നാറാണത്തു ഭ്രാന്തന്‍

അപ്പൂപ്പാ‍ ഈ നാരാണത്തുഭ്രാന്തന്റെകഥ ഒന്നു പറയണം. കല്ലുരുട്ടി കേറ്റുമെന്നൊക്കെ കേട്ടിട്ടുണ്ട്. ആതിര പറഞ്ഞു.

ശരി മോളേ പറയാം. പറച്ചി പെറ്റ പന്തിരു കുലത്തിലേ ഒരംഗമാണല്ലോ അദ്ദേഹം. രാവിലേ പോയി ഒരു വലിയ കല്ല് ഒരു മലയുടെ മുകളിലേക്ക് ഉരുട്ടി കേറ്റും. മലയുടെ മുകളിലെത്തുമ്പോള്‍ അത് താഴേയ്ക്കൊരു തള്ള്. അത് താഴേക്ക് ഉരുണ്ടുരുണ്ടു പോകുമ്പോള്‍ കൈകൊട്ടിച്ചിരി. ഇതാണ് സ്ഥിരം പരിപാടി. ഭ്രാന്തനെന്ന് പേരു കിട്ടിയത് ഇങ്ങനെയാണ്.

എന്തിനാ അപ്പൂപ്പാ‍ ഇദ്ദേഹം ഈ പണി ചെയ്യുന്നത്--കിട്ടു.

അതോ മനുഷ്യന്‍ ഒരു കാര്യം എത്ര പ്രയാ‍സപ്പെട്ടു ചെയ്താലും വീഴ്ച സംഭവിക്കാന്‍ ഒരു നിമിഷം മതീന്നോ മറ്റോ ആണ് അതിന്റെ താല്പര്യം. ഈ പണി കഴിഞ്ഞാല്‍ ഭിക്ഷയ്ക്കിറങ്ങും. കൈയ്യിലൊരു പാത്രമുണ്ട്. ഉഴക്കരി കിട്ടിയാല്‍ ഭിക്ഷ അവസാനിച്ചു. അതുകൊണ്ടുപോയി ആദ്യം തീ കാണുന്നിടത്ത് വച്ച് അതു കഞ്ഞിയാക്കി കുടിച്ച് അവിടെത്തന്നെ കിടന്നുറങ്ങും. രാവിലേ കല്ലുരുട്ടികേറ്റാന്‍ പോകേണ്ടതാണ്.

ഒരു ദിവസം അരിയും കൊണ്ട് പോകുമ്പോള്‍ തീ കണ്ടത് ഒരു ശ്മശാനത്തിലാണ്. ഒരു ശവം ദഹിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ ചെന്ന് മൂന്നു കല്ലെടുത്ത് അടുപ്പുകൂട്ടി കഞ്ഞി വച്ചു കുടിച്ചു. അതിനിടയ്ക്ക് പറഞ്ഞില്ലല്ലോ-പുള്ളിക്ക് ഇടത്തുകാലില്‍ മന്തുണ്ട്. ആ കാല് പട്ടടയില്‍ പൊക്കി വച്ച് തീകാഞ്ഞുകൊണ്ടിരിക്കുകയാണ്.

ഒരാളു മരിച്ചു കഴിഞ്ഞാല്‍ പട്ടടയില്‍ വച്ചു മരണ ദേവതയായ കാളിയുടെ നൃത്തം ഉണ്ട്. അര്‍ദ്ധരാത്രിയിലാണ് നൃത്തം. ഈയാള്‍ക്ക് പേടീമില്ലിയോ--ഉണ്ണി അറിയാതെ ചോദിച്ചു പോയി.

നീ കേള്‍ക്ക്-നേരം അര്‍ദ്ധരാത്രിയായി. കാളിയും പരിവാരങ്ങളും എത്തി.

ഹെന്ത്-ശ്മശാനത്തില്‍ അര്‍ദ്ധരാത്രിയില്‍ മനുഷ്യനോ! ഉടന്‍ സ്ഥലം കാലിയാക്കാന്‍ കാളി കല്പിച്ചു.

നല്ല സൌകര്യമില്ലെന്ന് നാരാണത്തുഭ്രാന്തന്‍ അറിയിച്ചു. ഇവിടെ ഞങ്ങള്‍ക്ക് നൃത്തം ചെയ്യണമെന്ന് കാളി പറഞ്ഞു. നിങ്ങള്‍ക്കു ചെയ്യരുതോ-അതിനു ഞാനെന്തു വേണം-ഭ്രാന്തന്റെ മറുപടി. ഞങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ വച്ച് നൃത്തം ചെയ്യില്ല--കാളി. വേണ്ടാ വേറേ എവിടെങ്കിലും പോയ് ചെയ്തോ-ഭ്രാന്തന്‍ . ആളു മരിച്ചാല്‍ ദഹിപ്പിച്ച പട്ടടയുടെ അടുത്തു വേണമെന്നാണ് ഞങ്ങളുടെ നിയമം-- കാളി. കഞ്ഞി കുടിച്ചാല്‍ അവിടെത്തന്നെ കിടക്കണമെന്നാണ് എന്റെ നിയമം-ഭ്രാന്തന്‍ ‍. ഞങ്ങള്‍ ഭയപ്പെടുത്തും-കാളി. ഓ സമ്മതം. ഭ്രാന്തന്‍ .

