പ്രതാപസിംഹന്‍

അപ്പൂപ്പാ റാണാ പ്രതാപസിംഹന്‍ -ആതിര തുടങ്ങി.

ശരി മോളേ പറയാം.

ആരവല്ലീ പര്‍വ്വതനിരകളുടെ താഴ്വാരം. അതിമനോഹരമായ ഒരു പട്ടണം. മേവാറിന്റെ തലസ്ഥാനം അവിടെയാണ്. അവിടെ ഒരു കൊട്ടാരം. നേരം വെളുത്തു വരുന്നതേയുള്ളൂ. എന്തോ ദുരന്തം സംഭവിക്കാന്‍ പോകുന്നപോലെ അന്തരീക്ഷം മ്ലാനമാണ്. ഒരിലപോലും അനങ്ങുന്നില്ല. കൊട്ടാരത്തില്‍ അതിരാവിലത്തേ സാധാരണ ബഹളം.
രണ്ടു കുട്ടികള്‍ ഓടിവരുന്നു. പതിനാലും, പതിനൊന്നും വയസ്സു പ്രായം കാണും. രാവിലത്തേ ആയുധാഭ്യാസം കഴിഞ്ഞു വരുകയാണ്. ഇളയവന്‍ ഭയങ്കര ചൂടിലാണ്. അഭ്യാ‍സസമയത്ത് മൂത്തയാള്‍ അയാളേ തോല്പിച്ചുപോലും. മൂത്തയാള്‍ ശാന്തനാ‍ണ്.

മേവാറിലേ റാണയായിരുന്ന ഉദയസിംഹന്റെ മക്കളായ പ്രതാപനും, ശക്തനുമാണ് ഈ കുട്ടികള്‍.

പ്രതാപന്‍ :- ബഹളം കൂട്ടാതെ ശക്താ. കളിയില്‍ ഇന്നു തോറ്റെന്നു വിചാരിച്ച് വിഷമിക്കാതെ. നാളെ നിനക്കായിരിക്കും ജയം.
ശക്തന്‍ :- എനിക്കൊന്നും കേള്‍ക്കണ്ടാ. എടുക്കു കുന്തം. ഇപ്പോഴറിയണം ആരാ മിടുക്കനെന്ന്. എടുക്ക്-എടുക്ക്-ശക്തന്‍ ബഹളംകൂട്ടി.

ബഹളം കേട്ട് അകത്തുനിന്ന് പ്രൌഢയായ ഒരു സ്ത്രീ ഇറങ്ങിവന്നു. “എന്താശക്താ എന്താണീ ബഹളം” അവര്‍ ചോദിച്ചു .

യുദ്ധത്തില്‍ മരിച്ച ഉദയസിംഹന്റെ റാണിയാണ് അത്. അന്നത്തേ ഭരണാധികാരി. പ്രതാപസിംഹന്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ മേവാറിലേ റാണി.

അമ്മയുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ ശക്തന്‍ രണ്ടു കുന്തങ്ങള്‍ കൊണ്ടുവന്നു. ഒന്നു പ്രതാപനു കൊടുത്തു. എറിയ്-എറിയ്- അവന്‍ വീണ്ടും ബഹളം കുട്ടിക്കൊണ്ടിരുന്നു.

അവന്‍ കുന്തം എറിയാന്‍ ഓങ്ങി നില്‍ക്കുകയാണ്. ഗത്യന്തരമില്ലാതെ പ്രതാപനും തയ്യാറായി.

അരുത് എന്നു പറഞ്ഞ് അമ്മ രണ്ടുപേരുടേയും നടുവില്‍ ചാടിവീഴുകയും, ശക്തന്‍ കുന്തം എറിയുകയും, അത് അമ്മയുടെ മാറില്‍ തറയ്ക്കുകയും എല്ലാം ഒരു നൊടിയിടയില്‍ കഴിഞ്ഞു. പ്രതാപന്‍ അമ്മയേ താങ്ങി- നിങ്ങള്‍ ഇങ്ങനെ വഴക്കിടല്ലേ എന്നു പറഞ്ഞുകൊണ്ട് അമ്മ പ്രാണന്‍ വെടിഞ്ഞു.

