കണ്ഠീരവന്

മാര്‍ത്താണ്ഡാലയ, രാമനാമഠ, കുളത്തൂരും, കഴകൂട്ടവും,
വെങ്ങാനൂരഥ, ചെമ്പഴന്തി, കുടമണ്‍, പള്ളിച്ചലെന്നിങ്ങനെ
ചൊല്‍പ്പൊങ്ങീടിന ദിക്കിലെട്ടുഭവനം, തത്രത്യരാം പിള്ളമാ-
രൊപ്പം വിക്രമ വാരിരാശികളഹോ ചെമ്മേ വളര്‍ന്നീടിനാര്‍.


ഇന്നെന്തോന്നാ അപ്പൂപ്പനൊരു ശ്ലോകം. ആ കണ്ഠീരവന്റെ കഥ പറയാമെന്നു പറഞ്ഞില്ലേ--ആതിര ചോദിച്ചു- അതുപറ.

ശരിമോളേ. സ്വാതന്ത്ര്യംകിട്ടുന്നതിനു മുമ്പ് നമ്മുടെ രാജ്യം തിരുവിതാംകൂര്‍ ആയിരുന്നു. അത് തിരുക്കൊച്ചിയും, പിന്നീട് കേരളവും ആക്കിയതു രഷ്ട്രീയക്കാരാണ്. അതോടുകൂടി നമ്മുടേതായിരുന്ന, നാഗര്‍കോവില്‍, കന്യാകുമാരി മുതലായ നാഞ്ചിനാടന്‍ പ്രദേശം തമിള്‍നാട്ടിലും, പാലക്കാട്, കാസര്‍ഗോഡ് മുതലായസ്ഥലങ്ങള്‍ കേരളത്തിലും ആയിത്തീര്‍ന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്നൊരു രാജാവാണ് തിരുവിതാംകൂറിനെ അതിന്റെ ഏറ്റവും പ്രശസ്തിയില്‍ എത്തിച്ചത്. അതുവരെ ചെറിയ നാട്ടുരാജ്യങ്ങളായി തമ്മിലടിച്ചു കഴിഞ്ഞിരുന്നവരെ തോല്പിച്ച് ശക്തമായ ഒരു തിരുവിതാംകൂര്‍ ആക്കിയത് അദ്ദേഹമാണ്.

നമ്മുടെ സ്ഥലം അന്യസംസ്ഥാനക്കാര്‍ക്ക് കൊടുത്തിട്ട് വേറേ സ്ഥലം കൂട്ടിച്ചേര്‍ത്തത് എന്തിനാ- ശ്യാമിനുസംശയം.

അതൊക്കെ ഒരു കളിയല്ലേ മോനേ. സംസ്ഥാനത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ ഏല്പിച്ച നേതാവിന്റെ മരുമകന്‍ ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ്. ഒറിജിനല്‍ കേരളമാണെങ്കില്‍ ഒരുകാലത്തും ആ പാര്‍ട്ടി അധികാരത്തില്‍ വരുത്തില്ല.

അപ്പോള്‍ കമ്മ്യുണിസ്റ്റ് കാരേയാണോ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ ഏല്പിച്ചത്?

ഹേയ് അല്ല തലമുതിര്‍ന്ന ഒരു മലയാളി നേതാവാണ്-തനി കാണ്‍ഗ്രസ്സുകാരന്‍ --പക്ഷേ മരുമകന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തിനു പുളിക്കത്തും മറ്റുമില്ല. മരുമകനാണെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ എല്ലാം കൊണ്ടും യോഗ്യനും. പാര്‍ട്ടി എന്നൊക്കെപ്പറയുന്നത് നമ്മളേ കളിപ്പിക്കാനാണ്. സ്വന്തം കാര്യം സിന്താബാദ്.

ഒരിജിനല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വരുത്തില്ല എന്നു പറഞ്ഞത് എന്തുകൊണ്ടാണ്-രാം കുട്ടന്‍ .

അതോ-അന്ന് നമ്മുടെ കേരളത്തില്‍നിന്നും അടര്‍ത്തിമാറ്റിയ സ്ഥലത്ത് നാല്പത്തിഅഞ്ച് അസംബ്ലി നിയോജക മണ്ഡലങ്ങളാണ്. അതു മുഴുവന്‍ കാണ്‍ഗ്രസ്സും. ആകെ നൂറ്റിപതിനെട്ടോ മറ്റോ സീറ്റായിരുന്നു ആദ്യം. അതില്‍ നാല്പത്തഞ്ചിന്റെ കൂടെ പതിനഞ്ച് സീറ്റ് കിട്ടിയാല്‍ കണ്‍ഗ്രസ്സ് ഭരണം ഉറപ്പല്ലേ.

എന്നിട്ട് മരുമകന്‍ മുഖ്യമന്ത്രി ആയോ--രാം.

ഹെവിടെ! അതിന് തമ്പുരാന്‍ തീരുമാനിക്കണം. മുഖ്യമന്ത്രി ആയില്ലെന്നു തന്നല്ല-മന്ത്രിയായി അഴിമതി ആരോപണത്തില്‍ പെടുകയും ചെയ്തു.

ആരാ അപ്പൂപ്പാ ഈ കക്ഷി-വീണ്ടും രാം. അയ്യൊ! അത് സര്‍ദാറും, എം.എനും ആണെന്നുമാത്രം ഞാന്‍ പറയത്തില്ല. ജിന്നായെന്നൊ മറ്റോ പറഞ്ഞതിന് ഒരു പുസ്തകം നിരോധിച്ചുകളഞ്ഞ നാടാണ്. പറഞ്ഞ ആളിനേ ശിക്ഷിക്കുകയും ചെയ്തു. നമ്മളെന്തിനാ വെറുതേ പുലിവാലു പിടിക്കുന്നത്.

കണ്ഠീരവന്റെ കഥ പറയാന്‍ വന്നിട്ട് അപ്പൂപ്പന്‍ രാഷ്ട്രീയം പറയുകയാണ്. ഞാന്‍ പോവ്വാ-ആതിര പിണങ്ങി.

അല്ലേലും അവള്‍ക്കിഷ്ടമില്ലാത്തതു ആരും പറയരുത്-കിട്ടു ഏറ്റു പിടിച്ചു.

ഒന്നു മിണ്ടാതിരി- ശ്യാം ഇടപെട്ടു. അപ്പൂപ്പന്‍ പറഞ്ഞോ. എന്തു മാനദണ്ഡത്തിലാണ് സംസ്ഥാനങ്ങള്‍ വിഭജിച്ചത്?

അതൊരു വലിയ വഞ്ചനയുടെ കഥയാണ്. ബ്രിട്ടീഷുകാര്‍ പോകുന്നിടം വരെ അവരുടെ പുറകെ നടന്നവര്‍ സ്വാതന്ത്ര്യം കിട്ടി ഒറ്റദിവസംകൊണ്ട് കാണ്‍ഗ്രസ്സുകാരും ഭരണാധികാരികളും ആയി. സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത സാധാരണക്കാര്‍ മണ്ടന്മാ‍രും-
പക്ഷേ അവര്‍ക്ക് വോട്ടുചെയ്യാനുള്ള സ്വാതന്ത്യം അവര്‍ക്കുണ്ട്.

ഭഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ വിഭജിക്കണമെന്ന് ഒരു വാദം അന്നു ഉടലെടുത്തു. ആന്ധ്രായിലാണ് അത് തുടങ്ങിയത്--തെലുങ്കാനാ സംസ്ഥാനം. ബുദ്ധിരാക്ഷസന്മാരായ കുറെ കാണ്‍ഗ്രസ്സുകാര്‍ ഒരു വഴി കണ്ടുപിടിച്ചു. ഒരു രക്തസാക്ഷിയേ ഉണ്ടാക്കുക-തെലുങ്കാനയ്ക്കുവേണ്ടി-അതിന്റെ പേരും പറഞ്ഞ് കലാപമുണ്ടാക്കുക--വേരു പിടിച്ചിട്ടില്ലാത്ത കേന്ദ്ര സര്‍ക്കാരിന് മറ്റു പോംവഴികളില്ലാതാക്കുക. അത് അവര്‍ വളരെ വിദഗ്ദ്ധമായി നടപ്പാക്കി.

