പ്രതാപസിംഹന്‍

0
അപ്പൂപ്പാ റാണാ പ്രതാപസിംഹന്‍ -ആതിര തുടങ്ങി.

ശരി മോളേ പറയാം.

ആരവല്ലീ പര്‍വ്വതനിരകളുടെ താഴ്വാരം. അതിമനോഹരമായ ഒരു പട്ടണം. മേവാറിന്റെ തലസ്ഥാനം അവിടെയാണ്. അവിടെ ഒരു കൊട്ടാരം. നേരം വെളുത്തു വരുന്നതേയുള്ളൂ. എന്തോ ദുരന്തം സംഭവിക്കാന്‍ പോകുന്നപോലെ അന്തരീക്ഷം മ്ലാനമാണ്. ഒരിലപോലും അനങ്ങുന്നില്ല. കൊട്ടാരത്തില്‍ അതിരാവിലത്തേ സാധാരണ ബഹളം.
രണ്ടു കുട്ടികള്‍ ഓടിവരുന്നു. പതിനാലും, പതിനൊന്നും വയസ്സു പ്രായം കാണും. രാവിലത്തേ ആയുധാഭ്യാസം കഴിഞ്ഞു വരുകയാണ്. ഇളയവന്‍ ഭയങ്കര ചൂടിലാണ്. അഭ്യാ‍സസമയത്ത് മൂത്തയാള്‍ അയാളേ തോല്പിച്ചുപോലും. മൂത്തയാള്‍ ശാന്തനാ‍ണ്.

മേവാറിലേ റാണയായിരുന്ന ഉദയസിംഹന്റെ മക്കളായ പ്രതാപനും, ശക്തനുമാണ് ഈ കുട്ടികള്‍.

പ്രതാപന്‍ :- ബഹളം കൂട്ടാതെ ശക്താ. കളിയില്‍ ഇന്നു തോറ്റെന്നു വിചാരിച്ച് വിഷമിക്കാതെ. നാളെ നിനക്കായിരിക്കും ജയം.
ശക്തന്‍ :- എനിക്കൊന്നും കേള്‍ക്കണ്ടാ. എടുക്കു കുന്തം. ഇപ്പോഴറിയണം ആരാ മിടുക്കനെന്ന്. എടുക്ക്-എടുക്ക്-ശക്തന്‍ ബഹളംകൂട്ടി.

ബഹളം കേട്ട് അകത്തുനിന്ന് പ്രൌഢയായ ഒരു സ്ത്രീ ഇറങ്ങിവന്നു. “എന്താശക്താ എന്താണീ ബഹളം” അവര്‍ ചോദിച്ചു .

യുദ്ധത്തില്‍ മരിച്ച ഉദയസിംഹന്റെ റാണിയാണ് അത്. അന്നത്തേ ഭരണാധികാരി. പ്രതാപസിംഹന്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ മേവാറിലേ റാണി.

അമ്മയുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ ശക്തന്‍ രണ്ടു കുന്തങ്ങള്‍ കൊണ്ടുവന്നു. ഒന്നു പ്രതാപനു കൊടുത്തു. എറിയ്-എറിയ്- അവന്‍ വീണ്ടും ബഹളം കുട്ടിക്കൊണ്ടിരുന്നു.

അവന്‍ കുന്തം എറിയാന്‍ ഓങ്ങി നില്‍ക്കുകയാണ്. ഗത്യന്തരമില്ലാതെ പ്രതാപനും തയ്യാറായി.

അരുത് എന്നു പറഞ്ഞ് അമ്മ രണ്ടുപേരുടേയും നടുവില്‍ ചാടിവീഴുകയും, ശക്തന്‍ കുന്തം എറിയുകയും, അത് അമ്മയുടെ മാറില്‍ തറയ്ക്കുകയും എല്ലാം ഒരു നൊടിയിടയില്‍ കഴിഞ്ഞു. പ്രതാപന്‍ അമ്മയേ താങ്ങി- നിങ്ങള്‍ ഇങ്ങനെ വഴക്കിടല്ലേ എന്നു പറഞ്ഞുകൊണ്ട് അമ്മ പ്രാണന്‍ വെടിഞ്ഞു.

ശക്തന് ഒരു കൂസലുമില്ല. ഇടയ്ക്കു വന്നു കേറിയിട്ടല്ലേ-അയാള്‍ ന്യായീകരിച്ചു. പ്രതാപന്‍ ശക്തനേ നാടുകടത്തി.

കാലം വളരെ കഴിഞ്ഞു. അക്ബര്‍ ഹിന്ദുസ്ഥാനിലേ മിക്ക രാജ്യങ്ങളും ചതുരുപായങ്ങള്‍ പ്രയോഗിച്ച്
തന്റെ അധീനതയിലാക്കി. പ്രതാപസിംഹനേ വരുതിലാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. ജയ്പൂര്‍, ഉദയപൂര്‍, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മര്‍ പോലും അക്ബറിനു കപ്പം കൊടുത്ത് സാമന്തന്മാരായി. ഇതിനിടയില്‍ ഒരു വെള്ളിനക്ഷത്രം പോലെ ഭാരതത്തിന്റെ അഭിമാനഭാജനമായി റണാ പ്രതാപസിംഹന്‍ തിളങ്ങിനിന്നു. തങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ അക്ബറേ അനുസരിക്കാതെ നില്‍ക്കുന്നതില്‍ ഈ സാമന്തന്മാര്‍ രഹസ്യമായി അഭിമാനം കൊണ്ടു. അക്ബര്‍ക്കും ഇതറിയാം. മേവാര്‍ കീഴടക്കാതെ രാജ്യം തന്റെ കീഴില്‍ കൊണ്ടു വരുവാന്‍ സാദ്ധ്യമല്ലെന്ന് അക്ബര്‍ക്കറിയാം.

ശര്‍വ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഹനേ തോല്പിക്കണമെന്ന് അക്ബര്‍ തിരുമാനിച്ചു. സ്വപുത്രനായ സലിമിനെ തന്നെ സര്‍വ്വസൈന്യാധിപനായി നിശ്ചയിച്ചു. സലിമിന്റെ നേതൃത്വത്തില്‍ അക്ബറിന്റെ സൈന്യവും, പ്രതാപന്റെ നേതൃത്വത്തില്‍ ശിഷ്ടമുള്ള രജപുത്ര സൈന്യവുമായി ഹല്‍ദിഘട്ട് എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി. പ്രതാപസിംഹനേ വധിക്കരുതെന്ന് അക്ബര്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. സലിമിന് എങ്ങിനെയെങ്കിലും പ്രതാപനേ വധിക്കണം. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ കീഴടക്കുന്നത് അസാദ്ധ്യമാണെന്ന് സലിമിനറിയാം.

സലിം ആനപ്പുറത്താണ്. പ്രതാപന്‍ കുതിരപ്പുറത്തും. പ്രതാപന്റെ കുതിരയുടെ പേര് “ചേതക്‘ എന്നാണ്.

അതൊരു സ്കൂട്ടറിന്റെ പേഅല്ലേ അപ്പൂപ്പാ-ബജാജ് ചേതക്.

അതേ മോനേ പ്രതാപസിംഹന്റെ കുതിരയുടെ ഓര്‍മ്മക്കായി ബജാജ് കമ്പനി ഉണ്ടാക്കിയതാണ്. അത്രയ്ക്കു പ്രസിദ്ധമായിരുന്നു ആ കുതിരപോലും.

