കണ്ണുണ്ടായാല്‍ പോരാ കാണണം

0
അപ്പൂപ്പാ ഈ പരീക്ഷയാണെന്നു പറഞ്ഞ് അമ്മയും അച്ഛനും എപ്പഴും വഴക്കാണ്. ഞാന്‍ വായിച്ചെന്നു പറഞ്ഞാല്‍-വായിച്ചാല്‍ പോരാ പഠിക്കണമെന്ന് പറയും--വെറുതേ ഇരിക്കുമ്പോള്‍ വായിക്കാന്‍ പറയും. ഒരു സ്വൈരവുമില്ല. ഈ വായിച്ചാല്‍ പോരാ പഠിക്കണമെന്നു പറഞ്ഞാല്‍ എന്തവാ അപ്പൂപ്പാ അര്‍ത്ഥം. കിട്ടുവിന് പബ്ലിക്ക് പരീക്ഷയാണ്. അതാണ് പ്രശ്നം.

മക്കളേ പണ്ട് ഷംസുദീന്‍ എന്നൊരാള്‍ അറേബ്യയിലേ മരുഭൂമിയിലുള്ള് ഒരു പാതയിലൂടെ പതുക്കെ നടനു പോകുകയായിരുന്നു. ചുറ്റുപാടും നോക്കി ആസ്വദിച്ചുകൊണ്ടായിരുന്നു യാത്ര. അപ്പോള്‍ നമ്മുടെ നിസ്സാം ഓടിക്കിതച്ചു വരുന്നു. ഷംസുദീനേ കണ്ട് അയാള്‍ അണച്ചുകൊണ്ട് ചോദിച്ചു. നിങ്ങള്‍ ഒരൊട്ടകത്തിനേ കണ്ടോ?

ഷംസുദീന്‍:- (അല്പം ആലോചിച്ച്) ഒരു കാല്‍ മുടന്തുള്ളതാണോ?
നിസ്സാം:- അതെ. എവിടെയാണത്?
ഷംസുദീന്‍:- അതിന്റെ ഇടത്തു കണ്ണിനു കാഴ്ചയില്ല. അല്ലേ?
നിസ്സാം:- അതേ അതു തന്നെ‌.
സംസുദീന്‍:- അതിന്റെ മുന്‍ വശത്ത് മുകളിലേ നിരയിലേ ഒരു പല്ലില്ല. അല്ലേ?
നിസ്സാം:- ശരിയാണ്. അതു തന്നെയാണ് എന്റെ ഒട്ടകം.
ഷംസുദീന്‍:- അതിന്റെ പുറത്ത് ഒരുഭാഗത്ത് സഞ്ചിയില്‍ ഗോതമ്പും, മറുവശത്ത് ശര്‍ക്കരയും ആയിരുന്നു അല്ലേ?
നിസ്സാം:- എന്റിഷ്ടാ അതുതന്നെ. അതെവിടെയാണെന്ന് ഒന്നു വേഗം പറയൂ.
ഴംസുദീന്‍:- എനിക്കറിയില്ല. ഞാന്‍ അതിനേ കണ്ടിട്ടുപോലും ഇല്ല.

ഹെന്ത്! പിള്ളാരെല്ലാം ഒന്നിച്ചു ചോദിച്ചു.

അതേ മക്കളേ ഇതു തന്നെയാണ് നിസ്സാമും ചോദിച്ചത്. തന്നെയുമല്ല അയാള്‍ ആളേക്കൂട്ടി ഷംസുദീനേ കാലിഫിന്റെ അടുത്തെത്തിച്ച്, ഈയാള്‍ എന്റെ ഒട്ടകത്തിനേ മോഷ്ടിച്ചെന്ന് പരാതി പറയുകയും ചെയ്തു.

അങ്ങനെ തന്നെ വേണം-ആതിര പറഞ്ഞു. ഇങ്ങനെ നട്ടാല്‍ മുളക്കാത്ത കള്ളം പറയരുതല്ലോ. എന്നിട്ട് കാലിഫ് എന്തു ചെയ്തു.

