പാഞ്ചാലി

അപ്പൂപ്പാ ഈ മരിച്ച ആള്‍ക്കാര്‍ ജീവിച്ചു വരുമോ-ഉണ്ണിക്കാണു സംശയം.

വരും മോനേ. അങ്ങിനെ വന്ന ഒരു ചരിത്രമെനിക്കറിയാം.

ഓ യേശു ക്രിസ്തുവിന്റെ കാര്യമായിരിക്കും-രാംകുട്ടനു പുഛം.

അല്ലെടാ നമ്മുടെ ലക്ഷം വീട്ടിലേ ഗോപാലന്‍ മരിച്ചു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലേ കാര്യമാണേ. പുള്ളിയുടെ ഒരു മോന്‍ ദൂരെനിന്നു വരേണ്ടതുകൊണ്ട് അടുത്തദിവസമാണ് അടക്കം. പിറ്റേദിവസം മോന്‍ വന്നു. അടക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ശവം കുളിപ്പിക്കാന്‍ എടുക്കാന്‍ ചെന്നപ്പോള്‍ ദേ അയാള്‍ എഴുനേറ്റിരിക്കുന്നു.

അപ്പോള്‍ അടുത്തവീട്ടിലൊരു ഘോഷം. അവിടുത്തെ ആള്‍ പെട്ടെന്നു മരിച്ചു. അയാളുടെ പേരും ഗോപാലനെന്നാണ്. ഇതൊന്നറിയണമല്ലോ-അപ്പൂപ്പനു പെട്ടെന്നോരു ഗവേഷണ മോഹം. ദൂരദര്‍ശിനിയും, സൂക്ഷ്മദര്‍ശ്ശിനിയും, സള്‍ഫ്യുറിക്കാസിഡും, ടെസ്റ്റ് ട്യൂബും ഒക്കെ എടുത്ത് മരണവീട്ടില്‍ എത്തി.

അപ്പൂപ്പനെവിടുന്നാ ഈ സാധനമൊക്കെ-കിട്ടു വിടുന്നില്ല.

കഥയില്‍ ചോദ്യമില്ല. ഇതൊക്കെ ഇല്ലാതെ എങ്ങനാ ഗവേഷണം നടത്തുന്നത്-ഈ പിള്ളര്‍ക്ക് ഒരു വിവരവുമില്ല. അങ്ങനെ മരിച്ചവീട്ടില്‍ എത്തി. ആദ്യം മരിച്ച ഗോപാലന്‍ കഥ പറയുകയാണ്. “ കേട്ടോ, എന്നേ കുറെപ്പേര്‍ വലിച്ചിഴച്ച് ഒരുത്തന്റെ മുമ്പില്‍ കൊണ്ടിട്ടു. ഒരു തടിച്ച പുസ്തകവുംകൊണ്ട് ഇരിക്കുന്ന അയാളാണ് ചിത്രഗുപ്തന്‍ ‍-നമ്മടെ എല്ലാ ചരിത്രങ്ങളും അ പുസ്തകത്തില്‍ ഉണ്ടു പോലും.

തനിക്ക് വയസ്സ് അറുപത്-അല്ലേ-അദ്ദേഹം ചോദിച്ചു.

ഇല്ല എനിക്കു നല്പത്തഞ്ചേ ആയുള്ളൂ. ഞാന്‍ പറഞ്ഞു. താന്‍ നാണുവിന്റെ മോനല്ലേ?

അല്ല. എന്റെ അച്ഛന്‍ പരമേശ്വരനാണ്.

അദ്ദേഹം എന്നേ പിടിച്ചു കൊണ്ടു വന്നവരേ രൂക്ഷമായി ഒന്നു നോക്കി. ആളു തെറ്റിയോടാ-അദ്ദേഹം നേതാവിനോടെ ചോദിച്ചു.