ആഭിമന്യുവിനേപ്പോലെ പ്രതാപനേ ഒറ്റയ്ക്ക് വ്യൂഹത്തിലാക്കി. റാണയേ രക്ഷിക്കാന്‍ ശ്രമിച്ച വീരന്മാര്‍ പലരും മരിച്ചുവീണു. പ്രതാപന്‍ ഒറ്റയ്ക്ക് അതിഭയങ്കരമായ യുദ്ധം ചെയ്തു. മുഗള്‍ സേനനായകന്മാരുടെ തലകള്‍ ഭൂമിയില്‍ കിടന്നുരുണ്ടു. സലിമിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ചു. ചേതക് സലിമിന്റെ ആനയുടെ മസ്തകത്തില്‍ കാലുറപ്പിച്ചു. സലിം ആനപ്പുറത്തുനിന്നും വീണു. സലിമിനേയുംകൊണ്ട് മുഗളന്മാര്‍ രക്ഷപെട്ടു. രക്ഷിക്കാന്‍ ശ്രമിച്ച് വ്യൂഹം തകര്‍ന്നു. ഒറ്റയ്ക്കു പോരാടി പ്രതാപസിംഹന്‍ അവശനായി. അദ്ദേഹത്തിന് മാരകമായ മുറിവേറ്റു. അതുമനസ്സിലാക്കിയ ചേതക് അദ്ദേഹത്തേയും കൊണ്ട് പാഞ്ഞുപോയി. രണ്ടു മുഗളന്മാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ഇതുകണ്ട് ദൂരെനിന്ന മറ്റൊരാളും അവരുടെ പിന്നാലേ പോയി.

ഇവര്‍ പോയ വഴിയില്‍ ഒരു നദി ഉണ്ടായിരുന്നു. ചേതക് ഒറ്റച്ചാട്ടത്തിന് നദി കടന്നു. പുറകേ വന്ന മുഗളന്മാ‍രുടെ കുതിരകള്‍ നദിക്കരയില്‍ നിന്നു. അവര്‍ക്കു നദി കടക്കാന്‍ ആഴം കുറഞ്ഞ സ്ഥലം കണ്ടുപിടിക്കേണ്ടിവന്നു. അപ്പോഴേക്കും മൂന്നാമനും അവിടെ എത്തി.

അക്കരെ ചാടി വീണ ചേതക് മരിച്ചാണ് വീണത്. പ്രതാപന്‍ ദുരെ തെറിച്ചുവീണ് ബോധരഹിതനായി. നദി കടന്ന്മറ്റവര്‍ എത്തിയപ്പോഴേക്കും ബോധം തിരിച്ചുകിട്ടി. അമിതമായ രക്തശ്രാവംകൊണ്ട് അവശനായിരുന്നെങ്കിലും ശത്രുക്കളെക്കണ്ട് വാളുമായി എഴുനേറ്റു. രണ്ടുപേരോടും പോരാടി കുഴഞ്ഞു വീണു. അപ്പോഴേക്കും മൂന്നാ‍മന്‍ അവിടെ എത്തി.

ആരാ അപ്പൂപ്പാ ഈ മൂന്നാമന്‍-കുറേ നേരം കൊണ്ട് മൂന്നാമന്‍ മൂന്നാമന്‍ എന്നു പറയുന്നല്ലോ. ആതിരയ്ക്ക് ജിജ്ഞാസ അടക്കാന്‍ വയ്യാതായി.

അതോ- അത് പണ്ടു പ്രതാപന്‍ നാടുകടത്തിയ അനിയന്‍ ശക്തനാണ്. പ്രതാപനോടുള്ള പകതീര്‍ക്കാന്‍ മുഗളരേ സഹായിച്ചുകൊണ്ട് അവരുടെ സൈന്യത്തില്‍ ചേര്‍ന്ന് നടക്കുകയായിരുന്നു. ഹല്‍ദിഘട്ടില്‍ വച്ചുള്ള യുദ്ധത്തില്‍ തന്റെ ചേട്ടന്റെ വീരപരാക്രമം കണ്ട് മനസ്സിലേ സകല പകയും പോയി. ഹൃദയം അഭിമാനവിജ്രംഭിതമായി-സ്വയം പുച്ഛംതോന്നി. പ്രതാപന്റെ പിന്നാലേ മുഗളന്മാര്‍ പോകുന്നതു കണ്ട് അവരേ പിന്തുടര്‍ന്നതാണ്.

അക്ബര്‍

0
അപ്പൂപ്പാ ശ്യാംകുട്ടന്‍ വിളിച്ചു. ആ അക്ബറിന്റെ കഥ മുഴുവനാക്കിയില്ലല്ലോ.

ശരി പറയാം. ടൈമൂര്‍ എന്ന്ഒരു അതിഭീകരനായ കൊള്ളക്കാരന്‍ ഉണ്ടായിരുന്നു. പല തവണ ഭാരതത്തേ ആക്രമിച്ച് കൊള്ളയടിച്ചിട്ടുള്ള ആളാണ്. ഒരു മുടന്തന്‍ . അയാളുടെ വംശത്തില്‍ പെട്ടതാണ് ബാബര്‍. ബാബറും ഇവിടെ വന്ന് കൊള്ളനടത്തി. കപട ആത്മീയത്തില്‍ മുഴുകി ഒന്നിനും കൊള്ളാതായ ഒരു ജനതയായിരുന്നതുകൊണ്ട് കൊള്ളക്കാര്‍ക്ക് പരമസുഖം. ബാബറിന്റെ മകനായ ഹുമയൂണിന്റെ കാലമായപ്പോഴേക്കും ഇവിടെ അവര്‍ ഭരണാധികാരം സ്ഥാപിച്ചു.

അപ്പോഴാണല്ലൊ ദേവലോകത്തില്‍ ഇരിക്കപ്പൊറുതിയില്ലാതായത്. അങ്ങിനെ ദേവേന്ദ്രന്‍ വന്ന് ഹുമയൂണിന്റെ മകനായി ജനിച്ചു. അക്ബര്‍ എന്ന പേരില്‍. അതിനു മുമ്പു തന്നെ ബ്രഹസ്പതി ആത്മാരാമനായി ജനിച്ച് ഒരു ഗുരുകുലം ഒക്കെ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മകനാണ് തുളസീദാ‍സന്‍ -അതെ-നമ്മടെ രാമചരിതമാനസം എഴുതിയ തുളസീദാസന്‍ .

ഹുമയൂണിന്റെ കാലത്തും ഒരു വ്യവസ്ഥാപിതമായ ഭരണം മുഗളന്മാര്‍ക്ക് ഇവിടെ സ്ഥാപിക്കാന്‍ സാധിച്ചില്ല. അതി ശക്തരായ രജപുത്രര്‍ എന്നൊരു വംശം ഉത്തരേന്ത്യയില്‍ ഉണ്ടായിരുന്നു. മേവാര്‍, ഉദയപൂര്‍ മുതലായ അനേകം നാട്ടുരാജ്യങ്ങളില്‍ ഭരണാധികാരികള്‍ അവരായിരുന്നു. പക്ഷേ തമ്മില്‍ തല്ലില്‍ പ്രസിദ്ധരായിരുന്നതുകൊണ്ട് മുഗളന്മാര്‍ക്ക് അവരേ കീഴടക്കാന്‍ വലിയ പ്രയാസമുണ്ടായില്ല.

ജയച്ചന്ദ്രന്റേയും പ്രത്ഥ്വീരാജന്റേയും പോലെ-അല്ലേ അപ്പൂപ്പാ രാംകുട്ടന്‍ ചോദിച്ചു.

അതെ മക്കളേ. അങ്ങനെ ചെറിയ ചെറിയ രാജ്യങ്ങള്‍ പിടിച്ച് ഡല്‍ഹി കേന്ദ്രമാക്കി ഒരു ഭരണകൂടം ഹുമയൂണ്‍ ആരംഭിച്ചു. പലതവണ ഹുമയൂണിനേ ഈ രജപുത്രന്‍ മാര്‍ തോല്പിച്ചോടിച്ചെങ്കിലും അയാള്‍ തിരിച്ചുവന്ന് ഭരണം പുന:സ്ഥാപിച്ചുകൊണ്ടിരുന്നു. അയാളുടെ മൂത്തമകനായാണ് അക്ബര്‍ ജനിച്ചത്. അപ്പോഴേക്കും മുഗള്‍ ഭരണം ഏതാണ്ട് ഉറച്ച മട്ടിലായി.

