മന്ത്ര ശക്തി

0
അപ്പൂപ്പാ ഈ മന്ത്രത്തിനു ശക്തിയുണ്ടോ? എന്താണ് ഈ മന്ത്രമെന്നു പറയുന്നത്? രാംകുട്ടന് എപ്പോഴും സംശയമണ്.

ങ. എല്ലാരും ഇരിക്ക്. പറയാം

അമന്ത്രമക്ഷരം നാസ്തി
നാസ്തിമൂലമനൌഷധം
അയോഗ്യ :പുരുഷോനാസ്തി
യോജനാസ്തത്ര ദുര്‍ല്ലഭാ.

അതായത് മന്ത്രങ്ങളല്ലാത്ത അക്ഷരങ്ങളില്ല; ഔഷധമല്ലാത്ത വേരുകളില്ല; ഒന്നിനും കൊള്ളരുതാത്ത മനുഷ്യരില്ല; ഇതു കണ്ടു പിടിച്ച് ഉപയോഗിക്കാനറിയാവുന്ന ആള്‍ക്കാരാണ് കുറവ്. അപ്പോള്‍ ശരിയായിട്ടുപയോഗിക്കുന്ന അക്ഷരങ്ങള്‍ക്ക്നല്ല ശക്തിയും, മോശമായുപയോഗിക്കുന്ന അക്ഷരങ്ങള്‍ക്ക് ചീത്ത ശക്തിയും ഉണ്ടാകും. ആരേയെങ്കിലും തന്തക്കു പറഞ്ഞു, അടി മേടിക്കുന്നത്, ദുര്‍മ്മന്ത്രത്തിന്റെ ശക്തിക്കുദാഹരണമാണ്.. കുഞ്ചന്‍ നമ്പ്യാരേക്കുറിച്ചൊരു കഥ ഞാന്‍പറഞ്ഞിട്ടുണ്ടല്ലോ.

ആരാ അപ്പൂപ്പാ ഈ കുഞ്ചന്‍ നമ്പ്യാര്‍‍-ആതിരയ്ക്കുസംശയം.

പറയാം മോളേ--നമ്മുടെ കേരളത്തിന്റെ തനതു കലയായ തുള്ളല്‍ പ്രസ്ഥനത്തിന്റെ ഉപജ്ഞാതാവാണ്. ചാക്യാരോടു പിണങ്ങിയ കഥ യൊക്കെ സ്കൂളില്‍ പഠിക്കും. അദ്ദേഹത്തിന്റെ ജനനത്തേ കുറിച്ച് ഒരു കഥയുള്ളത് പറയാം.
ഒരു ബ്രാഹ്മണന്‍ ‍, തന്റെ മകളുടെ കല്യാണത്തിനു വേണ്ടി,ഉദാരമതികളായ പല ആള്‍ക്കാരേ കണ്ട് കിട്ടിയ പണവും ഒരു സഞ്ചിയിലാക്കി. തിരിച്ചു വരുന്ന വഴി, സമയം സന്ധ്യയാകുകയും, അദ്ദേഹം ഒരുക്ഷേത്രത്തി ലെത്തി കുളിക്കാനായി ക്ഷേത്രക്കുളത്തിലേക്ക് പോവുകയും ചെയ്തു. കൈയ്യിലിരുന്ന സഞ്ചി കുളക്കരെ വച്ച് അദ്ദേഹം കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് കയറിയപ്പോള്‍ സഞ്ചി കാണാനില്ല. അവിടെയൊക്കെ അന്വേഷിച്ചിട്ടും കാണാതെ വളരെ മനസ്താപത്തോടെ അദ്ദേഹം ക്ഷേത്രത്തിലേക്കു പോയി.

ആ‍സമയം, ക്ഷേത്രജീവനക്കാരിയായ ഒരു സ്ത്രീ വഴിയില്‍ വീണു കിടക്കുന്ന ചാണകവും ശേഖരിച്ചുകൊണ്ട് കുളങ്ങരെ വന്നു. അവിടെക്കിടന്ന ഒരു പാട്ട ചാണകം എടുത്തു കുട്ടയിലിടുകയും ചെയ്തു--

അതാ ഒരു സഞ്ചി--ചാണകത്തിനടിയില്‍. അവര്‍ അതും കൊണ്ട് ക്ഷേത്രത്തില്‍ ചെന്ന് പൂജാരിയോടു വിവരം പറഞ്ഞു. നേരത്തേ ബ്രാഹ്മണന്‍ പറഞ്ഞ് വിവരം അറ്ഞ്ഞിരുന്ന പൂജാരി ബ്രഹ്മണനേ കണ്ടെത്തി സഞ്ചി തിരിച്ചുകൊടുത്തു. സന്തുഷ്ടനായ ബ്രാഹ്മണന്‍ നിനക്കു കീര്‍ത്തിമാനായ ഒരു പുത്രനുണ്ടാകുമെന്ന് അനുഗ്രഹിച്ചെന്നും ആ പുത്രനാണ് കുഞ്ചന്‍ നമ്പ്യാരെന്നുമാണ് ഒരൈതിഹ്യം.

അതുപോട്ടെ-നമുക്കു മന്ത്രത്തിന്റെ കാര്യം പറയാം. അക്ഷരങ്ങള്‍ മന്ത്രമാണെന്നാണല്ലോ പറഞ്ഞത്. നിഷ്കളങ്കരായ ആളുകള്‍ പൂര്‍ണ്ണ വിശ്വാസത്തൊടെ ജപിക്കുന്ന മന്ത്രങ്ങള്‍ ഫലപ്രാപ്തിയിലെത്തുമെന്നുള്ളതിന് --ചാത്തന്റെ മാടപ്പോത്ത്; ശങ്കരാചാര്യരുടെ ശിഷ്യന്‍ സനന്ദനന്റെ അണ്‍പിള്ള ശിങ്കം--മുതലായ കഥകള്‍ ഉദാഹരണങ്ങളാണ്.

ആതെന്തവാ അപ്പൂപ്പാ--ഉണ്ണിയാണ്.

ഓ ഈകഥ മുഴുവന്‍ കഴിഞ്ഞു മതി--കിട്ടൂ ഉടക്കി.

ശരി ശരി--ഈ കഥ തീരട്ടെ മക്കളേ.

ശങ്കരന്‍ അതിപ്രശസ്തനായ വിഷഹാരിയാണ്..അദ്ദേഹം വെള്ളം ജപിച്ചൊഴിച്ചാല്‍ ഇറങ്ങാത്ത വിഷമില്ല. ഒരിക്കള്‍ രാജാവിനേ എന്തോ കടിച്ചു. നാട്ടിലേ സര്‍വ വിഷഹാരികളും ശ്രമിച്ചിട്ടും വിഷം ഇറങ്ങുന്നില്ല. അപ്പോള്‍ ആരോ ശങ്കരന്‍ വൈദ്യന്റെ പേരു പറഞ്ഞു. അദ്ദേഹതേ കൂടിക്കൊണ്ടു വന്നു. ഇത് ഭേദമാകുമോ വൈദ്യരേ--മന്ത്രി ചോദിച്ചു. ഗുരുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍--വൈദ്യര്‍ പറഞ്ഞു. ശങ്കരന്‍ വൈദ്യര്‍ വെള്ളം ജപിച്ചൊഴിച്ചു.--അതാ രാജാവ് സാവധാനത്തില്‍ കണ്ണു തുറക്കുന്നു. ഇനി സാരമില്ല. പൊടിയരിക്കഞ്ഞികൊടുത്തോളൂ. ക്ഷീണം മാറട്ടെ.വിട പറഞ്ഞ് വൈദ്യന്‍ ഇറങ്ങി--റാജാവിന്റെ സമ്മാനങ്ങളും വീര്യ ശ്രംഖലയും മറ്റുമായി.

വെളിയില്‍ വന്നപ്പോള്‍ ആസ്ഥാന വൈദ്യനും ആ നാട്ടിലേ ഏറ്റവും പ്രധാനിയുമായ കിട്ടായിപ്പിള്ള അദ്ദെഹത്തേ എതിരേറ്റു. അങ്ങയുടെ ഈ കഴിവ് ഞാനറിഞ്ഞിരുന്നില്ല. ആരാണ് അങ്ങയുടെ ഗുരു?

അതാ ഒരത്ഭുതം. കിട്ടിയ സമ്മാനങ്ങളും വീര്യശൃംഖലയും, കിട്ടായിപ്പിള്ളയുടെ പാദത്തില്‍ സമര്‍പ്പിച്ച് ശങ്കരന്‍ നമസ്കരിക്കുന്നു. ഗുരോ അങ്ങയുടെ അനുഗ്രഹം എന്നും പറഞ്ഞ്.
. ഇനി അല്പം ഫ്ലാഷ് ബായ്ക്ക്.

ഒരു പഴയ തറവാട്ടിലേ ഏക സന്തതി--ഭൂലോക മണ്ടന്‍ --അമ്മയ്ക്കാണെങ്കില്‍ ഒരു മോനുള്ളത് എങ്ങണെ എങ്കിലും നന്നായിക്കാണാന്‍ ആഗ്രഹം‌‌ഇന്നത്തേപ്പോലെ-ഡോക്ടറും-എഞിനീയറുമൊന്നുമല്ല അന്നത്തേ പഠിത്തത്തിന്റെ മാനദണ്ഡം. ആശാന്റടുത്തു പോയി അക്ഷരം പഠിച്ചു കഴിഞ്ഞാല്‍ ഓരോരുത്തരുടേയും അഭിരുചി മനസ്സിലാക്കി ആവിഷയത്തില്‍ ആശാന്‍ ‍--അതായത്--ഗുരു--തന്നെ പ്രാവീണ്യം ഉണ്ടാക്കി കൊടുക്കും. നമ്മുടെ അഷ്ടവൈദ്യന്മാരുള്‍പടെയുള്ള മഹാവൈദ്യന്മാരെല്ലാം അങ്ങനെ പഠിച്ചവരാണ്..ഈ മകനേ ഒന്നിനും കൊള്ളാതിരുന്നതുകൊണ്ട് അമ്മ അവസാനമായി--വിഷവൈദ്യം പഠിക്കാന്‍ അയച്ചു.

പോയപ്പോള്‍ പയ്യനൊരു സംശയം--ആശാനു വല്ലതും കാഴ്ച കൊണ്ടു പോകണ്ടേ--അവന്‍ അവിടെയൊക്കെ നോക്കി--അതാ ഒരു വലിയ കുമ്പളങ്ങാ ആശാനു സന്തോഷമാകും.

അവന്‍ ആ കുമ്പളങ്ങായും എടുത്ത് ആശാന്റെ വീട്ടിലെത്തി- ഭക്തിപൂര്‍വം ആശാന്റെ കാല്‍കല്‍ സമര്‍പ്പിച്ചു.

അമ്മ പറഞ്ഞിട്ടുണ്ട്--ആശാന്‍ ദൈവത്തേപ്പോലെയാണ്--അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേട്ട് ഭക്തിപൂര്‍വം പഠിച്ചാലേ ജീവിതത്തില്‍ ഉന്നതി ഉണ്ടാകൂ എന്നു.

അതിരാവിലേ തന്റെ മുമ്പില്‍ ഒരു കുമ്പളങ്ങ. ആശാന് കലശലായി ദേഷ്യം വന്നു. “വിഡ്ഡി കൂശ്മാണ്ഡം” - ആശാന്‍ ഗര്‍ജ്ജിച്ചു.

പരമ ഭക്തിയോടുകൂടി ആശാനേ തൊഴുത് നമസ്കരിച്ച് നമ്മുടെ പയ്യന്‍ വീട്ടിലെത്തി.

എന്തവാ അപ്പൂപ്പാ ആശാന്‍ പറഞ്ഞത്? ആതിര .

എടാ വിഡ്ഡീ--രാവിലേ ഈ കൂശ്മാണ്ഡം--അതായത് കുമ്പളങ്ങാ എന്തിനാ കൊണ്ടുവന്നത്--ഇതാണ് ആശാന്‍ ഉദ്ദേശിച്ചത്.

എന്നാല്‍ നമ്മുടെ പയ്യന്‍ അമ്മയോടു പറഞ്ഞു--ആശാന്‍ മന്ത്രം ഉപദേശിച്ചു--ഞാനതു ജപിച്ചു സിദ്ധിവരുത്താന്‍ പോകുന്നു. അവന്‍ ഈ മന്ത്രം “വിഡ്ഡി കൂശ്മണ്ഡം” ജപിച്ചു സിദ്ധിവരുത്തി.

ഇവന്‍ വിഷവൈദ്യം പഠിച്ചെന്നറിഞ്ഞ് ഒരാള്‍ - പുളവന്‍ കടിച്ച ഒരാ‍ള്‍ ചികിത്സയ്ക്കു വന്നു. ഭക്തിപൂര്‍വ്വം കിണ്ടിയില്‍ വെള്ളമെടുത്ത് മന്ത്രം ജപിച്ച് നമ്മുടെ വൈദ്യന്‍ രോഗിയുടെ കോള്‍വായില്‍--കടിച്ച സ്ഥലത്ത്--ഒഴിച്ചു. ആശ്വാസത്തോടെ രോഗി പോയി--പുളവനു വിഷമില്ലല്ലോ-

പക്ഷേ ഈസംഭവം വൈദ്യന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു--നാടുകാര്‍ക്കും വിശ്വാ‍സം .ക്രമേണാ അയാള്‍ ഒരു അംഗീകൃത വിഷഹാരിയായി--പരസ്യമൊന്നുമില്ല--വരുന്നവര്‍ക്കൊക്കെ ആശ്വാസം.

ഈ പയ്യനാണ് ശങ്കരന്‍ . പഠിപ്പിച്ച ഗുരു കിട്ടായിപ്പിള്ളയും.

ഞാനോ അങ്ങയുടെ ഗുരു--ഞാന്‍ ഓര്‍ക്കുന്നുപോലുമില്ലല്ലോ--കിട്ടായിപ്പിള്ള വാപൊളീച്ചു.

ശങ്കരന്‍ ഗുരുവിന്റെ ചെവിയില്‍ മന്ത്രം പറഞ്ഞു--മന്ത്രം ഉറക്കെ ചൊല്ലാന്‍ പാടില്ല--അങ്ങ് ഉപദേശിച്ചുതന്നത് എന്നും പറഞ്ഞു. കിട്ടായിപ്പിള്ള സ്തബ്ധനായി--ഗുരുത്വത്തിന്റേയും-വിശ്വാസത്തിന്റേയും വില--അദ്ദേഹം ഒന്നും പറയാതെ ശങ്കരനേ ആശ്ലേഷിച്ചു കൂട്ടിക്കൊണ്ടുപോയി--അദ്ദേഹത്തിനറിയാവുന്നസകലമാനവിദ്യയും ശങ്കരനേ പടിപ്പിച്ചു.

ഇതൊക്കെ നടന്നതാണോ അപ്പൂപ്പാ. കിട്ടുവിനു സംശയം.

ഇതു കഥയാണു മോനേ--പക്ഷേ നടന്ന ഒരു കാര്യം പറയാം. പണ്ടു പുര കെട്ട് എന്നൊരു പരിപാടി ഉണ്ടായിരുന്നു. ഓടും, വാര്‍പ്പും ഒന്നും ഇല്ലാതിരുന്ന കാലത്ത്. പുര കെട്ടിക്കഴിഞ്ഞ് മോളിടുക എന്നൊരു കാര്യമുണ്ട്. രണ്ടോലവീതം വിപരീത ദിശയില്‍ വച്ച്പുരയുട നേരേമുകളില്‍നെടുകെ വയ്ക്കും. എന്നിട്ട് കുത്തു കോല്‍ കൊണ്ട് മോന്തായത്തിന്റെ അടിയിലൂ‍ടെ ഇതിന്റെ രണ്ടു വശവും യോജിപ്പിക്കും. ചോര്‍ച്ച ഉണ്ടാകാതിരിക്കാനാണ്. ഇതു ചെയ്തുകൊണ്ടിരുന്ന ഒരാ‍ളുടെ കാലില്‍ എന്തോ കൊണ്ടെന്നു തോന്നി. ഓ ഈര്‍ക്കിലായിരിക്കും. അല്പം ചോര പൊടിഞ്ഞതു തൂത്തുകളഞ്ഞ് അയാള്‍ പറഞ്ഞു.

അടുത്ത കൊല്ലം ആ പുര കെട്ടാഞ്ചെന്നപ്പോള്‍ പൊളിക്കാന്‍ ഈ ആളാണ് മുകളില്‍ കയറിയത്. കുത്തു കോല്‍ ഊരിയപ്പോള്‍ അതില്‍ തറച്ചിരുന്നു ഒരു മൂര്‍ഖന്റെ ഉണങ്ങി ദ്രവിച്ചജഡം--അയ്യോ--ഇതാണോ എന്നെ കടിച്ചത്--എന്നു പറയലും ഉരുണ്ടു വീണു മരിക്കലും ഒന്നിച്ചു കഴിഞ്ഞു. ഇത് ശരിക്കും നടന്നതാണ്

ആദി പരാശക്തി

0
അപ്പൂപ്പാ ഈ ആദി പരാശക്തി ആരാ? സീരിയലില്‍കണ്ടില്ലെ? ആതിരയാണ്.

എത്ര പറഞ്ഞാലും സീരിയലിന്റെ പേരെങ്കിലും പഠിച്ചു വയ്ക്കും.

മക്കളെ ഈ സീരിയലിലേ പരാശക്തിയേ എനിക്കറിഞ്ഞു കൂടാ. എനിക്കറിയാവുന്ന പരാശക്തിയേക്കുറിച്ചു പറയാം. ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാര്‍ ആരാധിക്കുന്ന ആദിമൂല ദേവിയാണ് ആദിപരാശക്തി. ആദേവിയുടെ ശക്തിയാലാണ് ഇവര്‍ പ്രപഞ്ചം ഭരിക്കിന്നത്. ഒരു കഥ കേട്ടോളൂ.
ബ്രഹ്മ പ്രളയം കഴിയാറായി. ആലിലയില്‍ കിടന്നിരുന്ന വിഷ്ണുവിന്റെ നാഭിയില്‍ നിന്ന് ഒരു താമരപ്പൂ ഉണ്ടാവുകയും, അതില്‍ നാന്മുഖന് ഉത്ഭവിക്കുകയും ചെയ്തു. അപ്പോഴാ‍ണ്, വിഷ്ണുവിന്റെ ചെവിക്കായത്തില്‍ നിന്നും ഉല്‍ഭവിച്ച മധു എന്നും കൈടഭന്‍ എന്നും പേരുള്ള് രണ്ട് അസുരന്മാര്‍ ബ്രഹ്മാവിനേക്കണ്ട്

“നീ ആരാടാ” അവര്‍ ഗര്‍ജ്ജിച്ചു. ആരോടു ചോദിച്ചു കൊണ്ടാ നീ അവിടെക്കേറി ഇരിക്കുന്നത്.

. ഇത് എന്റെ സ്ഥനമാണ്..ബ്രഹമാവ് സാവധാനം പറഞ്ഞു.

ച്ഛി ഇറങ്ങെടാ ഇങ്ങോട്ട്. ഞങ്ങളുടെ അനുവാ‍ദമില്ലാതെ ഒരുത്തനേയും ഇവിടെ വാഴിക്കില്ല. ചുണയുണ്ടെങ്കില്‍ നീ ഞങ്ങളേ തോല്‍പ്പിക്ക്. എന്നിട്ടു കേറി ഇരുന്നോ. അവര്‍ വിടാന്‍ ഭാവമില്ല.

നരന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞപോലെ- ആതിര ഉദാഹരണം കണ്ടുപിടിച്ചു.

ഈ പെണ്ണിന്റെ ഒരു സിനിമാ-മിണ്ടാതിരുന്നോ അവിടെ-കിട്ടു ശാസിച്ചു.
ബഹളമുണ്ടാക്കാതെടാ ഇതു കേള്‍ക്ക്. ബ്രഹ്മാവിനും കോപം വന്നു തുടങ്ങി. എട്ട് കണ്ണുകളും ചുവന്നു. നരച്ച താടി വിജൃംഭിച്ചു.

ശരി. വരിന്‍ --എന്നു പറഞ്ഞു അദ്ദേഹം യുദ്ധത്തിനൊരുങ്ങി. യുദ്ധം തുടങ്ങി. അവരില്‍ ഒരാളോടു യുദ്ധം ചെയ്ത് അയാള്‍ തളരുമ്പോള്‍ അടുത്തയാള്‍ വരും. ബ്രഹ്മാവിനു വിശ്രമമില്ല. കൊല്ലങ്ങള്‍ കടന്നു പോയി. ബ്രഹ്മാവ് വലഞ്ഞു. അദ്ദേഹം വിഷ്ണുവിനേ സ്തുതിച്ചു..

ഇവരോട് എനിക്കു വയ്യാ-പ്രഭോ രക്ഷിക്കണം.

വിഷ്ണു ഉണര്‍ന്നു. മധു-കൈടഭന്മാരേ വെല്ലു വിളിച്ചു.

ങാഹാ നീയണോ-വാ വാ--അവര്‍ വിഷ്ണുവിനു നേരേ തിരിഞ്ഞു. ആയിരം കൊല്ലം മധുവുമായി യുദ്ധം ചെയ്ത് മധു ക്ഷീണിച്ചപ്പോള്‍ കൈടഭന്‍ ഏറ്റു. ഇങ്ങനെ യുദ്ധം ചെയ്തിട്ട്ടും വിഷ്ണുവിന്റെ വിദ്യ ഒന്നും ഇവരോടു ഫലിക്കുന്നില്ല.

അദ്ദേഹം ബോധം കെട്ട് വീണു--ഉണര്‍ന്ന് പരാശക്തിയേ സ്മരിച്ചു..


ദേവി പ്രത്യക്ഷപ്പെട്ടു. ഇവരേ കൊല്ലാന്‍ നിനക്കു സധ്യമല്ല. അവരുടെ അനുവാദമില്ലാതെ ആര്‍ക്കും അവരേ കൊല്ലാന്‍ സാധിക്കില്ല. ഞാന്‍ കൊടുത്ത വരമാണ്.

അമ്മേ പിന്നെ എന്തു ചെയ്യും? വിഷ്ണു ചോദിച്ചു.

പറഞ്ഞു തരാം --ദേവി പറഞ്ഞു--ഞാന്‍ ഒരു സുന്ദരിയുടെ രൂപത്തില്‍ കടക്കണ്ണെറിഞ്ഞ് അവരേ മോഹിപ്പിക്കാം. പിന്നെ എന്തു വേണമെന്ന് തീരുമാനിച്ചു കൊള്ളൂ.

മഹാവിഷ്ണു കണ്ണടച്ചുതന്നെ കിടക്കുകയാണ്. അപ്പൊള്‍ അതി സുന്ദരിയായ ഒരു യുവതിയുടെ രൂപത്തില്‍ ദേവി അവിടെ എത്തി മധു--കൈടഭന്മാരേ കടാക്ഷിച്ചു. ദേവിയുടെ രൂപലാവണ്യത്തില്‍ അവര്‍ മോഹിതരാ‍യി നില്‍ക്കുമ്പോള്‍ മഹാവിഷ്ണു കണ്ണു തുറന്നു.

.മധു--കൈടഭന്മാരേ നോക്കി പുഞ്ചിരി തൂകി ക്കൊണ്ടു പറഞ്ഞു--ഞാന്‍ നിങ്ങളില്‍ പ്രസാദിച്ചിരിക്കുന്നു--എന്തു വരം വേണമെങ്കിലും ചോദിച്ചു കൊള്ളൂ.

ച്ഛീ നീ ഉണര്‍ന്നോ? ഞങ്ങള്‍ക്കു വരം തരാമെന്നു പറയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? ഞങ്ങളുടെ മുമ്പില്‍ പരാജിതനായ നിനക്ക്. നിനക്കു വല്ല വരം വേണമെങ്കില്‍ പറ ഞങ്ങള്‍ തരാം--മുമ്പില്‍ നില്‍ക്കുന്ന സുന്ദരിമണിയേ നോകി കണ്ണിറുക്കിക്കൊണ്ട് അവര്‍ പറഞ്ഞു.

അതിനു നിങ്ങള്‍ക്ക് വരം കൊടുക്കാനുള്ള ശക്തി ഉണ്ടോ. വരം തരാമെന്നു സത്യംചെയ്യാമോ? വിഷ്ണു ചോദിച്ചു.

ഇതാ സത്യം ചെയ്യുന്നു --നീ എന്തു വരം വേണമെങ്കിലും ചോദിച്ചു കൊള്ളൂ. ഞങ്ങള്‍ തരാം.

ശരി വിഷ്ണു പറഞ്ഞു. എനിക്ക് നിങ്ങളേ കൊല്ലാന്‍ അനുവാദം തരണം.

ഇപ്പോള്‍്‍ തങ്ങള്‍ ശരിക്കും ആപ്പിലായെന്ന് അവര്‍ക്കു മനസ്സിലായി. രക്ഷപെടാന്‍ ഒരു വഴിയും ഇല്ല. അവര്‍ ചുറ്റും നോക്കി. മുഴുവന്‍ വെള്ളം. ബ്രഹ്മ പ്രളയമല്ലേ.

പെട്ടെന്ന് ഒരൈഡിയാ അവര്‍ക്കു കിട്ടി. ശരി അവര്‍ പറഞ്ഞു--ഞങ്ങളേ കൊല്ലാന്‍ അനുവദിച്ചിരിക്കുന്നു. പക്ഷേ വെള്ളത്തില്‍ വച്ചു കൊല്ലരുത്.

അതാ മഹാവിഷ്ണുവിന്റെ കാലുകള്‍ വളരുന്നു . വളര്‍ന്നു വളര്‍ന്ന് അതു മധു-കൈടഭന്മാര്‍ക്ക് കിടക്കാവുന്നിടത്തോളമായി. അതില്‍ കിടത്തി രണ്ടു പേരേയും വധിക്കുകയും ചെയ്തു.

പരാശക്തിയുടെ സഹായമില്ലെങ്കില്‍ ത്രിമൂര്‍ത്തികള്‍ക്കുപോലും ഒന്നും ചെയ്യാന്‍ പറ്റില്ല

ദാരു ഭൂതോ മുരാരി”

0
മുരാരി ഒരു പാവപ്പെട്ട വീട്ടിലേ അംഗമാണ്. ഗുരുകുല വിദ്യാഭ്യാസകാലം. വീട്ടിലേ കഷ്ടപ്പാടും, ജോലിക്കൂടുതലും ഓര്‍ത്ത്, മുരാരി സദാ ഉറക്കം തൂങ്ങിയപോലെയാണ് കാണപ്പെടുന്നത്. ഗുരുവിനും ഇതറിയാം. ബാക്കി കുട്ടികള്‍ മുരാരിയേ കളിയാക്കും.

ഒരിക്കല്‍ ഗുരു എന്തോ ചോദിച്ചത് മുരാരി കേട്ടില്ല.

അപ്പോള്‍ അടുത്തിരുന്ന കുട്ടി “ ദാരു ഭൂതോ മുരാരി”--അതായത്--മുരാരി മയക്കത്തിലാണ്-- എന്നു പറഞ്ഞു.

അന്നൊക്കെ സമസ്സ്യയുടെ കാലമാണല്ലോ.

ഉടന്‍ തന്നെ ഗുരു അതൊരു സമസ്സ്യയാക്കി--അതു പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ക്കും കഴിഞ്ഞില്ല.

അവസാനം മയങ്ങിയിരുന്ന മുരാരിയേ തട്ടിവിളിച്ച് പരഞ്ഞു’ ദാരു ഭൂതോ മുരാരി”--സമസ്സ്യ പൂരിപ്പിക്ക്.

