കണ്ഠീരവന്‍-മൂന്ന്

ഓണത്തിനിടക്ക് ചുണ്ടന്‍ വള്ളത്തേക്കേറി കണ്ഠീരവനേ മറന്നു പോയി--ആതിരയ്ക്ക് പരാതി.

ഇല്ല മോളേ. നമുക്ക് ചെമ്പകശ്ശേരി രാജ്യം പിടിക്കണ്ടേ.

ദേവനാരായണന്‍ എന്ന രാജാ‍വാണ് അന്ന് അവിടെ വാണിരുന്നത്. സാംസ്കാരികമായി വളരെ ഉയര്‍ന്ന നിലവാരമുള്ള സ്ഥലമാണ് അമ്പലപ്പുഴ. ജലോത്സവങ്ങള്‍ തുടങ്ങുന്നത് ചമ്പക്കുളം മൂലം കളിയോടെയാണ്. പമ്പാനദിയുടെ സമൃദ്ധിയില്‍ ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ഭൂതകാലത്തിന്റെ ഉടമയാണ് ചെമ്പകശ്ശേരി രാജ്യം. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പ്രസ്ഥാനം ആരംഭിച്ചത് അമ്പലപ്പുഴയിലാണ്. ഏതാണ്ട് തൊണ്ണൂറ് ശതമാനം സ്ഥലവും പമ്പാനദിയാല്‍ ചുറ്റപ്പെട്ടതായതുകൊണ്ട് പ്രധാന പ്രതിരോധ സംവിധാനം നേവി ആയിരുന്നു.

ചുണ്ടന്‍ വള്ളങ്ങള്‍, ഓടിവള്ളങ്ങള്‍, വെപ്പു വള്ളങ്ങള്‍, മുതലായവയുടെ വ്യൂഹങ്ങള്‍ അതിശക്തമായിരുന്നു. അതിവേഗം പായുന്ന ഓടി വള്ളങ്ങള്‍ കുതിരപ്പടയ്ക്കു തുല്യമായിരുന്നു. ചുണ്ടന്‍ വള്ളങ്ങളീലെ പട്ടാളക്കാര്‍ക്കുള്ള ആഹാരം വയ്ക്കുന്ന വള്ളങ്ങളാണ് വെപ്പു വള്ളങ്ങള്‍.

പെരുമാങ്കര വള്ളോന്‍ എന്ന പുലയനാടുവാഴിക്കായിരുന്നു കുട്ടനാടിന്റെ ചുമതല. അതിലെ ഇന്നത്തേ തലമുറയില്‍ പെട്ടതാണ് നമ്മുടെ കുഞ്ഞുപിള്ള. അവരുടെ കൊട്ടാരവും മറ്റും ഇപ്പൊഴും ഉണ്ട്. പടയോട്ടക്കാലത്ത് നഷ്ടപ്പെട്ട അവരുടെ ക്ഷേത്രത്തിലേ വിഗ്രഹം കണ്ടുകിട്ടി-അത് കൊച്ചു കന്യാട്ടു കുളങ്ങരെ പ്രതിഷ്ടിക്കാന്‍ തയ്യറെടുപ്പുകള്‍ നടന്നു വരുന്നു.

അവരുടെ പരമ്പരയ്ക്ക് ദ്വാപരയുഗത്തോളം പഴക്കമുണ്ടെന്നാ‍ണ് ഐതിഹ്യം. പാണ്ഡവന്മാര്‍ വനവാസകാലത്ത് ചെങ്ങന്നൂരിനടുത്തുള്ള പുലിയൂര്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോള്‍ ഭീമസേനന്റെ തോഴനായി കരിമ്പന്‍ എന്നൊരാള്‍ഉണ്ടായിരുന്നു. അഹാരകാര്യത്തില്‍ അയാള്‍ ഭീമസേനന് ഒട്ടു പിന്നിലായിരുന്നില്ല. പാഞ്ചാലിക്ക് അക്ഷയപാത്രം ഉണ്ടായിരുന്നതുകൊണ്ട് ഭക്ഷണത്തിന് മുട്ടില്ലല്ലോ.

ഈയാളുടെ ശക്തി ഒന്നു പരീക്ഷിക്കണമെന്ന് ഭീമസേനനു തോന്നി. വെറുതേ തിന്ന് മദിച്ചു നടന്നാല്‍ പോരല്ലോ.