കാ‍ളിയും കൂട്ടുകാരുമാകാശം മുട്ടെ വളര്‍ന്ന് രക്തം ഒഴുകുന്ന ഭയങ്കരമായ നാക്കുകള്‍ നീട്ടി--ഉഗ്രമായി അലറി. ഒരു മന്ദഹാസത്തോടുകൂടി ഭ്രാന്തന്‍ അതു നൊക്കിക്കൊണ്ടിരുന്നു. കാളി തോറ്റു.

ഞങ്ങള്‍ പോവുകയാണ്. അങ്ങൊരു ദിവ്യനാണെന്നു തോന്നുന്നു. കാളി പറഞ്ഞു.

സന്തോഷം-ഭ്രാന്തന്‍ അനുവദിച്ചു.

പക്ഷേ =കാളി പറഞ്ഞു. അതിനു മുമ്പ് അങ്ങേയ്ക്ക് ഒരു വരം തരാം--ചോദിച്ചുകൊള്ളൂ.

എനിക്കു നിങ്ങളുടെ വരമൊന്നും വേണ്ടാ-ഒന്നു പോയിത്തന്നാല്‍ മതി. രാവിലേ കല്ലുരുട്ടിക്കേറ്റാന്‍ പോകേണ്ടതാ-ഒന്നുറങ്ങണം. ഭ്രാന്തന് ദേഷ്യം വന്നു തുടങ്ങി.

അയ്യോ അങ്ങനെ പറയല്ലേ. ഞങ്ങള്‍ മനുഷ്യരേക്കണ്ടാല്‍ ഒന്നുകില്‍ അവര്‍ക്കു വരം കൊടുക്കണം-അല്ലെങ്കില്‍ അവരേ ശപിക്കണം--അല്ലാതെ ഞങ്ങള്‍ക്ക് പോകാന്‍ പറ്റില്ല. അങ്ങയെ ശപിക്കാന്‍ തോന്നുന്നില്ല. ദയവുചെയ്ത് ഒരു വരം ചോദിക്കൂ. കാളി പറഞ്ഞു.

ശരി ഭ്രാന്തന്‍ സമ്മതിച്ചു. ഞാനെന്നു മരിക്കും?

കാളി മരിക്കുന്ന ആണ്ടു മാസം തീയതി-നഴിക വിനാഴിക എല്ലാം പറഞ്ഞു.

എനിക്ക് ഒരു നാഴിക കൂടെ ജീവിക്കണം ഭ്രാന്തന്‍ പറഞ്ഞു.

അയ്യോ അതു ഞങ്ങള്‍ക്ക് കഴിയില്ല-കാളി പറഞ്ഞു.

ശരി വേണ്ടാ-എനിക്ക് ഒരു നാഴിക മുന്‍പേ മരിക്കണം-ഭ്രാന്തന്‍ പറഞ്ഞു.

അതും ഞങ്ങള്‍ക്ക് കഴിയില്ല--കാളി പറഞ്ഞു.

ഇതാണ് ഞാനൊന്നും വേണ്ടാ എന്നുപറഞ്ഞത്-നിങ്ങള്‍ക്ക് ഇതിനൊന്നും കഴിവില്ലെന്ന് എനിക്കറിയാം-പോട്ടെ എന്റെ എടത്തേകാലേലേ മന്ത് വലത്തേകാലേലേക്കാക്കിയേരെ. നന്ദി-സലാം.

കാളിയും പരിവാരങ്ങളും ജീവനുംകൊണ്ട് സ്ഥലം വിട്ടു. ഇതാണ് നാരാണത്തു ഭ്രാന്തന്‍ . പിന്നീട് മന്ത് രണ്ടുകാലേലും മാറ്റിമാറ്റിക്കളിക്കുന്ന ഒരു പരിപാടി കൂടി ഭ്രാന്തന്റെ അജണ്ടയില്‍ വന്നു. അമ്പലപ്പുഴ അമ്പലത്തിന്റെ പ്രതിഷ്ട ഉറയ്ക്കാഞ്ഞപ്പോള്‍ അതുറപ്പിക്കാന്‍ നാരാണത്തുഭ്രാന്തനേ വരുത്തിയെന്നും വായിലുള്ള വെറ്റിലത്തമ്പലം എടുത്ത് വച്ചാണ് പ്രതിഷ്ട ഉറപ്പിച്ചതെന്നും ഒരൈതിഹ്യം ഉണ്ട്. അതുകൊണ്ടാണുപോലും --തമ്പലപ്പുഴ-അമ്പലപ്പുഴയായത്.

Comments (0)