സംയുക്താറാണി


അപ്പൂപ്പാ ആ മരുമകനേ ഒറ്റിക്കൊടുത്ത ഒരു അമ്മായിഅപ്പന്റെ കാര്യം പറഞ്ഞല്ലോ. ആതിര തുടങ്ങി. ശരിമോളേ. പണ്ട് ദേവലോകത്ത് ഒരു എക്സിക്യൂട്ടീവ് മീറ്റിംഗ്. പരമരഹസ്യമായാണ് മീറ്റിംഗ്. പത്രറിപ്പോര്‍ട്ടര്‍ക്കൊന്നും പ്രവേശനമില്ല. ചീഫ് റിപ്പോര്‍ട്ടര്‍ നാ‍രദര്‍ പോലും മൂന്നുനാലുവലത്തുവച്ചിട്ട് മനം മടുത്ത് പോയി. ദേവേന്ദ്രനും, ബ്രഹസ്പതിയും, അഗ്നിയും മാത്രം.

ദേവേന്ദ്രന്‍:- ആകുലദ്രോഹി ജയച്ചന്ദ്രന്‍ പറ്റിച്ച പണിയേ. ങാ ഭൂമിയിലേ കാര്യം തന്നാ പറയുന്നത്. ആകെക്കൂടെ നമുക്ക് ഭക്ഷണം കിട്ടുന്നത് ഭാരത വര്‍ഷത്തിലേ യജ്ഞങ്ങളില്‍ നിന്നും യാഗങ്ങളില്‍ നിന്നുമാ‍ണ്. അവിടേയും അവന്‍ മുഗളന്മാരേ വിളിച്ചു കയറ്റി നമ്മുടെ കൊറ്റു മുടക്കുമെന്നാണ് തോന്നുന്നത്. ആതീവെട്ടിക്കൊള്ളക്കാരന്റെ മോന്‍ സാമ്രാജ്യം സ്ഥാപിച്ചു വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉടനേ എന്തെങ്കിലും ചെയ്യണം. എന്നുമെന്നും ആ ബ്രഹ്മദേവന്റെ അടുത്ത് പരാതിയുമായി പോകുന്നത് ഒരു നാണക്കേടാണ്. ഇത് നമുക്കു തന്നെ കൈകാര്യം ചെയ്യണം. ആരാ അപ്പൂപ്പാ ജയച്ചന്ദ്രന്‍ -ആതിര ചോദിച്ചു. ങാ അതുപറയാം . പണ്ട് കന്യാകുബ്ജമെന്നൊരു രാജ്യമുണ്ടായിരുന്നു. അവിടുത്തേ രാജാവായിരുന്നു ജയച്ചന്ദ്രന്‍. അന്ന് ഡല്‍ഹി ഭരിച്ചിരുന്നത് പ്രഥ്വിരാജ് ചൌഹാന്‍ എന്ന അതിസമര്‍ഥനായ രാജാവായിരുന്നു. മറ്റു രാജാക്കന്മാരെല്ലാം അദ്ദെഹത്തിന്റെ സാമന്തന്മാരായിരുന്നു-ജയച്ചന്ദ്രന്‍ ഉള്‍പടെ. ജയച്ചന്ദ്രന് അതിസുന്ദരിയായ ഒരു മകള്‍ ഉണ്ടായിരുന്നു. സംയുക്ത. പ്രഥ്വിരാജും സംയുക്തയും തമ്മില്‍ ഇഷ്ടമായിരുന്നു. പക്ഷേ ജയച്ചന്ദ്രന് അതിഷ്ടമല്ല.