വിവരം

0
അപ്പൂപ്പാ ഇന്നലെ ഒരുത്തന്‍ പറയുവാ എനിക്കു വിവരമില്ലെന്ന്. ഉണ്ണിയാണ് പരാതിക്കാരന്‍ .

അതിനെന്താ ഇത്ര സംശയം. നിനക്ക് കണക്കിനു എഴുപത് മാര്‍ക്കല്ലേ കിട്ടിയുള്ളൂ. ശ്യാമിന്റെ കമന്റ്.

അപ്പം മാര്‍ക്കു കിട്ടുന്നതാണോ അപ്പൂപ്പാ വിവരം. കിട്ടുവാണ്.

മക്കളേ വിവരം എന്നു പറഞ്ഞാല്‍ പല അര്‍ഥമുണ്ട്. അവിടെ എന്തൊക്കെയുണ്ട് വിവരം, എന്നു ചോദിച്ചാല്‍ വിശേഷം എന്നാണ് അര്‍ഥം.

പിന്നെ നമ്മുടെ കണ്ണാടിഅച്ചന്‍ പറഞ്ഞപോലെ പര്‍ടിക്കുലേഴ്സ്. പുള്ളി ഒരു കടയിലേ ബില്ലു കൊണ്ടുവന്നിട്ട് അതില്‍ പര്‍ടിക്കുകേഴ്സ് എന്ന് എഴുതിയ കോളം കാണിച്ചിട്ട് “ എടൊ ഇതിന്റെ മലയാളം എന്താണെന്നൊന്നു പറഞ്ഞു തരാമോ “എന്നു ചോദിച്ചു. ഞാന്‍ വിവരം എന്നു പറഞ്ഞു. അദ്ദേഹം പറയുകയാണ് -അപ്പോള്‍ തനിക്കു പര്‍ടിക്കുലേഴ്സ് ഇല്ലെന്നു പറഞ്ഞാല്‍ മതിയോ--എന്ന്.

അത് പോട്ടെ. വിവരം എന്നു പറഞ്ഞാല്‍ ഇവിടെ അര്‍ഥം അറിവെന്നാണ്. ശരിക്കും പൂര്‍ണ്ണമായ അറിവ്. അത് ആര്‍ക്കും ഇല്ല. അതുകൊണ്ട് നീ ഒട്ടും വിഷമിക്കണ്ടാ ഉണ്ണീ. ക്കണക്കിന് ശ്യാം നൂറു മാര്‍ക്കു മേടിച്ചെങ്കില്‍ അതിനര്‍ഥം അവനു കണക്കില്‍ കുറച്ച് അറിവുണ്ടെന്നാണ്. യഥാര്‍ത്ഥ വിവരം ഉണ്ടാകണമെങ്കില്‍ നമ്മുടെ മൂപ്പിലാന്മാര്‍ പറഞ്ഞതുപോലെ ചെയ്യണം. അതായത് കാല്‍ഭാഗം വിവരം ഗുരുനാഥന്മാര്‍ തരും. കാല്‍ ഭാഗം സ്വയം പഠിക്കണം. കാല്‍ഭാഗം സമാജത്തില്‍നിന്നും പഠിക്കണം.

ഏതു സമാജത്തില്‍ നിന്നാ അപ്പൂപ്പാ. വനിതാ സമാജത്തില്‍ നിന്നാണോ? രാമിനാണ് എപ്പോഴും ഒടക്കു ചോദ്യം.

എടാ സമാജം എന്നു പറഞ്ഞാല്‍ നമ്മുടെ നാട്ടിലേ ജനങ്ങളെന്നാണര്‍ഥം. ബാക്കി കാല്‍ ഭാഗം ജീവിതാനുഭവങ്ങളില്‍ നിന്നും കിട്ടും. അത് അവസാനകാലം വരെ കിട്ടിക്കൊണ്ടിരിക്കുന്നതുകൊണ്ട് പൂര്‍ണ്ണമായ വിവരം ഒരിക്കലും ഉണ്ടാകത്തില്ല.

ഒരു സംഭവം പറയാം.
ഒരു പഴയ തറവാട്. ഗൃഹനാഥന്‍ മുളങ്കുഴലില്‍ നിന്നും എണ്ണയെടുത്ത് തലയില്‍ തേയ്ക്കുകയാണ്.
മുളങ്കുഴലോ? അതെന്തോന്നാ അപ്പൂപ്പാ. ആതിര കണ്ണു മിഴിച്ചു.
മോളേ പണ്ട് കാലത്ത് ഈ പ്ലാസ്റ്റിക്കും മറ്റും വരുന്നതിനു മുന്‍പ് അടുക്കളയിലെ പലവ്യഞ്ജനങ്ങളും മറ്റും സൂക്ഷിക്കാന്‍ മുളങ്കുഴലുകളാണ് ഉപയോഗിച്ചിരുന്നത്. ഇതു കേള്‍ക്ക്. അപ്പോള്‍ ഒരാള്‍ അവിടേക്കു വന്നു.

വന്നയാള്‍:- കണ്ണൊണ്ടോ?
ഗൃഹനാഥന്‍ :- വെട്ടുത്താളിയാ തേയ്ക്കുന്നെ.
വന്നയാള്‍ :- അത്താഴം കഞ്ഞിയാണോ?
ഗൃഹനാഥന്‍ :- പൂവങ്കുറുന്തലാ ചൂടുന്നെ.
വന്നയാള്‍ :- പടിപ്പുര പൊന്നാണോ?
ഗൃഹനാഥന്‍ :- പകലൊന്നുറങ്ങുന്നുണ്ട്.

വല്ലോം മനസ്സിലായോ മക്കളേ.

മനസ്സിലായി ഒന്നുകില്‍ രണ്ടിനും വട്ടാണ്. അല്ലെങ്കില്‍ ചെവി കേള്‍ക്കത്തില്ല. എല്ലവരും ഏകസ്വരത്തില്‍ അഭിപ്രായം പാസാക്കി.
എന്നാല്‍ കേട്ടോളൂ. മുളങ്കുഴലില്‍ നിന്ന് നേരിട്ട് എണ്ണ തലയില്‍ തെച്ചാല്‍ അമിതമായ ചൂടു കൊണ്ട് കണ്ണ് കേടാകും. മുളങ്കുഴലില്‍ സൂക്ഷിക്കുന്ന എണ്ണ അതിന്റെ ചൂടു മാറാന്‍ പരന്ന പാത്രത്തില്‍ ഒഴിച്ചു വച്ച് കുറേ കഴിഞ്ഞേ തേക്കാവൂ.
ഉത്തരം എന്താണ്. വെട്ടുത്താളിയാ തേയ്ക്കുന്നെ. ഏറ്റവും തണുപ്പുള്ള താളിയാണ് വെട്ടുത്താളി. ഇപ്പോള്‍ ഷാമ്പൂ എന്നു പറയില്ലേ. അതാണ് താളി. എണ്ണയുടെ ചൂടു കളയാന്‍ വെട്ടുത്താളി തേച്ചാല്‍ മതിയെന്നു സാരം.

അടുത്ത ചോദ്യം. അത്താഴം കഞ്ഞിയാണോ. വെട്ടുത്താളി തേച്ചാല്‍ വീട്ടില്‍ ദാരിദ്ര്യം ഒഴിയത്തില്ലെന്നാണു വിശ്വാസം.
ഉത്തരം പൂവങ്കുറുന്തിലാ ചൂടുന്നെ. നമ്മുടെ പുരയിടത്തില്‍ കാണുന്ന ഒരു ചെടിയാണ് ദശപുഷ്പത്തില്‍ പെട്ട പൂവങ്കുറുന്തില്‍. അതു ചൂടിയാല്‍ ഐശ്വര്യം വിളയാടുമെന്നാണ് വിശ്വാസം.

അടുത്ത ചോദ്യം. പടിപ്പുര പൊന്നാണോ. നിങ്ങള്‍ വീടുകളുടെ പടിപ്പുര കണ്ടിട്ടില്ലല്ലോ. ഹരിപ്പാട്ടമ്പലത്തിന്റെ തെക്കേ നട കണ്ടിട്ടൂണ്ടല്ലൊ. അതുപോലെ പഴയവീടുകള്‍ക്കും പണ്ട് പടിപ്പുര ഉണ്ടായിരുന്നു. അതു പൊന്നാക്കണമെങ്കില്‍ എത്ര ഐശ്വര്യം വേണം.

ഉത്തരം പകലൊന്നുറങ്ങുന്നുണ്ട്. ഏതൈശ്വര്യവും ഇല്ലാതാക്കാന്‍ പകലുറക്കത്തിനു കഴിയുമെന്നര്‍ഥം.

ഇപ്പോള്‍ എന്തുമാത്രം വിവരം കിട്ടി. ഇതുപോലെ നാട്ടില്‍ നിന്നും നാടന്‍ പാട്ടുകളില്‍ നിന്നും ഒക്കെ നാമറിയാതെ നമുക്ക് അറിവു കിട്ടിക്കൊണ്ടിരിക്കും. ഒരു നാടന്‍ പാട്ടു കേട്ടോളൂ
കൊല്ലത്തു തടം വെട്ടി, കൊടുങ്ങല്ലൂര്‍ വേരോടി
അവിടെ മുളച്ചോരു ചേഞ്ചീര .
പറിച്ചപ്പം പാവയ്ക്കാ അരിഞ്ഞപ്പം കോവയ്ക്കാ
കൊട്ടേലിട്ടപ്പം കൊത്തച്ചക്കാ.
കൊത്തച്ചക്ക തിന്നാന്‍ ഞാഞ്ചെന്നിരുന്നപ്പോള്‍
കൊണ്ടു വിളമ്പിയതു ചാമക്കഞ്ഞീ.
ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍
വായിത്തടഞ്ഞോരു കട്ടുറുമ്പ്.
കട്ടുറുമ്പിനേത്തട്ടി കൊട്ടേലിട്ടപ്പം
കൊട്ടേക്കണ്ടൊരു കോഴിക്കുഞ്ഞ്.
കോഴിക്കുഞ്ഞേ നിന്റെ പാട്ടൊന്നു കേള്‍കട്ടെ
ഞാനും ചെറുപ്പത്തില്‍ കീയോ കീയോ.