ങാ കേട്ടോളൂ.
കാലിഫ്:- നിങ്ങള്‍ ഈയാളുടെ ഒട്ടകത്തിനേ മോഷ്ടിച്ചോ?
ഷംസുദീന്‍ :- ഇല്ല. ഞാനതിനേ കണ്ടിട്ടില്ല.
നിസ്സാം:- പിന്നെ അതിന്റെ ഒരു കാലിനു മുടന്തുണ്ടെന്ന് എങ്ങിനെ അറിഞ്ഞു?
ഷംസുദീന്‍ :- അതു നടന്ന പാതയില്‍ ഒരു കാല്‍ ശരിക്കു പതിഞ്ഞിരുന്നില്ല. മറ്റു മൂന്നു കാല്‍പാടുകളുംവ്യക്തമായി കാണാമായിരുന്നു. അതുകൊണ്ട് അതിന്റെ ഒരുകാല്‍ സ്വാധീനമില്ലാത്തതാണെന്ന് നിശ്ചയിച്ചു.
നിസ്സാം:- ശരി. അതിന്റെ ഇടത്തുകണ്ണിനു കാഴ്ചയില്ലെന്ന് എങ്ങിനെ മനസ്സിലായി?
ഷംസുദീന്‍ :- അതോ. അതു നടന്നിരുന്ന വഴിയില്‍ രണ്ടു വശത്തും നിറച്ചു ചെടികളായിരുന്നു. വലത്തുവശത്തുള്ള ചെടികള്‍ മാത്രമേ അതു കടിച്ചതായി കണ്ടുള്ളൂ. അപ്പോള്‍ അതിന്‍ ഇടത്തുകണ്ണിന് കാഴ്ചയില്ലെന്ന് മനസ്സിലായി.
നിസ്സാം:- അതിന്‍ മുന്‍ നിരയില്‍ ഒരു പല്ലില്ലെന്നു പറഞ്ഞതോ?
ഷംസുദീന്‍ :- അത് നിസ്സരമല്ലേ? അതു കടിച്ചിരുന്ന ഇലയില്‍ ഒന്നും ഒരു പല്ലു പതിഞ്ഞിരുന്നില്ല.
നിസ്സാം:- അതിന്റെ പുറത്തുണ്ടായിരുന്ന സാധനം എങ്ങിനെ അറിഞ്ഞു. അതു നിങ്ങള്‍ എടുത്തതു തന്നെ-കാലിഫിനോട്-പൊന്നുടയതേ എന്റെ ഒട്ടകത്തിനേ ഈയാളുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചു തരണേ-ഞാനൊരു പാവമാണേ.
കാലിഫ്:- പറയടോ. അതിന്റെ പുറത്തുണ്ടായിരുന്ന സാധനം താന്‍ എങ്ങിനെ അറിഞ്ഞു?
ഷംസുദീന്‍ :- ഹുസൂര്‍, പറയാം. ഒട്ടകം നടന്നിരുന്ന വഴിയുടെ ഒരു വശത്ത് ഉറുമ്പുകള്‍ ഗോതമ്പു മണികള്‍ കൊണ്ടുപോകുന്നതും, മറ്റേ വശത്ത് ശര്‍ക്കര തുള്ളീകളില്‍ ഈച്ച ആര്‍ക്കുന്നതും കണ്ടു. അതു രണ്ടുമായിരുന്നു അതിന്റെ പുറത്തെന്നു തീരുമാനിച്ചു. നിസ്സാം അതെല്ലാം സമ്മതിക്കുകയും ചെയ്തല്ലോ.

കാലിഫ് വിധി പറഞ്ഞു. നിസാമിനോട്--എടോ കണ്ണുണ്ടായാല്‍ പോരാ കാണണം. തലയിലും വല്ലോം വേണം. പോയി തന്റെ ഒട്ടകത്തിനേ കണ്ടു പിടിച്ചോളൂ. നിരപരാധികളുടെ മേല്‍ കുതിര കയറിയാല്‍‍---അദ്ദേഹം അര്‍ധോക്തിയില്‍ നിര്‍ത്തി. ഷംസുദീനേ അന്നു തന്നെ തന്റെ മന്ത്രിയായി നിയമിക്കുകയും ചെയ്തു.

