സ്വപ്നം-രണ്ട്

അപ്പൂപ്പാ എന്നിട്ട് പാലാഴി എങ്ങിനെയാ കടഞ്ഞു തുടങ്ങിയത്--ആതിര ചോദിച്ചു.

അതു പറയാം മോളേ. അതിനു മുമ്പ് ഇന്നലെ വല്യച്ഛന്റെ അമ്പലത്തില്‍ പൂജ കഴിഞ്ഞില്ലേ. അതു കഴിഞ്ഞ് അപ്പൂപ്പന്‍ ഒന്നു നടുവ് നിവര്‍ത്താമെന്നു വിചാരിച്ച് കിടന്നു.

അപ്പോഴുണ്ടെടാ വാതില്‍ക്കല്‍ ഒരു മുട്ട്. ആധികാരികമായ മുട്ടാണ്. പണ്ട് അപ്പൂപ്പന്റെ അച്ഛന്‍ മാത്രമേ ഇങ്ങനെ മുട്ടി കേട്ടിട്ടുള്ളൂ.

ശല്യം-ഒന്നു മയങ്ങാമെന്നു വിചാരിച്ചാല്‍ സമ്മതിക്കത്തില്ല--എന്ന് മനസ്സില്‍ പ്രാകിക്കൊണ്ട് അപ്പൂപ്പന്‍ എഴുനേറ്റ് വാതില്‍ തുറന്നു. എന്റെ ഭഗവാനേ--രണ്ടുപേര്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.

നിങ്ങള്‍ ഹരിപ്പാട്ടേ വേലകളി കണ്ടിട്ടുണ്ടല്ലോ--

കൊല്ലം കണ്ടാലില്ലം വേണ്ടാ--കൊച്ചി കണ്ടാലച്ചി വേണ്ടാ--അമ്പലപ്പുഴ വേല കണ്ടാലമ്മയും വേണ്ടാ--ഹരിപ്പാട്ടേ വേല കണ്ടാലച്ഛനും വേണ്ടാ--എന്നൊരു പാട്ടു കേട്ടിട്ടില്ലെ. ആ വേല. വേല കളിക്കാരുടെ വേഷം ഓര്‍ക്കുന്നുണ്ടോ--അതാണ് അവരുടെ വേഷം. വാളും പരിചയും കൈയ്യിലുണ്ട്. ഏഴടിയോളം പൊക്കം.

എന്താടാ പകലൊരുറക്കം--ഇടി വെട്ടുമ്പോലെ അവര്‍ ചോദിച്ചു.

എനിക്ക് ഒട്ടും പേടി തോന്നിയില്ല--തന്നെയല്ല അവരേ നല്ല പരിചയവും തോന്നി.

ഓ- ഒന്നു മയങ്ങാമെന്നു വിചാരിച്ചു--ഇന്നലെ ഉറങ്ങാനും പറ്റിയില്ലല്ലോ. ഞാന്‍ അലസമാ‍യി മറുപടി പറഞ്ഞു.

നിനക്കെന്താടാ ഒരു ബഹുമാനമില്ലാത്തത്--അവര്‍ വീണ്ടും അതേ ശബ്ദത്തില്‍ ചോദിച്ചു. പെട്ടെന്ന് എനിക്കു മനസ്സിലായി--വല്യച്ഛന്മാര്‍--ഞാന്‍ ഭയഭക്തിയോടെ അവരേ അകത്തേക്ക് ക്ഷണിച്ചു.

രാജഭരണകാലത്ത് ഹരിപ്പാട്ടേ പ്രസിദ്ധമായ ഒരു കുടുംബമാണ് തിരുമനശ്ശേരില്‍. അവര്‍ക്ക് ആ പേരു സമ്പാദിച്ചു കൊടുത്ത വീരന്മാരാണ് എന്റെ മുന്‍പില്‍ നില്‍ക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പടനായകന്മാര്‍. അമ്പലപ്പുഴയുമായുള്ള യുദ്ധത്തില്‍ പുറക്കാട്ടുവച്ച് വിഷയമ്പ് മാറില്‍ തറച്ച് മരിച്ച ധീര യോദ്ധാക്കള്‍. ഞങ്ങള്‍ അമ്പലം പണിഞ്ഞ് പൂജിക്കുന്ന വല്യച്ഛന്മാര്‍.

ഞാന്‍ അവരുടെ കാല്‍ക്കല്‍ വീണു.

അവരെന്നേ പിടിച്ചെഴുനേല്പിച്ചു. തലയില്‍ കൈ വച്ചനുഗ്രഹിച്ചു.