സ്വർഗ്ഗം

0
അപ്പൂപ്പാ ഈ സ്വർഗ്ഗം എവിടാ--ശ്യാമിനാണ് സംശയം.

എന്താടാ ഇപ്പോൾ സ്വർഗ്ഗത്തേക്കുറിച്ചൊരു സംശയം.

അല്ലപ്പൂപ്പാ നമ്മടെ ധർമ്മപുത്രരും മറ്റും വടക്കോട്ടു പോയെന്നും ഹിമാലയത്തിന്റെ അടുത്തെങ്ങാണ്ടു ചെന്നപ്പോൾ ഇന്ദ്രൻ വിമാനമയച്ചെന്നും ഒക്കെ കഥയില്ലേ. അപ്പോൾ അവിടെയെങ്ങാണ്ടാണോ സ്വർഗ്ഗം എന്നൊരു സംശയം.

അതു ശരി. ഉത്തരധ്രുവത്തിനും ഹിമവാനും ഇടക്ക് ഒരു സ്ഥലത്താണ് ദക്ഷപ്രജാപതിയുടെ രാജ്യം. അദ്ദേഹം സാക്ഷാൽ ബ്രഹ്മാവിന്റെ പുത്രനാണല്ലോ. ഭൂമിയിലേ പ്രജകളുടെ ആദിപിതാവാണദ്ദേഹം. ടിബറ്റിനു ചുറ്റുമുള്ള ഒരു പ്രദേശത്താണ് ദേവെന്ദ്രന്റെ ആസ്ഥാനം. അതിനാണ് സ്വർഗ്ഗം എന്നു പറയുന്നത്. അവിടെയുള്ള ആളുകളിൽ കുറേപ്പേർ ഭാരതത്തിലേക്കു കടന്നു. അവരേ നരന്മാരെന്നും, സ്വർഗ്ഗത്തിൽ വസിക്കുന്നവരേ ദേവന്മാരെന്നും വിളിക്കുന്നു. ദേവന്മാരുടെ രാജാവ് ദേവേന്ദ്രൻ, നരന്മാരുടെ രാജാവ് നരേന്ദ്രൻ.

കൊള്ളാം കൊള്ളാം രാമ്കുട്ടൻ പ്രതികരിച്ചു. എന്തു ചോദിച്ചാലും ഉടനേ ഒരു കഥയുണ്ടാക്കും. എവിടുന്നാ അപ്പൂപ്പാ ഈ കഥകളൊക്കെ വരുന്നത്.

എടാ മക്കളേ ഞാൻ പണ്ടേ പറഞ്ഞു. എനിക്കു സ്വന്തമായി കഥയുണ്ടാക്കാനറിയാൻ വയ്യ-ഒക്കെ വായിച്ചും, കേട്ടുമൊക്കെ അറിഞ്ഞതാണെന്ന്. ഇത് നമ്മുടെ അഷ്ടാംഗഹൃദയം എന്നൊരു പുസ്തകത്തിലുള്ളതാണ്.

അങ്ങനാണെങ്കിൽ നമുക്ക് സ്വർഗ്ഗത്തിൽ നടന്നു തന്നേ പോകാമല്ലോ. ചാവുന്നതുവരെ എന്തിനാ കാത്തിരിക്കുന്നത്.

അങ്ങനെ ആരേയും അവിടെ ചെല്ലാൻ അവർ അനുവദിക്കില്ല. ഇവിടുത്തേ സകല കുസൃതികളും വികൃതികളും കൊണ്ട് അവിടെ ചെന്നാൽ അവർക്ക് കിടന്നുപിഴക്കെണ്ടായോ. അവിടെ ചെന്ന് കള്ളവാറ്റും, പോക്കറ്റടീം, കോഴവാങ്ങലും ഒക്കെ തുടങ്ങിയാൽ അവരെന്തുചെയ്യും. മനുഷ്യരല്ലിയോ. നാളെ എന്തുചെയ്യുമെന്ന് പടച്ചവനുപോലും പിടിയില്ല. കേൾക്കണോ പണ്ട് ഈ നാട്ടുകാരൊന്നിച്ച് സ്വർഗ്ഗത്തിലേക്ക് പുറപ്പെട്ട കഥ.

നാലു യുഗങ്ങളാണല്ലോ ആകെയുള്ളത്. അതിൽ കൃതയുഗത്തിൽ നൂറു ശതമാനം ആൾക്കാരും നല്ലവരാണ്. പക്ഷേ എത്രനാൾ ഇങ്ങനെ ജീവിക്കും. എന്നും നാമജപവും, പൂജയും, യജ്ഞവും ഒക്കെയായി. മടുക്കത്തില്ലേ--ഇന്നത്തേ ഭാഷയിൽ ബോറടി. ഒരു വഴക്കും, ചീത്തവിളീം, അടിപിടീം ഒന്നുമില്ലാതെ എന്തു ജീവിതം.

അങ്ങനെ ഒരു കൃതയുഗത്തിൽ ബോറടിച്ച ആൾക്കാരെല്ലാം കൂടെ സ്വർഗ്ഗത്തില്‍ പോകാൻ തീരുമാനിച്ചു. കെട്ടും ഭാണ്ഡവും മുറുക്കി വടക്കോട്ട് യാത്ര തിരിച്ചു. ദേവേന്ദ്രൻ ഇതറിഞ്ഞെങ്കിലും, എല്ലാവരും കൂടി വല്ല ഉത്സവത്തിനു മുള്ള പുറപ്പാടായിരിക്കുമെന്നു വിചാരിച്ചു-എങ്കിലും മൂപ്പർക്ക് എന്നും സംശയമാണല്ലോ-അതുകൊണ്ട് റിപ്പോർട്ടർ നാരദനേ വിളിച്ച് ഇതൊന്നു ശ്രദ്ധിച്ചുകൊള്ളണമെന്നു പറഞ്ഞു.

എല്ലാവരും ഗംഗാനദി കടന്നു. വീണ്ടും യാത്രയാണ്. ഹരിദ്വാരിലെത്തിയപ്പോഴേക്കും നാരദനു വേവലാതിയായി. സൂത്രത്തിൽ അവരുടെ ഇടയിൽ കടന്ന് അവരുടെ ഉദ്ദേശം മനസ്സിലാക്കി.

അതുശരി അപ്പോള്‍ എല്ലാവരുംകൂടി സ്വര്‍ഗ്ഗത്തിലേക്കാണ്. പഷ്ട് പഷ്ട്.

നൊടിയിടയില്‍ നാരദന്‍ ഇന്ദ്രന്റെ അടുത്തെത്തി. എല്ലാംകൂടിങ്ങോട്ടാ വരുന്നത്. ഇനി എന്തു ചെയ്യും?

പണിയുണ്ട്. ഇന്ദ്രന്‍ പറഞ്ഞു. യുഗമേതായാലും മനുഷ്യരല്ലേ. അവരു വരുന്ന വഴിക്ക് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടന്‍ ഉണ്ടാക്കട്ടെ.

കാടും മേടും കടന്ന് അലഞ്ഞ് തിരിഞ്ഞ് വന്നവരുടെ മുന്‍പില്‍ അതാ മനോഹരമ്മയ ഒരു കൊട്ടാരം. വിനയാന്വിതരായ പരിചാരകന്മാര്‍ മുന്‍പേ വന്നവരേ എതിരേറ്റ് അകത്തേക്കാനയിച്ചു. ക്ഷീണിച്ചിരുന്നതുകൊണ്ട് ഒന്നും ആലോചിക്കാതെ എല്ലാവരും അകത്തു കടന്നു. തിന്നാനും കുടിക്കാനും അതിസ്വാദിഷ്ടമായ വിഭവങ്ങള്‍. എല്ലാവരും മൂക്കറ്റം അടിച്ചുകേറ്റി. കിടക്കാന്‍ ഹംസധൂളികാ ശയ്യ. എല്ലാവരും കുറേദിവസം അവിടെ താമസിച്ചു. ക്ഷീണമെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ മൂപ്പിലാന്മാര്‍ക്ക് വെളിവു വീണു.

രാമാ, കൃഷ്ണാ, ഗോപാലാ, പപ്പൂ, പരമൂ വരിനെടാ നമുക്കു പോകണ്ടേ.

എവിടെപ്പോകാനാ -അവര്‍ ചോദിച്ചു.

എടാ നമുക്കു സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ.

അപ്പം ഇതല്ലേ സ്വര്‍ഗ്ഗം. ഏതായാലും ഞങ്ങള്‍ക്കീസ്വര്‍ഗ്ഗം മതി. ഞങ്ങള്‍ വരുന്നില്ല. ഞങ്ങള്‍ ഇവിടെ താമസിച്ചോളാം.

