പാലാഴിമഥനം നാല്

എന്നിട്ട് ആ അമൃത് ദേവന്മാര്‍ക്ക് കിട്ടിയോ അപ്പൂപ്പാ-ആതിര ചോദിച്ചു.

പിന്നെ കിട്ടാതെ. ഉച്ചകോടി അവരുടെ കൈയ്യിലല്ലിയോ. എല്ലാവരും കൂടി ഓടിച്ചെന്ന് ബ്രഹ്മാവിനോടു പറഞ്ഞു--ത്രൂ പ്രോപ്പര്‍ ചാനല്‍- വിഷ്ണുവിന്റടുക്കല്‍ കാര്യം എത്തി. ശ്ശെ-കല്യാണം കഴിഞ്ഞതേയുള്ളൂ--പക്ഷേ എന്തു ചെയ്യാം. മഹാവിഷ്ണു അപ്രത്യക്ഷനായി.

രംഗം അസുരരാജധാനി. എല്ലാവരും അമൃതകുംഭം സൂക്ഷിച്ചു വച്ചിട്ട് കുളിക്കാന്‍ പോയിരിക്കുകയാണ്. ശുദ്ധമായി വേണം അമൃതു കഴിക്കാന്‍ .

ആരു പറഞ്ഞപ്പൂപ്പാ ശുദ്ധമായി കഴിക്കണമെന്ന്.

ആ എനിക്കറിയാമോ? ഇങ്ങനെ കുറേ വിഢിത്തങ്ങള്‍ എവിടുന്നൊക്കെയോ വരും. ഇന്നാളില്‍ ഒരു മരണവീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു പ്രശ്നം. ഒരു ബുദ്ധിമാന്‍ പറഞ്ഞു രാഹുകാ‍ലം കഴിഞ്ഞേ ശവം ദഹിപ്പിക്കാവൂ പോലും. രാഹുകാലത്തിന് ഇതിലെന്തു കാര്യമെന്ന് ഒരു യുക്തിവാദി.

. ഈ രാഹുകാലം അതു കണ്ടു പിടിച്ചവര്‍ പറയുന്നത് യാത്രയ്ക്കു മാത്രം നോക്കേണ്ടതാണെന്നാണ്. അതുകൊണ്ട് രാഹുകാലം ഇവിടെ പ്രസക്തമല്ലെന്ന് വേറൊരാള്‍. ചര്‍ച്ച കൊഴുക്കുന്നു. പാവം നമ്മുടെ ശവം അവിടെക്കിടന്നു വിയര്‍ക്കുന്നു.

ശവം വിയര്‍ക്കുന്നോ-രാംകുട്ടന്‍ അതില്‍ ചാടിപ്പിടിച്ചു.

പോട്ടെടാ ഒരോളത്തില്‍ അങ്ങു പറഞ്ഞു പോയതാ. അതുപോലെ ആദ്യമായി കഴിക്കാന്‍ പോകുന്ന അമൃത് കുളിച്ചേച്ചേ കഴിക്കാവൂ പോലും. ഓരോ ഭ്രാന്ത്. അതു പോട്ടെ. എല്ലാവരും കുളികഴിഞ്ഞു വന്നു. വട്ടത്തില്‍ ഇരുന്നു. അമൃത കുംഭം എടുത്ത് നടുവില്‍ വച്ചു. ഇലയിട്ടു വിളമ്പാന്‍ ആളെ തീരുമാനിക്കുകയാണ്.

അല്ലേ ഇതാ‍രാ വരുന്നത്. പാലാഴിയില്‍ നിന്നും വീണ്ടും സുന്ദരി വന്നോ. അതിമനോഹരിയായൊരു യുവതി മന്ദാക്ഷത്തോടുകൂടി ഇതാ‍ അവരേ നോക്കിക്കൊണ്ടു ലജ്ജാവതിയായി നില്‍ക്കുന്നു. പാലാഴിമാതും, താരയും ഒന്നും ഇത്ര വരുത്തില്ല. എല്ലാവരുടേയും കണ്ണു മഞ്ഞളിച്ചു.

മഹാബലി എഴുനേറ്റ് അവളുടെ അടുത്തുചെന്ന് ചോദിച്ചു. ആരാണ് നീ. ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ. എവിടെനിന്നുവരുന്നു.

അവള്‍ക്ക് ലജ്ജ കൂടി--കാലുകൊണ്ട് നിലത്തു വര്‍ച്ചു. ഞാന്‍ -ഞാന്‍ പാലാഴിയില്‍ നിന്നും അവസാ‍നം പുറത്തുവന്നവളാണ്. അവിടെ ആരാണ്ട് വൃദ്ധസദനം തുടങ്ങി. കിഴവന്മാരും കിഴവികളും മാത്രമേയുള്ളൂ. ഇവിടെ ആണുങ്ങളുണ്ടെന്ന് ഒരു വീണക്കാരന്‍ പറഞ്ഞു. അതാണു ഞാന്‍ ഇങ്ങോട്ടു വന്നത്--ങ്ഹീ-ങ്ഹീ--അവള്‍ കരയാന്‍ തുടങ്ങി.

ഹേയ് കരയണ്ടാ-മഹാബലി പറഞ്ഞു. ഞങ്ങള്‍ ഈ അമൃതു വിളമ്പാന്‍ ഒരാളെ നോക്കുകയായിരുന്നു. നന്നായി നീ വന്നത്. ഈ അമൃതു ഞങ്ങള്‍ക്ക് വിളമ്പിത്തരൂ, പിന്നീട് നമുക്ക് നിന്റെ കാര്യം ആലോചിക്കാം.

