ബുദ്ധിമാന്റെ ലക്ഷണം

മക്കളേ നമ്മടെ വേലാമ്പിള്ളയേ ഓര്‍ക്കുന്നില്ലേ? കഥകളി, പ്രഥമന്‍, വഞ്ചിപ്പാട്ട് . ങാ ഒണ്ടൊണ്ട്. ഇല്ല കൂത്തിന് അപ്പൂപ്പനേ കൊണ്ടുപോയ--

അതെ അതുതന്നെ. അദ്ദേഹം സ്കൂളില്‍ പഠിക്കുന്ന കാലം. എല്ലാം വളരെ വിശദമായി പഠിച്ച ശേഷം മാത്ര്മേ അദ്ദെഹം ഒരു ക്ലാസില്‍ നിന്നും അടുത്ത ക്ലാസിലേക്ക് കയറ്റം വാങ്ങിക്കൂ. അങ്ങിനെ അദ്ദേഹത്തിന് തന്നേക്കാള്‍ പ്രായം കുറഞ്ഞവരുമായി പഠിക്കാനുള്ള ഭാഗ്യവും ലഭിച്ചു.

അന്നത്തേ പണ്ഡിതനായ മലയാളം മുന്‍ഷി വേലാമ്പിള്ളയുടെ നാട്ടുകാരനാണ്. യോഗാഭ്യാസവും, വിഷവൈദ്യവും മറ്റും ഉള്ള അദ്ദേഹം പ്രശസ്തനായ കവിയും കൂടിയാണ്. ഒരു ദിവസം ക്ലാസ്സില്‍ വച്ച് അദ്ദേഹം ചോദിച്ചു--ബുദ്ധിമാന്മാരുടെ ലക്ഷണം എന്താണ്--വേലാമ്പിള്ള പറയൂ.

വേലാമ്പിള്ള എഴുനേറ്റു. സാറിനേ സൂക്ഷിച്ചു നോക്കി. എന്നിട്ടു പറഞ്ഞു പിടലിക്കു മുഴകാണും. സാറു ഞെട്ടി. പിള്ളാരു ചിരിച്ചു. ഒരുകാര്യം വിട്ടുപോയി-പറയാന്‍ --ഈ സാറിന്റെ പിടലിക്ക് ഒരു മുഴയുണ്ട്--യോഗാസനം ചെയ്തു ചെയ്തുണ്ടായതാണെന്നാണ് ഞങ്ങളോക്കെ കരുതിയിരുന്നത്.

എന്താടോ പറഞ്ഞത്-സാര്‍ ഗര്‍ജ്ജിച്ചു.

ഒരു ഭാവഭേദവും കൂടാതെ വേലാമ്പിള്ള പറഞ്ഞു--അങ്ങയുടെ അച്ഛന്‍ വളരെ ബുദ്ധിമാനായിരുന്നെന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് പിടലിക്കു മുഴയുണ്ടായിരുന്നു. അങ്ങും ബുദ്ധിമാനാണ്. അപ്പോള്‍ ഞാന്‍ വിചാരിച്ചു---

ഇരിക്കടോ- ശുംഭന്‍ - സാര്‍ ആ പ്രശ്നം അവസാനിപ്പിച്ചു.

ശരിക്കും ബുദ്ധിമാന്റെ ലക്ഷണം എന്താണപ്പൂപ്പാ--ആതിരയ്ക്ക് സംശയം.

കൊഴഞ്ഞല്ലൊ മോളേ. ഒരു ചെറിയ കഥ പറയാം. അതിബുദ്ധിമാനെന്ന് സ്വയം അഭിമാനിക്കുന്ന ഒരാളായിരുന്നു ജോഗീന്ദര്‍ സിങ്ങ്. ആറര അടി പൊക്കം, ഇരുനൂറു കിലോ തൂക്കം ഗംഭീരമായ ഭാവം എല്ലാം തികഞ്ഞ ഒരാള്‍. ഒരു ദിവസം അദ്ദേഹം ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി ഒരു വലിയ മീന്‍ ഓര്‍ഡര്‍ ചെയ്തു. അദ്ദേഹത്തിന്റെ എതിരേ ഒരു മെലിഞ്ഞ ആള്‍ വന്നിരുന്നു. ലേശം താടിയുണ്ട്. തുളച്ചു കയറുന്ന കണ്ണുകള്‍. അയാള്‍ ഒരു ചെറിയ മീന്‍ ഓര്‍ഡര്‍ ചെയ്തു. എന്നിട്ട് ജോഗീന്ദര്‍ സിങ്ങിനേ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.