എന്തെല്ലാം പറഞ്ഞിട്ടും ചെറുപ്പക്കാര്‍ ഒറ്റയെണ്ണം ഇനി മുന്നോട്ടില്ലെന്ന് കട്ടായം പറഞ്ഞു. വളരെ വിഷമിച്ച് മൂപ്പിലാന്മാര്‍ വീണ്ടും മുന്നോട്ട് നടന്നു. കുറേ ചെന്നപ്പോള്‍ ആയുധധാരികളായ ഒരുപറ്റം ദേവന്മാര്‍ അവരേ തടഞ്ഞു നിര്‍ത്തി.

ദേവന്മാര്‍:- നില്ല്-നില്ല് എവിടെ പോകുന്നു.
മൂപ്പിലന്മാര്‍:‌- ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കാണ്.
ദേവന്മാര്‍:- അല്ലേ ചരായഷാപ്പില്‍ നിന്നാണോ സ്വര്‍ഗ്ഗത്തില്‍. കോള്ളാമല്ലോ. ഇനി ഒരടി മുന്നോട്ടു വച്ചാല്‍--

മൂപ്പിലാന്മാര്‍ക്ക് അധൈര്യം. അത് അവരുടെ ആദ്യത്തേ അനുഭവമാണ്. അറിയാതെ കുറേ ദിവസം പഞ്ചനക്ഷത്രത്തില്‍ സുഖിച്ചതിന്റെ ഫലം. മദ്യവും മറ്റു സുഖസൌകര്യങ്ങളും മൂലം സുകൃതക്ഷയം. ആ പിള്ളരാണു ബുദ്ധിമാന്മാര്‍. നമുക്കും ഇനിയുള്ള കാലം അവിടെ കൂടാം. ശുഭം

അപ്പൂപ്പന്റെ കഥ പന്ത്രണ്ട്

0
മാവേലിക്കരയിൽ ഒളിച്ചിരുന്ന വീടിനേക്കുറിച്ച് പറഞ്ഞല്ലോ. കല്യേൽ ശൻകുപ്പിള്ളയുമൊത്ത്. വലിയച്ചന്റെ വലിയമ്മാവന്റെ മകനും, അനന്തരവളുടെ ഭർത്താവുമാണ് ശങ്കുപ്പിള്ള. നല്ലപോലെ വെള്ളമടിക്കും. അത് അളിയന്മാർക്ക് ഇഷ്ടമല്ല. പക്ഷേ അദ്ദേഹത്തിന്റടുത്ത് ഒരു പണിയും നടപ്പില്ല.

ഒരു ദിവസം അവരെല്ലാവരും കൂടി നാട്ടുകാരേയും കൂടി അദ്ദേഹത്തേ അധിക്ഷേപിക്കാൻ തീരുമാനിച്ചു. അതിന് പാട്ടകൊട്ടൽ എന്നൊരു പരിപാടിയാണ് അവർ അസൂത്രണം ചെയ്തത്. ഷാപ്പിൽനിന്നിറങ്ങുമ്പോൾ എല്ലാവരും കൂടി പാട്ടയും കൊട്ടി ബഹളമുണ്ടാക്കിക്കൊണ്ട് പുറകേ നടക്കും. സാധാരണ ആൾക്കാർ കയർക്കുകയും, കരയുകയും ഒക്കെ ചെയ്യും. പക്ഷെ ഇദ്ദേഹത്തിന്റെ പുറകേ പാട്ട കൊട്ടിക്കൊണ്ട് നടന്നവരാണ് നാണം കെട്ടത്.

വീടിനടുത്തെത്തിയപ്പോൾ അവർ കൊട്ടു നിർത്തി. അപ്പോൾ അദ്ദേഹം--അയ്യോടാ നിർത്തിയോ. ഞാനിവിടെ നില്ക്കാം നിനക്കൊക്കെ മതിയാകുന്നതുവരെ കൊട്ടിക്കോ--ഇതു കേട്ട് കൊട്ടുകാർ നണം കെട്ട് പിരിഞ്ഞു പോയി.

ഇതിനൊരു മധുരമായ പ്രതികാരം ചെയ്തകാര്യം പറയാനാണ്, ഈ കഥ പറഞ്ഞത്. പാട്ടകൊട്ടൽ നടന്നത് ഭാര്യവീട്ടിൽ താമസിക്കുമ്പോഴാണ്. അദ്ദേഹം സ്വന്തം വീട്ടിൽ--മാവേലിക്കരെ- -താമസിക്കുമ്പോൾ നടന്ന കാര്യമാണ് പറയുവാൻ പോകുന്നത്. അച്ഛന്‍ അവിടെ പോയി താമസിക്കാറുണ്ട്. വലിയമ്മാവന്റെ വീടല്ലേ. ഒരു ദിവസം പതിവുപോലെ ശങ്കുപ്പിള്ള വൈകിട്ടു കുളിക്കാൻ പോവുകയാണ്.

കുടിച്ചേ കുളിക്കൂ, കുളിച്ചേ ഉണ്ണൂ-ഇതാണ് പുള്ളിയുടെ രീതി. കുളിക്കാൻ പോയപ്പോൾ അച്ചനേയും വിളിച്ചു. അടുത്തുള്ള അച്ചൻകോവിലാറ്റിലാണ് കുളി. രണ്ടുപേരും കൂടി പോയി പുള്ളി ഒരു ഷാപ്പിൽ കയറി. അച്ഛനോട് വെളിയിൽ നിന്നുകൊള്ളാൻ പറഞ്ഞു. സൽസ്വഭാവിയല്ലേ.

ഇദ്ദേഹം അകത്തു ചെന്ന് കുടി കഴിഞ്ഞ് ഒരു കുപ്പി കള്ളുമായാണ് പുറത്തു വന്നത്. എനിട്ട് രണ്ടു പേരുംകൂടി നടപ്പാണ്. അവിടെ ഒരുപാട് ബന്ധുവീടുകളുണ്ട്. പോകുന്ന വഴിക്ക് അന്ന് എല്ലാ വീടുകളിലും കയറി. ഇടയ്ക്കുവച്ച് ഈ കുപ്പി ഒന്നു പിടിച്ചേ നാറാപിള്ളേ എന്നു പറഞ്ഞ് മുണ്ടുടുക്കാൻ ഭാവിച്ചു.

അച്ഛന്‍ കുപ്പി വാങ്ങി. അടുത്തൊരു വീട്ടിൽ കയറി. അച്ഛനേ പരിചയപ്പെടുത്തി.

ഇതെന്റെ അളിയനാണ്. പേര് നാറാപിള്ള. നല്ല സ്വഭാവം. ഈ കുടിയന്മാരേ ഒന്നും കണ്ണെടുത്താല്‍ കണ്ടു കൂടാ. ഇന്നാളിൽ എന്നേ പാട്ട കൊട്ടിയില്ലേ? അതിൽ പ്രധാനിയായിരുന്നു. ആദർശ്ശത്തിൽ പുള്ളിക്ക് ബന്ധുത്വമൊന്നും നോട്ടമില്ല എന്നൊക്കെ പറഞ്ഞ് അച്ഛനേ പുകഴ്തുകയാണ്.

കള്ളുകുപ്പി പിടിച്ചുകൊണ്ട് അച്ഛനും.

ഇങ്ങനെ കുറേ വീടുകളിൽ കയറി. അവർക്കെല്ലാം ഈ പാട്ടകൊട്ടിന്റെ കാര്യം അറിയാം. ഈ പുകഴ്തൽ പരിപാടി കുറേ കഴിഞ്ഞപ്പോഴാണ് അതിന്റെ ഒരു വൈരുദ്ധ്യാത്മകത അച്ഛന് തോന്നിയത്. പാട്ടകൊട്ടിന്റെ നേതാവിനേക്കൊണ്ട് കള്ളു കുപ്പി പിടിപ്പിച്ച് പുറകേ നടത്തിക്കുക. പക്ഷേ താമസിച്ചുപോയി മനസ്സിലാക്കാൻ.

ഇത് കുടുംബസദസ്സിൽ വച്ച് അച്ഛന്‍ തന്നെ പറഞ്ഞതാണ്. എന്തു രസം അല്ലേ.

അദ്ദേഹത്തിന്റെ ഭാര്യക്കും കള്ളുകുടി ഇഷ്ടമല്ല. പറഞ്ഞു പറഞ്ഞ് തൊറ്റപ്പോൾ ഒരു ദിവസം ഭാര്യ--അതായത് എന്റെ അപ്പച്ചി--പ്രഖ്യാപിച്ചു-ഇന്നു കുളിക്കാൻ ഞാനും വരുന്നു. കുടിക്കുന്നോന്ന് ഒന്നറിയണമല്ലോ.

കുളിക്കടവിലേക്കല്ലേ പൊക്ക്. അപ്പച്ചിയും കൂടെ ഇറങ്ങി. ഇദ്ദേഹം നേരേ ചെന്ന് ഒരു ഷാപ്പിൽ കയറി. ഷാപ്പുകാരനേ വിളിച്ചു പറഞ്ഞു. " ദേ ഇവൾ എന്റെ ഭാര്യയാണ്. ഷാപ്പിൽ കയറത്തില്ല. വല്യ തറവാട്ടുകാരിയാ. കിണറ്റുകര എന്നു കേട്ടിട്ടില്ലേ. അവിടുത്തേതാ. ഒരു ഗ്ളാസും പലകയും പുറത്തേക്ക് കൊടുത്തേരെ".

പാവം ഷാപ്പുകാരൻ ഒരു ഗ്ളാസ് കള്ളും ഒരു പലകയും കൊണ്ട് പുറത്തേക്കു വന്ന് അപ്പച്ചിക്കു നീട്ടി. അപ്പച്ചി തിരിഞ്ഞ് ഒരോട്ടം. ചെന്നു നിന്നത് വീട്ടിൽ. ഇതും അച്ഛന്‍ പറഞ്ഞതാണ്.

ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ ഋ

നാളത്തേ വിഷയം "ഭൂതദയ" ആണെന്നു പറയാൻ മണി പറഞ്ഞു. ക്ളാസിലേ കൂട്ടുകാരികളിലൊരാൾ പ്രഖ്യാപിച്ചു. ഞാൻ രവിലേ ക്ളാസിലേക്കു കയറിയതേയുള്ളൂ. എന്നേ നോക്കിയിരുന്നപോലെ. എന്തു ചെയ്യാനാ. ഞാൻ നിസ്സഹായനാണ്. എഴുതികൊടുക്കാതെ രക്ഷയില്ല. എന്തായാലും എഴുതിയെഴുതി ഞാൻ സ്കൂളിലേ മിക്ക് ക്ളാസിലേക്കുമുള്ള പ്രസംഗമെഴുത്തുകാരനായെന്നു പറഞ്ഞാൽ മതിയല്ലോ.

അതെഴുതിക്കൊടുത്തുകഴിഞ്ഞ് അടുത്ത ദിവസം രാവിലേ ക്ളാസിൽ വന്ന് അവൾ എന്നേ ഒരു നോട്ടം-ഉരുട്ടിപ്പിടിച്ച്. അവളു പറഞ്ഞപോലെ എന്നേക്കൊണ്ട് ചെയ്യിച്ചെന്നാണതിന്റെ അർത്ഥമെന്നു തോന്നി. പക്ഷേ എനിക്കു വിഷമം തോന്നിയില്ല. എന്തോ ഒരു രസം തോന്നുകയും ചെയ്തു. അവൾ ഒരക്ഷരം മിണ്ടാതെ അങ്ങു പോകുകയും ചെയ്തു.

ഇപ്പോൾ ഒരു പുതിയ ബന്ധത്തിന്റെ രൂപകല്പന. പിന്നീട് ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഒരു മന്ദഹാസം മാത്രം. ഞാൻ ആ കൊല്ലം സ്കൂളിൽ നിന്നു പോകുന്നതുവരെ, രാവിലേ ക്ളാസിന്റെ വാതില്ക്കൽ ഞാൻ നില്ക്കും--അവൾ വരുമ്പോൾ ഒന്നു മന്ദഹസിക്കും-തീർന്നു. അങ്ങിനെ ആ എപ്പിസോഡ് അവസാനിച്ചു. ഞാൻ കോളേജിൽ ചേർന്നു.

ഋ ഋ ഋ ഋ ഋ ഋ ഋ

ഉദ്ധവരേക്കുറിച്ച് നിങ്ങൾക്കറിയാമല്ലോ. നമ്മുടെ കൃഷ്ണന്റെ കൂട്ടുകാരൻ. ദേവകിയുടെ സഹോദരി കംസയുടെ ഇളയ മകൻ. പുള്ളിക്കൊരു പറ്റു പറ്റി.

കരവീരപുരമെന്നൊരു രാജ്യമുണ്ടായിരുന്നു. അവിടുത്തേ രാജാവാണ് പൌണ്ഡ്രക വാസുദേവൻ. വിഷ്ണു ചിഹ്നങ്ങളെല്ലാം അണിഞ്ഞ് സ്വയം ദൈവമായി കൃഷ്ണനേ വെല്ലുവിളിച്ച് അദ്ദേഹത്താൽ വധിക്കപ്പെട്ട ആൾ. അയാൾക്ക് സുന്ദരിയായ ഒരു അനന്തരവൾ ഉണ്ടായിരുന്നു. ശൈബ്യയെന്നാണ് പേര്. കൃഷ്ണന്റെ കൂടെ കരവീരപുരത്തു പോയ ഉദ്ധവർ ശൈബ്യയേകണ്ട് കുടുങ്ങിപ്പോയി. അന്വേഷിച്ചപ്പോൾ തന്റെ ഗുരുവരനും അവളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലായി. ഉദ്ധവന് "ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്" അങ്ങനെ മെലിഞ്ഞ് വരുന്നതു കണ്ട് കൃഷ്ണന് ഒരു സംശയം-ഇവനേ ആരോ പിടികൂടിയിട്ടുണ്ടല്ലോ. ആ ശൈബ്യ ആയിരിക്കും.

ഒരു ദിവസം രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞ്, കൃഷ്ണൻ ഉദ്ധവർ കിടക്കുന്നിടത്തു പോയി. ആള് ഉറങ്ങാതെ കിടക്കുകയാണ്. കൃഷ്ണനേക്കണ്ട് ഉരുണ്ടുപിരണ്ടെഴുനേറ്റു. കൃഷ്ണൻ ഉദ്ധവരേ കെട്ടിപ്പിടിച്ചു. കരുണയോടെ ചോദിച്ചു.

സ്നേഹിതാ നിനക്കെന്തുപറ്റി. നിനക്കെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു കുറേ ദിവസം കൊണ്ട് തോന്നുന്നു.

ഉദ്ധവർ പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീകൃഷ്ണറ്റെ മാറിൽ തലയതാഴ്ത്തി നിന്നു. കൃഷ്ണൻ ചോദിച്ചു--ശൈബ്യയാണോ? ഉദ്ധവർ ഗദ്ഗദത്തോടെ മൂളി.

നീ എങ്ങിനെയാണവളേ കാണുന്നത്-കൃഷ്ണൻ ചോദിച്ചു.
എനിക്കറിഞ്ഞു കൂടാ-ഉദ്ധവർ പറഞ്ഞു.
നീ ഒരു വഴിയോരതീയായിട്ടാണ് അവളെ കാണുന്നത്. കൃഷ്ണൻ പറഞ്ഞു.
ഉദ്ധവർ മേലോട്ടു നോക്കി കണ്ണു മിഴിച്ചു. അയാൾക്കൊന്നും മനസ്സിലായില്ല.
ക്ഷ്ണൻ പറഞ്ഞു സ്ത്രീകളേ കാണുമ്പോൾ നമുടെ മനസ്സ് വളരെ നിയന്ത്രിതമായിരിക്കണം. നീ ശൈബ്യയേ ഒരു വഴിയോരതീയായിട്ടാണു കാണുന്നത്. ആർക്കു വേണമെൻകിലും ചെന്ന് അതിന്റെ ചൂട് ആസ്വദിച്ചിട്ട് തന്റെ വഴിക്കു പോകാം. പ്രത്യേകിച്ചൊരു മമതയുടേയും ആവശ്യമില്ല. അതാണ് വഴിയോരതീ.

സ്ത്രീയേ ഹോമാഗ്നിയായി വേണം കണാൻ. മന്ത്രസഹിതം അഗ്നി ജ്വലിപ്പിച്ച് ദിവ്യമായ ഹവിസുകൾ അർപ്പിച്ച് പൂജിക്കുന്നതാണ് ഹോമാഗ്നി. സ്ത്രീക്കു ചുറ്റും ഹോമാഗ്നി ജ്വലിപ്പിച്ച് അവൾക്ക് ദിവ്യത്വം സങ്കല്പിക്കൂ. പിന്നെപ്രശ്നമില്ല. നീ അതു ചെയ്യൂ. നിന്റെ വിഷമങ്ങളെല്ലാം മാറും. ശൈബ്യയേ വിവാഹം ചെയ്ത് വംശം നിലനിർത്തണമെന്നൊന്നും നീ അലോചിച്ചില്ലല്ലോ. അതു വളറ്റെ തെറ്റാണ്. അവളേ വെറും വഴിയോരതീയായി കണ്ട് സ്വയം ബുദ്ധിമുട്ടിലായി.

ഇതൊന്നും അങ്ങ് ഇതുവരെ പറഞ്ഞു തന്നില്ലല്ലോ.
നീ ഈ പുലിവാലു പിടിക്കുമെന്ന് ഞാനറിഞ്ഞോ.
എന്തായാലും ഉദ്ധവർ അന്നു രാത്രി സുഖമായുറങ്ങി.

അ പന്ത്രൺറ്റുകാരിയുമായുള്ള ബന്ധത്തിന്റെ പൊരുൾ ഈ കഥ വായിച്ച്പ്പോൾ എനിക്കു പിടി കിട്ടി.

ഇതി സ്കൂൾ പർവ്വം സമാപ്തം.

പരോപകാരം

1
അപ്പൂപ്പോ ഇന്നെനിക്കൊരു പറ്റ് പറ്റി. അപ്പൂപ്പൻ ഈ പരോപകാരമെന്നും മറ്റും ഇനി മിണ്ടരുത്. ശ്യാമിന്റെ ഒർഡർ.
എന്താടാ എന്തു പറ്റി.
പറ്റിയതൊന്നും പറയണ്ടാ. എന്റെ ഒരു കൂട്ടുകാരൻ ആൻഡ്രൂസിനേ പറ്റി ഞാൻ പറഞ്ഞിരുന്നില്ലേ. അവൻ കഴിഞ്ഞയാഴ്ച ഫീസു കൊടുക്കാൻ കാശു തികഞ്ഞില്ലെന്ന് പറഞ്ഞ് അഞ്ഞൂറു രൂപ എന്നോടു വാങ്ങി. അവന്റെ പൈസാ അടുത്ത ആഴ്ചയേ വരുത്തുള്ളൂ എന്നും പറഞ്ഞു. ഞാൻ അമ്മയോടു പറഞ്ഞ് അതു കൊടുത്തു. ഇന്നു ഞാൻ ആ പൈസാ ചോദിച്ചു.
ഞാൻ:- എടാ ആ പൈസാ എന്തിയേ.
അവൻ:- എന്തു പൈസാ?
ഞാൻ:- നീ എന്നോടു വാങ്ങിയിയില്ലേ- ഫീസു കൊടുക്കാൻ.
അവൻ:- എന്തു ഫീസ്?
ഞാൻ:- എടാ തമാശു കള. ആ അഞ്ഞൂറു രൂപാ.
അവൻ:- അതു ശരി. അത് എന്നേ ചെലവായിപ്പോയി. പാവം അതു ഫീസിനാണെന്നു വിചാരിച്ചോ. എടാ മണ്ടാ വേറേ എന്തെല്ലാം ചെലവുണ്ട്-സ്മാൾ അടിക്കണം രണ്ട് വിശുദ്ധ പുക വിടണം. ഇതിനൊക്കെ കാശെവിടുന്നാ.