എങ്ങനെ-രാമിന് രസംകേറി.

ഒരു കാട്ടില്‍ ഒരു സിഹം ഉണ്ടായിരുന്നു. രാജാവിന് ഒരുകാക്ക, ഒരു കുറുക്കന്‍ , ഒരു കടുവ എന്നിവര്‍ സേവകരായി ഉണ്ട്.

ഇതെന്തോന്നാ പെട്ടെന്നൊരു കഥമാറ്റം--ഉണ്ണിക്ക് പിടിച്ചില്ല.

ഉണ്ണ്യേട്ടന്‍ ഒന്നു മിണ്ടാതിരി-ആതിരയ്ക്ക് രസം കേറി-പറ അപ്പൂപ്പാ.

ഒരു ദിവസം ഇവര്‍ ഇരതേടി നടക്കുമ്പോള്‍ ഒരു പുതിയ ജീവി. ഈകാട്ടിലെങ്ങും ഇങ്ങനൊരെണ്ണത്തിനേ കണ്ടിട്ടില്ല--കൂട്ടംതെറ്റി വന്ന ഒരൊട്ടകമാണ്. അവര്‍ പതുക്കെ അതിന്റെ അടുത്തെത്തി അന്വേഷിച്ചു.

തന്റെ കൂടെ വന്ന കച്ചവടക്കാരേയും കൂട്ടുകാരേയും കണ്ടില്ലെന്നും തനിക്ക് ഇനി എന്തുചെയ്യണമെന്നറിയില്ലെന്നും ഒട്ടകം പറഞ്ഞു.

സാരമില്ല നിന്നേ ഞങ്ങള്‍ രാജാവിന്റടുത്തെത്തിക്കാം. നമുക്കൊന്നിച്ചു ജീവിക്കാം. സേവകര്‍ പറഞ്ഞു. അവര്‍ ഒട്ടകത്തെ സിംഹത്തിന്റെ അടുത്തെത്തിക്കുകയും എല്ലാവരും കൂടി അവിടെ കഴിയുകയും ചെയ്തു.

അങ്ങനെ ഇരിക്കെ കാട്ടില്‍ വരള്‍ച്ച. മൃഗങ്ങളെല്ലാം വെള്ളംതേടി എങ്ങാണ്ടൊക്കെയോ പോയി. ആഹാരം കിട്ടാ‍നില്ലാതെ രാജാവും പരിവാരങ്ങളും വലഞ്ഞു.

കുറുക്കന്‍ പറഞ്ഞു. നമുക്ക് ഈ ഒട്ടകത്തിനേ അങ്ങു കൊന്നാലോ.

പക്ഷേ കൂട്ടുകാരനേ കൊല്ലാന്‍ രാജാവ് സമ്മതിച്ചില്ല.

കുറുക്കനും, കടുവയും, കാക്കയും കൂടി ഒരു ഗൂഢാലോചന നടത്തി.

അടുത്ത ദിവസം ഡര്‍ബാ‍ര്‍ കൂടുകയാണ്. എല്ലാ‍വരും വിശന്നു പൊരിയുന്നു.

അപ്പോള്‍ കാക്ക രാജാവിനോടു പറഞ്ഞു. അങ്ങിങ്ങനെ വിശന്നിരിക്കുന്നതു കണ്ടിട്ട് അടിയന്റെ ഹൃദയം പൊട്ടുന്നു. എന്നേ കൊന്നു തിന്ന് അങ്ങു വിശപ്പടക്കിയാലും.

ഉടന്‍ കുറുക്കന്‍ മുന്നോട്ടു വന്നു. അയ്യേ-ഒരു കാക്കയുടെ ഇറച്ചികൊണ്ട് എന്തകാനാണ്--എന്നേ കൊന്നുകൊള്ളൂ.