ഇല്ല അയാള്‍ പറഞ്ഞു- ഒരു കടലാസു നോക്കി ലക്ഷം വീട്ടില്‍ ഗോപാലന്‍ എന്നു വായിച്ചു--ഇതാ അങ്ങു തന്ന മേല്‍ വിലാസം. ചിത്രഗുപ്തന്‍ വാങ്ങി നോക്കി. ശരിയാണ്-

അദ്ദേഹം ആ തടിച്ച പുസ്തകത്തിന്റെ താളൊന്നു മറിച്ചു. ദേ വേറൊരു ഗോപാലന്‍ - അതും ലക്ഷം വീടാണ്--ശ്ശെ അദ്ദേഹം മുറുമുറുത്തു-കുറേ കോളനി ഉണ്ടാക്കി വച്ചിരിക്കുന്നു--വയസ്സും, അച്ഛന്റെപേരും ഒന്നും ഇല്ലാതെ ആരാ ഈ മേല്‍ വിലാസം എഴുതി വച്ചിരുന്നത്. ഒന്നിനും ഒരു വാലും ചേലും ഇല്ലതായി. പണികൂടിയെന്നു പറഞ്ഞ് കണ്ട വിവരമില്ലാത്തവരെ ഉത്തരവാദിത്വമുള്ള ജോലി ഏല്പിച്ചാല്‍ --

പോയി നാണുവിന്റെ മോന്‍ അറുപതു വയസ്സുള്ള ഗോപാലനേ കൊണ്ടുവാ-ഇവനേ വിട്ടേരെ. അങ്ങനാ ഞാന്‍ തിരിച്ചുവന്നത്“-ഗോപാലന്‍ പറഞ്ഞുനിര്‍ത്തി.

അപ്പുറത്തേവീട്ടിലെ കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാം. എന്റെ ഗവേഷണം അവസാനിച്ചു.

ഹൊ ഈ കാലനും ചിത്രഗുപ്തനും ഒന്നും ഇല്ലായിരുന്നെങ്കില്‍--ആതിരയുടെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി.

മോളേ പണ്ടു ഈ നരകത്തിലേ പണി മടുത്ത് ഒരു യാഗം ചെയ്യാന്‍ ഭൂമിയില്‍വന്നു. യാഗം ചെയ്തുചെയ്ത് അദ്ദേഹം തന്റെ കാര്‍ത്തവ്യം മറന്നു പോയി.

ഒന്നു നില്‍ക്കണേ അപ്പൂപ്പാ-ശ്യാം ഇടയ്ക്കു കയറി. ഈ ചിത്രഗുപ്തനു തെറ്റു പറ്റിയെന്നു പറയുന്നത് അത്ര ശരിയാണെന്നു തോന്നുന്നില്ലല്ലോ.
മോനേ അതു ശരിയാണെന്നു ഗോപാലന്റെ കഥ കേട്ടിട്ടും എനിക്കും അത്ര വിശ്വാസം വന്നില്ല. പക്ഷേ കഴിഞ്ഞ രണ്ടു തവണത്തേ റേഷന്‍ കാര്‍ഡു കണ്ടതോടുകൂടി എന്റെ അഭിപ്രായം കുറേശ്ശെമാറിത്തുടങ്ങി. ചിലതിനകത്ത് അമ്മക്ക് പതിനെട്ടു വയസ്സ്-മകള്‍ക്ക് അറുപത്തിരണ്ട്. ചിലതില്‍ അമ്മ ആണും അച്ഛന്‍ പെണ്ണും. പണ്ട് ആള്‍ക്കാര്‍ കുറവായിരുന്നപ്പോള്‍ ചിത്രഗുപ്തന്‍ എല്ലാം കറക്റ്റായിട്ടു ചെയ്തു കാണുമെന്നും ഇപ്പോഴത്തേപ്പോലെ പണി കൂടിയപ്പോള്‍ സംയമനികയിലേ അയല്‍ക്കൂട്ടക്കരേ ഏല്പിച്ചുകാണുമെന്നും എനിക്കു തോന്നി.

എന്താഅപ്പൂപ്പാ ഈ സംയമനിക ഉണ്ണിക്കു സംശയം. എടാ അതല്ലേ കാലന്റെ രാജധാനി.
അപ്പോള്‍ ഈഅയല്‍കൂട്ടക്കാര്‍ക്ക് ഒന്നും അറിഞ്ഞു കൂടാന്നാണോ ആതിരചോദിച്ചു. അമ്മൂമ്മ കേള്‍ക്കണ്ടാ. അമ്മൂമ്മയും അയല്‍കൂട്ടത്തിലുണ്ട്.

അയ്യോ മക്കളെ അതല്ല പറഞ്ഞത്--ചീഫ്സെക്രട്ടറിയെ പിടിച്ച് ഹാര്‍ട്ട് ഓപ്പരേഷന്‍ ഏല്പിച്ചാല്‍ എങ്ങിനെയിരിക്കും. ഓരോരുത്തര്‍ക്കും അറിയാവുന്ന പണിയേ കൊടുക്കാവൂ. അതേയുള്ളൂ.