എന്റപ്പൂപ്പാ എനിക്കു ദേഷ്യം വന്നു. മരിയാദക്കു കാശു താടാ എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ എന്റെ കഴുത്തിനു പിടിച്ച് ഒരു തള്ള്. ഇനി മേലാൽ ആ കാശിന്റെ കാര്യം പറഞ്ഞാൽ എന്നും പറഞ്ഞ്.
അവന്റെ മുഖഭാവം കണ്ട് ഞാൻ പേടിച്ചു പോയി. ഞാൻ അമ്മയോടു പറഞ്ഞപ്പോൾ "പോട്ടെ മോനേ വഴക്കിനൊന്നും പോകണ്ടാ" എന്നു അമ്മയും പറഞ്ഞു. ഇതാണോ പരോപകാരഫലം.

മക്കളേ ഇതു കലിയുഗമാണ്. മുക്കാൽ ഭാഗവും അധർമ്മികളാണ്. സഹായം ചോദിച്ചു വരുന്നവരിൽ ഭൂരിഭാഗവും കളിപ്പീരുകാരാണ്. ശരിക്ക് അറിയാതെ കൊടുത്താൽ അടി മേടിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം. നിനക്കു കൊങ്ങയ്ക്കു പിടിയല്ലേ കിട്ടിയുള്ളൂ.

അപ്പൂപ്പാ ഒരു സംശയം. നമ്മൾ എന്തെൻകിലും സഹായം ചെയ്താൽ അതു കിട്ടുന്നയാൾക്ക് നമ്മളോട് ഒരു പ്രത്യേകത വേണ്ടേ.

അവിടെയാണു പ്രശ്നം. മോനേ പണ്ട് അപ്പൂപ്പൻ ബോംബേയിലായിരുനല്ലോ. അവിടെ നിന്നും ഒരിക്കൽ നാട്ടിൽ വന്നു. കൂട്ടുകാരും ഒക്കെയായി നടക്കാൻ പോയി. ഒരു ചായക്കടയിൽ കയറി നറച്ചു കാപ്പി കഴിച്ചു. പൈസാ ഞാൻ കൊടുത്തു. ബോംബേയുമായി തരതമ്മ്യപ്പെടുത്തുമ്പോൾ നിസ്സാര പൈസയേ ഉള്ളു. പിറ്റേ ദിവസം ഞാൻ അതിലേ പോകുമ്പോൾ ഒരു സംസാരം. നമ്മുടെ ആത്മാർത്ഥ സ്നേഹിതനാണ്--

ഇന്നലെ അവനേ--ആ ബോംബേക്കരനെ കറക്കിയടിച്ച് വൈകിട്ടത്തേകാപ്പി കുടിച്ചു--

എന്നേക്കുറിച്ചാണ് പറയുന്നത്--നമ്മടെ കൂട്ടുകാരനു കാപ്പി മേടിച്ചു കൊടുത്ത കഥ. പിന്നെ ഇതു വരെ ഒരാൾക്കും ഞാൻ പച്ചവെള്ളം മേടിച്ചു കൊടുത്തിട്ടില്ല. എനിക്കു മതിയായിപ്പോയി.

ഒരു കഥകൂടെപ്പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം. ഒരു ധനികൻ എവിടെയോ പോകുന്ന വഴിക്ക് ഒരാൾക്കൂട്ടം. ആവേശത്തോടെ അടുത്തു ചെന്ന് നോക്കി. ഒരാളെ അടിച്ചു താഴെയിട്ട് വീണ്ടും എല്ലാവരും കൂടെ അയാളെ മർദ്ദിക്കുകയാണ്.

ധനികനും അടുത്തു ചെന്ന് അയാളുടെ വകയായും കൊടുത്തു ഒരു ചവിട്ട്. താഴെ കിടന്നയാൾ അത്ഭുതത്തോടെ അയാളെ ഒന്നു നോക്കി-ബോധരഹിതനായി.

മാസം ഒന്നു കഴിഞ്ഞു. അടി കൊണ്ടയാൾ ആശുപത്രിയിൽനിന്നും തിരിച്ചെത്തി.

നമ്മുടെ ധനികൻ വീട്ടിൽ കാപ്പികുടിയും ഒക്കെ കഴിഞ്ഞ് വിശ്രമിക്കുകയാണ്.

അടികൊണ്ടയാൾ-നമുക്ക് അയാളേ പപ്പു എന്നു വിളിക്കാം--സാവധാനത്തിൽ ധനികന്റെ വീട്ടിലേക്ക് വന്നു. ധനികൻ അയാളേ ഒന്നു നോക്കി.

ധനികൻ:- ഉം. എന്തു വേണം.
പപ്പു:- വളരെ ഭവ്യതയോടെ തൊഴുതുകൊണ്ട്, വിനീതമായി--അടിയൻ അങ്ങെയ്ക്ക് എന്തുപകാരമാണ് ചെയ്യേണ്ടതെന്നറിയാൻ വന്നതാണ്. വളരെ ആലോചിച്ചു നോക്കിയിട്ടും അങ്ങെയ്ക്ക് ഒരുപകാരവും ചെയ്തതായി കാണുന്നില്ല. എന്നിട്ടും അങ്ങ് അന്നു തന്ന ആ ചവിട്ട്--ബാക്കിയുള്ളവർ എല്ലാവരും കൂടി ചെയ്തതിലും കലക്കനായിരുന്നു. ബാക്കിയുള്ളവരെല്ലാം പലപ്പോഴായി എന്നിൽ നിന്നും സഹായം സ്വീകരിച്ചിട്ടുള്ളവരാണ്. അങ്ങെയ്ക്ക് എന്താണ് വേണ്ടതെന്നു പറഞ്ഞാൽ--അയാൾ അർദ്ധോക്തിയിൽ വിരമിച്ചു.

ധനികൻ എന്തു പറഞ്ഞെന്ന് കഥാകാരൻ പറയുന്നില്ല.

ബുദ്ധിമാന്റെ ലക്ഷണം

1
മക്കളേ നമ്മടെ വേലാമ്പിള്ളയേ ഓര്‍ക്കുന്നില്ലേ? കഥകളി, പ്രഥമന്‍, വഞ്ചിപ്പാട്ട് . ങാ ഒണ്ടൊണ്ട്. ഇല്ല കൂത്തിന് അപ്പൂപ്പനേ കൊണ്ടുപോയ--

അതെ അതുതന്നെ. അദ്ദേഹം സ്കൂളില്‍ പഠിക്കുന്ന കാലം. എല്ലാം വളരെ വിശദമായി പഠിച്ച ശേഷം മാത്ര്മേ അദ്ദെഹം ഒരു ക്ലാസില്‍ നിന്നും അടുത്ത ക്ലാസിലേക്ക് കയറ്റം വാങ്ങിക്കൂ. അങ്ങിനെ അദ്ദേഹത്തിന് തന്നേക്കാള്‍ പ്രായം കുറഞ്ഞവരുമായി പഠിക്കാനുള്ള ഭാഗ്യവും ലഭിച്ചു.

അന്നത്തേ പണ്ഡിതനായ മലയാളം മുന്‍ഷി വേലാമ്പിള്ളയുടെ നാട്ടുകാരനാണ്. യോഗാഭ്യാസവും, വിഷവൈദ്യവും മറ്റും ഉള്ള അദ്ദേഹം പ്രശസ്തനായ കവിയും കൂടിയാണ്. ഒരു ദിവസം ക്ലാസ്സില്‍ വച്ച് അദ്ദേഹം ചോദിച്ചു--ബുദ്ധിമാന്മാരുടെ ലക്ഷണം എന്താണ്--വേലാമ്പിള്ള പറയൂ.

വേലാമ്പിള്ള എഴുനേറ്റു. സാറിനേ സൂക്ഷിച്ചു നോക്കി. എന്നിട്ടു പറഞ്ഞു പിടലിക്കു മുഴകാണും. സാറു ഞെട്ടി. പിള്ളാരു ചിരിച്ചു. ഒരുകാര്യം വിട്ടുപോയി-പറയാന്‍ --ഈ സാറിന്റെ പിടലിക്ക് ഒരു മുഴയുണ്ട്--യോഗാസനം ചെയ്തു ചെയ്തുണ്ടായതാണെന്നാണ് ഞങ്ങളോക്കെ കരുതിയിരുന്നത്.

എന്താടോ പറഞ്ഞത്-സാര്‍ ഗര്‍ജ്ജിച്ചു.

