ്ടില്‍ ചേര്‍ത്തുവച്ച് മുമ്പില്‍ ഇതെല്ലാം കണ്ട് വായും പൊളിച്ചിരുന്ന വിദ്വാന്റെ നേരേ ഒരു തുപ്പ്.

ഹ: എന്നും പറഞ്ഞ് അയാള്‍ പിന്നിലേക്കു മറിഞ്ഞു. ഇരിപ്പ് നിലത്തായതുകൊണ്ട് ഒന്നും പറ്റിയില്ല. മുഖം തുടച്ചുകൊണ്ടയാള്‍ എഴുനേറ്റിരുന്നു. കൈയ്യില്‍ നോക്കി-ഒന്നുമില്ല--ഒരു ചമ്മിയ മുഖത്തോടെ അയാള്‍ ഇരുന്നു. ഞാന്‍ ചിരി അമര്‍ത്തി. പക്ഷേ അതും ചാക്യാര്‍ കണ്ടു. ഒന്നു തലയാട്ടി.

ച്ഛേ-ഇങ്ങനെ മനുഷ്യന്റെ മുഖത്തു തുപ്പുന്ന കലയാണോ ഈ കൂത്ത്. ചുണ്ണാമ്പും അളിച്ച് സ്റ്റൂളില്‍ തേച്ച്-രാംകുട്ടന് രോഷം സഹിക്കുന്നില്ല.

എടാ മോനേ അവിടെ വെറ്റിലയും പാക്കും പോലയും ഒന്നുമില്ല. എല്ലാം ഉണ്ടെന്നു നമുക്കു തോന്നും വിധമുള്ള അഭിനയം മാത്രം. തുപ്പിയെന്നുള്ളതും നമുക്കു തോന്നും വിധം ചെയ്തു.

ചാക്യാര്‍ എഴുനേറ്റു. ചക്യാന്മാരുടെ ആ പ്രത്യേക ഈണത്തില്‍ ചൊല്ലി
ശ്രീപതിം പ്രണിപത്യാഹം
ശ്രീവത്സാങ്കിത വക്ഷസം
ശ്രീരാമോദന്തമാഖ്യാസ്സ്യേ
ശ്രീവാത്മീകി പ്രകീര്‍ത്തിതം. അങ്ങിനെ-

അദ്ദേഹം തുടര്‍ന്നു- ശ്രീ വാത്മീകിയാല്‍ പ്രകീര്‍ത്തിതമായിരിക്കുന്ന--ശ്രീരാമോദന്തം- അതായത് ശ്രീ രാമന്റെ കഥ ശ്രീവത്സാങ്കിത വക്ഷസ്സായിരിക്കുന്ന ശ്രീപതിയേ നമസ്കരിച്ചുകൊണ്ട് -ഞാന്‍ പറയുന്നു.

സീതയേ രാ‍വണന്‍ തട്ടിക്കൊണ്ടു പോയിക്കഴിഞ്ഞ് സുഗ്രീവനുമായി സഖ്യം ചെയ്ത് വാനരന്മാരേ സീതാന്വേഷണത്തിനയച്ചതില്‍- തെക്കോട്ടു പോയ കൂട്ടര്‍ സമ്പാതിയുടെ ഉപദേശം അനുസരിച്ച് കടല്‍ കടക്കാനുള്ള ഉപായം ആലോചിക്കാന്‍ കൂടി ഇരിക്കുകയാണ്.

സദസ്സിലേക്കു നോക്കി ചാക്യാര്‍--അല്ലാ എല്ലാവരും എത്തിയില്ലേ. സദസ്യരേ സൂക്ഷിച്ചുനോക്കികൊണ്ട്-നീലന്‍ , നളന്‍ , ഗവയന്‍ , ഗവാക്ഷന്‍ ഒക്കെയുണ്ടല്ലോ. എവിടെ നമ്മുടെ ജാംബവാന്‍ -പുള്ളി സമയത്ത് എത്താറുണ്ടല്ലോ --

ഈ സമയത്ത് നമ്മുടെ കേശവക്കുറുപ്പ് വൈദ്യന്‍ ഒരോലക്കുടയും പിടിച്ച് അവിടെ എത്തി. നാട്ടിലേ പ്രമാണിയായ വൈദ്യനാ‍ണ്. ഒരുപാടു പ്രത്യേകതകളുള്ള ആളാണ്. മെതിയടി ഇട്ടേ നടക്കൂ. അതുകൊണ്ട് വരമ്പിലുള്ള മട ചാടിക്കടക്കുന്നത് കാണേണ്ട കാഴ്ച്ചയാണ്. ഷര്‍ട്ട് ഇടുകയില്ല. പകരം ഒരു തോര്‍ത്ത് രണ്ടായി മടക്കി നടുഭാഗത്ത് തല കടക്കാവുന്ന അത്രയും ഭാഗം മുറിച്ചുമാറ്റി സൂചിയും നൂലും കൊണ്ട് മുറിച്ചിടം നൂലു വെളിയില്‍ വരാതെ തയ്ക്കും. അത് തലയില്‍ കൂടി ഇട്ട് അതിന്റെ പുറത്തുകൂടി മുണ്ടുടുത്താല്‍ ബനിയനിട്ടപോലെ ഇരിക്കും. അതാണ് വേഷം. അദ്ദേഹത്തിന്റെ അംഗീകരിക്കപ്പെട്ട വേഷമായതുകൊണ്ട് ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. അഥവാ ഉണ്ടെങ്കിലും അത് അദ്ദേഹത്തിനു കാര്യമല്ല. അന്ന് വയസ്സ് അറുപതു കഴിഞ്ഞിട്ടുണ്ട്.

ഇദ്ദേഹം അകത്തേക്കു പ്രവേശിച്ചപ്പോള്‍

ചാക്യാര്‍-ഹാ വന്നല്ലോ ജാംബവാന്‍ . എവിടാരുന്നു. വയസ്സായി കണ്ണുകാണത്തില്ലെങ്കില്‍ കുറേ നേരത്തേ ഇറങ്ങരുതോ. ആരേയാണ് നമുക്ക് ലങ്കയിലേക്ക് വിടേണ്ടത്.

ഇത്രയുമായപ്പോള്‍ എനിക്കു ചിരി പൊട്ടിപോയി.

എഴുനേല്‍ക്കെടാ-എന്നേ നോക്കി ചാക്യാര്‍ ഒരലര്‍ച്ച.

ഞാനറിയതെ എഴുനേറ്റു പോയി. ഒരു കൂട്ടച്ചിരി മുഴങ്ങി. വേലാമ്പിള്ള തിരിഞ്ഞു നോക്കി എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. വളിച്ചു പുളിച്ച് ഞാനിരുന്നു. എത്ര യോജന ചാടാം-പത്തോ പുച്ഛസ്വരത്തില്‍ ചാ‍ക്യാര്‍ എന്നേ നോക്കി തുടരുകയാണ്. നിന്റെ നിഗളിപ്പു കണ്ട് ഞാന്‍ വിചാരിച്ചു നീ ഇപ്പോള്‍ ലങ്കയില്‍ പോയി സീതയേ കൊണ്ടുവരുമെന്ന്. കൊരങ്ങന്‍ .

വേറേ ആരുണ്ട് -എടോ-ചാക്യാര്‍ കൈ കൊട്ടി ഒരാളേ വിളിച്ചു. തനിക്കെത്ര ചാടാം. അമ്പതോ--അയാള്‍ ഒരു ഭാവഭേദവും കൂടാ‍തിരിക്കുകയാണ്.

വേറെ ആരുണ്ട്-അറുപതൊ-എടോ തൊണ്ണൂറ്റി ഒന്‍പതു ചാടിയാലും വെള്ളത്തില്‍ കിടക്കത്തേയുള്ളൂ. തന്റെയൊരറുപത്.

ദേ വരുന്നല്ലോ ഒരു കൊരങ്ങന്‍ . ഹയ്യട-- ഭാവം കണ്ടാല്‍ അങ്ങേരുടെ തലയില്‍കൂടാണ് ഈ സംസ്ഥാനത്തിന്റെ ഭരണചക്രം തിരിയുന്നതെന്നു തോന്നും. ഒരിക്കലും - ഒരിക്കലും-സമയത്തു വരികയില്ല. ഇവിടെ ശ്രീരാമചന്ദ്രന്റെ ഭാര്യ സീതാദേവിയേ അന്വേഷിച്ച് ഓരോരുത്തര്‍ തല പുകയ്ക്കുന്നു.

ആരാ അപ്പൂപ്പാ ആ വന്നത് ആതിര ചോദിച്ചു.

