ഘോഷയാ‍ത്ര

അപ്പൂപ്പാ ഒരു ഗന്ധര്‍വന്‍ ദുര്യോധനനേ പിടിച്ചു കെട്ടിയെന്നു പറഞ്ഞല്ലോ. ആ കഥ ഒന്നു പറയണം.

പറയാമല്ല്ലോ മക്കളേ. ചിത്രരഥന്‍ എന്നാ‍ണ് ആ ഗന്ധര്‍വന്റെ പേര്. ഇന്ദ്രന്റെ വലിയ കൂട്ടുകാരനാണ്. ഒരു ദിവസം അദ്ദേഹവും ഗന്ധര്‍വകുമാരന്മാരും കുറേ അപ്സരസ്സുകളുംകൂടി ദ്വൈതവനത്തിലെ ഒരു പൊയ്കയില്‍ നീരാട്ടു നടത്തുകയാണ്. അപ്പോഴാണ് ദുര്യോധനനും സംഘവും അതിലേ കടന്നു പോയത്. പൊയ്ക കണ്ട് അതിലൊന്ന് ഇറങ്ങി കുളിച്ചിട്ട് പോകാന്‍ അവര്‍ക്കൊരാഗ്രഹം.

എന്തിനാ അപ്പൂപ്പാ ദുര്യോധനനും മറ്റും ദ്വൈതവനത്തില്‍ പോയത്? ആതിര ചോദിച്ചു.

അതോ അത് -ധര്‍മ്മപുത്രരും അനിയന്മാരും പാഞ്ചാലിയോടുകൂടി വനവാസത്തിനു പോയി അവിടെയാ‍ണ് താമസിച്ചിരുന്നത്--

ഓ കള്ളച്ചൂതു കളിച്ച് അവരേ തോല്പിച്ച കഥ--ഉണ്ണി പറഞ്ഞു.

അതെ. അതുതന്നെ. കാട്ടില്‍ പോയപ്പോള്‍ അവരുടെകൂടെ കുറേ ബ്രാഹ്മണരും പോയി. അവര്‍ക്കു ഭക്ഷണം കൊടുക്കാനാണല്ലോ പാഞ്ചാലി സൂര്യഭഗവാനേ തപസ്സുചെയ്ത് അക്ഷയപാത്രം നേടിയത്. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ അതിലൊന്നും ശേഷിക്കത്തില്ലെന്നു മാത്രം.

അങ്ങനെ കാ‍ട്ടില്‍ കഴിയുന്ന അവരേ തങ്ങളുടെ സുഖസമൃദ്ധി ഒന്നു കാണിച്ചുകൊടുത്ത് അവരേ നാണംകെടുത്തണമെന്ന് ദുര്യോധനനും ശകുനിക്കും, കര്‍ണ്ണനും ഒരാഗ്രഹം. അതിനാണ് അവര്‍ പോയത്.

അപ്പഴേ അപ്പൂപ്പാ അങ്ങനെ പോകാന്‍ അവരേ ഭീഷ്മരും മറ്റും അനുവദിച്ചോ? കള്ളത്തരത്തിലാണ് പാണ്ഡവന്മാരേ തോല്പിച്ചതെന്ന് അവര്‍ക്കൊക്കെ അറിയാമായിരുന്നല്ലോ. രാംകുട്ടന്‍ പറഞ്ഞു.

എടാ കള്ളന്മാര്‍ക്ക് അനുവാദം മേടിക്കാനാണോ പ്രയാസം. ഈ അപ്പൂപ്പന്‍ തന്നെ എക്സ്ട്രാ ക്ലാസുണ്ടെന്നു പറഞ്ഞ് എത്ര ശനിയാഴ്ച പോയി ഫുട്ബാള്‍ കളിച്ചിരിക്കുന്നു. അന്നൊന്നും വീട്ടില്‍നിന്നും കളിക്കാന്‍ വിടുന്ന പ്രശ്നമേ ഇല്ലായിരുന്നു. കളിക്കുന്ന സമയത്ത് തൂമ്പാ എടുത്ത് പുല്ലു കിളക്കരുതോ-എന്നാണ് ചോദ്യം.