അതുകൊണ്ടു മക്കളേ പുസ്തകം ചുമ്മാ വായിച്ചാല്‍ പോരാ. ആതിലെന്താണുള്ളതെന്ന് അലോചിച്ച് മനസ്സിലാക്കുകയും വേണം. ഇതാണ് അമ്മയും അച്ഛനും പറയുനത്. പോ-പോയി പഠിക്ക്.

സാക്ഷി

0
അപ്പൂപ്പോ ഈ അറേബ്യന്‍ രാജ്യങളിലൊക്കെ ഇപ്പോള്‍ പ്രശ്നമാണല്ലോ. ഭയങ്കര കര്‍ശ്ശന നിയമങ്ങളാണെന്നും, ഒരു തരത്തിലുള അച്ചടക്ക ലംഘനങ്ങളും അനുവദിക്കത്തില്ലെന്നും മറ്റുമാണല്ലോ നമ്മള്‍ കേട്ടിരുന്നത്. എന്തുപറ്റി? രാംകുട്ടന് ലോകകാര്യങ്ങളില്‍ വളരെ ശ്രദ്ധയാണ്.

മക്കളേ വളരെ നീതിമാന്മാരും സത്യസന്ധരും മര്യാദക്കാരുമായ ഒരു ജനതയായിരുന്നു അറബികള്‍. കൂടുതല്‍ പാവങ്ങള്‍ക്കു പറ്റുന്ന പറ്റേ അവര്‍ക്കും പറ്റിയുള്ളൂ. കളിപ്പീരുകാരേ തിരിച്ചറിയാന്‍ വയ്യാതെ അവരുടെ വലയില്‍ പെട്ടുപോയ പാവങ്ങളാണ് അറബികള്‍.പണ്ട് ഒരൊട്ടകത്തിന് തലവയ്ക്കാന്‍ സ്ഥലം കൊടുത്ത തയ്യല്‍ക്കരന്റെ കഥ കേട്ടിട്ടില്ലേ.

ഞങ്ങളാരും കേട്ടിട്ടില്ല-കോറസ്സ്.

എന്നാല്‍ കേട്ടോളൂ. ഒരു തയ്യല്‍ക്കാരന്‍ . മര്യാദയ്ക്ക് തന്റെ തയ്യലും കൊണ്ട് ക്ഴിഞ്ഞുകൂടുകയാണ്. ഒരു ദിവസം നല്ല മഴ. തയ്യല്‍ക്കാരന്‍ മുമ്പിലുള്ള തുണിമറ താഴ്ത്തി-- തൂവാനം കേറാതെ. അപ്പോള്‍ ഒരു ഒട്ടകം മഴകൊണ്ട് അവിടെ വന്നു. എന്റെ തല നനയാതെ കടയ്ക്കുള്ളിലേക്ക് ഒന്നു വച്ചോട്ടേ എന്നു ചോദിച്ചു. വേണ്ടാ വേണ്ടാ--കഥ കേട്ടാല്‍ മതി-ഒട്ടകം സംസാരിക്കും.

പാവം തയ്യല്‍ക്കാരന്‍ ഒന്നൊതുങ്ങി ഒട്ടകത്തിന്റെ തല നനയാതെ വയ്ക്കാന്‍ ഇടം കൊടുത്തു. അല്പം കഴിഞ്ഞ് ഒട്ടകം പറഞ്ഞു-മേത്തുവെള്ളം വീണ് ഭയങ്കര തണുപ്പ്--അല്പം കൂടി ഒതുങ്ങിയാല്‍ കൊള്ളാം. തയ്യല്‍ക്കാരനു കാരുണ്യം. ഒതുങ്ങി. ഒട്ടകം കുറച്ചുകൂടി അകത്തേക്ക് കയറി. പതുക്കെപ്പതുക്കെ കയറിക്കയറി മൊത്തം ഉള്ളിലായി. തയ്യല്‍ക്കാരന് ഇരിക്കാന്‍ സ്ഥലമില്ല. അയാള്‍ പ്രതിഷേധിച്ചു. നമുക്കു രണ്ടു പേര്‍ക്കും കൂടി ഇതില്‍ സ്ഥലമില്ല. അയാള്‍ പറഞ്ഞു.