അതോ അത് സ്ഥലത്തേ തഹസീല്‍ദാര്‍--കസവു വേഷ്ടിയും, മല്‍മല്‍ ജൂബ്ബയുംധരിച്ച്, പുളിയിലക്കരയന്‍ നേര്യതും കഴുത്തില്‍ ചുറ്റി പാവം ഉത്സവം കാണാന്‍ ഇറങ്ങിയതാണ്. ഏതായാലും എന്റെ ചമ്മലൊക്കെ പോയി. ബാക്കി ഭാഗങ്ങള്‍ ഞാനും ഭംഗിയായി ആസ്വദിച്ചു. അതു പിന്നെ.

പുറങ്ങാടി

0
പണ്ട് രാജാക്കന്മാര്‍ക്ക് വിദൂഷകന്മാര്‍ എന്ന് പേരുള്ള നര്‍മ്മ സചിവന്മാര്‍ ഉണ്ടായിരുന്നു. രാജാവിനേ തമാശ പറഞ്ഞ് രസിപ്പിക്കുകയാണ് അവരുടെ ജോലി. അവര്‍ക്ക് രാജാവിനോട് എന്തും പറയാം. അവര്‍ക്കു മത്രമേ അതിനുള്ള അധികാരമുള്ളൂ താനും. ദുഷ്യന്തന്റെ നര്‍മ്മ സചിവനായിരുന്നു മാഢവ്യന്‍ . ശകുന്തളയുമായുള്ള ലൈന്‍ മനസ്സിലാ‍ക്കിയ മാഢവ്യനോട്
സ്മരകഥകളറിയാ‍ത മാ‍ന്‍കിടാങ്ങള്‍-
ക്കരികില്‍ വളര്‍ന്നവളോടു ചേരുമോ ഞാന്‍
അരുളി കളിവചസ്സു തോഴരേ ഞാന്‍
കരുതരുതായതു കാര്യമായ് ഭവാ‍നും--എന്നു പറഞ്ഞിട്ട്,

ഈ കാര്യമൊന്നും നാട്ടില്‍ ചെന്ന് എഴുന്നെള്ളിച്ചേക്കരുതെന്നും പറയുന്നുണ്ട്. അവരെ എല്ലാവര്‍ക്കും ഒരു തരത്തില്‍ പേടിയാണ്. സര്‍ക്കസ്സിലേ കോമാളീ. സിനിമയിലേ ഹാ‍സ്യനടന്മാര്‍, ചാക്യാര്‍-ഇവരൊക്കെ അതിബുദ്ധിമാന്മാരും അവരുടെ ജോലിക്കിടയില്‍ ആരേയും എന്തും പറയാന്‍ അധികാരമുള്ളവരുമാണ്. നാട്ടിന്‍പുറത്ത് പണ്ട് അങ്ങിനെ ഒരു വിഭാഗമുണ്ടായിരുന്നു. അവരാണ് പുറങ്ങാടി.

ങാ എനിക്കറിയാം ഒറ്റപ്പുറങ്ങാടി-ആതിര പറഞ്ഞു.

പോടീ അത് ഒരു വശം വാടി വീഴുന്ന മാങ്ങയ്ക്ക് ഒറ്റപ്പുറംവാടി, എന്നതിനു നീയൊക്കെ വിവരമില്ലാതെ പറയുന്നതാ-കിട്ടുവിന്റെ കമന്റ്.

മക്കളേ പുറങ്ങാടി എന്നത് ഒരു വിഭാഗമാണ്. ഓണത്തിനും, ഉത്സവത്തിനും ഒക്കെ ഘോഷയാത്രയോടൊപ്പം അവര്‍ ഉണ്ടായിരിക്കും. തണുങ്ങും ഒക്കെ വച്ചുകെട്ടി അവരുടെ വേഷം തന്നെ ബഹുരസമായിരിക്കും. അവരുടെ പ്രതിഭ-അതായത് പ്രത്യുല്‍പ്പന്നമതിത്വം-അതായത് ഉരുളക്കുപ്പേരിപോലെ-വടി പിടിച്ചു വാങ്ങിച്ച് അടി കൊടുക്കുന്നതു പോലെ മറുപടി പറയാനുള്ള കഴിവിനേക്കുറിച്ച് വളരെ ഉദാഹരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ.

പണ്ട് മൈസ്രേട്ട്--ഇംഗ്ലീഷുകാര്‍ ക്ഷമിക്കുക--ബഞ്ച് കൂടുന്നത് ഓരോ സ്ഥലങ്ങളിലാണ്. അദ്ദേഹം ഇരിക്കുന്നിടം ആണല്ലോ കോടതി-അന്നും, ഇന്നും. കസേരയും, മുക്കാലിയും വടിയും പോലീസും എല്ലാമായി അദ്ദേഹം ഓരോ പഞ്ചായത്തിലും പോകണം പോലും. രാജ ഭരണമല്ലേ.

അങ്ങിനെ ഒരു ദിവസം കോത്താഴം പഞ്ചായത്തില്‍ എത്തി. കേസുകള്‍ വന്നു. വിചാരണ തുടങ്ങി. അന്നത്തേ ഒരു പുറങ്ങാടി ഇതെല്ലാം കണ്ട് രസിച്ചു നില്‍ക്കുന്നുണ്ട്.

ഈ മൈസ്രേട്ടിന്റെ ജോലി ബഹു രസമാനല്ലോ-അയാള്‍ വിചാരിച്ചു. ആജ്ഞാപിച്ചാ‍ല്‍ മാത്രം മതി. അനുസരിക്കാന്‍ എത്ര പേര്‍.

ഇങ്ങനെ വിചാരിച്ചുകൊണ്ടു നിന്നപ്പോള്‍ വിചാരണ കഴിഞ്ഞ് വിശ്രമത്തിനായി മൈസ്രേട്ടേമാന്‍ അടുത്ത വീട്ടിലേക്കു പോയി.

നമ്മുടെ പുറങ്ങാടി ഒറ്റച്ചാട്ടത്തിന് മൈസ്രേട്ടിന്റെ കസേരയില്‍ എത്തി. അവിടെ ഇരുന്ന് വിചാരണ തുടങ്ങി. എടോ മുന്നൂറ്റിപ്പതിനെട്ടെ--പ്രതി എവിടെ--ശരി അവനു മുക്കാലില്‍കെട്ടി പന്ത്രണ്ടടി കൊടുക്കട്ടെ--മറ്റവന്‍ വന്നില്ലേ-കൊണ്ടുവാ അവനേ-ഇങ്ങനെ ഗംഭീരമായി കോടതി നടത്തുന്നതു കാണാന്‍ ആളുകളും കൂടി. വാശി കൂടി-- എവിടെ പോയിക്കിടക്കുവാ ഇവന്മാര്‍--

എന്നു ചോദിച്ചുകൊണ്ടു നോക്കിയത് മൈസ്രേട്ടിന്റെ മുഖത്തേക്കാണ്. അദ്ദേഹത്തിന്റെ മുഖം കോപംകൊണ്ടു ചുവന്നു.

ആരാണിവന്‍ -ഇവനേ പിടിച്ച് മുക്കാലില്‍കെട്ടി പന്ത്രണ്ടടി കൊടുക്കട്ടെ-മൈസ്രേട്ട് വിധിച്ചു. സംഗതി ഉടന്‍ തന്നെ നടപ്പായി. പുറങ്ങാടിയേ പിടിച്ച് മുക്കാലില്‍ കെട്ടി. ജോറായി പന്ത്രണ്ടടി.

അടി കഴിഞ്ഞ് അഴിച്ചു വിട്ട പുറങ്ങാടി പറഞ്ഞതെന്താ‍ണെന്നറിയാമോ--“എന്റെ പറശ്ശിനി മുത്തപ്പാ, അര നാഴികനേരം മൈസ്രേട്ടുദ്യോഗം ഭരിച്ച എന്റെ നടുവ് തല്ലിപ്പൊളിച്ചു. ജീവിതകാലം മുഴുവന്‍ ഇതുകൊണ്ടു നടക്കുന്ന ഈ എന്ധ്യാനികളുടെ നടുവ് മുഴുവന്‍ തഴമ്പാരിക്കും. നമുക്കീ പണി വേണ്ടേ വേണ്ടാ.”

മൈസ്രേട്ടും പാര്‍ട്ടിയും നാണിച്ചു സ്ഥലം വിട്ടെന്നു കഥ.

ഒരിക്കല്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെക്ക് എഴുന്നെള്ളുകയാണ്. വഴിയിലൊരു പുറങ്ങാടി മുമ്പില്‍ വന്നുപെട്ടു. രാജഭടന്മാര്‍ അവനേ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ അവന്‍ രാജാവിനോടു വിളിച്ചു പറഞ്ഞു--അമ്മാവനേ കണ്ടാല്‍ ഒരു ബഹുമാനവുമില്ലേ. അങ്ങു വന്നേരെ.--ഭടന്മാര്‍ അവനേ വലിച്ചു മാറ്റി. രാജാവ് അവ്ന്റെ തല ആനയേക്കൊണ്ടു തട്ടിക്കാന്‍ കല്പനയും കൊടുത്തു.