കൊള്ളാം കൊള്ളാം അങ്ങനെ ഓരോന്നു പുറത്തുവരട്ടെ--ശ്യാം കുട്ടന് ഹരം കേറി. ഞങ്ങളേ ഓരോന്നു പറഞ്ഞു പൊരിപ്പിക്കുമ്പോള്‍ അപ്പൂപ്പന്‍ വല്യ പുണ്ണ്യാളനാണെന്നല്ലേ കരുതിയിരുന്നത്.

എടാ മക്കളേ-അയ്യായിരം കൊല്ലം മുമ്പ് സോക്രട്ടീസ് കുട്ടികളേക്കുറിച്ച് പറഞ്ഞതെന്താണെന്നോ--നമ്മുടെ കുട്ടികള്‍ക്കുള്ള പ്രധാന ദൂഷ്യം-അവര്‍ മുതിര്‍ന്നവരെ ബഹുമാനിക്കുകയില്ല--പറഞ്ഞാല്‍ അനുസരിക്കുകയില്ല--തോന്ന്യവാസം നടക്കും-ഇവയാണ്-എന്നാണ്. അങ്ങനെ നടന്നവര്‍ വളര്‍ന്നല്ലേ മുതിര്‍ന്നവര്‍ ഉണ്ടാകുന്നത്. അവരും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഇന്നും നാളെയും-

കുട്ടികളും മുതിര്‍ന്നവരും-സ്വഭാവത്തില്‍ മാറ്റമില്ല. നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്തുകൊണ്ടിരിക്കും--ഞങ്ങള്‍ വായില്‍ തോന്നിയതു പറഞ്ഞുകൊണ്ടിരിക്കും--അങ്ങനാ ലോകം. അതുപോട്ടെ. കാട്ടില്‍ പോയി തങ്ങളുടെ പൊങ്ങച്ചം കാണിക്കാന്‍ മഹാരാജാവിനോട്--ധൃതരാഷ്ട്രരാണ് മഹാരാ‍ജാവ്--അനുവാദം വാങ്ങാന്‍ അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു.

അന്നത്തേ രാജ്യത്തിന്റെ ഒരു പ്രധാന ആസ്തി കന്നുകാലികളാണ്. പാ‍ണ്ഡവന്മാര്‍ അജ്ഞാതവാസത്തിന് വിരാടരാജ്യത്താണ് താമസിക്കുന്നതെന്ന് സംശയം വന്നപ്പോള്‍ അതു തീര്‍ക്കാന്‍ ഈ കൌരവന്മാര്‍ അവിടുത്തേ പശുക്കളേയാണ് മോഷ്ടിച്ചത്. അവയേ വളര്‍ത്തുന്ന സ്ഥലത്തിന് ഘോഷം എന്നാണ് പറയുന്നത്. സമയാസമയങ്ങളില്‍ രാജകൊട്ടരങ്ങളില്‍ നിന്ന് പരിശോധനക്ക് ആളു പോകും.

അങ്ങിനെ ഒരു പരിശോധന നടത്താന്‍ സമയമായി. ഞങ്ങള്‍ പോയി പരിശോധിച്ചിട്ടു വരാം-എന്നു പറഞ്ഞ് അനുവാദം വാങ്ങി. ഇവരുടെ സ്വഭാവം നന്നായറിയാവുന്നമഹാരാജാവ്--നിങ്ങള്‍ പാണ്ഡവന്മാര്‍ താമസിക്കുന്ന ദ്വൈത വനത്തിനടുത്തു കൂടെ പോകരുതെന്ന് പ്രത്യേകം പറഞ്ഞു.

ദ്വൈതവനപ്പൊയ്കയില്‍ കുളിക്കുവാനായി അവിടെ കൂടാരങ്ങള്‍ ഉണ്ടാക്കാന്‍ സൈന്യങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു.

കുളിക്കാനെന്തിനാ അപ്പൂപ്പാ കൂടാരം-ആതിരക്ക് സംശയം.

മോളേ അവര്‍ക്ക് കുളിയല്ല പ്രധാനം. അതിനടുത്തെവിടെയോ ആണ് പാണ്ഡവന്മാരെന്ന് ദുര്യോധനനറിയാം. അതുകൊണ്ടാണ് അവിടെ തമ്പടിക്കാന്‍ തീരുമാനിച്ചത്.