എന്നാല്‍ താന്‍ എവിടെങ്കിലും പോ-ഒട്ടകം ദേഷ്യത്തോടെ പറഞ്ഞു. ഞാന്‍ ഇവിടെ നില്‍ക്കാന്‍ പോവുകയാണ്.

പാവം തയ്യല്‍ക്കാരന്‍--ഒട്ടകത്തിനോട് എതിരിടാനുള്ള ശക്തിയില്ല. അയാള്‍ മഴയത്ത് സ്ഥലം വിട്ടു. തടി കേടാക്കാതെ.

നമ്മളും ഇങ്ങനെ തന്നെയാണ്-ഇപ്പോഴും. അല്ലെങ്കില്‍ നമ്മുടെ നികുതിപ്പണം മുഴുവന്‍ കൊള്ളയടിക്കുന്ന ഈ പരിഷകളേ നമ്മള്‍ വെറുതേ വിടുമോ? അങ്ങനെ തലയില്‍ കേറി ഇരുന്നവരേ ഓടിക്കാനാണ് ഇപ്പോള്‍ അറേബ്യയില്‍ പ്രക്ഷോഭം നടക്കുന്നത്.

അവിടുത്തേ നീതിന്യായ വ്യവസ്ഥയേക്കുറിച്ചുല്ല ഒരു കഥ പറയാം. ഒരാള്‍ പണത്തിനു ബുദ്ധിമുട്ടു വന്നപ്പോള്‍ തന്റെ സ്നേഹിതനോടെ പതിനായിരം രൂപാ--അവിടുത്തേ നാണയമെന്നു മനസ്സിലാക്കിയാല്‍ മതി--ആവശ്യപ്പെട്ടു. അയാള്‍ കൊടുത്തു. തിരിച്ചു കൊടുക്കാമെന്നു പറഞ്ഞ സമയത്ത് അയാള്‍ സ്നേഹിതനേ സമീപിച്ചു.

അയാള്‍:- സ്നേഹിതാ ആ പണം കിട്ടിയാല്‍ നന്നായിരുന്നു.
സ്നേഹിതന്‍:- ഏതു പണം?
അയാള്‍:- താന്‍ എന്റെ കൈയ്യില്‍ നിന്നും വാങ്ങിയില്ലേ? പതിനായിരം രൂപാ.
സ്നേഹിതന്‍:- ഞാനോ? തനിക്കെന്താ പിച്ചു പിടിച്ചോ? എനിക്കെന്തിനാ തന്റെ പണം?

തര്‍ക്കം മൂത്തു. രണ്ടുപേരുംകൂടി ന്യായാധിപന്റെ അടുത്തെത്തി.

പണം കൊടുത്തതിനു സാക്ഷിയുണ്ടോ? ന്യായാധിപന്‍ ചോദിച്ചു.

ഇല്ല. അയാള്‍ അറിയിച്ചു.

എവിടെ വച്ചാണ് കൊടുത്തത്? ന്യയാധിപന്‍ ചോദിച്ചു.

ഒരു ഈന്തപ്പനയുടെ ചുവട്ടില്‍ വച്ച്. സ്നേഹിതനായതുകൊണ്ട് സാക്ഷിയുടെ ആവശ്യമില്ലെന്നു വിചാരിച്ചു. അയാള്‍ നിസ്സഹായനായി പറഞ്ഞു.

കൊള്ളാം -ന്യായാധിപന്‍ പറഞ്ഞു. സാക്ഷിയില്ലേ--താന്‍ ചെന്ന് ആ ഈന്തപ്പനയോട് ഇവിടെ വരാന്‍ പറയൂ.

അയാള്‍ വാ പൊളിച്ചു. ഈന്തപ്പനയോടോ? അയാള്‍ ചോദിച്ചു.

തനിക്കു ചെവി കേള്‍ക്കില്ലേ? പോയി വേഗം ആ ഈന്തപ്പനയോട് ഇവിടെ ഞാന്‍ വിളിക്കുന്നെന്നു പറയൂ. ന്യയാധിപനു ദേഷ്യം വന്നു.

അയാള്‍ ഒന്നും മിണ്ടാതെ പോയി.

സമയം കുറേക്കഴിഞ്ഞു. ന്യായധിപന്‍ അക്ഷമനായി. അദ്ദേഹം മറ്റേയാളോടു ചോദിച്ചു--എന്താടോ അയാള്‍ താമസിക്കുന്നത്? എത്താറായില്ലേ?

