കൂത്ത്

മക്കളെ നിങ്ങള്‍ കൂത്ത് കേട്ടിട്ടുണ്ടോ. നമ്മള്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലിനേക്കുറിച്ചു പറഞ്ഞല്ലോ. തുള്ളല്‍ പ്രസ്ഥാനം ആരംഭിക്കാന്‍ കാരണം കൂത്താണെന്നു വേണമെങ്കില്‍ പറയാം. കൂത്തു പറയുന്ന ആളിന് ചക്യാരെന്നാണ് പേര്. സംസ്കൃതത്തില്‍ പാണ്ഡിത്യം, അഭിനയ ചാതുര്യം, ഹാസ്യാഭിനയപാടവം, പ്രതിഭ, സൂക്ഷ്മമായ നിരീക്ഷണ പാടവം , ഇതെല്ലാം തികഞ്ഞ ആളിനുമാത്രമേ കൂത്തില്‍ ശോഭിക്കാന്‍ സാധിക്കൂ. കൂത്തിന്റെ വേദിയില്‍ ഒരു സ്റ്റൂളും, ഒരു മിഴാവും--നമ്മുടെ ഉപ്പുമാങ്ങാഭരണിപോലിരിക്കും--ചാക്യാരും, നമ്പ്യാര്‍ അല്ലെങ്കില്‍ നങ്ങ്യാര്‍ ഇതില്‍ ഒരാളും മാത്രമേ സാധാരണയായി കാണുകയുള്ളൂ. നിലവിളക്ക് കൊളുത്തി വച്ചിരിക്കും. ചാക്യാര്‍ക്ക് കിരീടമുണ്ട്. ദേഹം മുഴുവന്‍ ഭസ്മം, നെറ്റിയില്‍ ഭസ്മവും ചന്ദനവും, മഷി എഴുതിയ കണ്ണ് ഇതൊക്കെ ചാക്യാരുടെ പ്രത്യേകതകളാണ്. വേഷത്തിലുള്ള ചാക്യാര്‍ക്ക് ആരേയും എന്തും പറയാം. ശിക്ഷിക്കാന്‍ രാജാവിനുപോലും അധികാരമില്ല. ഇതൊക്കെ മുഖവുര.

അപ്പൂപ്പന്‍ കണ്ട ഒരു കൂത്തിന്റെ കാര്യം പറയാം. നമ്മുടെ വേലാമ്പിള്ളയാണ് എന്നേ കൂത്തുകാണാന്‍ കൊണ്ടുപോയത്. ഉത്സവം, വഞ്ചിപ്പാട്ട്, പ്രഥമന്‍ ഇവയുടെ ആശാനാണല്ലോ അദ്ദേഹം. എന്നേ നിര്‍ബ്ബന്ധിച്ച് കൊണ്ടുപോയി കൂത്തമ്പലത്തില്‍ ഒരു ഭാഗത്തിരുത്തിയശേഷം അദ്ദേഹം തന്റെ സ്ഥാനമായ, മണ്ഡപത്തിലേ ഒരു തൂണില്‍ ചാരി ഇരുന്നു. വേഷവിധാനന്നളൊടുകൂടി ചാക്യാര്‍ വന്നു.

തലമുടി കോതിക്കൊണ്ടാണു വരവ്-സ്ത്രീകള്‍ കോതുന്നതുപോലെ. തല ഒരുവശത്തേക്ക് ചരിച്ച് രണ്ടു കൈകള്‍ കൊണ്ടും ഗംഭീര കോതല്‍.

അപ്പൂപ്പനല്ലേ പറഞ്ഞത് ചാക്യാര്‍ കിരീടം വച്ചാ വരുന്നതെന്ന്--ശ്യാം ഇടപെട്ടു. പിന്നെങ്ങനാ തലമുടി കോതുന്നത്.

