കണ്ഠീരവന്‍-5

അന്നുവൈകുന്നേരം--കൊട്ടാരമുറ്റത്ത് മല്ലയുദ്ധക്കളം ഒരുങ്ങി. ആസ്ഥാനവിദ്വാന്മാരായഗുസ്തിക്കാരും മറ്റും അഴകന് ഗുസ്തിയുടെ ചില മര്‍മ്മങ്ങള്‍ പറഞ്ഞു കൊടുക്കുന്നു.

അഴകന്‍ ഇടയ്ക്കിടെ ചുറ്റും പരിഭ്രമത്തോടെ നോക്കുന്നു. തന്റെ യജമാനന്‍ കല്ലറയ്ക്കല്‍ പിള്ളയെങ്ങാനും വന്നിട്ടുണ്ടോ--പറയാതെയാണ് താന്‍ രാവിലേ മുങ്ങിയത്--ഇല്ല--അഴകന് ആശ്വാസമായി. ഇടയ്ക്കിടെ കൊട്ടാരത്തിലേക്കും നോക്കുന്നുണ്ട്. പൊന്നുതമ്പുരാന്‍ എത്തിയിട്ടുണ്ടോ.

ആഘോഷത്തോടെ കണ്ഠീരവനും, അനുയായികളും എത്തി. വ്യായാമത്താല്‍ സുദൃഢമായ പേശികളും ഉരുണ്ടു കൊഴുത്ത കൈകാലുകളും ചുവന്ന കൊമ്പന്‍ മീശയും, ഉരുട്ടിപ്പിടിച്ച രൂക്ഷമായ കണ്ണുകളും-എല്ലാം കണ്ട് ആള്‍ക്കാര്‍ ക്ഷാമമൂര്‍ത്തിയേപ്പോലെ നില്‍ക്കുന്ന അഴകനേ നോക്കി പരിതപിച്ചു.

ഒരാള്‍ അരക്കെട്ടു മുറുക്കി ലങ്കോട്ടിയിട്ട്--അപരന്‍ മുണ്ടു താറുടുത്ത്-രണ്ടുപേരും തമ്മില്‍ ഒരു സാമ്യവുമില്ല.

ഒരു കുതിപ്പിന് കണ്ഠീരവന്‍ കളത്തിലെത്തി--മപ്പടിച്ച് അഴകനേ വെല്ലുവിളിച്ചു. അഴകന് ഒന്നും മനസ്സിലായില്ല. അവന്‍ ചുറ്റും നോക്കി കണ്ണു മിഴിച്ചു. കണ്ഠീരവന്‍ പലതരം അഭ്യാസങ്ങള്‍ കാണിച്ച് കാണികളേ അത്ഭുതപ്പെടുത്തി. അഴകന്‍ ഇതൊക്കെ എന്താണെന്ന ഭാവത്തില്‍ കൈകൊണ്ടു ആംഗ്യം കാണിച്ചു--

കണ്ഠീരവന്‍ വിചാരിച്ചു അയാ‍ളേ കളിയാക്കാന്‍ ഈ വിദ്വാനേ ഇറക്കിയതാണെന്ന്--ഒറ്റ പ്രഹരത്തിന് ഇവന്റെ കഥ കഴിച്ചേക്കാം-എന്നു വിചാരിച്ച് ഒറ്റ ഇടി. അഴകന്‍ ചാടി ഒഴിഞ്ഞു കളഞ്ഞു. ഇടിവെറുതേ പോയി. കണ്ഠീരവന് ദേഷ്യം കൂടി. അഴകനേ പിടികൂടാന്‍ പല പണിയും നോക്കി. നാട്ടിലേ പ്രസിദ്ധ കിളിത്തട്ടു കളിക്കാരനാ‍ണ് അഴകന്‍ --ഒഴിഞ്ഞുമറിയും , തവളച്ചാട്ടംചാടിയുമയാള്‍ കണ്ഠീരവനേ വെള്ളം കുടിപ്പിച്ചു.

കണ്ഠീരവന്റെ കൂട്ടുകാര്‍ എന്തോ കന്നടഭാഷയില്‍ വിളിച്ചു പറഞ്ഞു. ഉടന്‍ കണ്ഠീരവന്‍ അടവൊന്നു മാറ്റി. കാലു രണ്ടും അകറ്റി ഉഗ്രമായി ഞെളിഞ്ഞ് തന്റെ അരക്കെട്ട് ചൂണ്ടിക്കാണിച്ച് അയാള്‍ അഴകനോട് പറഞ്ഞു--ഡേയ് പുള്ളേയ് ഇപ്പിടി പിടിച്ചുക്കോ’

അഭ്യാസിയായ ഒരുവന്റെ അരയില്‍ അഭ്യാസിയല്ലാത്ത ഒരാള്‍ പിടിച്ചാല്‍-അഭ്യാസി ശ്വാസം പെരുക്കി ഒന്നു കുനിഞ്ഞു നൂന്നാല്‍ മറ്റവന്‍ അഭ്യാസിയുടെ തലയ്ക്കു മുകളിലൂടെ തെറിച്ച് ദൂരെപ്പൊയി വീണ് സിദ്ധികൂടും. ഇത് അവിടെ കണ്ടുകൊണ്ടുനിന്ന യുദ്ധവിദഗ്ദ്ധന്മാര്‍ക്കും, കര്‍ട്ടനു പിന്നില്‍ മല്ലയുദ്ധം വീക്ഷിച്ചുകൊണ്ടു നിന്ന രാജാവിനും അറിയാം.