അങ്ങിനെ ഇരിക്കുമ്പോള്‍ മുഹമ്മദ് ഗോറി എന്ന മുഗളന്‍ ഭാരതത്തേ ആക്രമിച്ചു. പ്രഥ്വീരാജിന്റെ നേതൃത്വത്തില്‍ ഗോറിയേ രാജാക്കന്മാരെല്ലാം ചേര്‍ന്ന് തോല്പിച്ചോടിച്ചു. പ്രഥ്വീരാജിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. ജയച്ചന്ദ്രന് അദ്ദേഹത്തോടുള്ള അസൂയയും.ഇവര്‍ രജപുത്രന്മാരാണ്. രജപുത്രരില്‍ അനവധി വിഭാഗങ്ങളുണ്ട്. ലോധി, ചന്ദാവത്, രാഠോര്‍ തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. തമ്മില്‍ തല്ലിക്കൊണ്ടിരിക്കുകയും പൊതു ശത്രു വന്നാല്‍ ഒന്നിച്ചുനിന്ന് അവരേ എതിര്‍ത്തു തോല്‍പിക്കുകയും. പൊതു ശത്രു ഇല്ലാത്തപ്പോള്‍ വീണ്ടും തമ്മില്‍ തല്ലുകയും ആണ് അവരുടെ ഹോബി. എത്ര ശത്രുതയുണ്ടെങ്കിലും അവര്‍ തമ്മില്‍ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കില്ലെന്ന് ഒരു അലിഖിതമയ നിയമം ഉണ്ടായിരുന്നു. ജയച്ചന്ദ്രന്റെ കാലം വരെ.ജയച്ചന്ദ്രനും പ്രഥ്വീരാജും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ച് പരസ്യമായി. ജയച്ചന്ദ്രന്‍ സംയുക്തയുടെ സ്വയംവരം നിശ്ചയിച്ചു. പ്രഥ്വിരാജിനേ മാത്രം ക്ഷണിച്ചില്ല. സംയുക്ത ദൂതനേ അയച്ച് വിവരം പഥ്വിരാജിനേ അറിയിച്ചു. അദ്ദേഹം ദൂതനേ സമാധാനിപ്പിച്ചു മടക്കി.