ഇത്രയും ആണുങ്ങള്‍ക്കോ-അവള്‍ ചിണുങ്ങി(അറുപത്താറു കോടിയുണ്ടേ) എനിക്കു നാണമാ. നിങ്ങളുടെ മുമ്പില്‍ കുനിഞ്ഞു നിന്നു വിളമ്പാന്‍ .

പിന്നെന്തു ചെയ്യും മഹാബലി ചോദിച്ചു. ഒരു കാര്യം ചെയ്യാം അവള്‍ പറഞ്ഞു-നിങ്ങളെല്ലാം കണ്ണടച്ചിരിക്ക്. ഞാന്‍ വിളമ്പി കഴിഞ്ഞ് കണ്ണു തുറക്കാം. ഏറ്റവും അവസാനം കണ്ണു തുറക്കുന്നയാളേ ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കാം-നിങ്ങള്‍ക്കെല്ലാം സമ്മതമാണെങ്കില്‍ മാത്രം.

പെണ്ണിന്റെ ഒരു ബുദ്ധിയേ-അവര്‍ അതില്‍ വീണു. എറ്റവും ഒടുവില്‍ കണ്ണുതുറന്നാല്‍ മതിയല്ലോ. അതു ഞാനേറ്റു--ഓരോരുത്തരരും മനസ്സില്‍ കരുതി. എല്ലാവരും വട്ടത്തിലിരുന്ന് കണ്ണടച്ചു. പെണ്ണായി വന്ന മഹാവിഷ്ണു അമൃതും കൊണ്ട് കടന്നു.

കുറേ സമയം കഴിഞ്ഞിട്ടും അനക്കമൊന്നും കേള്‍ക്കുന്നില്ല. ഒരാള്‍ പതുക്കെ ചോദിച്ചു--വിളമ്പ് എവിടെത്തി. പാത്രത്തില്‍ തപ്പിനോക്കി മറ്റൊരാള്‍ പറഞ്ഞു. കൊച്ചുപെണ്ണല്ലേടാ- അവള്‍ക്ക് വിളമ്പി വല്ല പരിചയവുമുണ്ടോ--ധൃതി പിടിക്കാതെ-പാവം.

സമയം വീണ്ടും കുറെക്കഴിഞ്ഞു. ആദ്യത്തേയാള്‍ വിളിച്ചു ചോദിച്ചു-ആരുടെയെങ്കിലും പാത്രത്തില്‍ ഉണ്ടോ എന്നു നോക്കിയേ.

ഇവന്‍ നമളേക്കൊണ്ടു കണ്ണു തുറപ്പിച്ചിട്ട് പെണ്ണിനേ അടിച്ചെടുക്കാനുള്ള പ്ലാനാ-അതങ്ങു മനസ്സില്‍ വച്ചേരെ-മറ്റൊരാളിനു സംശയമേ ഇല്ല.

ആദ്യത്തേആള്‍ കണ്ണിന്റെ ഒരു കോണു തുറന്ന് നോക്കി. ഇവിടെങ്ങും ആരും ഇല്ല--അയാള്‍ വിളിച്ചു പറഞ്ഞു. അവള്‍ നമ്മളേപ്പറ്റിച്ചു. അയാള്‍ ഇറങ്ങി ഓടി. ബാക്കിയുള്ളവര്‍ കുറേ സമയം കൂടി ഇരുന്നു. പിന്നീട് ഓരോരുത്തര്‍ കണ്ണു തുറന്ന് ചതി മനസ്സിലാക്കി-അടുത്ത ദേവാസുരയുദ്ധത്തിനു കാരണമായി.

ആദ്യം ഇറങ്ങിയോടിയ ആള്‍ നേരേ ദേവലോകത്തെത്തി. അവിടെ ഗംഭിര അമൃതു വിളമ്പ്. സൂര്യ ചന്ദ്രന്മാരേ കാവല്‍ നിര്‍ത്തിയിട്ടുണ്ട്.

അയാള്‍ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ അകത്തുകടന്നു. കുറച്ചമൃത് കിട്ടിയത് വായിലേക്കൊഴിക്കുമ്പോള്‍ അസുരന്റെ ദംഷ്ട്ര--കിഴിഞ്ഞു നൊക്കിക്കൊണ്ടിരുന്ന ദ്വാ‍രപാലകന്മാര്‍ കണ്ടുപിടിച്ച് വിളി വിളി കൂട്ടി. മഹവിഷ്ണു ഉടന്‍ തന്നെ സുദര്‍ശ്ശനംകൊണ്ട് അവന്റെ കഴുത്തറുത്തു. കുറച്ചമൃത് ഇറങ്ങിപ്പോയതുകൊണ്ട് അവന്‍ മരിച്ചില്ല. തല രാഹുവും ഉടല്‍ കേതുവുമായി. അവന്‍ അവനേ കാണിച്ചുകൊടുത്ത സൂര്യ ചന്ദ്രന്മാരോടുള്ള പകതീര്‍ക്കാന്‍ ഇപ്പോഴും അവരേ വിഴുങ്ങും. പക്ഷേ പിടലിക്കു താഴോട്ടില്ലാത്തതുകൊണ്ട് അവര്‍ ഇങ്ങു വെളിയില്‍ പോരും. അവന്റെ പേര്‍ വജ്രദംഷ്ട്രന്‍. ഈ കഥയ്ക്ക് ഒരനുബന്ധംകൂടിയുണ്ട്. ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയുണ്ടായത് ഈ അമൃതടിച്ചോണ്ടുപൊയ മോഹിനിയേ കാണാന്‍ ശിവന്‍ വാശിപിടിച്ചകൊണ്ടാണെന്നാ പറയുന്നത്.

Comments (0)