വരരുചി

നമ്മള്‍ പറച്ചി പെറ്റ പന്തിരു മക്കളുടെ ശ്ലോകം പഠിച്ചല്ലോ. വരരുചി എന്ന ബ്രാഹ്മണന്‍ കാലത്ത് എങ്ങിനെയാണ് ഒരു പറച്ചിയേ കെട്ടിയത്-- കഥ പറയാം. വിക്രമാദിത്യ സദസ്സിലേ നവരത്നങ്ങളില്‍ ഒരാളാണല്ലോ വരരുചി. ഒരു ദിവസം രാജാവ് ഒരു ചോദ്യം-രാമായണത്തിലേ ഏറ്റവും മഹത്തായ ശ്ലോകം ഏത്--അതിലേ ഏറ്റവും മഹത്തായ പാദം ഏത്--വരരുചി പറയണം. എന്തവാ അപ്പൂപ്പാ പാദം--ആതിര ചോദിച്ചു. പാദം എന്നു പറഞ്ഞാല്‍ കാല്‍--അതെനിക്കറിയാം-അതാ ചോദിച്ചത്. ഹെടി ഇവള്‍ പറേപ്പിക്കത്തില്ലല്ലോ--മോളേ നാലുകാല്‍ ചേരുന്നതല്ലേ ഒന്ന്. അങ്ങനെ നാലു പാദങ്ങളാണ് ഒരു ശ്ലോകത്തിന്. അതിലേ ഒരു വരിക്കാണ് പാദം എന്നു പറയുന്നത്. വരരുചിക്കറിയാന്‍ വയ്യ. ഒരു മാസത്തിനകം കണ്ടുപിടിക്കണമെന്ന് രാജാവ് കല്പിച്ചു. എന്താ അപ്പൂപ്പാ കാളിദാസനോട് ചോദിക്കാഞ്ഞത്? ഉണ്ണിക്കാണറിയേണ്ടത്. മോനേ കാളിദാസനേ അന്ന് നാടുകടത്തിയിരിക്കുകയാണ്. അസൂയക്കാരുടെ ഏഷണികൊണ്ടാണെന്ന് മനസ്സിലായ രാജാവിന് ആകെ ദേഷ്യമാണ്. അതാണ് ഇങ്ങനെ കര്‍ശ്ശനമായി ആജ്ഞാപിച്ചത്. വരരുചി പോയി. രാമായണം മുഴുവന്‍ തപ്പിയിട്ടും--എല്ലാം ഉഗ്രന്‍-ഇതില്‍നിന്നും ഏറ്റവും നല്ലതെങ്ങിനെ കണ്ടുപിടിക്കും! അദ്ദേഹം വിഷണ്ണനായി കൊട്ടരത്തിനടുത്തുള്ള ഒരാല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയാണ്. ഒരു മയക്കം--വനദേവതകളേ രക്ഷിച്ചോണേ-എന്നു പറഞ്ഞ് അദ്ദെഹം അവിടെ കിടന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ മരത്തിന്റെ മുകളീല്‍ ഒരു കോലാഹലം. കുറേ കാളി-കൂളികള്‍ എത്തിയതാണ്. അവര്‍ മരത്തിലേ ദേവതകളോട് ചോദിച്ചു-- അടുത്ത പറക്കുടിലില്‍ ഒരു പ്രസവം നടക്കാന്‍ പോകുന്നു. ഞങ്ങള്‍ ചോരേം നീരും കുടിക്കാന്‍ പോവ്വാണ്--വരുന്നോ? ഇല്ല ഞങ്ങള്‍ക്ക് വന്നാല്‍ കൊള്ളാമെന്നുണ്ട്--പക്ഷെ രക്ഷിച്ചോണേ എന്നു പറഞ്ഞ് ഒരുത്തന്‍ ദേ ഇതിന്റെ കീഴില്‍ കിടക്കുന്നു. ഞങ്ങള്‍ക്ക് അവനേ നോക്കണം. നിങ്ങള്‍ പോയി വന്ന് വിവരം പറയണേ-എന്നു പറഞ്ഞു. ദേവതകളുടെ ഭാഷ അറിയാവുന്ന വരരുചി ഇതെല്ലാം മയക്കത്തില്‍ കേട്ടു. കുറേ കഴിഞ്ഞ് പ്രസവത്തിനു പോയിരുന്നവര്‍ തിരിച്ചുവന്നു. വിശേഷങ്ങള്‍ പറഞ്ഞു. പെണ്‍കുഞ്ഞാണെന്നു പറഞ്ഞപ്പോള്‍ മരത്തിലിരുന്ന ദേവതകള്‍ ചോദിച്ചു. അവളുടെ ജാതകം പറ--ആരാ അവളേ കേട്ടുന്നത്. അതൊ അത്മാം വിദ്ധിഅറിയാ‍ന്‍ വയ്യാത്ത വരരുചിയാണ്--ദേ കിടക്കുന്നു-അയാള്‍. ദേവതകള്‍ പോയി. വരരുചി ഞെട്ടി എഴുനേറ്റു--അദ്ദേഹത്തിന് സന്തോഷവും സന്താപവും ഒഏ സമയത്തു വന്നു. സന്തോഷം രാമായണത്തിലേ ശ്ലോകം കിട്ടിയതില്‍--സന്താപം പറയിപ്പെണ്ണിനെ കെട്ടണ്ടി വരുന്നതില്‍. എന്തവാ അപ്പൂപ്പാ ശ്ലോകം? ആതിരയാണ്. പറയാം- കേട്ടോ മോളേ.
രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാ
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാസുഖം.--ഇതാണ് രാമയണത്തിലേ ഏറ്റവും മഹത്തായ ശ്ലോകം. അതിലേ ഏറ്റവും മഹത്തായ പാദംമാംവിദ്ധി ജനകാത്മജാഎന്ന വരിയാണ്. അതാ‍ണ് ദേവതകള്‍ പറഞ്ഞത്. അതിന്റെ അര്‍ത്ഥം-സുമിത്ര-അതായത് ലക്ഷ്മണന്റെ അമ്മ-ലക്ഷ്മണന്‍ രാമന്റെ കൂടെ കാട്ടില്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ മകനോടു പറഞ്ഞതാണ്--രാമനേ ദശരഥനെന്നു വിചാരിക്കണം; സീതയെ ഞാനെന്ന്--അമ്മയെന്ന് -വിചാരിക്കണം; കാടിനേ അയോദ്ധ്യയെന്നു വിചാരിക്കണം; മകനേ സുഖമായി പോവുക. ഇതില്‍ സീതയേ അമ്മയെന്നു വിചാരിക്കണം എന്നവരിയാണ് ഏറ്റവും മഹത്തായത്. ഇത് രാജസദസ്സില്‍ അവതരിപ്പിക്കുകയും അത് ഐകകണ്ഠ്യേന അംഗീകരിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ വരരുചി രാജാവിന്റെ അടുക്കല്‍ --ഇവിടടുത്ത് ഒരു പറച്ചി പ്രസവിച്ചെന്നും, അതിന്റെ ജനനം രാജ്യത്തിന് ആപത്താണെന്നും അതിനെ ഒരു പന്തവും നെറ്റിയില്‍ കുത്തി പെട്ടിയിലാക്കി നദിയില്‍ ഒഴുക്കണമെന്നും പറഞ്ഞു. ഹൊ-എന്തൊരു ക്രൂരത-ആതിരയ്ക്കു സഹിച്ചില്ല. അതേ മോളേ സ്വന്തം കാര്യത്തിനു വേണ്ടി എന്തധര്‍മ്മവും മനുഷ്യന്‍ ചെയ്യും--അന്നും-ഇന്നും. രാജാവ് അതുപ്രകാരം ചെയ്തു. വരരുചി തിര്‍ത്ഥാടനത്തിനും പോയി. ചെയ്ത പാപഫലം ഒന്നു കുറഞ്ഞാലോ.