ഒരു ദിവസം ഭീമന്‍ കുളിക്കാന്‍ അടുത്തുള്ള കാന-അതായത് തോട്-യില്‍ പോയി. കുളികഴിഞ്ഞ് തന്റെ ഗദ അവിടെ വച്ചിട്ടു പൊന്നു. തിരിച്ചുവന്ന്-താന്‍ ഗദ എടുക്കാന്‍ മറന്നെന്നും അത് എടുത്തുകൊണ്ടു വരണം എന്നും കരിമ്പനോടു പറഞ്ഞു. കരിമ്പന്‍ പോയി ഗദ കൊണ്ടുവന്ന് പുലിയൂര്‍ ക്ഷേത്രത്തില്‍ ചാരി വച്ചു.അമ്പലത്തിലേ . ഗദയുടെ ഭാരം കൊണ്ട് ക്ഷേത്രംചരിയുന്നതു കണ്ട് ഗദ എടുത്തൊരേറു കൊടുത്തു. അതിപ്പോഴും അവിടെ കിടപ്പുണ്ടെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഭീമന്റെ ഗദയോ--കിട്ടു വാ പിളര്‍ന്നു. അത് ആയിരം ഭാരം ഇരുമ്പല്ലേ--അത് കരിമ്പന്‍ എടുത്തെറിഞ്ഞെന്നോ? അതേ മോനേ അത്ര ശക്തനായിരുന്നു കരിമ്പന്‍ എന്നാണ് അവര്‍ വിശ്വസിക്കുന്നത്.

പിന്നെ ഭീമന് യുദ്ധത്തിന് ഏതു ഗദയാ അപ്പൂപ്പാ-ഉണ്ണിചോദിച്ചു.

അത് ചിലപ്പൊള്‍വേറെ ഉണ്ടാക്കിച്ചുകാണും മക്കളേ-അന്നും കൊല്ലന്മാരൊക്ക്ക്കെ ഉണ്ടായിരുന്നല്ലോ. പുലിയൂര്‍ അമ്പാത്തില്‍ ഇപ്പോള്‍ പ്രതിഷ്ട ഭീമസേനന്റെയാണ്. കരിമ്പന്റെ അമ്പലവും പുലിയൂരില്‍ ഉണ്ട്.

രാമയ്യന് ചെമ്പകശ്ശേരി പിടിക്കണം.

അവിടുത്തേ മന്ത്രിയോട് “എനിക്ക് നിങ്ങളുടെ മണ്ണൊന്നു കാണണമല്ലോ” എന്നു പറഞ്ഞു.

“ ഒരു കുട്ടയും തൂമ്പായും കൊടുത്ത് ഒരാളേവിട്ടേക്ക്“ എന്ന മറുപടിയില്‍ ലജ്ജിച്ചു പോയ രാമയ്യന്‍ പകവീട്ടാന്‍ അവസരം പാര്‍ത്തുകഴിഞ്ഞു. അപ്പോഴാണ് ചെമ്പകശ്ശേരിയിലേ സേനാപതിക്ക് പത്തിയൂര്‍ എന്ന സ്ഥലവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നത്. അങ്ങനെ ഏതൊ ഒരു പണിക്കരെന്ന സേനാനായകനുമായി ഗൂഢാലോചന നടത്തി.

രാജ്യസ്നേഹിയും സത്യസന്ധനുമായിരുന്ന മന്ത്രി മണക്കാടമ്പള്ളി മേനോന്‍ ;രാമയ്യനുമായി കരാറുണ്ടാക്കി രാജ്യം തിരുവിതാംകൂറിന് തീറെഴുതിയെന്ന് രാജാവിനേ ധരിപ്പിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി മന്ത്രിയേ മുള്‍ക്കൂട്ടിലടച്ച് കുളത്തില്‍ മുക്കിക്കൊല്ലാന്‍ രാജാ‍വ് കല്പിച്ചു. അമ്പലപ്പുഴ അമ്പലത്തിന്റെ പുറകുവശത്തുള്ള കുളത്തിലാണ് മുക്കിയതെന്നും അമ്പലത്തിന്റെ പടിഞ്ഞാറുവശത്തെ ഭിത്തിയിളുണ്ടായിരുന്ന ജന്നലിന്റെ കതക് തുറന്നുകിടന്നിരുന്നത് വലിയ ശബ്ദത്തോടുകൂടി അടഞ്ഞെന്നും പിന്നീട് അതു തുറന്നിട്ടില്ലെന്നും അപ്പൂപ്പന്റെ കുഞ്ഞുന്നാളില്‍ കേട്ടിട്ടുണ്ട്.