ഭടന്മാര്‍ കൂടാരം നിര്‍മ്മിക്കാന്‍ സ്ഥലം അന്വേഷിച്ചു നടക്കുമ്പോള്‍ ഗന്ധര്‍വന്മാര്‍ പിടികൂടി--ഇവിടെ കൂടാരം നിര്‍മ്മിക്കാന്‍ സധിക്കില്ലെന്നും ഉടന്‍ സ്ഥലം വിട്ടു കൊള്ളണമെന്നും പറഞ്ഞു. പേടിച്ചരണ്ട ഭടന്മാര്‍ ദുര്യോധനനേ വിവരം അറിയിച്ചു.

ഹും-രാജാ‍വിനോടു സ്ഥലംവിട്ടുകൊള്ളാന്‍! ഉടന്‍ തന്നെ അവരേ അടിച്ചോടിക്കൂ-ദുര്യോധനന്‍ കല്പിച്ചു. കര്‍ണ്ണന്റെ നേതൃത്വത്തില്‍ പട പുറപ്പെട്ടു. പക്ഷേ ഗന്ധര്‍വ്വന്‍മാരോട് പരാജയപ്പെട്ട് വീരനായ കര്‍ണ്ണന്‍ ദുശ്ശാസനന്റെ തേരില്‍ കയറി ഓടി ഒളിച്ചു.

ദുര്യോധനന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവസാനം വരെ അയാള്‍ പോരാടി. ഗന്ധര്‍വ്വനയകന്‍ ചിത്രരഥന്‍ അയാളേയും അനിയന്മാരേയും പിടിച്ചുകെട്ടി. ഓടിപ്പോയ ഭടന്മാര്‍ ധര്‍മ്മപുത്രര്‍ താമസിക്കുന്ന സ്ഥലത്തെത്തി-ദുര്യോധനാദികളേ ഗന്ധര്‍വ്വന്മാര്‍ തടവിലാക്കിയ കഥ പറഞ്ഞു കേള്‍പിച്ചു.

ഭീമനു വലിയ സന്തോഷമായി. ഹൊ-നമ്മടെ കൈകൊണ്ടു കൊടുക്കേണ്ടത് ഗന്ധര്‍വ്വന്മാര്‍ കൊടുത്തല്ലോ-സന്തോഷം. അവന്മാര്‍ക്ക് കിട്ടേണ്ടതു കിട്ടി. പൊയ്ക്കോ ഇവിടാര്‍ക്കും സമയമില്ലെന്നു പറഞ്ഞേരെ.

പക്ഷേ ധര്‍മ്മപുത്രരുടെ അഭിപ്രായം വേറേയായിരുന്നു. അദ്ദേഹം പറഞ്ഞു. ഉണ്ണീ അങ്ങനെ പറയരുത്. അവര്‍ നമ്മുടെ അനിയന്മാരാണ്. നമ്മള്‍ തമ്മില്‍ പല പ്രശ്നങ്ങളും കാണും. “നമ്മള്‍തമ്മില്‍ പിണങ്ങുമ്പോള്‍--നമ്മളഞ്ചവര്‍ നൂറ്റുപേര്‍ അന്യരോടു പിണങ്ങുമ്പോള്‍ --നമ്മള്‍ നൂറ്റഞ്ചു പേരതാം“

അതുകൊണ്ട് ഉടന്‍ തന്നെ നീയും അര്‍ജ്ജുനനും കൂടി പോയി അവരേ രക്ഷപെടുത്തണം. അതാണ് നമ്മുടെ ധര്‍മ്മം.
ജ്യേഷ്ടന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.

ഉടനേ രാംകുട്ടന്‍ --എല്ലാ അനിയന്മാരും അനിയത്തിയും കേട്ടല്ലോ. മരിയാദയ്ക്ക് ഇനി ഞാന്‍ പറഞ്ഞാല്‍ കേട്ടോണം.

ഇങ്ങുവാ കേള്‍പ്പിക്കാന്‍ -കീട്ടുവും ഉണ്ണിയും പിറുപിറുത്തു--

എന്തവാടാ പറഞ്ഞത്-രാം. ഞങ്ങളൊന്നും പറഞ്ഞില്ല--കിട്ടുവും ഉണ്ണിയും.

ങാ മതി മതി. ഭീമനും അര്‍ജ്ജുനനുംകൂടി ചെന്ന് അവരേ രക്ഷപെടുത്തി വിട്ടു. പൊങ്ങച്ചം കാണിക്കാന്‍ വന്നവരുടെ വിധി.

Comments (0)