ഒരു ഭാവഭേദവും കൂടാതെ വേലാമ്പിള്ള പറഞ്ഞു--അങ്ങയുടെ അച്ഛന്‍ വളരെ ബുദ്ധിമാനായിരുന്നെന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് പിടലിക്കു മുഴയുണ്ടായിരുന്നു. അങ്ങും ബുദ്ധിമാനാണ്. അപ്പോള്‍ ഞാന്‍ വിചാരിച്ചു---

ഇരിക്കടോ- ശുംഭന്‍ - സാര്‍ ആ പ്രശ്നം അവസാനിപ്പിച്ചു.

ശരിക്കും ബുദ്ധിമാന്റെ ലക്ഷണം എന്താണപ്പൂപ്പാ--ആതിരയ്ക്ക് സംശയം.

കൊഴഞ്ഞല്ലൊ മോളേ. ഒരു ചെറിയ കഥ പറയാം. അതിബുദ്ധിമാനെന്ന് സ്വയം അഭിമാനിക്കുന്ന ഒരാളായിരുന്നു ജോഗീന്ദര്‍ സിങ്ങ്. ആറര അടി പൊക്കം, ഇരുനൂറു കിലോ തൂക്കം ഗംഭീരമായ ഭാവം എല്ലാം തികഞ്ഞ ഒരാള്‍. ഒരു ദിവസം അദ്ദേഹം ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി ഒരു വലിയ മീന്‍ ഓര്‍ഡര്‍ ചെയ്തു. അദ്ദേഹത്തിന്റെ എതിരേ ഒരു മെലിഞ്ഞ ആള്‍ വന്നിരുന്നു. ലേശം താടിയുണ്ട്. തുളച്ചു കയറുന്ന കണ്ണുകള്‍. അയാള്‍ ഒരു ചെറിയ മീന്‍ ഓര്‍ഡര്‍ ചെയ്തു. എന്നിട്ട് ജോഗീന്ദര്‍ സിങ്ങിനേ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.

വലിയ മീനും ചെറിയ മീനും വന്നു. ജോഗീന്ദര്‍ സിങ്ങ് അത്ഭുതത്തോടെ ആ ചെറിയ മീനേ നോക്കി.

ജോഗീന്ദര്‍:- നിങ്ങളെന്താ ഇത്ര ചെറിയ മീന്‍ കഴിക്കുന്നത്?
മറ്റേആള്‍:- ഇതു കഴിച്ചാല്‍ ബുദ്ധി കൂടും.
ജോഗീന്ദര്‍:- അസംബന്ധം. ഇത്ര ചറിയ മീന്‍ കഴിച്ചാല്‍ ബുദ്ധി കൂടും പോലും.
മറ്റേആള്‍:- നിങ്ങള്‍ വലിയമീന്‍ കഴിക്കുന്നതുകൊണ്ടാണ് ബുദ്ധി ഇല്ലാതായിപ്പോയത്.
ജോഗീന്ദര്‍:- (ക്രുദ്ധനായി) എന്താ പറഞ്ഞത്. എനിക്കു ബുദ്ധി ഇല്ലെന്നോ.
മാറ്റേആള്‍:- ശാന്തനാകൂ സഹോദരാ. അങ്ങയുടെ ഈ ബൃഹത്തായ ശരീരത്തില്‍ ഷുഗര്‍, പ്രഷര്‍, കൊളസ്റ്റ്രോള്‍ ഇവയെല്ലാമുണ്ട്. ഈ മീനും കൂടി തിന്നാല്‍ ഹാര്‍ട്ടറ്റാക്ക് വരാന്‍ സാദ്ധ്യതയുണ്ട്. അതു മനസ്സിലാകാത്തത് ചെറിയ മീന്‍ കഴിക്കാത്തതുകൊണ്ടാണ്.

ജോഗീന്ദര്‍ ഒന്നു ഞെട്ടി. ശരിയാണൊ ഈ പറയുന്നത്. ഇന്നലെ ഒരു തലകറക്കം വന്നതാണ്. അയാള്‍ ആകെ കണ്‍ഫ്യൂഷനിലായി.

ഇതു മനസ്സിലാക്കിയ മറ്റേയാള്‍ തന്റെ മുന്നിലിരുന്ന ചെറിയ മീന്‍ ജോഗീന്ദറിന്റെ മുന്നിലേക്കു നീക്കി വച്ചു. ഇതു കഴിക്കൂ-അയാള്‍ പറഞ്ഞു എന്നിട്ട് ജോഗീന്ദര്‍ മിഴിച്ചിരുന്നപ്പോള്‍ ആ വലിയ മീന്‍ എടുത്ത് വേഗത്തില്‍ കഴിച്ചു തുടങ്ങി.

ജോഗീന്ദര്‍ സ്പൂണെടുത്ത് ചെറിയമീനിന്റെ ഒരു കൊച്ചു കഷണം അടര്‍ത്തിവായിലിട്ടു. എന്നിട്ട് വളരെ വേഗം വലിയ മീന്‍ കഴിക്കുന്നയാളെ നോക്കിക്കൊണ്ട് ആലോചനാ മഗ്നനായിരുന്നു.

എനിക്കൊരു സംശയം--ജോഗീന്ദര്‍ പറഞ്ഞു.
പറഞ്ഞോളൂ--മറ്റേയാള്‍ മീനിന്റെ അവസാന കഷണം വായിലിടുന്നതിനിടയില്‍ പറഞ്ഞു.
താനെന്നേ പറ്റിക്കുകയായിരുന്നോ-ഈ വലിയ മീന്‍ തിന്നാന്‍ വേണ്ടി--ജോഗീന്ദര്‍ സംശയത്തോടെ ചോദിച്ചു.

കണ്ടോ-കണ്ടോ മറ്റേയാള്‍ ഉത്സാഹത്തോടെ പറഞ്ഞു. ഒരു ചെറിയ കഷണം തിന്നപ്പോഴേക്കും ബുദ്ധിവച്ചു തുടങ്ങി. ഇതാ ഞാന്‍ പറഞ്ഞത്--അയാള്‍ ചെറിയ മീനിന്റെ കാശും കൊടുത്ത് വേഗം സ്ഥലവിട്ടു.

അപ്പൂപ്പന്റെ കഥ പതിനൊന്ന്

1
ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല--അച്ഛന്റെ പരാതി. ആശാനോടാണ്. എന്തൊരു കൊതുകാ. കടിച്ചാലും തരക്കേടില്ല. പാട്ടാ സഹിക്കാന്‍ വയ്യാത്തത്.

അതേ സാറേ കൊതുകു നാലുതരത്തിലുണ്ട്. ചേന ച്ചൊറിച്ചി; ചെഞ്ചോരവാലി; സംഗീതക്കോത; എടങ്കോട്ടു ചക്കി. ഇതില്‍ ആദ്യത്തെതു വന്നു ദേഹത്തിരുന്നാല്‍ ഭയങ്കര ചൊറിച്ചിലാണ്. അമ്മള്‍ അടിച്ചാല്‍ കൈ നിറയെ ചോര ആകത്തില്ലിയോ- അതാണ് ചെഞ്ചോരവാലി. സാറു പറഞ്ഞ പാട്ടു കാരില്ലിയോ -അതാണ് സംഗീതക്കോത. ചിലതുവന്നു ദേഹത്തിരുന്നാല്‍ നമുക്കു ഭയങ്കര അസഹ്യത തോന്നും-അത് ഇടങ്കോട്ടു ചക്കി.

ആശാനിതൊക്കെ എവിടുന്നു കിട്ടി-അച്ഛന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

കൊതുകു ഗവേഷണക്കാരുടെ ഒരു പുസ്തകത്തീന്നു കിട്ടിയതാ.
@@@@@@@@@@@@@@@@@

വെള്ളിയാഴ്ചയായി. സാഹിഹ്യ സമാജത്തിനു പ്രസംഗമെഴുതിക്കൊടുക്കേണ്ട ദിവസമാണ്. ദേശഭക്തിയേക്കുറിച്ച്--ജനനീ ജന്മ ഭൂമിശ്ച-സ്വര്‍ഗ്ഗാദപി ഗരീയസി--എന്നും മറ്റും പറഞ്ഞ് ഒരെണ്ണം കാച്ചി. അതു മേടിക്കാന്‍ വന്ന കൂട്ടത്തിലുമുണ്ട് മണി. ഇപ്പോള്‍ പൊട്ടിച്ചിരി ഇല്ല. വന്നാല്‍ എന്നേ അങ്ങിനെ നോക്കി നില്‍ക്കും. എനിക്കാണെങ്കില്‍ വര്‍ത്തമാനം പറയണമെങ്കില്‍ വേറേ വല്ലയിടത്തും നോക്കണം. ഞാന്‍ പ്രസംഗമെടുത്തു ദേവകിയമ്മക്കു കൊടുത്തു. എന്നിട്ടു പറഞ്ഞു. ഇനി പരിപാടിയും കൊണ്ട് എന്റടുത്തു വരരുത്.

ഉടനേ മണി ചാടി മുമ്പില്‍ വന്ന്--എന്താ വന്നാല്‍--അടുത്തയാഴ്ച ഞാന്‍ പറയാന്‍ തീരുമാനിച്ചിരിക്കുവാ-പറഞ്ഞേക്കാം. ഞാനങ്ങോട്ടു നോക്കി മിഴുങ്ങസ്യാ എന്നു നിന്നു പോയി. അവരവരുടെ പാട്ടിനു പോകയും ചെയ്തു.