എടാ നീ വലിയ അഹങ്കാരിയും സര്‍വ്വ പുച്ഛക്കാരനും ആണെങ്കിലും ഞങ്ങള്‍ക്കു നിന്നേ ഇഷ്ടമാണ്. നിന്റെ ഈ സര്‍വ്വജ്ഞാനിയാണെന്നുള്ള ഭാവം--

വല്യച്ഛാ അത്-ഞാന്‍ ഇടയില്‍ കയറാന്‍ നോക്കി--

വേണ്ടാ-വേണ്ടാ-ഇതാണു നിന്റെ ഒരു കുഴപ്പം-മറ്റാരേക്കൊണ്ടും ഒന്നും പറയിക്കത്തില്ല--നിന്റെ ഈ സര്‍വ്വജ്ഞഭാവമുണ്ടല്ലോ അതുകളയണം. ബാക്കിയുള്ളവര്‍ക്കും ബുദ്ധിയുണ്ടെന്നു സമ്മതിക്കണം. പിന്നെ മരിയാദയ്ക്കു വര്‍ത്തമാനം പറയണം--ഇത്രയേ ഉള്ളൂ.

ഹ-ഹ-ഹ-ഹ--പിള്ളരെല്ലാം കൂടെ ഒരു ചിരി. എടാ അപ്പൂപ്പന്റെ ചമ്മിയ മുഖം കണ്ടോ . പാവം. സാരമില്ലപ്പൂപ്പാ. ഞങ്ങള്‍ക്ക് പറയാനുള്ളത് അവരു പറഞ്ഞെന്നു വിചാരിച്ചാല്‍ മതി. ഹോ സമാധാനമായി. രാം കുട്ടന്‍ എല്ലാവര്‍ക്കും വേണ്ടി പ്രഖ്യാപിച്ചു. ങാ ഇനി പറഞ്ഞോ അവര്‍ അനുവദിച്ചു.

മോനേ വല്യച്ഛന്‍ പറഞ്ഞു. ആ വൈക്കം പത്മനാഭപിള്ള , ഞങ്ങള്‍ ആലു തെള്ളിയിട്ടെന്നും മറ്റും പറഞ്ഞത് വെറുതേയാ. അയാളുടെ ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. പൂജ ശരിക്കു നടക്കാഞ്ഞതില്‍ ഞങ്ങള്‍ക്ക് അല്പം സങ്കടമുണ്ടായിരുന്നു--അത് നിങ്ങളേ വേണ്ടവിധം സഹായിക്കാനുള്ള ഞങ്ങളുടെ ശക്തി ക്ഷയിക്കുമെന്ന് വിചാരിച്ചായിരുന്നു. ഇപ്പോള്‍ സന്തോഷമായി--ആ പിത്തമ്പിലേ വഴിപാട് മുടക്കരുത്. അതാണല്ലോ നമ്മുടെ മൂല സ്ഥാനം. പിന്നെ നീ വൈക്കത്തിനേക്കുറിച്ചു പറഞ്ഞപ്പോള്‍ ആ വേലുത്തമ്പിയേയും, കുതിരപ്പക്ഷിയേയും ഒഴിവാക്കാന്‍ പാടില്ലായിരുന്നു.

അതു വല്യച്ഛാ എനിക്ക് - എനിക്ക്--

അറിഞ്ഞുകൂടായിരുന്നു അല്ലേ-വല്യച്ഛന്‍ പൂരിപ്പിച്ചു. എന്നാല്‍ കേട്ടോ. മണ്ണടി ക്ഷേത്രത്തില്‍ വച്ച് പട്ടാളക്കാര്‍ ക്ഷേത്രം വളഞ്ഞപ്പോള്‍ അവരുടെ പിടിയിലാകാതിരിക്കാന്‍ അനുജനോട് വെട്ടിക്കൊല്ലാന്‍ പറയുകയും അനുജന്‍ അതിനു വിസമ്മതിച്ചപ്പോള്‍ സ്വയം കഠാരികൊണ്ട് കുത്തി മരിക്കുകയും ചെയ്തെന്ന് നിനക്കറിയാം. അതെല്ലാര്‍ക്കും അറിയാവുന്നതുകൊണ്ട് ബുദ്ധിമാനായ നീ വേലുത്തമ്പിയേ ഒഴിവാക്കി.

എന്നാല്‍ അതിനു മുമ്പത്തേ കഥ ഇതാണ്. മണ്ണടിക്കടുത്തുള്ള താമരശ്ശേരി തറവാട്ടില്‍ വേലുത്തമ്പി അഭയം തേടി എത്തി. ഇട്ടിക്കണ്ടക്കോരപ്പന്‍ എന്ന അവിടുത്തെ ഗ്രഹസ്ഥന്‍ വലിയ രാജഭക്തനും സത്യസന്ധനും ആയിരുന്നു. അദ്ദേഹം വേലുത്തമ്പിയേ സുരക്ഷിതമായ സ്ഥലത്ത് ഇരുത്തി. എത്ര അന്വേഷിച്ചിട്ടും വേലുത്തമ്പിയേക്കുറിച്ച് ഒരു തുമ്പും കിട്ടാതിരുന്ന ബ്രിട്ടീഷുകാര്‍- വേലുത്തമ്പിയേ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ആയിരം ബ്രിട്ടീഷ് രൂപാ സമ്മാനം പ്രഖ്യാപിച്ചു.

ആയിരം രൂപായോ-ശ്യാം പുച്ഛരസത്തില്‍ ചോദിച്ചു.