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. തീര്‍ത്ഥാടനത്തിനിടയില്‍ വരരുചി ഒരു ബ്രാഹ്മണ ഭവനത്തില്‍ എത്തി. ബ്രാഹ്മണന്‍ സല്‍ക്കരിക്കാന്‍ തയ്യാറായി. അപ്പോള്‍ വരരുചി പറഞ്ഞു. എനിക്കു ചില നിബന്ധനകള്‍ ഉണ്ട്--അത് നിവര്‍ത്തിക്കുന്നിടത്തുനിന്നേ ഞാന്‍ ആതിഥ്യംസ്വീകരിക്കൂ. അന്നൊക്കെ അതിഥി ദേവനാണ്. ബ്രാഹ്മണനാണെങ്കില്‍ പറയുകയും വേണ്ടാ. അവിടുത്തേ നിബന്ധനകള്‍ അരുളിചെയ്താലും--വിനീതനായി ബ്രാഹ്മണന്‍ പറഞ്ഞു. ഒന്നാ‍മതായി-വരരുചി പറഞ്ഞു- കുളിച്ചു കഴിഞ്ഞ് എനിക്കുടുക്കാന്‍ വീരാളി പട്ടു വേണം. രണ്ടാമത് ഊണിന് നൂറ്റൊന്നു കറികള്‍ വേണം. മൂന്നാമത് ഊണു കഴിഞ്ഞാല്‍ എനിക്കു മൂന്നു പേരേ തിന്നണം-അതു കഴിഞ്ഞ് നാലു പേര്‍ എന്നേ താങ്ങണം. പാവം ബ്രാഹ്മണന്‍, അയാള്‍ക്ക് ഇതിനൊന്നും കഴിവില്ല. എന്തു പറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അയാളുടെ മകള്‍ അകത്തുനിന്ന് വിളിച്ചു. എല്ലാം ശരിയാക്കാം എന്നു പറഞ്ഞോളൂ അച്ഛാ--അവള്‍ പറഞ്ഞു. മകളുടെ കഴിവിനേക്കുറിച്ച് ബ്രാഹ്മണന് സംശയമില്ല. അയാള്‍ സമ്മതിച്ചു.
വരരുചി കുളിക്കാന്‍ പോയി. കുളികഴിഞ്ഞു വന്നപ്പോള്‍ ഒരു പട്ടു കൌപീനം റഡി. കൌപീനമോ-അതെന്താ അപ്പൂപ്പാ. കിട്ടു ചോദിച്ചു. കഷ്ടം-- നിങ്ങളൊന്നുമത് ഉടുത്തിട്ടില്ലല്ലോ. ഏകദേശം നാലിഞ്ചു വീതിയില്‍ രണ്ടര അടി നീളത്തില്‍ ഉള്ള ഒരു തുണിക്കഷണമാണ് കൌപീനം അഥവാ കോണകം. പണ്ടു ഞങ്ങളൊക്കെ അതുടുത്തുകൊണ്ടാണ് നടക്കുന്നത്. കൊച്ചിലേ പട്ടുകോണകം ഒരു ആഡംബരമാണ്. എല്ലാവീട്ടിലും അതു കാണും. അതിലൊന്നാണ് വീരാളിപ്പട്ടായി വരരുചിക്കു കൊടുത്തത്. കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞപ്പോഴേക്കും ഭക്ഷണം റഡി. കൂട്ടാന്‍ ഇഞ്ചിക്കറിയും മോരും--നൂറ്റൊന്നു കറിയെന്നു പറഞ്ഞിട്ട്--അതിര പറയാന്‍ തുടങ്ങി--അതേ മോളേ നൂറ്റൊന്നു കറി-ഇഞ്ചിനൂറുകറി പിന്നെ മോരും നൂറ്റൊന്ന്--വരരുചിക്ക് ബോധിച്ചു. സുഖമായി ഊണുകഴിഞ്ഞ്-വെറ്റില, പാക്ക്, ചുണ്ണാമ്പ് --മൂന്നുപേരേ തിന്നാന്‍--അതുകഴിഞ്ഞ് ഒരു കട്ടില്‍--നാലുപേര്‍ തങ്ങാന്‍. വിശ്രമം കഴിഞ്ഞ് വരരുചിക്കൊരാഗ്രഹം. ഇത്ര വിദുഷിയായ ബ്രാഹ്മണകന്യകയെ വേള്‍ക്കണം. ബ്രാഹ്മണന്‍ സന്തോഷപൂര്‍വം സമ്മതിച്ചു. കന്യകയ്ക്കും ഇഷ്ടം. കന്യാദാനം കഴിഞ്ഞു. പെട്ടെന്ന് വരരുചിക്ക് വനദേവതകളുടെ വാക്കുകള്‍ ഓര്‍മ്മവന്നു. അദേഹം തന്റെ ഭാര്യയുടെ തലയില്‍ തപ്പി നോക്കി. അവിടെ ഒരു മുറിവു കരിഞ്ഞ വടു. അദ്ദേഹം ചോദിച്ചു-ഇതെന്താണ്. അവള്‍ പറഞ്ഞു--അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്-എന്നേ കിട്ടിയ കഥ. പതിനേഴു കൊല്ലം മുമ്പ് ഒരു ദിവസം അച്ഛന്‍ കുളിക്കാന്‍ പോയപ്പോള്‍ ഒരു പെട്ടി ഒഴുകി വരുന്നു. തലയില്‍ കുത്തിയ പന്തവുമായി ഞാന്‍ അതിനുള്ളില്‍ കിടന്നു കരയുന്നു. അദ്ദേഹം എന്നേ എടുത്തു കൊണ്ടുവന്ന് സ്വന്തം മകളേപ്പോലെ വളര്‍ത്തി. പന്തത്തിന്റെ പാടാണ് എന്റെ തലയില്‍. വിധിയേ മറികടക്കാന്‍ പറ്റില്ലെന്ന് ബോദ്ധ്യമായ വരരുചി ഭാര്യയേയും കൊണ്ട് അടുത്ത തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. അവര്‍ക്കുണ്ടായ മക്കളാണ് പറച്ചിപെറ്റ പന്തിരുകുലം.

ആദ്യത്തേ കുഞ്ഞു പിറന്നപ്പോള്‍-അച്ഛന്‍ വിളിച്ചു ചോദിച്ചു. വായുണ്ടോ കുഞ്ഞിന്--ഉണ്ടെന്ന് മറുപടികിട്ടിയപ്പോള്‍--എന്നാല്‍ അവിടിട്ടേരെ -വാ കൊടുത്തവന്‍ ഇരയും കൊടുത്തോളും-എന്നു പറഞ്ഞ് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് പോയി. ഇങ്ങനെ പതിനൊന്നു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കഴിഞ്ഞ് ദു:ഖിതയായ ഭാര്യ അടുത്ത കുഞ്ഞിനു വായില്ലെന്നു പറഞ്ഞു. എന്നാല്‍ എടുത്തോളൂ എന്നു വരരുചി അനുവാദം കൊടുത്തു--അതിനു വായില്ലായിരുന്നു-അതാണ് വായില്ലാക്കുന്നിലപ്പന്‍. പതിനൊന്നു കുഞ്ഞുങ്ങളേയും ഓരോരുത്തര്‍ എടുത്തു വളര്‍ത്തി-എല്ലാവരും ദിവ്യന്മാരായിരുന്നു. ഇപ്പോ: എല്ലാവര്‍ക്കും അമ്പലങ്ങളുണ്ട്.

ഇത്ര നിഷ്ടുരമായി കുഞ്ഞുങ്ങളേ ഉപേക്ഷിക്കാന്‍ വരരുചിക്ക് എങ്ങനെ ധൈര്യം വന്നു. ഉണ്ണി ചോദിച്ചു. അതോ-സ്വന്തം അനുഭവം കൊണ്ട് വിധിവിഹിതം നടപ്പാവുകതന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. അതാണ് ധൈര്യം.

Comments (1)

അതോ-സ്വന്തം അനുഭവം കൊണ്ട് വിധിവിഹിതം നടപ്പാവുകതന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. അതാണ് ധൈര്യം 《■■■

ബോദ്ധ്യമാകും മുമ്പ് ചെയ്തതിലൊക്കെയുള്ളത് ധീരതയാണെന്ന് മക്കള്‍ക് പഠിപ്പിച്ച് കൊടുത്തുവല്ലെ വെരി ഗുഡ്