ഇവള്‍ക്കെന്താ എന്റെ മേല്‍ ഇത്ര അവകാശം. എനിക്കു മനസ്സില്ല. ഞാന്‍ സ്വയം പറഞ്ഞു. പക്ഷേ എനിക്കറിയാമായിരുന്നു ഞാനെഴുതിക്കൊടുക്കുമെന്ന്.
@@@@@@@@@@@@@@@

ഞാന്‍ മുമ്പ് എന്റെ വലിയച്ഛനേക്കുറിച്ചുപറഞ്ഞിട്ടുണ്ട്. അമ്മയുടെ അച്ഛനാണ് . അമ്മയുടെ കുഞ്ഞമ്മയുടെ മക്കള്‍-എന്റെ അമ്മാവന്മാര്‍ വലിയച്ഛന്‍ എന്നു വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെയാണ് വിളിക്കുന്നത്. അമ്മാവന്മാരും ഞാനും കിഴക്കേതിലും പടിഞ്ഞാറെതിലും ആണ് താമസിക്കുന്നത്. പത്തുനൂറു കൊല്ലം മുമ്പുള്ള കാര്യമാണ്. അന്ന് കിണറ്റുകര രാമന്‍ പിള്ള, കിണറ്റുകര ഗോവിന്ദപ്പിള്ള എന്ന് രണ്ടു മഹാരഥന്മാര്‍ നാട്ടില്‍ ഉണ്ടായിരുന്നു. രാജഭരണമാണ്. ഫ്യൂഡലിസവും. ഇവര്‍ രണ്ടുപേരും ചേട്ടനനിയന്മാരാണ്. അറ്റില്‍ കിണറ്റുകര രാമന്‍പിള്ളയാണ് എന്റെ വലിയച്ഛന്‍.

ഏതാണ്ട് ആറടി ഉയരവും അതിനു തക്ക വണ്ണവുമുള്ള ഒരതികായനാണ് വലിയച്ഛന്‍ . അന്ന് ഇവിടെങ്ങും സ്കൂളുകളില്ല. അതുകൊണ്ട് കോട്ടയത്താണ് പഠിത്തം. തിങ്കളാഴ്ച രാവിലേ വള്ളത്തില്‍ കൊണ്ടുപോയി കോട്ടയത്തു വിടും- വെള്ളിയാഴ്ച വൈകിട്ട് വള്ളത്തില്‍ തന്നെ തിരിച്ചും കൊണ്ടു വരും. അന്ന് വണ്ടിയൊന്നു മില്ല--കാളവണ്ടിയല്ലാതെ. അവിടെ ഫോര്‍ത്തു ഫോമില്‍--ഇന്നത്തേ ഒന്‍പതാം ക്ലാസ്--പഠിക്കുമ്പോഴാണ് സംഭവം.

വലിയച്ഛന്‍ വലിയ ഫുട്ബാള്‍ കളിക്കാരനാണ്. ഗുസ്തിയാണ് മറ്റൊരു വിനോദം. അന്നു സായിപ്പന്മാരാണല്ലോ ഭരണം. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകന്‍ ഒരു സായിപ്പാണ്. ഫുട്ബാള്‍ കളിക്കുമ്പോള്‍ സായിപ്പിനൊരു രസം. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ബൂട്ടിട്ട കാലുകൊണ്ട് കളിക്കാരുടെ പിന്നില്‍ കൂടി ചെന്ന് കാല്‍ത്തളവിന് അടിക്കുക. കാലു മടക്കാത്തവന്‍ മിടുക്കന്‍. സാഇപ്പങ്ങനെ രസിച്ചടിച്ചുകൊണ്ടിരിക്കുകയാണ് വലിയച്ഛന്റെ കാലിലടിച്ചിട്ട് മടക്കിയില്ല. സായിപ്പ് ഒരടികൂടി അടിച്ചു. വലിയച്ഛന്‍ തിരിഞ്ഞ് സായിപ്പിന്റെ കരണക്കുറ്റിക്കിട്ട് ഒരു വീക്കും. സായിപ്പ് മറിഞ്ഞു വീണു. ആള്‍ക്കാര്‍ ഓടിക്കൂടി വലിയച്ഛനേ പിടിച്ചു. സായിപ്പു പറഞ്ഞു--സാരമില്ല--രാമന്‍പില്ലെ-പോലീസില്‍ നല്ല ജോലിതരാം-എന്റെ കൂടെ പോരൂ.

ഇത് വീട്ടിലറിഞ്ഞു. അന്ന് ജോലിക്കു പോകുന്നതു കുറച്ചിലാണ്. പഠിത്തവും നിര്‍ത്തി വലിയച്ഛനേ തിരിച്ചു കൊണ്ടു പോന്നു.

പിന്നെ നാട്ടു ഭരണമാണ്. ഗുസ്തി പിടുത്തവും വൈദ്യം പഠിത്തവും. ഗുരുകുല വിദ്യാഭ്യാസമാണ്. കരുവാറ്റാ കേശവക്കുറുപ്പു വൈദ്യന്‍ എന്നൊരു പ്രസിദ്ധനായ വൈദ്യനുണ്ടായിരുന്നു. അദ്ദേഹത്തേ ഗുരുവായി വരിച്ചാണ് പഠിത്തം. അങ്ങിനെ നാട്ടിലേ അറിയപ്പെടുന്ന വൈദ്യനായിതീര്‍ന്നു.

അതിനു മുമ്പുള്ള ലീലാവിലാസങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. നാട്ടിലുള്ള ഏതു കുസൃതിത്തരങ്ങളും കൊച്ചുരാമന്‍ --അന്നങ്ങനെയാണ് വലിയച്ഛന്‍ അറിയപ്പെടുന്നത്--അറിയാതെ നടക്കില്ല. കോമിലേഴത്ത് എന്നൊരു വലിയ വീടുണ്ട്. അവിടുത്തേ മൂപ്പീന്ന് കുതിരപ്പുറത്താണ് സഞ്ചരിക്കുന്നത്. അന്ന് വടീം കാറും ഒന്നുമില്ലല്ലോ. അദ്ദേഹം ഒരു ദിവസം വീട്ടില്‍ വന്ന് കുതിരയേ ഒരു മരത്തില്‍ കെട്ടിയിട്ട് വലിയമ്മാവനുമായി എന്തോ ഗൌരവമായ കാര്യം ചര്‍ച്ച ചെയ്യുകയാണ്. അന്ന് മരുമക്കത്തായമാണ്. വലിയമ്മാവനാണ് കാരണവര്‍. ചര്‍ച്ചയെല്ലാം കഴിഞ്ഞ് മൂപ്പീന്ന് പോകാന്‍ ഇറങ്ങിയപ്പോള്‍ കുതിരയില്ല. കുതിരയേ അന്വേഷിച്ച് ആള്‍ക്കാര്‍ നാലുപാടും ഓട്ടം തുടങ്ങി. അപ്പോള്‍ വലിയമ്മാവന്‍ ചോദിച്ചു-കൊച്ചുരാമനെവ്വിടെ. കൊച്ചുരാമനേയും കാണാനില്ല. സമയം കുറേ കാഴിഞ്ഞു. അതാ കോമിലേഴത്തുനിന്ന് ആള്‍ക്കാര്‍! കുതിര അവിടെത്തി-മൂപ്പീന്നില്ല. അവര്‍ വെപ്രാളപ്പെട്ട് ഓടിയെത്തിയതാണ്. മൂന്നു ദിവസം കഴിഞ്ഞാണ് പിന്നെ കൊച്ചുരാമനേ കാണുന്നത്. മാവേലിക്കരെയുള്ള അമ്മാവന്റെ വീടില്‍ തട്ടിന്‍പുറത്ത് ഒളിച്ചിരിക്കുകയായിരുന്നു. അമ്മാവന്റെ മകന്‍ ശങ്കുപ്പിള്ളയാണ് സഹായി.

കുതിരയേ കെട്ടിയിരുന്നിടത്തുവന്ന് അതിനേ കെട്ടിയിര്യ്ന്ന മരത്തില്‍ കയറി കുതിരപ്പുറത്തിരുന്ന് കുതിരയേ അഴിച്ചുവിട്ടു. അഴിച്ചപാടേ കുതിര ഒറ്റ് പാച്ചില്‍. കുതിരപ്പുറത്തു കമിഴ്ന്നുകിടന്ന് അതിന്റെ കുഞ്ചിരോമത്തില്‍ മുറുകെപിടിച്ച് മൂനു മൈലോളം ദൂരത്ത്- കരിപ്പുഴെ- ചെന്നപ്പോള്‍. കരിപ്പുഴെ തോട്ടിലോട്ടു ചടുകയോ, കുതിര തെള്ളിയിടുകയോ ചെയ്തു. അവിടെ നിന്നുമാണ് മാവേലിക്കരെ അമ്മവന്റെ വീട്ടില്‍ ഒളിച്ചിരുന്നത്. ഇങ്ങനെ പറയാനാണെങ്കില്‍ ഒത്തിരി കാര്യങ്ങളുണ്ട്. ഒന്നു രണ്ടു കാര്യങ്ങല്‍കൂടി പറയാം.

ഗുസ്തി പിടുത്തം ഉണ്ടെന്നു പറഞ്ഞല്ലോ. പലരുമായി ഗുസ്തി പിടിക്കുകയും ജയിക്കുകയും ഒക്കെ ചെയ്തുക്ഴിഞ്ഞപ്പോള്‍ അമ്പീല്‍ കൃഷ്ണപിള്ളയോടൊന്നു പിടിച്ചാല്‍ കൊള്ളമെന്നു തോന്നി.

അതാരാ അപ്പൂപ്പാ അമ്പീല്‍ കൃഷ്ണപിള്ള -രാംകുട്ടന്‍ ചോദിച്ചു.