വൈകുന്നേരം വലിയ കുഴി കുഴിച്ച് അതില്‍ പുറങ്ങാടിയേ നിര്‍ത്തി-കഴുത്തു വരെ മൂടിയ ശേഷം തല മാത്രം ഒരു പന്തു പോലെ മുകളില്‍ കാണും . അത് ആനയേക്കൊണ്ടു തട്ടി തെറിപ്പിക്കുന്ന പരിപാടിയാണ് നടക്കാന്‍ പോകുന്നത്. പതിവുപോലെ മരിക്കാന്‍ പോകുന്നവന് അന്തിമാഭിലാഷം എന്താണെന്ന് രാജാവു ചോദിക്കും. അതിനുത്തരം കഴിഞ്ഞേ ശിക്ഷ നടപ്പാക്കൂ.
രാജ പ്രതിനിധി:-( പുറങ്ങാടിയോട്) മരിക്കുന്നതിനു മുന്‍പ് നിനക്കെന്തെങ്കിലും ആഗ്രഹമുണ്ടോ?
പുറങ്ങാടി:- ഉണ്ണിയോടു പറയൂ. പൊന്നു തമ്പുരാന്‍ നാടുനീങ്ങാന്‍ പോകുന്നു. അവസാനമായി ഉണ്ണി
യേ ഒന്നു കാണണം എന്ന്.
ഇതില്‍ പൊന്നു തമ്പുരാന്‍ പുറങ്ങാടിയും, ഉണ്ണി രാജാവും ആണെന്നു മനസ്സിലായില്ലേ. ഈവിവരം അറിഞ്ഞ രാജാവ് “ ഹല്ലേ അതു പുറങ്ങാടിയായിരുന്നോ“ എന്നു ചോദിച്ചു.

പുറങ്ങാടിയേ വെറുതേ വിട്ടെന്നു മാത്രമല്ല-ഈ വിപദി ധൈര്യത്തിന് വീര്യ ശ്രംഖലയും കൊടുത്തു.

അപ്പൂപ്പന്റെ കൊച്ചിലേ വീട്ടില്‍ ഒരു പുറങ്ങാടി വന്നു. കാര്‍ത്തിക ഉത്സവം പ്രമാണിച്ചോ മറ്റോ ആണ്. കൂടെ ഒരു പറ്റം പിള്ളാരും ഉണ്ട്. അമ്മ പുറങ്ങാടിക്കു കൊടുക്കാ‍ന്‍ നാലണ-ഇന്നത്തേ ഇരുപത്തഞ്ചു പൈസക്ക് അന്നത്തേ പേരാണ്--എടുത്തു കൊണ്ടുവന്ന് കതകു തുറന്നപ്പോള്‍ നേരെ നില്‍ക്കുന്ന പുറങ്ങാടിയേക്കണ്ട് ഒരുവശത്തെക്കു മാറി--

ഉടന്‍ പുറങ്ങാടിയുടെ പാട്ട് “നാണിച്ചു മാറി ഒളിച്ചൊരുത്തി”.

ആ പൈസ അമ്മയുടെ കൈയ്യില്‍നിന്ന് വാങ്ങിച്ച് ജാനകി ചേച്ചി പുറങ്ങാടിക്കു കൊടുത്തു.

ഉടന്‍ അടുത്ത പാട്ട്”നാണം കൂടാതെ പൊലിച്ചൊരുത്തി”. ഇതൊക്കീ ഇന്‍സ്റ്റന്റ് പാട്ടുകളാണ്. സധാരണ പാട്ടുകള്‍ “കൊതികിന്റെ മൂക്കിലൊരാന പോയി--കളിയല്ല ചെങ്ങാതീ ഞാനും കണ്ടേ--ഗോപുരം തിങ്ങി രണ്ടീച്ച പോയി--കളിയല്ല ചെങ്ങാതീ ഞാനും കണ്ടേ” എന്നരീതിയിലുള്ളതാണ്. ഇപ്പോള്‍ ഇങ്ങനെയുള്ള ആള്‍ക്കാ‍രേ കാണാനില്ല.

വീരഭദ്രന്‍-

0
പരമശിവനും ഭാര്യ സതീദേവിയുംകൂടി ഒരു ദിവസം നടക്കാനിറങ്ങി.

അതിനു പരമശിവന്റെ ഭാര്യ പാര്‍വ്വതീദേവിയല്ലേ--ആതിര അങ്ങിനെ വിടത്തില്ല.

അതെ മക്കളേ -പക്ഷേ അതിനു മുമ്പ് സതീദേവിയായിരുന്നു. ദക്ഷപ്രജാപതിയുടെ മകള്‍. അന്നത്തേ കാര്യമാണ്.

അങ്ങിനെ കാട്ടില്‍ കൂടെ നടക്കുമ്പോള്‍ പരമശിവന്‍പെട്ടെന്നു നിന്നു. അങ്ങോട്ടു പോകണ്ടാ-അദ്ദേഹം പറഞ്ഞു.

അതെന്താ? ദേവി ചോദിച്ചു.

അവിടെ ശ്രീരാമചന്ദ്രനും, ലക്ഷ്മണനും കൂടി സീതാദേവിയേ തിരഞ്ഞു നടക്കുകയാണ്.

അതിനു നമുക്കെന്തോവേണം. അവര്‍ ഇവിടെ നടക്കുന്നതുകൊണ്ട് നമുക്ക്പോകേണ്ടെടത്ത് പോകെണ്ടായോ. ഹതു കൊള്ളാം.

അല്ല ദേവീ അവതാര പുരുഷന്മാര്‍, അവതാരോദ്ദേശം നിറവേറ്റാന്‍ വേണ്ടി ഓരോ കാര്യങ്ങള്‍ അനുഷ്ടിക്കുമ്പോള്‍ നാം ചെന്ന് ബുദ്ധിമുട്ടിക്കാന്‍ പാടില്ല. അങ്ങോട്ടു പോകണ്ടാ.

ദേവിക്ക് എന്തോ അതത്ര പിടിച്ചില്ല. ഈ ശ്രീരാമന്‍ അവതാര പുരുഷനാണൊ എന്ന് എങ്ങിനെ അറിയാം. ഏതായാലും ഞാനൊന്നു പരീക്ഷിക്കാന്‍ പോവാ. ദേവി അപ്രത്യക്ഷയായി. സീതാദേവിയുടെ വേഷം ധരിച്ച് ദേവി ശ്രീരാമചന്ദ്രന്റെ മുമ്പില്‍ ചെന്നു. സീതയേ അന്വേഷിച്ചു നടക്കുകയല്ലേ. ഇപ്പഴറിയാം അവതാരപുരുഷന്റെ പൂച്ച്.

ദേ ജ്യേഷ്ടത്തി--ലക്ഷ്മണന്‍ വിളിച്ചു പറഞ്ഞു.

ശ്രീരാമന്‍ നോക്കി. സീതയുടെ വേഷത്തില്‍ ഒരാള്‍. അദ്ദേഹം തൊഴുകൈയ്യോടെ അവരുടെ അടുത്തെത്തി. അമ്മേ നമസ്കാരം- മഹാദേവനു സുഖമാണോ. ഞാന്‍ അന്വേഷിച്ചതായി പറയണേ-എന്നു പറഞ്ഞു.

ലജ്ജകൊണ്ടു കുനിഞ്ഞമുഖവുമായി ദേവി ശ്രീപരമേശ്വരന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു--എന്താ ഒരു ചമ്മല്‍ പോലെ-

ഓ ഒന്നുമില്ല ദേവി പറഞ്ഞു. ശ്രീരാമചന്ദ്രനേ കണ്ടോ അദ്ദേഹം അന്വേഷിച്ചു.

കണ്ടു-ദേവി പറഞ്ഞു.

അദ്ദെഹം എന്തു പറഞ്ഞു. വീണ്ടും അദ്ദേഹം ചോദിച്ചു.

അമ്മേ നമസ്കാരം- മഹാദേവനു സുഖമാണോ. ഞാന്‍ അന്വേഷിച്ചതായി പറയണേ-എന്നു പറഞ്ഞു.

മഹാദേവന്‍ പെട്ടെന്ന് കൈകള്‍ കൂപ്പി അമ്മേ പ്രണാമം എന്നു പറഞ്ഞു.

ഇതെന്തു തമാശ അവര്‍ചോദിച്ചു.

ശ്രീരാമചന്ദ്രന്‍ അമ്മേ എന്നു വിളിച്ച ആള്‍ ത്രിമൂര്‍ത്തികള്‍ക്കും അമ്മയാണ്. ഇനി അവിടുത്തേ സ്ഥാനം അമ്മയുടേതായിരിക്കും. പരമേശ്വരന്‍ അറിയിച്ചു. പോരേ പുലിവാല്‍.

അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ദക്ഷപ്രജാപതി കൈലാസത്തില്‍ എത്തി. ധ്യാനനിമഗ്നനായിരുന്ന പരമശിവന്‍ അറിഞ്ഞില്ല.

ഹും-അമ്മായിഅപ്പന്‍ വന്നിട്ട് ഒരു ബഹുമാനവുമില്ല. ദക്ഷന്‍ കോപിച്ച് സ്ഥലംവിട്ടു.

ദക്ഷന്‍ ഒരു യാഗം നടത്തുകയാണ്. എല്ലാ ദേവതകളേയും ക്ഷണിച്ചു-മരുമകനേ ഒഴിച്ച്.

അപ്പോള്‍ നമുക്കു മാത്രമല്ല കുശുമ്പും കുന്നായ്മയും--ശ്യാം പറഞ്ഞു.

നമ്മളെത്ര ഭേദം. അച്ഛനേ ചീത്തപറഞ്ഞ ഒരാ‍ളെ അപ്പച്ചിയുടെ കല്യാണത്തിന് വിളിക്കുന്നത് ഞാന്‍ കണ്ടതാണ്.

മോനേ ഈ ദേവന്മാര്‍ കാണിക്കുന്നത് കണ്ടാണ് മിക്കവാറും എല്ലാ തോന്ന്യവാസങ്ങളും ഇവിടെ അരങ്ങേറുന്നത്. ഇപ്പോള്‍ അവര്‍ സീരിയലുകളുടേയും ,സിനിമയുടേയും രൂപത്തിലാണ് വരുന്നതെന്നുമാ‍ത്രം. കാമരൂപികളല്ലേ. ഏതു രൂപത്തിലും അവര്‍ക്ക് മനുഷ്യരേ പറ്റിക്കാം-പറ്റാന്‍ നമ്മളിരുന്നു കൊടുത്താല്‍.

അങ്ങനെ ദക്ഷന്‍ യാഗം തുടങ്ങി. സതീദേവിക്കു യാഗത്തിനു പോകണം. പോകുന്നതു കൊള്ളാം. വേണ്ട എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഞാനുത്തരവാദിയായിരിക്കുന്നതല്ല. പരമശിവന്‍ പ്രഖ്യാപിച്ചു.

ദേവി പോകാന്‍ തന്നെ തീരുമാനിച്ചു. യാഗസ്ഥലത്ത് ദേവി അവമാ‍നിതയായി. ആരും ശ്രദ്ധിച്ചില്ല. തിരിച്ചു പോരാന്‍ അഭിമാനം അനുവദിച്ചില്ല. അല്ലെങ്കില്‍ തന്നെ എന്തിനാ തിരിച്ചു പോരുന്നത്. ഭാര്യയ്ക്ക് ഇപ്പോള്‍ അമ്മയുടെ സ്ഥാനമല്ലേ. എല്ലാം കൊണ്ടും മനം മടുത്ത ദേവി യാഗവേദിയില്‍ യോഗാഗ്നിയില്‍ ദഹിച്ചു തന്റെ ശരീരം ഉപേക്ഷിച്ചു.

വിവരം പരമശിവന്‍ അറിഞ്ഞു. കോപം കൊണ്ടു വിറച്ച അദ്ദേഹം തന്റെ ജടയില്‍ ഒരെണ്ണം പറിച്ച് നിലത്തടിച്ചു. സംഹാരരുദ്രനേപ്പോലെ അലറിക്കൊണ്ട് ഒരുഗ്രരൂപം നിലത്തുനിന്ന് ഉയര്‍ന്നുവന്നു. ശൂലവും തുള്ളിച്ച് ഭീകരമായി സിംഹനാദം പുറപ്പെടുവിച്ചുകൊണ്ട് ആ രൂപം--വീരഭദ്രന്‍ --ആജ്ഞ നല്‍കിയാലും എന്ന് പറഞ്ഞു.

പോയി യാഗം മുടക്കി ദക്ഷനേ കൊന്നിട്ടു വരൂ- എന്ന് പരമശിവന്‍ ആജ്ഞാപിച്ചു. വീരഭദ്രനും ഭൂതഗണങ്ങളും യാഗസ്ഥലത്തേക്ക് കുതിച്ചു. കണ്ണില്പെട്ടതെല്ലാം നശിപ്പിച്ചുകൊണ്ട്.

ഈ വീരഭദ്രനാണോ പാലാഴിമഥനത്തിന് അസുരന്മാരേ വിളിക്കാന്‍ പോയത്--ആതിര ചോദിച്ചു. അതേ മോളേ അതുതന്നെ.

യാഗസ്ഥലത്തെത്തിയ അവര്‍ യാഗ സംഭാരങ്ങളെല്ലാം എടുത്ത് ഒന്നിച്ച് യാഗാഗ്നിയില്‍ നിക്ഷേപിച്ചു. തടഞ്ഞ ഭൃഗുമുനിയേ തള്ളിമാറ്റി. ഭൃഗു മുനി അവര്‍ പാഷണ്ഡന്മാരായിപോകട്ടെന്ന് ശപിച്ചു. എന്നാല്‍ പാ‍ഷണ്ഡ വൃത്തി ഇതാ കണ്ടോ എന്നു പറഞ്ഞ് അവര്‍ ഭൃഗുവിന്റെ താടിരോമം ചവിട്ടി പിഴുതു. കണ്ടുനിന്നവര്‍ ഭയന്ന് ഓടി. വീരഭദ്രന്‍ ദക്ഷനേ പിടിച്ച് തല അറുത്ത് യാഗാഗ്നിയില്‍ ഹോമിച്ചു. ബ്രഹ്മാവും വിഷ്ണുവും കൂടി ഇതിനു പരിഹാരം ഉണ്ടാക്കാന്‍ മഹാദേവനല്ലാതെ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കണമെന്നും തീരുമാനിച്ച് അദ്ദേഹത്തേകണ്ടു. അദ്ദേഹത്തിന്റെ അനുവാദത്തോടെ ഒരു ആടിന്റെ തല കൊണ്ടുവന്ന് ദക്ഷന്റെ കഴുത്തില്‍ ഉറപ്പിച്ചു.

ബ്രഹ്മാവുള്ളപ്പഴാണോ ആയുസ്സിനു പഞ്ഞം.

വടക്കോട്ടു തലവച്ചുറങ്ങിയ ആടിന്റെ തലയെന്ന് ആരോ പറഞ്ഞല്ലോ--കിട്ടു പറഞ്ഞു.

കറക്റ്റ്. അവിടെയാണ് നമ്മുടെ മഹര്‍ഷിമാരുടെപ്രായോഗികബുദ്ധി. ഭൂമിയില്‍ കാന്തിക വലയമുണ്ടെന്നും അതുമായി നമ്മുടെ ശരീരത്തിനുള്ളിലുള്ള ഹീമോഗ്ലോബിനിലേ ഇരുമ്പ് പ്രവര്‍ത്തിക്കുമെന്നും ഇതെഴുതിയ കാലത്ത്--അതു പോകട്ടെ ഇന്നും--ആരെങ്കിലും വിശ്വസിക്കുമോ? നേരേ തെക്കുവടക്ക് വടക്കോട്ട് തലയുമായി കിടന്നാല്‍ ഉത്തരധ്രുവത്തിലേ കാന്തശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ട് രക്തം തലയിലേക്ക് കയറും.

ഇപ്പോഴത്തെ പുതിയ ഏതോ സ്കാനിങ് കൊണ്ട് വടക്കോട്ടു തലവച്ചുറങ്ങുന്നവരുടെ തലച്ചോറില്‍ ഒരു സര്‍വ്വേ നടത്തിയപ്പോള്‍ അത് ഭ്രാന്തന്മാരുടെ തലച്ചോറിനു തുല്യമായിരുന്നെന്ന് കണ്ടുപിടിച്ചെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അതുകൂടി ഭംഗ്യന്തരേണ കഥയില്‍ ചേര്‍ത്തതായിരിക്കും.

അങ്ങനെ യോഗാഗ്നിയില്‍ ദഹിച്ച ദേവിയാണ് പിന്നീട് ഹിമവാന്റെ മകളായി-പാര്‍വ്വതിയായി ജനിച്ചത്.

പാലാഴിമഥനം നാല്

0
എന്നിട്ട് ആ അമൃത് ദേവന്മാര്‍ക്ക് കിട്ടിയോ അപ്പൂപ്പാ-ആതിര ചോദിച്ചു.