അല്ലെന്നാരു പറഞ്ഞു. എടാ ചാക്യാര്‍ക്കു തലമുടിയും ഒന്നും ഇല്ല. അതാണഭിനയം. ശരിക്കു തലമുടി കോതുന്നെന്ന് നമുക്കു തോന്നും. കേള്‍ക്ക്. കോതിക്കോതി അങ്ങോട്ടുമിങ്ങോട്ടും നടന്ന് കൈയ്യില്‍ പറ്റിയിരിക്കുന്ന തലമുടി തള്ളവിരല്‍കൊണ്ട്, മറ്റു വിരലുകളുടെ അറ്റത്താക്കി എല്ലാ‍വിരലുകളുടേയും സഹായത്തോടെ അതൊരു ഉണ്ടയാക്കി ചൂണ്ടു വിരലിന്റെ അറ്റത്തുവച്ചു. എന്നിട്ട് സദസ്സിലേക്കു നോക്കി മുമ്പിലിരുന്ന ഒരാളുടെ മുഖത്തേക്ക് തള്ളവിരല്‍ കൊണ്ട് ഒറ്റ തെറ്റിക്കല്‍. അയാള്‍ തല വെട്ടിത്തിരിച്ചു.

ആദ്യമായി കൂത്തു കാണുന്ന ഞാന്‍ ഒന്നു ചിരിച്ചു. അത് ഉറക്കെയായി പോയെന്നു പറയേണ്ടതില്ലല്ലോ. ചാക്യാ‍ര്‍ എന്നേ രൂക്ഷമായൊന്നു നോക്കിയ ശേഷം അവിടെ ഇട്ടിരുന്ന സ്റ്റൂളില്‍ ഇരുന്നു.

മുറുക്കുവാനുള്ള ഭാവമാണ്. ഒരു വെറ്റില എടുക്കുന്നു. ശ്രദ്ധയോടെ ഇടത്തുകൈ മലര്‍ത്തിപിടിച്ച് അതില്‍ വച്ച് സാവധാനത്തില്‍ അതിന്റെ ഞരമ്പു കളയുന്നു. ഇടയ്ക്കു നഖത്തിന്റെ ഇടയില്‍ കയറിപ്പോയ ഞരമ്പ് തള്ളവിരല്‍ കൊണ്ട് തൂത്തെടുത്ത് കളയുന്നു. ചുണ്ണാമ്പ് അണിവിരലിന്റെ അറ്റം കൊണ്ടെടുത്ത് വെറ്റിലയില്‍ സാവധാനത്തില്‍ തേയ്ക്കുന്നു. ബാക്കിവന്ന ചുണ്ണാമ്പ് ഇരിക്കുന്ന സ്റ്റൂളിന്റെ അടിയില്‍ പുരട്ടി ആ വിരല്‍ തലയിലും തൂക്കുന്നു. വെറ്റില ഭദ്രമായി മടക്കി വായില്‍ വയ്ക്കുന്നു. വെട്ടി വെച്ചിരുന്ന പാക്കെടുത്ത് ഇടതു കൈ വെള്ളയില്‍ വച്ച് ഊതിയ ശേഷം വായിലിടുന്നു. നല്ലപോലെ ചവയ്ക്കുന്നുമുണ്ട്. പുകയില എടുത്ത്, എഴുനേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

തുപ്പാനുള്ള സ്ഥലം നോക്കുകയാണ്. അവസാനം രണ്ടു വിരല്‍ ചുണ്ടില്‍ ചേര്‍ത്തുവച്ച് മുമ്പില്‍ ഇതെല്ലാം കണ്ട് വായും പൊളിച്ചിരുന്ന വിദ്വാന്റെ നേരേ ഒരു തുപ്പ്.

ഹ: എന്നും പറഞ്ഞ് അയാള്‍ പിന്നിലേക്കു മറിഞ്ഞു. ഇരിപ്പ് നിലത്തായതുകൊണ്ട് ഒന്നും പറ്റിയില്ല. മുഖം തുടച്ചുകൊണ്ടയാള്‍ എഴുനേറ്റിരുന്നു. കൈയ്യില്‍ നോക്കി-ഒന്നുമില്ല--ഒരു ചമ്മിയ മുഖത്തോടെ അയാള്‍ ഇരുന്നു. ഞാന്‍ ചിരി അമര്‍ത്തി. പക്ഷേ അതും ചാക്യാര്‍ കണ്ടു. ഒന്നു തലയാട്ടി.