സ്വയംവര ദിവസം വന്നു. അവമാനത്തിന്റെ തീവ്രത കൂട്ടാന്‍ ജയച്ചന്ദ്രന്‍ പ്രഥ്വീരാജിന്റെ ഒരു വൈക്കോല്‍പ്രതിമ ദ്വാരപാലകണ്ടെ വേഷത്തില്‍ ഗേറ്റില്‍ വച്ചു. സ്വയംവരത്തിന് രാജകുമാരിയും തോഴിയും വന്നു. നിരനിരുന്ന് ഓരോ രാജാവിന്റേയും ഗുണഗണങ്ങള്‍ തോഴി രാജകുമാരിയേ വര്‍ണ്ണിച്ചു കേള്‍പ്പിക്കും. കേട്ടു കഴിഞ്ഞ് രാജകുമാരിക്ക് അയാളേ മാലയിട്ടു സ്വീകരിക്കുകയോ അടുത്തയാളിന്റെ അടുത്തേക്ക് പോവുകയോ ചെയ്യാം. ഇതാണ് സ്വയംവരം. ഓരോരുത്തരുടേയും മുമ്പില്‍ രാജകുമാരി ഒരുനിമിഷനേരം നിന്ന്, മുന്നോട്ടുനടന്ന് എല്ലാവരും തീര്‍ന്നപ്പോള്‍ നേരേ ഗേറ്റിലേക്കുപോയി പ്രഥ്വീരാജിന്റെ വൈക്കോല്‍ പ്രതിമയില്‍ മാലയിട്ടു. വേഷപ്രച്ഛന്നനായി അവിടെ എത്തിയിരുന്ന പ്രഥ്വീരാജും കൂട്ടരും നൊടിയിടകൊണ്ട് സംയുക്തയേ എടുത്ത് കുതിരപ്പുറത്ത് വച്ച് സ്ഥലം വിട്ടു. ആള്‍ പ്രഥ്വിരാജനാണെന്നറിഞ്ഞ് മറ്റു രാജാക്കന്മാര്‍ ശണ്ഠയ്ക്കൊന്നും നിന്നില്ല. അങ്ങിനെ ആ എപ്പിസോഡ് കഴിഞ്ഞു.
ജയച്ച്ചന്ദ്രന്ര്‍ഗെ മനസ്സില്‍ വിദ്വേഷം നീറിപ്പുകഞ്ഞു. പ്രഥ്വീ‍രാജനോടു പതികാരം ചെയ്യണം. അതിനുള്ള ശക്തിയൊട്ടില്ലതാനും. അവസാനം അയാള്‍ ഗോറിയേ കൂട്ടുപിടിക്കാന്‍ തീരുമാനിച്ചു. നോക്കണേ ഒരു വ്യക്തിവൈരാഗ്യം ഒരു രാഷ്ട്രത്തേ എങ്ങിനെ ബാധിച്ചെന്ന്. ഭാരത വിഭജനം വരെ എത്തി അതിന്റെ ബാക്കിപത്രം--തുടര്‍ക്കഥയായി അതു ഇപ്പോഴും നമ്മേ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഗോറി രണ്ടാമതും ഭരതത്തേ ആക്രമിച്ചു. ഇത്തവണ ഉള്ളില്‍നിന്നും ശത്രുക്കളുണ്ടായിരുന്നതുകൊണ്ട് പ്രഥ്വിരാജന് അയാളേ നേരിടുക എളുപ്പമായിരുന്നില്ല. സംയുക്തയും പ്രഥ്വീരാജനും തോളോടു തോള്‍ ചേര്‍ന്ന് പടവെട്ടി വീരസ്വര്‍ഗ്ഗം പ്രാപിച്ചു. രാ‍ജ്യം ഗോറിയുടെ കസ്റ്റഡിയിലായി. ജയച്ചന്ദ്രന്‍ ഗോറിയേ അഭിനന്ദിക്കാന്‍ ചെന്നു. “ രാജ്യദ്രോഹിയേ പിടിച്ചു തലവെട്ടിക്കളയട്ടെ. സ്വന്തം മരുമകനേ ഒറ്റിക്കൊടുത്ത അവന്‍ നമ്മളേ എപ്പോഴാ ചതിക്കുകയെന്നറിയില്ല”. ഗോറി ആജ്ഞാപിച്ചു. ഭാരതത്തിലേ ധനം മുഴുവന്‍ കവര്‍ന്ന് അയാള്‍ സ്ഥലംവിട്ടു. പിന്നീടിങ്ങോട്ട് ഭാരതത്തിന്റെ കഷ്ടകാലമായിരുന്നു. ആര്‍ക്കും എപ്പോഴും വന്ന് എന്തും കൊണ്ടുപോകാം. മഹമ്മദ്ഗസ്നി എന്നൊരാള്‍വന്ന് ക്ഷേത്രങ്ങള്‍ കവര്‍ച്ചചെയ്തു. അതിനു പുറകേ ബാബര്‍വന്നു--അയാളുടെ മകന്‍ ഹുമയൂണ്‍ വന്നു--അയാളാണ് മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചത്. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലാണ് ഇവരെല്ലാം കൈവച്ചത്. ക്ഷേത്രധ്വംസനം തുടര്‍ക്കഥയായി--അല്ല നമ്മളിപ്പോള്‍ ചരിത്രം പഠിക്കുകയല്ലല്ലോ.
നമുക്കു ദേവലോകത്തേക്കു പോകാം. ഹുമയൂണിന്റെ കാലത്താണ് അവിടെ യോഗം കൂടിയത്.