വലിയ മീനും ചെറിയ മീനും വന്നു. ജോഗീന്ദര്‍ സിങ്ങ് അത്ഭുതത്തോടെ ആ ചെറിയ മീനേ നോക്കി.

ജോഗീന്ദര്‍:- നിങ്ങളെന്താ ഇത്ര ചെറിയ മീന്‍ കഴിക്കുന്നത്?
മറ്റേആള്‍:- ഇതു കഴിച്ചാല്‍ ബുദ്ധി കൂടും.
ജോഗീന്ദര്‍:- അസംബന്ധം. ഇത്ര ചറിയ മീന്‍ കഴിച്ചാല്‍ ബുദ്ധി കൂടും പോലും.
മറ്റേആള്‍:- നിങ്ങള്‍ വലിയമീന്‍ കഴിക്കുന്നതുകൊണ്ടാണ് ബുദ്ധി ഇല്ലാതായിപ്പോയത്.
ജോഗീന്ദര്‍:- (ക്രുദ്ധനായി) എന്താ പറഞ്ഞത്. എനിക്കു ബുദ്ധി ഇല്ലെന്നോ.
മാറ്റേആള്‍:- ശാന്തനാകൂ സഹോദരാ. അങ്ങയുടെ ഈ ബൃഹത്തായ ശരീരത്തില്‍ ഷുഗര്‍, പ്രഷര്‍, കൊളസ്റ്റ്രോള്‍ ഇവയെല്ലാമുണ്ട്. ഈ മീനും കൂടി തിന്നാല്‍ ഹാര്‍ട്ടറ്റാക്ക് വരാന്‍ സാദ്ധ്യതയുണ്ട്. അതു മനസ്സിലാകാത്തത് ചെറിയ മീന്‍ കഴിക്കാത്തതുകൊണ്ടാണ്.

ജോഗീന്ദര്‍ ഒന്നു ഞെട്ടി. ശരിയാണൊ ഈ പറയുന്നത്. ഇന്നലെ ഒരു തലകറക്കം വന്നതാണ്. അയാള്‍ ആകെ കണ്‍ഫ്യൂഷനിലായി.

ഇതു മനസ്സിലാക്കിയ മറ്റേയാള്‍ തന്റെ മുന്നിലിരുന്ന ചെറിയ മീന്‍ ജോഗീന്ദറിന്റെ മുന്നിലേക്കു നീക്കി വച്ചു. ഇതു കഴിക്കൂ-അയാള്‍ പറഞ്ഞു എന്നിട്ട് ജോഗീന്ദര്‍ മിഴിച്ചിരുന്നപ്പോള്‍ ആ വലിയ മീന്‍ എടുത്ത് വേഗത്തില്‍ കഴിച്ചു തുടങ്ങി.

ജോഗീന്ദര്‍ സ്പൂണെടുത്ത് ചെറിയമീനിന്റെ ഒരു കൊച്ചു കഷണം അടര്‍ത്തിവായിലിട്ടു. എന്നിട്ട് വളരെ വേഗം വലിയ മീന്‍ കഴിക്കുന്നയാളെ നോക്കിക്കൊണ്ട് ആലോചനാ മഗ്നനായിരുന്നു.

എനിക്കൊരു സംശയം--ജോഗീന്ദര്‍ പറഞ്ഞു.
പറഞ്ഞോളൂ--മറ്റേയാള്‍ മീനിന്റെ അവസാന കഷണം വായിലിടുന്നതിനിടയില്‍ പറഞ്ഞു.
താനെന്നേ പറ്റിക്കുകയായിരുന്നോ-ഈ വലിയ മീന്‍ തിന്നാന്‍ വേണ്ടി--ജോഗീന്ദര്‍ സംശയത്തോടെ ചോദിച്ചു.

കണ്ടോ-കണ്ടോ മറ്റേയാള്‍ ഉത്സാഹത്തോടെ പറഞ്ഞു. ഒരു ചെറിയ കഷണം തിന്നപ്പോഴേക്കും ബുദ്ധിവച്ചു തുടങ്ങി. ഇതാ ഞാന്‍ പറഞ്ഞത്--അയാള്‍ ചെറിയ മീനിന്റെ കാശും കൊടുത്ത് വേഗം സ്ഥലവിട്ടു.

Comments (1)

കഴിഞ്ഞ ദിവസമാണ് ഈ ബ്ലോഗ്‌ കണ്ടത്. എല്ലാം വായിച്ചു. കുട്ടികളോട് കഥപറയുന്ന ആ ആഖ്യാന രീതി ഇഷ്ടപ്പെട്ടു. കൂടുതല്‍ എഴുതുക..ആശംസകള്‍..