ഉടനേകടുവ പറഞ്ഞു-അതില്‍ കൂടുതല്‍ ഇറച്ചി എനിക്കുണ്ട്--എന്നെ കൊന്നു തിന്നൂ--

പാവം ഒട്ടകം . ഇതെല്ലാം സത്യമെന്നു വിചാ‍രിച്ച്, പ്രഭോ ഇതിലൊക്കെ കൂടുതല്‍ ഇറച്ചി എനിക്കല്ലേ-എന്നേ കൊന്നോളൂ എന്നു പറയുകയും ഒരു ഞൊടിയിടകൊണ്ട് കടുവയും, കുറുക്കനും അതിന്റെ മേല്‍ ചാടിവീണ് അതിനേ കൊന്ന് ഭക്ഷണമാക്കുകയും ചെയ്തു.

പൊട്ടി ശ്രീരാമുലു നായിഡു ആന്ധ്രയിലേ ഒരു ഗ്രാമീണനാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ കുറുക്കത്തരമൊന്നുമറിയാന്‍ വയ്യാത്ത ഒരു ശുദ്ധഗതിക്കാരന്‍. അയാളുടെ ആത്മാര്‍ത്ഥത അറിയാവുന്ന കുറേ നേതാക്കള്‍ ഒരു യോഗത്തിന് അദ്ദേഹത്തെയും വിളിച്ചു. പതിവില്ലെങ്കിലും അംഗീകാരം കിട്ടിയതില്‍ പുള്ളിക്ക് സന്തോഷം. തെലുങ്കാനാ രാജ്യം വേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഘോരഘോരം പ്രസംഗം. പിന്നീട് അതിനു വേണ്ടി നിരാഹാരം കിടക്കാന്‍ തീരുമാനം. ഓരോരുത്തരായി തങ്ങളുടെ സന്നദ്ധത പ്രകടിപ്പിക്കുന്നു--മുന്‍ നിശ്ചയപ്രകാരം ഓരോ കാരണങ്ങള്‍ പറഞ്ഞ് അത് നിരസിക്കപ്പെടുന്നു.

അവസാനം നമ്മുടെ പൊട്ടി ശ്രീരാമുലു നായിഡു തന്റെ സന്നദ്ധത അറിയിക്കുന്നു--ഉടന്‍ തന്നെ അദ്ദേഹത്തേ ഹാരമണിയിക്കുന്നു. നിരാഹാരപ്പന്തലില്‍ എത്തിക്കുന്നു--വെള്ളം പോലും കൊടുക്കാതെ നേതാക്കള്‍ ശ്രദ്ധിക്കുന്നു. അദ്ദേഹം പട്ടിണി കിടന്നു മരിക്കുന്നു.

തിരക്കഥപ്രകാരം ആന്ധ്രയില്‍ പാവങ്ങളുടെ കുടിലുകള്‍ കത്തിച്ച് കലാപം ഉണ്ടാക്കുന്നു. കേന്ദ്രം ഭാഷാ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്നു.

എത്ര എളുപ്പം. അല്ലേ. ഭരണം വേണ്ടാത്തവര്‍ക്ക് രക്തസാക്ഷിപ്പട്ടം. ഭരണം വേണ്ടവര്‍ക്ക് ഭരണം--എന്തൊരു സോഷ്യലിസം.

ഇന്നേ നമ്മുടെ പയറു വിളഞ്ഞു നില്ക്കുന്നു-അത് പറിച്ച് വിത്തുണ്ടാക്കണം.

എന്തിനാ അപ്പൂപ്പാ ഈ വിത്തുണ്ടാക്കുന്നത്-എവിടുന്നെങ്കിലും വാങ്ങിച്ചാല്‍ പോരേ. ശ്യാമാണ്.

മോനേ നമുക്കു കഴിയുന്നത് നമ്മള്‍ തന്നെ ഉണ്ടാക്കണം. പ്രയാസമില്ലാതെ വിശ്വസനീയമായ വിത്തു നമുക്ക് ആവശ്യമുള്ള സമയത്ത് കിട്ടും. ബാ പോകാം.

നിക്ക്-നിക്ക് -അപ്പോള്‍ കണ്ഠീരവന്‍--ആതിര.

കണ്ഠീരവനും ഒക്കെ പിന്നെ.

Comments (0)