പിന്നെ കിട്ടാതെ. ഉച്ചകോടി അവരുടെ കൈയ്യിലല്ലിയോ. എല്ലാവരും കൂടി ഓടിച്ചെന്ന് ബ്രഹ്മാവിനോടു പറഞ്ഞു--ത്രൂ പ്രോപ്പര്‍ ചാനല്‍- വിഷ്ണുവിന്റടുക്കല്‍ കാര്യം എത്തി. ശ്ശെ-കല്യാണം കഴിഞ്ഞതേയുള്ളൂ--പക്ഷേ എന്തു ചെയ്യാം. മഹാവിഷ്ണു അപ്രത്യക്ഷനായി.

രംഗം അസുരരാജധാനി. എല്ലാവരും അമൃതകുംഭം സൂക്ഷിച്ചു വച്ചിട്ട് കുളിക്കാന്‍ പോയിരിക്കുകയാണ്. ശുദ്ധമായി വേണം അമൃതു കഴിക്കാന്‍ .

ആരു പറഞ്ഞപ്പൂപ്പാ ശുദ്ധമായി കഴിക്കണമെന്ന്.

ആ എനിക്കറിയാമോ? ഇങ്ങനെ കുറേ വിഢിത്തങ്ങള്‍ എവിടുന്നൊക്കെയോ വരും. ഇന്നാളില്‍ ഒരു മരണവീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു പ്രശ്നം. ഒരു ബുദ്ധിമാന്‍ പറഞ്ഞു രാഹുകാ‍ലം കഴിഞ്ഞേ ശവം ദഹിപ്പിക്കാവൂ പോലും. രാഹുകാലത്തിന് ഇതിലെന്തു കാര്യമെന്ന് ഒരു യുക്തിവാദി.

. ഈ രാഹുകാലം അതു കണ്ടു പിടിച്ചവര്‍ പറയുന്നത് യാത്രയ്ക്കു മാത്രം നോക്കേണ്ടതാണെന്നാണ്. അതുകൊണ്ട് രാഹുകാലം ഇവിടെ പ്രസക്തമല്ലെന്ന് വേറൊരാള്‍. ചര്‍ച്ച കൊഴുക്കുന്നു. പാവം നമ്മുടെ ശവം അവിടെക്കിടന്നു വിയര്‍ക്കുന്നു.

ശവം വിയര്‍ക്കുന്നോ-രാംകുട്ടന്‍ അതില്‍ ചാടിപ്പിടിച്ചു.

പോട്ടെടാ ഒരോളത്തില്‍ അങ്ങു പറഞ്ഞു പോയതാ. അതുപോലെ ആദ്യമായി കഴിക്കാന്‍ പോകുന്ന അമൃത് കുളിച്ചേച്ചേ കഴിക്കാവൂ പോലും. ഓരോ ഭ്രാന്ത്. അതു പോട്ടെ. എല്ലാവരും കുളികഴിഞ്ഞു വന്നു. വട്ടത്തില്‍ ഇരുന്നു. അമൃത കുംഭം എടുത്ത് നടുവില്‍ വച്ചു. ഇലയിട്ടു വിളമ്പാന്‍ ആളെ തീരുമാനിക്കുകയാണ്.

അല്ലേ ഇതാ‍രാ വരുന്നത്. പാലാഴിയില്‍ നിന്നും വീണ്ടും സുന്ദരി വന്നോ. അതിമനോഹരിയായൊരു യുവതി മന്ദാക്ഷത്തോടുകൂടി ഇതാ‍ അവരേ നോക്കിക്കൊണ്ടു ലജ്ജാവതിയായി നില്‍ക്കുന്നു. പാലാഴിമാതും, താരയും ഒന്നും ഇത്ര വരുത്തില്ല. എല്ലാവരുടേയും കണ്ണു മഞ്ഞളിച്ചു.

മഹാബലി എഴുനേറ്റ് അവളുടെ അടുത്തുചെന്ന് ചോദിച്ചു. ആരാണ് നീ. ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ. എവിടെനിന്നുവരുന്നു.

അവള്‍ക്ക് ലജ്ജ കൂടി--കാലുകൊണ്ട് നിലത്തു വര്‍ച്ചു. ഞാന്‍ -ഞാന്‍ പാലാഴിയില്‍ നിന്നും അവസാ‍നം പുറത്തുവന്നവളാണ്. അവിടെ ആരാണ്ട് വൃദ്ധസദനം തുടങ്ങി. കിഴവന്മാരും കിഴവികളും മാത്രമേയുള്ളൂ. ഇവിടെ ആണുങ്ങളുണ്ടെന്ന് ഒരു വീണക്കാരന്‍ പറഞ്ഞു. അതാണു ഞാന്‍ ഇങ്ങോട്ടു വന്നത്--ങ്ഹീ-ങ്ഹീ--അവള്‍ കരയാന്‍ തുടങ്ങി.

ഹേയ് കരയണ്ടാ-മഹാബലി പറഞ്ഞു. ഞങ്ങള്‍ ഈ അമൃതു വിളമ്പാന്‍ ഒരാളെ നോക്കുകയായിരുന്നു. നന്നായി നീ വന്നത്. ഈ അമൃതു ഞങ്ങള്‍ക്ക് വിളമ്പിത്തരൂ, പിന്നീട് നമുക്ക് നിന്റെ കാര്യം ആലോചിക്കാം.

ഇത്രയും ആണുങ്ങള്‍ക്കോ-അവള്‍ ചിണുങ്ങി(അറുപത്താറു കോടിയുണ്ടേ) എനിക്കു നാണമാ. നിങ്ങളുടെ മുമ്പില്‍ കുനിഞ്ഞു നിന്നു വിളമ്പാന്‍ .

പിന്നെന്തു ചെയ്യും മഹാബലി ചോദിച്ചു. ഒരു കാര്യം ചെയ്യാം അവള്‍ പറഞ്ഞു-നിങ്ങളെല്ലാം കണ്ണടച്ചിരിക്ക്. ഞാന്‍ വിളമ്പി കഴിഞ്ഞ് കണ്ണു തുറക്കാം. ഏറ്റവും അവസാനം കണ്ണു തുറക്കുന്നയാളേ ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കാം-നിങ്ങള്‍ക്കെല്ലാം സമ്മതമാണെങ്കില്‍ മാത്രം.

പെണ്ണിന്റെ ഒരു ബുദ്ധിയേ-അവര്‍ അതില്‍ വീണു. എറ്റവും ഒടുവില്‍ കണ്ണുതുറന്നാല്‍ മതിയല്ലോ. അതു ഞാനേറ്റു--ഓരോരുത്തരരും മനസ്സില്‍ കരുതി. എല്ലാവരും വട്ടത്തിലിരുന്ന് കണ്ണടച്ചു. പെണ്ണായി വന്ന മഹാവിഷ്ണു അമൃതും കൊണ്ട് കടന്നു.

കുറേ സമയം കഴിഞ്ഞിട്ടും അനക്കമൊന്നും കേള്‍ക്കുന്നില്ല. ഒരാള്‍ പതുക്കെ ചോദിച്ചു--വിളമ്പ് എവിടെത്തി. പാത്രത്തില്‍ തപ്പിനോക്കി മറ്റൊരാള്‍ പറഞ്ഞു. കൊച്ചുപെണ്ണല്ലേടാ- അവള്‍ക്ക് വിളമ്പി വല്ല പരിചയവുമുണ്ടോ--ധൃതി പിടിക്കാതെ-പാവം.

സമയം വീണ്ടും കുറെക്കഴിഞ്ഞു. ആദ്യത്തേയാള്‍ വിളിച്ചു ചോദിച്ചു-ആരുടെയെങ്കിലും പാത്രത്തില്‍ ഉണ്ടോ എന്നു നോക്കിയേ.

ഇവന്‍ നമളേക്കൊണ്ടു കണ്ണു തുറപ്പിച്ചിട്ട് പെണ്ണിനേ അടിച്ചെടുക്കാനുള്ള പ്ലാനാ-അതങ്ങു മനസ്സില്‍ വച്ചേരെ-മറ്റൊരാളിനു സംശയമേ ഇല്ല.

ആദ്യത്തേആള്‍ കണ്ണിന്റെ ഒരു കോണു തുറന്ന് നോക്കി. ഇവിടെങ്ങും ആരും ഇല്ല--അയാള്‍ വിളിച്ചു പറഞ്ഞു. അവള്‍ നമ്മളേപ്പറ്റിച്ചു. അയാള്‍ ഇറങ്ങി ഓടി. ബാക്കിയുള്ളവര്‍ കുറേ സമയം കൂടി ഇരുന്നു. പിന്നീട് ഓരോരുത്തര്‍ കണ്ണു തുറന്ന് ചതി മനസ്സിലാക്കി-അടുത്ത ദേവാസുരയുദ്ധത്തിനു കാരണമായി.