അതു കുറച്ചു ദൂരെയാണ്. ഇത്തിരി സമയം പിടിക്കും. അയാള്‍ പറഞ്ഞു.

ന്യായാധിപന്‍ ഒന്നും മിണ്ടിയില്ല. കുറേ കഴിഞ്ഞ് പണം കൊടുത്തയാള്‍ തിരിച്ചെത്തി. ഞാന്‍ പറഞ്ഞു. പക്ഷേ വൃക്ഷം കേട്ടതായി തോന്നുന്നില്ല. അയാള്‍ വിക്കി വിക്കി പറഞ്ഞു.

ഏടോ വൃക്ഷം ഇവിടെ വന്ന് സാക്ഷി പറഞ്ഞു. താന്‍ പണംകൊടുത്തെന്ന്.

പണം വാങ്ങിയ ആളിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി നല്‍കുകയും അയാളേ തുറുങ്കിലടയ്ക്കുകയും ചെയ്തു.

വൃക്ഷം വന്നു സാക്ഷി പറഞ്ഞോ? ആതിരയ്ക്കു വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

എടീ മണ്ടീ- പണം വാങ്ങിയ ആള്‍ മരത്തിനടുത്തെത്താന്‍ സമയമെടുക്കുമെന്നു പറഞ്ഞപ്പോള്‍ കള്ളി പുറത്തായില്ലേ? അല്ലേ അപ്പൂപ്പാ ശ്യാം പറഞ്ഞു.അറേബ്യ

മിടുക്കന്‍ !

മൂഷികസ്ത്രീ

3
അപ്പൂപ്പാ ഇന്നു സാറു പറഞ്ഞു, മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ്‌വന്നു എന്ന്. എന്തവാ അപ്പൂപ്പാ എന്നുവച്ചാല്‍. ആതിര ചോദിച്ചു.

എന്താടീ നീ അതു സാറിനോടു ചോദിക്കാഞ്ഞത്?

ഹ ഹ ഹാ അപ്പൂപ്പന് ഈവകയൊന്നും അറിയാന്‍ വയ്യാടീ. വെറുതേ നീ അപ്പൂപ്പനേ കൊഴപ്പിക്കാതെ. രാമിനു രസം കേറി.

മക്കളേ ഒരു പാട്ടു കേട്ടിട്ടുണ്ടൊ?
പണ്ടൊരു പരുന്തൊരു മൂഷികപ്പെണ്‍കുഞ്ഞിനേ
കൊണ്ടങ്ങു പറക്കുമ്പോള്‍ വീണിതങ്ങധോഭാഗേ.

ഇല്ലപ്പൂപ്പാ.

ങാ എന്നാല്‍ കേട്ടോ. പണ്ടു കാലത്ത് ഒരു പരുന്തൊരു കുഞ്ഞന്‍ എലിയേ റാഞ്ചിക്കൊണ്ടു പോകുമ്പോള്‍ അത് പരുന്തിന്റെ കാലില്‍ നിന്നും താഴെപ്പോയി. ചെനു വീണതോ-ഒരു മഹര്‍ഷിയുടെ കൈകളില്‍. മഹര്‍ഷി കൈയ്യില്‍ വെള്‍മെടുത്ത് തര്‍പ്പണത്തിനു നിന്നപ്പോഴാണ്. മഹര്‍ഷി മേലൊട്ടുനോക്കി. പരുതു പോകുന്നതുകണ്ട് കാര്യം പിടികിട്ടി. പാവം എലിക്കുഞ്ഞ്-മഹര്‍ഷി വിചാരിച്ചു. അതിനേ വളരെ വാത്സല്യത്തോടെ ആശ്രമത്തില്‍ കൊണ്ടുപോയി. എലിയുടെ മണം അടിച്ചപ്പോള്‍ എങ്ങുനിന്നെന്നറ്യാതെ അതാ ഒരു പൂച്ച. മഹര്‍ഷിക്ക് അതിനേ താഴെ വയ്ക്കാന്‍ വയ്യാ. അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു. ശരി അതുതനെ പരിപാടി.