ച്ഛേ-ഇങ്ങനെ മനുഷ്യന്റെ മുഖത്തു തുപ്പുന്ന കലയാണോ ഈ കൂത്ത്. ചുണ്ണാമ്പും അളിച്ച് സ്റ്റൂളില്‍ തേച്ച്-രാംകുട്ടന് രോഷം സഹിക്കുന്നില്ല.

എടാ മോനേ അവിടെ വെറ്റിലയും പാക്കും പോലയും ഒന്നുമില്ല. എല്ലാം ഉണ്ടെന്നു നമുക്കു തോന്നും വിധമുള്ള അഭിനയം മാത്രം. തുപ്പിയെന്നുള്ളതും നമുക്കു തോന്നും വിധം ചെയ്തു.

ചാക്യാര്‍ എഴുനേറ്റു. ചക്യാന്മാരുടെ ആ പ്രത്യേക ഈണത്തില്‍ ചൊല്ലി
ശ്രീപതിം പ്രണിപത്യാഹം
ശ്രീവത്സാങ്കിത വക്ഷസം
ശ്രീരാമോദന്തമാഖ്യാസ്സ്യേ
ശ്രീവാത്മീകി പ്രകീര്‍ത്തിതം. അങ്ങിനെ-

അദ്ദേഹം തുടര്‍ന്നു- ശ്രീ വാത്മീകിയാല്‍ പ്രകീര്‍ത്തിതമായിരിക്കുന്ന--ശ്രീരാമോദന്തം- അതായത് ശ്രീ രാമന്റെ കഥ ശ്രീവത്സാങ്കിത വക്ഷസ്സായിരിക്കുന്ന ശ്രീപതിയേ നമസ്കരിച്ചുകൊണ്ട് -ഞാന്‍ പറയുന്നു.

സീതയേ രാ‍വണന്‍ തട്ടിക്കൊണ്ടു പോയിക്കഴിഞ്ഞ് സുഗ്രീവനുമായി സഖ്യം ചെയ്ത് വാനരന്മാരേ സീതാന്വേഷണത്തിനയച്ചതില്‍- തെക്കോട്ടു പോയ കൂട്ടര്‍ സമ്പാതിയുടെ ഉപദേശം അനുസരിച്ച് കടല്‍ കടക്കാനുള്ള ഉപായം ആലോചിക്കാന്‍ കൂടി ഇരിക്കുകയാണ്.

സദസ്സിലേക്കു നോക്കി ചാക്യാര്‍--അല്ലാ എല്ലാവരും എത്തിയില്ലേ. സദസ്യരേ സൂക്ഷിച്ചുനോക്കികൊണ്ട്-നീലന്‍ , നളന്‍ , ഗവയന്‍ , ഗവാക്ഷന്‍ ഒക്കെയുണ്ടല്ലോ. എവിടെ നമ്മുടെ ജാംബവാന്‍ -പുള്ളി സമയത്ത് എത്താറുണ്ടല്ലോ --

ഈ സമയത്ത് നമ്മുടെ കേശവക്കുറുപ്പ് വൈദ്യന്‍ ഒരോലക്കുടയും പിടിച്ച് അവിടെ എത്തി. നാട്ടിലേ പ്രമാണിയായ വൈദ്യനാ‍ണ്. ഒരുപാടു പ്രത്യേകതകളുള്ള ആളാണ്. മെതിയടി ഇട്ടേ നടക്കൂ. അതുകൊണ്ട് വരമ്പിലുള്ള മട ചാടിക്കടക്കുന്നത് കാണേണ്ട കാഴ്ച്ചയാണ്. ഷര്‍ട്ട് ഇടുകയില്ല. പകരം ഒരു തോര്‍ത്ത് രണ്ടായി മടക്കി നടുഭാഗത്ത് തല കടക്കാവുന്ന അത്രയും ഭാഗം മുറിച്ചുമാറ്റി സൂചിയും നൂലും കൊണ്ട് മുറിച്ചിടം നൂലു വെളിയില്‍ വരാതെ തയ്ക്കും. അത് തലയില്‍ കൂടി ഇട്ട് അതിന്റെ പുറത്തുകൂടി മുണ്ടുടുത്താല്‍ ബനിയനിട്ടപോലെ ഇരിക്കും. അതാണ് വേഷം. അദ്ദേഹത്തിന്റെ അംഗീകരിക്കപ്പെട്ട വേഷമായതുകൊണ്ട് ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. അഥവാ ഉണ്ടെങ്കിലും അത് അദ്ദേഹത്തിനു കാര്യമല്ല. അന്ന് വയസ്സ് അറുപതു കഴിഞ്ഞിട്ടുണ്ട്.

