വിവരം

അപ്പൂപ്പാ ഇന്നലെ ഒരുത്തന്‍ പറയുവാ എനിക്കു വിവരമില്ലെന്ന്. ഉണ്ണിയാണ് പരാതിക്കാരന്‍ .

അതിനെന്താ ഇത്ര സംശയം. നിനക്ക് കണക്കിനു എഴുപത് മാര്‍ക്കല്ലേ കിട്ടിയുള്ളൂ. ശ്യാമിന്റെ കമന്റ്.

അപ്പം മാര്‍ക്കു കിട്ടുന്നതാണോ അപ്പൂപ്പാ വിവരം. കിട്ടുവാണ്.

മക്കളേ വിവരം എന്നു പറഞ്ഞാല്‍ പല അര്‍ഥമുണ്ട്. അവിടെ എന്തൊക്കെയുണ്ട് വിവരം, എന്നു ചോദിച്ചാല്‍ വിശേഷം എന്നാണ് അര്‍ഥം.

പിന്നെ നമ്മുടെ കണ്ണാടിഅച്ചന്‍ പറഞ്ഞപോലെ പര്‍ടിക്കുലേഴ്സ്. പുള്ളി ഒരു കടയിലേ ബില്ലു കൊണ്ടുവന്നിട്ട് അതില്‍ പര്‍ടിക്കുകേഴ്സ് എന്ന് എഴുതിയ കോളം കാണിച്ചിട്ട് “ എടൊ ഇതിന്റെ മലയാളം എന്താണെന്നൊന്നു പറഞ്ഞു തരാമോ “എന്നു ചോദിച്ചു. ഞാന്‍ വിവരം എന്നു പറഞ്ഞു. അദ്ദേഹം പറയുകയാണ് -അപ്പോള്‍ തനിക്കു പര്‍ടിക്കുലേഴ്സ് ഇല്ലെന്നു പറഞ്ഞാല്‍ മതിയോ--എന്ന്.

അത് പോട്ടെ. വിവരം എന്നു പറഞ്ഞാല്‍ ഇവിടെ അര്‍ഥം അറിവെന്നാണ്. ശരിക്കും പൂര്‍ണ്ണമായ അറിവ്. അത് ആര്‍ക്കും ഇല്ല. അതുകൊണ്ട് നീ ഒട്ടും വിഷമിക്കണ്ടാ ഉണ്ണീ. ക്കണക്കിന് ശ്യാം നൂറു മാര്‍ക്കു മേടിച്ചെങ്കില്‍ അതിനര്‍ഥം അവനു കണക്കില്‍ കുറച്ച് അറിവുണ്ടെന്നാണ്. യഥാര്‍ത്ഥ വിവരം ഉണ്ടാകണമെങ്കില്‍ നമ്മുടെ മൂപ്പിലാന്മാര്‍ പറഞ്ഞതുപോലെ ചെയ്യണം. അതായത് കാല്‍ഭാഗം വിവരം ഗുരുനാഥന്മാര്‍ തരും. കാല്‍ ഭാഗം സ്വയം പഠിക്കണം. കാല്‍ഭാഗം സമാജത്തില്‍നിന്നും പഠിക്കണം.

ഏതു സമാജത്തില്‍ നിന്നാ അപ്പൂപ്പാ. വനിതാ സമാജത്തില്‍ നിന്നാണോ? രാമിനാണ് എപ്പോഴും ഒടക്കു ചോദ്യം.

എടാ സമാജം എന്നു പറഞ്ഞാല്‍ നമ്മുടെ നാട്ടിലേ ജനങ്ങളെന്നാണര്‍ഥം. ബാക്കി കാല്‍ ഭാഗം ജീവിതാനുഭവങ്ങളില്‍ നിന്നും കിട്ടും. അത് അവസാനകാലം വരെ കിട്ടിക്കൊണ്ടിരിക്കുന്നതുകൊണ്ട് പൂര്‍ണ്ണമായ വിവരം ഒരിക്കലും ഉണ്ടാകത്തില്ല.

ഒരു സംഭവം പറയാം.
ഒരു പഴയ തറവാട്. ഗൃഹനാഥന്‍ മുളങ്കുഴലില്‍ നിന്നും എണ്ണയെടുത്ത് തലയില്‍ തേയ്ക്കുകയാണ്.
മുളങ്കുഴലോ? അതെന്തോന്നാ അപ്പൂപ്പാ. ആതിര കണ്ണു മിഴിച്ചു.
മോളേ പണ്ട് കാലത്ത് ഈ പ്ലാസ്റ്റിക്കും മറ്റും വരുന്നതിനു മുന്‍പ് അടുക്കളയിലെ പലവ്യഞ്ജനങ്ങളും മറ്റും സൂക്ഷിക്കാന്‍ മുളങ്കുഴലുകളാണ് ഉപയോഗിച്ചിരുന്നത്. ഇതു കേള്‍ക്ക്. അപ്പോള്‍ ഒരാള്‍ അവിടേക്കു വന്നു.