മഹര്‍ഷി അതിനേ തന്റെ യൊഗശക്തികൊണ്ട് ഒരു മനുഷ്യക്കുഞ്ഞാക്കി. അപ്പോഴാണ് അതൊരു പെണ്ണെലിയാണെന്നറിഞ്ഞത്. അദ്ദേഹം അതിനേ ഓമനിച്ചു വളര്‍ത്തി.

വര്‍ഷങ്ങള്‍ കടന്നുപോയി. കുഞ്ഞു വളര്‍ന്നു. ഒരു യുവതിയായി. ഓ ഇനി ഇതിനേ കല്യാണം കഴിപ്പിക്കണമല്ലോ. അദ്ദേഹത്തിനു വേവലാതിയായി. പറ്റിയ വരനേ എവിടെ കിട്ടും. വളരെ ആലോചനയ്ക്കുശേഷം അവളേ ഏറ്റവും ശക്തനായ ആളിനു തന്നെ കൊടുക്കണം എന്നു തീരുമാനിച്ചു.

ഒരു പ്രശ്നം. ആരാണ് ഏറ്റവും ബലവാന്‍ ?

സകലജീവജാലങ്ങളും ആശ്രയഭൂതനായ സൂര്യനു കൊടുക്കാം. അദ്ദേഹം സൂര്യഭഗവാന്റെ അടുത്തെത്തി.

അയ്യോടാ പൊള്ളത്തില്ലിയോ? അതിരയ്ക്ക് അതിശയം.

മോളേ എലിക്കുഞ്ഞിനേ മനുഷ്യക്കുഞ്ഞാക്കാന്‍ പറ്റുന്നവര്‍ക്കു പൊള്ളത്തില്ല. അദ്ദേഹം സൂര്യഭഗവനോടു കാര്യങ്ങള്‍ വിശദീകരിച്ചു. ഏറ്റവും ശക്തന് തന്റെ മകളേ കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അങ്ങുതന്നെ അവളേ വിവാഹം കഴിക്കണമെന്നും അഭ്യര്‍ഥിച്ചു.

സൂര്യന്‍ പറഞ്ഞു. അങ്ങ് ആദ്യം പറഞപ്പോള്‍ ഞാന്‍ വിവാഹം കഴിക്കാമെന്നു തീര്‍ച്ചപ്പെടുത്തിയതായിരുന്നു. പക്ഷേ ഏറ്റവും ശക്തനു കൊടുക്കണമെങ്കില്‍ ഞാനല്ല. ഞാന്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ ആ മേഘം വന്ന് നിസ്സാരമയി എന്നേ മറച്ചു കളയും. പിന്നെ എന്നേ കാണാന്‍ പോലും പറ്റില്ല. അതുകൊണ്ട് അങ്ങ് ആ മേഘത്തിനോടു പറയൂ.

പാവം മഹര്‍ഷി മേഘത്തേ അന്വേഷിച്ചുനടന്നു. ഒരുദിക്കില്‍ കണ്ടുകൊണ്ട് അവിടെ എത്തുമ്പോഴേക്കും അവിടെനിന്നും പോയിക്കഴിയും. അങ്ങിനെ വളരെ ബുദ്ധിമുട്ടി അവസാനം അടുത്തെത്തി. കാര്യം കേട്ടപ്പോള്‍ മേഘത്തിനു വലിയ സന്തോഷം. ഇങനെ ഒരാവശ്യം ഇതുവരെ ആരും പുള്ളിയോടു പറഞ്ഞിട്ടില്ല. അപ്പോഴാണ് മഹര്‍ഷിയുടെ അവസാനത്തേ ആഗ്രഹം പുറത്തു ചാടിയത്. ഈ ദുനിയാവിലുള്ള ഏറ്റവും ശക്തന് എന്റെ മകളെ കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം.

മേഘത്തിന്റെ മുഖം വാടി.അദ്ദേഹം പതുക്കെ അവിടെനിന്നും പോകാന്‍ തുടങ്ങി. കൂടെ മഹര്‍ഷിയും.