ഏകാജായാ പ്രകൃതിരചലാ, ചഞ്ചലാ ച ദ്വിതീയാ
പുത്രോനംഗ കുസുമവിശിഖോ മാന്മഥോ ദുര്‍ന്നിവാര
ശേഷ ശ്ശയ്യാ ശയനമുദഥൌ വാഹനം പന്നഗാരി
സ്മാരം സ്മാരം സ്വഗൃഹചരിതം ദാരു ഭൂതോ മുരാരി”--എന്ന് മയക്കത്തില്‍നിന്നുണര്‍ന്ന് ചമ്മിക്കൊണ്ട് മുരാരി പൂരിപ്പിച്ചു.
അര്‍ത്ഥം:- ഏകാജായാ-ഒരുഭാര്യ--പ്രകൃതി--ഭൂമി; അചലാ--അനങ്ങാത്തവള്‍; ചഞ്ചലാ ച ദ്വിതീയാ--രണ്ടാമത്തവളൊരിടത്തിരിക്കില്ല(ലക്ഷ്മിദേവി) പുത്രോനംഗ--പുത്രന്‍ അംഗമില്ലാതവന്‍ പരമശിവന്‍ ശപിച്ച് കാമദേവനു ശരീരമില്ലല്ലോ--മാന്മഥോ ദുര്‍ന്നിവാര--അവന്റെ സ്വഭാവമോ മനസ്സിനെ ഇളക്കുന്ന ചീത്തത്തം; ശേഷശ്ശയ്യാ--മെത്ത പാമ്പ്; ശയനമുദധൌ--കിടപ്പ് കടലില്‍; വാഹനം പന്നഗാരി--വണ്ടിയോ പാമ്പിന്റെ ശത്രു; സ്മാരം സ്മാ‍രംസ്വഗൃഹചരിതം--ഇങ്ങനെയുള്ള തന്റെ വീട്ടുകാര്യം ഓര്‍ത്തോര്‍ത്ത്; മുരാരി--മഹാവിഷ്ണു മയങ്ങിക്കിടക്കുന്നു --ഉറങ്ങാന്‍ പറ്റില്ലല്ലോ--മെത്തയേ വാഹനം തിന്നു കളയില്ലേ?
ഗുരു കൂട്ടുകാരുടെ മുഖത്തു നോ‍ക്കി--ഒരു തുള്ളീ ചോരയില്ല.

ഹയഗ്രീവന്‍

0
അപ്പൂപ്പാ ഇന്നെന്തു കഥയാ പറയാന്‍ പോകുന്നത്--ആതിര ചോദിച്ചു. മഹാവിഷ്ണുവിന്റെ കഥ പറയാമോ?

പിന്നെന്താമോളേ. കേട്ടോളൂ. ലോകത്തിന്റെക്രമസമാധാനനില തകരാറിലാകുമ്പോഴൊക്കെ അദ്ദേഹം അതു പരിഹരിക്കാന്‍ ഇറങ്ങിപ്പുറപ്പെടും. ഇരു ശരണമില്ലാതെ യുദ്ധം ചെയ്തു-യുദ്ധം ചെയ്ത് അവശനായി.അദ്ദേഹം ഒരു ഒളി സ്ഥലത്ത് ചെന്ന് വിശ്രമിക്കുകയാണ്. വില്ല് താടിക്ക് ഊന്നു കൊടുത്ത് ഒരു മരവും ചാരി അദ്ദേഹം ഉറങ്ങുകയാണ്. മന്വന്തരങ്ങള്‍ കടന്നു പോയി. വൈകുണ്ഠം കാലി. ദേവന്മാരും, ബ്രഹ്മാവും ശിവനും എല്ലാം പരിഭ്രമത്തിലായി.

ഇതിനിടെ ഹയഗ്രീവനെന്ന ഒരു അസുരന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്ത് അവന് ഹയഗ്രീവന്റെ കൈകൊണ്ടു മാത്രമേ മരണം സംഭവിക്കാവൂ എന്ന് വരവും മേടിച്ചു. പോരേ പൂരം. ആരോടുപറയാന്‍.

ദേവേന്ദ്രന്‍ ഒരു അടിയന്തിര യോഗം വിളിച്ചു. ബ്രഹ്മാവും, പരമശിവനും പങ്കെടുക്കും. യോഗത്തില്‍ ആഭ്യന്തരത്തേക്കുറിച്ച് വിമര്‍ശനമുയര്‍ന്നു. ബ്രഹ്മാവ് ശാസിച്ചു.

ഭൂമിയിലേ ഏര്‍പ്പാടു കണ്ട് ഇവിടെ വാലുമുളക്കണ്ടാ. അടങ്ങി ഇരുന്നാമതി എന്ന് അജ്ഞാപിച്ചു.

യോഗം നിശ്ശബ്ദം. പറയുന്നതു കേട്ടാമതി ബ്രഹ്മാവ് തുടര്‍ന്നു. മഹാവിഷ്ണുവിനേ ഉടന്‍ കണ്ടു പിടിക്കണം നാരദന്‍ പ്രപഞ്ചം മുഴുവന്‍ തേടി. കണ്ടു കിട്ടിയില്ല. ഞാന്‍ എന്റെ അവസാനത്തേ ആയുധം--ദിവ്യദൃഷ്ടി- പ്രയോഗിക്കാന്‍ പോകുന്നു.--എന്നു പറഞ്ഞ് ദിവ്യദൃഷ്ടി കൊണ്ട് മഹാവിഷ്ണു ഇരിക്കുന്ന സ്ഥലം കണ്ടു പിടിച്ചു.

ഇതു നേരത്തേ വയ്യരുന്നോ? --ആതിരയ്ക്കു സംശയം.

ഏറ്റവും ശക്തിയുള്ള ആയുധം ആദ്യമേ പ്രയൊഗിക്കരുതു മോളേ---

ചില ഡോക്ടര്‍മാര്‍ ചെയ്യുന്ന പോലെ --അല്ലേ അപ്പൂപ്പാ എന്നു ചോദിച്ചു കൊണ്ട് ശ്യാംകുട്ടന്‍ ആന്‍ഡ് പാര്‍ട്ടി എത്തി--അവര്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു.

അതെന്തവാ അപ്പൂപ്പാ-- ആതിര.

അതോ പറയാം. വെറും നിസ്സാരമാ‍യ ജലദോഷത്തിനു പോലും ചില ഡോക്ടര്‍മാര്‍ വളരെ ശക്തിയുള്ള മരുന്നു കൊടുക്കും. ഫലമോ--പിന്നീട് വലിയ രോഗത്തിന് ആ മരുന്നു കൊടുത്താല്‍ ഫലിക്കുകയില്ല.

അതുപോട്ടെ. അങ്ങനെ അവരെല്ലാവരും കൂടെ മഹാവിഷ്ണു വിശ്രമിക്കുന്നിടത്ത് എത്തി.. മുപ്പാത്തുമുക്കോടി ദേവന്മാര്‍. ഈ ബഹളം ഒക്കെ കേട്ടിട്ടും മഹാവിഷ്ണു ഉണര്‍ന്നില്ല. അവരെല്ലാം കൂടി നിന്ന് സ്തുതി തുടങ്ങി.

മുമ്പേ വിമര്‍ശ്ശിച്ചവര്‍--ആതിര്യ്ക്കു ചിരിപൊട്ടി. അവര്‍ക്കു ചെന്നു കുലുക്കി വിളിക്കരുതോ?


പാടില്ല മോളേ ഉറങ്ങുന്ന ആളേ ഉണര്‍ത്താന്‍ പാടില്ല. മഹാപാപമാണ്..

എന്നിട്ടീ അപ്പൂപ്പന്‍ ദിവസവും ഞാനും കിട്ടുച്ചേട്ടനും ഉറങ്ങുപോള്‍ വെളുപ്പിനു വിളിക്കുന്നതോ--അതിര ഒരു പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചു..

അതു ശരി വെളുപ്പിനേ പോ‍ത്തുപോലെ കിടന്ന് കള്ളഉറക്കം അഭിനയിക്കുന്നവരുടെ കാര്യമല്ല പറഞ്ഞത്--മിണ്ടാ‍ാതിരുന്നോ അവിടെ.

ഒരു രക്ഷയുമില്ലാതെ വന്നപ്പോള്‍ ബ്രഹ്മാവ് ഒരു പുതിയ സൃഷ്ടി നടത്തി.--ചിതല്‍-- എന്നിട്ട് ആവില്ല് ചെന്നു തിന്ന് ആ ആളിനേ ഉണര്‍ത്താന്‍ പറഞ്ഞു.

ഇങ്ങനൊരു മഹാപാപം ഞങ്ങള്‍ക്കു ചെയ്യാന്‍ വയ്യാ--എന്താണു ഞങ്ങളുടെ നിയോഗം--ചിതലുകള്‍ ചോദിച്ചു.

ശരി നിലത്തു മുട്ടിയിരിക്കുന്ന ഏതു വസ്തുവും നിങ്ങളുടെ ആഹാരമാണ്. ചെന്നു കഴിച്ചോളൂ--എന്നു അവരേ നിയോഗിച്ചു.
അവര്‍ പോയി നിലത്തു മുട്ടിയിരുന്ന വില്ലിന്റെ ഞാണ്‍ തിന്നു. വലിയ ഒരു ശബ്ദത്തോടെ വില്ലു നിവരുകയും--മഹാവിഷ്ണുവിന്റെ തല ഉടലില്‍ നിന്നു വേര്‍പെട്ട് എവിടെയോ പോയി വീഴുകയും ചെയ്തു. എല്ലാവരും ഞെട്ടിത്തരിച്ചു. ഒരു നിമിഷനേരം അഗാധ നിശ്ശബ്ദത.

അതാ നാന്മുഖന്റെ മുഖത്ത് ഒരു പുഞ്ചിരി--ബ്രഹ്മാവുള്ളപ്പോഴാണോ ആയുസ്സിനു പഞ്ഞം--

എന്താ പിതാമഹാ-- എന്താ-- എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു . യുറേക്കാ-യുറേക്കാ എന്ന് അദ്ദേഹം വിളിച്ചു എന്നു പറയുന്നതു ശരിയായിരിക്കാന്‍ വഴിയില്ല.. കാരണം അതുകഴിഞ്ഞ് വളരെനാള്‍ കഴിഞ്ഞാണ് ആര്‍ക്കിമിഡീസ് ഉണ്ടായത്--പുതിയ ഐഡിയാ--ഒരു വെടിക്കു രണ്ടു പക്ഷി--എന്നദ്ദേഹം വിളിച്ചു പറഞ്ഞു--

പോയൊരു കുതി്രത്തല കൊണ്ടുവാ . അതുവയ്ക്കാം തലപോയിടത്ത്. അപ്പോല്‍ വിഷ്ണവും ഹയഗ്രീവനാകും--കുതിരത്തലഉളളവന്‍ --ഹയഗ്രീവന്‍ ഒരിജിനലിനു പണികൊടുക്കാം--എന്റെ കൈയ്യില്‍ നിന്നും വേദം തട്ടിപ്പറിച്ചു കൊണ്ടു കടന്നവന്‍. അവനേ കാച്ചാന്‍ ഹയഗ്രീവന്‍ തന്നെ വേണം. സൂത്രത്തില്‍ എന്നേപ്പറ്റിച്ചു വരം മേടിച്ചതാ.

അങ്ങനെ മഹാവിഷ്ണു പോയി ഹയഗ്രീവനേ നിഗ്രഹിച്ചു.

>

മായ--രണ്ട്

0
അപ്പൂപ്പാ ഈ മായയേക്കുറിച്ച് പറഞ്ഞത് അങ്ങോട്ടു ശരിക്കു മനസ്സിലായില്ല. രാം കുട്ടനാണ്.

പറഞ്ഞ ഈ എനിക്കുതന്നെ മുഴുവനങ്ങോട്ടു മനസ്സിലായില്ല. അതുകൊണ്ട് നീ വിഷമിക്കണ്ടാ. ആട്ടെ എന്താ നിന്റെ സംശയം.

ശരിക്കും പറഞ്ഞാല്‍ എന്റെ സംശയം എന്താണെന്നാണ് എന്റെ സംശയം. ബ്രഹ്മ സ്സത്യം എന്നു പറഞ്ഞതില്‍ എന്താണു സത്യം? മിഥ്യ-മായയാണെന്നു മനസ്സിലായി.
ങാ- പറയാം. ഈ സത്യവും, മിഥ്യയും ഇരട്ടസ്സഹോദരങ്ങളാണ്. കണ്ടാല്‍ ഒരു പോലിരിക്കും. സ്വഭാ‍വം വിപരീതവും. മിഥ്യ എന്നു വച്ചാല്‍--കള്ളം, നുണ എന്നൊക്കെ അര്‍ത്ഥമുണ്ട്. ഇവരേ തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ ഒരു വഴിയേ ഉള്ളൂ. സത്യം വെള്ളക്കുപ്പായമേ ഇടൂ. മിത്ഥ്യ നിറപ്പകിട്ടുള്ള വസ്ത്രങ്ങളും. ഇവരുടെ സ്വഭാവ വിശേഷം കൊണ്ട്, സത്യത്തിന് സമൂഹത്തില്‍ വിലയും, മിഥ്യയ്ക്ക് പുച്ഛവും ലഭിച്ചു. മിഥ്യയ്ക്ക് അസൂയ. എങ്ങിനെ എങ്കിലും ഇവനേ പറ്റിക്കണം എന്നായി വിചാരം.

അങ്ങനെ ഇരിക്കെ ഒരിക്കല്‍ രണ്ടു പേരും കൂടി കുളിക്കാന്‍ പോയി. നദിയിലിറങ്ങി കുളിച്ചിട്ട് മിഥ്യ പെട്ടെന്ന് കയറി സത്യത്തിന്റെ വേഷം--കുളിക്കാന്‍ നേരമഴിച്ചുവച്ചത്--എടുത്തണിഞ്ഞ് സ്ഥലം വിട്ടു. പാവം സത്യം-കുളിച്ചു കേറിയപ്പോള്‍ തുണിയില്ല. മിഥ്യയുടെവേഷം ഇടാന്‍ പറ്റുമോ!

ഇപ്പോഴും തുണി യില്ലാതെ ഒളിച്ചു നടപ്പാണ്. ഉജാലയിട്ടു വെളുപ്പിച്ച വേഷവും ധരിച്ച് നുണ-സത്യത്തിന്റെ സ്ഥാനത്തും. നഗ്നനായി വെളിയിലിറങ്ങാന്‍ വയ്യാതായ സത്യത്തിന് ഇരിക്കാന്‍ സത്യസ്വരൂപന്‍ ഒരു സ്ഥലം കല്പിച്ചു. ജീവജാലങ്ങളുടെ ഉള്ളില്‍. കണ്ടു പിടിക്കണമെങ്കില്‍ അകത്തേക്കു നോക്കണം.

സത്യം ഒളിവിലായതോടുകൂടി പിന്നെ കള്ളത്തിന്റെ ഭരണമായി. ഈ കാണുന്നതെല്ലാം സത്യമെന്ന് ആളുകള്‍ വിശ്വസിച്ചു. നിനക്കറിയാമോ--പണ്ട് ഹിരണ്യാക്ഷനേ കൊന്ന് ഭൂമിയേ വീണ്ടെടുത്ത ശേഷം മഹാവിഷ്ണു, കുറേ നാള്‍ പന്നിയായി ഒന്നു ജീവിച്ചുകളയാമെന്ന് തീരുമാനിച്ചു. മന്വന്തരങ്ങള്‍ കഴിഞ്ഞിട്ടും വൈകുണ്ഠം കാലി. ലൊകത്തിലെ ക്രമസമാധാ‍ന പാലനത്തിനുള്ള ആഭ്യന്തരമന്ത്രിയല്ലേ മഹാവിഷ്ണു. ഇന്ദ്രനാണെങ്കില്‍ എന്നും പ്രശ്നം. പുള്ളി ഓടി ബ്രഹ്മാവിനേയും, മഹാദേവനേയും ഒക്കെ കണ്ട് പരാതി ബോധിപ്പിച്ചു. കണ്ടു പിടിക്കാന്‍ ഏകംഗക്കമ്മിഷനായി നാരദരേ നിയോഗിച്ചു.

നാരദര്‍ ഭൂമിയില്‍ മുഴുവന്‍ അന്വേഷിച്ചു. ഒടുവില്‍ ഒരു അഴുക്കു ചാലില്‍ ആയിരക്കണക്കിന് ഭാര്യാ-പുത്രാദികളുമായി കക്ഷിയേ കണ്ടു പിടിച്ചു. എത്ര നിര്‍ബ്ബന്ധിച്ചിട്ടും ഈ സുഖ സൌകര്യങ്ങള്‍ വിട്ട് താനെങ്ങോട്ടും ഇല്ലെന്ന് കക്ഷി തീര്‍ത്തു പറഞ്ഞു.

നാരദര്‍ വീണ്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍--ഹിരണ്യാക്ഷനേ ഓടിച്ചപോലെ ഒറ്റ പാച്ചില്‍. നാരദര്‍ ജീവനും കൊണ്ട് ഓടി--ആപോക്കില്‍ പാ‍വത്തിന്റെ തബുരുവും പോയെന്നാ കേഴ്വി.

അത്ര ശക്തമാമോനെ ഈ മായാ ബന്ധം. അവസാനം വിഷ്ണുവിനേ രക്ഷിക്കാന്‍ സംഹാരരുദ്രനു തന്നെ വരേണ്ടി വന്നു. അദ്ദേഹം തന്റെ ശൂലം കൊണ്ട് ആ പന്നിയുടെ മസ്തകം പിളര്‍ന്നാണ് വിഷ്ണുവിനേ മോചിപ്പിച്ചത്. ഇതാണ് മായാബന്ധത്തില്‍ പെട്ടവരുടെ കഥ. വല്ലോം പുടികിട്ടിയോ? ഇല്ലെങ്കില്‍ അകത്തേക്കു നോക്ക്.

മായ.

0
അപ്പൂപ്പാ, ഈ മായ എന്നുവച്ചാലെന്തവാ--രാം കുട്ടനാണ്.

അതു ഞങ്ങടെ ക്ലാ‍സ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണ്. പതിനൊന്നുകാരന്‍ കിട്ടു.

അല്ല അതെന്റെ കൂട്ടുകാരി ലേഖയുടെ അമ്മയാ--ഒന്‍പതുകാരി ആതിര.

അപ്പൂപ്പാ‍ ഇവരോടൊന്നപ്പുറത്തു പോകാന്‍ പറഞ്ഞേ--എന്തെങ്കിലും കാര്യം ചോദിക്കുമ്പഴാ അവടെ ഒരു--രാം പറഞ്ഞു.

നിങ്ങള്‍ വഴക്കിടണ്ടാ. ഇല്ലാത്തത് ഉണ്ടെന്നു തോന്നിക്കുന്നതു മായ-കിട്ടുവിന്റെ ക്ലാസ്സില്‍ പഠിക്കുന്നതു മായ-- ആതിരേടെ കൂട്ടുകാരിയുടെ അമ്മ മായ--ഇനി ഉണ്ണിയുടെ വല്ലോരും ഒണ്ടോടാ-- ങാ ഇതാണ് മായാമയം--ഇന്നത്തെ കൂട്ടനെല്ലാം ചക്കമയമാണെന്ന് അമ്മൂമ്മ പറഞ്ഞില്ലേ--അതുപോലെ. പിന്നെ ഇന്നാളില്‍ ആ പ്രതീഷ്--ഓ -ആ കോഴിക്കോട്ടുകാരന്‍ -- പറഞ്ഞില്ലേ- അവരുടെനാട്ടില്‍- മായാമയം-എന്നു പറഞ്ഞാല്‍- മഴയോടു മഴ-എന്നാണെന്ന്.

ഓ-ഈ അപ്പൂപ്പന് എപ്പഴും തമാശയാ‍--ശ്യാമിന്റെ കമന്റ്. ശരിക്കും ഈ സ്വാമിമാരൊക്കെ പറയത്തില്ലേ--എല്ലാം മായയാണെന്ന്- അതാ ചോദിച്ചത്.

മക്കള്‍ മായാ ജാലം എന്നു കേട്ടിട്ടില്ലേ. ഒരിടത്ത്-അങ്ങു വടക്കെങ്ങാണ്ട്-ഒരു നമ്പീശനുണ്ടായിരുന്നു. പേരു മറന്നു പോയി. വല്ല്യ ഇന്ദ്രജാലക്കാരനായിരുന്നു. ഒരു കുഴപ്പം മാത്രം. രണ്ട് കാലേലും മലപോലെ മന്ത്. പക്ഷേ പ്രസിദ്ധനാണ്.

ഒരു ശിവരാത്രിദിവസം. അമ്മ വിളിച്ചു പറഞ്ഞു--മോനേ ഇന്ന് ഉറക്കം ഇളയ്ക്കാന്‍ നിന്റെ എന്തെങ്കിലും ഒരു സൂത്രം കാണിക്ക്. ദേ അയലത്തുകാരെല്ലാം വന്നിട്ടുണ്ട്.

ഓ വയ്യമ്മേ. ഞാനിവിടെങ്ങാനും ഒന്നു കിടക്കട്ടെ--എന്നു പറഞ്ഞു കൊണ്ട് നമ്പീശന്‍ കിടക്കാന്‍ പോയി.

അതാ ആകാശത്തു നിന്നും ഒരു എഴുത്ത്--ഒരു ചരടില്‍ കെട്ടി മുകളില്‍നിന്നും വന്നതാണ്. ആരോ അതെടുത്ത് വായിച്ചു. നമ്പീശനുള്ളതാണ്. ഇന്ദ്രന്റെയാണ് കായിതം.

ഏതിന്ദ്രന്‍ ‍--കിട്ടുവാണ്.

ദേവേന്ദ്രന്‍ ‍--അല്ലാതേതിന്ദ്രന്‍ ‍. ദേവലോകത്ത് ദെവാസുര യുദ്ധം. നമ്പീശന്‍ ഉടന്‍ എത്തണം. ഇതാണ്ആജ്ഞ.

അങ്ങനെ തന്നെ വേണം--ആതിരയുടെ സന്തോഷം--ആ അമ്മ പറഞ്ഞാ കേക്കാഞ്ഞിട്ടാ.

നമ്പീശന്‍ വളരെ വൈമനസ്യത്തോടെ എഴുനേറ്റു--ഉടന്‍ ഒരു നൂലേണി- ആകശത്തില്‍ നിന്നും വന്നു. അതില്‍ കയറി നമ്പീശന്‍ പോയി. സൂക്ഷിക്കണേ മോനേ--അമ്മ വിളിച്ചുപറഞ്ഞു.

യുദ്ധത്തിന്റെ ആരവം. പെരുമ്പറശബ്ദം-ശംഖനാദം--ആള്‍ക്കാരുടെ അലര്‍ച്ച--അങ്ങിനെയിരുന്നപ്പോള്‍ ആരുടേയോ ഒരു തല വന്നു മുറ്റത്തുവീണു. രക്തം അവിടെ വ്യാപിച്ചു--അതാ കൈകാലുകള്‍--തലകള്‍--യുദ്ധം പൊടി പൊടിക്കുകയാണ്--മുറ്റം മുഴുവന്‍ രക്തം തളം കെട്ടിക്കിടക്കുന്നു. ശിവരാത്രിക്കാര്‍ സംഭ്രമത്തോടെ കാഴ്ച കാണുകയാണ്. അയ്യോ-അതെന്താണ്--ഒരു മന്തുകാല്‍--അതാ മറ്റേക്കാലും--പുറകേ നമ്പീശന്റെ തലയും--അമ്മ ബോധം കെട്ടുവീണു. ആള്‍ക്കാര്‍താങ്ങി എടുത്തു മുഖത്തു വെള്ളം തളീച്ചു. എന്റെ മോനേ എന്നു പറഞ്ഞ് അവര്‍ കണ്ണു തുറന്നു--നോക്കിയത്--നമ്പീശന്റെ മുഖത്തേക്ക്-

നീ--നീ അവര്‍ വാക്കുകള്‍ക്കു പരതി.

അതേ അമ്മേ ഞാന്‍ തന്നെ. ആവതില്ലാത്തോരൊന്നും ഈ ഇന്ദ്രജാലം കാണരുത്. നമ്പീശന്‍ പറഞ്ഞു.

അപ്പം അതു സൂത്രമായിരുന്നോ--ആതിരയ്ക്കുസംശയം.

അതേ മോളേ--ഇതുപോലാ നമ്മള്‍ ഈ കാണുന്നതെല്ലാം ശരിക്കുള്ളതല്ല. ഉദാഹരണത്തിന് വെള്ളം എടുക്കാം. കുടിക്കാം--കുളിക്കാം--ചെടിനനയ്ക്കാം--പക്ഷെ അത് ശരിക്കും എന്താണ്? വൈദ്യുതി കടത്തിവിട്ടാല്‍ രണ്ടു വാതകങ്ങളാകും--ഹൈഡ്രജനും, ഓക്സിജനും--വെറുതേ ചൂടാക്കിയാലോ ആവിയാകും--ഇനി തണുപ്പിച്ചാലോ--ഐസുകട്ടയാകും--വെള്ളമാണെന്നു പറഞ്ഞ സാധനം. ഇതുപോലാണ് പ്രപഞ്ചത്തിലേ എല്ലാം--ഇതാണ് ബ്രഹ്മസ്സത്യം--ജഗന്‍ മിഥ്യ എന്നു ശങ്കരാചാര്യര്‍ പറഞ്ഞത്. അതു പഴഞ്ചനാണെന്നു പറയുന്നവര്‍ക്ക് “ മാറ്റര്‍ ക്യാന്‍ നൈതര്‍ ബി ക്രിയേറ്റഡ്- നോര്‍ ബി ഡിസ്റ്റ്റോയ്ഡ്”( പുതിയ വസ്തുക്കള്‍ ഉണ്ടാക്കാനോ-ഉള്ളത് ഇല്ലാതാക്കാനോ കഴിയില്ല) എന്ന തത്വം മോഡേണ്‍ സയന്‍സിന്റേതാണേ--

അറിയില്ല-അഥവാ-മനസ്സിലായില്ല എന്നു ധരിച്ചാല്‍ മതി. ആകെ ഒരു വസ്തുവേ ഉള്ളു. അതു പലരൂപത്തില്‍ കാണുന്നു--ഇതാണ് അപ്പൂപ്പനറിയാവുന്ന മായ. ശുഭം

സമ്മാനം

0
നാണു ഒരമ്മയ്ക്ക് ഒറ്റ മകനാണ്. കൃഷികാര്യങ്ങളൊക്കെ നോക്കുമെങ്കിലും, പൊതുവേ ഒരു മണ്ടനാണ്. ഇവനേ നാലക്ഷരം പഠിപ്പിക്കണമെന്നു വിചാരിച്ച് അമ്മ പല ആശാന്‍ മാരേയും സമീപിച്ചു. നാണുവിന്റെ സ്വഭാവം അറിയാമായിരുന്ന ആശാന്മാരാരും അവനേ പഠിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. (ആദ്യത്തേ ആശന്റെ ആശാമ്പള്ളിയില്‍ നിന്നും, ആശാന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കാത്തിന്, ഇനി പഠിത്തമില്ല- എല്ലാരും വീട്ടില്‍ പൊയ്ക്കോ--എന്നു പറഞ്ഞ് ആശാമ്പള്ളീ പിരിച്ചു വിട്ട ആളാണ്നാ‍ണു.) അന്ന് ആ ആശാന്‍ --കുട്ടനാശാന്‍ --വന്ന് നാണുവിന്റെ അമ്മയേ വിളിച്ച ചീത്തയ്ക്ക് കണക്കില്ല.

അവസാന പരിശ്രമമെന്ന നിലയില്‍ അമ്മ നാണുവിനോടു പറഞ്ഞു. “ നീ-കുട്ടനാശാന്റെ അടുത്തു ചെല്ല്. ആശാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. മറുത്തൊന്നും പറയരുത്. എന്നാ മോന്‍ പോയിട്ടു വാ.”

നാണു പോയി. ആശാന്റെ മുന്നിലേക്കു ചെന്നപ്പോള്‍ ആസാന്‍ ചോദിച്ചു.

“ എന്താ വന്നെ”

നാണു മിണ്ടിയില്ല. അവിടെ നിന്നു.

അശാന്‍ “എന്താ നിന്നെ”. ഓ നില്‍ക്കുന്നതു കുറ്റമായിരിക്കും--നാണു ഇരുന്നു.

ആശാന്‍ “ എ‍ന്താ ഇരുന്നെ”. നാണുവിനു മതിയായി. എഴുനേറ്റു തിരിച്ചുനടന്നു.

ആശാന്‍ അല്ലേ” എന്താ പോന്നെ” എന്നു ചോദിച്ചതും കേട്ടുകൊണ്ട് നാണു വീട്ടിലെത്തി.
എന്താടാ ആശാന്‍ പഠിപ്പിച്ചത്. അമ്മയുടെ ചോദ്യം--എന്താണാശാന്‍ പറഞ്ഞത്?

അതോ നാണു പറഞ്ഞു. “എന്താ വന്നെ; എന്താ നിന്നെ; എന്താ ഇരുന്നെ; എന്താ പോന്നെ” ഇതാണ് ഇന്നു പഠിപ്പിച്ചത്.