ദേവേന്ദ്രന്‍:- ഗുരോ നമ്മള്‍ എന്തുചെയ്യും. അവിടുത്തേ ആള്‍ക്കാരേക്കൊണ്ട് ഒന്നിനും കൊള്ളത്തില്ലെന്ന് ആ സോമനാഥക്ഷേത്രം തകര്‍ത്തപ്പോള്‍ മനസ്സിലായില്ലേ. കേവലം അഞ്ചു മുഗളന്മാരാണ് ഇരുനൂറില്‍ പരം ആള്‍ക്കാരേ ക്ഷേത്രത്തില്‍ വച്ച് അരിഞ്ഞു തള്ളിയത്. അയ്യോ ഞങ്ങള്‍ പാവങ്ങളാണേ-ഒന്നും ചെയ്യല്ലേ- എന്നു കരഞ്ഞു വിളിച്ചുകൊണ്ടല്ലേ എല്ലാം ചത്തുവീണത്. ഭൌതികമില്ലാത്ത അത്മീയം പഠിപ്പിച്ച്-പഠിപ്പിച്ച് മൊത്തം ജനതയേ ഉപ്പിനും ഉണ്ണിമാങ്ങായ്ക്കും കൊള്ളാത്തവരാക്കി.

ബ്രഹസ്പതി:- നമ്മുടെ ജനതയുടെ മനോഭാവവും മാ‍റിത്തുടങ്ങി. വഞ്ചനയും ചതിയുമല്ലാതെ ഒന്നും കാണാനില്ല. വാക്കിനു വിലയില്ല. അടുത്ത അവതാരത്തിനു സമയമായില്ലതാനും. അല്ലെങ്കിലും നമ്മള്‍ പട്ടിണിയാണെന്നു പറഞ്ഞ് അവതരിക്കണമെന്നു പറയാന്‍ കോള്ളാമോ. ഒരു കാര്യം ചെയ്യാം. ഇന്ദ്രന്‍ ഹുമയൂണിന്റെ മകനായിട്ടു ജനിക്കണം. ഞാന്‍ അത്മാരാമനായി ജനിച്ച് ഗുരു ആകാം. ബാക്കി കാര്യങ്ങള്‍ ഞാന്‍ അവിടെ വച്ചു പറഞ്ഞു തരാം. നാലാമത്തേ തലമുറയില്‍ നമുക്കു മുഗള്‍ വംശം നാമാവശേഷമാക്കാം.

അപ്പഴേ അപ്പൂപ്പാ ശ്യാം കുട്ടന്‍ പറഞ്ഞു-ഒരു സംശയം-ഈ കള്ളക്കഥയെല്ലാം അപ്പൂപ്പന്‍ എന്തിനാ ഇങ്ങനെ ഉണ്ടാക്കി പറയുന്നത്?

എടാ മോനേ ഇത്രയും കഴിവ് അപ്പൂപ്പനുണ്ടെന്നു വിചാരിച്ചതിന് നന്ദി. പക്ഷേ ആരെങ്കിലും എഴുതിയിട്ടില്ലാത്ത ഒറ്റക്കഥപോലും പറയാന്‍ അപ്പൂപ്പന് വിവരമില്ലെന്ന് അപ്പൂപ്പനേ അറിയുന്നവര്‍ക്കറിയാം. മുമ്പ് അപ്പൂപ്പന്‍ സഞ്ജയോപാ‍ഖ്യാനത്തെപ്പറ്റി പറഞ്ഞിട്ടില്ലേ. തോന്ന്യാസപുരാണത്തില്‍ . അതിലേ ഒരദ്ധ്യായത്തിലേയാണ് കഥ. കഥയുണ്ടാക്കുന്നതില്‍ നമ്മുടെ പൂര്‍വ്വീകര്‍ക്കുള്ള വൈദഗ്ദ്ധ്യം പ്രസിദ്ധമല്ലേ. ശൂദ്രന്‍ കവിതയെഴുതുകയില്ലെന്നുള്ള വിശ്വാസംകാത്തുസൂക്ഷിക്കാന്‍ മഹാനായ എഴുത്തച്ഛനേ ഗന്ധര്‍വന്റെ അവതാരമാക്കിയ നാടാണ്. കേള്‍ക്കണോ നിനക്കൊരു കഥ. പണ്ട് സരസന്‍ എന്നൊരു വിനോദമാസികയുണ്ടായിരുന്നു. അതില്‍ വന്നതാണ്. എനികു യാതൊരുത്തരവാദിത്വവുമില്ല. പറഞ്ഞേക്കാം. അല്ലെങ്കില്‍ വേണ്ടാ--നീയൊക്കെക്കൂടെ അതും ഞാന്‍ ഉണ്ടാക്കിയതാണെന്നു പറഞ്ഞു നടക്കും. പോട്ടെ.

അങ്ങനെ ഇന്ദ്രന്‍ ഹുമയൂണിന്റെ മകനായി ജനിച്ചു-അക്ബര്‍ എന്ന പേരില്‍ പ്രസിദ്ധനാ‍യി.
draft

Comments (0)