മേഘം പറഞ്ഞു. അയ്യോ ഞാന്‍ വിചാരിച്ചു അന്റെ സൌന്ദര്യം കണ്ടാണ് അങ്ങു വന്നതെന്ന്. പാലാഴിനാഥന് എന്റെ നിറമാണെന്നും മറ്റും കവികള്‍ വാഴ്തുന്നതു കേട്ട് എനിക്ക് എന്റെ സൌന്ദര്യത്തേപ്പറ്റി വലിയ മതിപ്പാണ്. പക്ഷേ ശക്തി--മേഘത്തിനു സ്പീഡ് കൂടി.

അവിടെ നിന്നു പറ സുഹൃത്തേ--മഹര്‍ഷി അപേക്ഷിച്ചു.

അതാണു പ്രശ്നം. നമ്മുടെ സര്‍ക്കാരുദ്യ്യോഗസ്ഥന്മാരേപ്പോലാണ് എന്റെ കാര്യം. എനിക്കിഷ്ടമുള്ളിടത്ത് താമസിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയക്കാര്‍ക്കിഷ്ടമില്ലാത്തവരേ ഒരിടത്തും മര്യാദക്ക് ജോലി ചെയ്യാന്‍ സമ്മതിക്കാത്തതുപോലെ ഈ മാരുതഭഗവാന്‍ എന്നേ ഒരിടത്തും സ്ഥിരമാകാന്‍ സമ്മതിക്കത്തില്ല. ഇപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചാലും എനിക്കു നില്‍ക്കാന്‍ സാധിക്കില്ല.

ഇത്രയും പറഞ്ഞപ്പോഴേക്കും ഒരു വലിയ കാറ്റ് ചുറ്റി അടിക്കുകയും ഒരു വട്ടം കറങ്ങി മേഘം അപ്രത്യക്ഷമാവുകയും ചെയ്തു. കുരങ്ങുപോയ കുറവനേപ്പോലെ മഹര്‍ഷി കുറച്ചുനേരം നിന്നു. പിന്നീടദ്ദേഹം ആലോചിച്ചു. അപ്പോള്‍ മാരുതഭഗവാനാണ് ശക്തന്‍ . ശരി പുള്ളിയേ പിടിക്കാം.

മഹര്‍ഷി മാരുതനേ അന്വേഷിച്ചു നടന്നു.അപ്പോഴാണ് ഒന്നു വര്‍ത്തമാനം പറയാനുള്ള ബുദ്ധിമുട്ടു മനസ്സിലായത്. പറഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ ഒരു ചൂളം വിളി. പിന്നെ ആളിനേ കാണത്തില്ല. വീണ്ടും തെരഞ്ഞ് കണ്ടുപിടിക്കും. ഒരുവിധത്തില്‍ മഹര്‍ഷി കാര്യങ്ങള്‍ അവതരിപ്പിച്ചു. മരങ്ങളും കാടുകളും മറ്റും തകര്‍ക്കുന്നത് നേരില്‍ കണ്ട മഹര്‍ഷിക്ക് അദ്ദേഹത്തിന്റെ ശക്തിയേക്കുറിച്ച് നല്ല ബോധ്യം വന്നു. പക്ഷേ ഏറ്റവും ശക്തനുമാത്രമേ മകളേ കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍ കഥ മാറി.

മാരുതന്‍ പറഞ്ഞു. കാര്യം ഞാന്‍ അതി ശക്തന്‍ തന്നെയാണ്. പക്ഷേ പോകുന്നപോക്കില്‍ പര്‍വതങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പണിപൂട്ടും. അതു കടക്കാന്‍ എനിക്കു ശക്തിയില്ല. അതുകൊണ്ട് അങ്ങ് പര്‍വതരാജനേ സമീപിക്കുന്നതാണ് ഉത്തമം.

മഹര്‍ഷി പര്‍വ്വതരാജനേ സമീപിച്ചു. ഇത്തവണ കണ്ടുപിടിക്കാ‍ാന്‍ പ്രയാസം ഒന്നുമില്ലായിരുന്നു. അനങ്ങാന്‍ വയ്യാതെ ഒരേ നില്പല്ലേ. അദ്ദേഹത്തോടു വിവരം എല്ലാം പറഞ്ഞു.