അമ്പലം പൊളിക്കലും ഹിന്ദുക്കളെ കാഫറെന്നു മുദ്രകുത്തി കൂട്ടക്കുരുതി നടത്തലും അക്ബര്‍ ഉപേക്ഷിച്ചു. പകരം ഹിന്ദുസ്ത്രീകളേ വിവാഹം ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കിത്തുടങ്ങി. ആദ്യമൊക്കെ എതിര്‍ത്തു നോക്കിയെങ്കിലും പലരും നിവൃത്തികേടുകൊണ്ട് അതിനുവഴങ്ങി.

കലാകാരന്മാരേയും, സാഹിത്യകാരന്മാരേയും, ഭാഷാപണ്ഡിതന്മാരേയും ചേര്‍ത്ത് ഒരു സാംസ്കാരിക സദസ്സുണ്ടാക്കി. ആത്മാരാമനേ ഗുരുവായി അവരോധിച്ചു. ആകെപ്പാടേ ഡല്‍ഹി കേന്ദ്രമായി ഒരു ശക്തമായ ഭരണം ഉണ്ടെന്ന തോന്നലുണ്ടായി.

വംശശുദ്ധിയില്‍ കടുമ്പിടുത്തമുണ്ടായിരുന്ന പല രജപുത്രന്മാരും അക്ബറിന്റെ അമ്മായിഅപ്പന്മാരായി. അങ്ങിനെയുള്ള ഒരു രജപുത്രസ്ത്രീയുടെ മകനാണ് ജഹാംഗീര്‍ എന്നറിയപ്പെട്ട അക്ബറിന്റെ പിന്‍ഗാമി സലിം . ഭീഷണികൊണ്ടും സൌഹൃദംകൊണ്ടും മിക്ക രജപുത്ര രാജാക്കന്മാരേയും വശപ്പെടുത്തിയെങ്കിലും ഇതിലൊന്നും വശപ്പെടാതെ ഒരാള്‍ തല ഉയര്‍ത്തിനിന്നിരുന്നു.

മേവാര്‍ എന്ന രാജ്യത്തേ റാണാ പ്രതാപസിംഹന്‍ . മരണം വരെ അക്ബര്‍ക്കു കീഴടങ്ങാതെനിന്ന ഏക രജപുത്ര രാജാവ്. ഹല്‍ദിഘട്ട് എന്നസ്ഥലത്തുവച്ചുണ്ടായ ഐതിഹാസികമായ യുദ്ധത്തില്‍ പരാജയപ്പെട്ട്, രാജ്യം നഷ്ടപ്പെട്ട ശേഷം, ഇനി മേവാറിനു സ്വാതന്ത്ര്യം കിട്ടാതെ താന്‍ നഗരങ്ങളില്‍ താമസിക്കുകയില്ലെന്ന് ശപഥം ചെയ്ത് ആദിവാസികളായ ഭീലവര്‍ഗ്ഗക്കാരോടു കൂടി കായ്കനികളും തിന്ന് വനത്തില്‍ താമസിച്ച് അവസാനം മേവാറിനേ സ്വതന്ത്രമാക്കിയ ധീരദേശാഭിമാനി.

റാണാ പ്രതാപസിംഹന്റെ കഥ--ആതിര പിറുപിറുത്തു.

പിറുപിറുക്കണ്ടാ ഇനി ആ കഥ പറഞ്ഞിട്ടേ ബാക്കി പറയുന്നുള്ളൂ.

പാഞ്ചാലി-രണ്ട്

0
അപ്പൂപ്പോ നമ്മുടെ ഇന്ദ്രന്‍ കാലനേ കണാന്‍ പോയിട്ട് എന്തായി-ഉണ്ണി ചോദിച്ചു.

മോനേ അതു പറയണമെങ്കില്‍ വ്യാസന്‍ പാഞ്ചാലരജാവിനോടു പറഞ്ഞ കഥ കേള്‍ക്കണം. പണ്ട് നാളായണി എന്നൊരു സ്ത്രീ ഒരു മുനിയുടെ പത്നിയായിരുന്നു. അവള്‍ക്കു വിഷയസുഖങ്ങളില്‍ തൃപ്തി വരാഞ്ഞ് മുനി അവളോട് പരമശിവനേ തപസ്സു ചെയ്താല്‍ നിനക്ക് ഇഷ്ടമുള്ള ഭര്‍ത്താവിനേ ലഭിക്കുമെന്ന് പറഞ്ഞിട്ട് സ്ഥലംവിട്ടു.

അവള്‍ പരമശിവനേ തപസ്സു ചെയ്തു പ്രീതിപ്പെടുത്തി. ശിവന്‍ മുന്നില്‍ വന്നു നിന്നതു കണ്ട് സംഭ്രമത്തോടു കൂടി നിന്ന അവളോട് ഭഗവാന്‍ ചോദിച്ചു-

എന്താണു മകളേ നിനക്കു വേണ്ടത്.

വെപ്രാളത്തില്‍ അവള്‍ “എനിക്കു ഭര്‍ത്തവിനേ വേണം“ എനിക്കു ഭര്‍ത്തവിനേ വേണം,എനിക്കു ഭര്‍ത്തവിനേ വേണം,എനിക്കു ഭര്‍ത്തവിനേ വേണം,എനിക്കു ഭര്‍ത്തവിനേ വേണം--എന്ന് അഞ്ചു തവണ പറഞ്ഞു.

തഥാസ്തു -നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും-എന്ന് ശിവന്‍ അനുഗ്രഹിച്ചു.

അയ്യോ എനിക്ക് ഒരു ഭര്‍ത്താവു മതി-നാളായണി പറഞ്ഞു.

ഇനി പറഞ്ഞിട്ടു കാര്യമില്ല-ശിവന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു. നീ ചോദിച്ചു-ഞാന്‍ തന്നു.

അതു തെറ്റല്ലേ ഭഗവാനേ--നാളായണി കരഞ്ഞുകൊണ്ടു ചോദിച്ചു.

അല്ല മകളേ -നിനക്ക് ഒരാളേ തന്നെ അഞ്ചു രൂപത്തില്‍ തരാന്‍ ഏര്‍പ്പാടാക്കാം. നീ ചെന്ന് ആ ഇന്ദ്രനേ വിളിച്ചു കൊണ്ടുവാ.

അദ്ദേഹം അങ്ങു സ്വര്‍ഗ്ഗത്തിലല്ലേ? അതുമല്ല ഞാന്‍ ചെന്നു വിളിച്ചാല്‍ അദ്ദേഹം വരുമോ?

അല്ല മകളേ -ഇന്ദ്രന്‍ ഇപ്പോള്‍ ഭൂമിയില്‍ ഉണ്ട്. നൈമിശാരണ്യത്തില്‍. നമ്മുടെ ധര്‍മ്മരാജാവ് അവിടെ ഒരു യാഗം നടത്തുന്നു. അതു മുടക്കി അദ്ദേഹത്തേ തിരിച്ചു കൊണ്ടു പോകാന്‍ അവിടെ എത്തിയിട്ടുണ്ട്. പിന്നെ നിന്നേപ്പോലെ ഒരു അതിസുന്ദരി വിചാരിച്ചാല്‍ ഇന്ദ്രനേ കൊണ്ടുവരാന്‍ പറ്റില്ലേ. നിനക്ക് പുള്ളിയുടെ സ്വഭാവം അറിയില്ലേ. സൂക്ഷിക്കണം. ഭഗവാ‍ന്‍ പറഞ്ഞു.