ഹരിപ്പാട്ട് കായികാഭ്യാസികളുടെ പ്രസിദ്ധമായ ഒരു കുടുംബമാണ് അമ്പീല്‍. ഹരിപ്പാട്ടമ്പലത്തിലെ ഉത്സവത്തിന് ഞാണിന്മേല്‍ കളി എന്നൊരു പരിപാടി ഉണ്ടായിരുന്നു. വലിയ ഒരു തൂണു കുഴിച്ചിട്ട് അതില്‍ ചരട് വലിച്ചുകെട്ടി അതിലുള്ള അഭ്യാസങ്ങളാണ്. കണ്ടു നില്‍ക്കുന്നവര്‍ മോഹാലസ്യപ്പെട്ടു പോകുന്ന പരിപാടികള്‍. അതിന്റെ അന്നത്തേ ആശാനാണ് അമ്പീല്‍ കൃഷ്ണപിള്ള. വലിയച്ഛന്റെ സമപ്രായക്കരനും, കൂട്ടുകാരനുമായിരുന്നു.

വലിയച്ഛന്റെ മോഹം കൃഷ്ണപിള്ളക്കു മനസ്സിലായി. പറഞ്ഞുപോയെങ്കില്‍ ചെയ്യാതിരിക്കുന്നത് മോശമാണ്. ഒരു ദിവസം ഇവര്‍ രണ്ടുപേരും കൂടി നടക്കുമ്പോള്‍ കൃഷ്ണപിള്ള പറഞ്ഞു--രാമന്‍പിള്ള വന്നേ, ഒരു വിദ്യ കാണിക്കാം

ഹരിപ്പാട്ട് പടിഞ്ഞാറു നടയിലേ മൂപ്പന്റെ പലചരക്കുകടയാണ് അന്നത്തെ പ്രധാന വാണിജ്യ സ്ഥാപനം. കൃഷ്ണപിള്ള ആകടയില്‍ കയറി. ഒരു മൂലയ്ക്ക് അരിച്ചാക്ക് അടുക്കി വച്ചിരിക്കുന്നു. കൃഷ്ണപിള്ള അതിന്റെ അടുത്ത ചെന്ന് കുത്തിയിരിക്കുന്നു. ഒരു ചാക്കിന്റെ രണ്ടു മൂലയ്ക്കുരണ്ടുകൈയ്യും നിവര്‍ത്തി പിടിക്കുന്നു. കൃഷ്ണപിള്ള താ എഴുനേല്‍ക്കുന്നു. ചാക്കുകള്‍ ഒന്നിച്ചു കൃഷ്ണപിള്ളയോടൊപ്പം പോങ്ങുന്നു. കൃഷ്ണപിള്ള് വീണ്ടും ഇരിക്കുന്നു. ചാക്ക് സാവധാനത്തില്‍ താഴത്തുവച്ച് വലിയച്ഛന്റെ തോളില്‍ കൈവച്ച് കടയില്‍ നിന്ന് ഇറങ്ങി നടക്കുന്നു

പിന്നെ കൈനൂര്‍ത്തുവച്ച് അരിച്ചാക്കിന്റെ അട്ടി കുറേ പൊക്കും--ശ്യാമിന് വിശ്വാസം വരുന്നില്ല.

എടാ ഇതു വലിയമ്മ പറഞ്ഞതാണ്. ഒരു കഥ പറയുമ്പോള്‍ അതിനൊരു രസം വേണ്ടേ. ചുമ്മാ അങ്ങു പറഞ്ഞാല്‍ മതിയോ? ഒരാള്‍ മൂന്നു കാക്കയേ ഛര്‍ദ്ദിച്ചത് അറിയാന്‍ വയ്യായോ?

മൂന്നു ക്കാക്കയേ ഛര്‍ദ്ദിച്ചോ-എവിടെ-ആതിര അമ്പരപ്പോടെ ചോദിച്ചു.

അതേ മോളേ. മൊത്തക്കച്ചവടക്കാരന്‍ കുമാരറഡ്ഡി തന്റെ ഓമന കുടവയറുംതടവി ചാരുകസേരയില്‍ ഇരിക്കുമ്പോഴാണ് സംഭ്രമജനകമായ വാര്‍ത്തയുമായി മാരിമുത്തു ഓടി വരുന്നത്.

അറിഞ്ഞില്ലേ- മാരിമുത്തു അണച്ചുകൊണ്ടു പറഞ്ഞു, എരുമക്കുഴിയിലേ കല്യാണിഅമ്മ മൂനു കാക്കയേ ഛര്‍ദ്ദിച്ചു.

കുമാരറഡ്ഡി ഞെട്ടി. നിവര്‍ന്നിരുന്നുകൊണ്ട്ചോദിച്ചു. നീ കണ്ടൊ.

ഞാന്‍ കണ്ടില്ല. പക്ഷേ നേരിട്ടുകണ്ട പരമന്‍ പറഞ്ഞതാ‍. ആള്‍ക്കാരെല്ലാം കൂടെ അങ്ങോട്ട് ഓടുന്നു പോലും.

നീ പരമനേ വിളിച്ചേ-റഡ്ഡി പറഞ്ഞു.

പരമന്‍ വന്നു. നീ ഇന്ന് എരുമക്കുഴിയില്‍ പോയിരുന്നോ? റഡ്ഡി ചോദിച്ചു.

ഇല്ല. പരമന്‍ പറഞ്ഞു.

പിന്നെ കല്യാണിഅമ്മ മൂന്നു കാക്കയേ ഛര്‍ദ്ദിച്ചതു നീ കണ്ടെന്നു മാരിമുത്തു പറഞ്ഞല്ലോ.

മൂന്നു കാക്കയേ ഛര്‍ദിച്ചില്ല. രണ്ടണ്ണമേ ഉള്ളായിരുന്നു. നമ്മടെ കറവക്കാരന്‍ ഗോപി അവിടെ കറക്കാന്‍ ചെന്നപ്പോള്‍ കണ്ടതാ. അവനാ എന്നൊടു പറഞ്ഞത്. പരമന്‍ പറഞ്ഞു.

ദേ ഗോപി വരുന്നു. മാരിമുത്തു വിളിച്ചുപറഞ്ഞു.

റഡ്ഡി ഗോപിയേ വിളിച്ചു. എടോ എരുമക്കുഴിയിലേ കല്യാണിയമ്മ രണ്ടു കാക്കയെ ഛര്‍ദിച്ചതു താന്‍ കണ്ടോ? റഡ്ഡിചോദിച്ചു.

കാക്കയേ ഛര്‍ദിച്ചെന്നോ. ഇതെന്തൊരു വിവരക്കേടാ പറയുന്നത്. അവര്‍ക്ക് ചര്‍ദി ഉണ്ടായിരുന്നു. അതിനു ലേശം കറുപ്പു നിറവും. അതാ ഞാന്‍ പരമനോടു പറഞ്ഞത്.

മനസ്സിലായോ മക്കളേ.
ചൊല്ലുള്ളതില്‍ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം
തെല്ലതിന്‍ സ്പര്‍ശമില്ലാതെ ഇല്ലലങ്കാ‍രമൊന്നുമേ. കല്യാണിയമ്മ ഛര്‍ദിച്ചതിനു കറുപ്പു നിറമായിരുന്നെന്നു പറഞ്ഞാല്‍ എന്താരസം?

അതുപൊലെ കൃഷ്ണപിള്ള ഒരരി ചാക്ക് പൊക്കി കാണും. ഏതായാലും കൃഷ്ണപിള്ളയോടു ഗുസ്തി പിടിക്കണമെന്നുള്ള പൂതി പോയെന്നാ വലിയച്ഛന്‍ പറഞ്ഞത്. കൈയ്യിലെങ്ങാനും പെട്ടുപോയാല്‍----

അന്നു രാജഭരണ കാലമാണല്ലോ. കൊട്ടരങ്ങ്ലുടെ മുമ്പികൂടെ ആളുകള്‍ പഞ്ചപുഛമടക്കി പൊക്കോളണമെന്നണു വയ്പ്. കൊല്ലിനുംകൊലയ്ക്കും അധികാരമുള്ളവരാണ് അകത്ത്. ഒരു ദിവസം വലിയച്ഛന്‍ കൊട്ടരത്തിന്റെ മുന്‍പില്‍കൂടി പോവുകയാണ്. വിഷവൈദ്യം പഠിക്കാന്‍ . തലയിലൊരു കെട്ടുണ്ട്. കൊട്ടാരത്തിനുള്ളില്‍ നിന്നൊരു ഗര്‍ജ്ജനം--ആരാടാ അത്? എടുക്കെടാ തലേക്കെട്ട്.

ഇതു തന്നൊടല്ലെന്നുള്ളഭാവത്തില്‍ വലിയച്ഛന്‍ നടന്നു. “ പിടിയെടാ അവനേഅടുത്ത ആജ്ഞ. ഒരു സേവകന്‍ വലിയച്ഛന്റെ പുറകേ ഓടി. വാലിയച്ഛന്‍ ഒന്നു തിരിഞ്ഞു നോക്കി. പുറകേ ഓടിയ ആള്‍ പെട്ടെന്ന് നിന്നു. സാവധാനത്തില്‍ തിരിച്ചുപോയി.

എവിടെടാ അവന്‍? അകത്തുനിന്നും ഗര്‍ജ്ജനം. അതു കിണറ്റുകര രാമന്‍ പിള്ളയാ. സേവകന്റെ ഉത്തരം.

ങാ. പോട്ടെ