പര്‍വ്വതരാജന്‍ പറഞ്ഞു. എന്നേക്കാള്‍ ശക്തനായൊരാളുണ്ട്. ഞാന്‍ അതി ശക്തനാണെന്ന കാര്യം ശരിതന്നെ. പക്ഷേ ഒരെലി എന്നേ തുരന്ന് അവനിഷ്ടമുള്ള സ്ഥലത്തെല്ലാം മാളങ്ങള്‍ ഉണ്ടാക്കും. എനിക്കൊരു നിവൃത്തിയുമില്ല. അവനാണ് ഏറ്റവും ശക്തന്‍ ‍.

മഹര്‍ഷി എലിയേ കണ്ടുപിടിച്ച് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. എലി സമ്മതിച്ചു. ഞാന്‍ കുറേ നാളായി കല്യാണം കഴിക്കണമെന്നു വിചാരിച്ചു നടക്കുകയാണ്. നമുകു പെണ്ണിനേകാണാം.

പെണ്ണിനേ കണ്ടപ്പോഴല്ലേ പ്രശ്നം.

അയ്യോ മഹര്‍ഷേ എന്റെ വീടു കണ്ടില്ലേ. ഇവളെങ്ങനാ അതില്‍ കയറുന്നത്.

മഹര്‍ഷി ഒന്നു ചിരിച്ചു. അത് ഞാന്‍ ശരിപ്പെടുത്തിത്തരാം-എന്നു പറഞ്ഞ് അവളേ വീണ്ടും എലിയാക്കി, കല്യാണം ക്ഴിച്ചു കൊടുത്തു.

അങ്ങനെ മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു.

അപ്പൂപ്പാ ഒരു സംശയം-ശ്യാമാണ്. ഈ സൂര്യനോ, മേഘത്തിനോ,മാരുതനോ, പര്‍വ്വതത്തിനോ അങ്ങു കല്യാണം കഴിക്കാന്‍ വയ്യാരുന്നോ? എന്തിനാ അവര്‍ തങ്ങളേക്കാള്‍ ശക്തരുണ്ടെന്നു പറഞ്ഞത്.

എന്റെ മക്കളേ ശരിയായ ചോദ്യം. താനാണ് ലോകത്തിലേ ഏറ്റവും ശ്രേഷ്ടന്‍ എന്നു കരുതുന്ന ഈ കാലത്ത് അതു ന്യായമ്മായ ചോദ്യമാണ്. പക്ഷേ സത്യസന്ധതയ്ക്കും, ധര്‍മ്മനിഷ്ടയ്ക്കും ഒക്കെ വിലയുള്ള ഒരു കാലമുണ്ടായിരുന്നെന്ന് നമുക്ക് ഈ കഥകളില്‍നിന്നും മനസ്സിലാകും.

നോമിനേഷന്‍ എന്നു കേട്ടിട്ടില്ലേ? എലക്ഷനും മറ്റും നോമിനേഷന്‍ കൊടുത്തു, എന്നൊക്കെ കേട്ടിട്ടില്ലേ? എന്താണതിന്റെ അര്‍ത്ഥം. നാമനിര്‍ദ്ദേശം. ഒരാളേ ആ കാര്യത്തിനു കൊള്ളുമെന്നു മറ്റൊരാള്‍ പറയുന്നതിനാണ് നാമനിര്‍ദ്ദേശം എന്നു പറയുന്നത്. എന്താണ് നടക്കുന്നത്? അവനവന് നില്‍ക്കണമെന്നു പറഞ്ഞ് യാതൊരു നാണവുമില്ലാതെ ഓടിനടക്കുന്ന ആള്‍ക്കാരേയല്ലേ നാം കാണുന്നത്? അവരൊക്കെ എങ്ങനെങ്കിലും ജയിച്ചുവന്നാല്‍ നാട്ടിലിറങ്ങി നടക്കാന്‍ ധൈര്യമുണ്ടാകുമോ? ആര്‍ക്കെങ്കിലും അവരേ വിലയുണ്ടാകുമോ? പിന്നെ ഭൂരിഭാഗം ആള്‍ക്കാരും അത്തരക്കാരായതുകൊണ്ട് സഹിക്കുന്നു അത്രതന്നെ. പോട്ടെ നമുക്കൊന്നു നടക്കാന്‍ പോകാം. വാ.