നാളായണി നൈമിശാരണ്യത്തില്‍ ചെന്ന് ഗംഗയിലിറങ്ങി മുട്ടോളം വെള്ളത്തില്‍ കുനിഞ്ഞുനിന്നു-ഇന്ദ്രനു കാണാന്‍ പാകത്തില്‍. അവളുടെ കണ്ണില്‍ നിന്നു വെള്ളത്തില്‍ വീഴുന്ന കണ്ണുനീര്‍ ചുവന്ന താമര പുഷ്പങ്ങളായി ജലത്തില്‍ പൊങ്ങിനിന്നു.

ഇന്ദ്രന്‍ ഇതുകണ്ട് അറിയാതെ അവളുടെ അടുത്തെത്തി. അവളെകണ്ട് അദ്ദേഹത്തിന് ഉടനേ അവളേ ഭാര്യ ആക്കണം. അവള്‍ അരാണെന്നു ചോദിച്ചിട്ട് --താന്‍ ദേവേന്ദ്രനാണെന്നും തന്റെകൂടെ സ്വര്‍ഗ്ഗത്തില്‍ വന്നാല്‍ പരമസുഖമാണെന്നും മറ്റും സാധാരണ സിനിമയില്‍ കാണുന്ന ഡയലോഗുകള്‍ കാച്ചി. യമധര്‍മ്മന്‍ യാഗം നടത്തുന്നതു കൊണ്ട് ഭൂമിയില്‍ മരണമില്ലാതായെന്നും അത് അവസാനിപ്പിച്ച് അദ്ദേഹത്തേ കര്‍മ്മ നിരതനാക്കാനാണ് താന്‍ ഭൂമിയില്‍ വന്നതെന്നും ആ കാര്യമെല്ലാം ഭംഗിയായി തിര്‍ന്നെന്നും താന്‍ തിരിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പൊവുകയാണെന്നും, അവളും കൂടി വരുന്നെങ്കില്‍ തന്റെ ജന്മസാഫല്യം വരുമെന്നും മറ്റും മറ്റും പ്രസംഗിച്ചു.

അവളോ കള്ളക്കണ്ണുകൊണ്ട് ഇന്ദ്രനേ ഒന്നു നോക്കിയിട്ട് പതുക്കെ നടന്നു--പരമശിവന്‍ പറഞ്ഞ സ്ഥലത്തേക്ക്. കുറേ നടന്നിട്ട് ഒന്നു തിരിഞ്ഞു നോക്കും-ഇന്ദ്രനേ കണ്ടു നാണിച്ചിട്ടെന്നപോലെ ഒന്നു മന്ദഹസിച്ചിട്ട് വീണ്ടും നടക്കും. കാന്തത്താല്‍ ആകര്‍ഷിക്കപ്പെട്ടെന്നപോലെ ഇന്ദ്രന്‍ പുറകേ. അങ്ങനെ അവര്‍ ശിവന്റെ അടുത്തെത്തി.

ശിവനും പാര്‍വതിയും കൂടി ഒരു പണക്കാരന്റേയും അയാളുടെ ഇഷ്ടക്കാരിയുടേയും വേഷത്തില്‍ അവിടിരുന്ന് പകിട കളിക്കുകയാണ്.

നിങ്ങള്‍ പകിട കളി കണ്ടിട്ടുണ്ടോ. ഒരാള്‍ മുട്ടുകുത്തി നിന്ന് പകിട കൈയ്യിലെടുത്ത് “പകിട പകിട പകിട പകിട പന്ത്രണ്ടു വീഴെടാ” എന്നും പറഞ്ഞു പകിട ഉരുട്ടും--വേറേ അഞ്ചാറുപേര്‍ കാലിന്റെ വിരല്‍ മാത്രം താഴെ ഉറപ്പിച്ച് രണ്ടു കൈയ്യും എളിയില്‍ ഊന്നി കുത്തിയിരുന്ന് കൊക്ക് മീനേ പിടിക്കാന്‍ പോകുന്ന ശ്രദ്ധയോടെ അതില്‍ കണ്ണും നട്ടിരിക്കും.

അടുത്തയാള്‍ പകിട എറിയുമ്പോഴും ഇത് ആവര്‍ത്തിക്കും. ഇന്ദ്രനും നാളായണിയും വന്നപ്പോള്‍ പാര്‍വതീദേവി ‘ എട്ട് എട്ട് എട്ടെട്ട്-എട്ടു വീഴെടാ’ എന്നു പറഞ്ഞ് പകിട ഉരുട്ടുന്നു. ഇന്ദ്രനേ കണ്ടിട്ട് ഒരു മൈന്‍ഡും ഇല്ല. പൊങ്ങച്ചക്കാരനാണല്ലോ ഇന്ദ്രന്‍ . പോരെങ്കില്‍ കൂടെ ഒരു സുന്ദരിപ്പെണ്ണും .

തന്റെ പവ്വറു കാണിക്കാ‍ന്‍ പകിട കളിക്കാരേ ഒന്നു വെരുട്ടാന്‍ തന്നെ തീരുമാനിച്ചു.

എന്താടാ- ഇന്ദ്രന്‍ ചോദിച്ചു. ഈ നാടിന്റെ അധിപതി വന്നാല്‍ ഒന്നെണീറ്റു നില്‍കണമെന്നു പോലും അറിയാന്‍ വയ്യേ. ഈ ഞാനാരെന്നറിയാമോ-കിഴക്കു ദിക്കിന്റെ അധിപന്‍ -മഹാ ശക്തരായിരുന്ന ജംഭാസുരനേയും, വൃത്രാസുരനേയും മറ്റും മറ്റും വധിച്ച പരാക്രമി-ആ ഞാന്‍ വന്നിട്ട് കണ്ടഭാവമില്ലാതെ ഇരുന്നു കളിക്കുന്നോ-കൂടെ ഒരു സുന്ദരിപ്പെണ്ണുള്ളവളേ കാ‍ണിക്കാനായിരിക്കും--പരമ ശിവന്‍ പോലും എന്നേ ബഹുമാനിക്കും-ച്ഛീ- എഴുനേല്‍ക്കടാ.

പരമശിവന്‍ തല ഉയര്‍ത്തി ഇന്ദ്രനേ ഒന്നു കടാക്ഷിച്ചു. ഇന്ദ്രന്‍ നിന്നനിലയില്‍ മരവിച്ചു പോയി. വജ്രായുധം കൈയ്യില്‍ നിന്നും താഴെ വീണു. കൈയ്യും കാലും അനക്കാന്‍ വയ്യാതെ മരപ്പാവപോലെ അവിടെനിന്നു.

എവിടെ നന്ദികേശ്വരന്‍ ഭഗവാന്‍ ഗര്‍ജ്ജിച്ചു. വീരഭദ്രനേ വിളി. ഈ മൂഢനേ പിടിച്ചു കെട്ട്. പണ്ട് ഇതുപോലെ അഹങ്കാരം കാണിച്ച നാല് ഇന്ദ്രന്മാരേ പൂട്ടിയിട്ടിരിക്കുന്ന ആ ഗുഹയില്‍ തന്നെ ഇവനേയും കൊണ്ടിട്.

വീരഭദ്രനും ഭൂതഗണങ്ങളും കൂടി വന്ന് ഇന്ദ്രനേ പിടിച്ചു കെട്ടി വലിച്ച് ഒരു ഗുഹയുടെ അടുത്തു കൊണ്ടുപോയി. ഗുഹ തുറന്നപ്പോള്‍ പട്ടിണി കിടന്നു മെലിഞ്ഞ നാലിന്ദ്രന്മാര്‍ അതില്‍ കിടക്കുന്നു.

ഇവനേയും അതിലിട്ടേരെ- പരമശിവന്‍ കല്പിച്ചു.

ഇന്ദ്രന്‍ പരമശിവനേ സ്തുതിച്ചു. ആളറിയാതെ പറ്റിപ്പോയതാണെന്നും മറ്റും പറഞ്ഞ് മാപ്പപേക്ഷിച്ചു.