മതി മോനേ മതി. നീ മിടുക്കനാ. ഇനി മോന്‍ പോയി നമ്മുടെ കപ്പകൃഷി യില്ലെ--അവിടുത്തേ മാടത്തെലിരുന്ന് രാത്രിയില്‍ ഈ പഠിച്ച പാഠം ഉരുവിട്ടുറപ്പിക്ക്. അമ്മയ്ക്ക് മോനേ പഠിപ്പിച്ച് തൃപ്തിയായി.

നാണു സന്ധ്യയ്ക്ക് തന്നെ മാടത്തില്‍ പോയിരുന്ന് പാഠം പഠിക്കാന്‍ തുടങ്ങി.

എന്താ വന്നെ; എന്താ നിന്നെ; എന്താ ഇരുന്നെ; എന്താ പോന്നെ. പഠിച്ചുപഠിച്ച് അവന്‍ മയങ്ങി പ്പോയി. എന്തോ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഉണര്‍ന്നതും ഉറക്കപ്പിച്ചില്‍--എന്താ വന്നെ; എന്താ നിന്നെ; എന്താ ഇരുന്നെ; എന്താ പോന്നെ--എന്ന് വളരെ സവധാനത്തില്‍ പറയാന്‍ തുടങ്ങി.

കുറേ കള്ളന്മാര്‍ മോഷണമുതലും കൊണ്ട് അതിലേ പോകുന്ന ശബ്ദമാണ് നാണുവിനേ ഉണര്‍ത്തിയത്. എന്താ വന്നെ--എന്നു കേട്ടപ്പോള്‍ കള്ളന്മാര്‍ അറിയാതെ നിന്നു പോയി--അതാവരുന്നു--എന്താ നിന്നെ--അവര്‍ പമ്മി അവിടെ ഇരുന്നു --എന്താ ഇരുന്നെ--അടുത്ത ചോദ്യം--കണ്ടു പിടിച്ചു പോയെന്നുറപ്പിച്ച് മോഷണ മുതലും ഉപേക്ഷിച്ച്കള്ളന്മാര്‍ കമ്പിനീട്ടി. എന്താ പോന്നെ--നാണുവിന്റെ അടുത്ത ചോദ്യം അവര്‍ ദൂ‍രെവച്ചാണ്കേട്ടത്.

നേരം വെളുത്തു, --നാണു ഉണര്‍ന്നു നോക്കിയപ്പോള്‍ കപ്പത്തറയില്‍ എന്തോ ഇരിക്കുന്നു. മൂന്നുനാലുഭാണ്ഡങ്ങള്‍. വേഗം ചെന്ന് അമ്മയേ വിളിച്ചു കൊണ്ടു വന്നു.. ഭാണ്ഡവും ആള്‍ക്കാരുടെ കാല്‍പ്പാടുകളും കണ്ട് അമ്മയ്ക്കു കാര്യം മനസ്സിലായി. പക്ഷേ അവര്‍ മോനോടു പറഞ്ഞത് അവന്റെ പഠിത്തത്തിന്റെ ഗുണം കൊണ്ട് ഈശ്വരന്‍ കൊടുത്തതാണെന്നാണ്.

അപ്പോള്‍ നാണുവിനൊരാഗ്രഹം. ഗുരുവിന് ഒരു സമ്മാനം കൊടുക്കണം.

പറഞ്ഞത് കുഴപ്പമായോ എന്ന് അമ്മ്യ്ക്കു തോന്നി. പണ്ടു പറഞ്ഞ ചീത്ത അവര്‍ മറന്നിരുന്നില്ല. പിന്നീടു ചെന്നപ്പോഴും മണ്ടനായ അവനേ വിളിച്ചിരുത്തി എന്തെങ്കിലും പറഞ്ഞു കൊടുക്കാതെ--- അവര്‍ പല്ലുകടിച്ചു--കൊടുക്കാം അയാള്‍ക്കു സമ്മാനം--എന്നു മനസ്സില്‍ വിചാരിച്ച് മോനോടു പറഞ്ഞു.

“ മോനേ നല്ല സമ്മാനം തന്നെ അദ്ദേഹത്തിനു കൊടുക്കണം. മോന്റെ പിറന്നാള്‍ അടുത്ത വെള്ളിയാഴ്ചയല്ലേ. അന്ന് അദ്ദേഹതിന് ഭക്ഷണവും സമ്മാനവും കൊടുക്കാം. ആട്ടെ എതാണു സമ്മാനമായി കൊടുക്കേണ്ടത്.”

“ ഓ അതൊക്കെ അമ്മ തന്നെ തീരുമാനിച്ചാല്‍ മതി “നാണു പറഞ്ഞു.

“ശരി നമുക്ക് അദ്ദേഹത്തിന്‍ ഒരു ഉലക്ക കൊടുക്കാം“ അമ്മ പറഞ്ഞു.

നാണുവിന് വളരെ സന്തോഷം. അവന്‍ ഒരു നല്ല ഉലക്ക ഉണ്ടാക്കി-എണ്ണയും ഒക്കെയീട്ടു മിനുക്കി--ഒറ്റ ആരുപോലും ഇല്ലാതെ--സൂക്ഷിച്ചുവച്ചു. വെള്ളിയാഴ്ച അവന്റെ പിറന്നാളാണെന്നും, വീട്ടില്‍ സദ്യയ്ക്കു വരണമെന്നും ആശാനേ അറിയിച്ചു.

വെള്ളിയാഴ്ച രാ‍ാവിലേ. ആശാന്‍ കുളിച്ചു കുറിയും തൊട്ട് സദ്യയ്ക്ക് വരികയാണ്. ദൂ‍രെ വച്ചേ അമ്മ കണ്ടു. മോനേ നീ പോയി കുളിച്ചിട്ടുവരൂ. ആശാന്‍ ഇപ്പോള്‍ വരും. എന്ന് നാണുവിനോടു പറഞ്ഞു.

നാണു കുളിക്കാന്‍ പോയപ്പോള്‍ ആശാനെത്തി. അമ്മ “വരൂ ആശാനേ കാപ്പി കുടിക്കാം” എന്നു സ്നേഹഭാവത്തോടെ ആശാനേ വിളിച്ചിരുത്തി. ആശാന്‍ സന്തോഷപൂര്‍വ്വം ഒരു കഷണം ഇഡ്ഡലി കൈയ്യിലെടുത്തു. അപ്പോള്‍ അമ്മ പറഞ്ഞു. ആശാനേ-നാണുവിന് ആശാനോട് ഭയങ്കര ദേഷ്യമാണ്. ആശാനേ തല്ലണമെന്നു പറഞ്ഞ് ഒരു ഉലക്ക ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാ ഇപ്പോള്‍ സദ്യ എന്നൊക്കെപ്പറഞ്ഞ് വിളിച്ചത്. ഞാ‍ന്‍ ആശാനോടുള്ള സ്നേഹം കൊണ്ടു പറയുവാ--അയ്യോ ദാ അവന്‍ --

കൈയ്യിലിരുന്ന ഇഡ്ഡലിയും ഇട്ട് കുട്ടനാശാന്‍ ഇറങ്ങി ഓടി.

നാണു വന്നു. ആശാനെന്തിയേ അമ്മേ?

ആശാനോ- എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞ് ദാ ഓടിപ്പോകുന്നു. മോനൊരു കാര്യം ചെയ്യ്. ആ ഉലക്ക കൊണ്ടു പോയി ആശാന് കൊടുക്ക്-- പാവം.

നാണു ഉലക്കയുമായീറങ്ങി--ഉറക്കെ വിളിച്ചു”ആശാനേ”--ആശാന്‍ തിരിഞ്ഞു നോക്കി--അതാ നാണു ഉലക്കയുമായി ഓടിവരുന്നു. നിലവിളിച്ചു കൊണ്ട് ആശാന്‍ പാഞ്ഞു. നാണു പുറകേ. അങ്ങനൊരു കഥ.

സത്സംഗം

0
അമ്മയ്ക്ക് ഇന്നു രാവിലേ സത്സംഗത്തിനു പോണമെന്ന്. എന്തവാ അപ്പൂപ്പാ ഈസത്സംഗം.

നിങ്ങള്‍ക്കു കൂടി പോയി നോക്കരുതോ? ഏതോ സ്വാമിയുടെ പ്രഭാഷണമുണ്ട്.

ഓ- ഞാന്‍ പോന്നില്ല. രാം കുട്ടന്‍ പറഞ്ഞു. ടി.വി യില്‍ തന്നെ ആവശ്യത്തിന് സ്വാമിമാരുണ്ട്. അപ്പൂപ്പന്‍ പറേന്നെങ്കില്‍ പറ.

എടാമക്കളേ, ഇപ്പം ഒത്തിരി സത്സംഗങ്ങള്‍ ഉണ്ട്. മാതാ അമൃതാനന്ദമയി ദേവിയുടെ, വഴൂരാശ്രമത്തിന്റെ, വിശ്വ ഹിന്ദു പരിഷത്തിന്റെ, അങ്ങനെ പലരുടേയും . ഇതെല്ലാം പലതരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. പണ്ട് എന്റെ അമ്മ പറഞ്ഞ സത്സംഗത്തിന്റെ കഥ ഞാന്‍ പറയാം.

നാരദന്‍ ഒരിക്കല്‍ മഹാവിഷ്ണുവിനേ കണ്ട്, പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അരുളിച്ചെയ്യണം എന്നു പറഞ്ഞു.

മഹാവിഷ്ണു , അദ്ദേഹത്തോട്, ബദര്യാശ്രമത്തിലുള്ള ഒരു അത്തി മാത്തില്‍ ഒരു പുഴു ഇരിപ്പുണ്ടെന്നും, അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.

നാരദന്‍ പോയി പുഴുവിനെ കണ്ടു പിടിച്ചു. ചുണ്ടു ചേര്‍ത്തു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനംഎന്താണെന്ന്.

പുഴു ഒന്നും പറഞ്ഞില്ല. പക്ഷെ അത് ഒന്നു വിറച്ചു--താഴെവീണു ചത്തു.

പാവം നാരദന്‍ . വേഗം വൈകുണ്ഠത്തില്‍ ചെന്ന് വിവരം പറഞ്ഞു.

മഹാവിഷ്ണു പറഞ്ഞു. അങ്ങ് അയോധ്യയിലേക്കു ചെല്ലൂ. അവിടെ വൈശ്വാനരന്‍ , എന്നൊരു ബ്രാഹ്മണന്റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതുപ്രസവിക്കുമ്പോള്‍ , ആ കുട്ടിയോടു ചോദിക്കൂ.

നാരദന്‍ പോയി. ഒത്തിരി വൈശ്വാനരന്‍ മാര്‍ ഉള്ളതില്‍ നിന്ന് പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനേ കണ്ടു പിടിച്ചു. ഒരു കൊല്ലം എടുത്തെന്നു മാത്രം.

പശു പ്രസവിച്ചു. നാരദന്‍ ഉടമസ്ഥന്റെ അനുവാദത്തോടെ പശുക്കുട്ടിയുടെ ചെവിയില്‍ ചുണ്ടു ചേര്‍ത്തുവച്ച് ചോദിച്ചു-സത്സംഗം കൊണ്ടുള്ളപ്രയോജനം എന്താണ്.

പശുക്കുട്ടി കണ്ണൊന്ന് ഉരുട്ടി-മുകളിലേക്ക് നോക്കി--ഒന്നു വിറച്ചു--ചത്തു.

എന്താടാ പന്ന--ഈ കാണിച്ചത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും--ബ്രഹ്മണന്‍ ഭവ്യതയോടെ നാരദനേ യാത്രയാക്കി. ഇനി കൂടുതല്‍ നേരം നിന്നാല്‍ താന്‍ വല്ലതും പറഞ്ഞു പോകും--നാരദനെങ്ങാനും ശപിച്ചാലോ.

നാരദനും അവിടെനിന്നും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു. പുഴുവിന് ഉടമസ്ഥന്മാരില്ല. ഇതങ്ങനെയാണോ? വേഗം വൈകുണ്ഠത്തില്‍ എത്തി.

ഈയളെന്താ എന്നെ കൊലയ്ക്ക് കൊടുക്കാനണോ ഭാവം--എന്നാണ് വായില്‍ വന്നതെങ്കിലും പറഞ്ഞത് ആ’ “പ്രഭോ അതും മരിച്ചു”എന്നാണ്.

മഹാവിഷ്ണു ഒന്നു പുഞ്ചിരിച്ചു. വിഷമിക്കണ്ടാ നാരദരേ-- അങ്ങ് കാശി രാജ്യത്തേക്ക് പോകുക. അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം നിശ്ചയമായും കിട്ടും.

വേണ്ടാ ഭഗവാനേ--എനിക്കറിയണ്ടാ-സത്സംഗം കൊണ്ടൂള്ള പ്രയോജനം--ഇനി ഞാന്‍ ഒന്നും ചോദിക്കത്തില്ല--എന്നേ കാശിരാജാവിനേക്കൊണ്ട് കൊല്ലിക്കാനാണോ--അദ്ദേഹത്തിന് മക്കളുണ്ടാകാതിരുന്ന് ഉണ്ടാകുന്ന കുട്ടിയാണ്.

പേടിക്കണ്ടാ നാരദരേ. ചെല്ലൂ. ഞാനല്ലേ പറയുന്നത് --ചെല്ലൂ--ഭഗവാന്‍ പറഞ്ഞു..

അതുതന്നാഎനിക്കു പേടി എന്നു പിറുപിറുത്തു കൊണ്ട് നാരദന്‍ പോയി.

കാശിരാജ്യത്ത് ഉത്സവം. രാജ്ഞി തിരുവയറൊഴിയാന്‍ പോകുന്നു. നാരദന്‍ അവിടെഎ‍ത്തിയപ്പോള്‍ അതീവ സന്തോഷ്ത്തോടുകൂടി രാജാവ് എതിരേറ്റിരുത്തി. അചിരേണ രാ‍ജ്ഞി പ്രസവിച്ചു. ഒരാണ്‍ കുട്ടി. ആശീര്‍വദിക്കാന്‍ വേണ്ടി കുഞ്ഞിനേ നാരദ മഹര്‍ഷിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ചുറ്റുമൊന്നു നോക്കി. ചോദിക്കാ‍മോ?

പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ച് കുഞ്ഞിനേ മാറോട് ചേര്‍ത്ത്, ചെവിയില്‍ ചുണ്ടു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്കുമാരാ?. നാരദന്റെ ഹ്രുദയമിടിപ്പ് ഒരു നിമിഷനേരം നിന്നു. അദ്ദേഹം കണ്ണുകളടച്ചു. തുറന്നു നോക്കിയപ്പോഴും -ഭാഗ്യം- കുഞ്ഞു മരിച്ചില്ല-എന്നു തന്നെയല്ല--എഴുനേറ്റിരിക്കുന്നു.

“ തപോനിധേ” കുഞ്ഞു പറഞ്ഞു.“’ ഞാന്‍ കഴിഞ്ഞതിന്റെ മുന്‍പിലത്തേ ജന്മത്തില്‍ ഒരു പുഴുആയിരുന്നു--ബദരീനാഥിലേ അത്തി മരത്തില്‍. അങ്ങയോടുള്ള സംഗം കൊണ്ട്-അടുത്ത ജന്മത്തില്‍ പശുവായും അതിന്റടുത്ത ജന്മത്തില്‍ ഇതാ മനുഷ്യനായും--അതും രാജകുമാരനായി--ജനിച്ചു.“
പയ്യീച്ച,പൂച്ച, പുലി, വണ്ടെലിഞണ്ടു-
പച്ചപ്പൈയ്യെന്നുതൊട്ടു പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരീ മനുജാകൃതത്തേ
ക്കൈയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടൊല്ലേ

എന്നാരാണ്ട് പറയാന്‍ പോകുന്നുണ്ട്. പക്ഷേ അങ്ങയുടെ അടുപ്പം-സത്സംഗം--കൊണ്ട് എനിക്ക് മൂന്നാമത്തേജന്മം മനുഷ്യജന്മമായി. പെരുത്തു സന്തോഷം.
ഇത്രയും പറഞ്ഞു കുഞ്ഞു കിടന്ന് കരയാന്‍ തുടങ്ങി. ഇതാണ് അമ്മ പറഞ്ഞ കഥ.

പാച്ചുവും ഗോപാലനും

1
പാച്ചുവിന്റേയും ഗോപാലന്റേയും കഥ കേട്ടിട്ടില്ലേ.

ങാ. ഉണ്ടുണ്ട്. ഏതോ ഒരു മാസികയില്‍ വരുന്ന കാര്‍ട്ടൂണ്‍ അല്ലേ.

അതൊരു പാച്ചുവും ഗോപാലനും. ഇതു വേറൊരു പാച്ചുവും ഗോപാലനുമാണ്. വലിയ കൂട്ടുകാരാണ്. ഒരു ദിവസം ഞാനവരേ ആശുപത്രിയില്‍ വച്ചു കണ്ടൂ. പാച്ചു കിടക്കുന്നു. മൂക്കു പൊട്ടിയിട്ടുണ്ട്. മുഖത്തു മുഴുവന്‍ അടിയേറ്റ പാടും. ഗോപാലന്‍ അടുത്തിരുന്ന് തടവിക്കൊടുക്കുന്നു. എന്തു പറ്റി ഗോപാലാ ഞാ‍ന്‍ ചോദിച്ചു.

ബാക്കികഥ ഗോപലന്റെ വാചകത്തില്പറയാം.

എന്റിഷ്ടാ ഇതു ഞാന്‍ തന്നെ ചെയ്തതാ. കാര്യം ഞാന്‍ പറയാം. നിങ്ങള്‍തന്നെ തീരുമാനിച്ചാല്‍ മതി ഞാന്‍ തെറ്റുകാരനാണോ എന്ന്. ഞങ്ങള്‍ രണ്ടു പേരും കൂടെ ഹരിപ്പാട്ട് ഒന്‍പതാമുത്സവം കാ‍ണാന്‍ പോകാന്‍ തീരുമാനിച്ചു. പക്ഷേ എന്റെ സ്ഥിതി അറിയാ‍ാമല്ലോ. എനിക്കാകെ ഒരു മുണ്ടേ ഉള്ളു. അത് ഉടുത്തുടുത്ത് ചവിണ്ടിരിക്കുവാ. അപ്പോള്‍ പിന്നെങ്ങനെ ഉത്സവത്തിനു പോകും.

അപ്പോള്‍ ഇവന്‍ പറഞ്ഞു --അതു സാരമില്ല .മുണ്ടു ഞാന്‍ തരാം. ബാ പോകാമെന്ന്.


അങ്ങനെ അവന്റെ മുണ്ടും ഉടുത്തു കൊണ്ട്,ഉത്സവത്തിനു പോയി. വഴിമുഴുവന്‍ പാച്ചുവിന്റെ പരിചയക്കാരാ. എന്നേ ഒട്ടറിയത്തുമില്ല. ആലിന്‍ ചുവട്ടില്‍ വച്ച് ഒരാള്‍ ചൊദിച്ചു--

പാച്ചുവേ എന്താ ഉത്സവത്തിനാ--ഇതാരാ?

അതോ ഇഷ്ടാ. ഇത് എന്റെ കൂട്ടുകാരന്‍ ഗോപാലന്‍--പക്ഷേ അവ്നുടുത്തിരിക്കുന്ന മുണ്ട് എന്റെയാ.

ശരി എന്നു പറഞ്ഞ് എന്റെമുഖത്തുനോക്കി ഒരു വളിച്ച ചിരിചിരിച്ച് അയാള്‍ പോയി. ഞാന്‍ വല്ലാതായി. പാച്ചുവിന്റെ തലയ്ക്ക് അല്പം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.

എടാ ഇതു നിന്റെ മുണ്ടാണെന്നു പറയരുത്. ഞാന്‍ സൌമ്യമായി പറഞ്ഞു.

എന്റെ അല്ലേ? അവന്റെ നിഷ്കളങ്കമായ ചോദ്യം.

അതേ പക്ഷേ അതു പറയുന്നത് എനിക്കു മോശമല്ലേ. ഞാന്‍ ചോദിച്ചു.

ഓ അതുഞാ‍നോര്‍ത്തില്ല. ശരി ഇനി ഞാന്‍ പറയത്തില്ല. പാച്ചു ഉറപ്പ് നല്‍കി.

ഞങ്ങള്‍ നടന്ന്--അന്നു വണ്ടി ഒന്നുമില്ല--കിളിക്കക്കുളങ്ങരെ എത്തിയപ്പോള്‍ പാച്ചുവിന്റെ മറ്റൊരു മിത്രം.

അല്ലാ ഇതാരാ പാച്ചു എന്നു ചോദിച്ചു. ഇത് എന്റെ വല്ല്യ ഇഷ്ടനാ . ഗോപാലന്‍ . അവന്‍ ഉടുത്തിരിക്കുന്ന മുണ്ട് അവന്റെ തന്നാ. പാച്ചു പറഞ്ഞു.

മിത്രം എന്നേ നോക്കി അര്‍ഥവത്തായി ഒന്നു ചിരിച്ചു.

അയാള്‍ പോയിക്കാഴിഞ്ഞപ്പോള്‍ ഞാന്‍ പാച്ചുവിനോടു ചോദിച്ചു. നീ എന്തിനാ അങ്ങനെ പറഞ്ഞത്.

അയ്യോടാ ഞാന്‍ നിന്റെ മുണ്ടാണെന്നല്ലെ പറഞ്ഞത്. അതിനെന്താ?

പാച്ചുവിന് അതില്‍ യാതൊരു കുഴപ്പവും കാണാന്‍ പറ്റിയില്ല.

ശരി പക്ഷേ ഇനിയും നീ എന്റെയെന്നു , നിന്റെയെന്നും ഒന്നും പറയണ്ടാ. മനസ്സിലായോ? ഞാന്‍ അല്പംഗൌരവത്തില്‍ പറഞ്ഞു.

ശരി. പാച്ചുവിന് ഒരു ഭാവവ്യത്യാസവുമില്ല.

ഞങ്ങള്‍ നടന്ന് മണ്ണാറശാല മുക്കിനെത്തി . അതാ ഒരാള്‍ പാച്ചുവിനെ പിടിച്ചു നിര്‍ത്തി. എനിക്കു

ടെന്‍ഷനായി. ഞാന്‍ പാച്ചുവിനേ നോക്കി. അവന്‍ എന്റെ പുറത്തു തട്ടി കണ്ണിറുക്കി കാണിച്ചു. ഒന്നും പേടിക്കേണ്ടാ എന്നര്‍ത്ഥത്തില്‍.

അല്ലേ പാച്ചുവോ--കുറേ നാളായല്ലോ കണ്ടിട്ട്. ഇതാരാ.

ഓ ഇപ്പം അങ്ങനെ ഇങ്ങോട്ടൊന്നും ഇറങ്ങാറില്ല. ഇത് എന്റെ സ്വന്തം ആളാ. പക്ഷേ അവന്‍ ഉടുത്തിരിക്കുന്ന മുണ്ട് എന്റേയുമല്ല അവന്റേയുമല്ല. പാച്ചുവിന്റെ മറുപടി.

ഞാനെന്തു ചെയ്യും. ഞാനവന്റെ കൊങ്ങയ്ക്കു പിടിച്ചു. പാച്ചുവിന്റെ കൂടുകാരന്‍ എന്നെ വിടുവിച്ചു. കഷായം കുടിച്ച മുഖഭാവത്തോടെ ഞാനും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ പാച്ചുവും നടന്നു.

പാച്ചു ചോദിച്ചു--നീഎന്തിനാ ഇഷ്ടാ എന്റെ പിടലിക്കു പിടിച്ചത്. നീയല്ലിയോ പറഞ്ഞത് ഇത് എന്റേയും , നിന്റെയുമാണെന്ന് പറയെണ്ടാന്ന്. ഇതു വല്യ കഷ്ടമാണല്ലോ. നീ പറയുന്നതു പറഞ്ഞാലും---

വേണ്ടാ--ഞാന്‍ ഗര്‍ജ്ജിച്ചു-- ഇനി മുണ്ടിനേക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്.

മിണ്ടെണ്ടായെങ്കില്‍ വേണ്ടാ. പക്ഷേ നീ ഇങ്ങനെ ദേഷ്യപ്പെടരുത്. പാച്ചുപറഞ്ഞു.

ഇവനോടെന്തു പറയാനാ--ഞാന്‍ മിണ്ടിയില്ല.

ഞങ്ങള്‍ പെരുങ്കുളത്തിനടുത്തെത്തി. ഇപ്പോള്‍ പാച്ചുവിന്റെ മൂന്നുനാലു സുഹൃത്തുക്കള്‍ പാച്ചുവിനെ പിടിച്ചു നിര്‍ത്തി. ഇന്ന് ഉത്സവം ഘോഷിക്കാന്‍ തന്നെ വന്നതാണല്ലോ. ആരാടാ ഇത്? അവര്‍ ചോദിച്ചു. ഇത് എന്റെ ഏറ്റവും വല്ല്യ കൂട്ടുകാരനാ. പക്ഷേ അവന്‍ ഉടുത്തിരിക്കുന്ന മുണ്ടിന്റെ കാര്യം ചോദിക്കണ്ടാ. കൊന്നാലും അതാരുടെയാണെന്ന് ഞാന്‍ പറയത്തില്ല.

പിന്നെ എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ലിഷ്ടാ. കണ്ണുകാണാറായപ്പോല്‍ ഇവന്‍ ഇപ്പരുവത്തില്‍ റോഡില്‍ കിടക്കുന്നു . ഞാനെടുത്തിവിടെക്കൊണ്ടാക്കി. ഗോപാലന്‍ കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു നിര്‍ത്തി.

ഉളിയന്നൂര്‍ തച്ചന്‍

1
അപ്പൂപ്പോ, നമ്മടെ പറച്ചി പെറ്റ പന്തിരു മക്കടെ ഒരു കഥയേ പറഞ്ഞുള്ളല്ലോ. രാം കുട്ടനാണ്. രാവിലേ.

എടാ ഇങ്ങു വാ. രഹസ്യമാ. ചെവിയില്‍ പറയാം. ഏല്ലാ കഥകളും എനിക്കറിഞ്ഞു കൂടാ. അറിയാവുന്നതു ഞാന്‍ പറഞ്ഞോളാം. ഇങ്ങനെ എല്ലാവരുടേയും മുമ്പില്‍ വച്ചു പറയരുത്. ( ഉറക്കെ) കേട്ടോടാ . ഏതു കഥ വേണം ? ഈ അപ്പൂപ്പന്‍ പറയത്തില്ലിയോ.

ഇന്ന് ഉളിയന്നൂര്‍ തച്ചന്റെ ഒരു കഥ പറയാം. എവിടെയോ-- സ്ഥലം ഓര്‍ക്കുന്നില്ല-- ഒരു പാലം പണിഞ്ഞു. മൂത്താശാരി നമ്മുടെ ഉളിയന്നൂരായിരുന്നു. പാലം പണി കഴിഞ്ഞ് ആശാന്‍ ഒരു പണി പറ്റിച്ചു. ഒരു യന്ത്രപ്പാ‍വയേ ഉണ്ടാക്കി പാലത്തിന്റെ നടുക്കുള്ള തൂണില്‍ ഉറപ്പിച്ചു. ആളു പാലത്തില്‍ കയറുമ്പോള്‍ പാവ തൂണില്‍ കൂടി താഴോട്ട് ഇറങ്ങും.ആള് മദ്ധ്യത്തിലെത്തുമ്പോഴേക്കും, പാവ, അതിന്റെ വായില്‍ നിറച്ചു വെള്ളവുമായി, മുകളിലെത്തി, അത് ആളിന്റെ ദേഹത്തേക്ക് ഒറ്റ തുപ്പ്. ആളു വെള്ളത്തില്‍ കുളിക്കും. ഇതായിരുന്നു പറ്റിച്ച പണി.

ഈകാര്യം മൂപ്പരുടെ മകന്‍ --അയാളും ഉഗ്രന്‍ പണിക്കാരനാണ്-- കൂത്തമ്പലം പണിക്കിടയില്‍ വീതുളി ഇട്ട് തച്ചന്‍ അവനേ കൊന്നെന്ന് ഒരു ശക്തമായ പ്രചരണം ഉണ്ട്-- അതു പോട്ടെ--അറിഞ്ഞു. ആള്‍ക്കാരുടെ ബുദ്ധിമുട്ടറിഞ്ഞ്, അയാള്‍ ഒരു പാവ ഉണ്ടാക്കി അതേ തൂണിന്റെ മറുവശത്തു ഫിറ്റു ചെയ്തു. വെള്ളം തുപ്പുന്ന പാവ തുപ്പാന്‍ ഭാവിക്കുമ്പോള്‍ അതിന്റെകരണത്തൊറ്റ അടി. തല തിരിഞ്ഞു പോകും. വെള്ളം ആറ്റിലേക്കും പോകും. ശുഭം

എന്റെ കാല്

2
അധികം ശിഷ്യന്മാരില്ല ആ ആശ്രമത്തില്‍. രണ്ടേ രണ്ടു പേര്‍. ശംഭുവും, വിക്രമനും. സന്യാസം പഠിക്കാന്‍ വന്നിരിക്കയാണ്.