അനന്തമജ്ഞാതമവര്‍ണ്ണ്നീയ-മീലോകചക്രം തിരിയുന്ന മാര്‍ഗ്ഗം.
അതിന്റെയെങ്ങാണ്ടൊരു കോണില്‍ നിന്നു-നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു.

അതുപോട്ടെ. അങ്ങനെ കാലന്‍ പണിനിര്‍ത്തിയപ്പോള്‍ ഭൂമിയിലേകാര്യം ആകെ കുളമായി. ഇപ്പോള്‍ തന്നെ ജോലി ചെയ്ത കാലത്തേക്കാള്‍ കൂടുതല്‍ കാലം പെന്‍ഷന്‍ വാങ്ങുന്നെന്നു പറഞ്ഞു പ്രശ്നമാണ്. പിന്നെ കാലനും കൂടി ഇല്ലാതായാല്‍ പറയണോ. കുഞ്ചന്‍ നമ്പ്യാരുടെഭാഷയില്‍ പറയാം--

“വൃദ്ധന്മാരൊരു കൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍-ചത്തു കൊള്‍വതിനേതും കഴിവില്ല കാലനില്ല.
അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോള്‍--കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പനവര്‍ക്കുണ്ട്.”

ആളുകൂടി താമസിക്കാന്‍ സ്ഥലമോ കഴിക്കാന്‍ ഭക്ഷണമോഇല്ലാതെയായെങ്കിലും ആരുംമരിക്കത്തില്ല. അതുകൊണ്ട് ദൈവവിശ്വാസം ഇല്ലാതായി.
“പാട്ടുകേട്ടാലാര്‍ക്കു സൌഖ്യം പട്ടിണിയായ്കിടകുമ്പൊള്‍-
-ഊട്ടുകേട്ടാല്‍ തലപൊക്കുമതുകേള്‍ക്കാനുമില്ലെങ്ങും.“

മരിക്കാതെ സ്വര്‍ഗ്ഗത്തില്‍ പോകാനൊക്കില്ലാല്ലോ-അതുകൊണ്ട് യജ്ഞവും യാഗവും ഒന്നും ഇല്ല. സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രനും ദേവന്മാരും പട്ടിണിയായി. ഭൂമിയില്‍ യജ്ഞ-യാഗാദികള്‍ നടന്നിട്ടു വേണമല്ലോ അവര്‍ക്ക് ആഹാരം കിട്ടാന്‍ . ദേവേന്ദ്രന്‍ പതിവുപോലെ ബ്രഹ്മാവിനേക്കണ്ട് പരാതി ബോധിപ്പിച്ചു. ധര്‍മ്മരാജാവിന്റെ യാഗം കഴിയാതെ ഒരു പണിയും നടക്കത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേവേന്ദ്രന്‍ ധര്‍മ്മരാജാവിനെ തേടി പോയി.

ഇനി നമുക്ക് പാഞ്ചാല രാജ്യത്തേക്കു പോകാം. അവിടെ ഭയങ്കര പ്രശ്നം. പാഞ്ചാലീ സ്വയംവരത്തിന് അര്‍ജ്ജുനന്‍ ജയിച്ചു.

ദേ അമ്മേ ഇന്നത്തേ ഭിക്ഷ എന്നും പറഞ്ഞ് പാഞ്ചാലിയെയും കൊണ്ട് കുന്തീദേവിയുടെ അടുത്തെത്തിയപ്പോള്‍ കാര്യമറിയാതെ --അഞ്ചുപേരും കൂടെ എടുത്തോളാന്‍ കുന്തി പറഞ്ഞു. അതനുസരിച്ച് അഞ്ചുപെരും കൂടെ പാഞ്ചാലിയേ വിവാഹം കഴിക്കുന്ന കാര്യം പാഞ്ചാലരാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം അതു നടക്കത്തില്ലെന്നു കട്ടായം പറഞ്ഞു. അങ്ങനെ ഒരു ഭരണഘടനാ പ്രതിസന്ധി. അപ്പോള്‍ പുരാ‍ണമുനി വ്യാസന്‍ അവിടെ എത്തി ഒരു കഥ പറഞ്ഞു.

Comments (0)