പരമശിവന്‍ പറഞ്ഞു. ശരി. ഞാന്‍ നിങ്ങള്‍ക്ക് ഒരു ശിക്ഷ വിധിക്കുന്നു. നിങ്ങള്‍ അഞ്ചുപേരും ഭൂമിയില്‍ ചെന്നു ജനിക്കണം. ഇവള്‍-നാളായണി- പാഞ്ചാല രാജാവിന്റെ പുത്രിയായി വന്നു ജനിക്കും . നിങ്ങള്‍ അഞ്ചുപേരും കൂടി ഇവളേ വിവാഹം കഴിക്കണം. ഒരു പുരുഷാ‍യുസ്സ് ഇവളോടുകൂടി ജീവിച്ച് ഭൂഭാരവും തീര്‍ത്താല്‍ നിങ്ങള്‍ക്കു തിരിച്ചു പോരാം. ഉം എല്ലവരും സ്ഥലം വിട്.

ഭഗവാനേ-ഇന്ദ്രന്‍ വിളിച്ചു. ഒരപേക്ഷയുണ്ട്. ഞങ്ങളുടെ ജനയിതാക്കള്‍ ദേവന്മാരാകാന്‍ അനുഗ്രഹിക്കണം.

ശരി പരമശിവന്‍ പറഞ്ഞു-നിങ്ങളുടെ പിതാക്കന്മാര്‍ ദേവന്മാരായിരിക്കും. ഭഗവാ‍ന്‍ മറഞ്ഞു.

നാളായണി യോഗാഗ്നിയില്‍ ദഹിച്ചു. അവളാ‍ണ് ഭവാന്റെ പുത്രിയായി ജനിച്ച ഈ ദ്രൌപതി. ആ അഞ്ചിന്ദ്രന്മാരാണ് ഈ പാണ്ഡവര്‍. ഇവളേ ഇവര്‍ക്കു വിവാഹം കഴിച്ചു കൊടുക്കണമെന്നതു ദൈവ നിശ്ചയമാണ്. ഒട്ടും സംശയം വേണ്ടാ. വ്യാസഭഗവാന്‍ കഥ പറഞ്ഞവസനിപ്പിച്ചു.

സംയുക്താറാണി

0

അപ്പൂപ്പാ ആ മരുമകനേ ഒറ്റിക്കൊടുത്ത ഒരു അമ്മായിഅപ്പന്റെ കാര്യം പറഞ്ഞല്ലോ. ആതിര തുടങ്ങി. ശരിമോളേ. പണ്ട് ദേവലോകത്ത് ഒരു എക്സിക്യൂട്ടീവ് മീറ്റിംഗ്. പരമരഹസ്യമായാണ് മീറ്റിംഗ്. പത്രറിപ്പോര്‍ട്ടര്‍ക്കൊന്നും പ്രവേശനമില്ല. ചീഫ് റിപ്പോര്‍ട്ടര്‍ നാ‍രദര്‍ പോലും മൂന്നുനാലുവലത്തുവച്ചിട്ട് മനം മടുത്ത് പോയി. ദേവേന്ദ്രനും, ബ്രഹസ്പതിയും, അഗ്നിയും മാത്രം.

ദേവേന്ദ്രന്‍:- ആകുലദ്രോഹി ജയച്ചന്ദ്രന്‍ പറ്റിച്ച പണിയേ. ങാ ഭൂമിയിലേ കാര്യം തന്നാ പറയുന്നത്. ആകെക്കൂടെ നമുക്ക് ഭക്ഷണം കിട്ടുന്നത് ഭാരത വര്‍ഷത്തിലേ യജ്ഞങ്ങളില്‍ നിന്നും യാഗങ്ങളില്‍ നിന്നുമാ‍ണ്. അവിടേയും അവന്‍ മുഗളന്മാരേ വിളിച്ചു കയറ്റി നമ്മുടെ കൊറ്റു മുടക്കുമെന്നാണ് തോന്നുന്നത്. ആതീവെട്ടിക്കൊള്ളക്കാരന്റെ മോന്‍ സാമ്രാജ്യം സ്ഥാപിച്ചു വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉടനേ എന്തെങ്കിലും ചെയ്യണം. എന്നുമെന്നും ആ ബ്രഹ്മദേവന്റെ അടുത്ത് പരാതിയുമായി പോകുന്നത് ഒരു നാണക്കേടാണ്. ഇത് നമുക്കു തന്നെ കൈകാര്യം ചെയ്യണം. ആരാ അപ്പൂപ്പാ ജയച്ചന്ദ്രന്‍ -ആതിര ചോദിച്ചു. ങാ അതുപറയാം . പണ്ട് കന്യാകുബ്ജമെന്നൊരു രാജ്യമുണ്ടായിരുന്നു. അവിടുത്തേ രാജാവായിരുന്നു ജയച്ചന്ദ്രന്‍. അന്ന് ഡല്‍ഹി ഭരിച്ചിരുന്നത് പ്രഥ്വിരാജ് ചൌഹാന്‍ എന്ന അതിസമര്‍ഥനായ രാജാവായിരുന്നു. മറ്റു രാജാക്കന്മാരെല്ലാം അദ്ദെഹത്തിന്റെ സാമന്തന്മാരായിരുന്നു-ജയച്ചന്ദ്രന്‍ ഉള്‍പടെ. ജയച്ചന്ദ്രന് അതിസുന്ദരിയായ ഒരു മകള്‍ ഉണ്ടായിരുന്നു. സംയുക്ത. പ്രഥ്വിരാജും സംയുക്തയും തമ്മില്‍ ഇഷ്ടമായിരുന്നു. പക്ഷേ ജയച്ചന്ദ്രന് അതിഷ്ടമല്ല.അങ്ങിനെ ഇരിക്കുമ്പോള്‍ മുഹമ്മദ് ഗോറി എന്ന മുഗളന്‍ ഭാരതത്തേ ആക്രമിച്ചു. പ്രഥ്വീരാജിന്റെ നേതൃത്വത്തില്‍ ഗോറിയേ രാജാക്കന്മാരെല്ലാം ചേര്‍ന്ന് തോല്പിച്ചോടിച്ചു. പ്രഥ്വീരാജിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. ജയച്ചന്ദ്രന് അദ്ദേഹത്തോടുള്ള അസൂയയും.ഇവര്‍ രജപുത്രന്മാരാണ്. രജപുത്രരില്‍ അനവധി വിഭാഗങ്ങളുണ്ട്. ലോധി, ചന്ദാവത്, രാഠോര്‍ തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. തമ്മില്‍ തല്ലിക്കൊണ്ടിരിക്കുകയും പൊതു ശത്രു വന്നാല്‍ ഒന്നിച്ചുനിന്ന് അവരേ എതിര്‍ത്തു തോല്‍പിക്കുകയും. പൊതു ശത്രു ഇല്ലാത്തപ്പോള്‍ വീണ്ടും തമ്മില്‍ തല്ലുകയും ആണ് അവരുടെ ഹോബി. എത്ര ശത്രുതയുണ്ടെങ്കിലും അവര്‍ തമ്മില്‍ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കില്ലെന്ന് ഒരു അലിഖിതമയ നിയമം ഉണ്ടായിരുന്നു. ജയച്ചന്ദ്രന്റെ കാലം വരെ.ജയച്ചന്ദ്രനും പ്രഥ്വീരാജും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ച് പരസ്യമായി. ജയച്ചന്ദ്രന്‍ സംയുക്തയുടെ സ്വയംവരം നിശ്ചയിച്ചു. പ്രഥ്വിരാജിനേ മാത്രം ക്ഷണിച്ചില്ല. സംയുക്ത ദൂതനേ അയച്ച് വിവരം പഥ്വിരാജിനേ അറിയിച്ചു. അദ്ദേഹം ദൂതനേ സമാധാനിപ്പിച്ചു മടക്കി.