സ്വഭാവ വിശേഷം കൊണ്ട് പല ആശ്രമങ്ങളില്‍ നിന്നും ടി. സീ. കൊടുത്തു വിട്ടതാണ്. പലരും പറഞ്ഞിട്ടും, ഇവരേ നന്നാക്കിയേ ഞാന്‍ അടങ്ങുകയുള്ളുവെന്ന് ഗുരു സന്തോഷാനന്ദയ്ക്കു വാശി. ഈ ഗുരുവിനേയെങ്കിലും, പ്രീതിപ്പെടുത്തി, സന്യാസം കരസ്ഥമാക്കണമെന്ന് ശംഭുവും , വിക്രമനും.

ഗുരുവിനേ ശുശ്രൂഷിക്കുന്നതില്‍ മത്സരം മൂത്ത്, കാലുതിരുമാന്‍ ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ എന്ന് രണ്ടു പേരും വാശി പിടിച്ചപ്പോള്‍, ഗുരു ഇടത്തുകാല്‍ ശംഭുവിനും, വലത്തുകാല്‍ വിക്രമനും തീറെഴുതി ക്കൊടുത്തു. മറ്റേകാലേല്‍ രണ്ടുപേരും അവകാശവാദം ഉന്നയിക്കാന്‍ പാടില്ല. രണ്ടു പേര്‍ക്കും പെരുത്തു സന്തോഷം. ആരുടെ കാലാണ് നന്നാകുന്നതെന്നറിയാമല്ലോ.

അങ്ങിനെ രണ്ടു പേരും കാലു തിരുമിത്തിരുമി വിരാജിക്കവെ ഒരുദിവസം കാലിനേച്ചൊല്ലി ഒരു തര്‍ക്കം. ഇടത്തുകാലു നല്ലതെന്നു ശംഭുവും, വലത്തുകാലു നല്ലതെന്നു വിക്രമനും.

ശണ്ഠ മൂത്തപ്പോള്‍ ഗുരു വ്ക്രമനോടു പോയി ചമതകൊണ്ടു വരുവാന്‍ ആവശ്യപ്പെട്ടു. ശംഭുവിനേ കൂട്ടിനു വിളിച്ചപ്പോള്‍ , അവന്‍ വരുന്നില്ലെന്നു ഗുരു പറഞ്ഞു. വിക്രമന്‍ പോയി.


ഇനി കുറേ നേരം കഴിഞ്ഞേ വിക്രമന്‍ വരൂ. അവനേ കാണിച്ചു കൊടുക്കാം.

ശംഭു ചെന്ന് ഗുരുവിന്റെ വലത്തുകാല്‍ തല്ലി ഒടിച്ചു. ഇനി അവന്‍ തിരുമുന്നതു കാണാ‍മല്ലോ.

വിക്രമന്‍ ചമതയുമായി വന്നു. ഗുരു കിടന്നു നിലവിളിക്കുകയാണ്. അയ്യോ എന്റെ കാല്-നിലവിളിച്ചുകൊണ്ട് വിക്രമന്‍ ഗുരുവിന്റടുത്തേക്ക് പാഞ്ഞു. ങാഹാ നീ അത്രയ്ക്കായോ--ക്രുദ്ധനായി വിക്രമന്‍ ചെന്ന് ഗുരുവിന്റെ മറ്റേക്കാലും തല്ലി ഒടിച്ചു. അങ്ങനെ നീ നിന്റെ കാലും കൊണ്ട് കളിക്കണ്ടാ.

ഇന്ദ്രന്‍

1
അപ്പൂപ്പാ ഒരു സംശയം. ഈ ഭൂമിയില്‍ താമസിക്കുന്ന മഹാബലിയേ സ്വര്‍ഗ്ഗത്തിലേ ഇന്ദ്രന്‍ എന്തിനാ പേടിക്കുന്നത്. പിന്നെ ഇത്ര മഹാമനസ്കനായ മഹാബലിയേ തോല്പിക്കാന്‍ മഹാവിഷ്ണു എന്തിന്ന കൂട്ടുനിന്നത്.

നല്ലചോദ്യം, മക്കളേ. പറയാം. ഒരു ഇന്ദ്രന്റെ കാലാവധി പതിനാലു മന്വന്തരങ്ങളാണ്. അതിന്റെ കണക്കൊക്കെ ഭാഗവതത്തില്‍ നൊക്കി കണ്ടു പിടിച്ചോണം. ഇവിടെ മന്ത്രിസഭയുടെ കാലാവധി അഞ്ചു കൊല്ലമല്ലേ- അതുപോലെ. പക്ഷേ അവിടെ എലക്ഷനും പിരിച്ചുവിടലും ഒന്നും ഇല്ല. എല്ലാം പ്രോഗ്രാം ചെയ്തു വച്ചിരിക്കുകയാണ്. അതങ്ങനെ അഭംഗുരം നടന്നോളും.

ഈ മഹാബലി അടുത്ത മന്വന്തരത്തിലേ ഇന്ദ്രനാണ്. പക്ഷേ പുള്ളീക്ക് ധൃതി. ശക്തി കൂടിയപ്പോള്‍ സ്വര്‍ഗ്ഗം കേറി ആക്രമിച്ചു. എല്ലാ ഗുണങ്ങളും തികഞ്ഞിരുന്നതു കൊണ്ട് ഇന്ദ്രന് ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനാണ് മഹാവിഷ്ണു ഇടപെട്ടത്.

എങ്ങനാ അപ്പൂപ്പാ ഈ ഇന്ദ്രനേ തെരഞ്ഞെടുക്കുന്നത്. അതോ- നൂറ് അശ്വമേധ യാഗങ്ങള്‍ ചെയ്യുന്ന ആളിനെ ഇന്ദ്രനാകാന്‍ പറ്റൂ. അതുകൊണ്ട് തന്റെ സ്ഥാനത്തിന് ഇളക്കംതട്ടതിരിക്കാനാണ് ഇന്ദ്രന്‍ യാഗം മുടക്കാന്‍ നടക്കുന്നത്. നൂറു യാഗം ചെയ്യുന്നവര്‍ക്കെല്ലാം ഇന്ദ്രനാകാന്‍ പറ്റില്ല . ഒരിക്കല്‍ ഇന്ദ്രന്‍ വൃത്രാസുരനേ കൊന്ന ബ്രഹ്മഹത്യയേ പേടിച്ച് മാനസ സരസ്സിലുള്ള ഒരു താമരവള്ളിയില്‍ ഒളിച്ചു. അന്ന് നഹുഷന്‍ എന്നൊരു രാജാവ് നൂറു യാഗം കഴിഞ്ഞ് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തേ താല്‍ക്കലിക ഇന്ദ്രനായി നിയമിച്ചു.

പക്ഷെ ഇന്ദ്രനായപ്പോഴേക്കും പുള്ളീയുടെ അഹങ്കാരം മൂത്തു. ഇന്ദ്രാണിയെ ഭാര്യയായി വേണമെന്നു ശഠിച്ചു. ദേവഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം-സപ്തര്‍ഷികള്‍ ചുമക്കുന്ന പല്ലക്കില്‍ വരാന്‍ ഇന്ദ്രാണി അറിയിച്ചു. അഹങ്കാരം കൊണ്ട് കണ്ണുകാണാതിരുന്ന നഹുഷന്‍ സപ്തര്‍ഷികളേ വിളിച്ച് പല്ലക്കുമായി വരാന്‍ കല്പിച്ചു. അതില്‍ കയറി പോകുമ്പോള്‍ വേഗം പോരാ എന്നും പറഞ്ഞ് നീളം കുറഞ്ഞ അഗസ്ത്യ മഹര്‍ഷിയേ ചവിട്ടി. നീ പെരുമ്പാമ്പായി ഭൂമിയില്‍ കിടക്കട്ടെ എന്ന ശാപവും കൈക്കലാക്കി സ്വര്‍ഗ്ഗത്തില്‍നിന്നുംഭൂമിയിലേക്ക് തലയും കുത്തിവീണു . ഇങ്ങനൊക്കെയാണ് അഹങ്കാരത്തിന്റെ ഫലം.

ഉപഭോക്ത്രു സംസ്ഥാനം

0
അപ്പൂപ്പാ- ഈ ഉപഭോക്ത്ര് സംസ്ഥനമെന്നു വച്ചാലെന്താണ്- ശ്യാം കുട്ടന് മലയാളത്തില്‍ നല്ല പിടിയില്ല. ഗള്‍ഫില്‍നിന്നും വന്നതല്ലേ-അവന്‍ ചോദിച്ചു. അതേ മക്കളേ നിത്യോപയോഗ സാധനങ്ങള്‍ ഒന്നും ഉല്പാദിപ്പിക്കാതെ, വല്ലവനും ഉണ്ടാക്കുന്ന സാധനം മേടിച്ച് കാലയാപനം ചെയ്യുന്ന ആള്‍ക്കാര്‍ താമസിക്കുന്ന സംസ്ഥാനം. പണമാ‍ാണ് എല്ലാറ്റിലും വലുത് എന്ന മിഥ്യാധാരണ വച്ചു പുലര്‍ത്തുന്നവര്‍. പണ്ടൊരു കവി നമ്മുടെ നാടിനേക്കുറിച്ച് പറഞ്ഞ നാലുവരികള്‍ കേട്ടോളൂ .
ഓരോ വിദേശമമരും വണിഗീശരെത്ര
പേരോ കടന്നിവിടെയുള്ള ധനം കവര്‍ന്നൂ
ആരോമലാളതിനു താഴ്ചയശേഷമില്ല
സൂര്യോഗ്ര രശ്മികളുമാഴിയൊടെന്തടുക്കും?
അതായത്, വിദേശികള്‍ വന്ന് എത്ര ധനം കവര്‍ന്നെടുത്തു കൊണ്ടു പോയാലും അത് സൂര്യ രശ്മികള്‍ കടലില്‍നിന്നു വെള്ളം നീരാവിയാക്കുന്നതു പോലെയേ ഉള്ളൂ. ഒരു കുറവും വരുത്തില്ല എന്നര്‍ത്ഥം. ഇതു പറഞ്ഞത് ഒരു തമിഴ് ബ്രാഹ്മണനാണ്. ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ എന്നാണ് പേര്.

ഹും. മലയാളിയുടെ കാര്യം പറയാന്‍ ഈ തമിഴനാരാ? ഇവിടുത്തെ സമ്പത്തിനു കുറവു വരുത്താമോ എന്നു ഞങ്ങളൊന്നു നോക്കട്ടെ. ഞാങ്ങള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. എന്തു ചെയ്തിട്ടും ഒരു രക്ഷയുമില്ല. ഒന്നിനൊന്നു കൂടിവരുന്നതേയുള്ളു. ശ്ശെടാ-- ഇതു നമ്മള്‍ തോറ്റു പോകുമെന്നണെല്ലോ തോന്നുന്നത്. വിട്ടുകൊടുക്കരുത്. നമ്മളോടാകളി!
അങ്ങനെയിരുന്നപ്പോള്‍ എവിടെനിന്നോ ഒരു സ്വാമിവന്നു . പ്രഭാഷണ പരമ്പര. ഒരു ദിവസം യദ്ര്ച്ഛയാ അദ്ദേഹതിന്റെ ഒരു പ്രഭാഷണം കേട്ടു. കേള്‍ക്കേണ്ടതു കേട്ടു.

എന്തവാ അപ്പൂപ്പാ? പറയാമെടാ. അന്നു മഹാബലിയുടെ കഥയാണ് പറഞ്ഞത്. ഇന്ദ്രന്‍ വിചാരി്‍ച്ചിട്ടും തോല്പിക്കാന്‍ സാധിക്കാഞ്ഞപ്പോള്‍ മഹാവിഷ്നുവിനേ ക്കണ്ട് സങ്കടമുണര്‍ത്തിച്ചു. മഹാവിഷ്ണു ഒരുസൂത്രം പറഞ്ഞു കൊടുത്തു. അതനുസരിച്ച്, ഇന്ദ്രന്‍ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ ചെന്ന് ഭിക്ഷ യാചിച്ചു. എന്തു വേണമെന്നു പറഞ്ഞോളൂ. ഞാന്‍ എന്തും തരും.മഹാ‍ാബലി പറഞ്ഞു. എനിക്ക് അങ്ങയുടെ സൌശീല്യം തരൂ. അതുമാത്രം മതി. ഇന്ദ്രന്‍ പറഞ്ഞു.

ശരി പിടിച്ചോളൂ , മഹാബലി വാക്കു മാറ്റില്ല. സൌശീല്യം കൊടുത്തു അഞ്ചു നിമിഷം കഴിഞ്ഞില്ല അതിസുന്ദരിയായ ഒരു യുവതി മഹാബലിയുടെ ശരീരത്തില്‍ നിന്നും ഇറങ്ങി അദ്ദേഹത്തേ തൊഴുതു.

ആരാണ് നീ. മഹാബലി ചോദിച്ചു. ഞാന്‍ ഐശ്വര്യമാണ്. എനിക്കിനി ഇവിടെ ഇരിക്കാന്‍ പറ്റില്ല. അവള്‍ ഇന്ദ്രനോടു ചേര്‍ന്നു. ഉടന്‍ തന്നെ വേറൊരു സുന്ദരി-- നീ ആരണ്--ഞാന്‍ വിദ്യയാണ്. സൌശീല്യമില്ലാതിടത്ത് എനിക്കിരിക്കാന്‍ വയ്യാ അവളും പോയി. അതാ അടുത്തസുന്ദരി--ഞാന്‍ സൌന്ദര്യമാണ് വിടതരണം.. അടുത്തത് പരാക്രമം-ഇങ്ങനെ മഹാബലിയുടെ ചക്രവര്‍ത്തി പദവിക്ക് ഹേതുവായിരുന്ന എല്ലാഗുണങ്ങളും അദ്ദെഹത്തേ ഉപേക്ഷിച്ചു. ഇതാണ് സ്വാമി പറഞ്ഞ കഥ. ഞങ്ങള്‍ക്ക് ഉത്സാഹമായി. ഇവിടുന്ന് ഈ സൌ
ശീല്യം ഒന്നു കളഞ്ഞു കിട്ടിയാല്‍ മതി. ബാക്കി ഒക്കെ തനിയേ പൊക്കോളും.
ഞങ്ങള്‍ ആലോചിച്ചു. ആദ്യമായി കള്ളുകുടി പ്രോത്സാഹിപ്പിക്കുക.
ഒന്നു രണ്ടു ചിരട്ട കുടിക്കുമ്പോള്‍
അച്ഛനുണ്ടോ വരുന്നെന്നു നോക്കണം
രണ്ടുനാലു ചിരട്ട കുടിച്ചീടില്‍
അച്ഛനാരെടാ-ഞാനെടാ-മോനെടാ.

അങ്ങനാണല്ലൊ അതിന്റെ ചിട്ട. അങ്ങനെ കുടി പഠിപ്പിച്ച്, കുടിക്കാന്‍ വേണ്ടി മൊഷ്ടിക്കാന്‍ പഠിപ്പിച്ച്, അതുകഴിഞ്ഞ് പിടിച്ചു പറിക്കാന്‍ പഠിപ്പിച്ച് ഒരു വിധത്തില്‍ ഞങ്ങള്‍ കേരളത്തെ ഈനിലയില്‍ കൊണ്ടെത്തിച്ചു.

ഇനി ഞനൊന്നുറങ്ങട്ടെ എന്നാരാണ്ടു പറഞ്ഞില്ലിയോ. ഇനി സമാധാനമായി ഉറങ്ങാം . നമ്മള്‍ വിതച്ച വിഷബീജം അതിന്റെ പണി ചെയ്തുകൊള്ളും. അങ്ങനെ വളരെ ബുദ്ധിമുട്ടിയാ മക്കളേ ഇതിനെ ഒരു ഉപഭോഗ സംസ്ഥാന്മാക്കി എടുത്തത്. ശുഭമെന്നു പറയാന്‍ തോന്നുന്നില്ല. ഗുഡ് ബൈ.

ഒരു പഴയകഥ

0
അപ്പൂപ്പന് ഈകഥ കളൊക്കെആരു പറഞ്ഞു തന്നു. ഉണ്ണിയുടെ സംശയം.

അതോ പണ്ട് അമ്മൂമ്മയും അപ്പൂപ്പനും , അമ്മയും, കുഞ്ഞമ്മമാരും അമ്മാവന്മാരും എല്ലാം കൂടി ഒരു വലിയ കുടുംബത്തിലായിരുന്നു ഞങ്ങള്‍ കൊച്ചിലേ താമസിച്ചിരുന്നത്. എനിക്കു പത്തു വയസ്സാകുന്നതുവരെ. എല്ലാവരുടെയും വക കഥപറച്ചിലുണ്ടാകും. പിന്നെ തലമുടി വെട്ട് എന്നൊരു ഭീകര സംഭവം ഇടക്കിടക്ക് നടക്കും. അന്നു ഞങ്ങളേ പിടിച്ചു വലിച്ചു കൊണ്ടുപോയി ബാര്‍ബറുടെ മുന്നിലിരുത്തും. ഞങ്ങള്‍ കരച്ചില്‍ തുടങ്ങും. അപ്പോള്‍ ബാര്‍ബറുടെ വക കഥകളുണ്ടാകും. ഇതെല്ലാം കൂടെ എവിടെയോ ഫയല്‍ ചെയ്തിരുന്നതാണ് ഈ ഇറങ്ങി വരുന്നത്. ബാര്‍ബറുടെ കഥ പറഞ്ഞപ്പോല്‍ ഒരു കഥ ദേ പിടിച്ചോ.

ഇത് സാധാരണ ബാ‍ര്‍ബറല്ല. രാജാവിന്റെ ബാര്‍ബറാണ്. പണ്ടൊക്കെ മുടിവെട്ടുമ്പോള്‍ കഥ പ്രധാനമാണ്. വീട്ടില്‍ വന്നാണ് മുടിവെട്ട്. ഇന്നത്തേപ്പോലെ ബാര്‍ബര്‍ഷാപ്പൊന്നും അന്നില്ല. മിക്കവാ‍റും ഒരുമാസത്തില്‍ നാട്ടില്‍ നടക്കുന്ന സകല വര്‍ത്തമാനങ്ങളും ഒരു മുടിവെട്ടുദിവസം ചര്‍ച്ച ചെയ്യപ്പെടും.

ഈ രാജാവിന്റെ ബാര്‍ബര്‍ക്ക് എവിടെനിന്നോ ഒരു ചെറുനാരങ്ങായോളം പൊന്നു കിട്ടി. രാജാവിന്റെ മുടിവെട്ടിക്കൊണ്ടിരുന്നപ്പോള്‍ രജാവ് സാധരണ പോലെ നാട്ടുവിശേഷങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ നമ്മുടെ ഭരണത്തില്‍ നാട്ടുകാരൊക്കെ തൃപ്തരാണോ എന്നന്വേഷിച്ചു.

ഓ നാട്ടുകാരൊക്കെ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. എല്ലാ‍ാവര്‍ക്കും ഒരു ചെറുനാരങ്ങയോളം പൊന്നെടുക്കാനുണ്ട്. ബാര്‍ബര്‍ അറിയിച്ചു.

രാജാവിന് ഒന്നും മനസ്സിലായില്ലെങ്കിലും സന്തോഷം അഭിനയിച്ചു. ബാര്‍ബര്‍ പോയിക്കഴിഞ്ഞ് മന്ത്രിയോട് ഇക്കാര്യം പറഞ്ഞു. മന്ത്രിഅന്വേഷിച്ചു. ഈ പൊന്ന് കണ്ടു പിടിച്ച് ബാര്‍ബര്‍ അറിയാതെ അടിച്ചുമാറ്റി. രജാവിനോറ്റു വിവരം പറഞ്ഞു.

അടുത്ത തവണ മുടിവെട്ടാന്‍ വന്നപ്പോള്‍ രാജാവ് പഴയ ചോദ്യം ആവര്‍ത്തിച്ചു. ബാര്‍ബര്‍ വളരെ സങ്കടത്തോടെ--പ്രജകളെല്ലാം വളരെ ദുഖത്തിലാണ്. ആരുടെ കൈയ്യിലും ഒരു ചെറുനാരങ്ങായോളം പൊന്നു പോലും എടുക്കാനില്ല എന്നു പറഞ്ഞു.

പിന്നെന്തു സംഭവിച്ചെന്ന് അയാള്‍ പറഞ്ഞില്ല. അപ്പോഴേക്കും എന്നേ മാറ്റി അനിയനേ ബാര്‍ബറുടെ മുന്നില്‍ പ്രതിഷ്ടിച്ചു.

വനമഹോത്സവം

0
അപ്പൂപ്പാ ഇന്നു ഞങ്ങളുടെ സ്കൂളില്‍ വനമഹോത്സവമായിരുന്നു. കഴിഞ്ഞ കൊല്ലം വച്ച സ്ഥലത്തു തന്നായതുകൊണ്ട് ഞങ്ങള്‍ക്ക് കുഴി എടുക്കാന്‍ എളുപ്പമായിരുന്നു ഞങ്ങടെ ക്ലാസ്സു കാര്‍ അഞ്ചു തൈകള്‍ നട്ടു. രാം കുട്ടന്‍ പറഞ്ഞു.

എന്തവാ പറഞ്ഞേ. കഴിഞ്ഞ കൊല്ലം--

അതെ അപ്പൂപ്പാ കഴിഞ്ഞ കൊല്ലത്തേ തൈകളെല്ലാം ഉണങ്ങിപ്പോയി. ആരും നോക്കിയില്ല. ഇക്കൊല്ലം ഒറ്റ തൈ പോലും ഉണ‍ങ്ങിപ്പോകാന്‍ ഞങ്ങള്‍ സമ്മതിക്കത്തില്ല. അതു തീര്‍ച്ച.

നടന്നാല്‍ കൊള്ളാം മക്കളെ. ഈ കേരളത്തില്‍ വനമഹോത്സവം നടത്താന്‍ കാശു മുടക്കേണ്ട ഒരു കാര്യവുമില്ല. എവിടെയാണു വനം വേണ്ടതെന്നു വച്ചാല്‍ ആ സ്ഥലത്തേക്ക് ദയവു ചെയ്ത് നിങ്ങള്‍ പോകാതിരുന്നാല്‍ മതി. വനം തനിയേ ഉണ്ടായിക്കാളും. പക്ഷെ അതുകൊണ്ടു നേതാക്കന്മാര്‍ക്ക് എന്തു ലാഭം? അവര്‍ തൈകള്‍ വച്ച് ഉണക്കി ക്കൊണ്ടിരിക്കും. കാശെഴുതി എടുക്കണ്ടേ. പോട്ടെ ഈനാറിയ കാര്യം പറഞ്ഞാല്‍ എഴുനേറ്റം പിടിക്കത്തില്ല. ഒരു കഥ പറയാം. ഈ മൂഡ് ഒന്നു പോകട്ടെ.

ഒരു വഴിപോക്കന്‍ നടന്നു ക്ഷീണിച്ച് വഴിയില്‍ കണ്ട ഒരാലിന്റെ ചുവട്ടിലിരുന്നു. നല്ല ആശ്വാസം. എന്താണ് ആലിഞ്ചുവട്ടില്‍ ഇരുന്നാല്‍ പെട്ടെന്നാശ്വാ‍സം വരുന്നതെന്നറിയാമോ?

അറിയാം. ഏറ്റവും കൂടുതല്‍ പ്രാണവായു ആലിലകളല്ലെ ഉല്പാദിപ്പിക്കുന്നത്.

അതു തന്നെ. അതിന്റെ ഇലകളുടെ കൂര്‍ത്തഅറ്റം നേരേ താഴെയോട്ടാണ്. അതിലൂടെ ഓക്സിജന്‍ നേരേ കീഴോട്ട് പതിക്കുന്നതുകൊണ്ട്., ആലിന്റെ കീഴില്‍ പുല്ലു വളരുകയില്ല. അതിനു കര്‍ബണ്‍ ഡൈഓക്സൈഡ് ആണല്ലോ വേണ്ടത്. അതു പോട്ടെ. നമ്മുടെ വഴിപോക്കന്‍ സുഖം കൊണ്ട് അവിടെ കിടന്നു. മുകളിലേക്കു നോക്കിയപ്പോള്‍ കുരുകുരാന്നുള്ള ആലിന്‍ പഴങ്ങള്‍-ലക്ഷക്കണക്കിന്--അതിനിടയില്‍ കുരുവികള്‍--

അയാള്‍ക്കൊരു തോന്നല്‍. ഈ ന്നാടു മുഴുവന്‍ വളര്‍ന്നു നില്‍ക്കുന്ന ഈ മരത്തിന്റെ കായ കണ്ടോ! കഷ്ടിച്ചൊരു പുന്നക്കായോളം. തനിയെ നിവര്‍ന്നു നില്‍ക്കാന്‍ പോലും വയ്യാത്ത മത്തനും, വെള്ളരിക്കും ഒക്കെ എടുത്താല്‍ പൊങ്ങാത്ത കായ്കള്‍. ഇതു സൃഷ്ടിച്ച ദൈവം എന്തൊരു വിഡ്ഡിയാണ്. ഒരു പൊരുത്തം അറിയാന്‍ വയ്യാത്തവന്‍ ‍.

എ‍ന്താണിത്! അയാള്‍ ഞെട്ടി എഴുനേറ്റു. എന്താണെന്റെ മൂക്കില്‍ വീണത്. ഹൊ-ഒരാലിന്‍ കായ. എന്റെ ദൈവമേ അയാള്‍ നിലവിളീച്ചു. ഇതു ഞാന്‍ വിചാരിച്ചപോലെ മത്തങ്ങയുടേയോ വെള്ളരിക്കയുടേയോ അത്ര വലിപ്പമുള്ളതായിരുന്നെങ്കില്‍! നീതന്നെ വലിയവന്‍ ‍.

അഹിംസ

0
അപ്പൂപ്പാ നമ്മള്‍ അഹിംസയേക്കുറിച്ച് പറയാന്‍ വന്നിട്ട് മുഴുവന്‍ ആക്കാതെ കഥ നിര്‍ത്തിക്കളഞ്ഞു. എന്താണ് ഈ അഹിംസ കൊണ്ട് ഉദ്ദേശിക്കുന്നത്?

മക്കളേ പറഞ്ഞു പറഞ്ഞ് എല്ലര്‍ക്കും സൌകര്യം പോലെ പയോഗിക്കാവുന്ന ഒരു വാക്കായി അഹിംസ. മുന്തിഅറപ്പുകാരും, ഗുണ്ടകളേവിട്ട് ആളേക്കൊല്ലിക്കുന്നോരും ഒക്കെ അഹിംസയെക്കുരിച്ചു പ്രസംഗിക്കുന്നത് കേട്ടിട്ടില്ലേ?

അല്ലപ്പൂപ്പാ ശരിക്കെന്താണ്.

മക്കളേ ശരിക്കുള്ള അര്‍ത്ഥമൊക്കെ പറയാന്‍ ഈഅപ്പൂപ്പന്‍ ആളല്ല. അപ്പൂപ്പന്റെ അഹിംസ പറയാം.
വെറുതേ പോകുന്ന ഒരു പട്ടിയേ കല്ലെടുത്തെറിഞ്ഞാല്‍---ഹിംസ
കടിക്കാന്‍ വരുന്ന പട്ടിയേ അടിച്ചോടിച്ചാല്‍ ---അഹിംസ
അക്രമം കാണിക്കുന്നവരേ പോലീസ് തല്ലിയാല്‍---- അഹിംസ
നിരപരാധിയേ പിടിച്ച് കുറ്റം ഏല്പിക്കാന്‍ തല്ലുന്നത്----ഹിംസ
ഹിംസയുടെ നീതിശാസ്ത്രം---അക്രമികളേ അവര്‍ ചെയ്യാന്‍ പോകുന്ന അക്രമ--പട്ടിയേ -കടിക്കുന്നതില്‍ നിന്നും--അക്രമികളേ മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ഉപദ്രവത്തില്‍ നിന്നും--ത്തില്‍നിന്നും പിന്തിരിപ്പിച്ച് അവരേ പാപ വിമുക്തരാക്കുക.
നീതി ശസ്ത്രത്തിന്റെ പ്രാമാണികനായ( അഥോറിട്ടി) വിദുരര്‍, ദുര്യോധനന്‍ ജനിച്ച ഉടനേ കൊല്ലാനാണ് പറഞ്ഞത്. ഇനി അപ്പൂപ്പന്‍ പറഞ്ഞെന്നും പറഞ്ഞ് ആരുടേയും പിടലിക്കു കേറണ്ടാ. ഇത് എന്റെ മാത്രം അഭിപ്രായമാണ്. പോയി വല്ലോം പടിക്കാന്‍ നോക്ക്.