ആദ്യം ഇറങ്ങിയോടിയ ആള്‍ നേരേ ദേവലോകത്തെത്തി. അവിടെ ഗംഭിര അമൃതു വിളമ്പ്. സൂര്യ ചന്ദ്രന്മാരേ കാവല്‍ നിര്‍ത്തിയിട്ടുണ്ട്.

അയാള്‍ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ അകത്തുകടന്നു. കുറച്ചമൃത് കിട്ടിയത് വായിലേക്കൊഴിക്കുമ്പോള്‍ അസുരന്റെ ദംഷ്ട്ര--കിഴിഞ്ഞു നൊക്കിക്കൊണ്ടിരുന്ന ദ്വാ‍രപാലകന്മാര്‍ കണ്ടുപിടിച്ച് വിളി വിളി കൂട്ടി. മഹവിഷ്ണു ഉടന്‍ തന്നെ സുദര്‍ശ്ശനംകൊണ്ട് അവന്റെ കഴുത്തറുത്തു. കുറച്ചമൃത് ഇറങ്ങിപ്പോയതുകൊണ്ട് അവന്‍ മരിച്ചില്ല. തല രാഹുവും ഉടല്‍ കേതുവുമായി. അവന്‍ അവനേ കാണിച്ചുകൊടുത്ത സൂര്യ ചന്ദ്രന്മാരോടുള്ള പകതീര്‍ക്കാന്‍ ഇപ്പോഴും അവരേ വിഴുങ്ങും. പക്ഷേ പിടലിക്കു താഴോട്ടില്ലാത്തതുകൊണ്ട് അവര്‍ ഇങ്ങു വെളിയില്‍ പോരും. അവന്റെ പേര്‍ വജ്രദംഷ്ട്രന്‍. ഈ കഥയ്ക്ക് ഒരനുബന്ധംകൂടിയുണ്ട്. ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയുണ്ടായത് ഈ അമൃതടിച്ചോണ്ടുപൊയ മോഹിനിയേ കാണാന്‍ ശിവന്‍ വാശിപിടിച്ചകൊണ്ടാണെന്നാ പറയുന്നത്.

പാലാഴിമഥനം-മൂന്ന്

0
അപ്പൂപ്പാ ഇനി പലാഴിമഥനം കഴിഞ്ഞിട്ടു മതി. പാവം ആ ദേവന്മാരെല്ലാം നരച്ചുകുരച്ചിരിക്കുവല്ലേ-ആതിരയുടെ പെണ്‍ബുദ്ധിയുടെ സഹതാപം.

ശരി മോളേ-കടഞ്ഞുകളയാം.

ഈ ദേവന്മര്‍ വയസ്സു ചെന്നിരിക്കുവല്ലേ-അവരേക്കൊണ്ട് വാസുകിയുടെ തല പിടിപ്പിച്ചാല്‍--ഓ-മന്ദരപര്‍വ്വതം എടുത്ത് പലാഴിയില്‍ കടകോലായി നിര്‍ത്തി വാ‍സുകിയേ കയറായി അതില്‍ ചുറ്റിയ കാര്യം പറഞ്ഞില്ല-അല്ലേ-അതു ചെയ്തു--

കടയുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണത്തില്‍ വരുന്ന വിഷജ്വാല സഹിക്കാ‍ന്‍ അവര്‍ക്കു കെല്പു കാണില്ല. അതുകൊണ്ട് സൂത്രശാലിയായ വിഷ്ണു ദേവന്മാരേയും വിളിച്ച് വാസുകിയുടെ തലയ്ക്കല്‍ ചെന്നു നിന്നു--എന്നിട്ടു പറഞ്ഞു. ഞങ്ങള്‍ തല പിടിച്ചുകൊള്ളാം. നിങ്ങള്‍ വാലില്‍ പിടിച്ചാല്‍ മതി.

ഹും ഞങ്ങള്‍ വാലേപ്പിടിക്കാനോ--കേട്ടില്ലേ നമ്മളേ-- വാലുപിടിക്കാന്‍ ‍. വാലേ--ഈ അസുരന്മാ‍രേ-വാലു പിടിക്കാന്‍ . ഈ അവമാനം ഞങ്ങള്‍ സഹിക്കില്ല-മകരാക്ഷാ വാ എല്ലാരേം വിളി-പോകാം മഹാബലി കല്‍പ്പിച്ചു.

അയ്യോ-ഞങ്ങള്‍ മറ്റൊന്നും വിചാരിച്ചു പറഞ്ഞതല്ല. ഇതാ ഞങ്ങള്‍ മാറിയേക്കാം. മഹാവിഷ്ണു തോറ്റപോലെ പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചു.

കടയല്‍ തുടങ്ങി. അമൃതുണ്ടാകാനുള്ള പച്ചമരുന്നോക്കെ അശ്വിനീ ദേവകള്‍ പാലാഴിയില്‍ ഇട്ടു. ദേവന്മാര്‍ അയച്ചു കൊടുക്കുമ്പോള്‍ അസുരന്മാര്‍ മുറുക്കും-അസുരന്മാര്‍ അയക്കുമ്പോള്‍ ദേവന്മാര്‍ മുറുക്കും-അങ്ങനെ കടയല്‍നടന്നുകൊണ്ടിരിക്കേ ഒരു ഘോഷം.

ബാലിയും സുഗ്രീവനും, സുഷേണനും, നീലനും, ജാംബവാനും ഇരുപതുലക്ഷം വരുന്ന വാ‍നരസൈന്യത്തോടുകൂടി പാലാഴിമഥനം കാണാന്‍ വരുന്നതിന്റെ ഘോഷമാണ് . പാവം ദേവന്മാരുടെ പിടി വിട്ടു പോയി. അസുരന്മാരും ഒരു നിമിഷത്തേക്ക് അങ്ങോട്ടു നോക്കിപ്പോയി. മന്ദരപര്‍വ്വതം ദേ കടലിലേക്ക്-താഴോട്ട്-താഴോട്ട് പോകുന്നു. വിഷ്ണു ഉടന്‍ തന്നെ ഒരു ഗംഭീരന്‍ ആമയായി കടലിന്റെ അഗാധതയിലേക്ക് ഊളിയിട്ടു. പര്‍വ്വതത്തേ തന്റെ മുതുകില്‍ ഉറപ്പിച്ചു നിര്‍ത്തി. കൂറച്ചു കൂടുതല്‍ പൊങ്ങിപ്പോയോ--ദേ പര്‍വ്വതം ചായുന്നു. പാവം വിഷ്ണു ഒരു പരുന്തായി വന്ന് അതിന്റെ മുകളിരുന്ന് ബാലന്‍സ് ശരിയാക്കി. കടയല്‍ പുനരാരംഭിച്ചു.

ഒരു നിമിഷം നില്‍ക്കണേ അപ്പൂപ്പാ ഈ കുരങ്ങന്മാര്‍ക്ക് എന്താണവിടെ കാര്യം. ശ്യാമിനാണ് സംശയം.

എടാ മോനേ ഉത്സവം കാണാന്‍ ആര്‍ക്കും പോകാം. ഇന്നത്തേ ഉത്സവത്തിനു പോകുന്ന ചിലരുടെ തോന്ന്യവാസവും, ആനവെരുണ്ടേ വിളിയും, ആനമയിലൊട്ടകവും ഒന്നും ഏതായാലും ഈ കുരങ്ങന്മാര്‍ കാണിച്ചില്ല. പിന്നെ -മറന്നു പോയോ- ബാലിയുടെ അച്ഛനാണ് ഇന്ദ്രന്‍ -അച്ഛന് വല്ല സഹായവും വേണ്ടിവന്നാലോ--അതാണു കാര്യം.

കടയല്‍ വീണ്ടും ഉഷാറായപ്പോള്‍ വാസുകിക്കു ചൂടുപിടിച്ചു. അതിഭയങ്കരമായ കാളകൂടവിഷം വമിക്കാന്‍ പോകുന്നു. അതിന്റെ കറ്റേറ്റ് അസുരന്മാര്‍ തളരുന്നു. അതു കീഴ്പോട്ടു പതിച്ചാല്‍ ലോകനാശമാണ് ഫലം-

വിഷജ്വാലയില്‍ പെട്ട്. ബ്രഹ്മാവും വിഷ്ണുവും ഓടിച്ചെന്ന് പരമശിവനേ വിവരം അറിയിച്ചു. ആര്‍ത്തത്രാണ പരായണനായ ആ ദേവന്‍ യാതൊരു മടിയും കൂടാതെ ആ കാളകൂടം താഴേയ്ക്കു പതിക്കാതെ തന്റെ കൈ നീട്ടി വാങ്ങി--നേരേ വായിലേക്ക് ഒഴിച്ചു.