സ്വയംവര ദിവസം വന്നു. അവമാനത്തിന്റെ തീവ്രത കൂട്ടാന്‍ ജയച്ചന്ദ്രന്‍ പ്രഥ്വീരാജിന്റെ ഒരു വൈക്കോല്‍പ്രതിമ ദ്വാരപാലകണ്ടെ വേഷത്തില്‍ ഗേറ്റില്‍ വച്ചു. സ്വയംവരത്തിന് രാജകുമാരിയും തോഴിയും വന്നു. നിരനിരുന്ന് ഓരോ രാജാവിന്റേയും ഗുണഗണങ്ങള്‍ തോഴി രാജകുമാരിയേ വര്‍ണ്ണിച്ചു കേള്‍പ്പിക്കും. കേട്ടു കഴിഞ്ഞ് രാജകുമാരിക്ക് അയാളേ മാലയിട്ടു സ്വീകരിക്കുകയോ അടുത്തയാളിന്റെ അടുത്തേക്ക് പോവുകയോ ചെയ്യാം. ഇതാണ് സ്വയംവരം. ഓരോരുത്തരുടേയും മുമ്പില്‍ രാജകുമാരി ഒരുനിമിഷനേരം നിന്ന്, മുന്നോട്ടുനടന്ന് എല്ലാവരും തീര്‍ന്നപ്പോള്‍ നേരേ ഗേറ്റിലേക്കുപോയി പ്രഥ്വീരാജിന്റെ വൈക്കോല്‍ പ്രതിമയില്‍ മാലയിട്ടു. വേഷപ്രച്ഛന്നനായി അവിടെ എത്തിയിരുന്ന പ്രഥ്വീരാജും കൂട്ടരും നൊടിയിടകൊണ്ട് സംയുക്തയേ എടുത്ത് കുതിരപ്പുറത്ത് വച്ച് സ്ഥലം വിട്ടു. ആള്‍ പ്രഥ്വിരാജനാണെന്നറിഞ്ഞ് മറ്റു രാജാക്കന്മാര്‍ ശണ്ഠയ്ക്കൊന്നും നിന്നില്ല. അങ്ങിനെ ആ എപ്പിസോഡ് കഴിഞ്ഞു.
ജയച്ച്ചന്ദ്രന്ര്‍ഗെ മനസ്സില്‍ വിദ്വേഷം നീറിപ്പുകഞ്ഞു. പ്രഥ്വീ‍രാജനോടു പതികാരം ചെയ്യണം. അതിനുള്ള ശക്തിയൊട്ടില്ലതാനും. അവസാനം അയാള്‍ ഗോറിയേ കൂട്ടുപിടിക്കാന്‍ തീരുമാനിച്ചു. നോക്കണേ ഒരു വ്യക്തിവൈരാഗ്യം ഒരു രാഷ്ട്രത്തേ എങ്ങിനെ ബാധിച്ചെന്ന്. ഭാരത വിഭജനം വരെ എത്തി അതിന്റെ ബാക്കിപത്രം--തുടര്‍ക്കഥയായി അതു ഇപ്പോഴും നമ്മേ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഗോറി രണ്ടാമതും ഭരതത്തേ ആക്രമിച്ചു. ഇത്തവണ ഉള്ളില്‍നിന്നും ശത്രുക്കളുണ്ടായിരുന്നതുകൊണ്ട് പ്രഥ്വിരാജന് അയാളേ നേരിടുക എളുപ്പമായിരുന്നില്ല. സംയുക്തയും പ്രഥ്വീരാജനും തോളോടു തോള്‍ ചേര്‍ന്ന് പടവെട്ടി വീരസ്വര്‍ഗ്ഗം പ്രാപിച്ചു. രാ‍ജ്യം ഗോറിയുടെ കസ്റ്റഡിയിലായി. ജയച്ചന്ദ്രന്‍ ഗോറിയേ അഭിനന്ദിക്കാന്‍ ചെന്നു. “ രാജ്യദ്രോഹിയേ പിടിച്ചു തലവെട്ടിക്കളയട്ടെ. സ്വന്തം മരുമകനേ ഒറ്റിക്കൊടുത്ത അവന്‍ നമ്മളേ എപ്പോഴാ ചതിക്കുകയെന്നറിയില്ല”. ഗോറി ആജ്ഞാപിച്ചു. ഭാരതത്തിലേ ധനം മുഴുവന്‍ കവര്‍ന്ന് അയാള്‍ സ്ഥലംവിട്ടു. പിന്നീടിങ്ങോട്ട് ഭാരതത്തിന്റെ കഷ്ടകാലമായിരുന്നു. ആര്‍ക്കും എപ്പോഴും വന്ന് എന്തും കൊണ്ടുപോകാം. മഹമ്മദ്ഗസ്നി എന്നൊരാള്‍വന്ന് ക്ഷേത്രങ്ങള്‍ കവര്‍ച്ചചെയ്തു. അതിനു പുറകേ ബാബര്‍വന്നു--അയാളുടെ മകന്‍ ഹുമയൂണ്‍ വന്നു--അയാളാണ് മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചത്. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലാണ് ഇവരെല്ലാം കൈവച്ചത്. ക്ഷേത്രധ്വംസനം തുടര്‍ക്കഥയായി--അല്ല നമ്മളിപ്പോള്‍ ചരിത്രം പഠിക്കുകയല്ലല്ലോ.
നമുക്കു ദേവലോകത്തേക്കു പോകാം. ഹുമയൂണിന്റെ കാലത്താണ് അവിടെ യോഗം കൂടിയത്.

ദേവേന്ദ്രന്‍:- ഗുരോ നമ്മള്‍ എന്തുചെയ്യും. അവിടുത്തേ ആള്‍ക്കാരേക്കൊണ്ട് ഒന്നിനും കൊള്ളത്തില്ലെന്ന് ആ സോമനാഥക്ഷേത്രം തകര്‍ത്തപ്പോള്‍ മനസ്സിലായില്ലേ. കേവലം അഞ്ചു മുഗളന്മാരാണ് ഇരുനൂറില്‍ പരം ആള്‍ക്കാരേ ക്ഷേത്രത്തില്‍ വച്ച് അരിഞ്ഞു തള്ളിയത്. അയ്യോ ഞങ്ങള്‍ പാവങ്ങളാണേ-ഒന്നും ചെയ്യല്ലേ- എന്നു കരഞ്ഞു വിളിച്ചുകൊണ്ടല്ലേ എല്ലാം ചത്തുവീണത്. ഭൌതികമില്ലാത്ത അത്മീയം പഠിപ്പിച്ച്-പഠിപ്പിച്ച് മൊത്തം ജനതയേ ഉപ്പിനും ഉണ്ണിമാങ്ങായ്ക്കും കൊള്ളാത്തവരാക്കി.

ബ്രഹസ്പതി:- നമ്മുടെ ജനതയുടെ മനോഭാവവും മാ‍റിത്തുടങ്ങി. വഞ്ചനയും ചതിയുമല്ലാതെ ഒന്നും കാണാനില്ല. വാക്കിനു വിലയില്ല. അടുത്ത അവതാരത്തിനു സമയമായില്ലതാനും. അല്ലെങ്കിലും നമ്മള്‍ പട്ടിണിയാണെന്നു പറഞ്ഞ് അവതരിക്കണമെന്നു പറയാന്‍ കോള്ളാമോ. ഒരു കാര്യം ചെയ്യാം. ഇന്ദ്രന്‍ ഹുമയൂണിന്റെ മകനായിട്ടു ജനിക്കണം. ഞാന്‍ അത്മാരാമനായി ജനിച്ച് ഗുരു ആകാം. ബാക്കി കാര്യങ്ങള്‍ ഞാന്‍ അവിടെ വച്ചു പറഞ്ഞു തരാം. നാലാമത്തേ തലമുറയില്‍ നമുക്കു മുഗള്‍ വംശം നാമാവശേഷമാക്കാം.