പരാന്നം

1
ശുകന്‍ ഒരു ആല്‍ത്തറയിലിരുന്ന് ആത്മാര്‍ഥമായി ധ്യാനിക്കുകയാണ്.

അതാ മുകളില്‍ ഇരുന്ന ഒരു കുരുവി കാഷ്ടിച്ചത് അയാളുടെ തലയില്‍ വീണു. ഞെട്ടിയുണര്‍ന്ന ശുകന്‍ മുകളിലേക്കു നോക്കി. ആ തീഷ്ണമായനോട്ടത്തിന്റെ ജ്വാലയേറ്റ് ആ പാവം കിളി ഭസ്മമായിപ്പോയി.

അമ്പട-ഞാനേ ശുകന്‍ വിചാരിച്ചു. ഓ തപശ്ശക്തി കിട്ടിപ്പോയി--അയാള്‍ ചാടി എഴുനേറ്റു. ഹും. ഇനി എല്ലരേം കാണിച്ചു തരാം.

അയാള്‍ ഒരുവീട്ടില്‍ ചെന്നു--ഭിക്ഷാം ദേഹി--എന്നു വിളിച്ചു പറഞ്ഞു.

അതെന്താ അപ്പൂപ്പാ‍?

അതോ ,സര്‍വ്വസംഗ പരിത്യാഗികളായ സന്യാസിമാര്‍--പഠിച്ചും -പഠിപ്പിച്ചും നടക്കുന്നവര്‍--ജീവസന്ധാരണത്തിന് ഗൃഹസ്ഥന്മാരുടെ വീടുകളില്‍ ചെന്ന് ഭിക്ഷ ചോദിക്കുന്ന രീതിയാണ്.

ആ വീട്ടിലേ ഗൃഹനായിക പുരത്തുവന്ന് അല്പം നില്‍ക്കാന്‍ കൈകൊണ്ടു കാണിച്ചിട്ട് അകത്തേക്ക് പോയി. കുറേ നേരം കഴിഞ്ഞാണവര്‍ ഭിക്ഷയുമായെത്തിയത്.

ഹും. തന്നേപ്പോലൊരു സന്യാസിയേ ഇത്രയും നേരം താമസിപ്പിച്ചു. അയാള്‍ കണ്ണു ചുവപ്പിച്ച് തീഷ്ണമായി അവരേ നോക്കി.

അവര്‍ ഒരു ചെറു പുഞ്ചിരിയോടുകൂടി--ഞാനേ ആ കിളിയല്ല-എന്നു പറഞ്ഞു. ശുകന്റെ ചുവപ്പിച്ച കണ്ണു തള്ളിപ്പോയി. അല്പം മുന്‍പു മാത്രംനടന്ന-തനിക്കു മാത്രമറിയാവുന്നകാര്യം--അയാള്‍ ആ അമ്മയേ നമസ്കരിച്ചു. ക്ഷമിക്കണം അമ്മേ അമ്മ ഈ കാര്യം എങ്ങിനെ അറിഞ്ഞു? അയാ‍ള്‍ വിനീതനായി ചോദിച്ചു.

ധര്‍മ്മ വ്യാധനോടു പോയി ചോദിക്ക്. അയാള്‍ പറഞ്ഞു തരും. ആ അമ്മ പരഞ്ഞിട്ട് അകത്തേക്ക് പോയി.

അരാണാവോ ഈ ധര്‍മ്മവ്യാധന്‍ . ശുകനിതുവരെ കേട്ടിട്ടില്ല. അയാള്‍ പുറത്തിറങ്ങി അന്വേഷണം തുടങ്ങി. അവസാനം ഒരാള്‍ പറഞ്ഞു--അങ്ങ് ഇറച്ചിവെട്ടു ചന്ത അറിയുമോ? അവിടെ ചെന്ന് ചോദിച്ചാല്‍ അറിയാം.

പാവം ശുകന്‍ . നടന്നു നടന്ന് മൂന്നാം ദിവസം ഇറച്ചിവെട്ടു മാര്‍ക്കറ്റില്‍ എത്തി. ഇറച്ചിച്ചന്തയില്‍ സന്യാസിയേക്കണ്ട് ആളുകള്‍ സാകൂതം നോക്കി ത്തുടങ്ങി. അയാള്‍ ധര്‍മ്മവ്യാധനേ അന്വേഷിച്ചു.

എന്താ സ്വാമീ ഇറച്ചിക്കാണോ. വിലകുറച്ചു ഞാന്‍ തരാം. ഒരു ഇറച്ചിവെട്ടുകാരന്‍ പറഞ്ഞു.

വേണ്ടാ എനിക്ക് അയാളേ കണ്ടാല്‍ മതി. ശുകന്‍ പറഞ്ഞു.

ഓ ഈയാടെ ഒരു ധര്‍മ്മവ്യാധന്‍ എന്നു പിറുപിറുത്തുകൊണ്ട് അയാള്‍ ധര്‍മ്മവ്യാധനേ കാണിച്ചുകൊടുത്തു.

മൃഗങ്ങളെ അറുത്തു കെട്ടിത്തൂക്കിയിരിക്കുന്ന ഒരു ചെറിയമുറി. ചോര വാര്‍ന്നൊലിക്കുന്നു. ഒരു തടിക്കഷണത്തില്‍ വച്ച് വ്യാധന്‍ പച്ചമാംസം വെട്ടിമുറിച്ച് പായ്ക്ക് ചെയ്യുന്നു. അറപ്പോടെ ശുകന്‍ വെളിയില്‍ത്തന്നെ നിന്നു.

ശുകനേ കണ്ട പാടേ വ്യാധന്‍ ‍, വെട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍--ആ അമ്മ പറഞ്ഞയച്ചതാണല്ലേ. കേറിവരൂ. ഇവിടെ വലിയ സൌകര്യമൊന്നും ഇല്ല. ദാ ചാക്കിലിരിക്കൂ. എനിക്ക് അല്പം താമസമുണ്ട്. വെള്ളം വല്ലതും-----.

വേണ്ടാ വേണ്ടാ ശുകന്‍ പെട്ടെന്നു പറഞ്ഞു. അയാള്‍ക്ക് ആകെ ഓക്കാനം വന്നിരിക്കുകയാണ്.

ശരി ശരി. വ്യാധന്‍ ജോലിക്കിടയില്‍ പറഞ്ഞു.

പറഞ്ഞു പറഞ്ഞ് നേരം നാലു മണിയായി. ശുകന്‍ ഇരിക്കാനും പോകാനും വയ്യാ. നാലുമണിയായപ്പോഴേക്കും വ്യാധന്‍ കട പൂട്ടി. ബാക്കി കടയെല്ലാം തുറന്നിരിക്കുകയാണ്. രാത്രി എട്ടുമണിക്കെ അവര്‍ കട അടയ്ക്കൂ.

അക്ഷമയോടിരിക്കുകയാണെങ്കിലും ശുകന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല--എന്താ ഇത്ര നേരത്തേ?

ഓ ഇന്നത്തേക്കുള്ളതായി. വരൂ പോകാം. രണ്ടുപേരും കൂടി നടന്നു നടന്ന് വ്യാധന്റെ വീട്ടിലെത്തി.

ശുകനേ ഒരു പീഠത്തിലിരുത്തിയിട്ട്, ഞാനിപ്പവരാം എന്നു പറഞ്ഞ് വ്യാധന്‍ പോയി.

തന്നെ സല്‍ക്കരിക്കാനാണെന്നു വിചാരിച്ച് ശുകന്‍ പറഞ്ഞു. ഇപ്പോഴൊന്നും വേണ്ടാ.

അങ്ങയ്ക്കൊന്നും തരാനല്ല എന്റെ അച്ഛനും അമ്മയും വയ്യാതെ എന്നേ നോക്കി ഇരിക്കുകയാണ്. അവരേ കുളിപ്പിച്ച് ഭക്ഷണവുമുണ്ടാക്കി കൊടുത്ത ശേഷം ഞാന്‍ വരാം.

ശുകന്‍ തന്റെ കാര്യം ആലോചിച്ചു. ചെറുപ്പത്തില്‍ അച്ഛന്റേയും അമ്മയുടെയും ലാളനയില്‍ ,തോന്ന്യവാസിയായി വളര്‍ന്നു. കല്യാണം കഴിച്ചാല്‍ ഇവന്‍ നേരേ ആകുമെന്ന് മാതാപിതാക്കള്‍ വിചാരിച്ചു--മതാപിതാക്കളുടെ വിചാരങ്ങള്‍ക്കുണ്ടോ അതിര്. കല്യാണത്തിനു ശേഷം ആ പാവങ്ങള്‍ക്ക് മരുമകളുടെ കാര്യം കൂടി നോക്കേണ്ടി വന്നു. രണ്ടു പേര്‍ക്കും വയസ്സായി--വയ്യാണ്ടായപ്പോള്‍- ഇനീമിവിടെനിന്നാല്‍ രക്ഷയില്ലാ--എന്നു കരുതി ഒരു കാവിമുണ്ടും മേടിച്ചു സ്ഥലം വിട്ടതാണ്. അങ്ങിനെ പട്ടിണികിടന്ന് ആല്‍തറയിലെത്തി ധ്യാനിക്കുകയും--പിന്നെത്തേകാര്യം ഇവിടംവരെ എത്തി.

മതാപിതാക്കളേ കുളിപ്പിച്ച്, ആഹാ‍രം കൊടുത്ത്, കിടത്തിയ ശേഷം വ്യാധന്‍ ശുകന്റെ അടുത്തെത്തി.

നിങ്ങള്‍ക്ക് ആ അമ്മ എങ്ങിനെയാണ് നിങ്ങളുടെ കാര്യം അറിഞ്ഞതെന്നും ആ കാര്യം ഞാനെങ്ങനെ അറിഞ്ഞെന്നും അറിയണം. അല്ലെ? നിങ്ങളെപ്പോലെ ജീ‍ീവിതത്തില്‍നിന്നും ഒളിച്ചോടി പരാന്നം ഭക്ഷിച്ചല്ല ഞങ്ങള്‍ ജീവിക്കുന്നത്. ആ അമ്മയുടെ ഭര്‍ത്താവ് രോഗിയാണ്. അദ്ദേഹത്തിന്റെ കാര്യം നോക്കാതെ ഏതു സന്യാസി വന്നാലും അവര്‍ ശ്രദ്ധിക്കത്തില്ല. അവരുടെ ഭര്‍ത്താവിനു വേണ്ട മരുന്നു തയ്യാറാക്കുകയായിരുന്നു അവര്‍. വെറുതേ നടന്ന് ഇരന്നുതിന്നുന്ന നിങ്ങള്‍ക്ക് അല്പം പോലും ക്ഷമിക്കാന്‍ വയ്യാ. എന്റെ പ്രവൃത്തിയും നിങ്ങള്‍ക്ക് ഹീനമാണ്. ഞങ്ങള്‍പരമ്പരാഗതമായി ചെയ്യുന്ന തൊഴിലാണ് ഇത്. ഒരു ദിവസത്തേ ആവശ്യത്തിനുള്ളതില്‍കൂടുതല്‍ ഞങ്ങള്‍ ചെയ്യില്ല. ഞങ്ങളുടെ ജോലിയില്‍ ഞങ്ങള്‍ക്ക് യാതൊരു അപകര്‍ഷതാബോധവും ഇല്ല. പക്ഷേ താങ്കളേ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. ഞങ്ങള്‍ ധര്‍മ്മം അനുഷ്ടിച്ചു ജീവിക്കുന്നതു കൊണ്ടുള്ള തപശ്ശക്തിയാല്‍ നിങ്ങളേക്കുറിച്ചുള്ള--അച്ഛനേയും അമ്മയേയും, ഭാര്യയേയും ഉപേക്ഷിച്ചുള്ള നിങ്ങളുടെ ഒളിച്ചോട്ടത്തേക്കുറിച്ച്--എല്ലാം ഞങ്ങള്‍ക്കറിയാം. പോയി മാതാപിതാക്കളുടേയും ഭാര്യയുടേയും കാര്യങ്ങള്‍ നോക്കി ജീവിക്ക്. എനിക്കു വേറെ പണിയുണ്ട്.

ഈ അവസനം പറഞ്ഞത് പറഞ്ഞോ എന്നറിയില്ല. പക്ഷേ പറയേണ്ടതായിരുന്നു. ശുകന്‍ വീട്ടീല്‍ പോയി വളരെ മര്യാദക്കാരനായി എന്നാണ് ശ്രുതി. ശുഭം

ഈശ്വരന്‍

1
അപ്പൂപ്പാ ഈ ധര്‍മ്മം എന്നു പറഞ്ഞിട്ട് ജീവികളെ കൊന്നു തിന്നാന്‍ പറയുന്നത് എന്തു തരം ധര്‍മ്മമാണ്. അഹിംസാ പരമോ ധര്‍മ എന്നൊക്കെ അപ്പൂപ്പന്‍ അടിച്ചു വിടാറുണ്ടല്ലോ. ഇതെന്താ വൈരുധ്യാധിഷ്ടിത ഭൌതികവാദമോ?

എടാ-എടാ-കൊള്ളാമല്ലോ. അപ്പം ഞാന്‍ പറയുന്ന കഥകൊണ്ട് ഗുണമുണ്ട്. എന്നാല്‍ കേട്ടോ. ഈ ലോകം നിലനില്‍ക്കുന്നത് പാ‍രസ്പര്യത്തിലാണ്. ഓരോരുത്തരും--ജന്തുക്കളും --ചെടികളും--സൂര്യനും--സമുദ്രവും--കാറ്റും എന്നുവേണ്ടാ സകലചരാചരങ്ങളും അവരവരുടെ ധര്‍മ്മം നിര്‍വഹിച്ചില്ലെങ്കില്‍ ലോകജീവിതം അസാധ്യമാണ്. ഉദാഹരണത്തിന് സൂര്യന്‍ കടല്‍ വെള്ളത്തേ നീരാവിയാക്കിമാറ്റി. അതു മേഘമായി, കാറ്റടിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച്, മഴ പെയ്തില്ലെങ്കില്‍- എന്താകുമായിരുന്നു അവസ്ഥ? അതുപോലെ നമുക്കു വേണ്ടാത്ത കാര്‍ബണ്‍ ഡൈഓക്സൈഡ് സ്വീകരിച്ച് നമുക്കാവശ്യമായ ഓക്സിജന്‍ ചെടികളും വൃക്ഷങ്ങളും ആണ് തരുന്നതെന്ന് നിങ്ങ‍ള്‍ വായിക്കുന്നതു കേള്‍ക്കമല്ലോ. വല്ലോം മനസ്സിലാക്കിയാണോ വായിക്കുന്നത് .

അമേരിക്കയിലേ റൂസ് വെല്‍ടോ‌--ട്രൂമാനോ--ഏതോ ഒരു പ്രസിഡന്റ് ഒരിക്കല്‍ വിനോദയാത്രക്ക് പോയി. കാട്ടില്‍ നൂറുകണക്കിന് വരയന്‍ കുതിരകള്‍(സീബ്രാ) മേഞ്ഞു നടക്കുന്നതു കണ്‍കുളിര്‍ക്കെക്കണ്ട് ആനന്ദിച്ച് വിശ്രമിക്കുകയാണ് അദ്ദേഹം. അതാ ഒരുകൂട്ടം കടുവകള്‍--അവ നാലുവശവും നിന്ന് ആക്രമിച്ച്--ചിതറിയോടിയവയുടെ ഇടയ്ക്കുനിന്ന് കുറേ എണ്ണത്തിനേ കൊന്നുതിന്നു. പ്രസിഡന്റിന് കോപവും താപവും വന്നു.കടുവകളുടെ ഉന്മൂലനാശം വരുത്താന്‍ കല്പന കൊടുത്തു.

ഒരു തരക്കേടുമില്ല. അല്ലേ അപ്പൂപ്പാ.

കേള്‍ക്കെടാ മക്കളേ.

രണ്ടു കൊല്ലം കഴിഞ്ഞ്, ശത്രുക്കളില്ലാതെ സ്വതന്ത്രമായി കൂത്താടുന്ന സീബ്രകളേക്കാണാന്‍ പ്രസിഡ്ന്റ് പോയി. അവിടം മരുഭൂമിയായിരിക്കുന്നു. അങ്ങിങ്ങ് സീബ്രകളുടെ അസ്ഥികൂടങ്ങളും കാണാം. ഒരൊറ്റ സീബ്ര പോലും അവിടെ ജീവനോടെ ഇല്ല. പ്രസിഡന്റ് അന്വേഷിച്ചു--ഇതെന്താ- എന്തുപറ്റി--സീബ്രകളെവിടെ?

കടുവകളെ മുഴുവന്‍ വെടിവ്ച്ചു കൊന്നുകഴിഞ്ഞപ്പോള്‍ സീബ്രകളുടെ സംഖ്യ വര്‍ദ്ധിച്ചു-വര്‍ദ്ധിച്ച് അവയ്ക്ക് തിന്നാനൊന്നുമില്ലാതെ കാടുമുഴുവന്‍ തിന്നു വെളുപ്പിച്ചു. ആരേയും പേടിക്കനില്ലാത്ത തീറ്റിയല്ലേ. കാടുതീര്‍ന്ന് പട്ടിണികിടന്ന് അവയും ചത്തൊടുങ്ങി.

പ്രസിഡന്റിന് തലയില്‍ വെളിച്ചം കേറി .പ്രകൃതിക്കുവിരുദ്ധമായി ഒന്നും ചെയ്യരുതെന്ന് വീണ്ടും കല്പിച്ചു.

ഇതൊക്കെ ആരാ അപ്പൂപ്പാ ചെയ്യിക്കുന്നത്.

അതോ. മതങ്ങള്‍ പറയും അങ്ങു മുകളില്‍ ഒരു ദൈവം ഇരുന്ന് ഇതെല്ലാം ചെയ്യുന്നെന്ന്. നിരീശ്വര വാദികള്‍ പറയും ദൈവമില്ല ഇതിങ്ങനെ സംഭവിക്കുന്നു, അത്ര തന്നെ. എന്ന്.

പക്ഷേ ഒരു മുട്ട വിരിഞ്ഞാല്‍ ഉടന്‍ തന്നെ ചിതലിനേയൊ , പൊടിയരിയോ കണ്ടാല്‍ തിന്നാന്‍ പഠിപ്പിക്കുന്നതും ആനയോ , പശുക്കുട്ടിയോ ഇതു കണ്ടാല്‍ നോക്കുകപൊലും ചെയ്യാത്തതും ആരെങ്കിലും--ഇന്നത്തെഭാഷയില്‍ പറഞ്ഞാല്‍ പ്രോഗ്രാം ചെയ്തു വിട്ടിട്ടാണ്. ആ പ്രോഗ്രാം ചെയ്തു വിട്ടയാളേ എന്തു വേണമെങ്കിലും വിളിക്കാം. ഞാന്‍ അങ്ങേരേ ഈശ്വരനെന്നു വിളിക്കും. ശുഭം.

മാണിക്കന്‍

0
‘മദ്ധ്യപ്രദേശിലേ ഒരു പൊളിഞ്ഞ ശിവക്ഷേത്രം. ക്ഷേത്രം വക ഏക്കറുകണക്കിനുസ്ഥലം വെറുതേ കിടക്കുന്നു. അവിടുത്തെ അന്തേവാസിയാണ് മാണിക്കന്‍ . കുടുംബസമേതമാണ് താമസം.

ഗ്രാമത്തിലെ നാലഞ്ചു കുസൃതിക്കുടുക്കകള്‍ അവിടെ കളിക്കാന്‍ വരും . സ്ഥലം വെറുതേ കിടക്കുകയല്ലേ. കളിമൂത്തു മൂത്ത് മാണിക്കന്റെ അടുത്തെത്തും.

ഒരുദിവസം എറിഞ്ഞ ഒരുപന്ത് മാണിക്കന്റെ തലയില്‍ തന്നെ കൊണ്ടു. ചീറ്റിക്കൊണ്ട് മാണിക്കന്‍ . കുട്ടികള്‍ ഓടി ഒളിച്ചു. അടുത്ത ദിവസം മാണിക്കന്‍ നോക്കി ഇരുന്നു. കളിയുടെ ആവേശത്തില്‍ കുട്ടികള്‍ മാണിക്കനടുത്തെത്തിയത് അറിഞ്ഞില്ല. മാണിക്കന്‍ പാഞ്ഞു ചെന്ന് ഒരാളേക്കടിച്ചു.’

‘എന്തവാ അപ്പൂപ്പാ ,കടിച്ചോ?’

‘ഓ മാണിക്കന്‍ ഒരു പാമ്പാണെന്ന് ഞാന്‍ പറഞ്ഞില്ല അല്ലേ? കടി കൊണ്ടവന്‍ വീണു, ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു. കടി കൊണ്ട കുട്ടി മരിച്ചു. മാണിക്കനു രസമായി. ഈ മനുഷ്യരാണ് ശല്യക്കാര്‍. അവരടുത്തു വരരുത്. വന്നാല്‍ അവര്‍ തന്നെ കൊല്ലുന്നതിനു മുന്‍പേ അവരേ കൊല്ലണം.

മാണിക്കന്‍ സ്വന്തം അതിര്‍ത്തി നിശ്ചയിച്ചു. തെക്കുവശത്തേ പന, പടിഞ്ഞാറേ നീര്‍ച്ചാല്‍, വടക്കുവശത്തേ പൊന്തക്കാട്, കിഴക്കുവശത്തെ വരമ്പ്, ഇത്രയുമാണ് അതിരുകള്‍. ഇതിനുള്ളില്‍ ആരു കേറിയാലും കൊല്ലും.

മാണിക്കന്‍ തീരുമാനം നടപ്പാക്കിക്കൊണ്ടിരുന്നു. മാണിക്കന്റെ അതിര്‍ത്തിയെക്കുറിച്ച് ആളുകള്‍ക്കറിയില്ലല്ലോ! അവര്‍ അതിത്തികടക്കുകയും കടിയേറ്റു മരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

കളിക്കാരില്‍ ഒരാള്‍, രുദ്രന്‍ ‍, തന്റെ കൂട്ടുകാരനെ കൊന്നവനേ കൈകാര്യം ചെയ്യണമെന്നു തീരുമാനിച്ച് ഒരു കല്ലുമായി പാത്തും പതുങ്ങിയും വന്ന് ദൂരെനിന്ന് മാണിക്കനേക്കണ്ടാലുടന്‍ എറിയും എന്നിട്ട് ഓടിക്കളയും. അവനോട് മാണിക്കന്‍ തോറ്റു.

ആസ്ഥലത്തുകൂടെയുള്ള ജനസഞ്ചാരം കുറഞ്ഞു. കടിക്കാനളേക്കിട്ടാതായപ്പോള്‍ മാണിക്കന്‍ ഗ്രാമത്തില്‍ കടന്നും ആള്‍ക്കാരെ കടിച്ചു തുടങ്ങി. കൊല്ലുന്നതിന്റെ രസം പിടിച്ചുപോയി. ചുരുക്കത്തില്‍ ആ സ്ഥലം ഭീതിയുടെ താഴ്വരയായി. രുദ്രന്‍ മാത്രം വല്ലപ്പോഴും വന്ന് ഓരോ ഏറുകൊടുത്തുകൊണിരുന്നു. അവനേ പിടിക്കണം.മാണിക്കന്‍ നിശ്ചയിച്ചു.

അങ്ങിനെ വാഴുമ്പോള്‍ ഒരു ശബ്ദം, ടക്, ടക് , മെതിയടി ശബ്ദം.

മാണിക്കന്‍ ഗൌരവത്തില്‍ തല ഉയര്‍ത്തി പത്തിവിരിച്ച് നോക്കി. ഒരാള്‍ മാണിക്കന്റെ അടുത്തേക്ക് സാവധാനത്തില്‍ വരുന്നു. ഒരു ആസ്വാദ്യകരമായ സുഗന്ധം. സാധാരണ ആള്‍ക്കാര്‍ വരുമ്പോഴുള്ള ആ ഓക്കാനം വരുന്ന പുളിച്ച വാടയല്ല.

ആള്‍ അടുത്തുവരികയാണ്. മാണിക്കന്‍ ഉഗ്രമായി ചീറ്റി.

പക്ഷേ അയാള്‍ക്കൊരു കൂസലുമില്ല. മാണിക്കന്‍ അത്ഭുതപ്പെട്ടു. തനിക്കെന്തുപറ്റി.

‘നില്‍ക്കവിടെ!’ മാണിക്കന്‍ അലറി -അന്നൊക്കെ പാമ്പുകള്‍ സംസാരിക്കും-അയാള്‍ തൊട്ടടുത്തെത്തി. മാണിക്കന്‍ കൊത്താനായി ആഞ്ഞു. പക്ഷേ വന്നയാള്‍ പറഞ്ഞു.

‘നിനക്കു സാധിക്കുകയില്ല മാണിക്കാ.’ അയാള്‍ കൈ ഉയര്‍ത്തിയപ്പോള്‍ മാണിക്കന്റെ തല തനിയേ താണു.

‘നീഎന്തിനാണു മനുഷ്യരേ ഇങ്ങനെ ഉപദ്രവിക്കുന്നത്?’ അയാള്‍ ചോദിച്ചു.
‘എത്ര നിരപരാധികളെയാണ് നീ കൊന്നത്! ഇതിന്റെ ഒക്കെ ശിക്ഷ എന്താണെന്നറിയാമോ?ഇനിയെങ്കിലും മര്യാദയ്ക്ക് ജീവിച്ചാല്‍ നിനക്കു നന്മ വരും.’

ഇതും പറഞ്ഞ് അയാള്‍ പോയി. മാണിക്കന്‍ ഏതോ മായികവലയത്തില്‍ പെട്ടതു പോലെയായി. ഇതെല്ലാം അനുസരിക്കേണ്ടതാണെന്നു തോന്നി.

ശരി ഇനിയും ഞാന്‍ ആരേയും ഉപദ്രവിക്കുകയില്ല, തന്നെയുമല്ല, ഞാന്‍ സസ്യഭുക്കാകാന്‍ പോകുന്നു, എന്നും തീരുമാനിച്ചു. കാലം കടന്നു പോയി.

കുറേനാളായി മാണിക്കന്റെ കടിയുടെ കഥ കേള്‍ക്കാതായപ്പോള്‍ രുദ്രന്‍ പതുക്കെപ്പതുക്കെ അടുത്തു വന്നു. ദൂരെ നിന്നും കല്ലെറിഞ്ഞിട്ടും അനക്കമില്ല. ഒരു മരത്തിന്റെ മുകളില്‍ കയറി നോക്കി. മാണിക്കനവിടെ കിടപ്പുണ്ട്. പതുക്കെ കല്ലെടുത്തിട്ടും അനങ്ങുന്നില്ല. ചത്തോ? നോക്കട്ടെ എന്നും പറഞ്ഞ് രുദ്രന്‍ അടുത്തുചെന്നിട്ടും മാണീക്കന്‍ അനങ്ങാഞ്ഞപ്പോള്‍ ഒരുവല്യ കല്ലെടുത്ത് അതിന്റെ പുറത്തിട്ടിട്ട് ഓടി.

പുറം ചതഞ്ഞ മാണിക്കന്‍ ഏന്തിവലിഞ്ഞ് ഒരുവിധത്തില്‍ വീടില്‍ കയറി.ഭാര്യ മരുന്നുവെച്ച് ശുശ്രൂഷിച്ചു.
മാണിക്കന്റെ അമ്മായിയപ്പനും അമ്മായിയമ്മയും കാണാന്‍ വന്നു. തവളക്കാല്‍ വറുത്തതും, എലിസൂപ്പും, മറ്റുമായി വലിയ സല്‍ക്കാരമായിരുന്നു പണ്ടൊക്കെ. ഇപ്പോള്‍ കുരുമുളകു രസവും കൂട്ടി പച്ചരി ഭക്ഷണം!
ഇതെന്തു പറ്റി !
‘ഞാന്‍ സസ്യാ‍ഹാരിയാ‍യ സാത്വികനായി.’ ഒരു സന്യാസിയുടെ ഉപദേശമാണ്.

‘അയ്യോ, അതാണോ ഈ പച്ചിലക്കറിയും കുരുമുളകു രസവും?