എടാ മോനേ ഒരു രൂപയെന്നു പറഞ്ഞാല്‍ നാനൂറ്റി നാല്പത്തെട്ടു കാശാണ്. നാലു കാശുണ്ടെങ്കില്‍ ഒരു വീട്ടിലേ ഒരു ദിവസം സുഭിക്ഷമായി കഴിയാം. ഇപ്പോള്‍ ആയിരം രൂപയേപ്പറ്റി വല്ല ബഹുമാനവും തോന്നി തുടങ്ങിയോ? നാലുലക്ഷത്തിനാല്പതിനായിരം കാശ്!

ഈ ഇട്ടിക്കണ്ടക്കോരപ്പന്റെ മകനാണ് കോരപ്പക്കുറുപ്പ്. വല്യച്ഛന്‍ തുടര്‍ന്നു. അയാള്‍ പാടത്ത് നില്‍കുമ്പോഴാണ് ഈ വിളംബരം--വേലുത്തമ്പിയെ പിടിക്കുന്നവര്‍ക്കുള്ള സമ്മാനത്തിന്റെ--കേള്‍ക്കുന്നത്. ഒറ്റ ഓട്ടത്തിന് അയാള്‍ വീട്ടില്‍ എത്തി. അച്ഛനേ വിളിച്ച് രഹസ്യമായ ഒരു സ്ഥലത്തു കൊണ്ടുപോയി ഈ വിളംബരത്തേക്കുറിച്ച് പറഞ്ഞു. നമുക്ക് ആയിരം രൂപ കിട്ടനുള്ള എളുപ്പ മാര്‍ഗ്ഗവും.

കുറുപ്പ് ഒന്നു മൂളി. മകനേ പറഞ്ഞയച്ചിട്ട് അദ്ദേഹം ഗാഢമായ ആലോചനയില്‍ മുഴുകി. എന്തോ തിരുമാനത്തില്‍ എത്തി. നേരേ വേലുത്തമ്പിയേ ഒളിപ്പിച്ചിരുന്ന സ്ഥലത്തു ചെന്നു. അദ്ദേഹത്തോട് വീട്ടില്‍ തന്നെ ദ്രോഹികളുണ്ടെന്നും ഉടന്‍ രക്ഷപെടണമെന്നും വളരെ വ്യസനത്തോടുകൂടി അറിയിച്ചു. അവിടെനിന്നാണ് മണ്ണടി ക്ഷേത്രത്തില്‍ എത്തിയതും ആത്മഹത്യ ചെയ്തതും.

അവനേ- ആകുറുപ്പിനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍--കിട്ടു ആക്രോശിച്ചു.

ഇട്ടിക്കണ്ടക്കോരപ്പന്‍ നേരേ ഭാര്യയേ വിളിച്ച് നിലവറയില്‍ കൊണ്ടുപോയി, ഒരു വെട്ടുകത്തിയെടുത്ത്, അവരുടെ തലമുടി ചുറ്റിപ്പിടിച്ചുകൊണ്ട് ഗര്‍ജ്ജിച്ചു. പറയെടീ അവന്റെ തന്ത ആരാടീ. ഇല്ലെങ്കില്‍ ഇപ്പോള്‍ നിന്റെ തലമണ്ണുകപ്പും. എനിക്കുണ്ടായവന് ഇങ്ങനെ തന്തയ്ക്കു പുറക്കാത്തവന്റെ സ്വഭാവം ഉണ്ടാകില്ല-പറഞ്ഞോ- അദ്ദേഹം വെട്ടുകത്തി ഉയര്‍ത്തി. വല്യച്ഛന്‍ കഥ തുടര്‍ന്നു.

ഭാര്യ വിറച്ചുകൊണ്ട് അത് അയാളുടെ മകനല്ലെന്ന് സമ്മതിച്ചു.

അദ്ദേഹം വെട്ടുകത്തിതാഴെയിട്ടു. മിണ്ടാതെ ഇറങ്ങിപ്പോയി. പിന്നെ അദ്ദേഹത്തേ കണ്ടവരില്ല. ഭാര്യ ഭ്രാന്തു പിടിച്ച് മരിച്ചു. നടപ്പുദീനം പിടിച്ച് മകനും--ആ തറവാട് നമാവശേഷമായി .

എന്തവാ അപ്പൂപ്പാ ഈ നടപ്പുദീനം. ഉണ്ണി ചോദിച്ചു

അത് മോനേ നമ്മള്‍ മസൂരി എന്നു പറയുന്ന അസുഖത്തിന് പണ്ട് പറയുന്ന പേരാണ്.

ദുഷ്കര്‍മ്മത്തിന്റെ ഫലം! വല്യച്ഛന്‍ കഥ ഒന്നു നിര്‍ത്തി. പലരും പല വിധത്തില്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. ശരി നിന്നേ അറിയിക്കാനാണ് ഞങ്ങള്‍ വന്നത്.

ഇന്നെന്തോ ഭയങ്കര ക്ഷീണം-അപ്പൂപ്പനൊന്നു കിടക്കട്ടെ--വല്യച്ഛന്‍ പറഞ്ഞ ബാക്കി കാര്യം പിന്നെപ്പറയാം.

Comments (0)