സേനാനായകന്റെ പിന്‍ തുണ ഉറപ്പാക്കി രാമയ്യന്‍ ചെമ്പകശ്ശേരി ആക്രമിച്ചു.

ദേവനാരായണന്‍ പര്‍ഭ്രമിച്ചു.

ഒന്നും പേടിക്കാനില്ല , പുറക്കാട് എന്ന സ്ഥലത്ത് ഉഗ്രന്‍ കോട്ട കെട്ടിയിട്ടുണ്ട് എന്നു പറഞ്ഞ് സേനാനായകന്‍ രാജാവിനേ ആശ്വസിപ്പിച്ചു.

വലിയ കുറ്റികള്‍ നാട്ടി പനമ്പുകൊണ്ടു മറച്ച്-ഭിത്തിപോലെ വൈറ്റ് വാഷ് ചെയ്ത്-ദൂരെ നിന്നു നോക്കിയാല്‍ കോ‍ട്ടയാണെന്നു തോന്നുന്നവിധത്തില്‍ -ഒരു വേലി കേട്ടി. കരസേനയൊന്നും കാര്യമായില്ല-അതുകൊണ്ട് ആയുധങ്ങളും ഇല്ല. നല്ല തെങ്ങു മുറിച്ച് ചായംതേച്ച് പീരങ്കിയുടെ രൂപത്തില്‍ ഈ വേലിയുടെ ഇടയ്ക്കിടെ സ്ഥാപിച്ചു.

ദൂരെനിന്ന് രാമയ്യന്റെ സൈന്യം ഇതുകണ്ട് പണിക്കര്‍ പറ്റിച്ചെന്നു വിചാരിച്ചു. അവര്‍ മുന്നോട്ടു വരാഞ്ഞതു കണ്ട് വേലിയുടെ ഒരു കുറ്റിഊരിക്കാണിച്ച് യാഥര്‍ത്ഥ്യം വെളിപ്പെടുത്തി. നിസ്സാരമായി രാമയ്യന്‍ ചെമ്പകശ്ശേരി പിടിച്ച് തിരുവിതാംകൂറിനോട് ചേര്‍ത്തു.

ചെമ്പകശ്ശേരിയുടെ രാജ്യദ്രോഹി തിരുവിതാംകൂറിലേ രാജ്യസ്നേഹിയായിത്തീര്‍ന്നു.ഭരിക്കുന്നവരാണല്ലോ ഇതിന്റെ അളവുകോല്‍.

ഗ്രഹപ്പിഴക്കെങ്ങാനും ശ്രീരാമന്‍ തോറ്റിരുന്നെങ്കില്‍ വിഭീഷണന്റെ ഗതി എന്താകുമായിരുന്നു. പോട്ടെ.

മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് പണിക്കര്‍ക്ക് തന്റെ മുമ്പില്‍ നടക്കാന്‍ അനുവാദം കൊടുത്തു--പിന്നില്‍ നടത്തിയാല്‍ കുറ്റി ഊരിയാലോ! ഇതൊക്കെ വെറും ചരിത്രം. രാമയ്യന്‍ വീണ്ടും വടക്കോട്ടു പുറപ്പെട്ടു-കൊച്ചി ലക്ഷ്യംവച്ച്-പക്ഷേ കൊച്ചിരാജാവ്-മാര്‍ത്താണ്ഡവര്‍മ്മയേക്കണ്ട് കരപ്പുറംദേശം-ഇപ്പോള്‍ ചേര്‍ത്തല-തിരുവിതാംകൂറിനു വിട്ടുകൊടുത്ത് രാമയ്യനേ തിരിച്ചുവിളിപ്പിച്ചു.