‘ഞങ്ങള്‍ക്കുമടുത്തു, ഞങ്ങളും കൂടെ വരുന്നപ്പൂപ്പാ’ മാണിക്കന്റെ മക്കള്‍ പരാതി പറഞ്ഞു. ഭാര്യയും കൂടെപ്പോയി. മാണിക്കന്‍ ഒറ്റയ്ക്കായി. രുദ്രന്റേയും കൂട്ടുകാരുടേയും ശല്യം കൊണ്ട് പുറത്തിറങ്ങാനും വയ്യാ.

മാണിക്കന്‍ ചാകാറായി അങ്ങനെ ഇരിക്കുമ്പോള്‍ എലികളുടേയും, തവളകളുടേയും പഞ്ചായത്തു പ്രസിഡന്റുമാര്‍ അവിടെ എത്തി മാണിക്കനോട് ഗൌരവത്തില്‍ ചോദിച്ചു,

‘എന്താടോ താന്‍ ഇപ്പോള്‍ ഞങ്ങളുടെ കൂട്ടരേ പിടിക്കാത്തത്? പെരുകിപ്പെരുകി ഇപ്പോള്‍ കുളത്തിലും, പുനത്തിലും എങ്ങും സൂചി കുത്താന്‍ സ്ഥലമില്ല. ജനസംഖ്യാ വര്‍ദ്ധനവുമൂലം, ആഹാരവുമില്ല. പട്ടിണിമരണവും ! താനെന്താ തന്റെ ധര്‍മ്മം നിറവേറ്റാത്തത്? ഞങ്ങളുടെ വംശനിയന്ത്രണം നിങ്ങളുടെ വംശത്തിന്റെ നിയോഗമല്ലേ?’

വേദനയുടെയിടയിലും മാണിക്കന്‍ ചെറുതായി ചിരിച്ചു. ‘എന്റെ പഴയ കാലമായിരിക്കേണ്ടിയിരുന്നു. നീയൊന്നും ഈ പറച്ചില്‍ മുഴുമിക്കത്തില്ലായിരുന്നു. ഹെന്റെ മുമ്പിലേ........!’

‘ഞങ്ങളേയൊന്നും തനിക്കൊരു ചുക്കും ചെയ്യാന്‍ പറ്റത്തില്ല. ഞങ്ങളുടെ കൂട്ടത്തിലേ അണ്ടനേയും, അടകോടനേയുമൊക്കെയേ തനിക്കുകിട്ടൂ. വേഗം ഇറങ്ങി അവരേപ്പിടിച്ചോ! അല്ലെങ്കില്‍ ഞങ്ങളിനിയും വരും.’

മാണിക്കന്‍ നിസ്സഹായനായി ദേഷ്യം കടിച്ചമര്‍ത്തി. ഈ പൂഞ്ഞാന്മാര്‍ തന്റെ മുന്‍പില്‍ നിന്നു ഞെളിയുന്നു. എന്തു ചെയ്യും!

ആ സന്യാസി, അതാ, ആ മെതിയടി ശബ്ദമല്ലേ കേള്‍ക്കുന്നത്! മാണിക്കന്‍ ശ്രദ്ധിച്ചു. അതേ ആ സുഗന്ധം! അതടുത്തടുത്ത് വരുന്നു. മാണിക്കന്‍ തല പൊക്കിനോക്കി. അദ്ദേഹം മുന്‍പില്‍ നില്‍ക്കുന്നു.

‘എന്താ മാണിക്കാ എന്തു പറ്റി?’ അദ്ദേഹം കരുണയോടെ ചോദിച്ചു.
മാണിക്കന്‍ തന്റെ ദയനീയ സ്ഥിതി അറീയിച്ചു.

‘ഞാന്‍ നിന്നോടു മനുഷ്യരേ വെറുതേ- അതേ വെറുതേ ഉപദ്രവിക്കരുതെന്നല്ലെ പറഞ്ഞത്? അല്ലാതെ നിന്റെ വംശധര്‍മ്മം നിറവേറ്റരുതെന്നല്ലല്ലോ! കടിക്കരുതെന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ. ചീറ്റരുതെന്നു പറഞ്ഞില്ലല്ലോ. ഉവ്വോ?’
ഇതും പറഞ്ഞ് അദ്ദേഹം പോയി.
മാണിക്കനു കാര്യം മനസ്സിലായി. അടുത്ത ദിവസം രുദ്രനും കൂട്ടുകാരും വന്നാപ്പോള്‍ കിടന്നിടത്തു കിടന്ന് മാണിക്കന്‍ ഒരുഗ്രന്‍ ചീറ്റല്‍. ‘ഹയ്യൊ! മാണിക്കന്‍ ‍!!!’ പിള്ളാരോടിയിടത്ത് ഇന്നും പുല്ലു മുളച്ചിട്ടില്ല.
ഒരു മാസത്തിനകം മാണിക്കന്‍ പഴയ മാണിക്കനായി,കടിമാത്രമില്ല.
ശുഭം.

കള്ളുകുടി

2
'അപ്പൂപ്പന്‍ വെള്ളമടിക്കുമോ?'

'കൊച്ചുമക്കളാണ്! ഇപ്പോള്‍ ആര്‍ക്കും ആരേയും ഒരു പേടിയുമില്ല. അല്ല, അതുതന്നെയാണ് നല്ലത്! അച്ഛന്‍ വീട്ടിലുള്ളപ്പോള്‍ ശ്വാസം വിടതെ കഴിച്ചു കൂട്ടിയിട്ടുള്ള എനിക്കു കൊച്ചുമക്കളുടെ ഈ സ്വാതന്ത്ര്യം ഇഷ്ടമാണ്. എന്താടാ ഇപ്പം ഇങ്ങനൊരു സംശയം?

‘അതോ. ഞങ്ങളുടെ കൂട്ടുകാര്‍ പറയുന്നു വെള്ളമടിക്കാ‍ത്തവരാരുമില്ല്ലെന്ന്! ഞങ്ങടപ്പൂപ്പനുണ്ടെന്നു പറഞ്ഞപ്പോള്‍ അവര്‍ പറയുവാ ചെന്നു ചോദിച്ചു നോക്കാന്‍ . വെള്ളമടിക്കുന്നതു ചീത്തയല്ലിയോ അപ്പൂപ്പാ?

‘നമ്മള്‍ വെള്ളമടിക്കുന്നതല്ല വെള്ളം നമ്മളേ അടിക്കുന്നതാണു ചീത്ത. പട്ടണത്തു പിള്ളയാര്‍ എന്നൊരു യോഗി ഉണ്ടായിരുന്നു.

അതേ നമ്മുടെ നാടിലൊക്കെ വന്നിട്ടുണ്ട്. എല്ലായോഗിമാരുടേയും പുരകേ കുറേ പരിഷകള്‍ നടക്കുമല്ലോ. ശിഷ്യരാണെന്നും പറഞ്ഞ്. തൊഴിലൊന്നുമില്ലാത്ത കുറേ ഉദരംഭരികള്‍. പറഞ്ഞുവിട്ടാലും പോകത്തില്ല. സുഖമല്ലേ. യോഗിക്കുകിട്ടുന്ന പരിഗണന ഇവര്‍ക്കും കിട്ടുമല്ലോ!

ഒരു ദിവസം നടന്നു ക്ഷീണിച്ച് നമ്മുടെ യോഗി ഒരു കള്ളുഷാപ്പില്‍ കയറി. ഷാപ്പുകാരന്‍ ബഹുമാനത്തോയുകൂടി സല്‍ക്കരിക്കാന്‍ ഭാവിച്ചപ്പോള്‍ ദാഹം തീര്‍ക്കാന്‍ ഒരുപാത്രം കള്ളു നമ്മുടെ യോഗി വങ്ങിക്കുടിച്ചു.

നേതാവു കുടിച്ചാല്‍ പിന്നെ നമുക്കെന്താ! ഷാപ്പുകാരനോടു പറഞ്ഞ് ശിഷ്യഗണങ്ങളും ആവശ്യം പോലെ കുടിച്ചു. യോഗി ഇതു കണ്ടതായി ഭാവിച്ചില്ല.

വീണ്ടും ഇവര്‍ നടന്നു നടന്ന് മാന്നാര്‍ എന്ന സ്ഥലത്തെത്തി. അവിടം ഓടുരുക്കി ഉരുളിയും വാര്‍പ്പും ഒക്കെ വാര്‍ക്കുന്ന സ്ഥലമാണ്. യോഗി ഒരു വാര്‍പ്പു സ്ഥലത്തേക്ക് കയറി. എന്തോ കാശു വാങ്ങിക്കാനാണെന്നു കരുതി ശിഷ്യ ഗണങ്ങളും കയറി. ഉരുളി വാര്‍ക്കാനുള്ള ദ്രാവകം തിളച്ചുമറിയുന്നു. നമ്മുടെ യോഗി അവിടെക്കിടന്ന ഒരു ചിരട്ട എടുത്ത് അതില്‍ നിന്ന് രണ്ടു ചിരട്ട കോരി ക്കുടിച്ചു. എന്നിട്ട് ഒരുചിരട്ട കോരി പ്രധാന ശിഷ്യനു നീട്ടി.

‘അയ്യോ സ്വാമീ ഇതെങ്ങനാ കുടിക്കുന്നെ, മുഴുവന്‍ പൊള്ളും.’ ശിഷ്യന്‍ നിലവിളിച്ചു.
‘മുന്‍പേ കുടിച്ച കള്ളു ദഹിക്കാന്‍ ഇതു ചെല്ലണം, കുടിക്ക് ,! സ്വാമിജ്വലിച്ചു.
പിന്നെസ്വാമിയുടെ പുറകേ ശിഷ്യരെ കണ്ടവരില്ല! ഇതുപോലെ കുടിക്കാം മക്കളേ.

രാമയ്യന്‍--മൂന്ന്

2
നിങ്ങള്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയില്ലേ? അവിടെ ഒരു ഒറ്റക്കല്‍ മണ്ഡപം ഉണ്ട്. അതു കണ്ടോ?
ങാ. ഒരാള്‍ പറഞ്ഞു ഇതാണ് ഒറ്റക്കല്‍ മണ്ഡപമെന്ന്. നമ്മുടെ ഒരു മുറിയുടെ അത്രയും ഉണ്ട്. എന്താ അപ്പൂപ്പാ അതിനു വിശേഷം?
ഓ അപ്പം അതാരും പറഞ്ഞുതന്നില്ല അല്ലേ? അതിന്റെ താഴത്തേ കല്ല് ഒറ്റക്കല്ലാണ്. അത്രയും വലിയ കല്ല് അവിടെ എങ്ങിനെ എത്തിച്ചെന്ന് ഒന്നാലോചിച്ചു നോക്കിയേ!. എത്ര പേരു പിടിച്ചാല്‍ അതു പൊങ്ങും--ആറ് (നദി) കടക്കേണ്ടിവന്നാലെന്തു ചെയ്യും-

ഇതൊക്കെ. ശരിയാ‍ാണല്ലോ ഇതൊക്കെ കാണുമ്പോല്‍ ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ നമ്മള്‍ ഇതിനേക്കുറിച്ച് ആലോചിക്കുകപോലും ചെയ്യത്തൊള്ളു. ഇതിനാരിക്കും ഈ കാഴ്ച യുള്ളൂ സ്ഥലങ്ങളിലൊക്കെ ഗൈഡുമാരേ വയ്ക്കുന്നത്.

അതേ മക്കളേ. അല്ലെങ്കില്‍ കോന്തന്‍ കൊല്ലത്തു പോയപോലെ ഇരിക്കും.

അതെന്തവാ അപ്പൂപ്പാ ഈ കൊന്തന്‍ ---. പറയാം. ഒരു വലിയതറവാട്ടിലെ ഒരു ഇളമുറ സന്തതിയാണ് കോന്തന്‍ . ശരിക്കു പേര്‍ ഗോവിന്ദന്‍ എന്നാണ് . പക്ഷേ എല്ലരും വിളിക്കുന്നത് കോന്തന്‍ എന്നാണ് ‍. വലിയ ബുദ്ധിയൊന്നുമില്ലാത്ത ഒരു വിഡ്ഡി ക്കൂശ്മാണ്ഡമാണ്. പക്ഷെ നല്ല അദ്ധ്വാനിയായതുകൊണ്ട് എല്ലാവര്‍ക്കും വലിയ കാര്യമാണ്.. എന്തു പറഞ്ഞാലും കോന്തന്‍ റഡി. ഒരു ദിവസം വലിയമ്മാവന്‍ വിളിച്ചു -

കോന്തോ-കോന്താ. എന്തോ എന്നും പറഞ്ഞ് കോന്തന്‍ ഓടിവന്നു.

എടാ കൊല്ലത്തു വരെ ഒന്നു പോകണമല്ലോ.

ഓ കോന്തന്‍ ഭവ്യതയോടെ മൂളി.

വലിയമ്മാവന്‍ അകത്തേക്കു പോയി. കൊല്ലത്ത് ഒരാള്‍ക്കു കൊടുക്കാ‍ാനുള്ള പൈസ എടുക്കാനാ പോയത്. കോന്തനേ ഏല്‍പ്പിക്കാന്‍ .

വലിയമ്മാവന്‍ തിരിച്ചു വന്നു കോന്തനേ അന്വേഷിച്ചു. കണ്ടില്ല.

വല്ല കുളിക്കാനോ മറ്റോ പോയതാരിക്കും. അമ്മവന്‍ വിചാരിച്ചു.

ഉച്ചവരെ കോന്തനേ കണ്ടില്ല. ഉച്ച തിരിഞ്ഞ് ഒരു നാലുമണിയോടു കൂടി കോന്തന്‍ ഓടിക്കിതച്ചെത്തി. വലിയമ്മവന്‍ സംഹാരരുദ്രനേപ്പോലെ നില്‍ക്കുകയാണ്.

എവിടെ പോയിരുന്നെടാ നീ അമ്മാവന്‍ ഗര്‍ജ്ജിച്ചു.

കൊല്ലത്ത് കോന്തന്‍ നിഷ്കളങ്കമായി ഉത്തരം പറഞ്ഞു. അമ്മാവന്റെ ദേഷ്യത്തിനു കാരണം അവനു മനസ്സിലായില്ല. പറഞ്ഞ ഉടന്‍ തന്നെ താന്‍ കൊല്ലത്തു പോയല്ലോ.

എന്തിനാടാ നീ കൊല്ലത്തു പോയത്? അമ്മാവന്‍ വീണ്ടും തുള്ളിക്കൊണ്ടു ചോദിച്ചു.

വലിയമ്മവനെന്തിനാതുള്ളുന്നത്? വലിയമ്മാവനല്ലേ എന്നോടു കൊല്ലത്തു പോകാന്‍ പറഞ്ഞത്? കോന്തനു ദേഷ്യം വന്നു. എന്റെ പണീം മുടക്കി--

ചുറ്റും നിന്നവര്‍ പൊട്ടിച്ചിരിച്ചു പോയി. കൂട്ടത്തില്‍ വലിയമ്മാവനും. അന്നു ബസ്സും, കാറും ഒന്നുമില്ല. നടന്നാണ് പോക്ക്! കോന്തന് ദേഷ്യം വന്നതിന് എന്താണത്ഭുതം?
നമ്മള്‍ ഒറ്റക്കല്ലിനേക്കുറിച്ചണല്ലോ പറഞ്ഞുവന്നത്. കല്ലു കൊണ്ടു വന്നതിനേക്കുറിച്ച് ഒരു കഥയുണ്ട്. കരയ്ക്കുകൂടെ കല്ല് എങ്ങിനെ എങ്കിലും കൊണ്ടുവരാം. എന്നാല്‍ കല്ലിനും തിരുവനന്തപുരത്തിനും ഇടയ്ക്ക് ഒരു നദി ഉണ്ടായിരുന്നു. കല്ല് നദി കടത്താന്‍ ആവുന്നപണി മുഴുവന്‍ നോക്കിയിട്ടും നടന്നില്ല. അവസാനം രാമയ്യന്‍ ദളവായോടു വിവരം പറഞ്ഞു. അദ്ദെഹവും നോക്കിയിട്ട് ഒരു മാര്‍ഗ്ഗവും തോന്നിയില്ല.

മാര്‍ത്താണ്ഡ വര്‍മ്മയുടെ ആജ്ഞയാ‍ണ് കല്ലു കൊണ്ടുവരാന്‍ . കല്പന കല്ലേപ്പിളര്‍ക്കും. രാമയ്യന്‍ രാജവിനേ മുഖം കാണിച്ചു. എന്താ രാമയ്യാ? രാജാവു ചോദിച്ചു.

കല്ലക്കരെയാണേ. രാമയ്യന്‍ പറഞ്ഞു.

അല്ല കല്ലിക്കരെയാണ് രാജാവ് പറഞ്ഞു. രാമയ്യന്‍ പിന്‍ വാങ്ങി.

എന്തു പറയാനാ. തിരുവായ്കെതിര്‍വായില്ല. കല്ലിക്കരെയാണെന്നു പറഞ്ഞാല്‍ ഇക്കരെയാണ്.. രാമയ്യന്‍ ചെന്ന് കല്ലിന് അപ്പുറത്തുകൂടെ നദി വെട്ടിവയ്പ്പിച്ച് കല്ല് ഇക്കരെയാക്കി. ഇങ്ങനെയാണ് ഒറ്റക്കല്‍ മണ്ഡപം പണിയിപ്പിച്ചത്. ശുഭം.

രാമയ്യന്‍--രണ്ട്

0
ഞാന്‍ സ്വിറ്റ്സലന്‍ഡില്‍ ഹാര്‍ട്ട് സ്പെഷ്യലിസ്റ്റായി പോയിട്ട് നിങ്ങളേയൊക്കെ നോക്കിക്കോളാം. രാംകുട്ടന്‍ പ്രഖ്യാപിച്ചു..

വയസ്സു പന്ത്രണ്ടേ ഉള്ളെങ്കിലും ബുദ്ധിയുടെ വളര്‍ച്ച വളരെ കൂടുതലാണ്.

ഓ ഈയാളു കുറേക്കാലം കൊണ്ടു സ്വിറ്റ്സലന്‍ഡില്‍ പോ‍കുന്നു. ഞാന്‍ ഒരു വലിയ ഫിലിം ഡയറക്ടറായി അമേരിക്കയില്‍ ചെന്നാല്‍ എല്ലാവരേയും ഞാന്‍ നോക്കും. ശ്യാംകുട്ടന്‍ ‍--രാമിന്റെ ഇരട്ട സഹോദരന്‍ വെല്ലുവിളിച്ചു.

കാണാം--കണാം രണ്ടു പേരും കൂടി കയ്യാംകളി തുടങ്ങാന്‍ തയ്യാറായി. അപ്പൂപ്പാ - അപ്പൂപ്പോ ദേ ഇവിടെ ഇടി ഇടാന്‍ പോന്നേ ഓടിവായോ- ഉണ്ണിക്കുട്ടന്‍ വിളിവിളി കൂട്ടി.

എന്താ മക്കളേ എന്താ പ്രശ്നം? ഉണ്ണിക്കുട്ടന്‍ പ്രശ്നം വിശദീകരിച്ചു. ഉണ്ണിക്കു വയസ്സു പത്തേ ആയുള്ളു.

നിനക്കെന്താ ആകേണ്ടത്.

ഓ എനിക്കൊന്നും ഇപ്പം ആകണ്ടാ. അപ്പൂപ്പനൊരു കഥ പറ.

ശരി കേട്ടോളൂ. മാര്‍ത്താണ്ഡവര്‍മ്മരാജാവിന്റെ കുശിനിക്കാരനാണ് കിച്ചന്‍ .

കിച്ചനോ അതെന്തു പേരാ‍? എടാ കൃഷ്ണനെന്നാ പേര്. തമിഴന്മാര്‍ അത് കിച്ചനെന്നാക്കും. വൈത്തി പ്പട്ടര്‍ വൈദ്യനാഥനാണ്. അതുപോട്ടെ. നമ്മുടെ കിച്ചനു മന്ത്രിയാകണം. രാമയ്യനാ‍ണ് അന്നു മന്ത്രി. കിച്ചന്‍ നോക്കിയിട്ട് മന്ത്രിയാകാനുള്ള ഒരു ഗുണവും രാമയ്യനില്ല. ചടച്ചു നെലിഞ്ഞ ശരീരം, ഊശാന്താടി, എല്ലാവരേയും വണങ്ങിയുള്ള നടപ്പ്--മഹാമോശം. ഇങ്ങനാണോ മന്ത്രി!

ദാ എന്നേ നോക്ക്. വെളുത്തു തുടുത്ത് സുന്ദരക്കുട്ടപ്പന്‍, പൊതുവേ ഒരു മന്ത്രിക്കുവേണ്ട അഹങ്കാരം, സര്‍വപുച്ഛം മുതലായ എല്ലാഗുണങ്ങളും ഉണ്ട്. പക്ഷേ ഒരു വെറും കുശിനിക്കാരന്‍ --എപ്പോഴും അടുക്കളയിലേ പുകയിലും. ഈ ലോകത്ത് കഴിവിന് ഒരു വിലയുമില്ല.

പൂജ്യം പൂജ്യം പറഞ്ഞ് ഇതു രാജാവറിഞ്ഞു.


ഒരു ദിവസം രാജാവ് കിച്ചനേ വിളിപ്പിച്ചു. കിഴക്കേ റോഡില്‍ പൊടിപടലം. അതെന്താണെന്നു നോക്കാന്‍ പറഞ്ഞു. കിച്ചനു സന്തോഷം. ഒറ്റ ഓട്ടത്തിന് അവന്‍ റോഡിലെത്തി-തിരിച്ചുവന്നു പറഞ്ഞു. കാള‍വണ്ടിയാണ്.

എത്രയെണ്ണം? രാജാവിന്റെ ചോദ്യം. കിച്ചന്‍ ഓടി പ്പോയിതിരിച്ചുവന്നു.

അമ്പത് അവന്‍ പറഞ്ഞു. എവിടെ പോകുന്നു? ചോദ്യം.

കിച്ചന്‍ ഓടി തിരിച്ചുവന്ന് പറഞ്ഞു. ബാലരാമപുരത്തേക്ക്.

എന്തിന്?

കിച്ചന്‍ വീണ്ടും ഓടി. അപ്പോഴേക്കുംവണ്ടികള്‍ കുറേ ദൂരെ എത്തി. കിച്ചന്‍ അണച്ചു കൊണ്ട് തിരിച്ചുവന്നു.

നെല്ലുകൊണ്ടു പോകാന്‍ .

നെല്ല് എവിടെനിന്നും? ചോദ്യം.

കിച്ചന്‍ വീണ്ടും ഓടി. ഇത്തവണ കിച്ചന് വിക്കിവിക്കിപറയാനേ പറ്റിയുള്ളു. നാഞ്ചിനാട്ടില്‍ നിന്ന്.

എത്ര പറ നെല്ലുണ്ട്? ചോദ്യം.

കിച്ചനോടിപ്പോയി കുറേ അധികം സമയം കഴിഞ്ഞിട്ടും കണ്ടില്ല. രജാവ് അന്വേഷിച്ച് ആളേവിട്ടു.

ഓടി ക്കിതച്ച് വഴിയില്‍ വീണ കിച്ചനേ ആരൊക്കെയോ എടുത്ത് ഒരുവീട്ടില്‍ കിടത്തിയിരിക്കുകയാണ്. തിരിച്ചു വന്ന കിച്ചനോട് രാജാവ് രാമയ്യനേ വിളിക്കാന്‍ പറഞ്ഞു. രാമയ്യന്‍ വന്നപ്പോള്‍ എന്താണ് റോഡിലേ പൊടി പടലത്തിന് കാരണം എന്നു ചോദിച്ചു. നാഞ്ചിനാട്ടില്‍ കൊയ്ത്തു കഴിഞ്ഞെന്നും,അവിടെനിന്നും ആയിരപ്പറ നെല്ല് ബാലരാമപുരത്തേക്ക് കുഞ്ഞന്‍ പിള്ള അയച്ചതാണെന്നും, നൂറ്റമ്പതു വണ്ടിയുള്ളതില്‍ അമ്പതെണ്ണം പോയെന്നും ബാക്കി വൈകിട്ടു വരുമെന്നും , തിരിച്ചു പോകുമ്പോള്‍ ബാലരാമപുരത്തുനിന്നും കൈത്തറിത്തുണികള്‍ ഈ വണ്ടികളില്‍ കൊടുത്തുവിടുമെന്നും വിനീതമായി അറിയിച്ചു. എന്താ കിച്ചാ മന്ത്രിയാകണോ? രാജാവു ചോദിച്ചു.

അയ്യോ വേണ്ടായേ. ഞാനീ അടുക്കളയില്‍ കിടന്നോളാമേ. കിച്ചന്‍ പരഞ്ഞിട്ട് സ്ഥലം വിട്ടു.

കാളിദാസന്‍--മൂന്ന്

0
കവികള്‍ തമ്മിലുള്ള മത്സരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരു ദിവസം ഒരുപത്രത്തില്‍ “മൊഴിയമ്പുകള്‍” എന്ന തലക്കെട്ടില്‍ വന്ന രണ്ട് എഴുത്തുകാരുടെ അര്‍ത്ഥം വച്ചുള്ള രണ്ട് അഭിപ്രായങ്ങള്‍ വായിച്ചിട്ട് അപ്പൂപ്പന്‍ പറഞ്ഞു. പണ്ടും ഉണ്ടായിരുന്നു.

കാളിദാസനും ദണ്ഡിയുമായുണ്ടായ ഒരു തര്‍ക്കത്തിന്റെ കഥ കേട്ടോളൂ. ആരാണ് കവിയെന്നാണ് തര്‍ക്കം. ഇപ്പോഴത്തേപ്പോലെ അന്നു മഹാകവികള്‍ ഇല്ല. ഇന്ന് ആര്‍ക്കും മനസ്സിലാകാത്ത നാലുവരി എഴുതിയിട്ട് മഹാകവി ഇന്നാര് എന്നു പറഞ്ഞാല്‍ മതി. അന്ന് അതുപോരാ. വായിച്ചാല്‍ മനസ്സിലാകുന്നതു പോലെ എഴുതാനും, എഴുതിയത് വായിച്ചു മനസ്സിലാക്കാനും കഴിവുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നു. കാളിദാസന്റെ ഒരു പ്രര്‍ത്ഥന തന്നെ “ദൈവമേ- ഞാന്‍ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ എന്തര്‍ത്ഥമാണോ ഞാനുദ്ദേശിച്ചത് അതുതന്നെ വായിക്കുന്നവര്‍ക്കും മനസ്സിലാകണേ” എന്നായിരുന്നു.

അതുപോട്ടെ. തര്‍ക്കം മൂത്ത് രാജാവിന്റെ അടുത്തെത്തി. അന്തിമവിധി അവിടാണല്ലോ- അന്ന്. പക്ഷേ ഇവരുടെ കാര്യത്തില്‍ ഇടപെടാന്‍ വിക്രമാദിത്യ മഹാരാജാവിനും ധൈര്യമില്ല. അദ്ദേഹം അതു തീര്‍പ്പാക്കുന്നതിന് ദേവിയേ ഏല്പിച്ചു--ങാ.അതെ ഭ്ദ്രകാളിയേത്തന്നെ. ഒരേവലിപ്പത്തിലും, തൂക്കത്തിലും ഉള്ള രണ്ട് ഓല- അതെ പനയോല- അന്ന് അതിലാണല്ലോ എഴുതുന്നത്--അതില്‍ രണ്ടു പേരും ഒരേ വിഷയത്തേക്കുറിച്ച്--വിഷയം രാജാവു കൊടുക്കും--ഓരോ ശ്ലോകം എഴുതണം. അത് ക്ഷേത്രത്തിന്റെ മുന്‍പില്‍ കൊണ്ടുവച്ച് രാജാവിന്റെ സാന്നിദ്ധ്യത്തില്‍ തൂക്കിനോക്കും. ആരുടേതിനാണ് തൂക്കക്കൂടുതലെന്ന് അറിയാമല്ലോ.

ദണ്ഡി ദേവിയേ ഉപാസിച്ച് പ്രത്യക്ഷപ്പെടുത്തിയ ആളാണ്. കാളിദാസനോ-ദേവി തന്നെ അക്ഷരം നാവില്‍ കുറിച്ച ആളാണ്. അങ്ങനെ രണ്ടു പേരുടേയും കവിത എഴുതിയ ഓലകള്‍ രാജാവ് കൊണ്ടുവന്ന് ത്രാസിന്റെ തട്ടില്‍ വച്ചു. അതാ! കാളിദാസന്റെ തട്ട് താഴുന്നു. ഭക്തനായ ദണ്ഡി ദേവിയേ പ്രാര്‍ത്ഥിച്ചു. ദെവി പ്രത്യക്ഷപ്പെടുന്നു. മുടിയില്‍ നിന്നും കര്‍ണികാര പുഷ്പം എടുത്ത് അതിലേ മകരന്ദം ദണ്ഡീയുടെ ഓലയില്‍ ഇറ്റിച്ച് അത് സമാസമം ആക്കുന്നു.