വന്നയാള്‍:- കണ്ണൊണ്ടോ?
ഗൃഹനാഥന്‍ :- വെട്ടുത്താളിയാ തേയ്ക്കുന്നെ.
വന്നയാള്‍ :- അത്താഴം കഞ്ഞിയാണോ?
ഗൃഹനാഥന്‍ :- പൂവങ്കുറുന്തലാ ചൂടുന്നെ.
വന്നയാള്‍ :- പടിപ്പുര പൊന്നാണോ?
ഗൃഹനാഥന്‍ :- പകലൊന്നുറങ്ങുന്നുണ്ട്.

വല്ലോം മനസ്സിലായോ മക്കളേ.

മനസ്സിലായി ഒന്നുകില്‍ രണ്ടിനും വട്ടാണ്. അല്ലെങ്കില്‍ ചെവി കേള്‍ക്കത്തില്ല. എല്ലവരും ഏകസ്വരത്തില്‍ അഭിപ്രായം പാസാക്കി.
എന്നാല്‍ കേട്ടോളൂ. മുളങ്കുഴലില്‍ നിന്ന് നേരിട്ട് എണ്ണ തലയില്‍ തെച്ചാല്‍ അമിതമായ ചൂടു കൊണ്ട് കണ്ണ് കേടാകും. മുളങ്കുഴലില്‍ സൂക്ഷിക്കുന്ന എണ്ണ അതിന്റെ ചൂടു മാറാന്‍ പരന്ന പാത്രത്തില്‍ ഒഴിച്ചു വച്ച് കുറേ കഴിഞ്ഞേ തേക്കാവൂ.
ഉത്തരം എന്താണ്. വെട്ടുത്താളിയാ തേയ്ക്കുന്നെ. ഏറ്റവും തണുപ്പുള്ള താളിയാണ് വെട്ടുത്താളി. ഇപ്പോള്‍ ഷാമ്പൂ എന്നു പറയില്ലേ. അതാണ് താളി. എണ്ണയുടെ ചൂടു കളയാന്‍ വെട്ടുത്താളി തേച്ചാല്‍ മതിയെന്നു സാരം.

അടുത്ത ചോദ്യം. അത്താഴം കഞ്ഞിയാണോ. വെട്ടുത്താളി തേച്ചാല്‍ വീട്ടില്‍ ദാരിദ്ര്യം ഒഴിയത്തില്ലെന്നാണു വിശ്വാസം.
ഉത്തരം പൂവങ്കുറുന്തിലാ ചൂടുന്നെ. നമ്മുടെ പുരയിടത്തില്‍ കാണുന്ന ഒരു ചെടിയാണ് ദശപുഷ്പത്തില്‍ പെട്ട പൂവങ്കുറുന്തില്‍. അതു ചൂടിയാല്‍ ഐശ്വര്യം വിളയാടുമെന്നാണ് വിശ്വാസം.

അടുത്ത ചോദ്യം. പടിപ്പുര പൊന്നാണോ. നിങ്ങള്‍ വീടുകളുടെ പടിപ്പുര കണ്ടിട്ടില്ലല്ലോ. ഹരിപ്പാട്ടമ്പലത്തിന്റെ തെക്കേ നട കണ്ടിട്ടൂണ്ടല്ലൊ. അതുപോലെ പഴയവീടുകള്‍ക്കും പണ്ട് പടിപ്പുര ഉണ്ടായിരുന്നു. അതു പൊന്നാക്കണമെങ്കില്‍ എത്ര ഐശ്വര്യം വേണം.

ഉത്തരം പകലൊന്നുറങ്ങുന്നുണ്ട്. ഏതൈശ്വര്യവും ഇല്ലാതാക്കാന്‍ പകലുറക്കത്തിനു കഴിയുമെന്നര്‍ഥം.

ഇപ്പോള്‍ എന്തുമാത്രം വിവരം കിട്ടി. ഇതുപോലെ നാട്ടില്‍ നിന്നും നാടന്‍ പാട്ടുകളില്‍ നിന്നും ഒക്കെ നാമറിയാതെ നമുക്ക് അറിവു കിട്ടിക്കൊണ്ടിരിക്കും. ഒരു നാടന്‍ പാട്ടു കേട്ടോളൂ
കൊല്ലത്തു തടം വെട്ടി, കൊടുങ്ങല്ലൂര്‍ വേരോടി
അവിടെ മുളച്ചോരു ചേഞ്ചീര .
പറിച്ചപ്പം പാവയ്ക്കാ അരിഞ്ഞപ്പം കോവയ്ക്കാ
കൊട്ടേലിട്ടപ്പം കൊത്തച്ചക്കാ.
കൊത്തച്ചക്ക തിന്നാന്‍ ഞാഞ്ചെന്നിരുന്നപ്പോള്‍
കൊണ്ടു വിളമ്പിയതു ചാമക്കഞ്ഞീ.
ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍
വായിത്തടഞ്ഞോരു കട്ടുറുമ്പ്.
കട്ടുറുമ്പിനേത്തട്ടി കൊട്ടേലിട്ടപ്പം
കൊട്ടേക്കണ്ടൊരു കോഴിക്കുഞ്ഞ്.
കോഴിക്കുഞ്ഞേ നിന്റെ പാട്ടൊന്നു കേള്‍കട്ടെ
ഞാനും ചെറുപ്പത്തില്‍ കീയോ കീയോ.

Comments (0)