അപ്പഴേ അപ്പൂപ്പാ ശ്യാം കുട്ടന്‍ പറഞ്ഞു-ഒരു സംശയം-ഈ കള്ളക്കഥയെല്ലാം അപ്പൂപ്പന്‍ എന്തിനാ ഇങ്ങനെ ഉണ്ടാക്കി പറയുന്നത്?

എടാ മോനേ ഇത്രയും കഴിവ് അപ്പൂപ്പനുണ്ടെന്നു വിചാരിച്ചതിന് നന്ദി. പക്ഷേ ആരെങ്കിലും എഴുതിയിട്ടില്ലാത്ത ഒറ്റക്കഥപോലും പറയാന്‍ അപ്പൂപ്പന് വിവരമില്ലെന്ന് അപ്പൂപ്പനേ അറിയുന്നവര്‍ക്കറിയാം. മുമ്പ് അപ്പൂപ്പന്‍ സഞ്ജയോപാ‍ഖ്യാനത്തെപ്പറ്റി പറഞ്ഞിട്ടില്ലേ. തോന്ന്യാസപുരാണത്തില്‍ . അതിലേ ഒരദ്ധ്യായത്തിലേയാണ് കഥ. കഥയുണ്ടാക്കുന്നതില്‍ നമ്മുടെ പൂര്‍വ്വീകര്‍ക്കുള്ള വൈദഗ്ദ്ധ്യം പ്രസിദ്ധമല്ലേ. ശൂദ്രന്‍ കവിതയെഴുതുകയില്ലെന്നുള്ള വിശ്വാസംകാത്തുസൂക്ഷിക്കാന്‍ മഹാനായ എഴുത്തച്ഛനേ ഗന്ധര്‍വന്റെ അവതാരമാക്കിയ നാടാണ്. കേള്‍ക്കണോ നിനക്കൊരു കഥ. പണ്ട് സരസന്‍ എന്നൊരു വിനോദമാസികയുണ്ടായിരുന്നു. അതില്‍ വന്നതാണ്. എനികു യാതൊരുത്തരവാദിത്വവുമില്ല. പറഞ്ഞേക്കാം. അല്ലെങ്കില്‍ വേണ്ടാ--നീയൊക്കെക്കൂടെ അതും ഞാന്‍ ഉണ്ടാക്കിയതാണെന്നു പറഞ്ഞു നടക്കും. പോട്ടെ.

അങ്ങനെ ഇന്ദ്രന്‍ ഹുമയൂണിന്റെ മകനായി ജനിച്ചു-അക്ബര്‍ എന്ന പേരില്‍ പ്രസിദ്ധനാ‍യി.
draft

പാഞ്ചാലി

0
അപ്പൂപ്പാ ഈ മരിച്ച ആള്‍ക്കാര്‍ ജീവിച്ചു വരുമോ-ഉണ്ണിക്കാണു സംശയം.

വരും മോനേ. അങ്ങിനെ വന്ന ഒരു ചരിത്രമെനിക്കറിയാം.

ഓ യേശു ക്രിസ്തുവിന്റെ കാര്യമായിരിക്കും-രാംകുട്ടനു പുഛം.

അല്ലെടാ നമ്മുടെ ലക്ഷം വീട്ടിലേ ഗോപാലന്‍ മരിച്ചു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലേ കാര്യമാണേ. പുള്ളിയുടെ ഒരു മോന്‍ ദൂരെനിന്നു വരേണ്ടതുകൊണ്ട് അടുത്തദിവസമാണ് അടക്കം. പിറ്റേദിവസം മോന്‍ വന്നു. അടക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ശവം കുളിപ്പിക്കാന്‍ എടുക്കാന്‍ ചെന്നപ്പോള്‍ ദേ അയാള്‍ എഴുനേറ്റിരിക്കുന്നു.

അപ്പോള്‍ അടുത്തവീട്ടിലൊരു ഘോഷം. അവിടുത്തെ ആള്‍ പെട്ടെന്നു മരിച്ചു. അയാളുടെ പേരും ഗോപാലനെന്നാണ്. ഇതൊന്നറിയണമല്ലോ-അപ്പൂപ്പനു പെട്ടെന്നോരു ഗവേഷണ മോഹം. ദൂരദര്‍ശിനിയും, സൂക്ഷ്മദര്‍ശ്ശിനിയും, സള്‍ഫ്യുറിക്കാസിഡും, ടെസ്റ്റ് ട്യൂബും ഒക്കെ എടുത്ത് മരണവീട്ടില്‍ എത്തി.

അപ്പൂപ്പനെവിടുന്നാ ഈ സാധനമൊക്കെ-കിട്ടു വിടുന്നില്ല.

കഥയില്‍ ചോദ്യമില്ല. ഇതൊക്കെ ഇല്ലാതെ എങ്ങനാ ഗവേഷണം നടത്തുന്നത്-ഈ പിള്ളര്‍ക്ക് ഒരു വിവരവുമില്ല. അങ്ങനെ മരിച്ചവീട്ടില്‍ എത്തി. ആദ്യം മരിച്ച ഗോപാലന്‍ കഥ പറയുകയാണ്. “ കേട്ടോ, എന്നേ കുറെപ്പേര്‍ വലിച്ചിഴച്ച് ഒരുത്തന്റെ മുമ്പില്‍ കൊണ്ടിട്ടു. ഒരു തടിച്ച പുസ്തകവുംകൊണ്ട് ഇരിക്കുന്ന അയാളാണ് ചിത്രഗുപ്തന്‍ ‍-നമ്മടെ എല്ലാ ചരിത്രങ്ങളും അ പുസ്തകത്തില്‍ ഉണ്ടു പോലും.

തനിക്ക് വയസ്സ് അറുപത്-അല്ലേ-അദ്ദേഹം ചോദിച്ചു.

ഇല്ല എനിക്കു നല്പത്തഞ്ചേ ആയുള്ളൂ. ഞാന്‍ പറഞ്ഞു. താന്‍ നാണുവിന്റെ മോനല്ലേ?

അല്ല. എന്റെ അച്ഛന്‍ പരമേശ്വരനാണ്.

അദ്ദേഹം എന്നേ പിടിച്ചു കൊണ്ടു വന്നവരേ രൂക്ഷമായി ഒന്നു നോക്കി. ആളു തെറ്റിയോടാ-അദ്ദേഹം നേതാവിനോടെ ചോദിച്ചു.

ഇല്ല അയാള്‍ പറഞ്ഞു- ഒരു കടലാസു നോക്കി ലക്ഷം വീട്ടില്‍ ഗോപാലന്‍ എന്നു വായിച്ചു--ഇതാ അങ്ങു തന്ന മേല്‍ വിലാസം. ചിത്രഗുപ്തന്‍ വാങ്ങി നോക്കി. ശരിയാണ്-

അദ്ദേഹം ആ തടിച്ച പുസ്തകത്തിന്റെ താളൊന്നു മറിച്ചു. ദേ വേറൊരു ഗോപാലന്‍ - അതും ലക്ഷം വീടാണ്--ശ്ശെ അദ്ദേഹം മുറുമുറുത്തു-കുറേ കോളനി ഉണ്ടാക്കി വച്ചിരിക്കുന്നു--വയസ്സും, അച്ഛന്റെപേരും ഒന്നും ഇല്ലാതെ ആരാ ഈ മേല്‍ വിലാസം എഴുതി വച്ചിരുന്നത്. ഒന്നിനും ഒരു വാലും ചേലും ഇല്ലതായി. പണികൂടിയെന്നു പറഞ്ഞ് കണ്ട വിവരമില്ലാത്തവരെ ഉത്തരവാദിത്വമുള്ള ജോലി ഏല്പിച്ചാല്‍ --

പോയി നാണുവിന്റെ മോന്‍ അറുപതു വയസ്സുള്ള ഗോപാലനേ കൊണ്ടുവാ-ഇവനേ വിട്ടേരെ. അങ്ങനാ ഞാന്‍ തിരിച്ചുവന്നത്“-ഗോപാലന്‍ പറഞ്ഞുനിര്‍ത്തി.