ദണ്ഡീ പറഞ്ഞു --ഇതാ ദെവി എന്നെ സഹായിച്ചു.

ഉടനേ കാളിദാസന്‍ യഥാര്‍ത്ഥത്തില്‍ ദേവി എന്നെയാണ്സഹായിച്ചത്. ദണ്ഡിയുടെ കവിതയിലില്ലാത്ത ആ മകരന്ദം--കാവ്യരസം എന്റേതിലുണ്ട്. അതുകൂടി ചേര്‍ന്നാലേ കവിതയാകുകയുള്ളൂ. ഇതാണ് ദേവി കാണിച്ചു തന്നത്.

വീണ്ടും ദണ്ഡി ദേവിയേ സ്തുതിച്ചു ചോദിച്ചു. ആരാണ് കവി എന്ന്. ദേവി മൂന്നുപ്രാവശ്യം കവിര്‍ദ്ദണ്ഡി എന്നു പറഞ്ഞു.

പിന്നെഞാനാരാ--കാളിദാസന്‍ ചോദിച്ചു. നീ ഞാന്‍ തന്നെ--ദേവി അരുളീച്ചെയ്തു മറഞ്ഞു. ശുഭം.

ഭക്തന്‍

0
അപ്പൂപ്പാ എന്നിട്ട് ആ നാരദന്‍ കുറെനേരമായി വൈകുണ്ഠത്തില്‍ നില്‍ക്കുന്നല്ലോ.. പറ.

ങാ. പറയാം. നാരദന്‍ അവിടെ ചെന്ന് നാരായണാ-നാരയണാ എന്നു ജപിച്ചിട്ട് നമ്മുടെ നാരായണന് ഒരു മൈന്‍ഡുമില്ല. ഈയാളെന്താ പൂണ്ട ഉറക്കമാണോ എന്നുമനസ്സിലും ഭഗവാനേ എന്താ അടിയന്റെ വിളി കേള്‍ക്കാത്തത് എന്ന് ഉറക്കെയും ചോദിച്ചു.

രണ്ടു മിനിറ്റ് കഴിഞ്ഞാണ് ഭഗവാന്‍ കണ്ണുതുറന്നത്.

അല്ലാ നാരദരോ എന്നുചോദിച്ച് ഭഗവാന്‍ ബദ്ധപ്പെട്ട് എഴുനേറ്റ് കാലുകഴുകി വന്ദിച്ചു. അങ്ങ് കുറേ നേരമായോ വന്നിട്ട്. ഞാനേ നമ്മുടെ ഒരു സ്വന്തം ആള്‍ ഒന്നു വിളിച്ചു . അവിടം വരെ പോയിരുന്നു. ക്ഷമിക്കണം. എന്നുപറഞ്ഞു.

വല്ല രാധയുടേയും അടുത്തായിരിക്കും എന്നു മനസ്സിലും-ആരാണവോ ഇത്ര ഭാഗ്യം ചെയ്ത ആള്‍ എന്നു ഉറക്കെയും ചോദിച്ചു. അത് കുട്ടനാട്ടിലുള്ള ഒരു കര്‍ഷകനാണ്. പാവം. കിടക്കാന്‍ നേരമാണ് എന്നേ ഓര്‍ക്കുന്നത്. എനിക്കു പോകാതിരിക്കാന്‍ പറ്റുമോ? നാരായണന്‍ പറഞ്ഞു.

ഓ ഇരുപത്തിനാലു മണിക്കൂറും ഈയാളേ വിളിച്ചുകൊണ്ടു നടക്കുന്ന എന്നേ പറയണം എന്നു മനസ്സിലും-ഭഗവാനേ അടിയന്‍ ഒരു നിമിഷം പോലും വിടാതെ നാ‍രായണനാമം ജപിച്ച്കൊണ്ടിരിക്കുന്നു. ആ എന്നേക്കാള്‍ അവിടുത്തേക്കിഷ്ടം ആ കര്‍ഷകനോടാണോ? എന്നു ഉറക്കെയും ചോദിച്ചു.
ഭഗവാന്‍ ഒരുനിമിഷം ചിന്തിച്ചു. നാരദരേ ഭഗവാന്‍ വിളിച്ചു . ഒരു തളിക നിറച്ച് എണ്ണ എടുത്ത് നാരദരുടെ കൈയ്യില്‍ കൊടുത്തു. ഇതും തലയില്‍ വച്ച് ദാ ആ കാണുന്ന കുന്നിന്മുകളിലുള്ള ക്ഷേത്രത്തില്‍ കൊണ്ട് നടയ്ക്ക് വച്ചിട്ട് ഒരു തുള്ളി പോലും കളയാതെ ഇവിടെ തിരിച്ചു കൊണ്ടുവരണം. അങ്ങയ്ക്ക് സാധിക്കുമോ?

അടിയന്‍ ഇതാ പുറപ്പെട്ടു കഴിഞ്ഞു. നാരദന്‍ എണ്ണ്ത്തളികയുമായി കുന്നിന്മുകളിലേക്ക് പുറപ്പെട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം എണ്ണയുമായി തിരിച്ചെത്തി.

എണ്ണ ഒട്ടും പോയില്ലല്ലോ. ഭഗവാന്‍ അന്വേഷിച്ചു.

ഇല്ല. ഒരു തുള്ളിപോലും പോയില്ല. നാ‍രദന്‍ സന്തോഷത്തോടെ പറഞ്ഞു--അങ്ങനെ നാരദനേ പരീക്ഷിച്ചു കളിക്കണ്ടാ എന്നു മനസ്സിലും പറഞ്ഞു.

ഭഗവാന്‍ ചോദിച്ചു, --നാരദരേ ഈ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ അങ്ങ് എത്ര പ്രാവശ്യം നാരായണ നാമം ജപിച്ചു.

നാരദന്‍ ആ കാര്യമേ മറന്നു. എണ്ണ താഴെപ്പോകാതെ നോക്കുന്നോ നാരായണനേ വിളിക്കാന്‍ പോകുന്നോ? നാരദന്‍ ലജ്ജിച്ചു തല താഴ്ത്തി. ഇത്ര നിസ്സാരമായ ഒരു കാര്യം ചെയ്യുമ്പോള്‍ പോലും, ഇരുപത്തിനാലുമണിക്കൂറും നാരായണനേ വിളിക്കുന്ന അങ്ങ് അതുമറന്നു. ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും കാര്യം നോക്കാന്‍ രാപകല്‍ ബദ്ധപ്പെട്ടു പണിചെയ്തിട്ട് രാത്രി ഒന്നു നടുവു നൂര്‍ക്കാന്‍ കിടക്കുമ്പോള്‍ എന്നേവിളിക്കുന്നവന്‍ തന്നെയാണ് ഭക്തന്‍ . അവന്റെ കാര്യം കഴിഞ്ഞേ എനിക്കു മറ്റു കാര്യങ്ങള്‍ ഉള്ളൂ. ഭഗവാന്‍ പറഞ്ഞു. ശുഭം.

വിദ്വാന്‍

2
ഒരുദിവസം നമ്മുടെ നാരദന്‍ വൈകുണ്ഠത്തില്‍ ചെന്നു.

ആരാ അപ്പൂപ്പാ എപ്പഴും നാരാ‍യണ ,നാരായണ എന്നും പറഞ്ഞ് സിനിമയില്‍ കാണുന്ന ആളാണോ?

എടാ അങ്ങനൊന്നും പറയരുത്. സാക്ഷാല്‍ ബ്രഹ്മാവിന്റെ പുത്രനാണ്. പരമ ഭക്തനും.

എന്നിട്ടെന്താ അപ്പൂപ്പാ എല്ലാരും അദ്ദേഹത്തേ നുണയനെന്നു വിളിക്കുന്നത്.

എല്ലാരും ഇല്ല മക്കളേ. ഓരോരുത്തരും അവരുടെ മനോനില അനുസരിച്ചാണ് മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കുന്നത്.

കേട്ടോളൂ. ഒരു രാജ്യത്ത് അതിബുദ്ധിമാനായ ഒരാള്‍ അയല്‍ രാജ്യത്തുനിന്നും വന്നു. അയാളേ തോല്‍പ്പിക്കണം. ആയുധങ്ങളൊന്നുമല്ല. അയാളുടെ ആയുധം ആംഗ്യഭാഷയാണ്. അതില്‍ അയാളേ തോല്‍പ്പിക്കണം. ഇല്ലെങ്കില്‍ രാജ്യം അയല്‍ രാജാവിനു കൊടുക്കണം.

നമ്മുടെ നാട്ടില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് രാജാ‍വ് വിളംബരം ചെയ്ത് അന്വേഷിച്ചു. പല പണ്ഡിതന്മാരും വന്നു ദയനീയമായി പരാജയപ്പെട്ടു പോയി.
ആനാട്ടിലേ പ്രധാനപ്പെട്ട കുടിയനാണ് ഗോപാലന്‍ . ഏതു വാഗ്വാദങ്ങളീലും ചെന്നു തലയിടും ജയിച്ചാല്‍ രണ്ടു കുപ്പി കള്ളു കൊടുക്കണം. അത്രയേഉള്ളൂ.

കള്ളുഷാപ്പില്‍ വച്ചു ഗോപാലന്‍ ഈ വാര്‍ത്ത അറിഞ്ഞു. അന്ന്യ നാട്ടുകാരന്‍ വന്നു പൊന്നുതമ്പുരാനേ വെല്ലുവിളിച്ചിരിക്കുന്നു. ഗോപാലന്റെ രാജ്യസ്നേഹം ഉണര്‍ന്നു. ഈവെല്ലുവിളി താനേറ്റെടുക്കും .

ഗോപാലന്‍ നേരെ രാജമന്ദിരത്തില്‍ ചെന്നു. ഭടന്മാര്‍ തടഞ്ഞു. ഗോപാലനുണ്ടോ വിടുന്നു. പൊന്നുതമ്പുരാന്റെ അഭിമാനം രക്ഷിച്ചെ പോകൂ എന്ന് വാശിപിടിച്ച് ഒരേ ഇരുപ്പ്. അവസാനം മന്ത്രി വഴി രാജാവറിഞ്ഞു. പിന്തിരിപ്പിക്കാനുള്ള എല്ല പരിശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ വൈമനസ്യത്തോടുകൂടി രാജാവ് സമ്മതിച്ചു. പണ്ഡിതന്മാര്‍ ഹോറ്റോടിയതാണ്. ഗോപാലന് ആംഗ്യഭാഷയുടെ ചില മര്‍മ്മങ്ങല്‍ ഉപദേശിക്കാന്‍ ശ്രമിച്ചവരേ അവന്‍ ഓടിച്ചു.
മത്സരത്തിന് ദിവസം നിശ്ചയിച്ചു. രാജാവും സദസ്യരുമെല്ലാം ഒരു പരാജയത്തിനുകൂടി സാക്ഷ്യം വഹിക്കണമല്ലോ എന്ന മനസ്താപത്തോടു കൂടി സഭയില്‍ ഹാജരായി.

ഗോപാലന്‍ കുളിച്ചു കുട്ടപ്പനായി എന്തിനും തയ്യാറായി എത്തി. പ്രതിയോഗിയും എത്തി. ആദ്യമായി പ്രതിയോഗി സ്വന്തം ചൂണ്ടു വിരല്‍ ഉയര്‍ത്തിക്കാണിച്ചു. ഉടനേ ഗൊപാലന്‍ രണ്ടു വിരല്‍ ഉയര്‍ത്തി കാണിച്ചു. അപ്പോള്‍ മറ്റേയാള്‍ മൂന്നു വിരല്‍ ഉയര്‍ത്തി. ഒട്ടും താമസിച്ചില്ല. ഗോപാലന്‍ നാലുവിരല്‍ ഉയര്‍ത്തി. ഉടന്‍ പ്രതിയൊഗി അഞ്ചു വിരല്‍ ഉയര്‍ത്തി. ഗോപാലനോ-- ആറുവിരലുയര്‍ത്തി. മറ്റേയാള്‍ മുഷ്ടി ചുരുട്ടിക്കാണിച്ചു. ഗോപലന്‍ മുഷ്ടിചുരുട്ടി ചൂണ്ടുവിരല്‍ കൊണ്ടൊരു വട്ടം വരച്ച് ഷര്‍ട്ടിന്റെ കൈ തെറുത്തുകേറ്റിക്കാണിച്ചു.

ഉടനേ ഒരത്ഭുതം സംഭവിച്ചു. പ്രതിയോഗി തൊഴുതുകൊണ്ട് വന്ന് ഗോപാലന്റെ പാദത്തില്‍ നമസ്കരിച്ചു. താന്‍ തോറ്റു പോയെന്നുള്ളതിന്റെ സൂചകം.

കണ്ടിരുന്നവര്‍ക്കൊന്നും മനസ്സിലായില്ല. പ്രതിയോഗി രജാവിനേ ക്കണ്ട് ഇത്ര അറിവുള്ളവര്‍ ഇവിടെ ഉണ്ടെന്ന് അറിയില്ലായിരുന്നെന്നും, താന്‍ തോറ്റ വിവരം തന്റെ രാജ്യത്ത് അറിയിക്കാന്‍ പോകാന്‍ അനുവദിക്കണമെന്നും പറഞ്ഞു.

രാജാവു ചോദിച്ചു. എന്തായിരുന്നു നിങ്ങളുടെ മത്സരം? ഞങ്ങളും കൂടി അറിയട്ടെ. അയാള്‍ വിശദീകരിച്ചു.


ഞാന്‍ ഒരുവിരല്‍ കാണിച്ച് എല്ലാം ഏകമയം പരബ്രഹ്മം എന്നു വാദിച്ചു. അയാള്‍ അതു രണ്ടായി-സ്ത്രീയും പുരുഷനും-പിരിഞ്ഞുഎന്നുപറഞ്ഞു. അവര്‍ക്കു മൂന്നു ഗുണങ്ങള്‍-സത്വം, രജസ്സ്, തമസ്സ്--ഉണ്ടെന്നു ഞാന്‍ . ഇതെല്ലാം നാലുവേദത്തിലടങ്ങുന്നെന്ന് അയാള്‍. എല്ലാം പഞ്ചഭൂത നിര്‍മ്മിതമാണെന്നു ഞാന്‍ . അതില്‍ ഷഡ് വൈരികളുണ്ടെന്നു അയാള്‍. അതിനെ സംയമംകൊണ്ടു നേരിടണമെന്ന് ഞാന്‍ . ഒരച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന് ഉരുണ്ട ഭൂമിയില്‍ അത് അസാദ്ധ്യമെന്ന് അയാള്‍. ഞാന്‍ തോറ്റു പൊന്നുടയതേ--ഇത്ര മഹാന്മാര്‍ ഇവിടെ. രാജാവ് അയാളേ യാത്രയാക്കി.


ഇതിനിടെ നമ്മുടെ ഗോപാലനേയും പൊക്കിക്കൊണ്ടു ഘോഷയാത്രയാണ് നഗരത്തില്‍. ഗോപാലന് ഒന്നും മനസ്സിലാകുന്നില്ല. രാജാവിനാണെങ്കില്‍ ഇത്ര പണ്ഡിതനായ ഒരാളേ ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന് കുണ്ഠിതം.

ആള്‍ക്കാര്‍ ഗോപാലനെ രാജാവിന്റെ മുന്നില്‍ ഹാജരാക്കി.

ഗോപാലോ- രാ‍ജാവ് വിളിച്ചു -നീ ഇത്ര വലിയ ആളാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. എങ്ങിനെയാണ് നീ അയാളേ തോല്പിച്ചത്?

അതോ-അയാള്‍ ഒരുകുപ്പി കള്ളുകുടിക്കാമെന്ന് ചൂണ്ടുവിരല്‍ പൊക്കി ക്കാണിച്ചു. ഗോപാലന്‍ പറഞ്ഞു. ഞാന്‍ വിടുമോ . രണ്ടു കുപ്പിഅടിക്കാമെന്നുകാണിച്ചു. അയാ‍ള്‍ മൂന്നെന്നു കാണിച്ചപ്പോള്‍ ഞാന്‍ നാലെന്നുകാണിച്ചു. അയാളുടെ അഞ്ചിന് ഞാന്‍ ആറെന്നു കാണിച്ചു. അയാള്‍ കൈ ചുരുട്ടിക്കാണിച്ചു . ഞാന്‍ വിടുമോ. കൈചുരുട്ടിക്കാണിച്ചിട്ട് ഒരുപ്ലേറ്റ് ഇരച്ചിയും ഒരു എത്തെക്കായും തിന്നാമെന്നു പറഞ്ഞു. പാവം അയാള്‍ വന്നെന്റെ കാലുപിടിച്ചു. ഞാനുമ്പോട്ടെന്നുവച്ചു. സാരമില്ല പൊന്നുതമ്പുരാന്റെ അഭിമാനമാ ഞങ്ങള്‍ക്ക് വലുത്.

രാജാവും സഭാവാസികളും കണ്ണുമിഴിച്ചിരുന്നു. ഗോപാലന്‍ അവന്റെ പാട്ടിനുപോയി.ഇങ്ങനാ നാരദനേപ്പറ്റിയും ആള്‍ക്കാരുടെ ധാരണ. അവരവരുടെ സ്വഭാവം അനുസരിച്ച്. ശരി---

അല്ലപ്പൂപ്പാ നാരദന്‍ വൈകുണ്ഠത്തില്‍ ചെന്നിട്ട്---

അതൊക്കെപ്പിന്നെ. ആമുളകിനും ,വെണ്ടയ്ക്കും, വഴുതനത്തിനും കുറച്ചു വള‍മിടണം. വാ.

ധര്‍മ്മരാജാ

0
ഒരു കാര്യം പറഞ്ഞേക്കാം. എല്ലാരും ദൂരെമാറി ഇരുന്നോണം. എന്നേക്കണ്ടാകിണ്ണന്‍ കട്ടവനാണെന്ന് തോന്നുമെന്നു പറഞ്ഞ് ആരും എന്റെ പിടലിക്കു കേറരുത്. രാംകുട്ടന്‍ നോക്കിക്കോണേ.

അല്ലപ്പൂപ്പാ‍ ഞാന്‍ അറിയാതെ-- ഓ സാരമില്ലെടാ അപ്പൂപ്പന്‍ തമാശു പറഞ്ഞതല്ലിയോ. പക്ഷേ ഇതുപോലെ ദേഷ്യം വരരുത്. ദേഷ്യം വരുമ്പോള്‍ നിന്റെ മുഖം ചെമ്പരത്തിപ്പൂ പോലെ ചുവന്നിരുന്നു. നീ അണയ്ക്കുന്നുണ്ടായിരുന്നു. ഇതൊക്കെ ആരോഗ്യത്തേ ബാധിക്കും ദേഷ്യം വന്നാല്‍ ഇത് ഓര്‍ത്തുകൊള്ളണം. നമ്മുടെ ശ്വാസം നിയന്ത്രിച്ചാല്‍ ദേഷ്യം തനിയേ പോകും. ഇനി പരീക്ഷിച്ചു നോക്കണം. കേട്ടോ. ഇന്ന് ധര്‍മ്മരാജാവിന്റെ ഒരു കഥ പറയാം.

വീര മാര്‍ത്തണ്ഡ വര്‍മ്മ മഹാരാജാവിനേക്കുറിച്ച് അറിവുണ്ടായിരിക്കുമല്ലോ. അദ്ദേഹത്തിന്റെ അനന്തരവനാണ് രാമവര്‍മ്മ മഹാരാജാവ്. അദ്ദേഹത്തിന്റെ സ്വഭാവ ശുദ്ധിയും ഭരണ നൈപുണ്യവും കൊണ്ട് ധര്‍മ്മരാജാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂര്‍ രാജ്യം സ്ഥാപിച്ചത് മര്‍ത്താണ്ഡവര്‍മ്മയാണ്. അന്ന് അധികാരസ്ഥാപനത്തിനുവേണ്ടി കലാപങ്ങള്‍ അടിച്ചമര്‍ത്തിയതുമൂലം അദ്ദേഹത്തിന് ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നു. രാജാവിന്റെ തലപോലും സുരക്ഷിതമല്ല. അതുകൊണ്ട് യുവരാജാവായ രാമവര്‍മ്മയെ ശരിക്കുള്ള യോദ്ധാവാക്കേണ്ടിയിരിക്കുന്നു. സ്വയരക്ഷയില്ലെങ്കില്‍ എന്തും സംഭവിക്കും. ഇന്ദിരാ ഗാന്ധിക്കു സംഭവിച്ചതുപോലെ. അതുകൊണ്ട് പരിശീലിപ്പിക്കാന്‍ പറ്റിയ ഗുരുക്കളേ അന്വേഷിച്ചപ്പോള്‍ കല്ലാന്താറ്റില്‍ ഗുരുക്കള്‍ എന്നൊരാളുണ്ടെന്ന് അറിഞ്ഞു, അദ്ദേഹത്തിന് ആളേ അയച്ചു. ഗുരുക്കള്‍ എത്തി. രാജാ‍വിനു ഗുരുക്കളുടെ കഴിവു പരീക്ഷിക്കണം. അദ്ദേഹം കോട്ടവാതില്‍ എല്ലാം അടച്ച്, ഉള്ളില്‍ കൂര്‍ത്ത ആണിഅടിച്ച പലക ആണി മുകളിലാകത്തക്കവിധം അകത്ത് മലര്‍ത്തി വച്ചു. ഗുരുക്കള്‍ വന്നവിവരം അറിയിച്ചപ്പോള്‍ ഉള്ളില്‍ വരട്ടെ എന്ന് ആജ്ഞാപിച്ചു.

ഗുരുക്കള്‍ വന്നത് വാളും പരിചയുമായാണ്. അന്നതാണ് രീതി. കോട്ടവാതില്‍ അടച്ചിരിക്കുന്നത് കണ്ട അദ്ദേഹത്തിന് കാര്യം മനസ്സിലായി. പുറകോട്ടു മാറിനിന്ന് കുതിരക്കരണം മറിഞ്ഞ് മുകളില്‍ എത്തി കീഴോട്ടു നോക്കിയപ്പോള്‍ ആണിതറച്ച പലക--ആലോചിക്കാന്‍ സമയമില്ല--കൈയ്യിലിരുന്ന പരിച , കുനിഞ്ഞ് ആണിയിലുറപ്പിച്ച്, ഒരുകാല്‍ അതിലൂന്നി തിരിഞ്ഞു മറിഞ്ഞ് വെളിയിലെത്തി.

വാതിലടച്ചിരുന്നതുകൊണ്ട് അകത്തു കടക്കാന്‍ പറ്റിയില്ല എന്നു രജാവിനേ അറിയിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം പോകാന്‍ ഭാവിച്ചു.
രാജവ് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ചാടി മുകളില്‍നിന്നും കീഴോട്ടു വരുന്ന ഒരു നിമിഷത്തിനകം തീരുമാനമെടുത്തു നടപ്പാക്കാന്‍ കഴിവുള്ളവന്‍ തന്നെയാണ് തന്റെ ഭാഗിനേയനേ പടിപ്പിക്കേണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചു.
യുവരാജവിനെ ഗുരുകുലത്തില്‍ ചേര്‍ത്തു. ആദ്യത്തേ കൊല്ലത്തേ പഠിത്തം കഴിഞ്ഞു വന്നപ്പോള്‍ രാജാവ് ചോദിച്ചു. അപ്പാ- എങ്ങിനെയുണ്ട് പഠിത്തം? ഓ ഇപ്പോള്‍ എത്ര പേരു വേണമെങ്കിലും വന്നോട്ടെ. ഞാനൊറ്റക്കുമതി.വേണമെങ്കില്‍ കായംകുളം രാജ്യം ഞാനൊറ്റക്കു പിടിക്കാം. യുവരാജാവ് പറഞ്ഞു.

ഒരു ചെറു പുഞ്ചിരിയോടെ രാജാവ് പറഞ്ഞു. ഏതായാലും ഒരു കൊല്ലം കൂടി പഠിക്ക്.

അങ്ങനെ വീണ്ടും യുവരാജാവ് പോയി. അടുത്ത കൊല്ലം വന്നപ്പോള്‍ രാജാവ് പഴയ ചോദ്യം ആവര്‍ത്തിച്ചു.

ഇപ്പോള്‍ ഒരു നൂറു പേരു വരെ വന്നാല്‍ ഞാന്‍ മാത്രം മതി. യുവരാജാവ് പ്രതിവചിച്ചു.

അയ്യോ- അത്രയേ ആയുള്ളൂ. ശരി ഒരു കൊല്ലം കൂടി നോക്ക്.

യുവരാജാവ് വീണ്ടും പോയി. അടുത്ത കൊല്ലം വന്ന യുവരാജാവിന്റെ ഉത്തരം--ഒരാള്‍ എതൃക്കാന്‍ വന്നാല്‍ തടി കേടാകതെ നോക്കാം എന്നായിരുന്നു.

എന്നാല്‍ തല്‍ക്കാലം പഠിത്തം നിര്‍ത്താം--രാജാവ് അഭിപ്രായപ്പെട്ടു.

മാസം ഒന്നു കഴിഞ്ഞു. യുവരാജാവ് കുഴമ്പും ഒക്കെ പുരട്ടി വ്യായാമം ചെയ്ത് നീരാടാന്‍ കൊട്ടാരത്തിലേ കുളീപ്പുരയിലേക്കു പോവുകയാണ്. പടിയിറങ്ങുമ്പോള്‍പെട്ടെന്ന് ഒരു തൂണിന്റെ മറവില്‍ നിന്ന് മുഖം മറച്ച ഒരാള്‍ ചാടിവന്ന് ഒറ്റക്കുത്ത്--കഠാരി കൊണ്ട്.

എങ്ങിനെയെന്നറിയാന്‍ വയ്യാ. കഠാരി‍രി യുവരാജാവിനെ കക്ഷത്തില്‍--കുത്തിയ ആളിന്റെ പൊടിപോലുമില്ല.

പെട്ടെന്ന് തന്നെ പരാതിയുമായി അമ്മാവന്റെ അടുത്തു വന്നു. അമ്മാവന്‍ കഠാരി വാങ്ങിച്ചു നോക്കി. കഠാരി മുനയില്‍ കുഴമ്പിന്റെ കൂടെ ഒരു ശോണ ഛായ--ചോരയുടെ.

രാജാവിന്റെ കണ്ണു ചുവന്നു. മൂക്കുവിറച്ചു. പോ‍യി ശരിക്കു പഠിച്ചിട്ടു വാ--ഉഗ്രമായ ഒരാജ്ഞ.

അതെന്താ അപ്പൂപ്പാ കുത്തിയവനേപ്പിടിക്കാതെ ---

എടാമക്കളെ--പയറ്റ് പടിക്കുമ്പോള്‍ മെയ് കണ്ണാകണം. കഠാരിമുനയുടെ കാറ്റ് ഏല്‍ക്കുമ്പോഴേക്കും ഒഴിഞ്ഞിരിക്കണം. അല്ലെങ്കില്‍ ജീവിക്കാന്‍ പറ്റത്തില്ല. ഇതിപ്പോള്‍ തൊലിമുറിഞ്ഞു രക്തം കഠാരിയില്‍ പറ്റി. രാജാവിന്റെ തന്നെ പരീക്ഷണം

അടുത്ത തവണ പടിച്ചിട്ടു വന്നപ്പോള്‍ ഒന്നും ചോദിച്ചില്ല. ഒരുദിവസം രാജാവ് അനന്തരവനേ വിളിച്ച്, താഴത്തേ നിലയില്‍ കലവറയില്‍ ചെന്ന് ഉടയാത്തതു നോക്കി രണ്ടു കരിപ്പട്ടി എടുത്തു കൊണ്ടു വരാന്‍ പറഞ്ഞു. കരിപ്പട്ടിയും കൊണ്ടു വരുമ്പോള്‍ എവിടെനിന്നെന്നറിയാതെ നാലുപേര്‍ വടിയുമായി പ്രത്യക്ഷപ്പെട്ട് പൊതിരെ തല്ലുതുടങ്ങി. അടികളെല്ലാം കരിപ്പട്ടി കൊണ്ടു തടഞ്ഞുകൊണ്ട് ഓടി കോണി കയറി പകുതിയായപ്പോള്‍--കോണി പകുതി നേരേ ചെന്ന് പിന്നെ തിരിഞ്ഞാണ് പോകുന്നത്--തിരിയുകയും ആരോ വാളുകൊണ്ട് കഴുത്തിന് ഒരു വെട്ട്. അതും കൊള്ളാതെ ഒഴിഞ്ഞ് കരിപ്പട്ടി രാജാവിനെ ഏല്‍പ്പിച്ചു. രാജാവ് കരിപ്പട്ടി വാങ്ങി സൂക്ഷിച്ചു പരിശോധിച്ചു. അടി കൊണ്ട് ഉടഞ്ഞിട്ടുണ്ടോ എന്ന്. ഉടഞ്ഞിട്ടില്ലെന്നു കണ്ട് അനന്തരവനേ ആശ്ലേഷിച്ചു അശീര്‍വദിച്ചു..