ശക്തന് ഒരു കൂസലുമില്ല. ഇടയ്ക്കു വന്നു കേറിയിട്ടല്ലേ-അയാള്‍ ന്യായീകരിച്ചു. പ്രതാപന്‍ ശക്തനേ നാടുകടത്തി.

കാലം വളരെ കഴിഞ്ഞു. അക്ബര്‍ ഹിന്ദുസ്ഥാനിലേ മിക്ക രാജ്യങ്ങളും ചതുരുപായങ്ങള്‍ പ്രയോഗിച്ച്
തന്റെ അധീനതയിലാക്കി. പ്രതാപസിംഹനേ വരുതിലാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. ജയ്പൂര്‍, ഉദയപൂര്‍, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മര്‍ പോലും അക്ബറിനു കപ്പം കൊടുത്ത് സാമന്തന്മാരായി. ഇതിനിടയില്‍ ഒരു വെള്ളിനക്ഷത്രം പോലെ ഭാരതത്തിന്റെ അഭിമാനഭാജനമായി റണാ പ്രതാപസിംഹന്‍ തിളങ്ങിനിന്നു. തങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ അക്ബറേ അനുസരിക്കാതെ നില്‍ക്കുന്നതില്‍ ഈ സാമന്തന്മാര്‍ രഹസ്യമായി അഭിമാനം കൊണ്ടു. അക്ബര്‍ക്കും ഇതറിയാം. മേവാര്‍ കീഴടക്കാതെ രാജ്യം തന്റെ കീഴില്‍ കൊണ്ടു വരുവാന്‍ സാദ്ധ്യമല്ലെന്ന് അക്ബര്‍ക്കറിയാം.

ശര്‍വ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഹനേ തോല്പിക്കണമെന്ന് അക്ബര്‍ തിരുമാനിച്ചു. സ്വപുത്രനായ സലിമിനെ തന്നെ സര്‍വ്വസൈന്യാധിപനായി നിശ്ചയിച്ചു. സലിമിന്റെ നേതൃത്വത്തില്‍ അക്ബറിന്റെ സൈന്യവും, പ്രതാപന്റെ നേതൃത്വത്തില്‍ ശിഷ്ടമുള്ള രജപുത്ര സൈന്യവുമായി ഹല്‍ദിഘട്ട് എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി. പ്രതാപസിംഹനേ വധിക്കരുതെന്ന് അക്ബര്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. സലിമിന് എങ്ങിനെയെങ്കിലും പ്രതാപനേ വധിക്കണം. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ കീഴടക്കുന്നത് അസാദ്ധ്യമാണെന്ന് സലിമിനറിയാം.

സലിം ആനപ്പുറത്താണ്. പ്രതാപന്‍ കുതിരപ്പുറത്തും. പ്രതാപന്റെ കുതിരയുടെ പേര് “ചേതക്‘ എന്നാണ്.

അതൊരു സ്കൂട്ടറിന്റെ പേഅല്ലേ അപ്പൂപ്പാ-ബജാജ് ചേതക്.

അതേ മോനേ പ്രതാപസിംഹന്റെ കുതിരയുടെ ഓര്‍മ്മക്കായി ബജാജ് കമ്പനി ഉണ്ടാക്കിയതാണ്. അത്രയ്ക്കു പ്രസിദ്ധമായിരുന്നു ആ കുതിരപോലും.