അപ്പുറത്തേവീട്ടിലെ കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാം. എന്റെ ഗവേഷണം അവസാനിച്ചു.

ഹൊ ഈ കാലനും ചിത്രഗുപ്തനും ഒന്നും ഇല്ലായിരുന്നെങ്കില്‍--ആതിരയുടെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി.

മോളേ പണ്ടു ഈ നരകത്തിലേ പണി മടുത്ത് ഒരു യാഗം ചെയ്യാന്‍ ഭൂമിയില്‍വന്നു. യാഗം ചെയ്തുചെയ്ത് അദ്ദേഹം തന്റെ കാര്‍ത്തവ്യം മറന്നു പോയി.

ഒന്നു നില്‍ക്കണേ അപ്പൂപ്പാ-ശ്യാം ഇടയ്ക്കു കയറി. ഈ ചിത്രഗുപ്തനു തെറ്റു പറ്റിയെന്നു പറയുന്നത് അത്ര ശരിയാണെന്നു തോന്നുന്നില്ലല്ലോ.
മോനേ അതു ശരിയാണെന്നു ഗോപാലന്റെ കഥ കേട്ടിട്ടും എനിക്കും അത്ര വിശ്വാസം വന്നില്ല. പക്ഷേ കഴിഞ്ഞ രണ്ടു തവണത്തേ റേഷന്‍ കാര്‍ഡു കണ്ടതോടുകൂടി എന്റെ അഭിപ്രായം കുറേശ്ശെമാറിത്തുടങ്ങി. ചിലതിനകത്ത് അമ്മക്ക് പതിനെട്ടു വയസ്സ്-മകള്‍ക്ക് അറുപത്തിരണ്ട്. ചിലതില്‍ അമ്മ ആണും അച്ഛന്‍ പെണ്ണും. പണ്ട് ആള്‍ക്കാര്‍ കുറവായിരുന്നപ്പോള്‍ ചിത്രഗുപ്തന്‍ എല്ലാം കറക്റ്റായിട്ടു ചെയ്തു കാണുമെന്നും ഇപ്പോഴത്തേപ്പോലെ പണി കൂടിയപ്പോള്‍ സംയമനികയിലേ അയല്‍ക്കൂട്ടക്കരേ ഏല്പിച്ചുകാണുമെന്നും എനിക്കു തോന്നി.

എന്താഅപ്പൂപ്പാ ഈ സംയമനിക ഉണ്ണിക്കു സംശയം. എടാ അതല്ലേ കാലന്റെ രാജധാനി.
അപ്പോള്‍ ഈഅയല്‍കൂട്ടക്കാര്‍ക്ക് ഒന്നും അറിഞ്ഞു കൂടാന്നാണോ ആതിരചോദിച്ചു. അമ്മൂമ്മ കേള്‍ക്കണ്ടാ. അമ്മൂമ്മയും അയല്‍കൂട്ടത്തിലുണ്ട്.

അയ്യോ മക്കളെ അതല്ല പറഞ്ഞത്--ചീഫ്സെക്രട്ടറിയെ പിടിച്ച് ഹാര്‍ട്ട് ഓപ്പരേഷന്‍ ഏല്പിച്ചാല്‍ എങ്ങിനെയിരിക്കും. ഓരോരുത്തര്‍ക്കും അറിയാവുന്ന പണിയേ കൊടുക്കാവൂ. അതേയുള്ളൂ.

അനന്തമജ്ഞാതമവര്‍ണ്ണ്നീയ-മീലോകചക്രം തിരിയുന്ന മാര്‍ഗ്ഗം.
അതിന്റെയെങ്ങാണ്ടൊരു കോണില്‍ നിന്നു-നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു.

അതുപോട്ടെ. അങ്ങനെ കാലന്‍ പണിനിര്‍ത്തിയപ്പോള്‍ ഭൂമിയിലേകാര്യം ആകെ കുളമായി. ഇപ്പോള്‍ തന്നെ ജോലി ചെയ്ത കാലത്തേക്കാള്‍ കൂടുതല്‍ കാലം പെന്‍ഷന്‍ വാങ്ങുന്നെന്നു പറഞ്ഞു പ്രശ്നമാണ്. പിന്നെ കാലനും കൂടി ഇല്ലാതായാല്‍ പറയണോ. കുഞ്ചന്‍ നമ്പ്യാരുടെഭാഷയില്‍ പറയാം--

“വൃദ്ധന്മാരൊരു കൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍-ചത്തു കൊള്‍വതിനേതും കഴിവില്ല കാലനില്ല.
അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോള്‍--കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പനവര്‍ക്കുണ്ട്.”

ആളുകൂടി താമസിക്കാന്‍ സ്ഥലമോ കഴിക്കാന്‍ ഭക്ഷണമോഇല്ലാതെയായെങ്കിലും ആരുംമരിക്കത്തില്ല. അതുകൊണ്ട് ദൈവവിശ്വാസം ഇല്ലാതായി.
“പാട്ടുകേട്ടാലാര്‍ക്കു സൌഖ്യം പട്ടിണിയായ്കിടകുമ്പൊള്‍-
-ഊട്ടുകേട്ടാല്‍ തലപൊക്കുമതുകേള്‍ക്കാനുമില്ലെങ്ങും.“

മരിക്കാതെ സ്വര്‍ഗ്ഗത്തില്‍ പോകാനൊക്കില്ലാല്ലോ-അതുകൊണ്ട് യജ്ഞവും യാഗവും ഒന്നും ഇല്ല. സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രനും ദേവന്മാരും പട്ടിണിയായി. ഭൂമിയില്‍ യജ്ഞ-യാഗാദികള്‍ നടന്നിട്ടു വേണമല്ലോ അവര്‍ക്ക് ആഹാരം കിട്ടാന്‍ . ദേവേന്ദ്രന്‍ പതിവുപോലെ ബ്രഹ്മാവിനേക്കണ്ട് പരാതി ബോധിപ്പിച്ചു. ധര്‍മ്മരാജാവിന്റെ യാഗം കഴിയാതെ ഒരു പണിയും നടക്കത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേവേന്ദ്രന്‍ ധര്‍മ്മരാജാവിനെ തേടി പോയി.

ഇനി നമുക്ക് പാഞ്ചാല രാജ്യത്തേക്കു പോകാം. അവിടെ ഭയങ്കര പ്രശ്നം. പാഞ്ചാലീ സ്വയംവരത്തിന് അര്‍ജ്ജുനന്‍ ജയിച്ചു.

ദേ അമ്മേ ഇന്നത്തേ ഭിക്ഷ എന്നും പറഞ്ഞ് പാഞ്ചാലിയെയും കൊണ്ട് കുന്തീദേവിയുടെ അടുത്തെത്തിയപ്പോള്‍ കാര്യമറിയാതെ --അഞ്ചുപേരും കൂടെ എടുത്തോളാന്‍ കുന്തി പറഞ്ഞു. അതനുസരിച്ച് അഞ്ചുപെരും കൂടെ പാഞ്ചാലിയേ വിവാഹം കഴിക്കുന്ന കാര്യം പാഞ്ചാലരാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം അതു നടക്കത്തില്ലെന്നു കട്ടായം പറഞ്ഞു. അങ്ങനെ ഒരു ഭരണഘടനാ പ്രതിസന്ധി. അപ്പോള്‍ പുരാ‍ണമുനി വ്യാസന്‍ അവിടെ എത്തി ഒരു കഥ പറഞ്ഞു.