പിന്നീട് കായംകുളം രാജ്യവുമായുള്ള യുദ്ധത്തില്‍ ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ കോട്ടയുടെ മുകളിലൂടെ കുതിരയേ ചാടിച്ചു. ഇതുകണ്ടു കൊണ്ട് കോട്ടക്കുള്ളീല്‍ താഴെ ഇരുന്ന കായംകുളം രാജാവിന്റെ ഒരു ഭടന്‍ കുതിരയുടെ കാലുവെട്ടി. കുതിര അകത്തോട്ടും യുവരാജാവ് കോട്ടയ്ക്ക് പുറത്തേക്കും വീണു. കല്ലന്താറ്റില്‍ ഗുരുക്കളുടെ പരിശീലനം. എന്തെങ്കിലുമൊന്നു പറഞ്ഞു തരുമ്പോഴേക്കും സര്‍വജ്ഞപീടം കേറല്ലേ!

അപ്പൂപ്പന്റെ കഥ - അഞ്ച്

0
സുബ്രഹ്മണ്യ വിഗ്രഹം കൊണ്ടുവരുന്ന വഴി വിശ്രമിച്ച നെല്പുരക്കടവിനേക്കുറിച്ച് രണ്ടുവാക്ക്. ഹരിപ്പാട്ട് അമ്പലത്തില്‍ നിന്നുംവടക്കുകിഴക്ക് ഏകഏശം ഒരു കിലോമീറ്റര്‍ അകലെ, പുഞ്ച തുടങ്ങുന്ന സ്ഥലമാണ്‍ നെല്പുരക്കടവ്. പണ്ട് നെല്ല്ലു സംഭരിക്കുന്ന പാര്‍വത്യകാരന്മാര്‍ അത് സൂക്ഷിക്കാറുണ്ടായിരുന്ന കെട്ടിട സമുച്ചയം അവിടെയാണ്. അങ്ങിനെയാണ് അതിനു നെല്പുരക്കടവെന്നു പേരുവന്നത്. വിഗ്രഹം അവിറ്റെ എത്തി വിശ്രമിച്ച ശേഷമാണ്‍ ക്ഷേത്രത്തിലേക്ക് കൊണ്ടു പോയതെന്നു നേരത്തേ പറഞ്ഞല്ലോ. ആഓര്‍മ്മക്കാണ് വള്ള്ങ്ങളെല്ലാം അവിടെ എത്തി അവിടെനിന്നും ഘോഷയാത്ര തുടങ്ങിയിരുന്നത്. ഇപ്പോള്‍ പുരോഗമനം റോഡുകള്‍ തോടുകളാക്കി മാറ്റുകയാണല്ലോ. അതുകൊണ്ട് ജലഗതാഗതം കരഗതാഗതമാവുകയും, ഞങ്ങള്‍ വള്ള്ക്കാര്‍ പങ്കായവും തുഴയുമായി, വണ്ടിയില്‍ ഹരിപ്പാട് അമ്പലത്തിലെത്തി, അവിടെനിന്ന് രണ്ട് വഞ്ചിപ്പാട്ട് പാടി മാലയും മേടിച്ചു പോരും.

അതവിടെ നില്‍ക്കട്ടെ. നമ്മള്‍ സേവനവാരത്തിലായിരുന്നല്ലോ. ഉച്ചയ്ക്ക് ഗ്രൂപ്പുകളെല്ലാം ഒന്നിച്ചു കൂടി, കുട്ടപ്പന്‍ നായര്‍ സാറിന്റെ നേത്ര്ത്വത്തില്‍-
വിശേഷങ്ങളിനിയും പറഞ്ഞുകൊള്ളാം ബന്ധംവിനാ-
വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ
എന്ന പാടുമ്പാടി പോകുമ്പോഴുള്ള ഉത്സാ‍ാഹത്തിമിര്‍പ്പ്--ദാ എന്റെ കൈയ്യേലോട്ടു നോക്കിയേ- രോമാഞ്ചം--ഇപ്പോഴും അനുഭവപ്പെടുന്നു. ലേശം കറുര്ര്ഹ് കുടവയറും, കഷണ്ടിയും മന്ദ്രമായ ഒരു മന്ദഹാസവും കൂടിച്ചേര്‍ന്ന ഒരു മദ്ധ്യവയസ്കനാണ് കുട്ടപ്പന്‍ നായര്‍ സാര്‍. ഞങ്ങളുടെ സാറും, കരുവാറ്റാ ചുണ്ടന്‍ വള്ളത്തിന്റെ പാട്ടുകാരനും. ഇന്ന് ഇതെല്ലാം സ്വപ്നം കാണാം.
അടുത്ത ദിവസത്തേ പരിപാടി എന്റെ വീട്ടില്‍ വച്ചു നടത്തണമെന്ന് കൂട്ടുകാര്‍ക്ക് നിര്‍ബ്ബന്ധം. സ്കൂളില്‍ നിന്നും(ഞങ്ങളുടെ ക്ലാസിലുള്ളതില്‍) ഏറ്റവും ദൂരെയാണ് എന്റെ വീട്. അച്ഛനോടിക്കാര്യം പറയാന്‍ എനിക്കു ധൈര്യമില്ല. ഇതിനൊന്നും സമ്മതിക്കാത്ത പ്രക്ര്തമാണ് അച്ഛന്റേതെന്നാണ്‍ എനെ ബലമായ ധാരണ. ഞാന്‍ അഭിപ്രായം ഒന്നും പറയാതെ വീട്ടില്‍ വന്നു. അന്നത്തേ സാഹസങ്ങളേക്കുറിച്ച്, അമ്മയോട് പൊടിപ്പും തൊങ്ങലും വച്ച് വിവരണം തുടങ്ങി. കൂട്ടത്തില്‍ നാളത്തെ കാര്യം സൂത്രത്തില്‍ അവതരിപ്പിച്ചു. കിഴക്കേത്തിണ്ണ്ക്ക് കസേരയില്‍ കിടന്നിരുന്ന അച്ഛന്‍ സാവധാനം എഴുനേറ്റു വന്നു. ഞാന്‍ വിവരണവും നിര്‍ത്തി. എല്ലാവീട്ടിലും ഉണ്ടോടാ പരിപാടി? അച്ഛന്‍ ചോദിച്ചു. ഞാന്‍ പേടിച്ച്--അത്--എന്നു വിക്കിവിക്കി പറയാന്‍ തുടങ്ങിയപ്പോള്‍ അമ്മ പറഞ്ഞു’ . “നാളെ ഇവിടെ വരണമെന്ന് ഇവനോടവരു പറഞ്ഞു. ഇവന്‍ പ്പേടിച്ചൊന്നും മിണ്ടാതെ പോന്നിരിക്കുവാ”.
ഉടന്‍ അച്ഛന്‍ ചോദിച്ചു. എത്ര പേരുണ്ടെടാ? പന്ത്രണ്ടു പേര്‍. ഞാന്‍ പറഞ്ഞു. എടീ നാളെത്തെക്ക് അവര്‍ക്കുകൂടെ ഇഡ്ഡലിക്ക് അരി ഇട്ടേരെ. എടാ ഉച്ചക്ക് ഇവിടെ നിന്നും സ്കൂള്‍ വരെ ചെന്ന് ഊണുകഴിക്കാന്‍ പ്രയാസമല്ലേ? ഊണും ഇവിടെത്തന്നെ-പായസവും കൂട്ടി.
എനിക്കച്ഛനേ കെട്ടിപ്പിടിക്കണമെന്നു തോന്നി. പക്ഷേ മുഖത്തുനോക്കിയപ്പോള്‍ വിറച്ചു. വേഗം ചെന്നു പറയെടാ-അവരോട്. എന്നോടൊരാജ്ഞയും.
ദേ സ്വര്‍ഗ്ഗം എനിക്കു തരാ‍ാമെന്നു പറഞ്ഞാല്‍ പോലും എനിക്കുവേണ്ടാ. ഒറ്റ ഓട്ടത്തിനു ഞാന്‍ ഗ്രൂപ്പുലീഡറുടെ വീട്ടിലെത്തി വിവരങ്ങല്‍ പറഞ്ഞു. ഞങ്ങളുടെ സാറിന്റെ അനുവാദവും വാങ്ങി തിരിച്ചുവന്നു.
അങ്ങനെ ഒരാഴ്ചത്തേ സേവനവാ‍രം അവസാനിച്ചു. പുതിയ ഉണര്‍വ്വും ഉന്മേഷവും. ക്ലാസുകള്‍ വീണ്ടും തുടങ്ങി. അടുത്ത ശനിയാഴ്ചയും എക്സ്ട്രാ ക്ലാസ് ഉണ്ട്. സാറു നേരത്തേ പറഞ്ഞു--ചാമ്പയില്‍ കേറ്റവും ഒന്നും വേണ്ടെന്ന്.
അന്ന് ഉച്ചക്ക് ഊണു കഴിഞ്ഞ് പാത്രം കഴുകാന്‍ പോയി. സ്കൂളിന്റെ തെക്കുവശത്ത് ഒരു ചെറിയ കുളമുണ്ട്. അതില്‍ പാത്രം കഴുകിക്കഴിഞ്ഞ് കിണറ്റില്‍ നിന്നും വെള്ളം കോരി, വായും മുഖവും, കഴുകുകയാണ് രീതി. ഞാന്‍ കുള്‍ത്തിലിറങ്ങി കുനിഞ്ഞു നിന്നു പാത്രം കഴുകുകയാണ്. ഏതാണ്ടു പറന്നുവന്ന് എന്റടുത്തെത്തിയെന്നൊരു തോന്നല്‍. എന്റെ പേരു വിളീച്ചിട്ട് ഹിന്ദി റിസല്‍ട്ടുവന്നോ എന്നൊരു കിളിക്കൊഞ്ചല്‍. ഞാന്‍ തല ഉയര്‍ത്തി നോക്കി. നമ്മുടെ അവതാരമാണ്. ഇത്ര അടുത്ത്. എനിക്ക് ശ്വാസം മുട്ടി. ഇല്ല എന്നു മത്രം പറഞ്ഞു. ക്ര്ഷ്ണ കുമാരിയാണോ, പത്മകുമാരിയാണോ--ആ ആര്‍ക്കറിയാം. അവള്‍ ഇപ്പോള്‍ പൊട്ടിച്ചിരിക്കുമെന്നു തോന്നി.
ഞാന്‍ പെട്ടെന്ന് ക്ലാസിലേക്ക് പോന്നു. അവിടെ വിചാ‍രമഗ്നനായിരിക്കുമ്പോള്‍ ക്ലാസിലേ പെണ്‍കുട്ടികള്‍ ഉച്ചഭക്ഷണം കഴിഞ്ഞ് സഭയാണ്. ഒരാള്‍ പെട്ടെന്ന്-ദേ പണിക്കരേ മണി വിളിക്കുന്നു എന്നു പറഞ്ഞു. ഞാന്‍ നോക്കി -ഏതു മണി- എന്തു മണി എന്നു ചോദിച്ചു. എല്ലാവരുംകൂടെ ഒരു കൂട്ടച്ചിരി--ഞാന്‍ ഹിന്ദി പരീക്ഷയ്ക്കു ജയിച്ചെന്ന് മണി പറഞ്ഞു പോലും. എനിക്കൊന്നും മനസ്സിലായില്ല,
ഞാന്‍ വൈകിട്ട് അമ്മാവനേ കണ്ടു. റിസല്‍ട്ട് വന്നു. ഞാന്‍ ജയിച്ചു. സര്‍ട്ടിഫിക്കറ്റ് അയച്ചു തരും. ഇവളുടെ പേര്‍ മണിയെന്നാണോ? രിസല്‍ട്ട് എങ്ങിനെ അറിഞ്ഞു? എന്റെ നമ്പര്‍ ആരു കൊടുത്തു? ആ. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍!

അപ്പൂപ്പന്റെ കഥ - ഒന്ന്

1
അപ്പൂപ്പാ അപ്പൂപ്പന്റെ കൊച്ചിലത്തേ കാര്യം ഒന്നു പറഞ്ഞേ. ഞന്നളേ വല്ല്യ ഉപദേശമാണല്ലോ. ശരിക്കും സത്യമേ പറയാവൂ. ങാ‍-പറയാം മക്കളേ. ഇത് 2009 അല്ലേ. അപ്പൂപ്പന്‍ എസ്.എസ്.എല്‍.സി പാസായത് 1954-ഇല്‍ ആണ്. അന്‍പത്ത്ഞ്ച് കൊല്ലം മുന്‍പ്. ഓര്‍മ്മയുള്ള കാര്യങ്ങല്‍ പറയാം. ഗള്‍ഫില്‍ നിന്നു വന്ന് എറണാകുളത്തു താമസിക്കുന്ന നിങ്ങള്‍ക്ക് അതെത്ര മാത്രം ദഹിക്കുമെന്ന് എനിക്കറിഞ്ഞു കൂടാ. ഞങ്ങളുടെ-അതായത് നമ്മുടെ-ഗ്രാമം അന്നൊരു കുഗ്രാമമായിരുന്നു. സ്വച്ഛന്ദയായ അച്ചന്‍ കോവിലാറ് നമ്മുടെ വീട്ടിന്റെ വടക്കുവശത്തുകൂടി ശാന്തയായി ഒഴുകിക്കൊണ്ടിരിക്കുന്നു. എടവപ്പാതിക്കു പോലും അവളുടെ രൌദ്ര ഭാവം ഒരു കോപിഷ്ടയായ മുത്തശ്ശിയുടേതിനേക്കാള്‍ ഭീതിദ്മായിരുന്നില്ല. നമ്മുടെ വടക്കുവശത്തു നിന്നു നോക്കി്യാല്‍ ഓണത്തിന്റെ വള്ളം കളി കാണാം. ഏറ്റവും അടുത്ത ഹൈസ്കൂള്‍ അഞ്ചു മൈല്‍ അകലെയാണ്. നടന്നല്ലാതെ പോകാന്‍ വഴിയില്ലല്ലോ. ഏകദേശം പത്തു മൈല്‍ അകലെനിന്നുവരെ സ്കൂളില്‍ വന്നിട്ട് തിരിച്ചു പോകുന്നവരുണ്ടായിരുന്നു. ഇവരായിരുന്നു അന്നത്തേ കായികതാരങ്ങള്‍. രാവിലേ സ്കൂളില്‍ സമയത്തിനെത്താന്‍ പത്തു മൈല്‍ ഓട്ടം. വൈകിട്ടു പത്തു മൈല്‍ നടപ്പ്. ഇതിനിടെ കളികളും. ശരീരം എപ്പോഴും ഫിറ്റ്. ഇപ്പോഴും മിക്കവാ‍റും എല്ലാവരും ഫിറ്റാണ്. പക്ഷേ ആഫിറ്റല്ല ഈഫിറ്റ്. സ്കൂളിലേക്കുല്ല വഴി ഇടവഴികളാണ്. ഇടക്കിടക്ക് കൈതകള്‍ മറിഞ്ഞു വീണുകിടക്കുന്ന മണല്‍ വഴികള്‍. മഴക്കാലത്ത് മുട്ടറ്റം വെള്ളം ഏതാണ്ടെല്ലയിടത്തും കാണും. പക്ഷേ ഇതൊന്നും സ്കൂളില്‍ പോകുന്നതിനു പ്രതിബന്ധമല്ല. രാവിലേ സൂര്യനുദിച്ചു കഴിഞ്ഞാല്‍ നിഴല്‍ നോക്കിയാണ്‍ സമയമറിയുന്നത്. ഒരുവരവരച്ച് പടിഞ്ഞാട്ടു നോക്കി നിന്ന്, നിഴലിന്റെ തലയില്‍ ഒരു വരവരക്കണം. ചുവട്ടടി അളന്ന് ആറുചുവട്ടറ്റി ആകുമ്പോള്‍ പുറപ്പെട്ടാല്‍ സ്കൂള്‍ ഗേറ്റു കടക്കുമ്പോള്‍ മണിയടിക്കും. അന്നു ക്ലാസുകളില്‍ 14വയസ്സു മുതല്‍ 22 വയസ്സുവരെയുള്ള് കുട്ടികള്‍ കാണും. ഏഴാംക്ലാസ്, ഒന്‍പതാം ക്ലാസ്, ശാസ്ത്രി മുത്ലായ പരീക്ഷകള്‍ കഴിഞ്ഞ് ഇംഗ്ലീഷ് പള്ളിക്കൂടത്തില്‍ --ഇന്നത്തേ രീതിയിലുള്ള വിദ്യാഭ്യാസ ക്രമം അന്നു തുടങ്ങിയതേയുള്ളു--ചേര്‍ന്നവരും, സാധാ‍ാണ പോലെ ഉള്ളവരും. വലിയ ആള്‍ക്കാരുടെ പിന്നില്‍ ആട്ടിന്‍പറ്റങ്ങളേ പോലെ ഞങ്ങള്‍. പക്ഷേ ഞങ്ങാളാണ് കൂടുതല്‍.----------.എന്താ അപ്പൂപ്പാ എന്താ-സ്വപ്നംകാണുന്നോ--എടാ ദേ മന്ദഹസിക്കുന്നു. അപ്പൂപ്പോ പറ. ങാ. പറയാം. അന്നാണ് ഞാനവളേ കണ്ടത്. ഒരുദിവസം നാലുമണിക്ക് സ്കൂള്‍ വിട്ട് വീട്ടിലേക്കു വരുമ്പോള്‍. അന്നൊന്നും ബസ്സ് നോക്കി നില്‍ക്കണ്ടാ--ബസ്സില്ല--അതുകൊണ്ട് സ്കൂള്‍വിട്ടാല്‍ കുട്ടികളൊന്നിച്ചിറങ്ങി ഓരോ ഇടവഴിയിലും വച്ചു പിരിഞ്ഞു പിരിഞ്ഞ് അവസാനം വീട്ടിലെത്താന്‍ രണ്ടു ഫര്‍ലാങ് ഉള്ളപ്പോള്‍ ഞാനൊറ്റക്കാകും. വീട്ടിലേക്കുതിരിയുന്ന ഇടവഴിയില്‍ ഞാനും നാലു പെണ്‍കുട്ടികളും മാത്രമേ കാണൂ. നാലുപേരും ഒന്നാംക്ലാസ് മുതല്‍ എന്റെ കൂടെ പടിച്ചതാണ്. അന്നു അവരുടെ കൂടെ ഒരാളും കൂടി. കറുപ്പിന് ഇത്ര അഴകും, ആഭിജാത്യവും ഉണ്ടെന്ന്, ഉണ്ണിക്കണ്ണന്റെ കാര്യം അറിയാമായിരുന്നെങ്കിലും, ചിന്തിച്ചിരുന്നില്ല. അഴകാര്‍ന്ന കറുപ്പും, നക്ഷതക്കണ്ണുകളും, കുസ്ര്തി നിറഞ്ഞ നോട്ടവും--ഏകദേശം ൧൨ വയസ്സു കാണും. നിര്‍ത്താതെ വര്‍ത്തമാനവും പറഞ്ഞ് അവരുടെ കൂടെ നടക്കുകയാണ്. കുറച്ചു പിന്നാലേ ഞാനും. അങ്ങിനെ നടക്കുമ്പോള്‍ അവള്‍ ഒന്നു തിരിഞ്ഞു നോക്കി. എന്നിട്ട് അടുത്തുകൂടി നടന്നയാളേ ഒന്നു തോണ്ടി എന്തോ പറഞ്ഞു. അവള്‍ തിരിന്ന്ഞു നോക്കി. എന്നിട്ട് എന്തോ ഉത്തരം കൊടുത്തു. നമ്മുടെ ആദ്യത്തേ പാര്‍ട്ടി, വീണ്ടും തിരിഞ്ഞു നോക്കി ഒരുനിമിഷം നിന്നു. ഞാന്‍ കറന്റടിച്ചപോലെ നിന്നുപോയി. ഞാനും സ്വാഭാവികമായി അവളേ നോക്കുകയാണ്. പുറകിലാണല്ലോ ഞാന്‍. അവര്‍ വീണ്ടും എന്തോ പറഞ്ഞ് തിരിഞ്ഞു നോക്കി. ഒരു കൂട്ടച്ചിരി. അപ്പോഴേക്കും അവരുടെ വീടെത്തി. എല്ലാവരും കയറിപ്പോവുകയും ചെയ്തു. വഴിയില്‍ ഞാന്‍ മാത്രമായി. ചിന്താമഗ്നനായി പുത്തന്‍ അവതാരത്തേക്കുറിച്ചു ചിന്തിച്ചുകൊണ്ട് വീട്ടിലെത്തി.
വീട്ടിലെത്തിയാല്‍ പിന്നെ ഒന്നിനേക്കുരിച്ചും ചിന്തിക്കേണ്ടാ. കച്ചി വലിക്കണം-പശുവിനു വേള്ളം കൊടുക്കണം--നിക്കറും ഷര്‍ട്ടും നനയ്ക്കണം--നാമം ജപിയ്ക്കണം പിന്നെ പുസ്തകം വായിക്കണം. ഇതോടുകൂടി ആലോചന പോയ വഴിക്കു പുല്ലുകാണത്തില്ല. കച്ചി വലിക്കുന്ന കാര്യമാണ് ഏറ്റവും പ്രയാസം--പ്രധാനവും. തുറുവില്‍ നിന്ന് എങ്ങിനെ വലിചാലും പൊട്ടി പൊട്ടിയേ വരൂ. കൈ മുരിയാതെ വലിക്കണമെങ്കില്‍ -ഒന്നും പറയണ്ടാ. തുറു എന്നു പറഞ്ഞാല്‍ ആള്‍ക്കാ‍ാര്‍ക്കു മനസ്സിലാകുമോ എന്തോ. ഒരു തെങ്ങില്‍ കച്ചി (വൈക്കോല്‍) പിരിച്ചു കെട്ടി അതില്‍ കച്ചി കുറേശ്ശെ കുറേശ്ശെ തളിച്ച് ചവിട്ടി ഉറപ്പിക്കലാണ് അതിന്റെ രീതി. മഴ പെയ്താല്‍ വെള്ളം ഇടയ്ക്കുകൂടി ഇറങ്ങാതെ, വളരെ കരുതലോടെ ചെയ്തില്ലെങ്കില്‍, ആദ്യതെ മഴയ്ക്കുതന്നെ വെള്ളം ഇറങ്ങി കച്ചി അളിഞ്ഞു പോകും. ഒട്ടും വെള്ളം കേറാതെ ഉണ്ടാക്കിയാല്‍ വലിച്ചെടുക്കാനും പ്രയാസമാണ്.. എന്തിനാ പറയുന്നെ ഞങ്ങളുടെ കഷ്ടകാലം എനു പറഞ്ഞാല്‍ മതി.
പകല്‍ തുറു കാണാത്തവന്‍എന്നൊരു പഴമൊഴി തന്നെ തുറുവിനു നമ്മുടെ നാട്ടിലുണ്ടായിരുന്ന പ്രാധാന്യം വിളിച്ചറിയിക്കുന്നുണ്ട്. പശു, ക്ര്ഷി, ഇതുമായി ബന്ധപ്പെട്ട ഒരു സംസ്കാരം തന്നെയായിരുന്നു നമ്മുടെ അടിത്തറ.
തുറുവിനേക്കുറിച്ചു പറഞ്ഞപ്പോഴാണ് അതുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍മ്മ വന്നത്. എന്റെ അനുജന്‍ അടുക്കളയില്‍ അമ്മയുടെ അടുത്തെത്തിയാല്‍ കരച്ചില്‍ തുടങ്ങും. അഛനാണെങ്കില്‍ പിള്ളാരു വെറുതേ കരയരുത്--ഉടന്തന്നെ ചൂരലെടുത്ത് രണ്ടു പൊട്ടിക്കും. കരയാന്‍ ഒരു കാരണം ആയല്ലോ. ഇതു തുടര്‍ന്നു പോന്നപ്പോള്‍ അമ്മയ്ക്കു വിഷമം. അപ്പോള്‍ അച്ഛന്‍ ഒരു നിര്‍ദ്ദേശം വച്ചു. കരയണമെന്നു തോന്നുമ്പോള്‍ തുറുവിനു തെക്കേപ്പുറത്തു പോയി നിന്നു കരഞ്ഞോണം. കരച്ചില്‍ നിര്‍ത്തിയാല്‍ തിരിച്ചു വരാം. അങ്ങിനെ പരിപാടി നടപ്പിലാക്കി. പരിപാടി നടപ്പിലാക്കുന്നത് അച്ഛനേകണ്ടു പടിക്കണം. അങ്ങിനെ ദിവസങ്ങല്‍ പൊയ്ക്കൊണ്ടിരുന്നു. കരച്ചില്‍ വരുമ്പോള്‍ കൈയ്യും കുടഞ്ഞു കൊണ്ട് കോണകം പോലുമുടുക്കാതെ-- പ്രായമാണ്--അവന്റെ തുറുവിന്റെ അടുത്തേക്കുള്ള ഓട്ടം നോക്കിനില്‍ക്കാന്‍ അയല്‍ക്കാര്‍ക്ക് ബഹു താല്പര്യമാണ്.
അങ്ങിനെ ഇരിക്കേ ഒരു ദിവസം ഇദ്ദേഹം കരയാന്‍ പോയി. കുറേ നേരം കഴിഞ്ഞിട്ടും കാണുന്നില്ല--കരച്ചിലും കേള്‍ക്കുന്നില്ല. അച്ഛന്‍ ചെന്നു നോക്കി.
തുറുവിന്റെ തെക്കേപ്പുറ്ത്ത് അച്ഛന്‍ ചീനിക്കമ്പ് നട്ടിരുന്നു. പുള്ളീക്കാരന്‍ അതിന്റെ ഇടയ്ക്കിരിക്കുന്നു. ഓരോ കമ്പും പിഴുത് തലതിരിച്ച് കുഴിച്ചു വയ്ക്കുകയാണ്. അച്ഛന്‍ ദേഷ്യം കൊണ്ടു വിറച്ച് ചൂരലുമെടുത്തുകൊണ്ട്ചെന്ന് അവനേ പിടിച്ചു. തിരിച്ചു കുഴിച്ചിട്ട ഓരോ കമ്പിന്റേയും അടുത്തു കൊണ്ടു പോയി രണ്ടടി കൊടുക്കും. കമ്പു നേരേ കുഴിച്ചുവയ്ക്കും. ഇങ്ങനെ പത്തു കമ്പോളമുണ്ടായിരുന്നതു ശരിക്കു നട്ടു. സമാധാനമായി അച്ഛന്‍ തിരുച്ചു പോന്നു.
കുറച്ചു കഴിഞ്ഞ് അച്ഛന്റെ ഒരത്ഭുത പ്രഖ്യാപനം! ഇനി ഇവനേ അടിക്കുന്നില്ല. എല്ലാവര്‍ക്കും സന്തോഷം. ഞങ്ങടെ നാട്ടിലെ ഏറ്റവും പ്രസിദ്ധമായ കാര്യമാണ് അച്ഛന്റെ അടി. അതു നിര്‍ത്തിയല്ലോ.
പക്ഷേ കെട്ടിയിടണം-അച്ഛന്‍ കൂട്ടിച്ചേത്തു.കാര്യം--അച്ഛന്‍ പോയതക്കത്തിന് അവന്‍ ചീനിക്കമ്പെല്ലാം തിരിച്ചു കുഴിച്ചു വച്ചു.. കരയുന്നുമുണ്ട്. എന്തു ഭാരിച്ച പണിയാണ് അച്ഛനവനേ ഏല്പിച്ചത്.
അന്നു മുതല്‍ ചീനി പറിക്കുന്നതുവരെ തുറുവിന്റടുത്തുള്ള കരച്ചില്‍ നിരോധിച്ചു. (തുടരും)