ആഭിമന്യുവിനേപ്പോലെ പ്രതാപനേ ഒറ്റയ്ക്ക് വ്യൂഹത്തിലാക്കി. റാണയേ രക്ഷിക്കാന്‍ ശ്രമിച്ച വീരന്മാര്‍ പലരും മരിച്ചുവീണു. പ്രതാപന്‍ ഒറ്റയ്ക്ക് അതിഭയങ്കരമായ യുദ്ധം ചെയ്തു. മുഗള്‍ സേനനായകന്മാരുടെ തലകള്‍ ഭൂമിയില്‍ കിടന്നുരുണ്ടു. സലിമിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ചു. ചേതക് സലിമിന്റെ ആനയുടെ മസ്തകത്തില്‍ കാലുറപ്പിച്ചു. സലിം ആനപ്പുറത്തുനിന്നും വീണു. സലിമിനേയുംകൊണ്ട് മുഗളന്മാര്‍ രക്ഷപെട്ടു. രക്ഷിക്കാന്‍ ശ്രമിച്ച് വ്യൂഹം തകര്‍ന്നു. ഒറ്റയ്ക്കു പോരാടി പ്രതാപസിംഹന്‍ അവശനായി. അദ്ദേഹത്തിന് മാരകമായ മുറിവേറ്റു. അതുമനസ്സിലാക്കിയ ചേതക് അദ്ദേഹത്തേയും കൊണ്ട് പാഞ്ഞുപോയി. രണ്ടു മുഗളന്മാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ഇതുകണ്ട് ദൂരെനിന്ന മറ്റൊരാളും അവരുടെ പിന്നാലേ പോയി.

ഇവര്‍ പോയ വഴിയില്‍ ഒരു നദി ഉണ്ടായിരുന്നു. ചേതക് ഒറ്റച്ചാട്ടത്തിന് നദി കടന്നു. പുറകേ വന്ന മുഗളന്മാ‍രുടെ കുതിരകള്‍ നദിക്കരയില്‍ നിന്നു. അവര്‍ക്കു നദി കടക്കാന്‍ ആഴം കുറഞ്ഞ സ്ഥലം കണ്ടുപിടിക്കേണ്ടിവന്നു. അപ്പോഴേക്കും മൂന്നാമനും അവിടെ എത്തി.

അക്കരെ ചാടി വീണ ചേതക് മരിച്ചാണ് വീണത്. പ്രതാപന്‍ ദുരെ തെറിച്ചുവീണ് ബോധരഹിതനായി. നദി കടന്ന്മറ്റവര്‍ എത്തിയപ്പോഴേക്കും ബോധം തിരിച്ചുകിട്ടി. അമിതമായ രക്തശ്രാവംകൊണ്ട് അവശനായിരുന്നെങ്കിലും ശത്രുക്കളെക്കണ്ട് വാളുമായി എഴുനേറ്റു. രണ്ടുപേരോടും പോരാടി കുഴഞ്ഞു വീണു. അപ്പോഴേക്കും മൂന്നാ‍മന്‍ അവിടെ എത്തി.

ആരാ അപ്പൂപ്പാ ഈ മൂന്നാമന്‍-കുറേ നേരം കൊണ്ട് മൂന്നാമന്‍ മൂന്നാമന്‍ എന്നു പറയുന്നല്ലോ. ആതിരയ്ക്ക് ജിജ്ഞാസ അടക്കാന്‍ വയ്യാതായി.

അതോ- അത് പണ്ടു പ്രതാപന്‍ നാടുകടത്തിയ അനിയന്‍ ശക്തനാണ്. പ്രതാപനോടുള്ള പകതീര്‍ക്കാന്‍ മുഗളരേ സഹായിച്ചുകൊണ്ട് അവരുടെ സൈന്യത്തില്‍ ചേര്‍ന്ന് നടക്കുകയായിരുന്നു. ഹല്‍ദിഘട്ടില്‍ വച്ചുള്ള യുദ്ധത്തില്‍ തന്റെ ചേട്ടന്റെ വീരപരാക്രമം കണ്ട് മനസ്സിലേ സകല പകയും പോയി. ഹൃദയം അഭിമാനവിജ്രംഭിതമായി-സ്വയം പുച്ഛംതോന്നി. പ്രതാപന്റെ പിന്നാലേ മുഗളന്മാര്‍ പോകുന്നതു കണ്ട് അവരേ പിന്തുടര്‍ന്നതാണ്.

Comments (0)