ഇദ്ദേഹം അകത്തേക്കു പ്രവേശിച്ചപ്പോള്‍

ചാക്യാര്‍-ഹാ വന്നല്ലോ ജാംബവാന്‍ . എവിടാരുന്നു. വയസ്സായി കണ്ണുകാണത്തില്ലെങ്കില്‍ കുറേ നേരത്തേ ഇറങ്ങരുതോ. ആരേയാണ് നമുക്ക് ലങ്കയിലേക്ക് വിടേണ്ടത്.

ഇത്രയുമായപ്പോള്‍ എനിക്കു ചിരി പൊട്ടിപോയി.

എഴുനേല്‍ക്കെടാ-എന്നേ നോക്കി ചാക്യാര്‍ ഒരലര്‍ച്ച.

ഞാനറിയതെ എഴുനേറ്റു പോയി. ഒരു കൂട്ടച്ചിരി മുഴങ്ങി. വേലാമ്പിള്ള തിരിഞ്ഞു നോക്കി എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. വളിച്ചു പുളിച്ച് ഞാനിരുന്നു. എത്ര യോജന ചാടാം-പത്തോ പുച്ഛസ്വരത്തില്‍ ചാ‍ക്യാര്‍ എന്നേ നോക്കി തുടരുകയാണ്. നിന്റെ നിഗളിപ്പു കണ്ട് ഞാന്‍ വിചാരിച്ചു നീ ഇപ്പോള്‍ ലങ്കയില്‍ പോയി സീതയേ കൊണ്ടുവരുമെന്ന്. കൊരങ്ങന്‍ .

വേറേ ആരുണ്ട് -എടോ-ചാക്യാര്‍ കൈ കൊട്ടി ഒരാളേ വിളിച്ചു. തനിക്കെത്ര ചാടാം. അമ്പതോ--അയാള്‍ ഒരു ഭാവഭേദവും കൂടാ‍തിരിക്കുകയാണ്.

വേറെ ആരുണ്ട്-അറുപതൊ-എടോ തൊണ്ണൂറ്റി ഒന്‍പതു ചാടിയാലും വെള്ളത്തില്‍ കിടക്കത്തേയുള്ളൂ. തന്റെയൊരറുപത്.

ദേ വരുന്നല്ലോ ഒരു കൊരങ്ങന്‍ . ഹയ്യട-- ഭാവം കണ്ടാല്‍ അങ്ങേരുടെ തലയില്‍കൂടാണ് ഈ സംസ്ഥാനത്തിന്റെ ഭരണചക്രം തിരിയുന്നതെന്നു തോന്നും. ഒരിക്കലും - ഒരിക്കലും-സമയത്തു വരികയില്ല. ഇവിടെ ശ്രീരാമചന്ദ്രന്റെ ഭാര്യ സീതാദേവിയേ അന്വേഷിച്ച് ഓരോരുത്തര്‍ തല പുകയ്ക്കുന്നു.

ആരാ അപ്പൂപ്പാ ആ വന്നത് ആതിര ചോദിച്ചു.

അതോ അത് സ്ഥലത്തേ തഹസീല്‍ദാര്‍--കസവു വേഷ്ടിയും, മല്‍മല്‍ ജൂബ്ബയുംധരിച്ച്, പുളിയിലക്കരയന്‍ നേര്യതും കഴുത്തില്‍ ചുറ്റി പാവം ഉത്സവം കാണാന്‍ ഇറങ്ങിയതാണ്. ഏതായാലും എന്റെ ചമ്മലൊക്കെ പോയി. ബാക്കി ഭാഗങ്ങള്‍ ഞാനും ഭംഗിയായി ആസ്വദിച്ചു. അതു പിന്നെ.

Comments (0)