ഹയ്യോ പാര്‍വതീദേവി ഒറ്റച്ചാട്ടത്തിന് അടുത്തെത്തി ശിവന്റെ കഴുത്തില്‍ തൊണ്ടയ്ക്ക് അമര്‍ത്തി വമനമന്ത്രം ചൊല്ലി.
അതാ വീണ്ടും അപകടം- ശിവന്‍ ഇപ്പോള്‍ വിഷം ഛര്‍ദ്ദിക്കും-

വിഷ്ണു എവിടെനിന്നെന്നറിയാതെ അവിടെ എത്തി ശിവന്റെ വായ പൊത്തിപ്പിടിച്ച് ദേവി ചൊല്ലിയ മന്ത്രം തലതിരിച്ചു ചൊല്ലി--കീഴോട്ടും മുകളിലോട്ടും പോകാന്‍ വയ്യാതെ വിഷം ശിവന്റെ കഴുത്തില്‍ ഉറച്ചുപോയി. അങ്ങിനെ ശിവന്‍ നീലകണ്ഠനായി. ലോകം രക്ഷപെട്ടു.

അപ്പോഴേക്കും വിഷജ്വാലയില്‍ പെട്ട് ദുര്‍ബ്ബലരായ കുറേ ദേവന്മാരും അസുരന്മാരും സിദ്ധികൂടി--മുപ്പത്തുമുക്കോടി ദേവന്മാരും അറുപത്താറു കോടി അസുരന്മാരുമാണ് വലിക്കുന്നത്--

ആദ്യമൊക്കെ രസം കേറി ആര്‍ത്തുവിളിച്ചിരുന്ന ബാലിക്ക് ദേഷ്യം കേറി. ചത്തോ-ചതഞ്ഞോ എന്നും പറഞ്ഞ് വലിക്കുന്ന അവരേ മൊത്തം തെള്ളിമാറ്റി രണ്ടു കൈകൊണ്ടും വാസുകിയുടെ തലയിലും വാലിലും പിടിച്ച് അതി ശക്തമായി കടയാന്‍ തുടങ്ങി.

മന്ദരപര്‍വ്വതം പമ്പരം പോലെ കറങ്ങി. അതാ നാല്‍ക്കൊമ്പനാന, ഉച്ചൈശ്രവസ്സ് എന്നിവ വരുന്നു. പുറകേ ദേവന്മാരുടെ ഇല്ലാതായിപ്പോയ ഐശ്വര്യങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു. അവയെല്ലാം ദേവന്മാര്‍ കൈയ്ക്കലാക്കി. ഔഷധം അശ്വിനീദേവകളും, മദ്യം അസുരന്മാരും, വേദം ഋഷികളും അങ്ങിനെ തങ്ങള്‍ തങ്ങള്‍ക്കുള്ള വസ്തുക്കള്‍ തിര്‍ന്നു കഴിഞ്ഞ് പലാഴിമാത് പ്രത്യക്ഷപ്പെട്ടു.

അതിനു മുമ്പു വന്ന ജ്യേഷ്ടാഭഗവതിയേ ആര്‍ക്കും വേണ്ടായിരുന്നെങ്കിലും, സാക്ഷാല്‍ ലക്ഷ്മീ ഭഗവതിയായ പാലാഴിമാതിനെ വിഷ്ണു സ്വീകരിച്ചു-

കല്യാണം ബഹുകോലാഹലം-സദ്യയെന്നു കേട്ടാലുണ്ടോ ദേവന്മാര്‍ വിടുന്നു--അതില്‍ ഭൂദേവനെന്നോ സ്വര്‍ഗ്ഗദേവനെന്നോ വ്യത്യാ‍സമില്ല. ദേവന്മാര്‍ മൊത്തം കല്യാണത്തിനു കൂടി. ഇവിടെ നൂറുമൈല്‍ സ്പീഡില്‍ കടയല്‍ നടക്കുകയാണ്. അതാ ധന്വന്തരീമൂര്‍ത്തി--ശംഖ,ചക്ര, ജളൂകധാരിയായി--

എന്തവാ അപ്പൂപ്പാ പറഞ്ഞെ-ജളൂകമോ അതെന്താ ആ‍തിര ചോദിച്ചു.

മോളേ ആയുര്‍വേദത്തില്‍ ചികിത്സിക്കുമ്പോള്‍ ദുഷിച്ച രക്തം,നീരുവന്ന ഭാഗത്തുനിന്നും മറ്റും വലിച്ചെടുത്തു കളയാനുപയോഗിക്കുന്ന പ്രകൃതി നല്‍കിയ ഉപകരണമാണ് ജളൂകം അഥവാ അട്ട--നമ്മടെ കുളത്തിലും പുഞ്ചയിലും മറ്റും ഇതു ധാരാളം കാ‍ണും.

ങാ എനിക്കറിയാം ആതിര ആവേശത്തോടെ പറഞ്ഞു. ഞാനിന്നാളു ആ വൈക്കം മുഹമ്മദ് ബഷീറിന്റെ “ന്റുപ്പൂപ്പായ്കൊരാനേണ്ടാര്‍ന്നു” വായിച്ചപ്പം അതില്‍ കുഞ്ഞിപ്പാത്തുമ്മയേ കുളത്തില്‍ വച്ചു കടിക്കുന്ന ഒരട്ടയുണ്ട്. അതാണോ അപ്പൂപ്പാ= പാവം അതിനേ ഒരു വരാലു വെട്ടി വിഴുങ്ങിക്കളഞ്ഞു.

അതു തന്നെ മോളേ. വൈദ്യന്മാര്‍ അതിനേ കുപ്പിയില്‍ വെള്ളത്തില്‍ ഇട്ടു സൂക്ഷിക്കും. അതിനേ പാലാഴി കടഞ്ഞപ്പോള്‍ ധന്വന്തരീമൂര്‍ത്തി കൊണ്ടുവന്നതാണ്. അങ്ങനെ ശംഖ , ചക്ര, ജളൂക ധാരിയായി, കൈയ്യില്‍ അമൃത കലശവും പിടിച്ച്. ലോകത്തിലേ സകല രോഗങ്ങളും മറ്റാന്‍ ശക്തിയുള്ള മാസ്മരിക നയനങ്ങളുടെ കാരുണ്യ പൂര്‍ണ്ണമായ വിക്ഷണങ്ങളുമായി സാക്ഷാല്‍ ധന്വന്തരീ മൂര്‍ത്തി അവതരിച്ചു.

പക്ഷേ എന്തുഫലം! ആ അമൃതിന്റെ ആവശ്യക്കാര്‍ അവിടെ സദ്യയ്ക്ക് കടിപിടി കൂടുകയാണ്. ഇതുതന്നെ തരമെന്ന് വിചാരിച്ച് കടയല്‍ കണ്ടുനിന്ന അസുരന്മാര്‍ അമൃത കുംഭവും കൈയ്ക്കലാക്കി കടന്നു കളഞ്ഞു. ബാലി വാശിയോടെ ആഞ്ഞു വലിക്കുകയാണ്.

അതാ ഒരു ലാ‍വണ്യത്തിടമ്പ്-ആരും അടുത്തില്ല-ബാലി വാസുകിയേ വിട്ടു--അവളേ കൈപിടിച്ച് ബാലി ചുറ്റും ഒരു ഉഗ്രമായ നോട്ടം നോക്കി--ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടോ--നോട്ടം കണ്ട് ഭയന്ന ശേഷിച്ചവര്‍ തലകുനിച്ചു നിന്നു--ഞങ്ങളൊന്നും കണ്ടില്ലേ എന്ന മട്ടില്‍ -- ബാലി സ്വന്തം ആള്‍ക്കാരുടെ കൂടെ സ്ഥലം വിട്ടു. അവളാണ് ബാലിയുടെ ഭാര്യയായിരുന്ന താര.

കല്യാണവും സദ്യയുമെല്ലാം കഴിഞ്ഞു ഏമ്പകവും വിട്ടു വന്ന ദേവന്മാര്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ കിടക്കുന്ന വൈകുണ്ഠം കണ്ട് അന്തം വിട്ടു.

അപ്പോള്‍ സ്വന്തം ലേഖകന്‍ സ്ഥലത്തെത്തി. എന്താ എല്ലാവരും അണ്ടികളഞ്ഞ അണ്ണാനേപ്പോലെ നില്‍ക്കുന്നത്? അമൃത് ആണ്‍പിള്ളാരു കൊണ്ടുപോയി-അല്ലേ. പോയി സദ്യ ഉണ്ണ്. വേഗം അതു തിരിച്ചു മേടിക്കാനുള്ള വഴി നോക്ക്. അവരു കഴിച്ചുകഴിഞ്ഞാല്‍--വേണ്ടാ ഞനൊന്നും പറയുന്നില്ല.