അരുതരുത് എന്നു കാണികളും-രായര്‍ ജയിച്ചെന്ന് പ്രഖ്യാപിക്കുന്നു യുദ്ധം നിര്‍ത്തട്ടെ-എന്നു രാജാവും പറയുന്നതിനിടയില്‍ അഴകൂശ്ശാരുടെ കബന്ധ ഹസ്തങ്ങള്‍ രായരേ വലയം ചെയ്തു. രായര്‍ കുനിയാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലുരണ്ടും ബലമായുറപ്പിച്ച് കൈമുട്ട് ശ്വാ‍സം എടുക്കേണ്ട വയറ്റില്‍ ഊന്നി. കണ്ഠീരവനു കുനിയാന്‍ വയ്യാ--വയറു ചൊട്ടിക്കുന്തോറും അഴകന്റെ കൈകള്‍ ആസ്ഥലം കൈയ്യേറും. ശ്വാസം കിട്ടാതെ അഴകന്റെ പുറത്ത് ഉഗ്രമായ നാലഞ്ചിടി പാസാ‍ക്കി. അവിടെ ഒരു പ്രതികരണവുമില്ല.

അയ്യ--അബ്ബാ-ബ്ലാച്ച് എന്നങ്ങനെ അമുങ്ങട്ടെ-എന്നു പറഞ്ഞ് അഴകന്‍ പിടിമുറുക്കി--ശ്വാസം മുട്ടി ഒരു ദീനമായ അലര്‍ച്ച കണ്‍ഠീരവന്റെ കണ്ഠത്തില്‍ നിന്നു പുറപ്പെട്ടു. അയാളേ രക്ഷിക്കാന്‍ തുനിഞ്ഞ അനുചരരേ-അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കില്‍ പരിഹരിക്കാന്‍ നിര്‍ത്തിയിരുന്ന യോദ്ധാക്കള്‍ തടഞ്ഞു--എക്കിനി എന്റമ്മേടെ വയറ്റില്‍ പോണ്ടാ --എന്നു പറഞ്ഞ് അഴകൂശ്ശാര്‍നിവര്‍ന്ന് ആകാശം ഭേദിച്ചു നിന്നപ്പോള്‍-രായര്‍ നിര്‍ജ്ജീവമായ ഒരു തവളക്കുഞ്ഞിനേപ്പോലെ അയാളുടെ തോ‍ളത്ത് തൂങ്ങിക്കിടന്നു.

യുദ്ധം അവസാനിച്ചു. ജയിക്കുവാണെങ്കില്‍ രായര്‍ക്കു കൊടുക്കാന്‍ വച്ചിരുന്ന സമ്മാനങ്ങള്‍ അയാള്‍ക്കുതന്നെ കൊടുക്കാന്‍ തിരുമാനിച്ച് സമയം നിശ്ചയിച്ചു. വീരപുരുഷനായ അഴകനേ തിരുമുമ്പില്‍ എത്തിക്കാന്‍ കല്പിച്ചു.

അഴകനേ രാജഭടന്മാര്‍ പിടികൂടി. ഇതെന്തൊരു ശെമ്മശ്ശനി--അഴകന്‍ പ്രതിഷേധിച്ചു.

എടാ നിന്നേ പൊന്നു തമ്പുരാനു കാണണമെന്ന്--വാ -എന്നു പറഞ്ഞപ്പോള്‍ അയാള്‍ പോയി. ദൂരെനിന്നേ അകത്തേക്കു സൂക്ഷിച്ചു നൊക്കിക്കൊണ്ടാണ് നടപ്പ്--

അകത്തിരുന്ന ആളിനേ അഴകന്‍ ഒന്നു നോക്കി--കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി--വിശ്വാസം വരാതെ മൂന്നാമതും നൊക്കി--രാവിലേ താന്‍ കളിയാക്കിയ അമ്മാച്ചന്‍ --അഴകന്റെ നെടുന്തടി കഴുകുമരത്തില്‍ ഊഞ്ഞാലാടുന്ന കാഴ്ച അവന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. അവന്‍പിന്നോട്ട് നാലു നെടും ചാട്ടം ചാടി ഓടി മറഞ്ഞു. പുറകേ പോയ രാജഭടന്മാര്‍ അവനേ കണ്ടു പിടിക്കുന്നത് നാലുമൈല്‍ ദൂരത്തുള്ള അവന്റെ വീട്ടില്‍ അമ്മയുടെ പുറകില്‍ നിന്നാണ്.

അഴകൂശ്ശാര്‍ക്ക് വീര ശ്രംഖലയും ദിവാന്‍ജിയുടെ അംഗരക്ഷക പദവിയും കൊടുത്തു. ഇതൊക്കെ അതിമനോഹരമായി സി.വി.തന്റെ രാമരാജാ ബഹദൂര്‍ എന്ന പുസ്തകത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.

എന്നിട്ട്--ആതിര ചോദിച്ചു.

രാജാവ് കണ്ഠീരവന് സമ്മാനംകൊടുക്കാന്‍ തീരുമാനിച്ചിരുന്നല്ലോ. അതു വങ്ങാന്‍ വന്നപ്പോള്‍ അയാള്‍ രാജാവിനേ വധിക്കാന്‍ ഒരു ശ്രമം നടത്തി. അത് ത്രിവിക്രമകുമാരന്‍ എന്നൊരാള്‍ പരാജയപ്പെടുത്തി. കണ്ഠീരവനേ ജയിലില്‍ അടച്ചു. ജയില്‍ ഭേദിച്ചു പുറത്തുവന്ന് അയാള്‍ രജാവിനേ വധിക്കാന്‍ ശ്രമിക്കുകയും കുഞ്ചൈകുട്ടിപ്പിള്ള കാര്യക്കാര്‍ കണ്ഠീരവന്റെ കഥ കഴിക്കുകയും ചെയ്തു. കണ്ഠീരവന്റെ കഥ കഴിഞ്ഞു.

Comments (0)