അപ്പോള്‍ അന്നും ഈവക തരികിട പരിപാടി ഉണ്ടായിരുന്നു. അപ്പൂപ്പന്‍ ചിലപ്പോള്‍ പറയുന്നതു കേട്ടാല്‍ പണ്ടുകാലത്ത് എല്ലാം വളരെ പെര്‍ഫെക്റ്റ് ആയിരുന്നെന്നും ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞെന്നും തോന്നുമല്ലോ--ശ്യാംകുട്ടന്‍ പുച്ഛസ്വരത്തില്‍ പറഞ്ഞു.

അങ്ങനല്ല മക്കളേ--മനുഷ്യസ്വഭാവം എന്നും ഒരുപോലെയാണ്. നന്മയ്ക്കും തിന്മയ്ക്കും ഏറ്റക്കുറചിലുണ്ടാകുമെന്നു മാത്രം. ഞങ്ങളുടെ ചെറുപ്പത്തില്‍ വളരെ ചുരുക്കം ചിലര്‍ കള്ളുഷാപ്പില്‍ പോകുമായിരുന്നു--പക്ഷേ അത് സന്ധ്യയ്ക്ക് തലയില്‍ മുണ്ടുമിട്ടാണ്. ഇന്ന് കുടിക്കാത്തവര്‍ തലയില്‍ മുണ്ടിട്ടു നടക്കണം--അത്രേയുള്ളൂ വ്യത്യാസം.

ഞങ്ങളേ നാലാം ക്ലാസ്സില്‍--അറുപത്തഞ്ച് കൊല്ലം മുമ്പ്--ഈ പണിക്കരുടെ അപദാനങ്ങള്‍ വര്‍ണ്ണിച്ച് ചെമ്പകശ്ശേരി പിടിച്ചടക്കിയ കഥ കിട്ടപ്പണിക്കരുസാ‍ര്‍ പറഞ്ഞത് ഇന്നത്തേപോലെ ഓര്‍ക്കുന്നു. പക്ഷെ കഴിഞ്ഞയാഴ്ച മാതൃഭൂമിയില്‍ വായിച്ച ഒരു കഥ ഓര്‍ക്കാന്‍ ശ്രമിച്ചിട്ട്--ആ പത്രം തപ്പിപ്പിടിക്കേണ്ടി വന്നു. കാലം പോയ പോക്ക്.

വയസ്സായാല്‍ അങ്ങനാ--രാംകുട്ടന്‍ പിറുപിറുത്തു.

നമ്മടെ കണ്ഠീരവന്‍ --ആതിര ഓര്‍മ്മിപ്പിച്ചു.

ങാ വരുന്നു മൊളേ. മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് നാടുനീങ്ങി.

നാടുനീങ്ങിയോ--എങ്ങോട്ട് -കിട്ടു.

എടാ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ മരിക്കത്തില്ല--അവര്‍ നടുനീങ്ങും--കൊച്ചീരാജാവ് തീപ്പെടും--ബിഷപ്പ് കാലം ചെയ്യും--പ്രഭുക്കന്മാര്‍ ദിവംഗതരാകും--സവര്‍ണ്ണര്‍ മരിക്കും--ബാക്കിയുള്ളതൊക്കെ തൊലയുകയോ ചാവുകയോ ഒക്കെ ചെയ്യും. ഇങ്ങനാരുന്നു പണ്ടത്തേഭാഷ--അങ്ങനെ നാടുനീങ്ങി.

അദ്ദേഹത്തിന്റെ അനന്തരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ--അദ്ദേഹം പയറ്റു മുറ പഠിക്കാന്‍ പോയതിനേപ്പറ്റിയുള്ള കഥ അപ്പൂപ്പന്‍ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ.

അതി ശക്തനായ ഒരു ഭരണാധികാരി മരിച്ചാല്‍ സാധാരണയായി രാജ്യത്ത് ഒരു അരക്ഷിതത്വം തോന്നിക്കും. പിന്‍ഗാ‍മി ശക്തനല്ലെങ്കില്‍ ച്ഛിദ്ര ശക്തികള്‍ തലപൊക്കും. അങ്ങനെ തലപൊക്കിയ ച്ഛിദ്രശക്തികളെ അമര്‍ച്ച ചെയ്ത് രാജ്യത്തിന്റെ സുസ്ഥിരത നിലനിര്‍ത്തിയ കഥപറയുന്ന ചരിത്രനോവലാണ് രാമരാജാ ബഹദൂര്‍. അതില്‍കൂടി കണ്ഠീരവന്‍ ഉടനെപുറത്തുവരും.

Comments (0)