സ്വപ്നം-രണ്ട്-തുടര്‍ച്ച

1
എടാ വല്യച്ഛന്‍ വിളിച്ചു-നീ ആ കന്നുകാലിപ്പാലത്തിനു വടക്കു വശത്തുനിന്ന് കിഴക്കോ‍ട്ട് നോക്കിയിട്ടുണ്ടോ.

ഉണ്ട് വല്യച്ഛാ ഞാന്‍ പറഞ്ഞു.

അവിടം മുഴുവന്‍ തരിശു നിലങ്ങളല്ലേ. കണ്ടാല്‍ തന്നെ മുടിഞ്ഞു കിടക്കുന്ന സ്ഥലമാണെന്ന് തോന്നും.

എന്താ വല്യച്ഛാ?

അത് മറ്റൊരു ചതിയുടെ കഥയാണ്. വല്യച്ഛന്‍ വ്യസനത്തോടെ പറഞ്ഞു. പണ്ട് പകപോക്കാനായി ഒരു രാജാവ് സ്വന്തം മകളുടെ ഭര്‍ത്താവിനെ വിദേശിയായ ഗോറിക്ക് ഒറ്റിക്കൊടുത്തു. ഇത് നൂറു പറ കണ്ടത്തിനു വേണ്ടി ഒരു രാജ്യ സ്നേഹിയേ ബ്രിട്ടീഷ് കാര്‍ക്ക് ഒറ്റിക്കൊടുത്തു. ഇന്നോ ജാതിക്കും മതത്തിനും വേണ്ടി രാജ്യത്തേ മൊത്തം ഒറ്റിക്കൊടുക്കുന്നു. എന്നാ നമുടെ നാടു നന്നാനുന്നത്. കഷ്ടം.

അതു പോട്ടെ. ബ്രിട്ടിഷ് കാരില്‍നിന്ന് രക്ഷപെട്ട ഒരു കുതിരപക്ഷി ഉണ്ടായുരുന്നല്ലോ-അദ്ദേഹം ഓടി വന്ന് അഭയം തേടിയത് കന്നുകാലിപ്പാലത്തിനു കിഴക്കു വശത്തുള്ള പൊന്മേലിത്തറയെന്ന വീട്ടിലാണ്. ശങ്കുപ്പണിക്കര്‍ ആണ് കാരണവര്‍. അയാള്‍ കുതിരപക്ഷിയേ വീട്ടിനുള്ളില്‍ ഇരുത്തി. രണ്ടു ദിവസം കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ ഓടി നടക്കുകയാണ്. അവര്‍ പൊന്മേലിത്തറയില്‍ എത്തി. കുതിരപക്ഷി എന്നൊരാള്‍ ഇവിടെ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്നും അയാളേ കണ്ടു പിടിക്കാന്‍ സഹായിച്ചാല്‍ പടിക്കല്‍ നൂറു പറ ക്കണ്ടം കൊടുക്കാമെന്നും ശങ്കുപ്പണിക്കരോടു പറഞ്ഞു.

ശങ്കുപ്പണിക്കര്‍ ഉറക്കെ പറഞ്ഞു-ഇവിടങ്ങും ഇല്ല, ഉണ്ടെങ്കില്‍ തന്നെ ഞാന്‍ കാണിച്ചു തരികില്ല--എന്നിട്ട് കണ്ണുകൊണ്ട് ആള്‍ ഉള്ളിലിരിപ്പുണ്ടെന്ന് കാണിച്ചുകൊടുത്തു.

ഇത് ജനലിനിടയില്‍ കൂടി കണ്ട കുതിരപ്പക്ഷി നിന്റെ തറവാട് ഞാന്‍ മുടിക്കുമെടാ എന്ന് ആക്രോശിച്ചുകൊണ്ട് കഠാരി എടുത്ത് സ്വന്തം വക്ഷസ്സില്‍ കുത്തിയിറക്കി അവിടെ വിണു മരിച്ചു..

എന്നിട്ടാവീട്ടുകാര്‍ ഇപ്പോഴും സുഖമായിരിക്കുന്നോ--രാംകുട്ടന്‍ പല്ലു കടിച്ചുകൊണ്ടു ചോദിച്ചു.

ഇതു തന്നെ ഞാനും ചോദിച്ചു മോനേ--അപ്പോള്‍ വല്യച്ഛന്‍ പറഞ്ഞു --ഇല്ലെടാ- എങ്കില്പിന്നെ സത്യധര്‍മ്മാദികള്‍ക്കെന്തു വില! അന്‍പതു കുടുംബാംഗങ്ങളില്‍ നാല്പത്തെട്ടുപേരും ഒന്നൊന്നായി ചത്തുകെട്ടു. ആര്‍ക്കും അറിയാന്‍ വയ്യാത്ത സുഖക്കേട്. അവസാനം ശങ്കുപ്പണിക്കരും അയാളുടെ രണ്ടു മക്കള്‍-ഒരാണും ഒരു പെണ്ണും ശേഷിച്ചു. മൂന്നിനും കോങ്കണ്ണ്. കുതിരപക്ഷിയേ കാണിച്ചുകൊടുത്തത് കണ്ണുകൊണ്ടല്ലേ. മുപ്പത്തിമൂന്നാമത്തേവയസ്സില്‍ മകനും മരിച്ചു. ശങ്കുപ്പണിക്കര്‍ മരിച്ചില്ല. അയാള്‍ ഇതെല്ലാം അനുഭവിക്കണ്ടേ. ഒടുക്കം മകളെ കെട്ടിച്ചു വിടാന്‍ സാധിക്കാതെ അയാളും മരിച്ചു.

പിന്നീട് ആ മകള്‍ക്ക് രണ്ടുമക്കള്‍-ഒരാണും ഒരു പെണ്ണും--ആണ്‍കുട്ടി സൂക്ഷം മുപ്പത്തിമൂന്നാമത്തേ വയസ്സില്‍ മരിച്ചു--

ആപെണ്ണിനും ഇതുപോലെ ഒരാണും ഒരുപെണ്ണും--ആണ്‍കുട്ടി മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ മരിച്ചു--ഇങ്ങനെ തുടര്‍ന്നു പോരുന്നു. ആ നൂറുപറക്കണ്ടമാണ് നശിച്ചു നാറാണക്കല്ലുവച്ചു കിടക്കുന്നത്. രണ്ടുകൊല്ലം മുന്‍പ് ആദ്യമായി അവിടുത്തേ ഒരാളിന് അറുപതു വയസ്സു തികഞ്ഞു-കെങ്കേമമായി ഷഷ്ടിപൂര്‍ത്തി നടത്തി--വല്യച്ഛന്‍ പറഞ്ഞു നിര്‍ത്തി.

വല്യച്ഛോ എന്നു ഞാന്‍ വിളിച്ചപ്പോഴല്ലെ എന്തോ എന്നു വിളികേട്ടുകൊണ്ട് നീയൊക്കെ വന്നെന്നേ ഉണര്‍ത്തിയത്. നിങ്ങടെ കൈയ്യില്‍ ഉണ്ടായിരുന്ന ഉപ്പുപരലും നൂലും ഞാന്‍ കണ്ടില്ലെന്നു വിഛരിക്കണ്ടാ.

ഇതൊക്കെ നടന്നതാണോ അപ്പൂപ്പാ ശ്യാം ചോദിച്ചു.

മക്കളേ ഒരു ദിവസം എന്റെ അമ്മയുടെ അച്ഛനേകാണാ‍ന്‍ --അദ്ദേഹം വൈദ്യനായിരുന്നല്ലോ--രണ്ടുപേരു വന്നു. അതില്‍ ഒരാള്‍ക്ക് ഏകദേശം ഇരുപത്തെട്ടു വയസ്സുകാണും. അതി തെജസ്വി. അതാരാണെന്ന് അമ്മയുടെ അമ്മ ചോദിച്ചപ്പോള്‍ അപ്പൂപ്പന്‍പറഞ്ഞത്രേ-ഇത് ആ ശങ്കുപ്പണിക്കരുടെ ചില്വാനം ആണെന്ന്. മുപ്പത്തിമൂന്നു വയസ്സിനപ്പുറം പോകത്തില്ലെന്നും.

എന്റമ്മ പറഞ്ഞതാണ്. അമ്മ അന്നു കുഞ്ഞാണ്. എന്താണപ്പൂപ്പാ ഈ മുപ്പത്തിമൂന്നിന്റെ കണക്ക്--ശ്യാം വീണ്ടും ചോദിച്ചു. അത് ചിലപ്പോള്‍ കുതിരപ്പക്ഷിയുടെ വയസ്സായിരിക്കും.
അനന്തമജ്ഞാതമവര്‍ണ്ണനീയ-
മീ ലോകചക്രം തിരിയുന്ന മാര്‍ഗ്ഗം
അതിന്റെയെങ്ങാണ്ടൊരു കോണില്‍നിന്ന്
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തു കണ്ടു.